കാലം മായ്ക്കുന്ന മുറിവുകൾ


കാലം മായ്ക്കുന്ന മുറിവുകൾ

കഥ | ഗിരി ബി. വാരിയർ

(അക്ഷരദീപം ജൂൺ 2020 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)


"ഒന്നോർത്താൽ കുട്ടപ്പൻ മരിച്ചത് നന്നായി. രണ്ട് കാലും മുറിച്ചുകളഞ്ഞിട്ട് കിടന്ന് നരകിക്കുന്നതിലും നല്ലതല്ലേ”

"എന്ത് നല്ലത് ടീച്ചറെ, കിണറ്റിൽ ഇറക്കി നിർത്തിയിട്ട് കോണി തിരിച്ചെടുത്ത പോലെ ആയി. മുകളിൽ നോക്ക്യാ ശൂന്യാകാശം പകലന്തിയോളം കഷ്ടപ്പെട്ട് പണി കഴിഞ്ഞുവരുമ്പോൾ ചേട്ടൻ കാത്തിരിക്കുന്നുണ്ടാവും എന്ന ചിന്തയുണ്ടായിരുന്നു. ഇപ്പൊ ഒന്നും ഇല്ല്യ.."

രാജമ്മടീച്ചറുടെ മകൾ ഭാനു ദുബായിലാണ്, മകൻ ലണ്ടനിലും. ഭാനുവിന്റെ ഭർത്താവ് രാജു മാസാവസാനം മാത്രമേ വരുള്ളൂ.

ഭാനുവും മക്കളും നാട്ടിൽ എത്തിയത് മുതൽ ദിവസവും കല്ല്യാണി ഓടി വരും. കുറെ നേരം സംസാരിച്ചിരിക്കും. വീട്ടിലെ പണിക്കൊക്കെ സഹായിക്കും. വെളുത്ത മുണ്ടും, കറുത്ത ജാക്കറ്റും വെളുത്ത തോർത്തുമുണ്ട് മേല്മുണ്ടും, അതാണ് കല്യാണിയുടെ സ്ഥിരം വസ്ത്രധാരണം.

വർഷങ്ങളായിട്ടുള്ള ബന്ധമാണ് രാജമ്മ ടീച്ചർക്കും കുടുംബത്തിനും കല്ല്യാണിയുമായിട്ടുള്ളത്.

എട്ടുമാസങ്ങൾക്ക് മുൻപ് മേലേപ്പറമ്പിൽ തെങ്ങുംതോപ്പിൽ പണിയുമ്പോൾ ഉണങ്ങിപ്പോയ തെങ്ങിന്റെ കുറ്റിയിൽ ചവിട്ടിയപ്പോൾ ഒരു മുറിവുണ്ടായതാണ്, രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉണങ്ങിയതുപോലെ ആയിട്ടുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇൻഫെക്ഷൻ ആയി. ആദ്യം ഒരു കാൽ മുട്ടിനു താഴെ മുറിച്ചുകളഞ്ഞിരുന്നു പക്ഷെ, ഇൻഫെക്ഷൻ രക്തത്തിൽ കലർന്നിരുന്നു , പിന്നീട് കാലിന്റെ തുടയിൽ വെച്ച് മുറിച്ചുമാറ്റി. പിന്നീട് രണ്ടുമാസം കഴിഞ്ഞപ്പോൾ കുട്ടപ്പൻ പോയി.

കുട്ടപ്പൻ മരിച്ചിട്ടിപ്പോൾ ആറുമാസമായി.

"കല്ല്യാണിയമ്മയുടെ അമ്മയും അച്ഛനും ഒക്കെ?" കേട്ടുനിന്ന ഭാനുവിന്റെ മകൾ അശ്വതി ചോദിച്ചു.

"ചേട്ടനെ കെട്ടിയതോടെ ഞാൻ വീടിനുപുറത്തായി. അന്ന് ഈ പ്രേമവിവാഹം എന്നൊക്കെ പറഞ്ഞാൽ പൊറുക്കാനാവാത്ത തെറ്റായിരുന്നു."

"ഓ ഗോഡ്. ലവ് മാര്യേജ്... ഐ കാൻഡ് ബിലീവ്.. ദാറ്റ് ടൂ ലോങ്ങ് ടൈം ബാക്ക്..."

"എന്റെ മോളെ, അതൊരു വല്ല്യ കഥയാണ്.."

