പുനർജ്ജനി
പുനർജ്ജനി
കഥ | ഗിരി ബി. വാരിയർ
(ചിമിഴ് മാസികയുടെ മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ച കഥ )
****
"അമ്മ ഒരു വിഡ്ഢിത്തം ചെയ്തു. അച്ഛൻ പെട്ടെന്ന് ഒന്ന് ആശുപത്രിയിലേക്ക് വരുമോ.."
ധന്യയുടെ മെസ്സേജ് കണ്ടതും ജയകൃഷ്‌ണൻ വീട്ടിൽ നിന്നും ഇറങ്ങി. ആശുപത്രി അധികം ദൂരത്തല്ലാത്തതിനാൽ പെട്ടെന്ന് അവിടെ എത്തി.
കാഷ്വാലിറ്റിയുടെ മുൻപിലെ കൗണ്ടറിൽ ധന്യയുണ്ടായിരുന്നു
“വിഷം ഉള്ളിൽ ചെന്നിട്ടുണ്ടത്രേ, വയർ കഴുകി, മരുന്നൊക്കെ കൊടുത്തു. വാർഡിലേക്ക് മാറ്റിയിട്ടുണ്ട്” ധന്യപറഞ്ഞു
“ആരാണ് ഡോക്ടർ..?” ജയകൃഷ്ണൻ ചോദിച്ചു
“ഡോക്ടർ രാംദാസ്.”
“ഓക്കേ. ഡോക്ടർ രാംദാസ് എന്റെ സുഹ്യത്താണ്. ഞാൻ കണ്ടിട്ട് വരാം.”
ധന്യ വാർഡിലേക്കും ജയകൃഷ്ണൻ ഡോക്ടറുടെ ചേംബറിലേക്കും പോയി.
ഇതൊരു ആത്മഹത്യാശ്രമം ആയിരുന്നുവെന്നും, അറിയാവുന്നത് കൊണ്ട് ഫുഡ് പോയ്സണിങ് എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു. എല്ലാവരോടും അങ്ങിനെതന്നെ പറഞ്ഞാൽ മതിയെന്നും ഡോക്ടർ എടുത്തു പറഞ്ഞു.
ഡോക്ടറെ കണ്ട് തിരിച്ചു വാർഡിനടുത്തെത്തിയപ്പോൾ പുറത്ത് ധന്യ കാത്തുനിൽപ്പുണ്ടായിരുന്നു.
"അമ്മയ്ക്ക് അച്ഛനെ ഒന്ന് കാണണമെന്ന് പറഞ്ഞു. അകത്ത് സിസ്റ്റർ ബിപിയും പൾസും മറ്റും നോക്കുന്നുണ്ട്. അവർ പോയാൽ അകത്ത് പൊയ്ക്കോളൂ. ഞാൻ ഒന്ന് താഴെ പോയി വരാം, താഴെ OPD യിൽ എന്റെ ഒരു സുഹ്യത്ത് വന്നിട്ടുണ്ട്..."
"മോളെ.. ആരുചോദിച്ചാലും അമ്മയ്ക്ക് നല്ല സുഖമില്ല എന്ന് മാത്രം പറഞ്ഞാൽ മതിട്ടോ. മറ്റൊന്നും പറയരുത് കേട്ടോ."
മകൾ പോകുന്നതും നോക്കി ജയകൃഷ്ണൻ നിന്നു. മീരയെ എങ്ങിനെ അഭിമുഖീകരിക്കുമെന്നതായിരുന്നു പ്രധാന പ്രശ്നം.
വാർഡിനുമുൻപിൽ ഇട്ടിരിക്കുന്ന ഇരുമ്പുകസേരയിൽ സിസ്റ്റർ പുറത്തുവരുന്നതും കാത്തിരുന്നു.
മീരയുടെ അച്ഛനുമമ്മയും മീര സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഒരു കാറപകടത്തിൽ മരിച്ചതായിരുന്നു. അതിനുശേഷം മുത്തച്ഛന്റെയും അമ്മമ്മയുടെയും കൂടെയായിരുന്നു വളർന്നതും മറ്റും.
