ചക്രം തിരിക്കുന്നവർ..
കഥ | ഗിരി ബി വാരിയർ
***
"കഹാം പഹുഞ്ചാ ആപ്.. ഹം ഓട്ടോ ലേക്കർ ഹോസ്പിറ്റൽ മേ ആഗയാ ഹേ .. ബേട്ടി കോ ബുഖാർ ജ്യാദാ ഹോ രഹാ ഹെ.. ജൽദി സെ ആജാവോ.."
(നിങ്ങൾ എവിടെ എത്തി. ഞങ്ങൾ ഓട്ടോ പിടിച്ച് ആശുപത്രീയിൽ എത്തിയിട്ടുണ്ട്... മകൾക്ക് പനി കൂടുകയാണ്. വേഗം വരൂ). ഭാര്യയുടെ ഫോൺ ആയിരുന്നു.
"മേ രാസ്തേ മേ ഹി ഹു.. പെഹ്‌ലെ ആപ് ഡോക്ടർ കോ ദിഖാവോ.." (ഞാൻ അങ്ങോട്ടുള്ള വഴിയിലാണ്. ആദ്യം നീ ഡോക്ടറെ കാണിക്കു.)
അന്നത്തെ ഓട്ടത്തിന്റെ അവസാനത്തെ യാത്രക്കാരനെ
എയർപോർട്ടിൽ ഇറക്കിവിട്ട് വീട്ടിലോട്ട് മടങ്ങുകയായിരുന്നു. മകൾക്ക് പനിയുണ്ട് എന്ന് കാലത്ത് ഇറങ്ങാൻ നേരം ഭാര്യ പറഞ്ഞിരുന്നു. ഭാര്യയ്ക്ക് ഒരു ചെറിയ ജോലിയുണ്ട്. ഇന്ന് മകൾക്ക് പനിയായതുകാരണം പകുതി ദിവസം ലീവ് എടുത്ത് അവർ വീട്ടിൽ വന്നു.
ഓട്ടം മതിയാക്കി റേഡിയോടാക്സിയുടെ ഓൺലൈൻ സിസ്റ്റം ഓഫ് ചെയ്തു, ഇല്ലെങ്കിൽ ബുക്കിംഗ് വന്നുകൊണ്ടേയിരിക്കും.
പ്രമുഖറേഡിയോ ടാക്സി കമ്പനിക്ക് വേണ്ടി ഓടിത്തുടങ്ങിയതോടെ ജീവിതം പച്ചപിടിച്ചു തുടങ്ങി. ഡൽഹിയിൽ ബസ്സിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമായതിനാൽ ടാക്സികൾക്ക് ഓട്ടം കുറഞ്ഞിരുന്നു. ഇപ്പോൾ തണുപ്പുകാലം തുടങ്ങിയതോടെ ഓട്ടം കൂടാൻ തുടങ്ങി. ദിവസവും കുറഞ്ഞത് മൂവ്വായിരത്തോളം രൂപ കിട്ടാറുണ്ട് ദിവസം, പക്ഷെ ഇന്ന് റോഡിൽ സമരങ്ങളും പിക്കറ്റിംഗും എല്ലാം കാരണം ട്രാഫിക് കൂടിതലായതിനാൽ അധികം ഓട്ടം പിടിക്കാൻ പറ്റിയില്ല. സാധാരണ എയർപോർട്ട് ട്രിപ്പ് പോയാൽ അവിടെ നിന്നും ബുക്കിംഗ് കിട്ടാറുണ്ട് അതും ദൂരത്തേക്ക്, ഇന്ന് മകളുടെ വയ്യായ്ക കാരണം ഓട്ടം നിർത്തി വീട്ടിലേക്ക് പോകുകയാണ്.
ഫോൺ തിരികെ ഡാഷ്ബോർഡിലെ മൊബൈൽ സ്റ്റാൻഡിൽ വെച്ച് വെറുതെ തിരിഞ്ഞുനോക്കിയപ്പോഴാണ് പിൻസീറ്റിലെ കാർപ്പെറ്റിന്റെ അടിയിൽ ഒരു വെളിച്ചം ശ്രദ്ധിച്ചത്. ഇറങ്ങിവന്ന് പിൻസീറ്റിലെ കാർപെറ്റുയർത്തി നോക്കിയപ്പോൾ ഒരു മൊബൈൽ ഫോൺ കിടക്കുന്നു..
