മൗനരാഗം


മൗനരാഗം

കഥ | ഗിരി ബി. വാരിയർ

***

"അമ്മാ, വിശന്നിട്ടുവയ്യ, എന്തെങ്കിലും തരണേ.."  

ഇരുപതുവയസ്സ് പ്രായം തോന്നിക്കുന്ന  സ്ത്രീ,  കൈയ്യിൽ ഉറങ്ങുന്ന ഒരു കുട്ടി..

റെയിൽവേ സ്റ്റേഷനിലെ വെയ്റ്റിംഗ് റൂമിൽ സാധാരണ ഭിക്ഷക്കാർ  വരാൻ സെക്യൂരിറ്റി അനുവദിക്കാറില്ല.  അയാൾ മാറിയ തക്കത്തിന് അകത്തുവന്നതാണ്.

കയ്യിലിരുന്ന ബാഗിൽ തപ്പിനോക്കി,  വഴിയിൽ കഴിക്കാൻ വാങ്ങിയ ഒരു പാക്കറ്റ് ബിസ്ക്കറ്റ് കയ്യിൽ തടഞ്ഞു.  അതെടുത്ത് ആ സ്ത്രീയ്ക്ക് കൊടുത്തു.

ചിന്തിച്ചപ്പോൾ ചിരിയാണ് വന്നത്.  കഴിഞ്ഞ ഇരുപത്തഞ്ച്  വർഷത്തെ സന്യാസജീവിതത്തിൽ കൈവാരിക്കൊടുത്തതും ഹ്യദയം നിറയെ നേടിയതും എല്ലാം സ്നേഹം മാത്രമായിരുന്നു എന്ന് ആദ്യമായി തിരിച്ചറിഞ്ഞു.  ഒരു ബാങ്ക് അക്കൗണ്ട് ഇല്ല, ആശ്രമത്തിലെ അന്തേവാസികളുടെ ആധാർ കാർഡ്ഡുകൾ ഉണ്ടാക്കാൻ ഒരു സന്നദ്ധസംഘടനയുടെ പ്രവർത്തകർ വന്നപ്പോൾ ഉണ്ടാക്കിയ ആധാറും, പിന്നെ തിരഞ്ഞെടുപ്പ് സമയത്ത് വോട്ടുകിട്ടുമെന്ന വ്യാമോഹത്തിൽ ചില രാഷ്ട്രീയപ്രവർത്തകൾ ഉണ്ടാക്കിത്തന്ന ഇലക്ഷൻ കാർഡും മാത്രമാണ്  കൈമുതലായുള്ളത്.

വായനയിലൂടെ എഴുത്തിന്റെ ലോകത്തെത്തി, താത്രിക്കുട്ടി എന്ന തൂലികാനാമത്തിൽ മനസ്സിലെ ഭാവനകൾ എല്ലാം കടലാസിലേക്ക് പടർത്തിയെങ്കിലും യഥാർത്ഥ താൻ ആരെന്ന് ആർക്കും പിടികൊടുത്തില്ല.

കിട്ടിയ കാശു മുഴുവൻ കൂടപ്പിറപ്പുകളുടെ പഠനത്തിനും വിവാഹത്തിനും മറ്റുമായി അയച്ചുകൊടുത്തു.    ഏറ്റവും ഇളയ സഹോദരൻ ഒഴിച്ച് മറ്റാരും ഒരിക്കൽപോലും തന്റെ ജീവിതത്തെക്കുറിച്ചോർത്തില്ല.

കാലത്ത് ഇതുപോലെ യാത്രയെപ്പറ്റി ചിന്തിച്ചപ്പോൾ വീണ്ടും അനാഥയാവുന്നതോർത്തായിരുന്നു വിഷമം.  കുട്ടികളോടാരോടും യാത്ര പറഞ്ഞില്ല, കഴിയില്ല എന്നതാണ് സത്യം.

"സാവിത്രി, നീ   ചെയ്യുന്നതിലെ ശരിയും തെറ്റും തിരിച്ചറിയാൻ നിന്നെക്കാൾ  മറ്റൊരാൾക്കും കഴിയില്ല  കാരണം ‌ഇവിടെ  വിധികർത്താവ്  നിന്റെ  മനസ്സാക്ഷിയാണ്".

