ബലിക്കാക്കകൾ




അമ്മ വന്നില്ലല്ലോ ഇതുവരെ, അല്ലെങ്കിലും അമ്മയ്ക്ക് ഏട്ടനെയാണിഷ്ടം. മരിച്ചിട്ട് ഇപ്പോ കൊല്ലമെത്രയോ ആയി, ന്നാലും അമ്മയുടെ സ്വഭാവത്തിന് ഒരു മറ്റൊല്ല്യ. പടിഞ്ഞാപ്പുറത്ത് മാവിന്റെ മുകളിൽ ഇരുന്ന് രഘൂന്റെ കുട്ടി കളിക്കണ കണ്ട് എല്ലാം മറന്നിരിക്ക്യാവും മരിച്ച് കാക്കയായ കാര്യം ഒക്കെ അമ്മ മറക്കും മോന്റെ കളി കണ്ടാൽ. രഘു എന്റെ ഏട്ടന്റെ മകനാണ്.
എനിക്കാണെങ്കിൽ ഇത്ര ദൂരം പറക്കാനും വയ്യ പോയി നോക്കാം എന്ന് വച്ചാൽ. ഇന്നാള് അമ്പലത്തിലെ ശീവേലിക്ക് തൂവിയ വറ്റ് കൊത്തിപ്പറന്നപ്പോൾ കണ്ടത് ആണ് പാടത്ത് കുട്ടികൾ പട്ടം പറത്തി കളിക്കുന്നത്. പക്ഷേ പട്ടത്തിനെ നൂല് ശരിക്കും കാണാൻ പറ്റീല്യ, അത് ചിറകുമ്മെ കുടുങ്ങി കുട്ട്യോള് വലിയും തുടങ്ങി. നൂലുമ്മെ കുപ്പിച്ചില്ല് പൊടിച്ച് പശ കൂട്ടി തേച്ചിട്ട് ഉണ്ടായിരുന്നുന്ന് തോന്നുണു, ദേഹം നല്ലോണം കീറി. ഇപ്പോ ഒന്ന് കരിഞ്ഞു ന്നാലും വേദന പോണില്ല.
'എന്താ നീ ആലോചിച്ചിരിക്കണേ രാജാ, ഞാൻ വന്നത് അറിഞ്ഞില്ല്യേ നിയ്യ് '
പിന്നിൽ നിന്നും അമ്മയുടെ ശബ്ദം കേട്ടപ്പോളാണ് സ്ഥലകാലബോധമുണ്ടായത്.
'ഞാൻ അമ്മെന്താ വരാത്തേന്ന് ആലോചിച്ചിരിക്കാർന്നു. രഘൂന്റെ വീട്ടിലായിരിന്നിരിക്കും അല്ലേ' ഞാൻ ചോദിച്ചു
'നിനക്കെന്താത്ര അസൂയ ' അമ്മ ചോദിച്ചു 'ടാ, അവിടെ രഘു ജോലിക്ക് പോയി, രമ്യ കുളിക്കാനും കയറി. അവന്റെ മോൻ പിന്നില് എറേത്ത് ഇരുന്ന് ഒറ്റക്ക് കളിക്കാണ്. ഒരു കണ്ണ് വേണ്ടേന്ന് നിരീച്ച് അവിടെ ഇരുന്നു. രമ്യേടെ കുളി കഴിഞ്ഞ് ഇറങ്ങീട്ട് വരാംന്ന് വച്ചു. അതാ വൈകിയത്.'
'നിനക്കെന്താ പ്രാതൽ കഴിക്കാൻ ധൃതിയായോ. അല്ലെങ്കിലും നിനക്ക് പണ്ടേ ഉള്ള സ്വഭാവാണ്. മരിച്ചാലെങ്കിയും മാറുംന്നാ കരുത്യേ.. നീയോ അമ്പലത്തിലൊന്നും പോവാറില്ല്യ, പോണ അവൾക്ക് അമ്പലത്തീന്ന് വന്നാൽ സൌര്യം കൊടുക്കൂല്ല്യ വെശക്കുണൂന്ന് പറഞ്ഞ്' അമ്മ പറഞ്ഞ് നിറുത്തി.
