വിദ്യാധനം
വിദ്യാധനം
കഥ | ഗിരി ബി. വാരിയർ
*****
“"ദെന്തൊരു മഴയാണ്. പേട്യാവ്ണു.."
ഭാര്യ അടുക്കളയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കി പറയുന്നത് കേട്ടു. ഇന്നലെ വരെ ചൂട് സഹിക്കവയ്യാതെ മഴക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്ന ആളാണ്.
രാത്രി തുടങ്ങിയ മഴയാണ്. ജൂൺ ഒന്നാം തിയ്യതി കാലവർഷം തുടങ്ങും, ആരൊക്കെ മറന്നാലും പ്രക്യതി തന്റെ ദൗത്യം മറക്കില്ല, കാലാകാലങ്ങളായി പ്രക്യതിയൊരുക്കുന്ന വിസ്മയം..
കാലത്ത് നേരത്തെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോയി. ഇതുപോലെ രണ്ടുദിവസം മഴ നിന്നുപെയ്താൽ അമ്പലക്കുളത്തിൽ വെള്ളം കയറും. അത് കഴിഞ്ഞു നാലഞ്ച് ദിവസം കഴിഞ്ഞാലേ വെള്ളം തെളിയുകയുള്ളു. എന്തായാലും ഇനി മുതൽ ദിവസവും കാലത്ത് അമ്പലക്കുളത്തിൽ കുളിച്ചുതൊഴണം.
സ്‌കൂളുകൾ തുറക്കുകയായി.. വർഷങ്ങൾക്ക് മുൻപ് പഠിച്ചിറങ്ങിയ നാട്ടിൻപുറത്തെ പഴയ സർക്കാർ സ്‌കൂളിലേക്ക് ഒരിക്കൽക്കൂടി. വളരെക്കാലമായുള്ള ഒരു സ്വപ്നമാണ് ഇന്ന് സാക്ഷാത്കരിക്കാൻ പോകുന്നത്.
സ്‌കൂൾ തുറക്കുന്ന സമയത്ത് ഒരിക്കലും നാട്ടിൽ ഉണ്ടാവാൻ കഴിയാറില്ല. ജോലിയുടെ സ്വഭാവം അതാണല്ലോ. ഇന്നെന്തായാലും പോയേ തീരൂ.
എട്ടരയാവുമ്പോഴേക്കും പ്രാതൽ കഴിച്ചു. അലമാരയിൽ നിന്നും പുതിയ കറുത്ത കരയുള്ള ഡബിൾമുണ്ട് എടുത്തുചുറ്റി, രാത്രി ഇസ്തിരി ചെയ്തുവെച്ചിരുന്ന വെളുത്ത ഖാദി ഷർട്ടെടുത്തിട്ടു. വരാന്തയിൽ പണ്ട് അച്ഛൻ ഉപയോഗിക്കാറുള്ള ചൂരൽ കസേരയിൽ വന്നിരുന്നു. പത്രം ഒന്നോടിച്ച് വായിച്ചു നോക്കി.
പെട്ടെന്ന് എന്നിലെ കുട്ടിക്കാലം ഒരു കാവി ട്രൗസറും വെള്ളഷർട്ടുമിട്ട് കയ്യിൽ റബ്ബർബാൻഡിട്ട് കെട്ടിയ പുസ്തകക്കെട്ടുമായി മുറ്റത്തേക്ക് ഇറങ്ങിയോടി. ഞാൻ ഇരുന്നിരുന്ന ചൂരൽ കസേരയിൽ അച്ഛൻ സ്ഥിരമായി ഉപയോഗിക്കുന്ന കറുത്തകരയുള്ള മുണ്ടുടുത്ത് കഞ്ഞിമുക്കി അലക്കിത്തേച്ച വെള്ളഖാദി ഷർട്ടിട്ട് സ്‌കൂളിൽ പോകുന്നതിന് മുൻപ് പത്രം വായിച്ചുകൊണ്ട് അച്ഛനിരിക്കുന്നുണ്ടായിരുന്നു.