വിവാഹം കഴിയുമ്പോൾ സർക്കാർ ഓഫീസിൽ ഒരു ക്ലാർക്ക് ആയിരുന്നു താൻ. ഒരാളുടെ വരുമാനത്തിൽ ജീവിതം ദുസ്സഹമായപ്പോൾ ആണ് വളരെ നിർബന്ധിച്ച് മീരയെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കയച്ചത്. ഡിഗ്രി വരെ പഠിച്ച മീര ജോലിയിൽ കാണിച്ച ആത്മാർത്ഥതയും കാര്യക്ഷമതയും മീരയെ പെട്ടെന്നുതന്നെ ഉയർന്ന പദവികളിൽ എത്തിച്ചു.
അഞ്ചുമണിക്ക് ജോലികഴിഞ് വീട്ടിലെത്തുന്ന ഒരു സാധാരണക്കാരനായ സർക്കാർ ഉദ്ദ്യോഗസ്ഥനായിരുന്ന താൻ ജോലികഴിഞ് വളരെ വൈകി വീട്ടിൽ എത്തുന്ന മീരയ്ക്ക് വേണ്ടി കാത്തിരിക്കുക പതിവായി. മകളെ തൊട്ടടുത്തുള്ള ക്രഷെയിൽ കാലത്ത് കൊണ്ടുവിടും, വൈകീട്ട് കൂട്ടികൊണ്ടുവരികയും , പഠിപ്പിക്കുകയും, വൈകീട്ടത്തേക്കുള്ള ഭക്ഷണം പാകം ചെയ്യുകയും എല്ലാം തന്റെ ദിനചര്യയിൽ പെട്ടിരുന്നു.
മീരയുടെ ഉയർച്ചയിൽ അവരുടെ ഓഫീസിലെതന്നെ മറ്റു ജീവനക്കാർക്കും അസൂയയായിരുന്നു അതുകൊണ്ടുതന്നെ ഉയർന്ന ഉദ്ദ്യോഗസ്ഥരുടെ ചില ഇഷ്ടത്തിന് നിന്നുകൊടുക്കുന്നുണ്ട് എന്ന ഒരു ചീത്തപ്പേരും മീരക്കുണ്ടായിരുന്നു.
മീരയുടെ ഉയർച്ചയിൽ അഭിമാനിക്കുന്നതിനുപകരം തന്റെ ഉള്ളിന്റെയുള്ളിൽ ഒരു അപകർഷതാബോധം ഉടലെടുത്തു. മീരയുടെ അസാന്നിദ്ധ്യം മകളെ ഒറ്റപ്പെടുത്തുന്നുവെന്നും പറഞ്ഞുതുടങ്ങിയ സ്വരച്ചേർച്ച പിന്നീട് വിവാഹമോചനത്തിന് കോടതിയെ സമീപിക്കുന്നതിൽ അവസാനിച്ചു.
പിരിയുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ ആ രാത്രി മുഴുവൻ കരഞ്ഞു. അടുത്ത ദിവസം രാവിലെ മേശപ്പുറത്തുവെച്ചിരുന്ന ജോയിന്റ് പെറ്റീഷനിൽ മീര ഒപ്പുവെച്ചു. രണ്ടാമതൊന്ന് ചോദിക്കാനോ പറയാനോ നിന്നില്ല.
പക്ഷേ ഇതൊന്നും വിവാഹമോചനത്തിന് ഒരു കാരണം ആയി കോടതി സ്വീകരിക്കില്ലെന്നും മറ്റെന്തെങ്കിലും ഒരു നല്ല കാരണം കണ്ടുപിടിക്കണം എന്ന വക്കീലിന്റെ ആവശ്യം വളരെ രഹസ്യമാക്കി വെച്ചിരുന്ന മീരയുടെ ഒരു ചികിത്സയെ കോടതിയിൽ രഹസ്യസ്വഭാവത്തോടെ തന്നെ വിവാഹമോചനത്തിനുള്ള അപേക്ഷയിൽ ഉൾക്കൊള്ളിച്ചു. മീരയുടെ ശരീരത്തിലുള്ള ചില അമിതമായ ഹോർമോണുകൾ മൂലം മീരയ്ക്ക് ലൈംഗീകാസക്തി കൂടുതലാണെന്നും അത് തന്റെ ജീവിതം തകർക്കുന്നുവെന്നും അപേക്ഷയിൽ എഴുതിച്ചേർത്തു, തെളിവിനായി ഡോക്ടറുടെ ചികിത്സയ്ക്കുറിപ്പുകൾ അതോടൊപ്പം സമർപ്പിച്ചു. മീര അതിനെതിരായി ഒന്നും തന്നെ വാദിക്കുകയും ചെയ്തില്ല. അങ്ങിനെ അവരുടെ വിവാഹമോചനം വലിയ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ കഴിഞ്ഞു. മകളെ കാണാൻ തനിക്ക് ഇടക്കെങ്കിലും അനുമതി തരണം എന്നുമാത്രമേ ജയകൃഷ്ണൻ ആവശ്യപ്പെട്ടുള്ളു.