'അമ്മേ, അത് വെശന്നിട്ട് ഒന്നും അല്ല, കാലത്തുതന്നെ അവളെ ശുണ്ഠിപിടിപ്പിക്കാൻ വേണ്ടിയായിരുന്നു'
'നിന്റെ ഭാര്യ ദേ അമ്പലത്തീന്ന് പാടം കയറി വരുന്നേ ഉള്ളൂ, ഇനി പ്രാതൽ ഉണ്ടാക്കാൻ ഒക്കെ സമയാവും, ചിലപ്പോ ഇണ്ടാക്കുല്ല്യ.'
'രണ്ടൂസം മുൻപ് പിന്നിലെ വീട്ടിലെ അമ്മാമയോട് പറഞ്ഞ് കരയുണ്ടായിരുന്നു പാവം, നീയുണ്ടായിരുന്നപ്പോൾ ഇതിന് ചൊല്ലിയായിരുന്നു എന്നും വഴക്കെന്ന് പറഞ്ഞ്.'
പ്രാതൽ കഴിക്കാനൊന്നും അല്ല ഞാൻ അമ്മയെ കാത്തിരുന്നേ. അമ്മ വന്നാൽ പറയാൻ ധൃതിയായി നിക്കായിരുന്നു.എന്നിട്ടോ അമ്മയെ കണ്ടപ്പോൾ മറക്കൂം ചെയിതു.
''നാളെ രാജും നന്ദും വരുന്നുത്രേ. എന്റെ ആദ്യത്തെ ശ്രാദ്ധം അല്ലേ വരണേ.. ഇന്നലെ ഉച്ചക്ക് ഊണ് കഴിച്ച് അമ്മ പോയി കുറച്ചു കഴിഞ്ഞപ്പോളാണ് രാജിക്ക് ഫോൺ വന്നത്. അതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ.'
ഉവ്വോ, അത് നന്നായി, കുറെ കാലായീ കാണണംന്ന് മോഹിച്ചിരിക്കുണു. കുട്ട്യോളും ഭാര്യേം ഒക്കെ ഇണ്ടാവും ല്ലേ.'
'അത് മനസ്സിലായില്ല, അവിട്ന്ന് പറഞ്ഞതെന്താണ് നമുക്ക് കേൾക്കാൻ പറ്റില്ല്യല്ലോ. നാളെ കാണാലോ. ഇതന്നെ മൊബയിലിന് റെയ്ഞ്ച് കിട്ടുണില്ല്യ എന്ന് പറഞ്ഞ് പുറത്തുന്ന് വർത്തമാനം പറഞ്ഞ കാരണം കേട്ടു .. '
'ശരി, എന്തായാലും ഞാൻ രഘൂന്റെ വീട് വരെ ഒന്ന് പോട്ടെ. മോനെപ്പോളും പുറത്ത് ഇരുന്നാ കളി. ബംഗാളികളും തമിഴന്മാരും ഒക്കെ നിറയെ ആണ്, അവര് പറയണതൊട്ട് മനസ്സിലാവൂംല്ല്യ. വല്ല കുട്ടി പിടുത്തക്കാരും ആവോന്നാ എന്റെ പേടി. ഒന്നൂല്ലെങ്കിലും തലയിൽ കൊത്തി ഓടിക്കാല്ലോ. ഞാൻ പോയിട്ട് വരാം ' ഇതും പറഞ്ഞ് അമ്മ പറന്ന് പോയി.