"അമ്മേ, ഞാൻ സ്കൂളീ പോവ്വാട്ടാ.." എന്ന് മുറ്റത്ത് നിന്ന് അടുക്കളഭാഗത്തേക്ക് നോക്കി ഞാൻ വിളിച്ചുപറയുന്നു.
"നിനക്കെന്താ.. സ്‌കൂളും മുറ്റോം അടിച്ചുവാരാൻണ്ടോ.. ഞാനും അങ്ങോട്ടല്ലേ, ഒരുമിച്ച് പോവ്വാം.." അച്ഛൻ പത്രത്തിൽ നിന്നും കണ്ണെടുക്കാതെ പറയുന്നു.
"വേണ്ട, അച്ഛന്റെ കൂടെ പോയാൽ കുട്ട്യോള് എന്നോട് ചങ്ങാത്തം, കൂടില്ല്യ, അച്ഛൻ ഏടുമാഷല്ലേ,, കുട്ട്യോൾക്കൊക്കെ ഭയങ്കര പേടിയാ അച്ഛനെ.." എന്റെ ന്യായം പറയൽ അന്നുമുണ്ട്.
"കുട്ട്യോൾക്ക് ണ്ടായിട്ടെന്താ കാര്യം, നെനക്കില്യാല്ലോ കുട്ടാ.." അച്ഛന്റെ മുഖത്തൊരു പുഞ്ചിരിയുണ്ട്.
"ന്റെ അച്ഛനല്ലേ.. ഞാനെന്തിനാ പേടിക്കണേ ..."
"അല്ലെങ്കിലും കുട്ട്യോൾക്ക് പേടീണ്ടാവണംച്ചാൽ ഇടക്കൊക്കെ ഒന്ന് ശകാരിക്കണം, തല്ലണംന്നൊന്നും ഞാൻ പറയില്ല്യ.." വേഷ്ടിയുടെ അറ്റം കൊണ്ട് കൈയും തുടച്ചുകൊണ്ട് അമ്മ അടുക്കളയിൽ നിന്നും പുറത്തുവരുന്നു.
"അവൻ കുറുമ്പൊന്നും കാട്ടിണില്ല്യല്ലോ, പിന്നെ കുട്ട്യോളാവുമ്പോ വാശീണ്ടാവില്ലേ, ഈ പ്രായത്തിൽ ഇല്ല്യങ്ങേ പിന്നെ എപ്പോഴാ. നിയ്യോ ഞാനോ ഇപ്പൊ വാശി പിടിക്കാറുണ്ടോ, ഇല്ല്യാല്ലോ. ഈ പ്രായത്തിൽ വേണ്ടത് ഈ പ്രായത്തില് വേണം." അച്ഛൻ എന്നും എന്റെ ഭാഗത്താണ്.
ഞാൻ പഠിച്ചിരുന്ന സ്‌കൂളിൽ തന്നെ ഹെഡ്മാസ്റ്റർ ആയിരുന്നു അച്ഛൻ. അന്ന് ഈ സ്‌കൂൾ സർക്കാർ ഏറ്റെടുത്തിട്ടില്ല, നാട്ടിലെ പ്രമാണിയായിരുന്ന വടക്കേമന നാരായണൻ നമ്പൂതിരിയുടെ കീഴിൽ ആയിരുന്നു സ്‌കൂൾ. പിന്നീട് അവരുടെ പ്രതാപമൊക്കെ ക്ഷയിച്ച് സ്‌കൂൾ അടക്കേണ്ടിവരുമെന്നായപ്പോൾ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശങ്കരൻനായർ ഇടപെട്ട് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ശങ്കരൻനായർ ഈ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയും അച്ഛന്റെ ബാല്ല്യകാലസുഹ്യത്തും ആയിരുന്നു. അച്ഛൻ ഈ സ്‌കൂളിൽ ജോലിക്ക് ചേർന്നപ്പോൾ താമസിക്കാൻ വടക്കേമനയിലെ വല്ല്യതിരുമേനി എഴുതിക്കൊടുത്തതാണ് ഈ വീടും അൻപത് സെന്റ് പറമ്പും.
