അമ്മമാനസം

അമ്മമാനസം
കഥ | ഗിരി ബി വാരിയർ
"കണ്ണാ.. മണിക്കുട്ടൻ ഫോൺ എടുക്കുന്നില്ല.."
മണിക്കുട്ടൻ മുംബൈ IIT യിൽ കമ്പ്യൂട്ടർ സയൻസ് ഏഴാമത്തെ സെമസ്റ്റർ വിദ്യാർത്ഥിയാണ്.
"അമ്മേ, ഇന്ന് ഞായറാഴ്‌ചയാണ്. കാലത്ത് ഒൻപതുമണിയാവുന്നതല്ലേ ഉള്ളു. കൂട്ടുകാരൊക്കെക്കൂടി ബീച്ചിൽ പോകുകയാണെന്ന് രാത്രി വിളിച്ചപ്പോൾ പറഞ്ഞിരുന്നു. വന്ന് കിടന്നപ്പോൾത്തന്നെ വൈകിക്കാണും. അതാവും എടുക്കാത്തത് "
"അതല്ലടാ, ഞാനൊരു ദു:സ്വപനം കണ്ടു. അവനെന്തോ പറ്റീന്ന്, അമ്മേന്ന് അവൻ വിളിച്ചത് കേട്ടിട്ടാണ് ഞാൻ കാലത്ത് ഞെട്ടി ഉണർന്നത്. അപ്പൊ തൊട്ട് വിളിക്കാൻ തുടങ്ങീതാണ്."
" അവൻ ഉറങ്ങ്വാവും അല്ലെങ്കിൽ ഫോൺ ചിലപ്പോൾ സൈലന്റ് മോഡിൽ ആവും."
"നീയൊന്ന് വിളിക്ക് കണ്ണാ അവന്റെ ഈ രാത്രിക്കറക്കത്തിന് ഇന്നലെ വൈകുന്നേരം വിളിച്ചപ്പോൾ വഴക്ക് പറഞ്ഞിരുന്നു. അതിന്റെ പിണക്കമാണോ ആവോ. ചിലപ്പോൾ നീ വിളിച്ചാൽ ഫോൺ എടുക്കും."
"അമ്മ സമാധാനമായി ഇരിക്കൂ. ഞാൻ വിളിക്കാം."
കണ്ണൻ അമേരിക്കയിൽ എത്തിയിട്ട് രണ്ടുവർഷം കഴിഞ്ഞു. ഒരാഴ്ചമുൻപ് കണ്ണനായിരുന്നു ഫോൺ എടുക്കാതെ ഭയപ്പെടുത്തിക്കളഞ്ഞത്. അവസാനം കൂടെ ജോലി ചെയ്യുന്ന ഡെൽഹിക്കാരൻ ചോപ്രയുടെ ഫോണിൽ വിളിച്ചപ്പോൾ ആണറിഞ്ഞത് അവൻ ഏതോ മീറ്റിംഗിൽ ആയിരുന്നു എന്ന്. അന്ന് മണിക്കുട്ടനെ വിളിച്ചിരുന്നു. മീറ്റിങ്ങ് കഴിഞ്ഞു വന്നപ്പോൾ ആദ്യം കണ്ണന്റെ ചീത്തവിളിയായിരുന്നു, പിന്നാലെ മണിക്കുട്ടൻ്റേയും.
ഇതിപ്പോൾ എന്താവും. മണിക്കുട്ടൻ ഉറങ്ങുകയാണെങ്കിൽ റാവുവോ, അനൂജോ, ആരെങ്കിലും ഫോൺ എടുക്കാറുണ്ട്.
ഹൈദരാബാദിൽ നിന്നുള്ള റാവു, ഡെൽഹിക്കാരൻ അനുജ്, നാഗ്പൂരിൽ നിന്നുള്ള വിനയ് മാത്രേ എന്നിവരാണ് മണിക്കുട്ടന്റെ സഹമുറിയന്മാർ. മണിക്കുട്ടൻ അവർക്ക് മല്ലുവാണ്.
