ചില ഹർത്താലോർമ്മകൾ

ചില ഹർത്താലോർമ്മകൾ
ഓർമ്മക്കുറിപ്പ് | ഗിരി ബി. വാരിയർ

****

ഞാൻ കുട്ടിയായിരിക്കുമ്പോൾ, ഒരു ഞായറാഴ്ച വൈകീട്ട്  അച്ഛൻ എനിക്കൊരു ഓഫർ തന്നു.   അച്ഛന്റെ കൂടെ  തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ  ചെന്നാൽ   തിരിച്ചുപോരുമ്പോൾ  ഹോട്ടൽ  രാധാകൃഷ്ണയിൽ നിന്നും ഒരു മസാലദോശ വാങ്ങിത്തരാമെന്നതായിരുന്നു ഓഫർ.   ചെറിയമ്മയും കുടുംബവും ബോംബെയ്ക്ക് പോകുന്നുണ്ടായിരുന്നു, അവർക്ക് കൊണ്ടുപോകാനുള്ള ചില സാധനങ്ങൾ റെയിൽവേ സ്റ്റേഷനിൽ  എത്തിക്കണം.

വൈകുന്നേരം അഞ്ചരയോടെയാണെന്ന് തോന്നുന്നു വീട്ടിൽ നിന്നും പോയത്.  രണ്ട്  മണിക്കൂർ വൈകി എത്തുന്ന വണ്ടി പിടിക്കാൻ എത്തിയ ഞങ്ങളെ ആചാരമുറ പ്രകാരം നാല് മണിക്കൂർ കൂടി കാത്തിരുത്തിയ ശേഷമാണ് ആശാന്റെ വരവ്.

ആറുമണിക്കൂർ വൈകി പ്രത്യക്ഷപ്പെട്ട ട്രെയിനിൽ ചെറിയമ്മയേയും  മറ്റും കയറ്റിവിട്ടശേഷം  പ്ലാറ്റ് ഫോമിന് പുറത്തേക്ക് നടക്കുമ്പോൾ ഒരു ചായക്കടയുടെ മുൻപിൽ എത്തിയപ്പോൾ അച്ഛൻനിന്നു.      ജോലിക്കുപോകുമ്പോൾ സ്ഥിരമായി  ചായകുടിക്കാറുള്ള   ചായക്കടക്കാരനുമായി അച്ഛന് പരിചയമുണ്ടായിരുന്നു. 

"നിനക്ക് വിശുക്കുന്നുണ്ടാവും, നമുക്ക് ഓരോ പഴംപൊരി കഴിക്കാം "  അച്ഛൻ പറഞ്ഞു.

മനസ്സ് നിറയെ എന്നെ കാത്തിരിക്കുന്ന രാധാകൃഷ്ണയിലെ മസാലദോശയായിരുന്നു.    

"വെറുതെ എന്തിനാ അതും ഇതും കഴിക്കുന്നത്, എന്തായാലും മസാലദോശതിന്നേണ്ടതല്ലേ.."  ഞാൻ എളിമയോടെ പറഞ്ഞു.

അപ്പോൾ അച്ഛൻ ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി. ഇപ്പോ സമയം പത്തരയായി. ഒൻപത് മണിക്ക് രാധാകൃഷ്ണ അടച്ചിട്ടുണ്ടാവും 

മസാല ദോശ ഓഫറിന്റെ വാലിഡിറ്റി ജിയോ പ്രൈം ഓഫർ പോലെ ആജീവനാന്ത കാലത്തേക്ക് നീട്ടി വാങ്ങി,  നിരാശ ഉള്ളിലൊതുക്കി കിട്ടിയ താൽക്കാലികഓഫർ സ്വീകരിച്ചു. 

ചായക്കടക്കാരനുമായി കുശലവർത്തമാനം പറഞ്ഞുകൊണ്ട് രണ്ട് പഴംപൊരിക്ക് ഓർഡർ കൊടുത്തു,  പഴംപൊരി  ഒറ്റക്ക് വയറ്റിൽ പോയാൽ അതിന്  ഡിപ്രഷൻ ഉണ്ടാകുമോയെന്ന്  ഭയന്നിട്ടാവാം കൂടെ  ഒരു ചായയും  വാങ്ങി.   എനിക്ക്  കുടിക്കാൻ ഓറഞ്ച് നിറമുള്ള കൂൾഡ്രിങ്ക്‌ (ഫാന്റ പോലെ എന്തോ ഒന്ന്, പേരും നാളും നക്ഷത്രവും ഒന്നും ഓർമ്മയില്ല).   പഴംപൊരിയും ചായയും അകത്തെത്തിയ വിവരത്തിന് കമ്പിയില്ലാക്കമ്പിയായി ഒരു ഏമ്പക്കം പഴയ കൽക്കരി എഞ്ചിന്റെ വിസിൽ പോലെ പുറത്തേക്ക് വന്നപ്പോൾ  അച്ഛൻ ചായക്കടക്കാരനോട് യാത്ര ചോദിച്ചു.  