ഞാനെന്ത് ആവശ്യപ്പെട്ടാലും അച്ഛൻ വാങ്ങിത്തരുമായിരുന്നു, രണ്ടാമതൊന്ന് ചോദിക്കാറില്ല. സ്‌കൂളിലും അച്ഛൻ കുട്ടികളെ തല്ലുന്നത് ഇന്നുവരെ കണ്ടിട്ടില്ല, പക്ഷേ കുട്ടികൾക്കെല്ലാം അച്ഛനെ ഭയമായിരുന്നു. അച്ഛനായിരുന്നു എന്റെ മാതൃകാ അദ്ധ്യാപകനും, മാതൃകാ പിതാവും.
"നിങ്ങള് പോയില്ല്യേ ഇത് വരെ.. "
ഭാര്യയുടെ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്.
"ഇറങ്ങാൻ പോണൂ .. ആ കൊടയൊന്ന് എടുത്തൊള്ളൂ.."
അപ്പോഴേക്കും പുറത്ത് മഴ നിന്നിരുന്നു. റോഡിലൂടെ കുട്ടികൾ കൂട്ടം കൂട്ടമായി പോകാൻ തുടങ്ങിയിരിക്കുന്നു..
നീലയും വെള്ളയും യൂണിഫോമിൽ വലിയ ക്ലാസ്സിലെ കുട്ടികളും ബ്രൗൺ ട്രൗസറും ചെക്ക് ഷർട്ടുമായി എൽപി സ്‌കൂളിലെ ആൺകുട്ടികളും, അതെ നിറത്തിലുള്ള പാവാടയിട്ട പെൺകുട്ടികളും. പെൺകുട്ടികൾ തലമുടി രണ്ടുവശത്തും പിന്നിക്കെട്ടി നീല റിബൺ കെട്ടി കണ്ണെഴുതി പൊട്ടൊക്കെ തൊട്ടിട്ടുണ്ട്.
നിലവിളിക്കുന്ന കുട്ടികളെ അമ്മമാരും അച്ഛന്മാരും ഒക്കത്തെടുത്ത് കൊണ്ടുപോകുന്നുണ്ട്. ചിലർ ചിരിച്ചുകൊണ്ട് മുൻപേ ഓടുന്നു. മഴയില്ലെങ്കിലും പലരും കുട നിവർത്തിതന്നെ പിടിച്ചിട്ടുണ്ട്. കുട്ടികളെക്കാൾ വലിയ ബാഗ് അവരുടെ പുറത്ത് തൂക്കിയിട്ടിട്ടുണ്ട്. നഗരത്തിലെ പോലെ കുട്ടികൾ ഷൂ ഒന്നും ധരിച്ചിട്ടില്ല. അധികം കുട്ടികളും പ്ലാസ്റ്റിക് ചെരുപ്പുകളാണ് ധരിച്ചിട്ടുള്ളത്.
പുഴപോലെ ഒഴുകുന്ന കുട്ടികളുടെ ഇടയിലൂടെ സ്‌കൂളിലേക്ക് നടക്കുമ്പോൾ മനസ്സും കുട്ടിയായി, തൊട്ട് പിന്നിൽ അച്ഛൻ കുടയും പിടിച്ച് കൂടെയുണ്ടെന്നൊരു തോന്നൽ. പുതിയ കുട്ടികളെ വരവേൽക്കാൻ ടീച്ചർമാരും സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളും സ്‌കൂൾ കവാടത്തിന് തൊട്ടുതന്നെയുണ്ട്.
ഹൈസ്‌കൂൾ, യുപി എൽപി വിഭാഗങ്ങൾ ഓരോ ബ്ലോക്കുകൾ ആണ്. ഹൈസ്‌കൂൾ ബ്ലോക്കിന്റെ വരാന്തയിലൂടെ നടന്നു. ആദ്യദിവസത്തെ കുട്ടികളുടെ ഉത്സാഹം ഓരോരുത്തരുടെയും മുഖത്ത് കാണാമായിരുന്നു. പലരും മധ്യവേനലവധിയുടെ വിശേഷങ്ങൾ കൈമാറുന്ന തിരക്കിലായിരുന്നു. അവർ പരസ്പരം സംസാരിക്കുന്ന ശബ്ദം ഒരു വലിയ കോലാഹലമായി രൂപാന്തരപ്പെട്ടിരിക്കുന്നു.
