ശവംതീനി ഉറുമ്പുകൾ
ശവംതീനി ഉറുമ്പുകൾ
(കഥ | ഗിരി ബി വാരിയർ)
************************
#ഇടം/ പാഠാന്തരം മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കഥ
****
“വാദിയായ കുന്നുപറമ്പിൽ അശോകൻ മകൻ നാരായണൻ ഈ കോടതിയിൽ സമർപ്പിച്ച കീഴ്ക്കോടതി വിധിക്കെതിരെ റിവ്യൂ ഹർജ്ജി പരിഗണിക്കുകയും, തുടർന്ന് കിഴക്കേവീട്ടിൽ സോമനാഥന്റെ മകൾ ഗീതയുടെ മകന്റെ DNA ടെസ്റ്റ് നടത്തിയതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാദി നിരപരാധിയാണെന്ന നിഗമനത്തിൽ ഈ കോടതി എത്തിച്ചേർന്നിരിക്കുന്നു. ആയതിനാൽ ഈ കേസിനാസ്പദമായ കീഴ്കോടതിയുടെ വിധി റദ്ദാക്കിയതായും വാദിയായ കുന്നുപറമ്പിൽ അശോകൻ മകൻ നാരായണനെ നിരുപാധികം വിട്ടയയ്ക്കാനും ഈ കോടതി ഉത്തരവിടുന്നു.”
ജഡ്ജിയുടെ വിധിപ്രഖ്യാപനത്തിന്റെ പ്രധാന ഭാഗങ്ങൾ ജോൺ വായിച്ചു
"ഈ വാർത്ത നാളെ എല്ലാ പത്രങ്ങളിലും വരും വലിയ അക്ഷരത്തിൽ “മകളെ പീഡിപ്പിച്ചുവെന്ന കുറ്റം പേറി ജീവിച്ച അച്ഛന് മരണാനന്തരം ന്യായം ലഭിച്ചു” ശ്രീനാഥ് പറഞ്ഞു.
ബിരുദാനന്തര ബിരുദം മാസ്സ് കമ്മ്യൂണിക്കേഷൻ എടുക്കാൻ ഉള്ള പ്രചോദനം ജോണിന്റെ ഡാഡിയുടെ ബാല്യകാലസുഹൃത്തും മുതിർന്ന പത്രപ്രവർത്തകനുമായ മേനോൻസാർ ആണ്. ഇംഗ്ലീഷ് ലിറ്ററേച്ചറിലും മലയാളം ലിറ്ററേച്ചറിലും ആയി ഡബിൾ പി ജി ചെയ്ത ആളാണ് മേനോൻ സാർ. കേരളത്തിലെ മികച്ച ഒരു പത്രത്തിന്റെ പത്രാധിപർ ആയ അദ്ദേഹത്തിന്റെ കൂടെ തന്നെ ട്രെയിനിങ് ചെയ്യാൻ ജോണിന് അവസരം ലഭിച്ചു.
മേനോൻ സാർ പറഞ്ഞത് പോലെ, വാർത്ത അറിയാൻ ഏതെങ്കിലും ഒരു പത്രം എടുത്ത് വായിച്ചാൽ മതി, അല്ലെങ്കിൽ ടിവി തുറന്നാൽ നിറയെ വാർത്തകളാണ് പോരാത്തതിന് സാമൂഹ്യമാധ്യമങ്ങളും.. നമുക്ക് വേണ്ടത് വാർത്തയല്ല, അതിന്റെ പിറകിലെ കഥയാണ്, പച്ചയായ ജീവിതങ്ങളുടെ കഥ.
വളരെ ആകസ്മികമായാണ് പത്താം ക്ലാസ്സ് വരെ ഒരേ ബഞ്ചിൽ ഇരുന്ന് പഠിച്ചിരുന്ന ശ്രീനാഥിനെ ജോൺ കാണുന്നത്. നിയമത്തിൽ ബിരുധമെടുത്ത ശ്രീനാഥ് നഗരത്തിലെ പ്രമുഖനായ ഒരു വക്കിലിന്റെ കൂടെ പ്രാക്ടീസ് ചെയ്യുകയാണ്. പ്രമാദമായ ഒരു കേസിന്റെ വിധി അന്ന് ഹൈക്കോർട്ടിൽ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
ഒരു കഥക്ക് വേണ്ടി ജോൺ പരക്കം പായുന്നത് കണ്ടപ്പോൾ ശ്രീനാഥാണ് ആ വിധിയുടെ പകർപ്പ് ജോണിന് കൊടുത്തത്.
