യക്ഷിയും ഡ്രാക്കുളയും പിന്നെയിപ്പോൾ കൊറോണയും


യക്ഷിയും ഡ്രാക്കുളയും പിന്നെയിപ്പോൾ കൊറോണയും 

(ഗിരി ബി വാരിയർ)

പണ്ട് കുട്ടിയായിരിക്കുമ്പോൾ അമ്മമ്മ പറഞ്ഞുതന്നിരുന്ന  കഥകളിൽ യക്ഷിയും ഗന്ധർവ്വന്മാരും മറ്റും വരാറുണ്ടായിരുന്നെങ്കിലും   രാത്രി ഉറക്കത്തിൽ ഞാൻ ഭയന്ന്  നിലവിളിക്കുമെന്നറിയുന്നത് കൊണ്ടാവാം ആ കഥാപാത്രങ്ങൾക്ക് വെറും സപ്പോർട്ട് റോൾ മാത്രമേ അമ്മമ്മ കൊടുക്കാറുള്ളു.  അവരെക്കുറിച്ചൊന്നും അധികം പറയാറില്ല.

സ്‌കൂളിൽ പഠിച്ചിരുന്ന  കാലത്താണ് നാട്ടിലെ തിയറ്ററിൽ സിനിമകൾ കാണാൻ പോകാൻ തുടങ്ങിയത്.  അങ്ങിനെ കണ്ട ഏതോ സിനിമയിലൂടെയാണ് യക്ഷികൾ മനസ്സിൽ ഭീതിയുണർത്താൻ തുടങ്ങിയത്.   

പാലമരത്തിൽ ഒരു ലോഡ്ജിൽ ആയിരുന്നു  യക്ഷിയുടെ താമസം.  നാരങ്ങാസോഡ കുടിക്കുന്ന ലാഘവത്തോടെ രക്തം ഊറ്റി കുടിക്കുന്ന ഒരു ക്ഷുദ്ര ശക്തി.  സിനിമയിൽ കണ്ട യക്ഷി സോപ്പുപൊടിയുടെ പരസ്യത്തിൽ വരുന്നതുപോലെ സർവ്വാംഗസുന്ദരിയായ ഒരു മനുഷ്യസ്ത്രീയുടെ രൂപത്തിൽ  വെളുത്ത സാരിയുടുത്ത് നാട്ടുവഴിയിൽ അർദ്ധരാത്രി പോയി നില്ക്കും. ആ സമയത്ത് ഏതെങ്കിലും വേലി ചാടി അസംബന്ധം ഒക്കെ കഴിഞ്ഞ് ഒറ്റയ്ക്ക് പുരുഷന്മാരാരെങ്കിലും വഴിയിൽക്കൂടി വന്നാൽ പുഞ്ചിരിച്ചുകൊണ്ട് അയാളുടെ അടുത്ത് ചെന്ന് മുറുക്കാൻ തരാമോ? എന്നു ചോദിക്കും.   കേട്ടപാതി  പുരുഷൻ ഡിം.. വശീകരണവലയിൽ വീണു.   

പിന്നെ അയാളെ അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി ചൂടുള്ള ബ്ലഡ് അടിച്ചുഫിറ്റായി ബോഡി പോസ്റ്റുമാർട്ടം ചെയ്യാൻ അവിടെ ഉപേക്ഷിച്ചുപോകും.  

യക്ഷി പേടിക്കുന്ന ഒന്നുണ്ടായിരുന്നു,  മന്ത്രിച്ചുകെട്ടിയ ചരട്  അല്ലെങ്കിൽ ഏലസ്സ്‌.   ഇര വരുമ്പോൾ യക്ഷി ആദ്യം കണ്ണുകൊണ്ട് ആകമാനം ഒന്ന് സ്കാൻ ചെയ്യും. ഈ രണ്ടിൽ എന്തെങ്കിലും  ഉണ്ടെങ്കിൽ   യക്ഷി ചെന്ന്  ആദ്യം മന്ത്രിച്ചുകെട്ടിയ ചരട് അല്ലെങ്കിൽ ഏലസ്സ് പിടിച്ചുനോക്കും, അത് ചുട്ടുപൊള്ളുന്നുണ്ടെങ്കിൽ ഒറിജിനൽ അല്ലെങ്കിൽ പണി പാളി. 

പിന്നീടാണ് ഹോളിവുഡ് സിനിമകൾ കാണാൻ അഭിരുചി തോന്നിത്തുടങ്ങിയത്.. അതും വീട്ടിലെ വി.സി. ആറിൽ.  ഇംഗ്ലീഷ് സിനിമകൾ കണ്ടാൽ ലോകവിജ്ഞാനം കൂടുമെന്ന് കൂട്ടുകാർ പറയാറുണ്ട്.  അങ്ങിനെയാണ് ഡ്രാക്കുള എന്ന സിനിമ കാണുന്നത്.  