മൈതാനം മുറിച്ച് എൽപി വിഭാഗത്തിലേക്ക് എത്തുമ്പോഴേക്കും മഴ വീണ്ടും ചാറാൻ തുടങ്ങി. സ്‌കൂളിൽ കൂട്ടമണി അടിച്ചു. കുട്ടികളെ സ്‌കൂളിന്റെ അകത്തേക്ക് കയറ്റിവിട്ട് മാതാപിതാക്കൾ സ്‌കൂളിന് മുൻപിലുള്ള സ്റ്റേജിന്റെ താഴെ പരസ്പരം സംസാരിച്ചുകൊണ്ട് നിൽക്കുന്നുണ്ട്. അവരുടെ കണ്ണ് മുഴുവൻ സ്‌കൂളിനകത്ത് ആദ്യമായി തങ്ങളെ പിരിഞ്ഞിരിക്കുന്ന മക്കളിലായിരുന്നു. ചില അമ്മമാർ കണ്ണുനീർ തുടക്കുന്നുണ്ട്. സ്‌കൂളിന്റെ മെയിൻ ഗ്രിൽ അടക്കുന്നതിന് മുൻപ് അകത്തേക്ക് കടന്നു.
ഏറ്റവും താഴത്തെ നിലയിലാണ് നഴ്‌സറി ക്ലാസുകൾ. എല്ലാ ക്ലാസ്സുകളിൽ നിന്നും കൂട്ട നിലവിളി ഉയരുന്നുണ്ട്. കയറിയ ഉടനെ വലതുഭാഗത്തുള്ള ക്ലാസ്സിൽ അധികം പ്രായമില്ലാത്ത ഒരു പെൺകുട്ടിയാണ് ക്ലാസ് ടീച്ചർ. അവർ കുട്ടികളെ ശാന്തരാക്കാൻ പാടുപെടുന്നത് കണ്ടു.
"ശേഖരനല്ലേ.." പിന്നിൽ നിന്നും ശബ്ദം കേട്ട് തിരിഞ്ഞുനോക്കി.
അൻപതിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ..
"അതെ.. ആരാണ്..?" ഞാൻ ചോദിച്ചു.
"എന്നെ മനസ്സിലായില്ല്യേ ? വടക്കേമുറിയിലുള്ള ശാരദ.. നമ്മൾ എട്ടും ഒൻപതും ക്ലാസ് ഒരുമിച്ചതായിരുന്നു ഓർമ്മേല്ല്യേ .."
ഓർത്തെടുക്കാൻ ആദ്യം പാടുപെട്ടെങ്കിലും പിന്നീട് ഓർമ്മവന്നു.
"കണ്ടിട്ട് മനസ്സിലായില്ല്യാട്ടോ, വർഷം കുറെയായില്ലേ കണ്ടിട്ട്...ഇവിടെന്താ.."
"ഞാൻ ഇവിടെ ടീച്ചറാണ്, ഭർത്താവും മാഷാണ്, താമസം ടൗണിലാണ്. രണ്ട് മക്കളുണ്ട്. മോളെ കെട്ടിച്ചയച്ചു. മകൻ കൊച്ചിയിൽ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. പുതിയ ഹെഡ് മാസ്റ്റർ വരുന്നതുവരെ ഞാനാണ് ഇവിടെ ഇൻ-ചാർജ്ജ്."
"എന്റെ കാര്യവും മറിച്ചല്ല, ഭാര്യ സ്വസ്ഥം ഗ്യഹഭരണം, മക്കൾ രണ്ടും ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു."
ഒരു വിരാമമിട്ട് കൊണ്ട് ഞാൻ ചോദിച്ചു.
"ശാരദടീച്ചർ എനിക്കൊരു ഉപകാരം ചെയ്യണം.. കുറച്ചുസമയം ഈ കുട്ടികളുടെ കൂടെ ക്ലാസ്സിൽ കഴിയാൻ സമ്മതിക്കണം. ആ ടീച്ചർക്ക് കുട്ടികളെ ഒറ്റയ്ക്ക് നോക്കാൻ പറ്റുന്നില്ല, അതുകൊണ്ടാണ്.."