എന്റെ കുട്ട്യോള് രണ്ടാളും നല്ല നിലയിലായി. പഠിക്കാൻ രണ്ടു പേരും പണ്ടേ മിടുക്കന്മാർ ആയിരുന്നു. എന്റെ ജോലീന്നുള്ള വരുമാനത്തിനു പുറമേ കടവും എടുത്താണ് ഈ വീടുപണിതത്. അതിന്റെ ക്ഷീണം മാറാൻ തന്നെ കുറേ സമയം എടുത്തു പാവം രണ്ടു പേരും ഓരോ സെറ്റ് യൂണിഫോമിൽ ആണ് സ്കൂളിൽ പോയിരുന്നത്. അനാവശ്യമായി ഒരു ചിലവും ഉണ്ടാവാറില്ല.
കോളെജിൽ രണ്ടു പേർക്കും സ്കോളർഷിപ്പും ഉണ്ടായിരുന്നു. അത് കൊണ്ട് വലിയ ഭാരം ഉണ്ടായില്ല
ഭാര്യ രാജി ഒരു സ്ഥിതിയും ഇല്ലാത്ത വീട്ടിലെ കുട്ടി ആയിരുന്നു. വീട്ടിലെ കാര്യങ്ങൾ ഒക്കെ അവളാണ് നോക്കാറുള്ളത്. അതിൽ നിന്നും മിച്ചം വച്ച പൈസയിൽ അവൾക്ക് വേണ്ട സാധനങ്ങൾ വാങ്ങും. ഞാനും ഒരു പ്രത്യേക സ്വഭാവക്കാരൻ ആയിരുന്നു. കണ്ടറിഞ്ഞ് ഒന്നും വാങ്ങിക്കൊടുത്തിട്ടില്ല. അവൾ എന്തു ചോദിച്ചാലും വാങ്ങിക്കൊടുക്കാൻ എനിക്കിഷ്ടമായിരുന്നു. എന്നാൽ അവൾക്ക് ഞാൻ ചോദിക്കാതെ തന്നെ വാങ്ങിച്ചു കൊടുക്കണമെന്നതായിരുന്നു മോഹം. ആ മോഹം അവൾ പറഞ്ഞുമില്ല, ഞാൻ അറിഞ്ഞുമില്ല.
കുട്ടികൾ രണ്ടു പേരും ഇന്ത്യക്ക് പുറത്ത് ആണ്. ഒരാളെങ്കിലും നാട്ടിൽ സ്ഥിരമാകുമെന്നാണ് കരുതിയത്, പക്ഷേ അവർക്ക് അവരുടെ ജീവിതം നോക്കണ്ടേ.
മക്കളുടെ രണ്ടു പേരുടെയും കല്യാണം നല്ല നിലയിൽ തന്നെ നടത്തി. മുത്ത മകന്റെ ഭാര്യ മാസം തികഞ്ഞ് ഇരിക്കുമ്പോളാണ് എന്റെ മരണം.
കാലത്ത് പത്രം വായിക്കാൻ ഇരുന്നതാണ്. രാജി ഉണ്ടാക്കി വച്ചിരുന്ന ചായ ഒന്നു കൂടെ ചൂടാക്കി എറയത്തെ ചാരുകസേരയിൽ ഇരുന്ന് ഊതിക്കുടിമ്പോഴാണ്, പെട്ടെന്ന് അക്ഷരങ്ങൾ തെളിയാതെയായത്. പിന്നെ ഒന്നും ഓർമ്മയില്ല. ശരീരത്തിൽ നിന്ന് ഊർന്നിറങ്ങിയ പോലെ ആകാശത്തേക്ക് പൊന്തിപ്പോയി. അമ്പലത്തിൽ നിന്നും വന്ന രാജി എന്നെ ഉണർത്താൻ ശ്രമിക്കുന്നതും, പിന്നെ ആർത്ത് വിളിച്ച് കരയുന്നതും, അയൽപക്കക്കാർ ഓടിക്കൂടുന്നതും ഒക്കെ ഞാൻ കാണുന്നുണ്ടായിരുന്നു. പിറ്റേന്ന് വൈകുന്നേരമാണ് മക്കൾ എത്തിയതും എന്റെ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നതും, ദഹിപ്പിച്ചതും ഒക്കെ.