ആശ്രമത്തിൽ നിന്നും  ഇറങ്ങുന്നതിനുമുൻപ് മുതിർന്ന സന്യാസിനി ശാരദാമ്മ പറഞ്ഞ വാക്കുകൾ  കാതിൽ  ഇപ്പോഴും  അലയടിക്കുന്നുണ്ട്.     അച്ഛന്റെ ഒരു അകന്ന ബന്ധത്തിൽപ്പെട്ട അവരാണ് തനിക്കു ആശ്രമത്തിൽ ചേരാനുള്ള പ്രചോദനമായത്.  അവരുടെ  താത്രിക്കുട്ടിയെന്ന വിളി ഒന്നുമാത്രമാണ് തന്നെ  ഭൂതകാലത്തേക്ക് ഇടയ്ക്കെങ്കിലും  കൊണ്ടുപോകുക.

പണ്ട്‌ പ്രതാപികളായിരുന്ന തെക്കേക്കാവ് ഇല്ലത്തെ നാരായണൻ ഭട്ടത്തിരിയുടെയും  ഇട്ടുണ്ണൂലി ആത്തോലിന്റെയും ആറു മക്കളിൽ  മൂത്ത പുത്രിയായി ജനനം.  പേരും പെരുമയും ഇല്ലപ്പേരിൽ മാത്രം ഒതുങ്ങി, എല്ലാം ക്ഷയിച്ച് മിക്കവാറും രാത്രികളിൽ അത്താഴപ്പട്ടിണിയായിരുന്നു.   പക്ഷെ ആഢ്യത്വത്തിന് യാതൊരു കുറവും ഉണ്ടായിട്ടില്ല.  കാരണവന്മാർ  കാട്ടിക്കൂട്ടിയ പേക്കുത്തുകളുടെ ശാപം പേറുന്ന പുതുതലമുറക്കാർക്ക്   തൊട്ടുതീണ്ടായ്മ്മയും അയിത്തവും മാത്രമാണ് പരമ്പരാഗതമായി കൈമുതലായി വന്നുചേർന്നത്‌.

മുത്തശ്ശി (അമ്മയുടെ അമ്മയെ ഞങ്ങൾ മുത്തശ്ശി എന്നാണ് വിളിക്കാറുള്ളത്) ശുദ്ധവും   അയിത്തവും എല്ലാം വല്ലാതെ നോക്കുന്ന കൂട്ടത്തിലായിരുന്നു.   വീടിന്റെ  തെക്കേ ഭാഗത്ത്  ഒരു മുറിയുണ്ട്.  തീണ്ടാരിപ്പുര  എന്നാണ് അതിനെ പരയുക.  അവിടെയാണ് മാസമുറ സമയത്ത് സ്ത്രീകൾ  താമസിക്കുക.

മുതിർന്ന ആണുങ്ങൾക്ക്‌  മാത്രമേ   അക്കാലത്ത് ‌ കുത്തരിച്ചോറ്  കൊടുക്കാറുള്ളൂ, ബാക്കി എല്ലാവരും അച്ഛനും ചെറിയച്ഛന്മാരും ശാന്തി ചെയ്യുന്ന അമ്പലങ്ങളിൽ നിന്നും കൊണ്ടുവരുന്ന നേദ്യച്ചോറാണ് കഴിക്കുക.   

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ജോസിനെ  ആദ്യമായി കാണുന്നത്.   വളരെ സൗമ്യൻ,  ചൈതന്യമുള്ള മുഖം, ഒരു ചെറിയ പുഞ്ചിരി എപ്പോഴും മുഖത്തുണ്ടായിരിക്കും.   ജോസ് പത്താം ക്ലാസ്സിൽ പഠിക്കുകയായിരുന്നു അപ്പോൾ. 