"പറയൂ കേൾക്കട്ടെ.."

"കല്ല്യാണി, പറയുന്നതൊക്കെ കൊള്ളാം.. അവൾക്ക് എഴുത്തിന്റെ അസുഖം ഉണ്ട്.. അവൾ കഥയായി എഴുതും, ആലോചിച്ചിട്ട് മതി."

"അതൊന്നും സാരല്യ, കഥയില്ലാത്തവരുടെ കഥ അല്ലേ, മോളെഴുതിക്കോട്ടെ ."

"പ്ളീസ്, പറയൂ...."

"ചേട്ടന്റെ അച്ഛൻ പണ്ട് ഞങ്ങളുടെ വയലിൽ പണിക്ക് വരുമായിരുന്നു. ഒരു ദിവസം പാടത്ത് പണിയുമ്പോൾ ഒരു പാമ്പ് കടിച്ചതാണ്. വൈദ്യരുടെ അടുത്തെത്തുമ്പോഴേക്കും കഴിഞ്ഞിരുന്നു. അതിനുശേഷം ചേട്ടൻ പഠനം മതിയാക്കി അച്ഛന്റെ പണികൾ ഏറ്റെടുത്തു.

കാര്യം ഞങ്ങൾ നായന്മാരാണെങ്കിലും അച്ഛനും അമ്മയും കൂലിപ്പണിക്കാരായിരുന്നു. അമ്മ വലിയ നായർ തറവാടുകളിൽ പുറംപണിക്കുപോകും. അച്ഛൻ പറമ്പിലെ പണികൾക്ക് പോകും..

ഞാൻ എട്ടാം ക്ലാസ് തോറ്റത് മുതൽ അമ്മയുടെ കൂടെ ഞാനും പണിക്ക് പോകാൻ തുടങ്ങി. പാടത്ത് പണിക്ക് വന്നിരുന്ന കുട്ടപ്പേട്ടനെ ആദ്യമായി കാണുന്നത് പണിക്കാർക്കുള്ള ചായയും കൊണ്ട് പോയപ്പോഴായിരുന്നു. പിന്നീട് പലപ്പോഴും കണ്ടു, എപ്പോഴാണ് ആ സൗഹ്യദം വളർന്ന് ഇഷ്ടമായത് എന്നറിയില്ല.

നാട്ടുംപുറമല്ലേ, കാട്ടുതീ പോലെ ഞങ്ങൾ തമ്മിലുള്ള ബന്ധം പടർന്നു. അച്ഛൻ എന്നെ മുറിക്കുള്ളിൽ പൂട്ടിയിട്ടു, കുട്ടപ്പേട്ടനെ മറക്കാൻ നിർബന്ധിച്ചു. എന്റെ ഏട്ടനും അച്ഛന്റെ ഭാഗത്തുതന്നെയായിരുന്നു. അച്ഛന്റെ നിർബ്ബന്ധത്തിന്ന് വഴങ്ങി കുട്ടപ്പേട്ടന്റെ അമ്മ കുട്ടപ്പേട്ടനെ, അദ്ദേഹത്തിന്റെ അച്ഛന്റെ നാട്ടിലേക്ക്, അതായത് ഇങ്ങോട്ട് അയച്ചു.

ഇവിടെ കുട്ടപ്പേട്ടന്റെ അച്ഛന് ഭാഗം കിട്ടിയ പറമ്പിൽ ഒരു ചെറിയ കുടിൽ കെട്ടി.

അന്ന് ഫോണും മറ്റും ഉണ്ടായിരുന്നില്ല. ദിവസവും ഞാൻ കാത്തിരിക്കും കുട്ടപ്പേട്ടൻ വരുന്നതും കാത്ത്. അതിനിടയിൽ അമ്മാമന്റെ മകനുമായി എന്റെ വിവാഹം നിശ്ചയിച്ചു.

എല്ലാം കൈയ്യിൽ നിന്നും പോയി എന്ന് കരുതിയിരിക്കുകയായിരുന്നു. ഒരു ദിവസം സന്ധ്യയ്ക്ക് തുളസിത്തറയിൽ തിരികൊളുത്തി തലയുയർത്തിയപ്പോൾ തൊട്ടുമുൻപിൽ കുട്ടപ്പേട്ടൻ . എന്റെ വീട്ടിലെ വിളക്കാവാൻ നിനക്ക് കഴിയുമോ, എങ്കിൽ ഇപ്പോൾ ഇറങ്ങി വാ.. നിന്നെ ഞാൻ എന്റെ ജീവനെപ്പോലെ നോക്കിക്കോളാം എന്നും പറഞ്ഞു.