പന്ത്രണ്ട് കൊല്ലം മുൻപ് ഭാര്യയുടെ ആദ്യഭർത്താവിലുണ്ടായിരുന്ന പതിനാറ് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഒരു പിതാവിന്റെ കേസ്. കീഴ്കോടതി ശിക്ഷ ശരിവെച്ച് ജീവപര്യന്തം തടവിന് വിധിച്ചു. സംഭവം നടന്ന് ഒന്നര വർഷങ്ങൾക്ക് ശേഷം മകൾ ഒരപകടത്തിൽ മരിച്ചിരുന്നു. അതൊരു കൊലപാതകമാണെന്ന് ചിലർക്കെങ്കിലും തോന്നിയിരുന്നുവെങ്കിലും ആരും തുടർന്ന് പരാതിയൊന്നും നൽകാഞ്ഞതിനാൽ ആ കേസ് തേഞ്ഞ് മാഞ്ഞ് പോയി.
തന്റെ പേരിലുള്ള കുറ്റം തെറ്റാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കണം എന്ന ഒരൊറ്റ വാശിയിൽ വീണ്ടും ഹൈക്കോടതിയിൽ കേസിന് അപ്പീൽ പോയതാണ്.
നാരായണന് കീഴ്ക്കോടതിയിൽ ശരിയായ നീതി കിട്ടിയില്ലെന്നും പല വസ്തുതകളും മറച്ചു വെച്ചിരിന്നുവെന്നും ഹൈക്കോടതി വിധിയിൽ വളരെ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
"നമുക്കൊന്ന് ഇതിന്റെ പിറകേ പോയാലോ?" ജോൺ ശ്രീനാഥിനോട് ചോദിച്ചു.
"ഞാൻ റെഡി, ഒരു നല്ല കേസ് സ്റ്റഡി ആവും.''
ശ്രീനാഥ് കോടതിയിൽ ഉള്ള തന്റെ പരിചയം വെച്ച് ഫയലിൽ നിന്നും മേൽവിലാസം തപ്പിയെടുത്തു. അടുത്ത ദിവസം തന്നെ നാരായണന്റെ ഭാര്യയെ തേടി രണ്ടുപേരും പുറപ്പെട്ടു. പക്ഷേ ആ വീട് പൂട്ടിക്കിടക്കുകയായിരുന്നു.
തൊട്ടടുത്ത വീട്ടിൽ ചോദിച്ചപ്പോൾ ആ വീട്ടിലെ സ്ത്രീ പറഞ്ഞാണറിഞ്ഞത് നാരായണൻ ജയിലിൽ പോയതിന് ശേഷം, മകൾ ഏതോ അപകടത്തിൽ മരിച്ചെന്നും, അതോടെ അവിടെനിന്ന് എല്ലാം വിറ്റ് നാരായണന്റെ ഭാര്യ നഗരത്തിൽ എവിടെയോ ഒരു ചെറിയ വീട് വാങ്ങി അങ്ങോട്ട് മാറിപ്പോയെന്നും മറ്റും. നാരായണന്റെ ഒരു അകന്ന ബന്ധുവിന്റെ മൊബൈൽ നമ്പർ ആ സ്ത്രീ അവർക്ക് കൊടുത്തു.
പിന്നീട് ആ ബന്ധു മുഖാന്തിരം നാരായണന്റെ ഭാര്യ ലീലയുടെ പുതിയ മേൽവിലാസം അവർ കണ്ടു പിടിച്ചു.
അടുത്ത ദിവസം പുതുതായി കിട്ടിയ മേൽവിലാസത്തിൽ എത്തി. പണ്ട് പാലക്കാടും, തഞ്ചാവൂരിലും മറ്റും കണ്ടിട്ടുള്ള അഗ്രഹാരങ്ങളെപ്പോലെ, ഒരു ചെറിയ വഴിക്ക് ഇരുവശത്തും നിരനിരയിൽ ഏഴോ എട്ടോ വീടുകൾ. പണ്ടേതോ ചേരിയായിരുന്നു ഇവിടം, പിന്നീട് സർക്കാർ ധനസഹായത്താൽ അത് ഓടിട്ട് താമസസൌകര്യങ്ങൾ ആക്കിയതാണ്.
വാതിൽ മുട്ടിയപ്പോൾ കുറച്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് അവിടെ കണ്ടത്. കോടതിയിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ സ്ത്രീയ്ക്ക് അൻപത്തിയഞ്ച് വയസ്സിനടുത്തേ കാണൂ, പക്ഷെ നേരിൽ കാണുമ്പോൾ അറുപത്തിയഞ്ച് വയസ്സെങ്കിലും തോന്നും. ഞങ്ങളുടെ മുഖത്തെ സംശയം കണ്ടിട്ടാവാം അവർ കല്ല്യാണ ഫോട്ടോയും ഇലക്ഷൻ കാർഡിന്റെ കോപ്പിയും കാണിച്ചു തന്നു.