രഹസ്യമായ ഈ കാര്യം എങ്ങിനെയോ ഓഫീസിൽ ചിലർ അറിഞ്ഞു പിന്നീട് ചെവികളിൽ നിന്നും ചെവികളിലേക്ക് പകർന്ന ഈ വിവരം പലർക്കും ഊറിച്ചിരിക്കാനുള്ള കാരണം കൂടിയായി.
നാല്പത്തിയഞ്ചിലും ഇരുപത്തിയഞ്ചിന്റെ അഴകും, സാമാന്യം നീളമുള്ള ഇടതൂർന്ന കറുത്ത മുടിയും, വെളുത്തുമെലിഞ്ഞു വടിവൊത്ത ശരീരവും, കവികൾ പാടിയ കണ്ണുകളും, ചുണ്ടുകളും. മീരയുടെ ശരീരഘടനയുമായിരുന്നു ഓഫീസിൽ പലരുടെയും അസൂയക്കും, പുരുഷന്മാർക്ക് അവരോടുള്ള ആകർഷണത്തിനും പാത്രമായതു്.
മീരയുടെയും തന്റെയും ഇടയിൽ മാത്രം ഒതുങ്ങേണ്ടിയിരുന്ന ഒരു വിഷയം ദുരുപയോഗം ചെയ്തതിൽ വല്ലാത്ത മനഃസ്താപം ഉണ്ടായിരുന്നു. അന്നുമുതൽ ഒരു ദിവസം പോലും മനസ്സമാധാനത്തോടെ ഉറങ്ങിയിട്ടില്ല.
ഈ വിവരം അറിഞ്ഞതുമുതൽ അമ്മയും അച്ഛനും ഓപ്പോളും തന്നോട് ഒരു അന്യനെപ്പോലെയാണ് പെരുമാറുന്നത്. ഞാൻ വിശ്വാസവഞ്ചന ചെയ്തുവെന്ന് വരെ അച്ഛൻ കുറ്റപ്പെടുത്തി. ഞാൻ വീട്ടിൽ വരുന്നതിനാൽ മീര പോലും ഇങ്ങോട്ടുള്ള വരവ് നിർത്തി എന്ന് അമ്മയും പഴിചാരിയപ്പോൾ വീടുവിട്ടിറങ്ങി.
ബന്ധം വേർപ്പെടുത്തിയെങ്കിലും വീട്ടിൽ എല്ലാ കാര്യത്തിനും മീര ചെല്ലും. ഒരു മരുമകളെപ്പോലെയല്ല, മകളെപ്പോലെ തന്നെ പെരുമാറും. ഒരിക്കൽ പോലും അമ്മയോട് എന്നെപ്പറ്റി കുറ്റം പറഞ്ഞിട്ടില്ല.
ഡിവോഴ്സ് ആയ ശേഷം പലരും മീരയെ സമീപിക്കാൻ ശ്രമിച്ചു പ്രത്യേകിച്ചും ഡിവോഴ്സിനുള്ള കാരണം എല്ലാവർക്കും അറിയുമായിരുന്നതുകൊണ്ട്. ഇതിലൊന്നും മീര ശ്രദ്ധിക്കാറില്ല. ആരോടും അധികം അടുത്തിടപഴകാതെ തന്റെ ജോലി നൂറുശതമാനം ഉത്തരവാദിത്വത്തോടെ നിറവേറ്റുകമാത്രമായിരുന്നു മീരയുടെ രീതി. തന്റെ ഉള്ളിലെ ദുഖങ്ങളെല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കുന്ന പ്രക്യതമായിരുന്നു.