അതിൽ ഒരു കാൾ വന്നപ്പോൾ മിന്നിയതാണ്. സൈലന്റ് മോഡിൽ ആയതിനാൽ ആണ് ശബ്ദം ഉണ്ടാവാതിരുന്നത്.
ഈ ഫോൺ ആരുടെയാവും, കാലത്ത് അഞ്ചരക്ക് ഓട്ടം തുടങ്ങിയതാണ്. ഡൽഹിയിലെ ഓരോ മുക്കും മൂലയും ഓടിക്കഴിഞ്ഞു. ഫോൺ ഇങ്ങോട്ട് വന്നാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റു. പുറത്തേക്കുള്ള ഫോണുകൾ മുഴുവൻ റേഡിയോ ടാക്സി ഓൺലൈൻ മുഖേന ചെയ്യുന്നതിനാൽ യാത്രക്കാരുടെ നമ്പർ കിട്ടാൻ എളുപ്പമല്ല.. ആകെ ചെയ്യാൻ പറ്റുന്നത് റേഡിയോ ടാക്സി കസ്റ്റമർ കെയറിൽ വിളിച്ച് അറിയിക്കുകയാണ്. ഇനി വൈകി, നാളെയാവാം.
ഫോണിന്റെ ബാറ്ററി ലോ ആയിരിക്കുന്നു. മൊബൈൽ ലോക്ക് ചെയ്തിരിക്കുകയാണ്. ഐഫോൺ ആണ് അതിന്റെ ചാർജ്ജർ കാറിൽ ഇല്ല. വീടിന്റെ അയല്പക്കത്ത് താമസിക്കുന്ന മിശ്രാജിയുടെ കയ്യിൽ ഒരു ഐഫോൺ ഉണ്ട് അവിടെ പോയി ചാർജ് ചെയ്യാം.
മൊബൈൽ മുൻസീറ്റിൽ വെച്ച് കാർ സ്റ്റാർട്ട് ചെയ്തതും ആ ഫോൺ റിംഗ് ചെയ്തു. "WIFE" എന്ന് സ്‌ക്രീനിൽ ഡിസ്പ്ലേ ചെയ്യുന്നുണ്ട്. ഫോൺ എടുത്തു.
"കഹാം ഹേ ആപ്.. കബ് സേ കാൾ കർ രഹി ഹു ...ക്യാ ബോർഡിങ് ഹോ ഗയാ ക്യാ??" (നിങ്ങൾ എവിടെയാണ്.. എപ്പോൾ ഫോൺ വിളിക്കാൻ തുടങ്ങിയതാണ്. ബോർഡിങ് കഴിഞ്ഞുവോ?
"മാഡം , മേ ടാക്സി ഡ്രൈവർ ഹു.. കിസി യാത്രീനേ ഫോൺ മേരേ ടാക്സി മെ ബൂൽ ഗയാ ഹെ " (മാഡം, ഞാൻ ടാക്സി ഡ്രൈവർ ആണ്. ഏതോ യാത്രക്കാരൻ ഫോൺ എന്റെ ടാക്സിയിൽ മറന്നു വെച്ചതാണ്.)
"ഭയ്യാ, യെ ഫോൺ മേരേ പതി കാ ഹേ ജിസ് കോ ആപ് നെ അബി എയർപോർട്ട് മെ ഡ്രോപ്പ് കിയാ ഥാ.." (ഭയ്യാ, ഈ ഫോൺ നിങ്ങൾ ഇപ്പോൾ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്ത എന്റെ ഭർത്താവിന്റെ ആണ്)
"ആപ്കേ പാസ് ഉൻകാ കിസി ഓർ നമ്പർ ഹേ തോ മുജേ ദോ.. ഫ്ലൈറ്റ് കബ് കാ ഹേ.." (നിങ്ങളുടെ കൈയ്യിൽ അദ്ദേഹത്തിന്റെ മറ്റ് നമ്പർ ഉണ്ടെങ്കിൽ എനിക്ക് തരൂ. ഫ്ലൈറ്റ് എത്ര മണിക്കാണ്..)