പെട്ടെന്ന് ചായ്പ്പിൽ നിന്നും വെട്ടുകത്തിയെടുത്ത് ചേട്ടൻ ചാടിവീണു. വായിൽ തോന്നിയ തെറികളൊക്കെ പുലമ്പുന്നുണ്ടായിരുന്നു.

എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചുനിന്നപ്പോൾ അച്ഛൻ മുറ്റത്തേക്കിറങ്ങിവന്ന് ചേട്ടനെ പിടിച്ചുമാറ്റി, എന്നിട്ട് എന്നോട് പറഞ്ഞു,

"പോകുന്നതൊക്കെ കൊള്ളാം, പിന്നെ തിരിച്ചുവരരുത്.. "

പിന്നെ രണ്ടാമതൊന്നും ചിന്തിച്ചില്ല, കുട്ടപ്പേട്ടന്റെ കൂടെ ആ രാത്രിയിൽ തന്നെ പോന്നു. അടുത്ത ദിവസം നേരം വെളുക്കുമ്പോഴേക്കും ഞങ്ങൾ ഈ നാട്ടിലെത്തി. അങ്ങിനെ പാടവക്കത്തുള്ള കാളിക്ഷേത്രത്തിൽ വെച്ച് എനിക്ക് ഒരു പുടവ തന്ന് എന്നെ ഭാര്യയാക്കി.

കുട്ടപ്പേട്ടന് എന്നോട് വല്ലാത്ത ഇഷ്ടമായിരുന്നു. പക്ഷെ ഇന്നത്തെ പോലെ അതൊന്നും കാട്ടുന്ന രീതി അന്നില്ല, എല്ലാം ഉള്ളിന്റെ ഉള്ളിൽ ആയിരുന്നു. എനിക്കങ്ങോട്ടും അങ്ങിനെതന്നെ ആയിരുന്നു.

ഞാൻ പലപ്പോഴും കുട്ടപ്പേട്ടന്റെ കൂടെ പണിക്ക് പോകാൻ തുടങ്ങി. ചേട്ടന് അതിഷ്ടമല്ലായിരുന്നു എങ്കിലും കുട്ടപ്പേട്ടൻ പോകുന്ന സ്ഥലത്ത് സഹായിയായി പണികൾ ഒക്കെ ഞാനും ചെയ്യാൻ തുടങ്ങി, തേങ്ങാ കൂട്ടിയിടൽ, ഞാറ് നടൽ, കൊയ്ത്ത് തുടങ്ങിയ പണികൾക്കൊക്കെ കൂടെ പോകാറുണ്ട് .

പിന്നെ ഓലപ്പുര പൊളിച്ചുമാറ്റി ഓടിട്ടു.. പക്ഷെ ദൈവം ഞങ്ങൾക്ക് സന്തതികളെ മാത്രം തന്നില്ല. ചേട്ടൻ പറയും ദൈവം ഭാഗ്യം ഒരിക്കലേ തരൂ, അത് എനിക്ക് ഒരിക്കൽ കിട്ടി എന്ന്. സത്യത്തിൽ ഞാനാണ് ഭാഗ്യം ചെയ്തത്, ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവിനെ കിട്ടിയതിന്.

അന്ന് എന്നെ വീട്ടിൽ നിന്നും വിളിച്ചിറക്കിയശേഷം ചേട്ടൻ മരിക്കുന്നതുവരെ ഒരിക്കൽ പോലും ഞങ്ങൾ പിരിഞ്ഞിരുന്നിട്ടില്ല മോളെ.."

"അപ്പോ, അതുകഴിഞ്ഞശേഷം കല്ല്യാണിയമ്മയുടെ അച്ഛനേം അമ്മേനേം ചേട്ടനേം ഒന്നും കണ്ടിട്ടില്ലേ ."

