ഒരു ദിവാസ്വപ്നം പോലെ
![]() |
| Add caption |
ഒരു ദിവാസ്വപ്നം പോലെ
കഥ | ഗിരി ബി. വാരിയർ“Due to personal reasons, I tender my resignation”
രാജിക്കത്തിലെ വരികൾ ഒരിക്കൽക്കൂടി വായിച്ചു, താഴെ മാളവിക നായർ എന്നെഴുതിയതിന്റെ മുകളിൽ ഒപ്പിട്ടു് മടക്കി ഒരു കവറിൽ ഇട്ട് ബാഗിൽ വെച്ചു. മേശയുടെ മുകള്‍ ഭാഗത്തെ ഡ്രോവറില്‍ ഒന്നുകൂടി പരതിനോക്കി, തന്റെ പ്രൈവറ്റ് പേപ്പറുകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി. മേശപ്പുറത്തിരുന്ന അമ്മയുടെ തറവാട്ടമ്പലത്തിലെ ഭഗവതിയുടെ ചെറിയ ഫോട്ടോ എടുത്ത് കണ്ണിൽ തൊട്ട് ബാഗിൽ വെച്ചു. ഈ രാജിക്കത്ത് നാളെ ഇങ്ങോട്ടയച്ചാൽ പിന്നെ
സമയം എട്ടരയാവുന്നതേ ഉള്ളു, ഓഫീസിൽ മറ്റ് സ്റ്റാഫുകൾ വരുമ്പോഴേക്കും ഒൻപത് മണികഴിയും. അതിനുമുൻപ് ഇവിടെനിന്നും പുറത്തിറങ്ങണം, ഇല്ലെങ്കിൽ എന്താണ്, എന്തിനാണ്, എങ്ങോട്ടാണ്, തുടങ്ങിയ നൂറ് ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരും . ഫോൺ ചെയ്ത് പ്രൊജക്റ്റ് മാനേജരെ വിളിച്ച് നാലുദിവസത്തെ ലീവിന് അപേക്ഷിച്ച കാര്യം പറഞ്ഞു, ലീവിന്റെ ആവശ്യവും പറഞ്ഞു.
ബാഗെടുത്ത് പുറത്തിറങ്ങാൻ നേരം സുനിൽ സാറിന്റെ ക്യാബിന്റെ വാതിൽ തുറന്ന് പ്യൂൺ രാമേട്ടൻ പുറത്തേക്ക് വന്നു .“Sunil Hareendran, Chief Executive Officer” എന്നെഴുതിയ നെയിംപ്ലേറ്റിന് താഴെ IN / OUT ബോർഡിൽ “OUT” എന്നാക്കി.
“സാർ വരുന്നില്ലേ, രാമേട്ടാ..”
“ഇല്ല മോളെ, ഇന്ന് ലീവിൽ ആണെന്ന് തോന്നുന്നു. ഇന്നലെ വൈകീട്ട് സദാശിവൻ സാർ വന്നപ്പോൾ പറഞ്ഞിരുന്നു, ഡൽഹിയിൽ നിന്നും ആരൊക്കെയോ വരുന്നുണ്ടത്രേ. മോളെവിടെ പോകുന്നു…”
“വീട്ടിൽ ചെല്ലാൻ പറഞ്ഞ് അച്ഛൻ ഇന്നലെ വിളിച്ചിരുന്നു. പ്രോജക്ടിന്റെ കുറച്ച് പേപ്പറുകൾ ഇവിടെ വെക്കാനുണ്ടായിരുന്നു അതിന് വന്നതാണ്.”
“വീട്ടിൽ പ്രശ്നമൊന്നുമില്ലല്ലോ, പെട്ടെന്ന് വിളിക്കാൻ..”
“ഞാൻ ആരോടും പറഞ്ഞിട്ടില്ല, ഒരു പെണ്ണുകാണൽ ആണത്രേ..”
“നന്നായി വരട്ടെ മോളെ.. പോയി വരൂ..”
നാട്ടിലേക്കുള്ള ബസ്സിൽ കയറിയിരുന്നപ്പോൾ മുതൽ ചിന്തകളിൽ സുനിൽ സാർ ആയിരുന്നു.