അപ്പോഴാണ് പ്ലാറ്റ് ഫോമിലെ അസാധാരണ തിരക്ക് അച്ഛൻ ശ്രദ്ധിച്ചത്.    

 "ഇന്നെന്താ പ്ലാറ്റ് ഫോമിൽ പതിവിൽ കൂടുതൽ തിരക്ക്?"  അച്ഛൻ ചായക്കടക്കാരനോട് ചോദിച്ചു.

"എന്തൂട്ടാ മാഷേ ഈ പറേണെ, അപ്പ നിങ്ങക്ക് അറിയില്ലേ,  രാത്രി പന്ത്രണ്ടു മണി തൊട്ട് ബന്ദ് ആണ്.  ദൂരത്തേക്കുള്ള ട്രാൻസ്‌പോർട്ട് ബസ്സൊന്നും വിടുന്നില്ലത്രേ.  അതോണ്ട്  എല്ലാവരും തീവണ്ടി പിടിക്കാൻ ഉള്ള വരവാണ്."  

സാധാരണ വൈകുന്നേരം ഏഴുമണിക്കുള്ള വാർത്ത  റേഡിയോയിൽ കേട്ടാൽ അറിയുന്നതാണ്,  റെയിൽവേ സ്റ്റേഷനിൽ ആയതിനാൽ അറിഞ്ഞില്ല.

ബസ്സൊന്നും ഇല്ലെന്ന് ചായച്ചേട്ടൻ പറഞ്ഞെങ്കിലും, ഒരു ഭാഗ്യപരീക്ഷണത്തിന് തയ്യാറെടുത്ത്   ട്രാൻസ്പോർട്ട് ബസ്സ് സ്റ്റാൻഡിലേക്ക്  എന്നെയും കൂട്ടി നടന്നു.

ട്രാൻസ്പോർട്ട് സ്റ്റാൻഡിൽ പ്രശ്നം അതിലും ഗുരുതരം ആണ്.  ലോക്കൽ ഓർഡിനറി ഒക്കെ ഓട്ടം അവസാനിച്ചിരുന്നു.     എന്നിരുന്നാലും ഒരു എറണാകുളം ബസ്സ് വരാനുണ്ടെന്ന പ്രതീക്ഷ തല്ലിക്കെടുത്താതെ ജനം ബസ്സ് സ്റ്റാൻഡിൽ  കാത്തുനിൽക്കുന്നുണ്ടായിരുന്നു.

അപ്പോഴേക്കും എറണാകുളം ബസ്സ് വന്നു.  തള്ളപ്പട്ടിയുടെ മുലപ്പാൽ കുടിക്കാൻ പട്ടിക്കുഞ്ഞുങ്ങൾ കടിച്ചുതൂങ്ങിയിരിക്കുന്നത് പോലെ യാത്രക്കാരെ കുത്തിനിറച്ച് അലങ്കരിച്ചായിരുന്നു  ആ ബസ്സിന്റെ വരവ്.   

വന്ന വെള്ളം നിന്ന വെള്ളത്തിനെ കൊണ്ടുപോയതുപോലെ, കുറേപ്പേരെ അതിലേക്ക് കുത്തിക്കയറ്റി  ബസ്സ് സ്റ്റാൻഡ് വിട്ടു.  

അക്കാലത്ത് സ്വന്തമായി കാറും സ്‌കൂട്ടറും ഒന്നും  ആർക്കും ഉണ്ടായിരുന്നില്ല.  എന്തിന് സൈക്കിൾ പോലും ഒരു  ആഡംബരവസ്തു  ആയിരുന്നു. 

"നമുക്കൊരു കാര്യം ചെയ്യാം, പതുക്കെ മെയിൻ റോഡിലേക്ക് നടക്കാം, വല്ല തമിഴൻ ലോറിയും കിട്ടും.."   സാധാരണ ഇതുപോലെ അവസരങ്ങളിൽ തമിഴൻ ലോറി ദൈവദൂതനെപ്പോലെ എത്താറുണ്ട് എന്ന് പറഞ്ഞു.