ഒരിക്കൽ കൂടി ഫോൺ വിളിച്ചപ്പോൾ "called number is busy" എന്ന സന്ദേശം വന്നു. അവൻ ഉറങ്ങുകയാണെങ്കിൽ ഫോൺ എങ്ങിനെ busy ആവും. അവനെന്തോ പറ്റിയിരിക്കുന്നു, തീർച്ചയായി.
ഭഗോതീ.. ഇന്നലെ രാത്രി എല്ലാവരും ചേർന്ന് ബീച്ചിൽ പോയിട്ട് വഴക്കോ മറ്റോ ഉണ്ടാക്കി പോലീസ് പിടിച്ചിട്ടുണ്ടാവുമോ? അതോ കൂട്ടുകാരോട് ചേർന്ന് മദ്യം കഴിച്ചുകാണുമോ. കൂടെയുള്ള പിള്ളേർ അത്ര ശരിയല്ല, മണിക്കുട്ടനെയും അവർ വഴിതെറ്റിക്കും.
പണ്ട് തെങ്ങുകയറാൻ വരുന്ന ഗോപാലൻ വൈകുന്നേരങ്ങളിൽ കള്ളുകുടിച്ചു ബോധമില്ലാതെ വഴിയരികിലെ ചാലിൽ കിടക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. അതുപോലെ കിടക്കുന്ന മണിക്കുട്ടനാണ് മനസ്സിൽ വന്നത്.
ഭഗോതീ. നിന്റെ കുട്ട്യാണ്, കാത്തോളണേ.
ഇനി മണിക്കുട്ടൻ മയക്കുമരുന്നുകളെങ്ങാനും ശീലമാക്കീട്ടുണ്ടാവ്വോ. കഴിഞ്ഞ തവണ വീട്ടിൽ വന്നപ്പോൾ അവൻ അധികസമയവും മുറിയിൽ നിന്നും ഇറങ്ങാതെ ഇരിക്കുന്നുണ്ടായിരുന്നു. അവന്റെ കൂട്ടുകാരെല്ലാം ഓരോരോ പരീക്ഷയിലും മറ്റും തിരക്കിൽ ആയതിനാൽ എവിടെയും പോകാനില്ല എന്നായിരുന്നു പറഞ്ഞത്. ഇനി അവൻ മുറിയിൽ ഇരുന്ന് മയക്കുമരുന്നെങ്ങാനും ഉപയോഗിച്ചുകാണുമോ. നോക്കാൻ കണ്ണൻ പോലും ഇല്ല.
അമേരിക്കയിൽ ഇപ്പോൾ വൈകുന്നേരം പത്ത് മണിയായിക്കാണും, ഒന്നുകൂടി കണ്ണനെ ഒന്നുകൂടി വിളിക്കാം.
ആദ്യത്തെ ഫോണിൽ തന്നെ അവൻ ഫോണെടുത്തു. എടുത്തില്ലെങ്കിൽ ഞാൻ പരിഭ്രമിക്കും എന്നവനറിയാം.
"കണ്ണാ..അവന്റെ ഫോൺ busy എന്നാണ് വരുന്നത്. എന്തോ പറ്റിയിട്ടുണ്ട്, എനിക്കാകെ പരിഭ്രമമാവുന്നു."
"അമ്മക്കെന്താ പ്രാന്തുണ്ടോ, ഞാൻ അവന്റെ ഫോണിൽ വിളിക്കാൻശ്രമിച്ച അതേ സമയത്താവും അമ്മയും വിളിച്ചത്, അതുകൊണ്ട് busy ടോൺ കിട്ടിയതാവും. അച്ഛൻ എവിടെ പോയി"
"അച്ഛൻ കാലത്തുതന്നെ കാറ് സർവീസ് ചെയ്യാൻ കൊണ്ടു പോയി. വേഗം വരാമെന്ന് പറഞ്ഞിട്ടുണ്ട്.."