"ഫ്ലൈറ്റ് ദസ് ഭജേ കാ ഹേ.. അബ് സാത് ബജ് ഗയ.. മേ കാൾ ബാക്ക് കർത്താ ഹു.." (പത്തുമണിയോടെ ആണ്. ഇപ്പോൾ ഏഴ് മണിയായി. ഞാൻ നോക്കട്ടെ, ഇപ്പോൾ തിരിച്ചുവിളിക്കാം).
"മാഡം, മേരെ നമ്പർ ലിഖോ, ഇസ് ഫോൺ കാ ബാറ്ററി കദം ഹോ രഹാ ഹേ.." (മാഡം എന്റെ നമ്പർ എഴുതിയെടുക്കു, ഈ ഫോണിന്റെ ബാറ്ററി കഴിയാറായി.)
ഫോൺ നമ്പർ എഴുതിച്ച് പെട്ടെന്നുതന്നെ വണ്ടി തിരിച്ച് എയർപോർട്ട് ലക്ഷ്യമാക്കി യാത്ര തുടങ്ങി. കുറഞ്ഞത് ഇരുപത് മിനിറ്റെങ്കിലും എടുക്കും അങ്ങെത്താൻ. വൈകീട്ടുള്ള ട്രാഫിക് ആണ്.
അപ്പോഴേക്കും ഭാര്യയുടെ ഫോൺ വന്നു. ഡോക്ടറെ കണ്ടു മരുന്നുകൾ വാങ്ങി. ഓട്ടോ പിടിച്ചു പൊയ്ക്കോളാൻ പറഞ്ഞു. ഈ തിരക്കിനിടയിൽ മകളെയും കൊണ്ട് ഭാര്യ ആശുപത്രിയിൽ പോയ വിവരം ഒരു വേള മറന്നുപോയി.
എയർപോർട്ട് എത്തുന്നതിന് തൊട്ടുമുൻപ് ഒരു ഫോൺ വന്നു, അത് ആ യാത്രക്കാരന്റെ ആയിരുന്നു. അയാൾ അകത്ത് കടന്നതിനാൽ ഇനി പുറത്തേക്ക് വരാൻ പറ്റില്ല, ഗേറ്റ് നമ്പർ അഞ്ചിന്റെ അടുത്ത് വരാൻ പറഞ്ഞു.
DEPARTURE ട്രാക്കിൽ കാർ പാർക്ക് ചെയ്യാൻ പാടില്ല, എങ്കിലും അവിടെ നിൽക്കുന്ന CISF ജവാനോട് അനുവാദം വാങ്ങി കാർ സൈഡിൽ ഒതുക്കി ഗേറ്റില്ലേക്ക് ഓടി. അയാൾ വാതിൽക്കൽ തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഏതോ ഒരു വലിയ ബിസിനസ്സുകാരൻ ആണെന്ന് കണ്ടിട്ട് തോന്നുന്നു. കുറച്ച് പ്രായമുള്ള ആളാണ്.
"ബേട്ടാ, ബഹുത് ബഹുത് ധന്യവാദ്. കുച്ച് ബി മാൻഗോ, ജോ ബി ചാഹിയെ വോ ദേനേ ക്കോ തയ്യാർ ഹു. മേരെ പൂരാ ഇസ് ഫോൺ മേ ഹെ.." (മകനെ, വളരെ വളരെ നന്ദി. എന്ത് വേണമെങ്കിൽ ചോദിച്ചോളൂ, എന്തും തരാൻ ഞാൻ ഇപ്പോൾ തയാറാണ്. എന്റെ ജീവിതം മുഴുവൻ ഈ ഫോണിൽ ആണ് )
"സാബ്. ജിസ് കാം കേലിയെ ആപ് ജാ രഹാ ഹു.. ഉസ് മേ ആപ്കാ തരക്കി ഹോജായെ.. മുജേ കുച്ച് നഹി ചാഹിയെ.. " (സാബ്. നിങ്ങൾ എന്ത് കാര്യത്തിനാണ് യാത്ര ചെയ്യുന്നത്, അതിൽ എല്ലാ അഭിവ്യദ്ധിയും ഉണ്ടാവട്ടെ. എനിക്കൊന്നും വേണ്ട..)