"ഞാൻ മോന് മരുന്ന് വാങ്ങാൻ ഇറങ്ങുകയായിരുന്നു, വരൂ കയറിയിരിക്കൂ”
"ഞാൻ ജോൺ, ഒരു പത്രപ്രവർത്തകനാണ്. ഇതെന്റെ സുഹൃത്ത് ശ്രീനാഥ് , വക്കീലാണ്. ഞങ്ങൾക്ക് നാരായണേട്ടന്റെ കേസിനെപ്പറ്റി ഒന്ന് പഠിക്കണം, അതിന് ലീലചേച്ചി വിചാരിച്ചാൽ നടക്കും “
നിരാശ കലർന്ന ഒരു ചിരി മുഖത്ത് വരുത്തി അവർ പറയാൻ തുടങ്ങി.
"മോനേ, കുറേ കാലം കൊണ്ട് ഞങ്ങൾ ശ്രമിക്കുന്നു ഈ വാർത്തയൊന്ന് പത്രത്തിൽ കൊണ്ടുവരാൻ. പക്ഷേ ഇതിന് പിന്നിൽ ചിലർ കളിക്കുന്നുണ്ട്. ഇനിയിപ്പോൾ ഒന്നും ചെയ്തിട്ട് കാര്യം ഇല്ല, അദ്ദേഹം പോയില്ലേ"
"സത്യം എന്നായാലും പുറത്ത് വരണം. നാരായണേട്ടൻ മകളെ നശിപ്പിച്ചിട്ടില്ല എങ്കിൽ പിന്നെ ആരാവാം അത് ചെയ്തത് . അത് പുറത്ത് കൊണ്ടുവന്നാലേ മരിച്ചു പോയ നാരായണേട്ടന് ശരിയായ ന്യായം ലഭിക്കൂ.''
"അതൊരു വലിയ കഥയാ മോനേ..” അവർ പറയാൻ തുടങ്ങി.
എനിക്ക് ഇരുപത്തിയേഴ് വയസ്സുള്ളപ്പോൾ ആണ് ഞാനും എന്റെ ആദ്യഭർത്താവ് സോമേട്ടനും തമ്മിലുള്ള വിവാഹം നടന്നത്. ഇരുപത്തിയൊൻപതാം വയസ്സിൽ മകൾ പിറന്നു. ഗീത. അവൾക്ക് പത്ത് വയസ്സുള്ളപ്പോൾ തെങ്ങിൽ നിന്നും വീണ് സോമേട്ടൻ മരിച്ചു
നാരായണേട്ടൻ സോമേട്ടന്റെ സുഹൃത്തായിരുന്നു. സോമേട്ടൻ ഉള്ളപ്പോൾ പതിവായി വീട്ടിൽ വരാറുണ്ടായിരുന്നു. സോമേട്ടന്റെ മരണശേഷം കുറേ കാലം അദ്ദേഹം വന്നില്ല. ഗൾഫിൽ ആയിരുന്ന അദ്ദേഹം അഞ്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരിക്കൽ വീട്ടിൽ വന്നു. എന്നെ വിവാഹം ചെയ്യാൻ അദ്ദേഹത്തിന് മോഹമുണ്ടെന്ന് പറഞ്ഞു. സ്വന്തം മകളെപ്പോലെ ഗീതയെ നോക്കിക്കൊള്ളാം എന്ന് എനിക്ക് ഉറപ്പും തന്നു.
ആരോടും ചോദിക്കാനൊന്നും ഉണ്ടായിരുന്നില്ല. അങ്ങിനെ അടുത്തൊരമ്പലത്തിൽ വെച്ച് താലികെട്ടി അയാളുടെ ജീവിതത്തിലേക്ക് എന്നെ കൊണ്ടുപോയി
ഗീതയോടുള്ള സ്നേഹം കുറയരുത് എന്ന് കരുതി രണ്ടാമതൊരു കുട്ടി വേണ്ട എന്നദ്ദേഹം പറഞ്ഞു.
നാരായണേട്ടനെ ഞാൻ വിവാഹം ചെയ്തത് ഗീതയ്ക്ക് ഇഷ്ടമല്ലായിരുന്നു എന്ന് തിരിച്ചറിയാൻ സമയമെടുത്തു. ഗീതയുടെ കൂട്ടുകെട്ടുകളൊന്നും ശരിയല്ലെന്ന് നാരായണേട്ടൻ പറയുമായിരുന്നു. ഞാനത് അവളോട് ചോദിച്ചപ്പോൾ മുതൽ അവൾക്ക് നാരായണേട്ടനോട് ദേഷ്യമായി.
ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു ദിവസം ഗീതയെ കാണാതായി, കാലത്ത് കോളേജിലേക്കെന്ന് പറഞ്ഞിറങ്ങിയ ഗീത രാത്രിയായിട്ടും തിരിച്ചെത്തിയില്ല. അതേ ദിവസം എന്തോ കാര്യത്തിന് നാരായണേട്ടൻ പാലക്കാട് പോയിരിക്കുകയായിരുന്നു.