എല്ലാം കഴിഞ്ഞ് പോകുമ്പോൾ രാജിയെ കൂടെ കൊണ്ടുപോകാൻ രണ്ടു പേരും ശ്രമിച്ചെങ്കിലും അവൾ കൂട്ടാക്കിയില്ല. ഇതിനിടെ എന്റെ ആത്മാവിന് കാക്കയിലൂടെ പുനർജന്മം കിട്ടി. അപ്പോളാണ് അമ്മയെയും, അമ്മായിയെയും ഒക്കെ കാണുന്നത്. എന്തായാലും രാജി കുട്ടികളുടെ കൂടെ പോകാതിരുന്നത് നന്നായി, എനിക്കെന്നും കാണാലോ.
ആദ്യംകുറെ നാൾ എന്റെ ജന്മം അറിയിക്കാൻ കുറെ ബഹളം കൂട്ടിനോക്കി. കയ്യിലുള്ള തുണി ആട്ടി അവൾ എന്നെ ഓടിക്കാൻ ശ്രമിച്ചു. പിന്നെ അമ്മ പറഞ്ഞു 'നീ വെറുതെ കെടന്ന് കഷ്ടപ്പെടണ്ട, ഞാൻ മരിച്ചപ്പോഴും കാക്കയായപ്പോ നിന്നെ കാണാൻ ഞാൻ വന്നിരുന്നു. മുറത്തിൽ ഉണക്കാൻ വച്ച ഗോതമ്പ് കൊത്താനാണെന്ന് കരുതി നീയെന്നെയും ഓടിച്ചിരുന്നു'
എന്തായാലും എന്റെ ബഹളം കൊണ്ട് ഒരു ഗുണം ഉണ്ടായി. ഞാൻ വിശന്നിട്ടാണ് കരയുന്നതെന്ന് കരുതി എന്നും ഉണ്ണുന്നതിന് മുൻപ് ഒരു പിടി ചോറ് എനിക്കും തരും. അവളുടെ കൈ കൊണ്ട് ഉരുട്ടിയ ചോറിന് ഒരു പ്രത്യേക സ്വാദ് തന്നെ ആയിരുന്നു. അവളുടെ കറികളുടെ സ്വാദ് ആലോചിച്ചാൽ ഇപ്പോഴും വായിൽ വെള്ളം വരും, അത്ര സ്വാദാണ്. ഞാൻ പലപ്പോഴും കൊതിക്കാറുണ്ട് ചോറിൽ കുറച്ച് കറിയും കൂടി ഒഴിച്ചെങ്കിലെന്ന്. എന്റെ മോഹം മനസ്സിലാക്കിയ പോലെ ഒരുദിവസം ചോറിനൊപ്പം കറിയും ഉണ്ടായിരുന്നു. എന്റെ ആർത്തി കണ്ടപ്പോൾ അവൾക്ക് മനസ്സിലായിക്കാണും ഇത് ഇഷ്ടമാണെന്ന് . അന്ന് മുതൽ കറി കൂട്ടിയാണ് ചോറ് കിട്ടാറുള്ളത്.
'ന്നാ, കഴിച്ചോ .. ' രാജിയുടെ വിളി കേട്ട് ആണ് ചിന്തയിൽ നിന്നുമുണർന്നത്. ആലോചിച്ചിരുന്ന് സമയം പോയത് അറിഞ്ഞില്ല, ഉച്ചയായി.
'ന്താ, വേണ്ടേ ?' രാജി വീണ്ടും ചോദിച്ചു. അവളുടെ മുഖത്തും സന്തോഷമുണ്ട്. നാളെ കുട്ടികൾ വരൂലോ !
