കാലന്റെ വാരഫലം (നർമ്മഭാവന)
കാലന്റെ വാരഫലം
(നർമ്മഭാവന I ഗിരി ബി. വാരിയർ)
********
"നിങ്ങള് വന്നോ .. ന്നെന്താ വൈക്യേ.. "
ജോലി കഴിഞ്ഞുവന്ന് പോത്തിനെ തൊഴുത്തിൽ കെട്ടി കാടിവെള്ളം നല്ലപോലെ കൈയ്യിട്ട് കലക്കി കൊടുക്കുമ്പോൾ ഭാര്യ അടുക്കളയുടെ ജനാലയിലൂടെ തൊഴുത്തിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു
" ക്യാമ്പസ് സെലെക്ഷൻ വഴി 1500 പുതിയ ട്രെയിനി കാലന്മാരെ നിയമിച്ചിട്ടുണ്ട്..അവരുടെ ഓറിയന്റേഷൻ ഒക്കെയായി തിരക്കായിരുന്നു, ഇരിക്കാൻ നേരം കിട്ടിയില്ല. കുടിക്കാൻ ഒരു ഗ്ലാസ് തണുത്ത വെള്ളം തരൂ "
വടക്കയറെടുത്ത് തൊഴുത്തിന്റെ മുകളിൽ വെച്ചു. കിരീടം ഊരി തിണ്ണപ്പുറത്ത് വെച്ച്, പുറത്തെ ടാപ് തുറന്ന് കൈയും കാലും മുഖവും കഴുകി. ഈ കിരീടം ഇനി അധികകാലം പറ്റില്ല, പോത്തിനെ മാറ്റി എല്ലാവർക്കും ബുള്ളറ്റ് കൊടുക്കുന്ന വാർത്ത കാറ്റുവഴി പരന്നിരുന്നു. അപ്പോൾ പിന്നെ ഹെൽമെറ്റ് തന്നെ വേണ്ടിവരും.
കിരീടമെടുത്ത് വീട്ടിനകത്തേക്ക് കയറി കറുത്ത കോട്ടും, കഴുത്തിലും കൈയ്യിലും ഉള്ള ആടയാഭരണങ്ങളും രത്നങ്ങൾ പതിച്ച കിരീടവും അലമാരയിൽ വെച്ച് തിരിഞ്ഞപ്പോൾ ഭാര്യ ഒരു സ്റ്റീൽ ഗ്ലാസിൽ വെള്ളവുമായി വന്നു.
"നിങ്ങൾ ഈ സ്വർണ്ണാഭരണങ്ങളൊക്കെ മാറ്റി ഒരു ഗ്രാം സ്വർണത്തിൽ പൊതിഞ്ഞ ആഭരണങ്ങൾ ഇട്ടാൽ മതി. പോയാൽ തിരിച്ചുവരുന്നത് വരെ ഒരു സമാധാനോം ഇല്ല്യ. എല്ലാ കള്ളന്മാരെയും ഇങ്ങോട്ട് പിടിച്ചുകൊണ്ടുവന്ന് ഇപ്പോൾ ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി."
"ഞാനും ചിന്തിക്കാതിരുന്നില്യ. ഇനി ഭൂമിയിലേക്ക് പോകുമ്പോൾ ഒന്ന് നോക്കാം."
"എന്തായാലും ട്രെയിനികളെ എടുത്തത് നന്നായി, നിങ്ങൾ ഒറ്റയ്ക്ക് ഇനി ജില്ല മുഴുവൻ ഓടി നടക്കണ്ടല്ലോ ."
"ഇത്തവണ ഹിന്ദിയും ബംഗാളിയും അറിയുന്ന കുറെ പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.. കേരളത്തിൽ അതില്ലാതെ എളുപ്പമല്ല."
"അതേയ് അടുത്ത തവണ പോകുമ്പോൾ നല്ലൊരു സ്മാർട്ട് ഫോൺ കൊണ്ടുവരണം..ഇവിടെ "മരോ" നെറ്റ്വർക്കിൽ ഫ്രീ ഡാറ്റ പാക്കേജുണ്ട്. പഴയ ഫോണിൽ 2G മാത്രേ ഉള്ളു. നിങ്ങൾ പോയാൽ പിന്നെ വെറുതെ ഇരുന്ന് ഭ്രാന്ത് പിടിക്കും. 4G ആയിരുന്നെങ്കിൽ ഒരു ഭാഗത്തിരുന്നു് സിനിമയെങ്കിലും ഹോട്ട്സ്റ്റാറിലൂടെ കാണാമായിരുന്നു.
