നിറദീപങ്ങൾ
നിറദീപങ്ങൾ
കഥ | ഗിരി ബി വാരിയർ
"അമ്മ ഇനിമുതൽ താഴെ നിലയിൽ താമസിച്ചാൽ മതി, നടക്കാൻ തുടങ്ങിയാലും, എപ്പോഴും മുകളിലേക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാവും"
കാറിൽ നിന്നുമിറങ്ങി കുട്ടന്റേയും രേഖയുടേയും കൈപിടിച്ച് ഗ്രില്ലിട്ട ഇറയത്തേക്ക് കയറുമ്പോൾ കുട്ടൻ പറഞ്ഞു.
മുപ്പത്തിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ണിയേട്ടൻ തന്റെ അമ്മയോട് ചെയ്തത് ഒരു തനിയാവർത്തനം പോലെ തിരിച്ചുവരുന്നത് പോലെ തോന്നി.
വീടുതുറന്ന് ഡൈനിങ്ങ് മുറിയോട് ചേർന്നുള്ള മുറിയിലേക്ക് എന്നെ കൊണ്ടുപോയി. പണ്ട് ഉണ്ണിയേട്ടന്റെ അമ്മ ഉപയോഗിച്ചിരുന്ന മുറി!
ഒന്നാം നിലയിൽ നിന്നും എന്റെ കട്ടിലും ചാരുകസേരയും കസേരയിൽ വെച്ച് എഴുതാനുള്ള പലകയും എല്ലാം ഈ മുറിയിലേക്ക് മാറ്റിയിരിക്കുന്നു. കട്ടിലിനോട് ചേർന്ന് ചില്ലലമാരിയിൽ എന്റെ പുസ്തകങ്ങൾ വ്യത്തിയായി ഒതുക്കി വെച്ചിട്ടുണ്ട്.
പണ്ടുകാലത്ത് വളരെ പേരുകേട്ട ഒരു നായർ തറവാടായിരുന്നു മേലോത്ത് തറവാട്. സ്വത്ത് ഭാഗം വച്ചപ്പോൾ ഉണ്ണിയേട്ടന്റെ അച്ഛമ്മക്ക് ആയിരുന്നു ആ തറവാട് കിട്ടിയത്. നാട്ടിലെ സ്‌കൂളിൽ അധ്യാപകൻ ആയിരുന്ന ഉണ്ണിയേട്ടന്റെ അച്ഛനായിരുന്നു അമ്മയേയും അച്ഛനേയും നോക്കേണ്ട ചുമതല. അച്ഛച്ഛന്റെ മരണത്തോടെ അച്ഛമ്മ ഒറ്റയ്ക്കായി.
അച്ഛമ്മയും ഉണ്ണിയേട്ടന്റെ അമ്മയും തമ്മിൽ നല്ല സ്വരച്ചേർച്ചയില്ലായിരുന്നു. ഉണ്ണിയേട്ടന്റെ അമ്മയുടെ നാട്ടിലേക്ക് മാറിത്താമസിക്കുന്നതിനെ പറ്റി ചർച്ചകൾ വന്നപ്പോളാണ് അച്ഛമ്മ ഉണ്ണിയേട്ടന്റെ അച്ഛന് ഭാഗം കൊടുത്ത് അവിടെ വീട് പണിയാൻ പറഞ്ഞത്. അങ്ങിനെ പണിതുമാറിയതാണ് ഈ വീട്ടിലേക്ക്.
മരണംവരെ അച്ഛമ്മ തറവാട്ടിൽ ഒറ്റയ്ക്കായിരുന്നു. അച്ഛമ്മ ആരെയും ബുദ്ധിമുട്ടിച്ചില്ല. അടുക്കളയിൽ സഹായത്തിന് വന്നിരുന്ന കല്യാണിയാണ് കിടക്കയിൽ മരിച്ചുകിടക്കുന്ന അച്ഛമ്മയെ കണ്ടത്. അതോടുകൂടി ആ തറവാട് അടച്ചിട്ടു.