പാലക്കാട്ട് നിന്നും തിരിച്ചു വന്ന നാരായണേട്ടൻ പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി എഴുതിക്കൊടുത്തു. പിന്നീട് നാരായണേട്ടന്റെ ഒരു സുഹ്യത്ത് മുഖേന കോട്ടയത്തിനടുത്ത് ഒരു റിസോർട്ടിൽ വെച്ച് ഗീതയെ ഒരു ചെറുപ്പക്കാരന്റെ കൂടെ കണ്ടു എന്നറിയാൻ കഴിഞ്ഞു. അവിടെയെത്തി അന്ന് ആ പയ്യനെ നാരായണേട്ടൻ ഒരുപാട് ശകാരിച്ചു, പിന്നീടത് കയ്യേറ്റത്തിൽ അവസാനിച്ചു. അവിടെനിന്നും ഗീതയെ ബലമായി പിടിച്ച് വീട്ടിൽ കൊണ്ടു വന്നു.
ആ സമയത്താണ് ഗീതയുടെ ഉദരത്തിൽ ഒരു ജീവന്റെ തുടിപ്പുണ്ടെന്നറിഞ്ഞത്.. അന്നും നാരായണേട്ടൻ ഗീതയെ നല്ലപോലെ ശിക്ഷിച്ചു
അടുത്ത ദിവസം ഗീത പോലീസ് സ്റ്റേഷനിൽ പോയി തന്റെ രണ്ടാനച്ഛനായ നാരായണൻ കഴിഞ്ഞ ഒരു വർഷമായി നിരന്തരം തന്നെ പീഡിപ്പിച്ചിരുന്നുവെന്നും താനിപ്പോൾ ഗർഭിണിയാണെന്നും പരാതി കൊടുത്തു.
നാരായണേട്ടൻ പാലക്കാട് പോയതിന് തെളിവൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല. ആരെയോ പ്രീതിപ്പെടുത്താനായി തന്നെ റിസോർട്ടിൽ കൊണ്ടുപോയിരുന്നുവെന്നും മറ്റും പരാതിയിൽ എഴുതിയിരുന്നു. റിസോർട്ടിൽ നിന്നും നാരായണേട്ടൻ മകളെ കൊണ്ട് വരുന്നതിന് ദൃക്സാക്ഷികളെ മകൾ നിരത്തി.
അന്ന് നാരായണേട്ടനുമായി വഴക്കുകൂടിയ പയ്യൻ നാട്ടിലെ പ്രമാണിയായ അവറാച്ചൻ മുതലാളിയുടെ ഒറ്റപ്പുത്രനായിരുന്നു. അവർ കാശു് വാരിക്കോരി എറിഞ്ഞ് സ്വാധീനിക്കാൻ പറ്റുന്നവരെയൊക്കെ സ്വാധീനിച്ച് നാരായണേട്ടനെ ജയിലിലയക്കുന്നതിൽ വിജയിച്ചു. ഞാൻ പൊലീസിന് കൊടുത്ത മൊഴി അവർ കണക്കിലെടുത്തില്ല. ഞാനും കൂട്ടുനിന്നിട്ടാണ് എല്ലാം നടന്നതെന്ന് അവർ വരുത്തിക്കൂട്ടി. ഞാനും കൂട്ടുനിന്നിട്ടാണ് എല്ലാം നടന്നതെന്ന് അവർ വരുത്തിക്കൂട്ടി, മാത്രവുമല്ല, എന്നെയും കൂട്ടുപ്രതിയാക്കുമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തി..
താൻ കുറ്റക്കാരൻ അല്ലെന്നും, ഗീതയെ മറ്റൊരു രീതിയിൽ ഒരിക്കലും കണ്ടിട്ടില്ലെന്നും ആണയിട്ടുപറഞ്ഞിട്ടും ആരും അത് ചെവികൊണ്ടില്ല. മകളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ DNA പരിശോധിക്കണം എന്ന് ഒരു അപേക്ഷ കോടതിയിൽ സമർപ്പിക്കാൻ തീരുമാനിച്ചപ്പോഴാണ് ഒരു ഭീഷണി ലഭിക്കുന്നത്. ഭാര്യയേയും മകളെയും കൊല്ലുമെന്നായിരുന്നു ഭീഷണി. അങ്ങിനെ വിചാരണത്തടവുകാരനായി ആറ് കൊല്ലം ജയിലിൽ കഴിഞ്ഞ ശേഷം, കീഴ്കോടതി നാരായണേട്ടനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ഇതിനിടയിൽ മകൾ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. അവളുടെ മകന് ഏഴ് മാസം പ്രായമുള്ളപ്പോൾ ഒരു ദിവസം മകനേയും കൊണ്ട് ആശുപത്രിയിൽ പോയ മകളെ ഒരു വലിയ ട്രക്ക് തട്ടിയിട്ടു. രണ്ടു പേരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മകളെ രക്ഷിക്കാനായില്ല. മരിക്കുന്നതിന് മുൻപ് അവൾ എന്നോട് സത്യങ്ങൾ തുറന്നുപറഞ്ഞു.