ഡൽഹി IIT യിൽ നിന്നും Electronics & Communication എഞ്ചിനീറിങ്ങിൽ ബിരുദവും ബിരുദാനന്തരബിരുദം എടുത്ത്, അമേരിക്കയിൽ HARVARD യൂണിവേഴ്സിറ്റിയിൽ നിന്നും MBA കഴിഞ്ഞ് അവിടെ ഒരു കമ്പനിയിൽ രണ്ടുവർഷം ജോലിചെയ്തപ്പോഴാണ് IIT യിൽ പഠിക്കുമ്പോൾ അദ്ദേഹം തുടങ്ങിവെച്ച കമ്പനിയിൽ CEO ആയി ചാർജ് എടുത്ത് ഇങ്ങോട്ട് വന്നത്. കൂർമ്മബുദ്ധിമാനാണ് സുനിൽ സാർ. ഏതൊരു വലിയ പ്രശ്നവും ഞൊടിയിടകൊണ്ട് ശരിയാക്കും
ടെക്നോപാർക്കിൽ രണ്ടുവർഷം മുൻപാണ് ഈ ഓഫീസ് തുടങ്ങിയപ്പോൾ ക്യാമ്പസ് സെലെക്ഷൻ വഴി ജോലി കിട്ടി ഇവിടെ ചേർന്നതാണ്. സുനിൽ സാർ ഇവിടെ CEO ആയി വന്നിട്ട് ഏഴെട്ടുമാസങ്ങൾ കഴിഞ്ഞു.
ഡൽഹിയിൽ ജനിച്ചുവളർന്ന് പഠനവും പൂർത്തിയാക്കിയ ആളായതിനാൽ വലിയ ജാടയാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ നേരിൽ കണ്ടപ്പോൾ വളരെ അതിശയിച്ചുപോയി. ഞാൻ ഇരിക്കുന്ന സീറ്റിന്റെ തൊട്ടുമുൻപിലാണ് അദ്ദേഹത്തിന്റെ ക്യാബിൻ. സീറ്റിൽ ഇരുന്നാൽ ക്യാബിന്റെ വാതിൽ തുറക്കുമ്പോൾ അദ്ദേഹത്തെ കാണാം.
സദാസമയവും പുഞ്ചിരിക്കുന്ന മുഖമാണ് എടുത്തുപറയേണ്ടതായ പ്രത്യേകത.
മനസ്സിൽ താൻപോലും അറിയാതെ ഒരു ആരാധന തുടങ്ങി. അദ്ദേഹത്തിന്റെ സംസാരം, ഭാവങ്ങൾ എല്ലാം ഞാൻ ആസ്വാദിക്കാൻ തുടങ്ങി. എന്റെ മനസ്സിൽ അദ്ദേഹത്തോടുള്ള ആരാധന പ്രണയമായി പ്രതിദിനം വളരുകയായിരുന്നു. .
കഴിഞ്ഞ ദിപാവലി സമയത്ത് അദ്ദേഹം സീറ്റിൽ വന്ന് ഷേക്ക് ഹാൻഡ് ചെയ്ത് ദീപാവലി ആശംസിച്ചു. അദ്ദേഹം കൈയ്യിൽ സ്പർശിച്ചപ്പോൾ ശരീരമാസകലം ഷോക്കേറ്റ പ്രതീതിയായിരുന്നു. ദീപാവലി സമയത്ത് പത്ത് ദിവസത്തേക്ക് അദ്ദേഹം ഡൽഹിയിൽ പോയിരിക്കുകയായിരുന്നു. അദ്ദേഹത്തെ കാണാതെ ഓഫീസിൽ ഒരു ദിവസം പോലും ചിലവഴിക്കാൻ കഴിയില്ലായിരുന്നു. ഒരാഴ്ച ലീവ് എടുത്ത് വീട്ടിൽ പോയി.
ലീവ് കഴിഞ്ഞ് വന്ന ദിവസം അദ്ദേഹം ഡൽഹിയിൽ നിന്നും കൊണ്ടുവന്ന മധുരപലഹാരങ്ങൾ എന്റെ സീറ്റിൽ കൊണ്ടുവെച്ചു, എല്ലാവരെയും അത് കഴിക്കാൻ സ്നേഹത്തോടെ ക്ഷണിച്ചു. എല്ലാവരും വന്ന് അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ച് മധുരപലഹാരങ്ങൾ കഴിച്ചുപോയി. ഫൈനാൻസ് സെക്ഷനിലെ ശ്രീദേവി മാഡം വന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശംസകൾ അർപ്പിച്ചത് കണ്ടപ്പോൾ അവരെ മേശപ്പുറത്തിരുന്ന പേപ്പർ വെയ്റ്റ് എടുത്ത് എറിയാൻ തോന്നിയിരുന്നു. നല്ല പ്രായത്തിൽ ഭർത്താവിനെ ഉപേക്ഷിച്ച അവരെപ്പറ്റി ഓഫീസിൽ നല്ല അഭിപ്രായമല്ല.