വിരമിച്ച CEO യമരാജന്റെ ഭരണപരിഷ്കാരം ആണ് ഈ 4G നെറ്റ് വർക്ക് ഇവിടെ വന്നത്. ഒരു വട്ടമേശസമ്മേളനത്തിന് അനന്തപുരി പത്മനാഭസ്വാമിക്ഷേത്രത്തിൽ പോയപ്പോൾ ആണ് അവിടെ നിറയെ ജിയോ നെറ്റ് വർക്കിന്റെ പരസ്യം കണ്ടത്. എല്ലാവരും സ്മാർട്ട്ഫോണിൽ സിനിമ കാണുന്ന തിരക്കിലായിരുന്നു. അത് കണ്ട് ഇവിടെ വന്ന് പുതിയ 4G സ്പെക്ട്രം കമ്പനികൾക്കു കൊടുത്ത് "മരോ" നെറ്റ് വർക്ക് ഇവിടെ ആരംഭിച്ചു. പക്ഷെ സ്മാർട്ട് ഫോണിനൊക്കെ വലിയ വിലയാണ്.
"നിങ്ങൾ ആ നോർത്തിന്ത്യയിൽ പോസ്റ്റിങ്ങുണ്ടായിരുന്ന കാലന്മാരെ കണ്ട് പഠിക്ക്. അവരൊക്കെ ചുരുങ്ങിയ കാലം കൊണ്ടു് നാലുതലമുറക്കുള്ളത് ഉണ്ടാക്കിയിട്ടിട്ടുണ്ട്. ആരെയെങ്കിലും കൊണ്ടുവരാൻ പോയാൽ, അവിടെ ചെന്ന് അയാളുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങി അതേ പേരിലുള്ള വേറെ ആരെയെങ്കിലും ഇങ്ങോട്ട് കൊണ്ടുവരും, നിങ്ങളോ, ഓരോരുത്തരുടെയും ആധാറും, രക്തവും പരിശോധിച്ച് ഉറപ്പുവരുത്തി കൊണ്ടുവരും.."
"എടീ, അത് നോർത്തിന്ത്യയാണ്. ഇവിടെ ചോദിക്കാൻ പോയാൽ കിട്ടുന്നത് അഞ്ചിന്റെയും പത്തിന്റെയും തുട്ടുകൾ ആണ്. അത് മാത്രോല്ല, ഇപ്പൊ പണ്ടത്തെ പോലെ കാലനെ ആൾക്കാർക്ക് പേടിയൊന്നും ഇല്ല. ചെറുപ്പക്കാർക്ക് തൊഴിലില്ലായ്മ മൂത്ത നിരാശ, ജോലിയുള്ളവർക്ക് വിലക്കയറ്റം കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥ, പൈസയുള്ളവർക്ക് പ്രഷറും ഷുഗറും ആയി, ഹോസ്പിറ്ലുകളിൽ, അവരുടെ മക്കൾ ഫ്രീക്കന്മാർ ആയി ഒന്നുകിൽ ബൈക്കെടുത്ത് ചെത്തി നടക്കും അല്ലെങ്കിൽ മയക്കുമരുന്ന് കഴിച്ച് ബോധം ഉണ്ടാവില്ല, അവർക്ക് മരണമെന്നോ കാലനെന്നോ ഒരു ഭയം അല്ല."
"ശര്യാണ് .. പണ്ടൊക്കെ നമ്മുടെ മുൻപിലുള്ള ഭൂമിയിൽ നിന്നും നരകത്തിലേക്കുള്ള ഹൈവേയിൽ ഇടക്കൊക്കെ ഓരോ മാരുതി ഓമ്നി മാത്രേ കാണാറുള്ളു, ബാക്കിയെല്ലാം പോത്തിന്റെ പുറത്തിരുത്തി കൊണ്ടുവരുന്നതായിരുന്നു കണ്ടിരുന്നത്.. ഇപ്പോൾ ഒരു മാർക്കോപോളോ ലോ ഫ്ലോർ AC ബസ്സ് കുത്തിനിറച്ചു വരുന്നത് കാണാം."