"എന്തായാലും അമ്മ പേടിക്കണ്ട, ഞാൻ വിളിച്ചോളാം അല്ലെങ്കിൽ എന്റെ കൂട്ടുകാരൻ വികാസ് അവിടെയുണ്ടല്ലോ. അവനോട് ഒന്ന് പോയി നോക്കാൻ പറയാം.."
കണ്ണൻ ഫോൺ വെച്ചു. പെട്ടെന്നാണ് കരിന്തിരിയുടെ മണം വന്നത്. ഓടിച്ചെന്ന് നോക്കുമ്പോൾ ഭഗോതിയുടെ ഫോട്ടോയുടെ മുൻപിലെ കത്തിച്ചുവെച്ചിരുന്ന വിളക്കിലെ എണ്ണ തീർന്ന് തിരി മുഴുവൻ കത്തിക്കരിഞ്ഞിരിക്കുന്നു.
ഭഗോതീ, എന്തോ അനിഷ്ടം സംഭവിച്ചിരിക്കുന്നു.. അല്ലെങ്കിൽ കരിന്തിരി പോവില്ല.
രാജേട്ടനെ വിളിച്ചാൽ ചീത്ത പറയും, പക്ഷെ പേടിക്കും, പുറത്ത് കാണിക്കുന്ന ധൈര്യമൊന്നും കക്ഷിക്കും അകത്തില്ല.
കണ്ണൻ എന്തിനാവും അച്ഛനെവിടെ എന്ന് ചോദിച്ചത്. അവനെന്തെങ്കിലും വിവരം കിട്ടിക്കാണുമോ. മണിക്കുട്ടന്റെ ഫോണിൽ അവസാനം വിളിച്ച നമ്പർ കണ്ണന്റെയാവും, ഇനി എന്തെങ്കിലും അപകടം പറ്റി പോലിസെങ്ങാനും കണ്ണന്റെ നമ്പറിൽ വിളിച്ചുകാണുമോ, അതാവും അച്ഛനെവിടെ എന്ന് ചോദിച്ചത്. വികാസിനോട് പോയി നോക്കാൻ പറഞ്ഞത്."
ചിന്തിച്ചിരിക്കുമ്പോൾ വാട്ട്സ്ആപ്പ് ഫാമിലി ഗ്രൂപ്പിൽ മെസ്സേജ് അലെർട് വന്നു. ഓടിപ്പോയി ഫോൺ നോക്കിയപ്പോൾ മണിക്കുട്ടന്റെ മെസ്സേജ് ആണ്.
“GUYZ DONT WRRY, BATTERY DOWN..WL CALL BK"
ആദ്യം കുറച്ച് സമാധാനം തോന്നിയെങ്കിലും മെസ്സേജ് ആർക്കും അയക്കാമല്ലോ. എന്നെ സമാധാനിപ്പിക്കാൻ കണ്ണൻ ചിലപ്പോൾ മണിക്കുട്ടന്റെ കൂട്ടുകാരോട് പറഞ്ഞതാവാം അവന്റെ ഫോണിൽ നിന്നും ഇതുപോലെ ഒരു മെസ്സേജ് അയക്കാൻ. മണിക്കുട്ടന്റെ ഫോണിന്റെ പാസ്സ്‌വേർഡ് കണ്ണന് അറിയുന്നുണ്ടാവും..
പെട്ടെന്ന് തന്നെ ഫോണെടുത്ത് മണിക്കുട്ടനെ വിളിച്ചു.
"The number you are calling is currently switched off"
ഇത്ര പെട്ടെന്ന് ഫോൺ എങ്ങിനെ സ്വിച്ച് ഓഫ് ആവും. പല തവണ ശ്രമിച്ചിട്ടും ഫലം അതുതന്നെ.