ഈ കുഗ്രാമത്തിൽ വന്ന് താമസിക്കാനുള്ള ബുദ്ധിമുട്ട് കണ്ട് മറ്റെല്ലാവരും അവരവരുടെ ഭാഗം വിറ്റുപോയി. അവിടെയെല്ലാം ഇപ്പോൾ പുതിയ കൂണുകൾ പോലെ വീടുകൾ ഉയർന്നുവന്നിട്ടുണ്ടു്..
ഉണ്ണിയേട്ടന് ഇവിടെ സ്‌കൂളിൽ ആയിരുന്നു ജോലി. വിവാഹം കഴിഞ്ഞ് ഈ വീട്ടിലേക്ക് വന്ന് കുറച്ചുകാലം അമ്മയുടെ സ്വഭാവം വളരെ നല്ലതായിരുന്നു. പക്ഷെ നാളുകൾ കഴിഞ്ഞപ്പോൾ, ഒരേ പന്തിയിൽ രണ്ട് ഭക്ഷണം വിളമ്പുന്നതുപോലെ പലപ്പോഴും തോന്നി. അമ്മയ്ക്ക് സ്നേഹം മകനോട് മാത്രമായിരുന്നുവെന്നും അവർ തമ്മിൽ എന്തെങ്കിലും സംസാരിക്കുമ്പോൾ ഞാൻ എത്തിയാൽ പെട്ടെന്ന് സംസാരം നിർത്തിവെക്കുന്നതുപോലെയും തോന്നാറുണ്ട്. എന്റെ പെരുമാറ്റം അവർക്കും ഇഷ്ടമല്ലായിരുന്നു.
ഒട്ടും സഹിക്കാതായപ്പോഴാണു് ഉണ്ണിയേട്ടനോട് എന്റെ അമ്മവീടിനടുത്ത് ഒരു വീടുവാങ്ങി അങ്ങോട്ട് മാറുന്നതിനെപ്പറ്റി പറഞ്ഞത്, പക്ഷെ അമ്മയോടുള്ള ഉണ്ണിയേട്ടന്റെ അതിയായ സ്നേഹം മൂലം മാറിത്താമസിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. പിന്നീട് അമ്മ തന്നെയാണ് വീടിന്റെ മുകളിൽ ഒരു നില കൂടി പണിത് ഞങ്ങളുടെ താമസം മുകളിലേക്ക് മാറാൻ ഉപദേശിച്ചത്.
ഒന്നാം നില പൂർണമായും സ്വതന്ത്രമായിരുന്നു, പുറത്തുനിന്നും നേരിട്ട് കയറാനുള്ള സൗകര്യം ഉണ്ടാക്കിയിരുന്നു. ഉണ്ണിയേട്ടൻ പി എഫിൽ നിന്നും, സൊസൈറ്റിയിൽ നിന്നും മറ്റും ലോൺ എടുത്താണ് മുകളിൽ ഒരു നിലകൂടി പണിതീർത്തത്.
അച്ഛനും അമ്മയും താഴെയും ഞങ്ങൾ മുകളിലെ നിലയിലും ആയി രണ്ട് വീടുകളിലായി താമസം. ഉണ്ണിയേട്ടൻ എല്ലാ കാര്യത്തിനും താഴെ പോയി അമ്മയെ സഹായിക്കുമായിരുന്നു. കുട്ടനെ ഞാൻ പ്രസവിച്ചുകിടക്കുമ്പോൾ ആയിരുന്നു അച്ഛന്റെ മരണം. അതിനുശേഷം അമ്മ ഒറ്റക്കായി താമസം. വർഷങ്ങളുടെ ഏകാന്തവാസത്തിനു ശേഷം അമ്മയും യാത്രപറഞ്ഞു, അതോടെ താഴെ വീട് പൂട്ടിയിട്ടു. പണിക്കാരി വന്ന് ആഴ്ചയിലൊരിക്കൽ തൂത്ത് വ്യത്തിയാക്കും.