അവറാച്ചൻ മുതലാളിയുടെ മകൻ എബ്രഹാമിനെ അവൾ അവനെ സ്നേഹിച്ചിരുന്നെന്നും, അവളെ വിവാഹം ചെയ്യാമെന്ന വാഗ്ദാനത്തിൽ ആണ് അന്ന് കോട്ടയത്തിനടുത്ത് ഒരു റിസോർട്ടിൽ കൊണ്ടുപോയത്. നാരായണേട്ടൻ അന്ന് റിസോർട്ടിൽ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയത് അവളുടെ ജീവിതം തകർത്തു എന്നവൾ വിശ്വസിച്ചു. അവൾക്ക് നാരായണേട്ടനോട് ഉണ്ടായിരുന്ന വെറുപ്പ് ആ സംഭവത്തോടെ ഇരട്ടിയായി.
ഈ സംഭവത്തിന് ശേഷം എബ്രാഹാമിന് നാരായണേട്ടനോട് കടുത്ത പകയായി. പോലീസിൽ പരാതി കൊടുത്തില്ലെങ്കിൽ ഒരിക്കലും അവളെ വിവാഹം ചെയ്യില്ലെന്ന് എബ്രഹാം ഭീഷണിപ്പെടുത്തി. അതാണ് അവളെ നാരായണേട്ടനെതിരെ പോലീസിൽ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചതും തുടർന്ന് കോടതി കേസായതും.
നാരായണേട്ടൻ ജയിലിൽ പോയതോടെ എബ്രഹാം കാലുമാറി. അയാൾ വേറെ വിവാഹം കഴിച്ചു. അവൾ കോടതിയിൽ മൊഴി മാറ്റി പറയുമോയെന്ന് ഭയന്നാണ് ആണ് അയാൾ അവളെ കൊല്ലാൻ തീരുമാനിച്ചത്.
ഇതൊന്നും തെളിയിക്കാൻ എന്റെ കൈയ്യിൽ ഒന്നും ഇല്ലായിരുന്നു. ആ അപകടത്തിൽ മകളുടെ മകന്റെ മസ്തിഷ്ക്കത്തിന് ക്ഷതമേറ്റു. അന്ന് മുതൽ കഴിഞ്ഞ പത്ത് വർഷമായി അകത്ത് മുറിയിൽ കട്ടിലിൽ ഒരു ജീവച്ഛവമായി അവൻ കിടക്കുകയാണ്. ഇപ്പോഴും ഞാൻ അവരുടെ നിരീക്ഷണത്തിലാണ്. എന്റെ ഓരോ അനക്കങ്ങളും അവർ സൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്
ബോധമില്ലാതെ കിടക്കുന്ന കുട്ടിയെ ചികിൽസിക്കാനും മറ്റും ഇടയ്ക്കിടെ നാരായണേട്ടന് പരോൾ അനുവദിക്കാറുണ്ടായിരുന്നു. ഒരിക്കൽ പരോളിൽ വന്ന നാരായണൻ DNA പരിശോധന ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ ഒരു ഹർജ്ജി കൊടുക്കാൻ ഒരു വക്കീലിനെ പോയിക്കണ്ടു. എങ്ങിനെയോ ഈ വിവരം എബ്രഹാം മണത്തറിഞ്ഞു
ഒരു ദിവസം വൈകീട്ട് വീട്ടിൽ നിന്നും എന്തോ ആവശ്യത്തിന് പുറത്ത് പോയ നാരായണേട്ടനും ഒരപകടത്തിൽ മരണപ്പെട്ടു. അതൊരു അപകടമരണം അല്ല എന്ന് എനിക്കുറപ്പുണ്ട്, പക്ഷെ തെളിയിക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല.
നാരായണേട്ടന്റെ നിരപരാധിത്വം തെളിയിക്കണം എന്ന് മോഹമുള്ളതിനാൽ ഞാൻ ഹൈക്കോടതിയിൽ നാരായണേട്ടന്റെ അപ്പീൽ തുടർന്നു. ഹൈക്കോടതി ഗീതയുടെ മകന്റെ DNA ടെസ്റ്റ് നടത്തി നീതി നൽകി.
എന്തായാലും നിരപരാധിയാണെന്ന് തെളിഞ്ഞല്ലോ. എനിക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ടു, ഇനി അബ്രഹാമിന് എതിരെ കേസ് നടത്താനും അവന് തക്കതായ ശിക്ഷ കൊടുക്കാനും മറ്റും ആവശ്യമായ ചിലവിനൊന്നും എന്റെ പക്കൽ കാശില്ല. പിന്നെ ബോധമില്ലാതെ കിടക്കുന്ന മോനെ വിട്ട് പോകാനും പറ്റില്ല."