സുനിൽ സാറിനെ മനസ്സാവരിച്ചു ജീവിച്ചുകൊണ്ടിരുന്ന സമയത്താണ് കഴിഞ്ഞ ആഴ്ച ഒരു ഡൽഹിക്കാരി പെൺകുട്ടി ഓഫീസിൽ വന്നത്. സാറുമായും കൊഞ്ചലും കുഴയലും, ചിരിയും കളിയും എല്ലാമായിരുന്നു അടുത്ത ദിവസങ്ങളിലും പല തവണ അവർ ഓഫീസിൽ വന്നു. സദാശിവൻ സാർ ആണ് പറഞ്ഞത് അത് അദ്ദേഹത്തിന്റെ ഗേൾഫ്രണ്ട് ആണെന്നും, നഴ്സറി മുതൽ ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ചവരും ആയിരുന്നുവെന്ന്, പോരാത്തതിന് അവർ ഒരുമിച്ചായിരുന്നു അമേരിക്കയിൽ പഠിക്കാൻ പോയതും. മിക്കവാറും അടുത്തുതന്നെ അവരുടെ വിവാഹം ഉണ്ടാവുമെന്നും സദാശിവൻ സാർ പറഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി.
അങ്ങിനെ തകർന്നിരിക്കുമ്പോൾ ആണ് ഇന്നലെ വൈകീട്ട് അച്ഛന്റെ ഫോൺ വന്നത്. ഇന്ന് കാലത്ത് വീട്ടിലേക്ക് വരണമെന്നും പറഞ്ഞ്. അച്ഛന്റെ ബന്ധത്തിൽ പെട്ട ആരോ മുഖേന ഒരു അമേരിക്കക്കാരന്റെ ആലോചന കൊണ്ടുവന്നിട്ടുണ്ടെന്നും, അവർ എന്നെ മുൻപ് കണ്ടിട്ടുള്ളതാണെന്നും, ഒരു ചടങ്ങിന് വേണ്ടി മാത്രമാണ് അവർ കാണാൻ വരുന്നതും എന്നെല്ലാം പറഞ്ഞു. അച്ഛൻ വളരെ സന്തോഷത്തിലാണ്.
അച്ഛന്റെ ഫോൺ വന്നതിന് ശേഷം ഉറക്കം വന്നില്ല ഹോസ്റ്റലിന്റെ അഞ്ചാംനിലയിലെ തന്റെ മുറിയുടെ വാതിൽ തുറന്ന് ബാൽക്കണിയിലെ ചെയറിൽ പോയിരുന്നു. ആകാശത്ത് നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. ദൂരെ ആകാശസീമയിൽ നിന്നും ഉയർന്നുവരുന്ന നക്ഷത്രങ്ങൾക്കിടയിൽ ഒരു വാൽനക്ഷത്രം പറന്നുവന്നിരുങ്കിലെന്ന് മോഹിച്ചു. വാൽനക്ഷത്രത്തെ കണ്ടാൽ എന്താഗ്രഹിച്ചാലും സഫലമാകുമെന്നു അമ്മമ്മ പറയാറുണ്ട്. സീമയില്ലാത്ത ആകാശം പോലെ തന്നെ അല്ലെ സ്വപ്നങ്ങളും. ആർക്കും കാണാം. എന്നാലോ ആ സീമയിൽ ആരും എത്തിച്ചേരുന്നില്ല. സ്വന്തം ഹൃദയത്തിൽ മാത്രം മൊട്ടിട്ട ഒരു പ്രണയം സാഫല്യമാകുന്നതും കാത്തിരിക്കുന്ന വിഡ്ഢി.