''അമ്മ മരിച്ചപ്പോഴും അച്ഛൻ രൗദ്രഭാവത്തിൽ തന്നെയായിരുന്നു. എന്നെ അവസാനമായി ഒന്ന് കാണിക്കാൻ പോലും അനുവദിച്ചില്ല. അമ്മ മരിച്ചതോടെ ചേട്ടന്റെ ഭാര്യയുടെ കീഴിലായി ഭരണം. അച്ഛന്റെ ചിട്ടകളും ശൗര്യവും എല്ലാം ഇല്ലാതായി. പിന്നെ ചേട്ടത്തിയമ്മയുടെ കുത്തുവാക്കുകൾ.. ഒരു ദിവസം അച്ഛൻ എല്ലാം മതിയാക്കി വീടുവിട്ടിറങ്ങി. കുട്ടപ്പേട്ടന്റെ ഒരു ബന്ധു അലഞ്ഞുനടക്കുന്ന അച്ഛനെ കണ്ടപ്പോൾ കുട്ടപ്പേട്ടനെ അറിയിച്ചു. പിന്നെ ഞങ്ങൾ പോയി അച്ഛനെ കൂട്ടിക്കൊണ്ടുവന്നു. മരിക്കുന്നത് വരെ സ്വന്തം അച്ഛനെ പോലെ കുട്ടപ്പേട്ടൻ എന്റെ അച്ഛനെ നോക്കി."

"അവർക്ക് മകനുണ്ട്, വയറ്റിൽ പിറന്നില്ല എന്നെ ഉള്ളു.. അതെന്താ കല്ല്യാണി പറയാത്തത്.." രാജമ്മടീച്ചർ വീട്ടിനകത്തുനിന്നും പുറത്തേക്ക് വന്ന് പറഞ്ഞു.

"അതാരാ കല്ല്യാണിയമ്മേ.. "

"അത് മറ്റൊരു കഥയാണ് കുട്ട്യേ .."

"പറയൂ,, കേൾക്കട്ടെ.." ഭാനുവിന്റെ മകൾ തിടുക്കം കൂട്ടി.

"കുട്ടപ്പേട്ടന്റെ കൂടെ ദിവസക്കൂലിക്ക് പണിയാൻ പോയിരുന്ന ഒരു തമിഴൻ സെൽവൻ ഉണ്ടായിരുന്നു. സ്കൂളിന്റെ മതിലിനോട് ചേർത്ത് ഷീറ്റടിച്ച് മറച്ച പുറംപോക്കിൽ ആയിരുന്നു അവർ ജീവിച്ചിരുന്നത്. അവരുടെ മകനാണ് പ്രേമൻ. സെൽവൻ പെരുമാറാനൊക്കെ വളരെ നല്ല സ്വഭാവമായിരുന്നു, പക്ഷെ മദ്യപാനമായിരുന്നു അവന്റെ ഒരു പ്രശ്‍നം. ദിവസവും പണിചെയ്തു കിട്ടുന്ന പൈസക്ക് കള്ളും ചാരായവും കുടിച്ച് കൂത്താടിയാണ് വീട്ടിൽ എത്തുക. അതൊക്കെക്കൊണ്ടാവും സെൽവന്റെ ഭാര്യ ഒരു തമിഴൻ ലോറി ഡ്രൈവറുടെ കൂടെ ഒളിച്ചോടിപ്പോയി. അതോടുകൂടി വീട്ടിൽ പ്രേമൻ ഒറ്റയ്ക്കായി.

ഒരു ദിവസം പണി കഴിഞ്ഞ്‌ കള്ളുഷാപ്പിൽ കയറി കള്ളും മോന്തി വീട്ടിലേക്ക് സൈക്കിളിൽ പോകുമ്പോൾ ഏതോ ലോറി തട്ടി സെൽവൻ മരിച്ചു. അതോടെ ആരോരുമില്ലാതായ പ്രേമനെ കന്യാസ്ത്രി മഠത്തിലെ അനാഥാലയത്തിലോട്ട്‌ കൂട്ടിക്കൊണ്ടുപോയി. ‌ അന്ന് പ്രേമന് ആറ് വയസ്സ് പ്രായം.

കുട്ടികളില്ലാത്ത നമുക്ക് പ്രേമനെ ദത്തെടുത്തൂടേന്ന് കുട്ടപ്പേട്ടൻ ചോദിച്ചു. അടുത്ത ദിവസം കാലത്ത് കന്യാസ്ത്രിമഠത്തിൽ പോയി മദറിനെ കണ്ട് കാര്യം പറഞ്ഞു. അങ്ങിനെ പ്രേമൻ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നു.