അന്ന് പിന്നെ ഒന്നിനും തോന്നിയില്ല. എങ്ങിനെയെങ്കിലും നാളെ ആയാൽ മതിയെന്നായിരുന്നു.
വൈകുന്നേരം ആയപ്പോൾ ഏട്ടനും ഏടത്തിയമ്മയും വന്നു. ചായ കുടിച്ച് ഇറങ്ങാൻ സമയത്ത് ഏട്ടൻ പറഞ്ഞു, 'ഞാൻ വാദ്ധ്യാനെ വിളിച്ചു ചോദിക്കാം ശ്രാദ്ധം ഊട്ടാൻ പുറത്തെവിടെയെങ്കിലും പറ്റുമോന്ന്. '
അതൊരു ഇടിത്തി പോലെയാണ് എനിക്ക് തോന്നിയത്. അത്രേം ദൂരം പറക്കാൻ എനിക്ക് പറ്റില്ല്യ പ്രത്യേകിച്ചും ഈ മുറിഞ്ഞ ചിറകും വച്ച്. കുട്ടികളുടെ കൈയ്യിൽ നിന്നും ഒരുറുള കഴിക്കാൻ മോഹമുണ്ടായിരുന്നു. ഈശ്വരാ, അതും ഇല്ലാതാകുമോ.
ആലോചിച്ചിരുന്ന് നേരം ഇരുട്ടി. കാലത്ത് നേരത്തേ തന്നെ അമ്പലത്തിൽ പോയി, നടപ്പുരയിലെ ബലിക്കല്ലിന്റ മുകളിൽ പോയി ഒന്നു ശ്രീകോവിലിൽ നോക്കി തൊഴുതു. ഈശ്വരാ, കുട്ടികൾക്ക് അങ്ങിനെയൊന്നും ദുർബുദ്ധി തോന്നരുതെ. വിളക്കുമാടത്തിന്റെ താഴെ തിണ്ണയിൽ വച്ച പാത്രത്തിൽ നമ്പൂരി നേദിച്ച അപ്പം എടുക്കാനാണ് എത്തിയതെന്ന് കരുതി വാരസ്യാർ ഒരു കല്ലെടുത്ത് എന്റെ നേരേ എറിഞ്ഞു. ഭാഗ്യം, ചിറകിൽ കൊണ്ടില്ല
പറന്നു വീട്ടിലെത്തിയപ്പോൾ വീട് തുറന്നുകിടപ്പുണ്ട്. എന്തു പറ്റീന്ന് നോക്കാൻ ഉമ്മറപ്പടിയിലൂടെ എത്തിച്ചു നോക്കി. അതാ ഡൈനിങ്ങ് ടേബിളിൽ എന്റെ കുട്ടികൾ.
'കുട്ടികളും കൂടി ഉണ്ടായിരുന്നൂച്ചാ നന്നായേനേ.. ' രാജി പറഞ്ഞു.
'അവരെ കൂട്ടിക്കൊണ്ട് പോയിട്ട് ഇപ്പോ നാലഞ്ച് മാസല്ലേ ആയുള്ളൂ അമ്മേ. പിന്നെ...' എന്തോ പറയാൻ ഓങ്ങിയപ്പോഴെക്കും രാജി എന്നെ കണ്ടു.
'വന്ന് വന്ന് വീട്ടിന്റെ ഉള്ളിലും എത്തിയോ, ഞാനീ കാക്കേകൊണ്ട് തോറ്റു' ഇതും പറഞ്ഞ് എന്റെ നേരേ കൈയ്യോങ്ങി വന്നു.
പെട്ടെന്ന് പറക്കാൻ നോക്കിയപ്പോൾ എന്റെ ചിറക് ഞാൻ പണ്ട് പത്രം വായിക്കാൻ ഇരിക്കാറുള്ള ചാരുകസേരയിൽ തട്ടി. ജീവൻ പോകുന്ന വേദനയായിരുന്നു. ഉപദ്രവിക്കില്ലെന്ന് അറിയാം. അവൾ ഒരു പാവമാണ്, എന്നാലും കാക്കയായിപ്പോയില്ലേ.