"ഇതൊന്നും പോരാതെ മക്കളൊക്കെ ഉപേക്ഷിച്ച് ശരണാലയങ്ങളിൽ കഴിയുന്നവരുടെ കാര്യം അതിലും കഷ്ടമാണ്, എല്ലാവരും എന്നെ കൊണ്ടുപോ എന്നും പറഞ്ഞു നിലവിളിയാണു്. നമുക്ക് തന്നെ സങ്കടം തോന്നും. ഒരാളെ കൊണ്ടുവരുമ്പോൾ മറ്റുള്ളവരെ മുഖത്തെ നിരാശ കണ്ടാൽ സഹിക്കില്ല. ചിലപ്പോൾ തോന്നും എല്ലാവരെയും കെട്ടിപ്പെറുക്കി കൂടെ കൊണ്ടുവന്നാലോ എന്ന്."
"അല്ലെങ്കിലും നിങ്ങളൊന്നും കാലൻ ആവാനുള്ളതായിരുന്നില്ല, നരകത്തിലെ PSC എഴുതി നല്ല റാങ്ക് കിട്ടിയതുകൊണ്ട് മാത്രം ആയതാണ്."
"പണ്ടൊക്കെ ആത്മാക്കളെയും കൊണ്ടുവരുമ്പോൾ അവർ ചോദിക്കുമായിരുന്നു അടുത്ത ജന്മത്തിലും അവർക്ക് ഭൂമിയിൽ അതേ വീട്ടിൽ ജനിക്കാൻ പറ്റുമോ എന്നൊക്കെ, ഇപ്പോൾ പലരും മനുഷ്യജന്മം തന്നെ വേണ്ടാ എന്ന മട്ടിൽ ആണ്. ഈ പോക്ക് പോയാൽ ബ്രഹ്‌മാവ് കുറെ കഷ്ടപ്പെടും."
"ശര്യാ, കഴിഞ്ഞ ആഴ്ച ഒരു കിറ്റിപാർട്ടിക്ക് പോയപ്പോൾ പാർവതി ദേവിയെ കണ്ടിരുന്നു, അവർ പറഞ്ഞു, ശിവന് ദിവസോം പൂജയുണ്ടാവാറുണ്ടത്രെ , വീട്ടിൽ വയ്യാതെ കിടക്കുന്നവരെ പെട്ടെന്ന് ഇങ്ങാട്ട് കൊണ്ടുപോകാൻ പറഞ്ഞുകൊണ്ട്. ഇതെന്താണ് ഗോഡൌണാണോ “
"കഴിഞ്ഞ ഓൾ യൂണിവേഴ്സ് ഗോഡ്സ് അസോസിയേഷൻ മീറ്റിംഗിൽ യമരാജനും ദൈവങ്ങളോട് പറഞ്ഞത് ഇത് തന്നെയാണ്. മരിക്കാൻ വേണ്ടി ആരെങ്കിലും പ്രാർത്ഥിച്ചാൽ അവ സ്വീകരിക്കരുതെന്നും കുട്ടികൾ ഉണ്ടാവാൻ പ്രാർത്ഥിച്ചാൽ ഒന്നിനുപകരം രണ്ടോ മൂന്നോ കൊടുത്തോളാനും ആണ് പറഞ്ഞിട്ടുള്ളത്. കൊണ്ടുവന്ന ആത്മാക്കൾക്ക് ചിലവിന് കൊടുക്കാൻ സ്വർഗ്ഗത്തിലും നരകത്തിലും ബഡ്ജറ്റ് കുറവാണെന്ന്."
"അയ്യോ.. യമരാജന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഓർത്തത്, നിങ്ങൾക്ക് പുതിയതായി ചാർജെടുത്ത യമരാജന്റെ ഓഫീസിൽ നിന്നും ഒരു ഫോൺ ഉണ്ടായിരുന്നു. ഒരു ഇമെയിൽ ഇട്ടിട്ടുണ്ട്, നോക്കണം എന്ന് പറയാൻ.."
"പുതിയ യമരാജൻ വല്ലാത്ത ദുഷ്ടൻ ആണെന്നാണ് കേട്ടത്. PhDയും MBA യും ഒക്കെ കഴിഞ്ഞ കക്ഷിയാണ്. ചിലവ് കുറക്കാനുള്ള പുതിയ ഭരണപരിഷ്‌കാരങ്ങൾ ആണ് കക്ഷിയുടെ മുഖ്യ ഹോബി. നീയെന്തായാലും ഒരു ഗ്ലാസ് ഹോർലിക്സ് പാലിൽ കലക്കി താ, വല്ലാത്ത ക്ഷീണം, ഞാൻ ഇമെയിൽ നോക്കാം..."