വായനാശീലം ഒരാളുടെ  ജീവിതത്തെ  എത്രമാത്രം  സ്വാധീനിക്കുന്നുവെന്ന്  സ്‌കൂളിൽ ഒരിക്കൽ  പ്രസംഗത്തിനിടെ  വലിയൊരു എഴുത്തുകാരൻ  പറഞ്ഞതുമുതൽ മുടങ്ങാതെ  വായിക്കാൻ  തുടങ്ങി.  

ഇല്ലത്തിന്റെ മുൻവശത്തെ ഇറയത്ത് പെൺകുട്ടികൾ ഇരിക്കാൻ പാടില്ല,   പിറകിൽ ഒരു ബ്രഷ് കമ്പനി.  അവിടെ എപ്പോഴും പണിക്കാർ ഉണ്ടാവും അതിനാൽ പിന്നാമ്പുറത്തെ ഇറയത്തും ഇരിക്കാൻ പാടില്ല, ഇതൊക്കെയാണ് മുത്തശ്ശി നിർദ്ദേശങ്ങൾ.

ഇരുണ്ട മുറികൾക്കുള്ളിൽ ഇരുന്ന് വായിക്കാൻ പറ്റില്ല. പുസ്തകവും വായിച്ചുകൊണ്ടിരുന്നാൽ മുത്തശ്ശി വഴക്കുപറയും.   ഇല്ലത്തുപോയാൽ വായിക്കാനുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നതിനാൽ സ്‌കൂൾ ലൈബ്രറിയിൽ ഇരുന്ന് എന്തെങ്കിലും വായിച്ച ശേഷം മാത്രമേ ഇല്ലത്തേക്ക് പോകാറുള്ളൂ.   

സ്‌കൂളിനോട്  ചേർന്നുള്ള പള്ളിയിൽ വികാരിയച്ചനെ സഹായിക്കാൻ ജോസ് പോകുമായിരുന്നു.    പള്ളിയിലെ കണക്കുകൾ എഴുതാനും മറ്റു ചെറിയ പണികളൊക്കെ വികാരിയച്ചൻ  ജോസിനെയാണ് ഏൽപ്പിക്കാറുള്ളത്.   മിക്കവാറും ഞാൻ സ്‌കൂൾ വിട്ടു പോകുന്ന സമയത്താവും ജോസ് പള്ളിയിലേക്ക് വരുന്നത്.  ആദ്യത്തെ  കുറച്ച് ദിവസം പ്രത്യേകിച്ച് ശ്രദ്ധിച്ചില്ല.   എന്നോ ഒരിക്കൽ ഒളികണ്ണിട്ട് നോക്കിയപ്പോൾ ജോസ് എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി.    അതിനുശേഷം കണ്ടാൽ ഒന്ന് പുഞ്ചിരിക്കും.     ആ ഒരു പുഞ്ചിരിയിൽ മാത്രം ഒതുങ്ങുന്നതായിരുന്നു  ഞങ്ങൾ തമ്മിലുള്ള സൗഹൃദവും സംവാദങ്ങളും.

സ്കൂളിനോട് ചേർന്നു തന്നെയായിരുന്നു കോളേജും. ജോസ് അവിടെ പ്രീഡിഗ്രിക്കു ചേർന്നു.  ദിവസങ്ങൾ കഴിയുംതോറും ജോസിനെ കാണാതിരുന്നാൾ എന്തോ നഷ്ടപ്പെട്ട പ്രതീതി. അനുഭവപ്പെട്ടു തുടങ്ങി.   എപ്പോഴോ  മനസ്സിനുള്ളിൽ സ്നേഹം എന്ന ഒരു വികാരം പൊട്ടിമുളക്കാൻ തുടങ്ങിയത്  ഞാനറിയില്ല.    പത്താം ക്ലാസ് കഴിഞ് പ്രീഡിഗ്രിക്ക് ഞാനും അവിടെത്തന്നെ കോളേജിൽ ചേരുന്നു.