വിളക്കുസ്റ്റാൻഡിന്റെ അടിയിൽ പോയിരുന്ന് ജപിക്കാൻ തുടങ്ങി. കാവിൽ ഭഗോതീ, ഇനി വരുമ്പോൾ മണിക്കുട്ടന്റെ പേരിൽ പറ വെച്ചോളാം, കാത്തുരക്ഷിക്കണേ..
ഭഗോതിയോട് ദേഷ്യമോ സങ്കടമോ എന്താണ് തോന്നിയതെന്ന് അറിയില്ല.
ഓർമ്മ വെച്ചകാലം തൊട്ട് കാലത്ത് കുളിച്ച് തൊഴുന്നതാണ് ഭഗോതിയെ. മുത്തശ്ശ്യമ്മ പറയാറുണ്ട് വിളിച്ചാൽ വിളി കേക്കണ ഭഗോത്യാണ് എന്ന്. ഇന്നുവരെ എന്റെ ഒരൊറ്റ പ്രാർത്ഥനയും കേൾക്കാതിരുന്നിട്ടില്ല. സ്‌കൂളിൽ ഹോംവർക്ക് ചെയ്യാതിരുന്നപ്പോൾ പണിക്കർ മാഷിന്റെ അടിയിൽ നിന്നും മന്ത്രിയുടെ മരണമായി (മരണവാർത്തയായി) വന്ന് രക്ഷിച്ചതും, അച്ഛന്റെ ബീഡിയെടുത്ത് വലിക്കുന്നത് 'അമ്മ കണ്ട് ചൂലെടുത്ത് തല്ലാൻ വന്നപ്പോൾ പശുക്കുട്ടിയുടെ ശരീരത്തിൽ കയറി കയറുപൊട്ടിച്ച് തള്ളപ്പശുവിന്റെ പാലുകുടിക്കാൻ പോയതും ഒക്കെ ഭഗോത്യല്ലേ. അല്ലെങ്കിൽ തന്നെ ഒരു കുഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ പഠിച്ച എനിക്ക് രാജേട്ടന്റെ പ്രൊപോസൽ വരുന്നതും വിവാഹം കഴിഞ്ഞ് ബാംഗ്ലൂരിലും ബോംബെയിലും, കൽക്കട്ടയിലും ഒക്കെ ജീവിക്കാൻ ഭാഗ്യം ഉണ്ടാക്കിത്തന്നത് ഭഗോതിയല്ലേ.
രാജേട്ടൻ റിട്ടയർ ആയി നാട്ടിൽപോയി സ്ഥിരതാമസമാക്കിയിട്ട് വേണം ഭഗോതിയെ സേവിച്ച് ജീവിക്കാൻ.
ഭഗോതിയുടെ അനുഗ്രഹം ഒന്ന് മാത്രമാണ് രണ്ട് കുട്ടികളും നല്ല നിലക്കായത്. കണ്ണന് അമേരിക്കയിൽ ജോലി കിട്ടി. മണിക്കുട്ടനും കൂടെ ജോലിയായാൽ പിന്നെ സമാധാനമായി.
അപ്പോഴേക്കും മണിക്കുട്ടന്റെ ഫോൺ വന്നു.
"അമ്മേ, ഫോൺ വീട്ടിൽ ആയിരുന്നു. ഇന്നലെ ഞങ്ങൾ ബീച്ചിൽ പോയപ്പോൾ ഞണ്ടുകറി കണ്ടപ്പോൾ അനൂജിന് വല്ലാത്ത കൊതി, വലിച്ചുവാരി തിന്നു. വെളുപ്പിന് ശർദ്ദി തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വയറിളക്കവും. നേരം വെളുത്തപ്പോഴേക്കും അവൻ ആകെ തളർന്നിരുന്നു. . അപ്പോൾ താഴെ താമസിക്കുന്ന മലയാളി അങ്കിൾ കാറെടുത്ത് ആശുപത്രിയിൽ കൊണ്ട് പോയി, ഫോൺ എടുക്കാൻ മറന്നു."