പതുക്കെപ്പറന്ന് പടിഞ്ഞാറേ മുറ്റത്തെ മാവിൽ ചെന്നിരുന്നു, ഇവിടെ ഇരുന്നാൽ ഒന്നും കേൾക്കില്ല പ്രത്യേകിച്ച് പിന്നാമ്പുറത്തെ വാതിൽ അടച്ചിട്ടാൽ .
കുറച്ചു കഴിഞ്ഞപ്പോൾ ഏട്ടനും ഏട്ടത്തിയമ്മയും വന്നു. രാജി കുട്ടികളുടെ യാത്രാ കഴിഞ്ഞ് വന്ന വസ്ത്രങ്ങൾ കഴുകി ഉണക്കാൻ ഇടുകയായിരുന്നു. അവരും പടിഞ്ഞാറേ ഭാഗത്തേക്ക് വന്നു, ഏട്ടൻ എറയത്തിട്ട ബഞ്ചിൽ ഇരുന്നു, ഏടത്തിയമ്മ രാജിയെ സഹായിക്കാൻ ഇറങ്ങി. അപ്പോഴെക്കും കുട്ടികളും വന്നു.
'ഞാൻ വാദ്ധ്യാനെ വിളിച്ചിരുന്നു.'
ഈശ്വരാ, പുറത്തൊന്നും പറ്റില്ലെന്ന് പറയണേ. ഇനിയെന്താണ് പറയാൻ പോകുന്നതെന്നറിയാൻ തിടുക്കമായി..
ഏട്ടൻ തുടർന്നു. 'പിറ്റേന്ന് വാവല്ലേ, അദ്ദേഹത്തിന് ദൂരെ ഒന്നും പോവാൻ പറ്റില്ലാത്രേ. പുറത്ത് വേണമെങ്കിൽ നമ്മൾ തന്നെ പോയി ഏർപ്പാടാക്കേണ്ടി വരും '
കേട്ടപാതി രാജി പറഞ്ഞു ' ഇവിടെന്നെ മതി, ചേട്ടന്റെ ആത്മാവ് ഇവിടെ എവിടെങ്കിലും ഒക്കെ കാണും'
ഞാനിവിടെ ഉണ്ട് എന്നറിയിക്കാൻ ഞാൻ ഉറക്കെ ഒന്ന് കരഞ്ഞു. ചിറകിട്ടടിച്ചു. ആര് കേൾക്കാൻ.
എന്തായാലും ഞങ്ങളുടെ ജാതകഫലം ഇന്നും കണിശമാണ്. എന്റെ മനസ്സിലുള്ളത് അവളറിയും.
വൈകീട്ട് അമ്മ വന്നപ്പോൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു. കുട്ടികളെ കാണിച്ചു കൊടുത്തു. അമ്മായിയും വന്നിരുന്നു.
അമ്മായി പറഞ്ഞു 'അമ്മാമൻ ഇന്നോ നാളെയോ നമ്മുടെ കൂടെ കാണുംന്നാ തോന്നണെ, വലി പന്ത്യല്ല എന്ന് മോള് കാണാൻ വന്നോരോട് പറയണ കേട്ടു ' അമ്മായിയുടെ മുഖത്ത് എന്തെന്നില്ലാത്തൊരു ആനന്ദം തിരതല്ലുന്നത് കാണാമായിരുന്നു.