ഭാര്യ പാലെടുക്കാൻ അടുക്കളയിൽ പോയപ്പോൾ കാലൻ ഇമെയിൽ തുറന്നു വായിച്ചു. അതിലെ ഉള്ളടക്കം കണ്ട് തരിച്ചിരുന്നുപോയി.
ഭാര്യ തിരിച്ചുവന്നപ്പോൾ പഴയ ചാരുകസേരയിൽ എന്തോ പോയ അണ്ണാനെപ്പോലെ തളർന്നിരിക്കുന്നു കാലനെ ആണ് കണ്ടത്.
"എന്തുപറ്റി ചേട്ടാ..പ്രശ്നം വല്ലതും ഉണ്ടോ.."
"എടീ, എല്ലാ സീനിയർ കാലന്മാരോടും വളണ്ടറി റിട്ടയർമെന്റ് എടുക്കാൻ. നാളെതൊട്ട് ജോലിക്ക് വരേണ്ടത്രെ, ലീവിൽ പ്രവേശിച്ചോളാൻ. പുതിയതായി ചാർജെടുത്ത ട്രെയിനീ കാലന്മാർ നോക്കിക്കോളുമത്രെ. പിന്നെ ഭൂമിയിൽ പോയി ആത്മാക്കളെ കൊണ്ടുവരേണ്ട ആവശ്യം ഇനി ഇല്ലത്രെ, കൊണ്ടുവരാനുള്ള ട്രാൻസ്‌പോർട്ടിങ്ങ് ചാർജ്ജും പോത്തുകളുടെ മെയിന്റനൻസും, മൃഗസംരക്ഷണസമിതിയുടെ വക നിയന്ത്രണങ്ങളും, പോത്തിനെ ഇത്ര ദൂരം നടത്താൻ പാടില്ല, രാത്രി കാലങ്ങളിൽ ഉറക്കമില്ലാതെ ജോലി ചെയ്യിക്കരുത് എന്നിങ്ങനെ. അതും പോരാതെ കാലന്മാരുടെ TA / DA ബത്ത ഒക്കെ ആവുമ്പോൾ ഒരുപാട് ചിലവ് ആവുന്നതിനാൽ അതൊക്കെ ഒരു ഏജൻസിക്ക് കോൺട്രാക്ട് കൊടുക്കാൻ പോകുകയാണത്രെ. നരകത്തിൽ സാമ്പത്തിക മാന്ദ്യം ആയതിനാൽ ഉള്ള ചില നിയന്ത്രണങ്ങൾ ആണത്രേ.. ഇന്നത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കിട്ടും, പിന്നെ നല്ലൊരു തുക ബാങ്കിൽ വരും. കൂടാതെ പോത്തിനേയും വടക്കയറും നമുക്ക് തരും, അതിനെയും കൊണ്ട് ഇനിയുള്ള കാലം പാടത്ത് പൂട്ടാൻ പൊയ്ക്കോളാൻ. വടക്കയർ കൊണ്ട് വല്ല കിണറുപണിക്കും പോകുകയും ആവാമത്രേ.."
"ഇപ്പോൾ മനസ്സിലായില്ലേ ആത്മാർത്ഥത പുഴുങ്ങി തിന്നാൽ വയർ നിറയില്ല എന്ന്. നിങ്ങടെ കൂടെ ജോലി ചെയ്തിരുന്നവർ, കൈക്കൂലി വാങ്ങി കാശുണ്ടാക്കി ഇപ്പോൾ ഇവിടെ ക്യഷിസ്ഥലം വാങ്ങി ജൈവകൃഷി നടത്തുകയാണ്. അവരുടെ കണ്ടത്തിൽ പോത്തിനേയും കൊണ്ട് ഉഴാൻ പോകുന്നതിലും നല്ലത്, ബ്രഹ്‌മാവിനെ കണ്ട് തിരിച്ച് ഭൂമിയിൽ ജനിക്കാൻ ഒരു ജന്മം ആവശ്യപ്പെടുന്നതാണ്."