അവർ കണ്ണുനീർ ഒപ്പിക്കൊണ്ട് പറഞ്ഞു.
"ലീലച്ചേച്ചി, ന്മുക്ക് ആ കേസ് ഒന്ന് കുത്തിതുറക്കാം. മകന്റെ DNA യുടെ റിപ്പോർട്ട് ഇപ്പോൾ തന്നെ കോടതിയിൽ ഉണ്ട്, അബ്രഹാമിന്റെ DNA കൂടി നടത്തിയാൽ കുട്ടിയുടെ അച്ഛൻ ആരാണെന്നും വ്യക്തമാവും. അപ്പോൾ നിയമപരമായി കുട്ടിയുടെ ചിലവ് അവർക്ക് എടുക്കാതിരിക്കാൻ പറ്റില്ല. ആ പേപ്പറുകൾ എല്ലാം എവിടെയാണ് ? ഇത്രയധികം തെറ്റുകൾ ചെയ്തിയിട്ടും നിയമത്തിനെ നോക്കുകുത്തിയാക്കി ഒരാൾ അങ്ങിനെ വിലസാൻ പാടില്ല " ശ്രീനാഥ് ചോദിച്ചു.
അവർ കട്ടിലിന് താഴെ വെച്ചിരിക്കുന്ന ഇരുമ്പ് പെട്ടിയിൽ നിന്നും ഒരു ഫയൽ എടുത്ത് ശ്രീനാഥിന് കൊടുത്തൂ.
"ഇതിൽ എല്ലാം ഉണ്ട്. പണ്ട് മകളെ കാണാനില്ല എന്ന് കാണിച്ചു പോലീസിൽ കൊടുത്ത പരാതിയുടെ കോപ്പിയും എല്ലാം. ഇതൊക്കെ ഒരിക്കൽ വക്കീലിന് കൊടുത്തതാണ്, പക്ഷെ... "
“പിന്നെ, നാരായണേട്ടനെ ഇടിച്ച ലോറി അന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു, പക്ഷെ പിന്നീട് അതിനെ വിട്ടയച്ചു. ആ വണ്ടിയുടെ നമ്പർ അന്ന് പോലീസിന്റെ FIR ൽ ഉണ്ട്. അതിന്റെ കോപ്പിയാണ് ഇത്” ആ കോപ്പി ലീലച്ചേച്ചി അവർക്ക് കൊടുത്തു.
“ഇതിന്റെ ആവശ്യം ഇല്ല, കോടതിയിൽ സമർപ്പിച്ചിട്ടുള്ളതല്ലേ, അത് ഞാൻ കോടതിയിൽ നിന്നും എടുത്തോളാം” ശ്രീനാഥ് പറഞ്ഞു.
അവിടെ നിന്നും ഇറങ്ങും മുൻപ് അവരുടെ കൈയ്യിൽ നിന്നും ബാക്കി എല്ലാ പേപ്പറുകളും ശ്രീനാഥ് വാങ്ങി. ഒരു വക്കാലത്ത്നാമയിൽ അവരുടെ ഒപ്പും വാങ്ങി.
"ഇനി ലീലച്ചേച്ചി ഒന്നും പേടിക്കണ്ട, നാരായണേട്ടന് നീതി ഞങ്ങൾ വാങ്ങിത്തരും." ഇറങ്ങുമ്പോൾ ശ്രീനാഥ് പറഞ്ഞു.അവർ രണ്ടുപേരും തിരികെ അവരെ യാത്രയാക്കാൻ വീടിനു പുറത്ത് നിന്നിരുന്ന നാരായണേട്ടന്റെ ഭാര്യയുടെ അടുത്തുപോയി പറഞ്ഞു.
“ഞങ്ങളുടെ കയ്യിൽ നിന്നും നാരായണേട്ടൻ പണ്ട് കുറെ പണം കടം വാങ്ങിയിരുന്നു, അത് തിരികെ ചോദിക്കാൻ വന്നതാണെന്ന് ഇവിടെ എല്ലാവരോടും പറയണം. ഈ കേസിനെ പറ്റി ഒന്നും പറയരുത്. ചേച്ചി പറയുന്നതുപോലെ ആരൊക്കെയോ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, ഈ കേസ് വീണ്ടും തുറക്കുകയാണ് എന്നറിഞ്ഞാൽ അത് നിങ്ങൾക്ക് അപകടമാണ്.” ശ്രീനാഥ് അവരെ പറഞ്ഞു മനസ്സിലാക്കി.