പഠനം കഴിഞ്ഞ ഉടനെ കുട്ടന് ബാങ്കിൽ ജോലി കിട്ടി. രണ്ടുവർഷങ്ങൾക്ക് ശേഷം ബാങ്കിൽ കൂടെ ജോലി ചെയ്യുന്ന രേഖയെ വിവാഹം കഴിച്ചു. രേഖ മൂത്ത മകളെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് ഉണ്ണിയേട്ടന്റെ മരണം. ഇപ്പോൾ മൂത്ത മകൾ നാലാം ക്ലാസ്സിലും ഇളയ മകൻ രണ്ടാം ക്ലാസ്സിലും പഠിക്കുന്നു. ഞാൻ വീട്ടിലുള്ളതിനാൽ കുട്ടികളെക്കുറിച്ചോർത്ത് അവർക്ക് യാതൊരു ചിന്തയുമില്ല. കാലത്ത് കുട്ടികളെ സ്‌കൂൾ ബസ്സിൽ കയറ്റി വിട്ട് രണ്ടുപേരും ജോലിക്കുപോകും. അവർ സ്‌കൂളിൽ നിന്നും വരുന്നതുവരെ എഴുത്തും വായനയുമായി സമയം ചിലവഴിക്കും അവർ എത്തിയാൽ പിന്നെ അവരുടെ കൂടെതന്നെ വേണം
പത്തു ദിവസം മുൻപ് കോണിപ്പടി ഇറങ്ങുമ്പോൾ കാൽ വഴുതിയതാണ്. തുടയെല്ലിന് ഒരു ചെറിയ വിള്ളൽ. സർജറി ചെയ്ത് ഒരാഴ്ച ആശുപത്രിയിൽ കിടന്നശേഷം ആണ് ഇപ്പോൾ തിരികെ വരുന്നത്.
ഇനി കാലിന് ബലം വരാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കുമെന്ന് ഡോക്ടർ കുട്ടനോട് പറയുന്നത് കേട്ടിരുന്നു. ഇതൊരു കാരണം മാത്രമാവും. പിന്നെ കർമ്മഫലം മാറില്ലല്ലോ. അച്ഛമ്മയോട് ഉണ്ണിയേട്ടന്റെ അമ്മ ചെയ്തതിന് അവരെ ഞാൻ അറിഞ്ഞോ അറിയാതെയോ ഉപദ്രവിച്ചു,. ഞാൻ ഉണ്ണിയേട്ടന്റെ അമ്മയോട് ചെയ്തതിന് അനുഭവിക്കാനുള്ള ഊഴം ഇനി എന്റേതാണ്
"'അമ്മ ഉറങ്ങുകയാണോ.." കുട്ടൻ ചോദിച്ചു.
"ഇല്ല, വെറുതെ ഓരോന്ന് ആലോചിച്ച് കിടന്നു."
"'അമ്മ വരൂ, ഊണ് കഴിക്കാം."
രേഖയും കുട്ടനും സഹായിച്ച് വീൽച്ചെയറിലേക്ക് പിടിച്ചിരുത്തി. കിടപ്പുമുറിയോട് ചേർന്നുള്ള ഡൈനിങ്ങ് റൂമിലേക്ക് പതുക്കെ കൊണ്ടുപോയി. പഴയ ഊണുമേശയിൽ ഭക്ഷണം എല്ലാം ഒരുക്കിയിരുന്നു.
"വീൽചെയർ സൗകര്യമാണ്, അമ്മയ്ക്ക് വീട്ടിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും പോകാൻ പറ്റുമല്ലോ." കുട്ടൻ പറഞ്ഞു.
"കുട്ടികൾ എവിടെ? .." ഞാൻ ചോദിച്ചു.
"അവർ പുറത്തെ മുറിയിൽ അവരുടെ പുസ്തകങ്ങൾ ഒതുക്കി വെക്കുകയാണ്." കുട്ടൻ പറഞ്ഞു.