ഒരിക്കൽ പോലും മീര തന്നെ കുറ്റപ്പെടുത്തിയില്ല എന്നതാണ് കൂടുതൽ ദുഃഖമുണ്ടാക്കുന്നത്.
നഗരത്തിലെ വാടകവീട്ടിൽ ഒറ്റയ്ക്കുള്ള ജീവിതം. മറ്റൊരു വിവാഹം ഒരിക്കലും ചിന്തിക്കാൻ പോലും പറ്റില്ല, മീരയോടുള്ള പ്രണയം മനസ്സിൽ അത്രത്തോളം ആഴത്തിൽ പതിഞ്ഞിരുന്നു.
മദ്യപാനം എന്ന ദുശ്ശീലം അതിരുകടക്കാൻ തുടങ്ങിയപ്പോളാണ് ഭക്തിമാർഗ്ഗത്തിലേക്ക് ശ്രദ്ധ തിരിക്കാൻ ശ്രമിച്ചത്. പക്ഷെ ഉള്ളിന്റെ ഉള്ളിലെ കുറ്റബോധം, നഷ്ടബോധം എല്ലാം തളർത്തുന്നുണ്ടായിരുന്നതിനാൽ അവിടെയും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
"അകത്തേക്ക് പോകാം ട്ടോ.." സിസ്റ്റർ മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ പറഞ്ഞു.
മുറിയുടെ വാതിൽക്കൽ പതിയെ മുട്ടി അകത്തേക്ക് നടന്നു.
തലയണ കട്ടിലിന്റെ ഒരു ഭാഗത്ത് വെച്ച് ചുമരിൽ ചാരിയിരിക്കുകയായിരുന്നു മീര.
"എന്തുപറ്റി മീരാ.. എന്തിനാ നീയ്യിത്.."
"ആ ബാഗൊന്ന് എടുത്തുതരുമോ.." ചുമരിലെ അടച്ച ചുമരലമാര ചൂണ്ടിക്കാണ്ടിച്ചുകൊണ്ട് മീര പറഞ്ഞു.
ബാഗ് എടുത്ത് മീരയ്ക്ക് കൊടുത്തു. അതിന്റെ ഉള്ളിലെ അറയിൽ നിന്നും ഒരു നാളായി മടക്കിയ കടലാസ് എടുത്ത് ജയകൃഷ്ണന് കൊടുത്തു.
"ഏട്ടൻ ഇത് വായിക്കുന്നത് കാണാൻ എനിക്ക് കഴിയുമെന്ന് ഒരിക്കലും കരുതിയില്ല. എന്റെ ആത്മത്യാകുറിപ്പാണ്" ഒരു ചെറിയ പുഞ്ചിരി മുഖത്ത് വരുത്തിക്കൊണ്ട് മീര പറഞ്ഞു.
രണ്ടുവരികൾ മാത്രം ..
"ഏട്ടാ.. വല്ലാതെ ഒറ്റപ്പെട്ടുപോയത് പോലെ.. ഇതുവരെ പിടിച്ചുനിന്നു.. ഏട്ടന്റെ നെഞ്ചിൽ തലചായ്ച്ച് ഒരു നിമിഷം കണ്ണടച്ചാൽ തീരുന്ന കണ്ണുനീർ., തലയിണയിൽ എത്രതന്നെ മുഖമമർത്തി കരഞ്ഞിട്ടും തീരുന്നില്ല. അടുത്ത ജന്മത്തിലെങ്കിലും എനിക്ക് അതിന് ഒരു ഭാഗ്യം തരണം..മാപ്പ്.. മീര.."
വായിച്ചുകഴിഞ്ഞപ്പോഴേക്കും ജയകൃഷ്ണന്റെ കണ്ണുകൾ നിറഞ്ഞു. അയാൾ മീരയുടെ കൈകൾ കൂട്ടിപ്പിടിച്ചു.
"അരുത്, മാപ്പ് ഞാനല്ലേ പറയേണ്ടത് മീര. ഒരു തെറ്റ് ചെയ്തിട്ട് ഏതൊരു ദൈവത്തിന്റെയും മുൻപിൽ ചെന്ന് തലതല്ലിക്കരഞ്ഞിട്ട് കാര്യമില്ലെന്ന് എനിക്കറിയാം. നീ എന്തിനിത് ചെയ്തു.. പറയു.."
"ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല ഏട്ടാ.. ജോലിയിൽ ആത്മാർത്ഥത കാണിച്ചു എന്നതൊഴിച്ചാൽ.."
"എനിക്കറിയാം, നിന്റെ ഉയർച്ചയിൽ ഞാൻ അസൂയാലുവായിരുന്നുവെന്നത് പകൽപോലെ സത്യം, പക്ഷെ നിന്നെ ഞാൻ ഒരിക്കലും സംശയിച്ചിട്ടില്ല.. "
"ഓഫീസിന് അടുത്തുള്ള ഒരു ഡാൻസ് അക്കാഡമിയിൽ എല്ലാ ശനിയാഴ്‌ചയും മോള് ഡാൻസ് പഠിക്കാൻ പോകാറുണ്ട്. അവളെ ഒറ്റയ്ക്ക് വിടേണ്ട എന്നുകരുതി ഞാനും കൂടെപ്പോകും. അവളെ ക്ലാസ്സിൽ വിട്ട് മൂന്ന് മണിക്കൂർ ഞാൻ ഓഫീസിൽ ജോലികൾ തീർക്കാൻ പോകും..
അന്നും പതിവുപോലെ ഓഫീസിൽ പണികൾ തീർക്കുമ്പോൾ ആണ് ഡയറക്ടർ സാർ ഓഫീസിൽ വന്നത്. ഓഫീസിൽ മറ്റാരും ഉണ്ടായിരുന്നതും ഇല്ല.
സംസാരത്തിനിടയിൽ പെട്ടെന്ന് കയറിപ്പിടിച്ച് ചുംബിച്ചു. ഇന്റർകോമിൽ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിക്കുമ്പോൾ ഒട്ടും പ്രതീക്ഷിച്ചില്ല ഇത്തരമൊരു ചിന്ത അയാളുടെ മനസ്സിൽ ഉണ്ടായിരുന്നെന്ന്.
ആട്ടിൻതോലണിഞ്ഞ ചെന്നായയാണ് ഡയറക്ടർ സാർ എന്ന് ഓഫീസിൽ പല പെൺകുട്ടികളും പരാതി പറഞ്ഞിട്ടുണ്ടെങ്കിലും അയാളുടെ മാന്യതയിൽ ഒരിക്കലും സംശയം തോന്നിയിട്ടില്ല. അല്ലെങ്കിലും സ്വയം ഒരു അനുഭവം വരുന്നതുവരെ വിശ്വസിക്കാത്തവരല്ലെ നമ്മൾ.
ആ ഞെട്ടലിൽ നിന്ന് ഞാൻ തിരിച്ചുവരും മുമ്പാണു് അവിചാരിതമായി ചെയർമാൻ സാർ മുറിയുടെ വാതിൽ തുറന്നത്. പെട്ടെന്ന് അയാളെന്നെ തള്ളിമാറ്റി.. ഞാൻ അയാളെ കയറി ചുംബിച്ചതാണെന്ന് വരുത്തിക്കൂട്ടി. ചെയർമാൻ സാർ ഒന്നും മിണ്ടാതെ തിരികെ പോയി.. ഡയറക്ടർ സാറിന്റെ മുഖമടച്ച് ഒരു അടിയും കൊടുത്ത് ഞാൻ ആ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. രണ്ടാമതൊന്നും ചിന്തിച്ചില്ല, രാജിക്കത്ത് എഴുതി ചെയർമാൻ സാറിന്റെ മുറിയിൽ പോയി അത് കൊടുത്തു. ഒന്നും സംസാരിക്കാൻ നിൽക്കാതെ ഇറങ്ങിപ്പോന്നു.
"ജോലി പൊയ്ക്കോട്ടേ, ആതിനാണോ ഇത്രയും വലിയ കടുംകൈ ചെയ്യാൻ ശ്രമിച്ചത്.."
അപ്പോഴേക്കും ധന്യ മുറിയിലേക്ക് കടന്നുവന്നു.