തന്നെ ഇഷ്ടപ്പെട്ട് കാണാൻ വരുന്ന ചെറുക്കൻ ആരായാലും പ്രശ്നമില്ല, അദ്ദേഹത്തിന്റെ മുൻപിൽ താലികെട്ടാൻ തലകുനിക്കാൻ മനസ്സാ തയ്യാറെടുത്തു. വർഷങ്ങൾക്ക് ശേഷം ഭർത്താവിന്റെയും കുട്ടികളുടെയും കൂടെയിരുന്ന് ചിരിച്ചുകൊണ്ട് അയവിറക്കാനുള്ള ഒരു Infatuation, ആയിമാത്രം ഈ പ്രണയം ഇവിടെ അവസാനിക്കട്ടെ.
ജോലിയിൽ ഇനിയും തുടർന്നാൽ വിവാഹജീവിതത്തിൽ ന്യായം പുലർത്താൻ കഴിയില്ല, അത് ആ മനുഷ്യനെ വഞ്ചിക്കുന്നതിന് സമമാണ്. വിവാഹം ഉറപ്പിക്കുകയാണെങ്കിൽ ജോലി രാജിവെക്കും എന്ന ഒരു നിബന്ധന ഞാൻ വെച്ചിട്ടുണ്ട്. അച്ഛൻ എന്തിനും തയ്യാറാണ്.. താഴെ അനുജത്തി എഞ്ചിനീയറിംഗ് അവസാന വർഷം ആണ് എന്റെ കഴിഞ്ഞിട്ടുവേണം അവളുടെ കാര്യം നോക്കാൻ.
വീട്ടിലെത്തിയപ്പോഴേക്കും നേരം ഉച്ചയായിരുന്നു. അച്ഛൻ അങ്ങാടിയിൽ സ്‌കൂട്ടിയും കൊണ്ടുവന്നിരുന്നു. വീട്ടിലെത്തി മേല്കഴുകി വസ്ത്രം മാറ്റി ഊണ് കഴിച്ചു. അനുജത്തി വീടൊക്കെ ഒതുക്കിവെക്കുന്ന തിരക്കിലാണ്.
മൂന്നുമണിയാവുമ്പോഴേക്കും ചെറുക്കനും കൂട്ടരും വരുമെന്നാണ് അറിയിച്ചിരുന്നത്. അമ്മമ്മയും മുത്തച്ഛനും വല്യമ്മയും വല്യച്ഛനും ചെറിയമ്മമാരും ഊണുകഴിഞ്ഞാൽ വരുമെന്ന് പറഞ്ഞു. എല്ലാവരും ഒരേ പറമ്പിൽ തന്നെയാണ് വീടുകെട്ടി താമസിക്കുന്നത്. വല്യമ്മയുടെ കൂടെ തറവാട്ടിലാണ് അമ്മമ്മയും മുത്തച്ഛനും, അവരുടെ മക്കൾ രണ്ടുപേരും ഇന്ത്യക്ക് പുറത്താണ്
ഊണുകഴിഞ്ഞ് എല്ലാം ഒതുക്കിവെച്ചപ്പോഴേക്കും ഓരോരുത്തരായി വരാൻ തുടങ്ങി. ഇത് ഒരു ചടങ്ങുമാത്രമാണ് എന്ന് വരുന്ന എല്ലാവരോടും അച്ഛൻ പറയുന്നുണ്ട്. എന്റെ ഇഷ്ടം ആരും ചോദിക്കുന്നില്ല.
അപ്പോഴേക്കും അച്ഛന്റെ മൊബൈലിൽ ഫോൺ വന്നു, അവർ വഴി ചോദിക്കാൻ ഫോൺ ചെയ്തതാണ്. അച്ഛൻ വീട്ടിലേക്കുള്ള വഴിയൊക്കെ മനസ്സിലാക്കിക്കൊടുത്തു.
ചെക്കനോട് ചോദിക്കാനുള്ള ചോദ്യങ്ങൾ എല്ലാം മനസ്സിൽ പ്രാക്ടീസ് ചെയ്തു. ആദ്യത്തെ പെണ്ണുകാണൽ ആണ് അതിന്റെ ഭയം മനസ്സിലുണ്ട്.