"പുറത്തെ മുറിയിലോ, എന്തിന്?"
"അമ്മേ, ഇനി മുതൽ ഞങ്ങളും അമ്മയുടെ കൂടെ താഴെ തന്നെയാണ് താമസം. മുകളിൽ നിന്നും എല്ലാ സാധനങ്ങളും ഇന്നലെ താഴേക്ക് മാറ്റി. തൊട്ടപ്പുറത്തെ മുറിയിൽ ഞങ്ങളും, പുറത്തെ മുറിയിൽ കുട്ടികളും. മുകളിലെ മുറികൾ എല്ലാം അടച്ചിട്ടു." രേഖ പറഞ്ഞു.
അമ്മ ഇതുകണ്ടുവോ? ഡൈനിങ്ങ് മുറിയിലെ ചുമരിലേക്ക് കൈ ചൂണ്ടിക്കൊണ്ട് രേഖ പറഞ്ഞു.
അപ്പോഴാണ് ചുമരിൽ ഭംഗിയായി നിരത്തി വെച്ചിരിക്കുന്ന കാരണവന്മാരുടെയെല്ലാം ചിത്രങ്ങൾ ശ്രദ്ധിച്ചത്.
"അച്ഛമ്മയുടെ മുറി ഒരുക്കുന്നതിനിടയിലാണ് അലമാരിയിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഈ ചിത്രങ്ങൾ കണ്ടത്. ഞങ്ങൾ അത് ഒന്ന് ഭംഗിയാക്കി അലങ്കരിച്ചു."
"അമ്മയ്ക്കറിയോ, അച്ഛമ്മയും അമ്മയുടെ പോലെ ഒരു എഴുത്തുകാരിയായിരുന്നു, അവർ കുത്തികുറിച്ചിരുന്ന ഒരു പുസ്തകം കണ്ടോ.." രേഖ ഒരു നോട്ട് പുസ്തകം നീട്ടിക്കൊണ്ട് പറഞ്ഞു..
ആദ്യവും അവസാനവും ഇല്ലാതെ എന്തൊക്കെയോ എഴുതിയിരിക്കുന്നു. അതിലൂടെ കണ്ണോടിച്ചപ്പോൾ ഒരു പേജിൽ എഴുതിയിരുന്ന വാചകം മനസ്സിൽ തടഞ്ഞു......
"ഒരു സ്ത്രീ ഭർത്തൃഗ്യഹത്തിലേക്ക് ഭാര്യയായി ചെന്നാൽ അവൾക്ക് സ്വന്തമായി ഒരു ഭർത്താവിനെ മാത്രമേ കിട്ടു..എന്നാൽ ആ വീട്ടിലെ മകളായി കടന്നു ചെന്നാൽ ഒരു കുടുംബത്തിന്റെ മുഴുവൻ സ്നേഹം അവർക്ക് കിട്ടും, അധികം എല്ലാവരും ഇത് തിരിച്ചറിയാൻ വൈകുന്നു, ജീവിതം മുഴുവനും ഭാര്യയായി ജീവിക്കുന്നു."
എത്രയോ വലിയ സത്യമാണ്.. ഞാനും ഉണ്ണിയേട്ടന്റെ അമ്മയും എല്ലാം ഭാര്യമാരായാണ് ഈ വീട്ടിലേക്ക് കയറിവന്നത്, മറിച്ചായിരുന്നെങ്കിൽ ഈ ചുവരിൽ തൂക്കിവെച്ചിരിക്കുന്ന ഛായാചിത്രങ്ങളിൽ അച്ഛമ്മയുടെയും അമ്മയുടെയും മറ്റും കാണുന്ന പുഞ്ചിരി അവരുടെ ജീവിതകാലം മുഴുവനും നിറഞ്ഞുനിൽക്കുമായിരുന്നേനേ..
ഗിരി ബി. വാരിയർ
21 മെയ് 2020
(മയിൽപീലി ഇ-മാഗസിന്റെ മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ കഥ)



Comments
Post a Comment