"അതിനെന്താ.. സന്തോഷല്ലേ ഉള്ളു.."
അത്രയും പറഞ്ഞു ശാരദടീച്ചർ ആ ക്ലാസ്സിന്റെ വാതിൽക്കൽ ചെന്ന് ആ പെൺകുട്ടിയെ വിളിച്ചു..
"ഡോളി, ഇത് ശേഖരൻ, ഈ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയാണ്, പിന്നെ ഈ സ്‌കൂളിന്റെ സ്ഥാപക ഹെഡ് മാസ്റ്ററുടെ മകൻ, ഒന്നും പോരാതെ എന്റെ സഹപാഠി... ഇദ്ദേഹത്തിന് ക്ലാസ്സിൽ തന്നെ ഒന്ന് സഹായിക്കണത്രെ.. ബുദ്ധിമുട്ടുണ്ടോ...?"
"ബുദ്ധിമുട്ടോ... സന്തോഷേ ഉള്ളു.. സാർ വരൂ..." ടീച്ചർ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു.
പോകുന്നതിനു മുൻപ് ഓഫീസിൽ വരണം എന്ന് പറഞ്ഞുകൊണ്ട് ശാരദടീച്ചർ പോയി.
ക്ലാസ്സിൽ കയറി കരയുന്ന കുട്ടികളെ ഒക്കെ ഒന്ന് ശാന്തനാക്കാൻ ശ്രമിച്ചു. അപ്പോഴാണ് മനസ്സിലായത് കുട്ടികൾ സ്റ്റേജിൽ നിൽക്കുന്ന അവരുടെ മാതാപിതാക്കളെ കണ്ടിട്ടാണ് കരയുന്നത്. പുറത്ത് വരാന്തയിൽ ശാരദടീച്ചർ നടക്കുന്നുണ്ടായിരുന്നു.
ശാരദടീച്ചറെ വിളിച്ചു അവിടെ കൂട്ടം കൂടിനിൽക്കുന്ന മാതാപിതാക്കളെ സ്‌കൂളിന്റെ പിന്നിലെ ഹാളിലേക്ക് പോകാൻ പറയാൻ പറഞ്ഞു.
അതെന്തായാലും ഫലിച്ചു. കുട്ടികൾ ഒരുവിധം ശാന്തരായി. അവരുടെ ശ്രദ്ധ ക്ലാസ്സിലെ കളിപ്പാട്ടങ്ങളിൽ ആയി. പിന്നെ എല്ലാ കുട്ടികളെയും കളിപ്പിച്ചു. അപ്പോഴാണ് മേശപ്പുറത്തുള്ള ചൂരൽ കണ്ടത്.
'ഡോളിടീച്ചർ, ആ ചൂരൽ ഇവിടെ വേണ്ട. അതെടുത്ത് മേശയുടെ വലുപ്പിൽ വെയ്ക്കു." മേശപ്പുറത്തുള്ള ചൂരൽ ചൂണ്ടിക്കാണിച്ച് പറഞ്ഞു.
"എന്റെ അച്ഛൻ പറയാറുണ്ട്, ഇന്ന് ആദ്യത്തെ ക്ലാസ്സ് അല്ലെ, ആദ്യദിവസം തന്നെ ചൂരൽ കണ്ട് കുട്ട്യോൾ ഭയക്കേണ്ട. .."
ഒരു വിധം ക്ലാസ് ശാന്തമാക്കി കൊടുത്തു.. അപ്പോഴേക്കും പീരീഡ് കഴിഞ് ബെൽ അടിച്ചു.
ആദ്യദിവസം ആയതിനാൽ ആദ്യത്തെ പീരീഡ് കഴിഞ്ഞാൽ നഴ്‌സറി വിഭാഗം വിടാം എന്ന് തീരുമാനിച്ചിരുന്നതായി ഡോളിടീച്ചർ പറഞ്ഞു.
കുട്ടികളെല്ലാം അവരവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് ഓടിപ്പോയി. അടുത്തദിവസം മുതൽ സ്‌കൂളിന് മുൻപിൽ ആരും കാത്തുനിൽക്കരുതെന്ന് ശാരദടീച്ചർ എല്ലാ മാതാപിതാക്കൾക്കും നിർദ്ദേശം കൊടുത്തു..