അദ്ദേഹം പോക്കറ്റിൽ നിന്നും കുറച്ച് പൈസ എടുത്ത് മടക്കി ഡ്രൈവറുടെ പോക്കറ്റിൽ വെച്ചുകൊടുത്തു, കൂടെ ഒരു ബിസിനസ് കാർഡും.
"സൺഡേ കോ മുജേ കാൾ കർ ലേന.. ആപ് ജൈസേ ലോക് മുജേ ചാഹിയെ.." (ഞായറാഴ്ച എന്നെ വിളിക്കണം. നിന്നെപ്പോലെ ഉള്ള ആളുകളെ എനിക്ക് വേണം.)
അദ്ദേഹത്തോട് യാത്ര പറഞ്ഞു തിരിഞ്ഞു കാറിനടുത്തേക്ക് നടന്നപ്പോൾ അവിടെ ആരെയോ കാത്തുനിന്നിരുന്ന ഒരാൾ പറഞ്ഞു...
"കമാൽ ഹെ .. ബഹുത് ബഡിയാ കാം കിയ ആപ് നെ. പൂരേ റേഡിയോ ടാക്സി ഡ്രൈവേഴ്സ് കാ ഇജ്ജത് ബഡായാ ആപ് നെ" (ഫന്റാസ്റ്റിക്. നിങ്ങൾ വളരെ നല്ല കാര്യമാണ് ചെയ്തത്. എല്ലാ റേഡിയോ ടാക്സി ഡ്രൈവർമാരുടെയും അഭിമാനം നീ കാത്തുസൂക്ഷിച്ചു.)
"സാബ്.. ധന്യവാദ്. മുജേ ജോ ചാഹിയെ വോ സബ് ഊപ്പർവാല ദേത്താ ഹെ.. കുശി ഹേ കിസ്സി കോ തോ മേ മദദ് മേ ആഗയാ.." (നന്ദി സാർ. എനിക്ക് വേണ്ടതെല്ലാം മുകളിൽ ഉള്ള ആൾ തരുന്നുണ്ട്. സന്തോഷം ഉണ്ട് ഞാൻ കാരണം ആർക്കെങ്കിലും ഉപകാരം ആയല്ലോ എന്നോർത്ത്).
"മിൽത്താ ഹു ഫിർ കബി.. ദുനിയാ ബഹുത് ചോട്ടാ ഹേ സാബ് . ( എന്നെങ്കിലും വീണ്ടും കാണാം സാബ്, ഈ ലോകം വളരെ ചെറുതാണ്) അയാൾ യാത്ര പറഞ്ഞുകൊണ്ട് ഷേക്ക് ഹാൻഡിനായികൈകൾ നീട്ടി. അവിടെ നിന്നിരുന്ന ആൾ പറഞ്ഞു.
"ഹാൻഡ് ഷേക്ക് നഹി.. ഗലേ ലഗാവോ ഭായ്.. ആപ് ജൈസേ അച്ചേ ലോക് ഇസ് ദുനിയാ മേ ബഹുത് കം ഹേ . കാഫി കുശി ഹേ ആപ് കോ മിൽകേ " (ഹാൻഡ് ഷേയ്ക്ക് അല്ല, കെട്ടിപ്പിടിക്കൂ സഹോദരാ. താങ്കളെപ്പോലെ ഉള്ള ആളുകൾ ഈ ലോകത്ത് വളരെ കുറച്ചേ ഉളളൂ. താങ്കളെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷം ഉണ്ട് )
*****
ഗിരി ബി വാരിയർ
28 ഡിസംബർ 2019



Comments
Post a Comment