ഒരു കുടത്തണലിൽ..



 


ഒരു കുടത്തണലിൽ..

(ഗിരി ബി വാരിയർ)
***
"മിസ് യൂ ഡാ ചങ്കേ. . നീ അസ്തമിച്ചതിന് ശേഷം വൈകുന്നേരങ്ങൾ ഇല്ലാതായി" ഞാൻ നീട്ടിപ്പിടിച്ച മൊബൈൽ സ്ക്രീനിൽ ആരോ ഫെയ്സ്ബുക്കിൽ ഇട്ട സ്റ്റാറ്റസ് അരുൺ ഉറക്കെ വായിച്ചു.
"ഇതാരാ ശിവൻകുട്ട്യേ " അരുൺ തലയുയർത്തി ചോദിച്ചു.
"പണ്ട് ബോംബെയിൽ പരിചയമുള്ള കക്ഷിയാണ്. അവന്റെ വെള്ളമടി കൂട്ടായിരുന്ന ഒരു സുഹൃത്ത് മരിച്ചതിന്റെ ഓർമ്മക്കായി ഇട്ടിട്ടുള്ളതാണ്."
"നിന്റെ ഉദ്ദേശം മനസ്സിലായി, ഉപദേശിക്കാനാണല്ലേ? എനിക്ക് പറ്റണില്ല ശിവൻ കുട്ട്യേ ഇത് നിർത്താൻ. ഞാൻ രണ്ട് തവണ കുറേശ്ശേ നിർത്ത്യതാണു് "
"എടാ കോളേജിൽ പഠിക്കുമ്പോൾ നിന്നെ ഈ ദുശ്ശീലത്തിലേക്ക് തള്ളിയിട്ടത് ഞാനാണ്, അതിന്റെ കുറ്റബോധം ഉണ്ടെന്ന് കരുതിക്കോ. ഒരു സഡൻ ബ്രേക്ക്. പിന്നെ മദ്യം കൈകൊണ്ട് തൊടരുത്. "
"അല്ല ശിവൻകുട്ട്യേ. സത്യായിട്ടാ പറയണേ. ചിലപ്പോ ചത്താമതീന്ന് കരുതി തന്ന്യാ കുടിക്കാറ്. എന്റെ വെഷമം ആരോടെങ്കിലും ഒന്ന് പറയാൻ പറ്റ്വോ. നെനക്കറിയാലോ, ദുബായീലെ ജോലി പോയിട്ട് മാസം ആറായി. കൊറോണ തന്ന സമ്മാനം. കയ്യിലുള്ള പണം മൂടു പോയ കുടം പോലെ കാലിയാവുന്നു. എന്റെ പ്രശ്നം സതിയോട് പറയാൻ പറ്റ്വോ? അവൾക്ക് ഞാനിപ്പോഴും ഗൾഫീന്ന് ലീവിന് വന്ന ഒരാൾ. ദെവസോം ഇന്റർനെറ്റിൽ കണ്ടതെല്ലാം വാങ്ങണം. എന്തെങ്കിലും വേണ്ട എന്ന് പറഞ്ഞാൽ, നിങ്ങളിങ്ങനെ പിശുക്കിപ്പിശുക്കി എവിടെ കൊണ്ടുപോയി വെക്കാനാണെന്ന് അവൾ ചോദിക്കും."
"അതെന്താ നിനക്ക് ഇക്കാര്യം സത്യോട് പറഞ്ഞുടേ. അവൾക്കെന്താ ജ്ഞാനദൃഷ്ടി വല്ലതും ഉണ്ടോ നിന്റെ പ്രശ്നം മനസ്സിലാക്കാൻ? പോരെങ്കിൽ നിന്റെ മുഖം കണ്ടാൽ നിനക്കൊരു ഒരു പ്രശ്നമുള്ളതായി തോന്നുകയുമില്ല."
"അതല്ലടാ. ജോലി പോയിട്ടാണ് വന്നതെന്ന് അയൽപക്കകാർ ഒക്കെ അറിഞ്ഞാൽ ഒരു കുറവല്ലേ."
"ഇതാപ്പോ നന്നായേ. നാട്ടുകാരാണോ നിനക്ക് ചിലവിന് തരണത്. ഇത്രയും വലിയൊരു കാര്യം നീ സതിയോട് പറഞ്ഞില്ലെന്ന് അവൾ അറിഞ്ഞാൽ. അതെന്താ നീ ആലോചിക്കാത്തത്. എന്നോട് പറയുന്നതു പോലെ സതിയോടും പറഞ്ഞൂടെ?"