അപ്പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി.  

പിന്നെ കാത്തുനിന്നില്ല, ഞാനും അച്ഛനും നടന്നു.   വഴിയിലെ സ്ട്രീറ്റ് ലൈറ്റ് ആകാശത്തെ നക്ഷത്രത്തെപ്പോലെ ചെറുതായി മിന്നുന്നുണ്ടായിരുന്നു.    ഓരോ പത്ത് മിനിറ്റ് നടക്കുമ്പോഴും അച്ഛൻ പറയും, ആ വളവ് തിരിഞ്ഞാൽ ഒരു ചായക്കടയുണ്ട്, അവിടെ ലോറി കാണും.  പിന്നെ ചായക്കട ടയർ റിപ്പയറിങ് കടയായി, പെട്രോൾ പമ്പ് ആയി, നടത്തം  തുടർന്നു കൊണ്ടേയിരുന്നു.    ഞങ്ങളുടെ നാടെത്തുന്നതിന് മുൻപ്  ഒരു കടത്തിണ്ണയിൽ വിശ്രമിക്കാൻ ഇരുന്നു.   അപ്പോൾ ആണ് ഞങ്ങളുടെ പിന്നിൽ ഇരുട്ടിൽ നടന്നുവരുന്ന ആളുകളെ കണ്ടത്, സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും, കുട്ടികളെ ചുമലിൽ എടുത്തു നടക്കുന്നവരും,  വടികുത്തി പതിയെ പതിയെ നടക്കുന്ന വയസ്സായവരും. അങ്ങിനെ കുറേ പേർ. 

നടന്ന് നടന്ന് അർദ്ധരാത്രി പന്ത്രണ്ടര-ഒരുമണിക്ക്  ഞങ്ങളുടെ വീട്ടിൽ  എത്തി.  

വീടിന്റെ ഉമ്മറത്ത് ചവിട്ടുപടിയിന്മേൽ അമ്മയും ചേച്ചിയും  ഞങ്ങളെ കാണാതെ പരിഭ്രമിച്ചിരിക്കുന്നുണ്ടായിരുന്നു.   അഞ്ചരക്ക്  വീട്ടിൽ നിന്നും പോയതല്ലേ, വിളിച്ചറിയിക്കാൻ ചുറ്റുവട്ടത്തൊന്നും ഫോണില്ല.   ബന്ദ് ആണെന്ന് ഭാഗ്യത്തിന് അവരറിഞ്ഞിരുന്നു. 

പേരെന്തെങ്കിലും ആയിക്കോട്ടെ, ബന്ദെന്നോ, ഹർത്താലെന്നോ, പണിമുടക്കെന്നോ,   ഓരോരുത്തർക്കും ഓർക്കാനുണ്ടാവും ബന്ദുകൾ  സമ്മാനിച്ച  കഷ്ടപ്പാടുകളുടെയും, നഷ്ടങ്ങളുടെയും വേദനകളുടെയും  ഒരുപാട് കഥകൾ..    അറിയാത്ത സ്ഥലത്ത് അസമയത്ത് ഒറ്റപ്പെട്ടുപോയവർ, ആശിച്ചുമോഹിച്ച് കിട്ടിയ ജോലിക്കുള്ള അവസരം  നഷ്ടപ്പെടവർ,  പരീക്ഷ കൊടുക്കാൻ സമയത്തിന് എത്തിപ്പെടാൻ  കഴിയാതിരുന്നവർ,  ദൂരദേശത്തുനിന്നും ദിവസങ്ങളോളം യാത്രചെയ്ത് റെയിൽവേ സ്റ്റേഷനിൽ എത്തി  സ്വന്തം വീടെത്താൻ കഴിയാതെ ബന്ദ് കഴിയുന്നതും കാത്തുകെട്ടിയിരുന്നവർ,  ആശുപത്രിയിൽ എത്താൻ  കഴിയാതിരുന്ന  രോഗികൾ, ഗർഭിണികൾ, മരണവീട്ടിലേക്ക് എത്തിപ്പെടാൻ കഴിയാതെ വിഷമിച്ചവർ,   അങ്ങിനെ നീണ്ടുപോകുന്നു ആ നിര.

****

ഗിരി ബി. വാരിയർ 
08 ജനുവരി, 2019

Comments