ശാരദടീച്ചറുടെ കൂടെ ഓഫീസിലേക്ക് നടന്നു. മറ്റ് ടീച്ചർമാർ എല്ലാവരും ടീച്ചേർസ് റൂമിൽ ഉണ്ടായിരുന്നു.
അച്ഛന്റെ ഫോട്ടോ ചുവരിൽ വെച്ചിട്ടുണ്ട് അതിനടിയിൽ "സ്ഥാപക പ്രധാനാദ്ധ്യാപകൻ " എന്നും എഴുതിവെച്ചിട്ടുണ്ട്. തൊട്ടു താഴെ അച്ഛൻ എപ്പോഴും പറയുന്ന വാക്കുകളും "വിദ്യാധനം സര്‍വധനാല്‍ പ്രധാനം".
"ശേഖരൻ ചാർജ്ജ് എടുത്തുവോ?" പിറകിൽ നിന്നും ഹൈസ്‌കൂൾ വിഭാഗം ഹെഡ്മാസ്റ്റർ ചന്ദ്രൻ മാഷ് വന്നു.
"ശേഖരനെ അറിയുമോ.. " ശാരദടീച്ചർ ചന്ദ്രൻമാഷിനോട് ചോദിച്ചു.
"ശാരദടീച്ചറേ, നിങ്ങൾ കാത്തിരുന്ന പുതിയ ഹെഡ്മാസ്റ്റർ ആണ് ശേഖരൻ.. വെള്ളിയാഴ്ച്ചയാണ് ഓർഡർ ഇറങ്ങിയത്. കുറെ കൈയ്യും കാലും പിടിച്ചാണ് ഈ എൽപി സ്‌കൂളിൽ തന്നെ കിട്ടിയത്. അച്ഛൻ ഇരുന്ന കസേരയിൽ ഒരു ദിവസമെങ്കിലും ഇരുന്ന് റിട്ടയർ ചെയ്യണം എന്നായിരുന്നു ഇയാളുടെ മോഹം."
"ശേഖരൻ എന്നോടൊന്നും പറഞ്ഞില്ല്യാട്ടോ.." ശാരദടീച്ചർ കുറച്ച് പരിഭവത്തോടെ പറഞ്ഞു.
"അതിന് ശാരദടീച്ചർ എനിക്ക് സംസാരിക്കാൻ സമയം തന്നില്ലല്ലോ." ചിരിച്ചുകൊണ്ട് ശാരദടീച്ചറോട് പറഞ്ഞു.
ചന്ദ്രൻമാഷ് ശേഖരനേയും കൂട്ടി ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് നടന്നു.
"ശേഖരാ, താൻ ഒരു ദിവസം ആക്കണ്ട.. റിട്ടയർ ആവുന്നത് വരെ തന്റെ അച്ഛന്റെ കസേരയിൽ തന്നെ ഇരുന്നോളൂ.."
ഹെഡ്മാസ്റ്ററുടെ മുറിയിൽ കസേര പിറകിലോട്ട് വലിച്ച് ശേഖരനോട് ഇരിക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.
"വേണ്ട ചന്ദ്രൻമാഷേ, എന്റെ സീറ്റ് ടീച്ചേർസ് റൂമിലുള്ള അച്ഛന്റെ ഫോട്ടോയുടെ താഴെ ഇട്ടാൽ മതി. അച്ഛനും അതാവും ഇഷ്ടം."
മേൽക്കൂരയിലെ ഓടിനിടയിലൂടെ വന്ന ഒരു തുള്ളി മഴവെള്ളം ചുമരിൽ വെച്ചിരിക്കുന്ന അച്ഛന്റെ ഫോട്ടോയിൽ തട്ടി താഴെ നിന്നിരുന്ന എന്റെ മുഖത്ത് വീണു, അച്ഛന്റെ കണ്ണിൽനിന്നും അടർന്നു സന്തോഷാശ്രു പോലെ..
ശുഭം
Giri B Warrier
23 ജനുവരി 2020
Cover courtesy :Siju Pavithra Mupliyam



Comments
Post a Comment