ആ സമയത്താണ് കുട്ടപ്പേട്ടന് കാലിൽ ഇൻഫെക്ഷൻ ആയത്. മകനില്ലാത്ത കുറവ് പ്രേമൻ അറിയിച്ചില്ല, എല്ലാ കാര്യത്തിനും ഓടിനടന്നു. പക്ഷെ ദിനം പ്രതി കുട്ടപ്പേട്ടന്റെ സ്ഥിതി മോശമാവാൻ തുടങ്ങി.

കുട്ടപ്പേട്ടൻ മരിക്കുന്നതിന് ആറുമാസം മുൻപ് അനാഥാലയത്തിലെ അന്തേവാസിയായിരുന്ന റാണി എന്ന പെൺകുട്ടിയുമായ് അവൻ പ്രണയത്തിലായിരുന്ന വിവരം പറഞ്ഞത്.

രണ്ടുദിവസത്തിനുള്ളിൽ നല്ലൊരു മുഹൂർത്തം നോക്കി വിവാഹം നടത്തി, റാണിയെ കൂട്ടിക്കൊണ്ടുവന്നു. ഇപ്പൊ റാണിക്ക് വയറ്റിലുണ്ട്. എന്നോട് പണിക്കൊന്നും പോകണ്ടാ എന്നാണ് പ്രേമൻ പറയുന്നത്. പ്രസവം കഴിയുന്നതോടെ ഞാൻ പണിയൊക്കെ മതിയാക്കി കുട്ടിയെ നോക്കി ഇരുന്നോളാം എന്ന് പറഞ്ഞിട്ടുണ്ട്, അവർക്കൊരു സഹായവും ആവും. ഇപ്പൊ വെറുതെ ഇരുന്ന് തിന്നാൻ മനസ്സ് സമ്മതിക്കണില്യ. അതാ സത്യം.. “

“ടീച്ചറെ ഞാൻ ഇറങ്ങട്ടെ. ഇന്ന് മുതൽ വേനൽ മഴതുടങ്ങാൻ സാധ്യതയുണ്ടെന്ന് ടിവിയിൽ പറയുന്നുണ്ടായിരുന്നു. മാനത്ത് കറുത്തമേഘങ്ങൾ ഉരുണ്ടുകയറുന്നുണ്ട് “

ടീച്ചറോട് യാത്ര പറഞ്ഞു പടികടന്നു മെല്ലെ നടക്കുമ്പോൾ, ഇരുണ്ടുകൂടിയ കാർമേഘങ്ങൾക്കിടയിലൂടെ പുറത്തേക്ക് വരുന്ന അസ്തമയസൂര്യന്റെ കിരണങ്ങൾ ഏറ്റ് കല്ല്യാണിയമ്മയുടെ വെളുത്ത വസ്ത്രങ്ങൾ കളറണിഞ്ഞു തുടങ്ങിയിരുന്നു. .

വീട്ടിൽ കാലെടുത്തുകുത്തും മുൻപേ മഴപെയ്തുതുടങ്ങിയിരുന്നു. ഇറയത്തുതന്നെ പ്രേമൻ ഇരിക്കുന്നുണ്ടായിരുന്നു

“പ്രേമാ. ഈ മാസാവസാനം ഭാനുമോൾടെ ഭർത്താവ് വരുമത്രെ, നിന്റെ വിസയുടെ കാര്യം ശരിയായെന്നാണ് ടീച്ചർ പറഞ്ഞത്. മോനെ, ഒന്നുകൂടി ചിന്തിക്കൂ ഈ പറമ്പും പുരയും എല്ലാം നിനക്കുള്ളതാണ്. ജീവിക്കാൻ പണമല്ല വേണ്ടത് മനസ്സമാധാനമാണ്.”

“അമ്മേ., എനിക്ക് പണവും പ്രതാപവും ഒന്നും വേണ്ട. ആകെ ഒരു സ്വപ്നമേ ഉള്ളു. മേലേപ്പറമ്പിലെ ഒരേക്കർ തെങ്ങിൻതോപ്പ് സ്വന്തമാക്കണം”

“എനിക്ക് മനസ്സിലാവാത്തത് ആ പാറപ്പുറത്ത് ഒരേക്കർ വാങ്ങിയിട്ട് എന്തുചെയ്യാനാണ്.”