മണിക്കുട്ടന്റെ ശബ്ദം കേട്ടപ്പോൾ ആണ് സമാധാനമായത്.
കുറച്ച് കഴിഞ്ഞപ്പോൾകണ്ണന്റെ ഫോൺ വന്നു. മണിക്കുട്ടന്റെ ഫോൺ വന്ന വിവരം അവനോട് പറഞ്ഞു.
കണ്ണന് ശുഭരാത്രി നേർന്ന് അടുക്കളയിൽ കയറി ഉച്ചക്കലേക്കുള്ള ഭക്ഷണം തയ്യാറാക്കാൻതുടങ്ങുമ്പോഴേക്കും രാജേട്ടനും എത്തി .
"എന്റെ രാജേട്ടാ, ഒരു ദിവസം നിങ്ങൾ വരുമ്പോൾ ഈ ഫോണും പിടിച്ച് വടിയായിരിക്കുന്ന എന്നെ കാണും. ഒന്നുകിൽ മണിക്കുട്ടൻ അല്ലെങ്കിൽ കണ്ണൻ, ആരെങ്കിലും ഒരാൾ എന്നെ പേടിപ്പിക്കാനുണ്ടാവും."
"അവൻ വിളിച്ചൂ ല്ലേ നിന്നെ.."
"ഉവ്വ്.."
"ഫുഡ് പോയ്‌സണിങ്ങ് ആണ്, ഒരു ഇൻജെക്ഷൻ, പിന്നെ വയറ് കഴുകി, മരുന്ന് എഴുതിക്കൊടുത്തു. എന്നിട്ട് വീട്ടിലോട്ട് പറഞ്ഞയച്ചു”.
"അല്ല, നിങ്ങൾക്കെങ്ങനെ ഇത്ര വിശദമായി മനസ്സിലായി? അവൻ വിളിച്ചിരുന്നോ?
“ഭഗോതി ഈ വീട്ടിലെ ഒരംഗമല്ലേ, എന്നെയും വിളിച്ചുപറഞ്ഞു എന്ന് കരുതിക്കോളൂ."
ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ച് രാജേട്ടൻ അകത്തെ മുറിയിലേക്ക് പോയി. അല്ലെങ്കിലും അച്ഛനും മക്കളും എല്ലാം അങ്ങോട്ടുമിങ്ങോട്ടും പറയും, ഞാൻ പേടിക്കുമെന്ന് കരുതി എന്നോട് അവസാനമാണ് പറയുക.
എനിക്ക് പറയാനും കരയാനും എന്റെ ഭഗോതി മാത്രം. ഈ വീട്ടിൽ രണ്ടു സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉണ്ടെന്ന് രാജേട്ടൻ പറയുന്നത് ശരിയാണെന്ന് പലപ്പോഴും തോന്നാറുണ്ട്.
ഭഗോതിയുടെ ഫോട്ടോയുടെ മുൻപിൽ നിന്ന് കൈകൂപ്പി പ്രാർത്ഥിച്ചപ്പോൾ വല്ലാത്ത നിർവൃതി തോന്നി. നിലവിളക്കിന്റെ പ്രഭയിൽ കാവിൽ ഭഗോതിയുടെ ചൈതന്യം നിറഞ്ഞ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നുനിൽക്കുന്നതുപോലെയും.
“എന്തായാലും ഇന്ന് വൈകീട്ട് നിനക്കു് ഇങ്ങോട്ട് വരാനുള്ള ടിക്കറ്റ് അയച്ചുതരാം, അസുഖം നല്ലോണം ഭേദമായിട്ട് തിരിച്ചുപോകാം” അകത്തെ മുറിയിൽ നിന്നും രാജേട്ടൻ ഫോണിൽ പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു.
ഗിരി ബി വാരിയർ


Comments
Post a Comment