നവീകരണം

നവീകരണം

(ഗിരി ബി വാരിയർ) 

********

വർഷങ്ങൾ പഴക്കമുള്ള 

തേക്കിന്റെ സോഫയും സെറ്റിയും

ചാരുകസേരയും ഊണുമേശയും

വീട്ടിലുണ്ടായിരുന്നു.

അതിന് കുഴമ്പിന്റെയും

എണ്ണയുടെയും ഗന്ധം കലർന്ന

ഒരു പാട് ഓർമ്മകളുണ്ടായിരുന്നു.

അവയെല്ലാം എനിക്ക് 

വളരെ ഇഷ്ട്ടമായിരുന്നു.


കാലത്തെ പത്രം വായനയും 

ഒന്നിച്ചിരുന്ന് ടിവി കാണലും,

കുട്ടികളുടെ കളികളും  

സുഹൃത്തുക്കളേയും 

വിരുന്നുകാരേയും  

സൽക്കരിക്കുന്നതുമെല്ലാം 

അതിലിരുന്നായിരുന്നു. 


വീട് നവീകരിച്ചപ്പോള്‍ 

അതൊക്കെ അഭംഗിയായി,

"ഔട്ട് ഓഫ് ഫേഷൻ “ 

എന്നൊരു ലേബലിട്ട് 

അവയക്ക് പകരം 

വിലകൂടിയ ഇറക്കുമതി 

ചെയ്ത സോഫയും

ഊണുമേശയും വാങ്ങി.


പക്ഷെ...


അതിലിരിക്കാന്‍ ഭയമാണ്

അതിഥികള്‍ ഇരിക്കുമ്പോഴും 

കുട്ടികൾ കളിക്കുമ്പോഴും

ഭക്ഷണം കഴിക്കുമ്പോഴും

ഞങ്ങളുടെ ശ്രദ്ധ മുഴുവന്‍ 

ഫർണിച്ചറിലായി. 


വിരുന്നുകാരെ,

സുഹൃത്തുക്കളെ,

ബന്ധുക്കളെയെല്ലാം 

വേർതിരിച്ച് 

വീടിനകത്തും പുറത്തും

സൽക്കരിക്കാൻ തുടങ്ങി 


വീട്ടിനകത്ത് 

ഒന്നിച്ചിരുന്നുള്ള 

ടിവി കാണലുകളും,

കുട്ടികളുടെ കളിയും  

ബഹളങ്ങളും ഇല്ലാതായി 


ഓരോ മുറിയിലും 

ടിവികളായി,

ഓരോരുത്തരും 

അവരവരുടെ 

മുറികളിൽ 

ഒതുങ്ങിക്കൂടി


ഇനിയിപ്പോള്‍,

കിടപ്പുമുറികളാണ്  

നവീകരിക്കാനുള്ളത് 

അതിലുമുണ്ട് 

തലമുറകളായി 

കൈമാറിവന്ന 

തേക്കിന്റെയും 

ഇരുമുള്ളിന്റെയും

കട്ടിലുകളും 

അലമാരകളും ....


ഗിരി ബി. വാരിയര്‍

10 ആഗസ്റ്റ് 2020



Comments

Post a Comment