“ എന്റെ രണ്ടച്ഛന്മാരും കഷ്ടപ്പെട്ട് നട്ടുവളർത്തിയ തെങ്ങുകളാണ് അവിടെ മുഴുവൻ. എന്റെ ജീവിതത്തിന്റെ ഏറ്റവും വിലയേറിയ സ്വത്ത്. അവരുടെ അവസാനത്തെ അടയാളം“

“എല്ലാം നിന്റെ ഇഷ്ടം മോനെ..”

കല്യാണി അകത്തേക്ക് പോയി. ഇറയത്തെ തൂണിൽ ചാരിയിരുന്നു് മുറ്റത്ത് മഴവെള്ളത്തുള്ളികൾ കുമിളകൾ ഉണ്ടാക്കി കളിക്കുന്നത് നോക്കിയിരുന്നു. പ്രേമന്റെ മനസ്സിൽ ആ തെങ്ങുംതോപ്പ് മാത്രമാണുണ്ടായിരുന്നത്.

വർഷങ്ങൾക്ക് മുൻപ് ഈ വീട്ടിൽ ദത്തുപുത്രൻ ആയി വന്നുകയറുമ്പോൾ തന്റെ കുടുംബം ഇല്ലാതാക്കിയ കുട്ടപ്പനേയും ഭാര്യയേയും കൊല്ലണം എന്നുതന്നെയായിരുന്നു ഉദ്ദേശം .
മഴ വന്നാൽ മനസ്സ് പ്രക്ഷുബ്ധമാവും, പകയുടെ തിരമാലകളുടെ വേലിയേറ്റം തുടങ്ങും.

വഴിയരികിലെ പടർന്നുപന്തലിച്ചു നിൽക്കുന്ന ഒരുവൻവ്യക്ഷത്തിന്റെ ചുവട്ടിലെ പുറമ്പോക്കിൽ ജീവിച്ചിരുന്നകാലം. കൊടുംചൂടിൽ വരണ്ട ഭൂമിയിൽ വേനൽമഴ കോരിച്ചൊരിഞ്ഞ ദിവസം.

അന്ന് രാത്രി പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും വെച്ച മേഞ്ഞ മേൽക്കൂരയിൽ നിന്നും വെള്ളം ചോരുന്നുണ്ടായിരുന്നു. രണ്ട് കുടകൾ നിവർത്തിവെച്ച് എന്നെ കിടത്തിയുറക്കിയതായിരുന്നു അമ്മ. അപ്പോഴാണ് മൂക്കറ്റം കുടിച്ച് ബോധം മറഞ്ഞ അച്ഛനെ കൂട്ടിക്കൊണ്ട് കുട്ടപ്പൻ വരുന്നത്. അച്ഛനെ അയാൾ രണ്ടു ട്രങ്കുകൾ ചേർത്തിയിട്ടു് ഉണ്ടാക്കിയ കട്ടിലിൽ കിടത്തി. പെട്ടെന്നാണ് അയാൾ അമ്മയെ കയറിപ്പിടിച്ചത്. പ്രതിരോധിച്ച അമ്മയുടെ തല കൂരയുടെ ഒരു വശം മറച്ചിരിക്കുന്ന സ്കൂൾ മതിലിൽ അയാൾ പൂർവ്വശക്തിയോടെ ഇടിച്ചു. കുഴഞ്ഞുവീണ അമ്മയെ അയാൾ തോളത്തെടുത്ത് പുറത്തേക്ക് പോകുന്നത് മറച്ചുവെച്ചിരിക്കുന്ന കുടകൾക്കിടയിലൂടെ ഞാൻ കണ്ടു.

അടുത്ത ദിവസം അമ്മയെ കാണാതായ വിവരം അറിഞ്ഞു നാട്ടുകാരെല്ലാം ഓടിവന്നു, അയാളും കൂടെ ഉണ്ടായിരുന്നു. അയാളെ കാണുന്നതേ എനിക്ക് ഭയമായിരുന്നു. തലേദിവസം അച്ഛനെ വീട്ടിലെത്തിക്കുമ്പോൾ പുറത്ത് ഒരു തമിഴൻ ലോറി കിടന്നിരുന്നു എന്നയാൾ പറഞ്ഞപ്പോൾ അച്ഛനും നാട്ടുകാരും അത് വിശ്വസിച്ചു. പലപ്പോഴും വഴിയരികിലെ നിർത്തിയിട്ടിരിക്കുന്ന തമിഴൻ ലോറിയിലെ ഡ്രൈവർമാരോട് അമ്മ പോയി സംസാരിക്കുന്നത് പലരും കണ്ടിട്ടുമുള്ളതാണ്.