ഞാൻ അമ്മയേയും, അമ്മായിയേയും, പിന്നെ അമ്മാമൻ വന്നാൽ ആളെയും കൂട്ടി ശ്രാദ്ധത്തിന് ഉണ്ണാൻ വരണമെന്ന് പ്രത്യേകം ക്ഷണിച്ചു. അമ്മ പറഞ്ഞു 'എന്തായാലും നിന്റെ അമ്മാമൻ മരിക്കാതിരിക്കട്ടെ, പുലയായാൽ പിന്നെ ശ്രാദ്ധം നടത്താൻ പറ്റില്ല.'. ശരിയാണ്, അപ്പോഴാണ് ഞാനും അതോർത്തത്.
എന്തായാലും അമ്മാമൻ ചതിച്ചില്ല, ശ്രാദ്ധം നിശ്ചയിച്ച ദിവസം തന്നെ നടന്നു.
പുറത്ത് ഇലയിൽ ശ്രാദ്ധം ഊട്ടി ചോരുറുള വച്ച് മക്കൾ രണ്ടു പേരും കൈകൊട്ടി വിളിച്ചു..
തെങ്ങുകളുടെ മുകളിൽ ഞാൻ വിളിച്ച അതിഥികൾ എന്നെ നോക്കി പോകാൻ അനുവാദം തന്നു. അയൽപക്കത്തെ റപ്പായി ചേട്ടനും, ഭാര്യ മേരിയും പിന്നെ അവരുടെ കൊച്ചുമോൻ ബൈക്കപകടത്തിൽ മരിച്ച ജോയിയും ഒക്കെ ഉണ്ടായിരുന്നു,
ഞാൻ താഴെ പറന്ന് പോയി എല്ലാ ഉരുളയിൽ നിന്നും ഓരോ വറ്റ് കൊത്തി കഴിച്ച് എന്റെ മോഹം പൂവണിയിച്ചു. പിന്നെ ഉറക്കെ എന്റെ അതിഥികളെ ഒക്കെ വിളിച്ചു.
ആരോ പറയുന്ന കേട്ടു, രാജന്റെ ആത്മാവിന് സന്തോഷമായി എന്ന് തോന്നുന്നു. കണ്ടില്ലേ, കൈ കൊട്ടി വിളിക്കേണ്ട താമസം, കാക്കകൾ കൂട്ടമായ് വന്നത്.
അങ്ങിനെ അതും കഴിഞ്ഞു. ഇനി കുട്ടികൾ പോവും, വീണ്ടും രാജി ഒറ്റയ്ക്ക്, പിന്നെ ഞാനും
പിറ്റേന്ന് രാവിലെ അമ്പലത്തിൽ പോയി ഭഗവാനോട് നന്ദിയും പറഞ്ഞ് വീടിനെ ലക്ഷ്യമാക്കി പറന്നു.
പടിക്കൽ കാറ് വന്നിരിക്കുന്നു. കുട്ടികൾ പോകാറായി. ഇനി രാജിയുടെ കരച്ചിലും പിഴിച്ചലും ഒക്കെ കാണും. അത് പണ്ടേ ഉള്ളതാണ്. മക്കൾ അമ്മയെ ചേർത്തുപിടിച്ചു പോയിവരാംന്നു പറയും. പിന്നെ അവളുടെ കണ്ണീരും ചിരിയും ഒരുമിച്ചാണ്.
ഇതെന്താ പെട്ടികൾ ഇത്രയധികം. രണ്ട് ദിവസത്തേക്ക് വന്നപ്പോൾ ഇത്രയധികം പെട്ടികളോ. പക്ഷേ അപ്പോഴാണ് കണ്ടത്, ഈശ്വരാ, അത് രാജി പണ്ട് എന്റെ ബാങ്കിൽ നിന്നും വിനോദയാത്രക്ക് പോകാൻ വാങ്ങിയ ബാഗ് അല്ലേ അത്. ഇതെന്തിന് കുട്ടികൾക്ക് വേണം. എന്താ പന്തികേട് തോന്നി.