ക്രിസ്ത്യാനിയായ ജോസിനെ വിവാഹം ചെയ്യാൻ ഒരിക്കലും സാധിക്കില്ല, പിന്നെ ഒളിച്ചോട്ടമാണ് ഏക വഴി.    അങ്ങിനെ ചെയ്‌താൽ  ഉണ്ടാകാവുന്ന  വരുംവരായ്കകൾ, ഇല്ലത്തിന്റെ  മാനം, കൂടപ്പിറപ്പുകളുടെ ഭാവി പ്രത്യേകിച്ച് അനുജത്തിമാരുടെ,  അച്ഛൻ, അമ്മ, ചെറിയച്ഛന്മാർ. അവർക്കുണ്ടാകാവുന്ന   അഭിമാനക്ഷതം,  ഇത്തരം  ചിന്തകൾ മനസ്സിനെ വ്യാകുലമാക്കാൻ തുടങ്ങി.

ഉറച്ച ഒരു തീരുമാനത്തിലെത്താൻ ഒരിക്കലും കഴിഞ്ഞില്ല.  നാളെ നാളെ എന്ന് ചിന്തിച്ച് ദിവസങ്ങൾ തള്ളിനീക്കി.

കുറെ മനക്കണക്കുകൾ കൂട്ടി ജോസിന്റെ ക്ലാസ് അവസാനിക്കുന്ന ദിവസം മനസ്സിൽ ധൈര്യം സംഭരിച്ച്, ഉറപ്പിച്ചൊരു തീരുമാനം എടുത്തു,  ജോസിനോട് തന്റെ ഇഷ്ടം തുറന്നുപറയുക തന്നെ.    അന്ന് അച്ഛൻപെങ്ങളുടെ മകളുടെ പുടമുറിക്ക് വാങ്ങിയ പുതിയ ഷിഫോൺ സാരി ഉടുത്താണ്  കോളേജിൽ പോയത്.

ഉച്ചക്ക് ശേഷമായിരുന്നു ഡിഗ്രി വിദ്യാർത്ഥികൾക്ക് കോളേജ് മാനേജ്മെ‌നറ് ഒരുക്കിയ യാത്രയയപ്പ് യോഗം.  കോളേജ് ടെറസ്സിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഒരു ചടങ്ങായിരുന്നു.   ജോസ് പുറത്തുവരുന്നതും കാത്ത് ഞാൻ ഓഡിറ്റോറിയത്തിന്റെ അകത്തേക്ക് കയറി പ്രസംഗം കേട്ടുനിന്നു.

അവസാനം ആശംസാപ്രസംഗം നടത്താനെത്തിയ  വികാരിയച്ചൻ  സദസ്സിനോട് സംസാരിക്കുമ്പോഴാണ്  ആ ഞെട്ടിക്കുന്ന വാർത്ത പറഞ്ഞത്.. ജോസ്  അച്ചൻ പട്ടത്തിന് സെമിനാരിയിൽ ചേരുന്നുവെന്ന്..

നിന്ന നിൽപ്പിൽ  കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നുണ്ടെന്ന് തോന്നി.  ഒരിക്കൽ പോലും ജോസിന്റെ ഉള്ളിൽ ഇത്തരം ഒരു മോഹമുണ്ടായിരുന്ന കാര്യം ഊഹിക്കാൻ കഴിഞ്ഞില്ല.. ഇത്രയും കാലം കണ്ട സ്വപ്‌നങ്ങൾ ഒരു നിമിഷംകൊണ്ട് ഒരു ശീട്ടുകൊട്ടാരം പോലെ തകർന്നുവീണു.  സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.   അവിടെനിന്നും നേരെ ഇല്ലത്തേക്ക് ഓടി.. ജീവിതം  അവസാനിപ്പിക്കണം എന്നാണ് തോന്നിയത്,  പക്ഷെ അതിനുള്ള മനക്കട്ടി ഇല്ലായിരുന്നു.

പിന്നീടുള്ള കോളേജ് വിദ്യാഭ്യാസം  വെറും യാന്ത്രികമായിരുന്നു.  പഠിത്തത്തിലും  കാര്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.  വലിയ മാർക്കൊന്നും ഇല്ലാതെ ഡിഗ്രി പാസ്സായി.  