അതെല്ലാം ചേർത്തുവായിച്ചപ്പോൾ അമ്മ ഏതോ തമിഴൻ ലോറി ഡ്രൈവറുടെ കൂടെ ഒളിച്ചോടിപ്പോയതാവുമെന്നും എല്ലാവരും നിഗമനത്തിലെത്തി.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ വളരെ ധൈര്യം സംഭരിച്ച് ഞാൻ അന്നുരാത്രി നടന്ന വിവരങ്ങൾ അച്ഛനോട് പറഞ്ഞു. കുടിച്ചുബോധം കേടുവന്ന അച്ഛൻ വെട്ടുകത്തിയെടുത്ത് പുറത്തേക്ക് പോയി. പക്ഷേ തിരിച്ചുവന്നത് ഒരു ജഢമായിട്ടായിരുന്നു. അച്ഛനെ അയാൾ തന്നെ കൊന്നതാണെന്ന് ഉറപ്പിച്ചിരുന്നത് .. പക്ഷേ ഒന്നിനും തെളിവുകൾ ഇല്ല.

അയാളുംഭാര്യയും തന്നെ ദത്തെടുക്കണം എന്ന് പറഞ്ഞുവന്നപ്പോൾ ആദ്യം വെറുപ്പാണു തോന്നിയതു്. ദൈവമായിട്ട് പ്രതികാരം ചെയ്യാനുള്ളൊരു അവസരം തന്നതാണെന്ന് വിചാരിച്ച് അവരുടെ കൂടെ വന്നു.

തന്റെ അമ്മയുടെ കൂടെ നീചമായി പെരുമാറിയതു് അയാൾ തന്നെയാണോയെന്ന് പലപ്പോഴും സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. അത്രയും സ്നേഹം കോരിചൊരിഞ്ഞുതന്നെയാണ് വളർത്തിയത്. എനിക്കൊരു അസുഖം വന്നാൽ ജോലിയും കൂലിയും ഉപേക്ഷിച്ച് കാത്തിരിക്കും.

തെങ്ങിന്റെ കൂമ്പുതിന്നുന്ന കൊമ്പൻകൊല്ലിയെ കൊല്ലാൻ വെച്ചിരുന്ന വിഷം അയാൾക്കായി ഞാൻ കരുതിയിരുന്നു.

അപ്പോഴാണ്, അയാളുടെ കാലിൽ തെങ്ങിന്റെ കുറ്റികൊണ്ട് മുറിവുണ്ടായത്. നിസ്സാരമെന്ന് അയാൾ കരുതിയ ആ മുറിവ് ആദ്യം അയാളുടെ കാലുകൾ കവർന്നു. കാലുകൾ മുറിച്ചപ്പോൾത്തന്നെ അയാൾപകുതി മരിച്ചിരുന്നു. താൻ പോയാൽ തിരിച്ചുവരുന്നതുവരെ വീടിന്റെ ഇറയത്ത് നിസ്സഹായനായി ഇരിക്കും. അയാളുടെ അവസാന ആഗ്രഹമായിരുന്നു എന്റെ വിവാഹം. റാണിയുമായുള്ള ബന്ധം തുറന്നുപറഞ്ഞപ്പോൾ തന്നെ അതിനു സമ്മതം കിട്ടി.

അമ്മയ്ക്ക് പെട്ടെന്നെന്തോ അസുഖം തോന്നിയപ്പോൾ റാണി അമ്മയെയും കൊണ്ട് ടൗണിൽ പോയ ദിവസമായിരുന്നു അത് സംഭവിച്ചത്. വീട്ടിൽ അച്ഛൻ ഒറ്റയ്ക്കാണെന്ന് റാണി പറഞ്ഞപ്പോൾ നേരെ വീട്ടിലെത്തുകയായിരുന്നു. കോരിച്ചൊരിയുന്ന മഴയത്തും ഇറയത്ത് തന്നെക്കാത്ത് കിടക്കുന്ന അയാളെ കണ്ടു. അയാളെന്തോ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

തന്നെ കണ്ടയുടനെ അരികിലേക്ക് വിളിച്ചു. രണ്ടുകൈകളും കൂട്ടിപ്പിടിച്ച് മാപ്പുപറഞ്ഞു.