"അല്ലേൽ തന്നെ പഠിപ്പിൽ അവളേക്കാൾ പിന്നിലാണ്. ഇനി ജോലിയില്ലാതെ തെണ്ടുകയാണെന്ന് കൂടി അറിഞ്ഞാൽ?. അവള് കോമേഴ്‌സ് മാസ്റ്റേഴ്സ് ആണ് ഞാൻ വെറും ഡിഗ്രി ഫെയിൽ. പിന്നെ നാട്ടിൽ വർക്ക് ഷോപ്പിൽ ജോലി ചെയ്ത് പരിചയത്തിൽ ഗൾഫിൽ പോയി നാല് പൈസ ഉണ്ടായതോണ്ടല്ലേ അവളെ കിട്ടിയത്, അതും അമ്മയ്ക്കും അച്ഛനും എല്ലാവർക്കും ഒടുക്കത്തെ നിർബന്ധം. ഇതു പോലെ ഒരു തിരിച്ചു വരവ് ഉണ്ടാവുമെന്ന് ഞാനും ഒരിക്കലും പ്രതീക്ഷിച്ചതല്ല."
"എടാ, നീ ഇപ്പോഴും ആ കോംപ്ലക്സ് പറഞ്ഞിരിക്കുകയാണോ. നിന്റെ കല്യാണം കഴിഞ്ഞിട്ട് കൊല്ലംപതിനൊന്നായി, രണ്ടുമക്കളും ഉണ്ടായി നാണമില്ലേ പറയാൻ."
"ഞാൻ എന്തുചെയ്യും ശിവൻകുട്ട്യേ. അവള് ടൌണില് ജോലി ചെയ്ത് എന്നെ പോറ്റുണുന്ന് ഒരു തോന്നൽ. ഇനി ദുബായിലെ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞ് പുതിയ വിസ ശരിയാക്കി, എത്ര കാലമാണെന്ന് വെച്ചിട്ടാണ്. ഇതിനെ ഈഗോ എന്നോ എന്ത് വേണമെങ്കിൽ പറഞ്ഞോളൂ. എനിക്കാണെങ്കിൽ ഇവിടെ വർക്ക് ഷോപ്പിലൊന്നും ഇനി പണിക്ക് പോകാൻ പറ്റില്ല. "
"ഇതാണ് നിന്റെ പ്രശ്നം. നീ അഭ്യസിച്ച വിദ്യ നിനക്ക് ചെയ്‌തൂടെ? അത് നീ ചെയ്തില്ലെങ്കിൽ പിന്നെ വേറെ ആരുചെയ്യും. ഹൈവേല് കണ്ണായ സ്ഥലത്ത് വാങ്ങിയിട്ടിട്ടുള്ള പത്ത്സെന്റ് സ്ഥലത്ത് ഒരു വർക്ക് ഷോപ്പ് ഇട്ടൂടെ. വല്ല നാട്ടിലും പോയി ചെയ്യണ പണി ഇവിടെ ചെയ്യാൻ എന്താ നിനക്കിത്ര പ്രശ്നം."
"അത് സതിയുടെ പേരിൽ വാങ്ങിയിട്ടുള്ളതാണ് ഒരു വീടുവെക്കാൻ. നാലാള് കാണണ സ്ഥലല്ലേ അത്. അതുമല്ല, നാട്ടിൽ വർക്കു് ഷോപ്പ് എന്നൊക്കെ പറഞ്ഞാൽ…?"
"എടാ. വീട് എന്നത് നിനക്കും കുടുംബത്തിനും സന്തോഷമായി താമസിക്കാനാണ്, അല്ലാതെ വല്ലോരേം കാണിക്കാനല്ല, അവർക്ക് അതുകൊണ്ട് യാതൊരു സന്തോഷവും ഉണ്ടാവാനും പോണില്ല്യ.. റോഡിൽ നിന്നും പത്തുമിനിറ്റ് നടന്നാൽ എത്തുന്ന ഇപ്പോഴുള്ള തറവാട്ട് വീടിന് എന്താണ് പ്രശ്നം, ഇത്രേം കാലം അവിടെയല്ലേ ജീവിച്ചത്. അതിൽ ഒരുപാട് പണം ചിലവഴിച്ച് എല്ലാ സൗകര്യങ്ങളും ഉണ്ടാക്കിയിട്ടും ഉണ്ട്. "
"ശിവൻകുട്ട്യേ. ജോലി ചെയ്ത ശീലേ ഉള്ളുടാ, കച്ചോടം എനിക്ക് പറ്റുവോ, അതോണ്ടാ ഒരു ഭയം."