അവൾ പറയുന്നതിലും കാര്യം ഉണ്ട്.. ഇത്രയും കാലം രാവും പകലും ഇല്ലാതെ ജോലിചെയ്തിട്ട് എന്തുണ്ടാക്കി. ഒന്നു രണ്ട് സ്ഥലത്ത് ഗൃഹനാഥനെ കൊണ്ടുവരുമ്പോൾ അവിടുത്തെ അവസ്ഥ കണ്ട് സ്വർണ്ണത്തിന്റെ മോതിരം അവിടെയിട്ട് പോന്നിട്ടുണ്ട്. അതിന്റെ കലിപ്പ് ഭാര്യയ്ക്ക് ഇപ്പോഴും ഉണ്ട്. ജോലിയിൽ നിന്നും വിരമിച്ചാൽ ഈ ക്വാർട്ടേഴ്‌സ് ഒഴിഞ്ഞുകൊടുക്കേണ്ടിവരും. വർഷങ്ങൾക്ക് മുൻപ് സ്വർഗ്ഗം കാരുണ്യ ലോട്ടറിയിൽ പത്തുലക്ഷം കിട്ടിയപ്പോൾ മലമുകളിൽ പത്തുസെന്റ് സ്ഥലം വാങ്ങിയതല്ലാതെ, ഒന്നും സമ്പാദിച്ചിട്ടില്ല. അവിടെ ഒരു വീട് തട്ടിക്കൂട്ടണം.
കഴിഞ്ഞ ആഴ്ച എല്ലാ ജില്ലകളിലെയും കാലന്മാരും സംസ്ഥാന കാലസംഗമത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ സ്വർഗ്ഗഭൂമി വാരികയിലെ കാലന്മാരുടെ സമയം ശരിയല്ല എന്ന് എഴുതിയിരുന്നത് വായിച്ചു ചിരിച്ചിരുന്നു, പക്ഷേ അതിത്ര അച്ചിട്ട് വാർത്തതുപോലെയാവും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..
"ഒരു പശുവിനെ ആയിരുന്നു കിട്ടിയിരുന്നെങ്കിൽ പാല് വിറ്റെങ്കിലും ജീവിക്കാമായിരുന്നു. ഈ മുതുക്കിളവൻ പോത്തിനെക്കൊണ്ട് എന്തുകാര്യം.." അടുക്കളയിൽ നിന്നും ഭാര്യ വിളിച്ചുപറഞ്ഞു.
പറഞ്ഞത് പുറത്ത് തൊഴുത്തിൽ കെട്ടിയിരിക്കുന്ന പോത്തിനെ നോക്കിയാണെങ്കിലും അവൾ ഉദ്ദേശിച്ചാണ് തന്നെയാണെന്ന് കാലന് നന്നായി മനസ്സിലാവുണ്ടായിരുന്നു.
പോത്തിന്റെ പുറത്തിരുന്ന് ഗമയോടെ നടന്നിരുന്ന ആ കാലം കാലൻ മനസ്സിലോർത്തു, തന്നെ കണ്ടാൽ പട്ടികൾ ഓരിയിടുന്നതും, തട്ടിന്മുകളിൽ നത്തുകൾ ചിലക്കുന്നതും പ്രക്യതിതന്നെ ഭയന്ന് വിറക്കുന്നതും .. എല്ലാം ഇനി ഓർമ്മകൾ മാത്രം.
മുപ്പതു ദിവസത്തെ നോട്ടീസ് പോലും തരാതെ പകരം VRS എന്ന ക്യാരറ്റുകാട്ടി ഉണ്ടായിരുന്ന ജോലി തട്ടിപ്പറിച്ച പുത്തൻ CEO യമരാജനെ മനസ്സുരുകി പ്രാകി,
ഒരു ദീർഘനിശ്വാസം ഇട്ട് ചാരുകസേരയിൽ ചുരുണ്ട് കിടന്ന് സ്വർഗ്ഗഭൂമി പത്രത്തിന്റെ ഉൾത്താളുകളിലെ പരസ്യങ്ങളിൽ കണ്ണോടിച്ചു, ശിഷ്ടകാലം കഴിയാൻ വല്ല ATM ഗാർഡിന്റെയെങ്കിലും ജോലി തരപ്പെടുമോ എന്നു നോക്കാൻ.
(ശുഭം)
ഗിരി ബി വാരിയർ
11 ഫെബ്രുവരി 2020



Comments
Post a Comment