മദ്യലഹരിയിൽ അയാളുടെ മനസ്സൊന്ന് ചഞ്ചലമായപ്പോൾ അറിയാതെ പറ്റിയ ഒരു കൈയബദ്ധം ആയിരുന്നുവെന്നും, രക്ഷപ്പെടുക എന്ന ഏക മാർഗ്ഗം മാത്രമേ അയാളുടെ മുൻപിൽ ഉണ്ടായിരുന്നുള്ളുവെന്നും, അപ്പോൾ തോന്നിയ ബുദ്ധിയിൽ അയാളും അച്ഛനും ചേർന്ന് മേലേപ്പറമ്പിൽ അന്ന് കുഴിയെടുത്ത് നട്ട ഒരു തെങ്ങുംതൈ പുറത്തെടുത്ത് അതിനടിയിൽ അമ്മയെ മറവുചെയ്തതായിരുന്നുവത്രെ

ഈ ചെയ്തതിന്റെ മനഃസ്താപം ഉള്ളിലൊതുക്കാൻ കഴിയാതെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പോയി വന്നപ്പോൾ ആണ് തലേദിവസം രാത്രി ഒരു വണ്ടിയിടിച്ച് സെൽവൻ മരിച്ച വിവരം അയാൾ അറിഞ്ഞതത്രെ.

അതിനൊരു പ്രായശ്ചിത്തമായി തന്നെയാണ് അയാൾ തന്നെ ദത്തെടുത്തതെന്നും, അയാളോട് മാപ്പ് നൽകണമെന്നും കെഞ്ചി. മേലേപ്പറമ്പിൽ തലപോയി മുറിച്ചുമാറ്റിയ തെങ്ങിന്റെ അടിയിൽ ആയിരുന്നുവത്രേ പണ്ട് അയാൾ അമ്മയെ കുഴിച്ചിട്ടിരുന്നത്.

എന്തെങ്കിലും മറുത്തുപറയും മുൻപ് തന്റെ കൈകൾ കൂട്ടിപ്പിടിച്ചിരുന്ന അയാളുടെ കൈകൾ ഇഴഞ്ഞുപോയിരുന്നു.

മരണാനന്തരകർമ്മങ്ങൾ എല്ലാം കഴിഞ്ഞ് ഒരു ദിവസം മേലേപ്പറമ്പിൽ പോയി. നൂറുകണക്കിന് നിൽക്കുന്ന തെങ്ങുകൾക്കിടയിൽ ഒരൊറ്റ തെങ്ങുമാത്രമാണു് വെറും കുറ്റി മാത്രമായി ബാക്കിയുണ്ടായിരുന്നത്. അമ്മയെ കുഴിച്ചിട്ടതും അച്ഛന് ഇൻഫെക്ഷൻ വന്നതും ഒരേ തെങ്ങിൻകുറ്റിയിൽ! അമ്മയുടെ കണക്ക് അമ്മ തന്നെ തീർത്തിരിക്കുന്നു

അയാളെക്കൊല്ലാനായി കരുതിവെച്ചിരുന്ന വിഷമെടുത്ത് ആ തെങ്ങിൻകുറ്റിയുടെ കടയ്ക്കൽ ഒരു ചെറിയ കുഴിയുണ്ടാക്കി അതിലേക്ക് കമഴ്ത്തി, കൂടെ അത്രയും കാലമായി മനസ്സിൽ കൊണ്ടുനടന്നിരുന്ന പ്രതികാരവും..

അടുത്ത വേനൽ മഴയ്ക്ക് മുൻപ് മേലേപ്പറമ്പിലെ ആ തെങ്ങിൻതോപ്പ് എന്തുവിലകൊടുത്തും സ്വന്തമാക്കണം, അതിന് വേണ്ടി മരുഭൂമിയെന്നല്ല ലോകത്തിന്റെ ഏതു മൂലയിലും എന്തുജോലിയും ചെയ്യാൻ തയ്യാറാണ്. അമ്മ കിടക്കുന്ന ആ ഒരു പിടിമണ്ണ്, അതുമാത്രമാണ് ഇപ്പോഴത്തെ സ്വപ്നം.

ഗിരി ബി വാരിയർ


Comments