ആ സമയത്താണ് അച്ഛൻ അടുത്തേതോ അമ്പലത്തിലെ ശാന്തിക്കാരനുമായി എന്റെ വിവാഹം തീരുമാനിക്കുന്നത്.  ഇരുപത്തിയൊന്ന് വയസ്സുള്ള എനിക്ക് ഒരു അൻപതു വയസ്സുകാരൻ രണ്ടാംകെട്ടുകാരൻ വരൻ.

ജോസിന്റെ സ്ഥാനത്ത് മനസ്സിൽ മറ്റൊരാളെ പ്രതിഷ്ഠിക്കാൻ സാധിച്ചില്ല.   വീടുവിട്ടിറങ്ങി ചെന്നെത്തിയത് സന്യാസം സ്വീകരിച്ച ഒരു  ബന്ധുവിന്റെ അടുത്ത്.  അങ്ങിനെ സാവിത്രിക്കുട്ടി എന്ന ഞാൻ സാവിത്രി സന്യാസിനിയായി..

അനുജത്തിമാരും അനുജന്മാരും പഠിച്ച്  ഓരോ നിലകളിൽ എത്തി.  ആരുമായും ബന്ധമൊന്നും ഇല്ല.   വേളി മുടക്കിയത് കാരണം എന്നെ പടിയടച്ച് പിണ്ഡം വെച്ച അച്ഛന്റെ മരണമറിഞ്ഞിട്ടും പോയില്ല.    അമ്മ മരിച്ചപ്പോൾ ഒന്നുപോയി കാൽക്കൽ വീണ് സമസ്താപരാധങ്ങൾക്കും മാപ്പുചോദിച്ചു.

സമൂഹത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചുകൊണ്ട് ഇരുപത്തിയഞ്ചു വർഷം.

"എല്ലാത്തിനേം പിടിച്ച് വണ്ടിയിൽ കേറ്റ്."

ശബ്ദം കേട്ടാണ്‌ ചിന്തയിൽ നിന്നും ഉണർന്നത്.   കുറെ റെയിൽവേ പോലീസുകാർ കൈകുഞ്ഞുമായി വന്ന ഭിക്ഷക്കാരിയെയും, പിന്നെ കുറെ കുട്ടികളെയും വ്യദ്ധകളെയും വലിയൊരു മുളവടി കൊണ്ട് അടിച്ച് ഓടിക്കുന്നുണ്ടായിരുന്നു.

****

സാറേ, ഒരു പത്ത് മിനുട്ട്, ഞാൻ ടി ടി റൂമിൽ ഒന്ന് പോയി വരാം.  എന്തു ചെയ്യാൻ പറ്റും എന്ന് നോക്കട്ടെ ."

റൂമിന്റെ ഒരു ഭാഗത്ത് ഇട്ടിരിക്കുന്ന സോഫയിൽ ജോസ്‌ ഇരുന്നു.  എല്ലാം പെട്ടെന്നായിരുന്നു.

അപ്പന്റെ പേര്  ഇടത്തേക്കാട്ടിൽ കുരിയപ്പൻ എന്നാണെങ്കിലും നാട്ടിൽ അറിയുന്ന പേര് ബ്ലേഡ് കുര്യൻ എന്നാണ്. കൈബലംകൊണ്ടും, കായബലം കൊണ്ടും കുരിയപ്പൻ അഴിഞ്ഞാടി ഭരിക്കുന്ന കാലം.  എളേപ്പനും വല്ല്യപ്പനും എല്ലാവരും കൂട്ടുകൂടുംബമായി ഒരു വലിയ  വീട്ടിൽ തന്നെയായിരുന്നു.

മൂത്തത് രണ്ട് ചേട്ടന്മാരും, ഒരു അനുജത്തിയും  ആണ്.  എളേപ്പന് ഒരു പെണ്ണും വല്ല്യപ്പന് രണ്ടു്  ആൺ പിള്ളേരും  ഞാനൊഴിച്ച് ബാക്കി ആൺപിള്ളേരെല്ലാവരെയും ഒരേ  നുകത്തിൽ കെട്ടാമെന്ന് അപ്പൻ പറഞ്ഞു കേൾക്കാറുണ്ട് കാരണം എല്ലാവരും  ഒന്നിനൊന്ന് തല തെറിച്ചവരും, പ്രശ്നക്കാരുമായിരുന്നു.