എന്നോട് മുറിയിൽ പോയി സാരിയുടുക്കാൻ പറഞ്ഞു. പുറത്ത് കാർ വന്ന ശബ്ദം കേട്ടപ്പോൾ അനുജത്തി ഓടിപ്പോയി പുറത്തെ മുറിയുടെ ജനാലയിലൂടെ പയ്യനെകണ്ടു തിരികെവന്ന് കാണാൻ സുന്ദരനാണെന്ന് റിപ്പോർട്ട് ചെയ്തു, വിരുന്നുകാരുടെ സംസാരവും ബഹളവും തിരക്കും തുടങ്ങി.
കുറച്ചുകഴിഞ്ഞപ്പോൾ അമ്മ മുറിയിലേക്ക് വന്നു എന്നോട് അടുക്കളയിലേക്ക് വരാൻ പറഞ്ഞു.
“നമുക്ക് അകത്തോട്ടിരിക്കാം, ചായ തയ്യാറാണ്.” അച്ഛൻ വിരുന്നുകാരെ ഡൈനിങ്ങ് ടേബിളിലേക്ക് ക്ഷണിച്ചിരുത്തി.
“സുമതി, ചായ കൊണ്ടുവരൂ ട്ടോ, അവർ ഇരുന്നു”. അച്ഛൻ അടുക്കളഭാഗത്തേക്ക് വന്ന് പറഞ്ഞു.
“കുട്ടാ ഒരുമിനിറ്റ് ഒന്ന് നിൽക്കൂ.. “ അമ്മമ്മ അച്ഛനോട് നിൽക്കാൻ പറഞ്ഞിട്ട് എന്നോട് അച്ഛന്റെ ആശിർവാദം വാങ്ങാൻ പറഞ്ഞു.
ഞാൻ അച്ഛന്റെയും അമ്മയുടെയും അമ്മമ്മയുടെയും അച്ഛമ്മയുടെയും എല്ലാം കാലിൽതൊട്ട് ആശിർവാദം വാങ്ങി. മുത്തച്ഛനും അച്ഛച്ചനും വിരുന്നുകാരോട് സംസാരിക്കുന്ന തിരക്കിലാണ്.
അമ്മമ്മ അണിഞ്ഞിരുന്ന ഭഗവതിയുടെ ലോക്കറ്റുള്ള മാലയൂരി എന്നോട് ധരിക്കാൻ പറഞ്ഞു. ഭഗവതിയെ മനസ്സിൽ ധ്യാനിച്ച്, മാല കഴുത്തിലിട്ട്, അമ്മ തന്ന ചായ നിറച്ച കപ്പുകൾ നിരത്തി വെച്ച ട്രേ പിടിച്ചുകൊണ്ട് അമ്മയെ പിന്തുടർന്നു. ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു, കണ്ണിൽ ഇരുട്ടുകയറുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു, കറങ്ങുന്ന ഫാനിന്റെ ചുവട്ടിലും ഞാൻ വിയർക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ തലയുയർത്താതെ ട്രേയിലെ കപ്പുകളിൽ തന്നെ നോക്കി നിന്ന്.
“ഇതാണ്, മാളവിക..”
“പരിചയപ്പെടുത്തണ്ട കാര്യമില്ല, ഞങ്ങൾ ദിവസവും കാണുന്നവരല്ലേ. അല്ലേ മാളവിക…” പരിചിതമായ ശബ്ദം കേട്ട് തലയുയർത്തിയപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല, സദാശിവൻ സാർ.
അമേരിക്കക്കാരൻ എന്ന് പറഞ്ഞിട്ട് ഇദ്ദേഹത്തിന് ഇങ്ങിനെയും ഒരു മോഹമുണ്ടായിരുന്നോ. പലപ്പോഴും എന്തെങ്കിലുമൊക്കെ കാര്യങ്ങൾക്ക് എന്റെ അടുത്ത് ചുറ്റിപ്പറ്റി നിൽക്കാറുള്ളത് ഓർത്തു, അപ്പോൾ ഇതായിരുന്നോ കക്ഷിയുടെ മനസ്സിൽ.. മനസ്സിൽ ചിന്തിച്ചു.
“എന്ത് പറ്റി മാളവിക. എന്താ ചിന്തിക്കുന്നത്..ചെറുക്കനെ നല്ലോണം കണ്ടോളൂട്ടോ ”
മുഖത്ത് വിളറിയ ഒരു ചിരി വരുത്തി. ട്രേ ടേബിളിൽ വെച്ച് സദാശിവൻ സാറിനെ നോക്കി.