"ഇനി ഞാൻ പറയാം.. ഇന്ന് കാലത്ത് ഞാൻ കോളേജിൽ പോയി കുറച്ചുകഴിഞ്ഞപ്പോൾ ആണ് അമ്മയുടെ കൂടെ ജോലി ചെയ്തിരുന്ന ജെസ്സി ആന്റിയുടെ ഫോൺ അമ്മയ്ക്ക് വന്നത്. അമ്മ ഡയറക്ടർ സാറിനെ sexually approach ചെയ്യാൻ ശ്രമിച്ചുവെന്നും ചെയർമാൻ സാർ അത് കണ്ടുവെന്നും അതിനാൽ അമ്മയുടെ രാജിക്കത്ത് കൈയ്യോടെ എഴുതിവാങ്ങി അമ്മയെ പുറത്താക്കുകയായിരുന്നുവെന്നും ആണത്രേ ഓഫീസിൽ പരക്കുന്ന അഭ്യൂഹം.”
“സ്വന്തം ജീവിതം തന്നെ ആ സ്ഥാപനത്തിനുവേണ്ടി പണയം വെച്ചിട്ടും അമ്മയെ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ലല്ലോ എന്നായി അമ്മയുടെ ചിന്ത. അമ്മ വിവരങ്ങൾ ഒക്കെ എന്നെ വിളിച്ച് പറഞ്ഞു. അമ്മയുടെ ശബ്ദത്തിൽ വല്ലാത്ത വിരക്തി അനുഭവപ്പെട്ടു. ആ സമയത്ത് ഒരാളുടെ സാമീപ്യം അമ്മയ്ക്ക് വേണം എന്ന് തോന്നി ഞാൻ പെട്ടെന്ന് തന്നെ വീട്ടിലേക്ക് തിരിച്ചുപോന്നു. വീട്ടിലെത്തിയപ്പോഴാണ് സോഫയിൽ തളർന്നിരിക്കുന്നു അമ്മയെ കണ്ടത്. പെട്ടെന്ന് കാറിൽ കയറ്റി ഇങ്ങോട്ട് കൊണ്ടുവന്നു. ബോധം വന്നപ്പോൾ അച്ഛനെ അറിയിക്കാനാണ് ആദ്യം പറഞ്ഞത്.” ധന്യ പറഞ്ഞുനിർത്തി.
"ഞാനാകെ ഒറ്റപ്പെട്ടുപോയി ഏട്ടാ, അതുപോലെയൊരു പേരുദോഷം പേറി ജീവിക്കാൻ തോന്നിയില്ല, അതൊരുപക്ഷേ മകളുടെ ഭാവിയെ കൂടെ ബാധിക്കും എന്നെനിക്ക് തോന്നി. എനിക്കെന്തെങ്കിലും പറ്റിയാലും ധന്യയെ നിങ്ങളും നിങ്ങളുടെ നിങ്ങളുടെ അമ്മയും ഓപ്പോളും പൊന്നുപോലെ നോക്കിക്കോളും എന്ന് എനിക്കുറപ്പുണ്ടായിരുന്നു." വളരെ താഴ്ന്ന ശബ്ദത്തിൽ മീര പറഞ്ഞു.
"മീര.. നിന്നെ ഒറ്റപ്പെടുത്തിയത് ഞാനാണ്. അമ്മ പറയാറുണ്ട് ഞാൻ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തമാകാൻ തിരുവില്വാമല വില്വാദ്രിനാഥന്റെ പുനര്‍ജ്ജനി ഗുഹ നൂഴണം എന്ന്. പക്ഷേ ഒരു പുനർജ്ജനിയും നൂഴ്ന്ന് അല്ല, മറ്റൊരു ശരിയിലൂടെ മാത്രമേ ആ തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ പറ്റു എന്നെനിക്കറിയാം. ഇനിയൊരിക്കലും നീയ്യും ധന്യയും ഒറ്റയ്ക്കാവില്ല മീര." മീരയുടെ കൈകൾ നെഞ്ചോട് ചേർത്ത് വെച്ച് ജയകൃഷ്ണൻ അത് പറയുമ്പോൾ മൂന്ന് പേരും കരയുകയായിരുന്നു.
അപ്പോൾ മീരയുടെ മൊബൈലിൽ ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു. ഡയറക്ടറുടെ ഭാര്യയ്ക്ക് മീരയറിയാതെ ധന്യ അയച്ചിരുന്ന ഒരു ടെക്സ്റ്റ് മെസ്സേജിന് ഉള്ള മറുപടിയായിരുന്നു
****
ഗിരി ബി. വാരിയർ



Comments
Post a Comment