ഞാൻ പടിഞ്ഞാറെ ഭാഗത്ത് പോയി നോക്കി. അവിടെ പാത്രങ്ങൾ ഒക്കെ അകത്ത് വച്ച് വാതിൽ അടച്ചിരിക്കുന്നു. പുറത്ത് ഉണങ്ങാൻ ഇട്ട വസ്ത്രങ്ങൾ എല്ലാം അകത്ത് വച്ചിരിക്കുന്നു.
വീണ്ടും മുൻവശത്തെ മുവാണ്ടൻ മാവിന്റെ താഴത്തെ കൊമ്പിൽ ഇരുന്നു. രാജി എറയത്ത് ഭിത്തിയിലെ എന്റെ ഫോട്ടോ മാറോടമർത്തി വച്ച് കരഞ്ഞുകൊണ്ട് പുറത്ത് വരുന്നു. രാജു വീടൊക്കെ പൂട്ടി ഇറങ്ങി. പിന്നാലെ നന്ദുവും പൂട്ടിയത് ശരിയായില്ലെ എന്ന് ഒന്നു കൂടെ ഉറപ്പു വരുത്തി ഇറങ്ങി.
അപ്പോഴെക്കും ഏട്ടനും ഏട്ടത്തിയമ്മയും എത്തി. രാജി ഏട്ടത്തിയമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.
ഏട്ടത്തിയമ്മ ആശ്വസിപ്പിച്ചു, 'സാരല്ല്യ മോന്റെ അടുത്തല്ലേ പോണെ, ഇവിടെ നീ ഒറ്റയ്ക്കല്ലേ, അവിടെയാവുമ്പോൾ അവർക്കൊരു സഹായാവും കുട്ട്യേ നോക്കാൻ'
ദൈവമേ, ഇവർ രാജിയെ കൊണ്ടു പോവ്വാണോ ? ഇനി എനിക്ക് എന്റെ രാജിയെ കാണാൻ കഴിയില്ലേ. പോണ്ടാ എന്ന് പറഞ്ഞ് കാറി വിളിച്ച് കാറിന്റെ ബോണറ്റിന്റെ മുകളിൽ ഇരുന്നു. കയ്യിലുള്ള ഒഴിഞ്ഞ ബോട്ടിൽ ഡ്രൈവർ എന്റെ നേരേ എറിഞ്ഞു, അതും കൊണ്ടതെന്റെ മുറിഞ്ഞ ചിറകിൽ.
കാർ പതുക്കെ നീങ്ങാൻ തുടങ്ങി. മാറിൽ അടക്കിപ്പിടിച്ച എന്റെ ഫോട്ടോ നോക്കി പൊട്ടിക്കരഞ്ഞുകൊണ്ട് രാജി ഒന്നുകൂടി തിരിഞ്ഞു നോക്കി, ഞങ്ങൾ രണ്ടു പേരും കഷ്ടപ്പെട്ടു പടുത്തുയർത്തിയ വീട്ടിലേക്ക്.
പിന്നാലെ പറക്കാൻ എന്റെ മുറിഞ്ഞ ചിറകുകൾ അനുവദിച്ചില്ല. കൺമറയുന്നോളം ഞാൻ കാറ് നോക്കി നിന്നു. പിന്നെ പറന്ന് പിൻവശത്തെ മാവിൽ ഇരുന്നു, എന്നെങ്കിലും എന്റെ രാജി തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ, അവളുടെ കൈ കൊണ്ട് ഉരുട്ടിയ ഒരു ഉരുള ചോറിനായ്, ഈ അല്പായുസ്സായ കാകജന്മത്തില്‍ ഇനി ഒരിക്കല്‍ കൂടി കാണുമോ എന്നറിയാതെ.. നീണ്ട കാത്തിരിപ്പ്..
അപ്പോൾ ആകാശത്തുകൂടി ഇരമ്പി പാഞ്ഞ് ഒരു വിമാനം കടന്നു പോകുന്നുണ്ടായിരുന്നു!
ഗിരി ബി വാരിയർ
27 നവംബർ 2017
©copyrights protected

Comments