ആ വീട്ടിൽ ഞാൻ മാത്രമേ മുടങ്ങാതെ പള്ളിയിൽ പോകാറുള്ളൂ.  അമ്മയും അമ്മാമനും മിക്കവാറും എന്റെ കൂടെയാണ് പള്ളിയിൽ പോകാറുള്ളത്.  എന്നെ വീട്ടിൽ കുഞ്ഞാട് എന്നാണ് വിളിക്കുക, പരിഹസിച്ചിട്ടായാലും.

പത്തം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അനുജത്തിയുടെ കൂടെ  സാവിത്രിക്കുട്ടിയെ ആദ്യമായി കാണുന്നത്.  കുളിച്ച്  മുടി പിന്നിക്കെട്ടി ചന്ദനക്കുറിയിട്ട് ഒരു നിഷ്കളങ്കഗ്രാമീണസൗന്ദര്യം.    ആദ്യ നോട്ടത്തിൽ തന്നെ സാവിത്രിക്കുട്ടിയെ ഞാൻ മനസ്സാ കെട്ടി മണവാട്ടിയാക്കി.  പള്ളിയിൽ അച്ചനെ സഹായിക്കാൻ സ്വയം ഒരുങ്ങിയതും സാവിത്രിക്കുട്ടിയെ വഴിയിൽ കാണാമല്ലോ എന്ന ഒരൊറ്റ കാരണം ആണ്.   പത്താം ക്ലാസ് കഴിഞ്ഞപ്പോൾ നല്ല മാർക്കുണ്ടായിട്ടും  സ്‌കൂളിനോട് ചേർന്നുള്ള  കോളേജിൽത്തന്നെ ചേർന്നതും എല്ലാം.   സാവിത്രിക്കുട്ടിക്കും എന്നെ  ഇഷ്ടമാണെന്ന് ആ ചിരിയിൽ അറിയാമായിരുന്നു.    പക്ഷെ അത് തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.

കോളേജ് പഠനം കഴിഞ്ഞിറങ്ങും മുൻപ് സാവിത്രിക്കുട്ടിയോട് തന്റെ മനസ്സ് തുറക്കണമെന്നും, കാത്തിരിക്കണമെന്നും പറയണമെന്ന് മോഹിച്ചിരുന്നു.

ഡിഗ്രി അവസാനവർഷം  പഠിക്കുമ്പോൾ ആണ് അമ്മാമ്മയുടെ പെട്ടെന്നുള്ള മരണം.    അമ്മാമ്മയുടെ മരണം കഴിഞ്ഞശേഷം ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ അവർ തയ്യാറാക്കിയ വിൽപ്പത്രം എല്ലാവരും കൂടിയിരുന്നു  വായിക്കുകയുണ്ടായി.  അവരവർക്ക് ഭാഗിച്ചുകിട്ടിയ സ്വത്തിനെ പറ്റി ചർച്ചകൾ നടക്കുമ്പോൾ എനിക്കായ്  അമ്മാമ എഴുതിവെച്ചത് മറ്റൊന്നായിരുന്നു.  എന്നെ അച്ചൻ പട്ടത്തിന് വിടണമെന്ന  അമ്മാമയുടെ അവസാന ആഗ്രഹം കേട്ടതോടെ എന്റെ മനസ്സിലെ എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞു..

വീടിന്റെ അഭിമാനം, അപ്പന് പള്ളിയിൽ കിട്ടാൻ പോകുന്ന സ്റ്റാറ്റസ്, അതൊക്കെ മാത്രമായിരുന്നു അവരുടെ മനസ്സിൽ ഉണ്ടായിരുന്നത്.  ഞാൻ ദിവസവും പള്ളിയിൽ പോകുന്നതും വികാരിയച്ചനെ  സഹായിക്കുന്നതും പള്ളിക്കാര്യങ്ങളിൽ ഞാൻ കാണിക്കുന്ന  ശ്രദ്ധയും  എല്ലാം കൂട്ടി വായിച്ച് അവർ ദൈവത്തോടുള്ള എന്റെ അടുപ്പം അമ്മാമയിലൂടെ എന്നെത്തേടി വന്ന ദൈവവിളിയാക്കി മാറ്റി.