ഏതുരൂപത്തിലും വരുന്ന ഡ്രാക്കുള, അച്ഛനോ, അമ്മയോ, ചേച്ചിയോ, അനിയനോ, കൂട്ടുകാരോ പൂച്ചയോ പട്ടിയോ എന്തുമാവാം.. അവർ വരുന്നു,  ഇരയുടെ ശരീരത്തിൽ കുരിശുമാലയോ മറ്റോ ഉണ്ടെങ്കിൽ "മോനെ അതൊന്ന് ഊരിത്താടാ" എന്നുപറയുന്നു, ഇര മറ്റൊന്നും അനുസരിച്ചില്ലെങ്കിലും, ഇതനുസരിക്കുന്നു,  അപ്പോൾ ഡ്രാക്കുള പ്രച്ഛന്നവേഷം അവസാനിപ്പിച്ച്‌ ഡ്രാക്കുളയായി മാറുന്നു, സ്ട്രോ പോലെ പുറത്ത് വരുന്ന  പല്ലുകൊണ്ട് കൂളായി ബ്ലഡ് എടുക്കുന്നു, എന്നിട്ട് അതിജീവനത്തിനായി  അഖിലലോക ഡ്രാക്കുള സൊസൈറ്റിയിൽ മെമ്പർഷിപ്പ് കൊടുക്കുന്നു, കൂടെ ഏത് റേഞ്ചിലും പോയി ബ്ലഡ് ഊറ്റാനുള്ള ലൈസൻസും.   പുതിയ ഡ്രാക്കുള   പോയി ഇതേ കലാപരിപാടികൾ ചെയ്ത് ജീവിക്കാൻ തുടങ്ങുന്നു.  

ഡ്രാക്കുളക്കും പേടിയുള്ള ഒന്നുണ്ടായിരുന്നു, ബൈബിൾ അല്ലെങ്കിൽ കുരിശ്.  അത് അടുത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ ഡ്രാക്കുളക്ക് ബ്ലൂടൂത്ത് വഴി സന്ദേശം കിട്ടും അല്ലെങ്കിൽ ഷോക്കടിക്കും.   

ഡ്രാക്കുള സിനിമ കണ്ടതിനുശേഷം കുറെ കാലം രാത്രികാലങ്ങളിലുള്ള ഫസ്റ്റ് ഷോ, സെക്കന്റ് ഷോ എല്ലാം നിർത്തിവെച്ചു.  എന്തിന് അമ്പലത്തിൽ ഉത്സവത്തിന് പോലും പോകലില്ലാതായി.   പല്ലുപൊന്തി പുറത്തുതള്ളി നിൽക്കുന്ന ഒന്നുരണ്ടുപേരെ ഞാൻ താൽക്കാലികമായി അക്കാലത്ത് അൺഫ്രണ്ട്‌ ചെയ്തിരുന്നതായി ഓർമ്മയുണ്ട്. 

പിൽക്കാലത്ത് ബ്ലഡ് ടെസ്റ്റ് ചെയ്യാതെ ആക്രാന്തത്തോടെ ബ്ലഡ് കുടിച്ച് കുടിച്ച് എയ്ഡ്സും ക്യാൻസറും ഒക്കെ വന്നാണെന്ന് തോന്നുന്നു ഡ്രാക്കുളയുടെ വംശം അന്യംനിന്നുപോയി. 

ഒക്കെ സിനിമയിലല്ലെ എന്ന്  കരുതിയിരിക്കുമ്പോഴാണ് ദേ വരുണ് കൊറോണവൈറസ് ...  

നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത കൊറോണയെ ഭയന്ന് കഴിഞ്ഞ അൻപതിലധികം  ദിവസമായി വീട്ടിനകത്ത് അടച്ചിരിക്കുന്നു.    

കൊറോണക്കും ഭയമുള്ള ഒന്നുണ്ട്..  മാസ്കും, ഹാൻഡ് വാഷും.  കൊറോണക്ക് ചെറുപ്പത്തിലേ പോളിയോ വന്നിട്ടുണ്ടെന്ന്  തോന്നുന്നു, കക്ഷിക്ക്  നടക്കാൻ കഴിയില്ല, അതിനാൽ സാമൂഹിക അകലം പാലിച്ചാൽ കൊറോണയിൽ നിന്നും രക്ഷപ്പെടാമെന്നാണ് പറയുന്നത്.  

എന്തായാലും കൊറോണ അടുത്ത കാലത്തൊന്നും മടങ്ങിപ്പോകാനുള്ള പരിപാടി കാണുന്നില്ല. അപ്പൊ നമുക്ക് പുതിയ ശീലങ്ങൾ സായത്തമാക്കാം.. അതാവും നല്ലത്  .. പുറത്തുപോകുമ്പോൾ മാസ്ക്കും തിരിച്ചുവന്നാൽ ഹാൻഡ് വാഷും, പിന്നെ ജീവിച്ചുപോകാൻ വർക്ക് ഫ്രം ഹോം,  ഡ്രിങ്ക് ഫ്രം ഹോം, ഈറ്റ് ഫ്രം ഹോം... അങ്ങിനെ പുതിയ പുതിയ ശീലങ്ങൾ ...

#stayhome #staysafe 

ഗിരി ബി വാരിയർ

Comments