പേപ്പറുകൾ ശരിയാക്കാൻ അതിനുശേഷം മൂന്ന് തവണ കൂടി നാരായണേട്ടന്റെ വീട്ടിൽ പോയിരുന്നു. മൂന്നാമതായി പോയത് ഒരു ശനിയാഴ്ച്ചയായിരുന്നു.
“ചേച്ചിയുടെ പക്കലുള്ള ആ FIR കോപ്പി ഒന്ന് തരൂ. കോടതിയിൽ നാരായണന്റെ മരണശേഷം കൊടുത്ത പോലീസ് FIR ആരോ മാറ്റിയിരുന്നു. കോടതിയിൽ രേഖയിലുള്ള FIR അനുസരിച്ച് ഏതോ അജ്ഞാതവാഹനം ഇടിച്ചിട്ടാണ് നാരായണേട്ടൻ മരിച്ചിരിക്കുന്നത്.”.
തിങ്കളാഴ്ച്ച കോടതിയിൽ കേസ് ഫയൽ ചെയ്യാൻ എല്ലാം ശരിയാക്കി അവർ രണ്ടു പേരും അവിടെ നിന്നും തിരിച്ചു പോന്നു. അപ്പോഴേക്കും സന്ധ്യയാവാൻ തുടങ്ങിയിരുന്നു.
കഴുകന്മാർ വട്ടമിട്ടുപറക്കുന്ന വിജനമായ വഴിയിലൂടെ അവർ ബൈക്കിൽ പോകുമ്പോൾ പിറകെനിന്നും അതിവേഗതയിൽ പാഞ്ഞുവന്ന ഒരു ലോറി അവരുടെ ബൈക്കിനെ തട്ടിത്തെറിപ്പിച്ച് കടന്നു പോയി. കുറച്ച് മുൻപിൽ പോയി ലോറി നിർത്തി, അനക്കമൊന്നും കാണാതായപ്പോൾ അവരുടെ ദൌത്യം വിജയിച്ചു എന്ന് ഉറപ്പു വരുത്തി ലോറി മുന്നോട്ടെടുത്തു....
*****
പത്രം ഓഫീസിന്റെ കോൺഫെറെൻസ് റൂമിൽ എല്ലാ സ്റ്റാഫിനെയും മേനോൻ സർ വിളിച്ചുവരുത്തി. എല്ലാവരും ഇരുന്നെന്നു ഉറപ്പുവന്നപ്പോൾ അദ്ദേഹം ഒരു പേപ്പർ എടുത്ത് വായിച്ചു തുടങ്ങി.
“പതിനാറ് വർഷം മുൻപ് ഒരു പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ആ പീഡനക്കുറ്റം പെൺകുട്ടിയുടെ രണ്ടാനച്ഛന്റെ തലയിൽ കെട്ടിവെക്കുകയും, തുടർന്ന് പെൺകുട്ടിയേയും രണ്ടാനച്ഛനേയും അപകടമെന്ന് തോന്നിപ്പിക്കും വിധം കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പുത്തൻവീട്ടിൽ അവറാച്ചൻ മകൻ എബ്രഹാമിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചു. കൂടാതെ കൊല ചെയ്യപ്പെട്ട പെൺകുട്ടിയിൽ ജനിച്ച കുഞ്ഞിന്റെ ചികിത്സക്കും പുനരധിവാസത്തിനുമായി മൂന്ന് കോടി രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.”
വായിച്ചു നിർത്തിയ ശേഷം മേനോൻസാർ പറയാൻ തുടങ്ങി. ഇതാണ് നാളത്തെ നമ്മുടെ പത്രത്തിലെ പ്രധാന വാർത്ത.
ഈ വാർത്ത ഉണ്ടാവാൻ ഉള്ള കാരണം നിങ്ങളിൽ പലർക്കും അറിയാൻ വഴിയില്ല. പക്ഷെ നിങ്ങൾ എല്ലാവരും അത് അറിഞ്ഞിരിക്കണം.
നമ്മുടെ കൂടെ പണ്ട് ട്രെയിനി ആയി ഉണ്ടായിരുന്ന ജോൺ എന്ന ചെറുപ്പക്കാരൻ സ്വന്തം ജീവൻ പണയം വെച്ച് വാർത്തക്കുപിന്നിലെ വാർത്ത തേടിയുള്ള യാത്രയിലാണ് അടഞ്ഞുപോയ ഒരു കേസ് കുത്തിയെടുത്തതും, ഇന്ന് ആ കുറ്റവാളിക്ക് തൂക്കുകയർ ലഭിക്കാൻ ഇടയാക്കിയതും. ഒരുപക്ഷെ ജോൺ ഇന്ന് നമ്മുടെ കൂടെ ഉണ്ടായിരുന്നുവെങ്കിൽ എത്ര മാത്രം സന്തോഷിച്ചിരുന്നേനെ.