"ആനക്ക് ആനയുടെ വലുപ്പം അറിയില്ല എന്ന പോലെയാണ് നിന്റെ കാര്യം. നിന്റെ കയ്യിന് നല്ല വർക്കത്താണെന്ന് നിന്റെ അറബി പറയാറില്ലേ. നീ അതുപോലെ പണിതാ മാത്രം മതി, ബാക്കി ഒക്കെ ദൈവം തന്നോളും. നിന്റെ ഈ ചിന്ത ഇല്ലാതാക്കുകയാണ് വേണ്ടത്. നിന്റെ കഷ്ടപ്പാടുകൾ സതിയോട് പോലും ഷെയർ ചെയ്തില്ല. ആ തെറ്റ് ഇനിയെങ്കിലും തിരുത്ത്. നിനക്ക് ജോലിയില്ലെങ്കിൽ വിട്ടുപോകാൻ മാത്രം തരം താണവരൊന്നും അല്ല സതിയും മക്കളും.”
“ഈ പ്രായത്തില് ഒരു ബിസിനസ് തുടങ്ങുക എന്നൊക്കെ വെച്ചാൽ..“
“ഒരാൾക്ക് നടക്കാൻ ഏത് നട്ടുച്ചക്കും ഒരു കുടത്തണൽ മതി, അതുപോലെയാണ് ജീവിതവും, നിനക്കും കുടുംബത്തിനും കഴിയാനുള്ളത് സമ്പാദിക്കാൻ കഴിഞ്ഞാൽ തന്നെ ധാരാളം. ഇത് ദൈവം തന്ന ഒരവസരമായി കരുതിയാൽ മതി. ആദ്യം കാര്യങ്ങളൊക്കെ സതിയോട് വിശദമായി സംസാരിക്ക്. പിന്നെ വർക്കു് ഷോപ്പിന്റെ കാര്യവും. നിന്റെ കൂടെ ഞാനുണ്ടാകും എന്നും. വർക്കു് ഷോപ്പിനുള്ള പേപ്പർ പണികൾ മുഴുവനും ഞാൻ ചെയ്തുതരാം, സർക്കാർ ജോലി ചെയ്യുന്നതിന്റെ എന്തെങ്കിലും ഗുണം വേണ്ടേ."
അടുത്ത ദിവസം കാലത്ത് തൊഴുത്തിൽ ചാണകം കോരിക്കളയുമ്പോഴാണ് അരുണിന്റെ ഫോൺ വരുന്നുണ്ട് എന്ന് പറഞ്ഞ് സരോജം ഫോണുംകൊണ്ട് തൊഴുത്തിലേക്ക് വന്നത് . സ്പീക്കർ ഓൺ ചെയ്യാൻ പറഞ്ഞു.
"ഡാ, ഞാൻ സതിയുമായി സംസാരിച്ചു. ഇനി ഒരു മടക്കയാത്രയില്ലെന്ന് പറഞ്ഞപ്പോൾ സതിയും മക്കളും വല്ലാത്ത ത്രില്ലിൽ ആണ്. സതിയാണെങ്കിൽ വർക്ഷോപ്പ് തുടങ്ങാൻ കട്ട സപ്പോർട്ട്, ഓഫീസും കണക്കുകളും ഒക്കെ അവൾ തന്നെ നോക്കിക്കോളാമെന്ന്. അമ്മയും അച്ഛനും ഉള്ളതിനാൽ കുട്ടോൾക്കും ബുദ്ധിമുട്ടാവില്ല. ശിവൻകുട്ട്യേ, നീ പറഞ്ഞപോലെ ഞാൻ സഡൻ ബ്രേക്ക് ഇട്ടൂടാ. ഇനി കുടിക്കില്ല, നീയാണെ സത്യം." തിരികെവിളിക്കാമെന്ന് പറഞ്ഞ് ഫോൺ വെച്ചു.
അവന്റെ വാക്കുകൾ കേട്ട് കണ്ണുകൾ നിറഞ്ഞുപോയി.
"സതിക്ക് ഉറപ്പുണ്ടാർന്നു നിങ്ങൾ പറഞ്ഞാൽ അരുൺ കേൾക്കുമെന്ന്. ആ പാവം എത്ര കാലായി ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടോണ്ട് ജീവിക്കുന്നു."
വേഷ്ടിത്തലപ്പുകൊണ്ട് എന്റെ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ തുടക്കുമ്പോൾ സരോജം പറയുന്നുണ്ടായിരുന്നു.
ഗിരി ബി. വാരിയർ

Comments