അന്ന് വികാരിയച്ചൻ  യാത്രയയപ്പ് യോഗത്തിൽ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഹാളിന്റെ പിന്നിലെ വാതിലിൽ സാരിത്തലപ്പുകൊണ്ട് മുഖം മറച്ചുകരയുന്ന സാവിത്രിക്കുട്ടിയെ  കണ്ടിരുന്നു. മനസ്സ് വ്യതിചലിക്കാൻ തുടങ്ങിയെങ്കിലും, മനസ്സിനെ  കരിങ്കല്ലാക്കി  കുടുംബത്തിന്റെ സ്റ്റാറ്റസ് നിലനിർത്താൻ സ്വന്തം ജീവിതം പണയം വെക്കാൻ തന്നെ തീരുമാനിച്ചു.  

സഭയിലേക്ക് കയറിയിട്ട് മുപ്പതോളം വർഷങ്ങൾ കഴിഞ്ഞു. കേരളത്തിലെ പല പള്ളികളിലും സേവനം ചെയ്തു.   ഒരു ദൈവഹിതമായിട്ടായിരിക്കാം  ഈ ഗ്രാമപ്രദേശത്ത് എത്തിപ്പെട്ടതും  വെള്ളപ്പൊക്ക സമയത്ത് ഹിന്ദു ക്രിസ്ത്യൻ ഭേദമന്യേ എല്ലാവരും കൂടെ പ്രവർത്തിക്കാൻ ആശ്രമത്തിൽ യോഗം കൂടാൻ എത്തിയതും അവിടെ വെച്ച് വർഷങ്ങൾക്ക് ശേഷം സാവിത്രിക്കുട്ടിയെ കാണാൻ കഴിഞ്ഞതും, ചിറകൊടിഞ്ഞ മോഹങ്ങൾക്ക് വീണ്ടും ജീവൻ വെച്ചതുമെല്ലാം.

"മാഷേ, വളരെ കഷ്ടപ്പെട്ടു എന്നാലും ഒരു സീറ്റ് ശരിയാക്കി, നിങ്ങൾ ഒന്ന് ഗോവ വരെ അഡ്ജസ്റ്റ് ചെയ്യേണ്ടിവരും.  ഗോവ കഴിഞ്ഞാൽ ഒരു സീറ്റ് കൂടി കിട്ടും, ഞാൻ ടി ടി യോട് പറഞ്ഞിട്ടുണ്ട്."  സ്റ്റേഷൻ മാഷ് ജോസിനോട് പറഞ്ഞു.

അദ്ദേഹത്തോട് നന്ദി പറഞ്ഞു ജോസ് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിലേക്ക്‌ നടന്നു.  

*****

അടുത്ത പ്രഭാതത്തിൽ സൂര്യൻ കിഴക്കേ മാനത്ത്  ഉദിച്ചുയർന്നപ്പോൾ നാട്ടിൻപുറത്തെ  ചായക്കടയുടെ മുൻപിൽ സ്ഥലത്തെ പ്രമാണിമാർ വട്ടമിട്ടിരുന്ന് പള്ളീലച്ചൻ  ആശ്രമത്തിലെ ഒരു സന്യാസിനിയേയും കൊണ്ട് ഒളിച്ചോടിയ വാർത്ത  പൊടിപ്പും തൊങ്ങലും ചേർത്ത് പുതിയ വ്യാഖ്യാനങ്ങൾ മെനഞ്ഞെടുക്കാനുള്ള  തിരക്കിലായിരുന്നു.

****

ഗിരി ബി വാരിയർ
ന്യൂ ഡെൽഹി

അക്ഷരദീപം സാംസ്കാരിക മാസികയിൽ പ്രസിദ്ധീകരിച്ചത്

Comments