നാരായണന്റെ ജീവിതത്തിലുണ്ടായ ദുരനുഭവവും പിന്നീട് ജോണും ശ്രീനാഥും ചേർന്ന് ഈ കേസ് വീണ്ടും കുത്തിപ്പൊക്കിയതും, അവർ അപകടത്തിൽപ്പെട്ടതും എല്ലാം മേനോൻ സർ വിശദമായി അവിടെ കൂടിയിരിക്കുന്നവരോട് പറഞ്ഞു.
അവർ രണ്ടുപേരും അന്ന് സാഹസികമായി ചെയ്ത അന്വേഷണത്തിന്റെ ഫലമായി കേസിൽ വഴിത്തിരിവുണ്ടാവുകയും തുടർന്ന് യഥാർത്ഥ കുറ്റവാളിക്ക് തൂക്കുകയർ ലഭിക്കുകയും ചെയ്തത്.
പല തവണ അവർക്ക് നാരായണന്റെ വീട്ടിൽ പോകേണ്ടി വന്നിരുന്നു, അപ്പോഴാണ് ഒരു ലോറി അവരെ പിന്തുടരുന്നുണ്ട് എന്ന സംശയം തോന്നിയത്. മൂന്നാമത്തെ തവണ നാരായണന്റെ വീട്ടിൽ പോകുമ്പോൾ അവർ ബൈക്കിന്റെ പിറകിൽ ഒരു സ്പൈ കാമറ ഫിറ്റ് ചെയ്തിരുന്നു. ആ ലോറി അവർ പിന്തുടരുന്നത് അവർക്ക് അറിയാമായിരുന്നു. അതാണ് കേസിലെ പ്രധാന തെളിവായി മാറിയത്.
ലോറി അവരെ ഇടിക്കും എന്നായപ്പോൾ ബൈക്ക് സൈഡിലേക്ക് മാറ്റി പിന്നിലുരുന്ന ശ്രീനാഥ് ഹെൽമെറ്റ് ലോറിയുടെ അടിയിലേക്ക് എറിഞ്ഞു. പക്ഷെ ഒരു കല്ലിൽ കയറി ബൈക്കിന്റെ നിയന്ത്രണം പോയി ചാലിലേക്ക് മറിഞ്ഞു. അന്നത്തെ വീഴ്ചയിൽ അവർ രണ്ടുപേർക്കും മുറിവുകൾ പറ്റി പക്ഷെ , കേസിന് ആ അപകടം വളരെ ബലം കൊടുത്തു, കാരണം അന്ന് നാരായണനെ ഇടിച്ചിട്ട ലോറിയും, അവരെ അപകടപ്പെടുത്തിയ ലോറിയും രണ്ടും പുത്തൻവീട്ടുകാരുടെ തന്നെ ആയിരുന്നു. പിന്നെ എബ്രഹാമിന്റെ DNA ടെസ്റ്റ് റിസൾട്ടും.
മേനോൻ സാർ പറഞ്ഞു നിർത്തി.
“നമുക്കിഷ്ടപ്പെട്ടത് അല്ലെങ്കിൽ നമുക്കറിയുന്നത് എഴുതുന്നതല്ല, സമൂഹം അറിയേണ്ട കാര്യങ്ങൾ എഴുതുകയാണ് യഥാർത്ഥ പത്രധർമ്മം. എല്ലാവർക്കും സമൂഹത്തോട് ഒരു പ്രതിബദ്ധതയുണ്ട്. അത് സത്യസന്ധതയോടെ നിറവേറ്റുകയാണ് ഓരോരുത്തരുടെയും ധർമ്മം. അപ്പോൾ കിട്ടുന്ന ആത്മസംതൃപ്തി, അതായിരിക്കട്ടെ നിങ്ങൾ നേടേണ്ട പ്രതിഫലം.”
മീറ്റിങ്ങ് കഴിഞ്ഞു മേനോൻ സർ പുറത്തേക്ക് നടക്കുമ്പോൾ ഒരു ജൂനിയർ ട്രെയിനി അദ്ദേഹത്തോട് ചോദിച്ചു.
“സാർ, അന്നത്തെ അപകടത്തിൽ ജോണിന് എന്തെങ്കിലും സംഭവിച്ചോ..”
“ഓപ്പൺ ദ ഗൂഗിൾ ആൻഡ് സേർച്ച് ഫോർ ജോൺ അലക്സ് മത്തായി, വാഷിങ്ടൺ ടൈംസ് !!”
അത്രയും പറഞ്ഞു പുഞ്ചിരിച്ചുകൊണ്ട് മേനോൻ സർ നടന്നകന്നു.
ooOoo
Giri B Warrier
ഗിരി ബി. വാരിയർ
ഗീതാഞ്ജലി
നവജ്യോതി കോളേജ് റോഡ്
തലോർ പി ഒ
തൃശ്ശൂർ



Comments
Post a Comment