“എന്നെ നോക്കണ്ട, ഞാനല്ല, എന്റെ കല്യാണം ഒരിക്കൽ കഴിഞ്ഞതാ. ചെറുക്കൻ.. ദേ അതാണ്..”
സദാശിവൻ സാർ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് നോക്കിയപ്പോൾ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചുകൊണ്ട് സുനിൽ സാർ..
“ഹലോ മാളവിക. എന്റെ അമ്മയ്ക്കും അച്ഛനുമാണ് തന്നെ കാണേണ്ടത് ” തൊട്ടടുത്തിരുന്ന അച്ഛനെയും അമ്മയെയും ചൂണ്ടിക്കാണിച്ചുകൊണ്ട് സുനിൽസാർ പറഞ്ഞു അപ്പോഴാണ് കണ്ടത് കൂടെ ഓഫീസിൽ വരാറുള്ള ആ ഹിന്ദിക്കാരി കൂട്ടുകാരിയും.
സുനിൽസാറിന്റെ അമ്മയും അച്ഛനും എന്തൊക്കെയോ ചോദിച്ചു, അതിനെല്ലാം മറുപടി പറഞ്ഞു.
“നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അങ്ങോട്ട് മാറിയിരുന്ന് സംസാരിക്കാം ട്ടോ..” അച്ഛൻ പറഞ്ഞു.
ഞങ്ങളെ രണ്ടുപേരെയും പുറത്തെ മുറിയിലേക്ക് കൊണ്ടുപോയി. അച്ഛൻ പുറത്ത് പോയപ്പോൾ എന്തുചോദിക്കും, എങ്ങിനെ തുടങ്ങണം എന്നൊക്കെ ചിന്തിച്ചിരുന്നപ്പോൾ, സുനിൽ സാർ സംസാരം ആരംഭിച്ചു.
“എനിക്ക് ഇങ്ങിനെയൊരു മോഹമുണ്ടെന്ന് പറഞ്ഞപ്പോൾ അമ്മയാണ് ശ്രദ്ധയെ ഇങ്ങോട്ട് വിട്ടത് മാളവികയെ കണ്ട് മാർക്കിടാൻ പറഞ്ഞ്. എനിക്കില്ലാതെപോയ എന്റെ കൂടപ്പിറപ്പാണ് ശ്രദ്ധ. അവളെപ്പറ്റി സദാശിവൻ പറഞ്ഞുകാണും കക്ഷിയാണ് കല്യാണബ്രോക്കർ. ”
“മാളവിക.. At the first sight i liked you. ഓരോ തവണ ക്യാബിന്റെ വാതിൽ അടയുമ്പോഴും , I feel a pain in my heart. ആരെങ്കിലും വാതിൽ തുറക്കാൻ കാത്തിരിക്കുമായിരുന്നു. ഇക്കാര്യം തന്നോട് ആദ്യം പറഞ്ഞാലോ എന്ന് പലതവണ ചിന്തിച്ചു. പിന്നെ ഞാൻ സദാശിവനോട് പറഞ്ഞു, അയാൾ മാളവികയുടെ അച്ഛനോട് സംസാരിച്ചു
ഇത്രയും പറഞ്ഞ് പോക്കറ്റിൽ നിന്നും തിളങ്ങുന്ന കല്ലുവെച്ച ഒരു മോതിരമെടുത്ത് മുൻപിൽ ഒരു കാൽമടക്കി മുട്ടുകുത്തി നിന്ന് എന്നോട് ചോദിച്ചു.. “ Will you marry me. I love you so much.. Please”
നിറമിഴികളാൽ മോതിരവിരൽ അദ്ദേഹത്തിന് മുൻപിൽ നീട്ടിക്കൊടുക്കുമ്പോൾ മറ്റേ കൈകൊണ്ട് അമ്മമ്മ കഴുത്തിൽ ഇട്ടുതന്ന മാലയിലെ ഭഗവതിയുടെ ലോക്കറ്റിൽ തൊട്ടുപ്രാർത്ഥിച്ചു, ഒരു ദിവാസ്വപ്നം പോലെ മോഹിച്ചത് യാഥാർഥ്യമാക്കി തന്നതിന് ...
(ശുഭം)
ഗിരി ബി വാരിയർ
24 ജൂലൈ 2020



Comments
Post a Comment