ഓർമ്മയിലൊരു ശിവരാത്രി (ഓർമ്മക്കുറിപ്പ്)


ഓർമ്മയിലൊരു ശിവരാത്രി ...
(ഓർമ്മക്കുറിപ്പ് | ഗിരി ബി വാരിയർ)

"നിന്റെ മാലേന്ന് താഴെ വീഴണ പൂക്കള് പറക്കലാവും ശിവരാത്രി ആയിട്ട്‌ തേവരുടെ ജോലി ഇന്ന്...".  ഞാൻ കെട്ടുന്ന മാല നോക്കി മുത്തച്ഛൻ പരിഹസിക്കും. 

മുത്തച്ചാ, ഇത്‌ കെട്ടീട്ട് ഒറക്കണില്ല്യാ.. ഊരിപ്പോണൂ. ഞാനെന്താ ചെയ്യാ.." മാലകെട്ടാൻ പഠിക്കുന്ന ഞാൻ  മുത്തച്ഛനോട് ഞാൻ പറയും.

"നീയാ ഹരി കെട്ടണ മാല നോക്ക്‌, അങ്ങിന്യാ മാല വേണ്ടേ ..." മാധേടത്തിയുടെ ഇളയ മകൻ  ഹരി കെട്ടിക്കൊണ്ടിരിക്കുന്ന  മാല ചൂണ്ടിക്കാണിച്ച് മുത്തച്ഛൻ പറയും. 

"അത്‌ സാരല്ല്യാ, ഞാൻ ശര്യാക്കിക്കോളാം.. തേവർക്ക് ഒരു മാലെങ്കിലും കെട്ടണം.." അമ്മമ്മ എന്നെ പ്രോത്സാഹിപ്പിക്കാനായി   പറയും.

പണ്ട്‌ ശിവരാത്രി വാര്യത്തെ വലിയൊരു ഉത്സവമായിരുന്നു. 

മുത്തച്ഛനായിരുന്നു നിറമാലക്കുള്ള മാലകെട്ടിന് ‌ നേത്ര്യത്വം നൽകിയിരുന്നത്‌.  ഒരാഴ്ച്ച മുൻപേ ഒരുക്കങ്ങൾ തുടങ്ങും. ശിവരാതിയുടെ തലേന്നാൾ മുതൽ പുഷ്പങ്ങൾ  ശേഖരിക്കാൻ തുടങ്ങും.  

പുലർച്ചെ എല്ലാവരും  ത്രൈലോക്യമംഗലം ശിവക്ഷേത്രത്തിൽ എത്തും.  തൈക്കാട്ടുശ്ശേരി എന്ന ഗ്രാമത്തിന്റെ  നാഥനായ തേവരുടെ അനുഗ്രഹം വാങ്ങാൻ ‌ ഭക്തർ ആ ദിവസം തിരുനടയിൽ എത്തും.

അമ്പലത്തിലെ കാലത്തെ കഴകവ്യത്തികൾ എല്ലാം കഴിഞ്ഞ്‌ എല്ലാവരും തറവാട്ടിൽ ഒത്തുചേരും.  

മിക്കവാറും ഇഡ്ഡലിയാണ് പ്രാതലിന് പതിവ്‌.   അലുമിനിയത്തിന്റെ ഇഡ്ഡലിപ്പാത്രത്തിൽ വിറകടുപ്പിന്റെ ആവിയിൽ വെന്ത ഇഡ്ഡലിയും, അമ്മിയിൽ അരച്ച നാളികേരചട്നിയും കൂട്ടിയുള്ള പ്രാതൽ ഓർക്കുമ്പോൾ ഇന്നും വായിൽ കപ്പലോടും 

പ്രാതൽ കഴിച്ചു കഴിയുമ്പോഴേക്കും  മുത്തച്ഛൻ മാലകെട്ട് തുടങ്ങിക്കാണും.  നടപ്പുരയുടെ വടക്ക് വശത്ത്‌ ചുമരിൽ ചാരിയാണ് മുത്തച്ഛന്റെ ഇരിപ്പിടം. നടുവിൽ പുഷ്പങ്ങൾ കൂട്ടിയിട്ടിട്ടുണ്ടാവും. 

ബിംബത്തിന്മേലേക്ക് മാല, ശ്രീകോവിലിന് ഉള്ളിൽ തൂക്കാനുള്ള  മാലകൾ, അമ്പലത്തിനകത്ത് അലങ്കരിക്കാനുള്ള മാലകൾ, പുറത്ത്‌ തൂക്കാനുള്ള മാലകൾ എന്നിങ്ങനെ വേർത്തിരിച്ചാണ് മാലകെട്ടുന്നത് 

അമ്മമ്മ,  ത്രുശ്ശൂരമ്മാമൻ, അമ്മ, അച്ഛൻ, എന്റെ ചെറിയമ്മ ലീലേച്ചി ഭർത്താവ്‌ വിശ്വെട്ടൻ, അമ്മമ്മയുടെ അനുജത്തി മാധേടത്തി ഭർത്താവ്‌ ഉണ്ണ്യേട്ടൻ അവരുടെ മക്കൾ മോഹനനും  ഹരിയും ഇവരായിരുന്നു മുതിർന്ന മാലകെട്ടുകാർ. ഗീതേച്ചിയും ഞാനും സപ്പോർട്ടിങ് മാത്രം.  

ഗിര്യേ ആ വെള്ളപ്പൂവ് എടുത്തുതാ, തെച്ചിപ്പൂ എടുത്ത് മുത്തച്ഛന് കൊടുക്ക്, അല്ലെങ്കിൽ കൊറച്ചു വെള്ളം കൊണ്ടത്താ..അങ്ങിനെപോകും എന്റെ ജോലികൾ.  

ഉണ്ണ്യേട്ടൻ ഗുരുവായൂരിൽ നിന്നും താമരമൊട്ട്‌ കൊണ്ടുവരാറുണ്ട്, താമരമാല തേവർക്ക് ദീപാരാധനയ്ക്ക് ചാർത്താൻ ആണ്.  

മുത്തച്ഛനും വിശ്വ്വേട്ടനും എന്തെങ്കിലും ഒക്കെ തമാശകൾ പറഞ്ഞ്‌ ആ സഭ രസികരമാക്കാറുണ്ട്.  ആകാശത്തിന് കീഴെയുള്ള എല്ലാ വിഷയങ്ങളും അപ്പോൾ ചർച്ച ചെയ്യും.  ഇടയിൽ ചില ഐതിഹ്യങ്ങൾ പറഞ്ഞ്‌ അമ്മമ്മയും കൂടെച്ചേരും.  ത്രുശ്ശൂരിൽ നിന്നും പുറത്തിറങ്ങുന്ന എക്സ്പ്രസ്സ് പത്രത്തിന്റെ പത്രാധിപൻ ആയിരുന്നു ത്രുശ്ശൂരമ്മാമൻ. ‌ ചെവി ഒട്ടും കേൽക്കാത്ത അദ്ദേഹം മാത്രം ഒന്നുമറിയാതെ ഒരു മൂലയിൽ മാലകെട്ടുന്നതിൽ വ്യാപൃതനായിരിക്കും. 

നൂറ്റിയൻപതിലധികം മാല കെട്ടാറുണ്ട്‌.  വൈകീട്ട്‌ നാലരയോടെ ഈ മാലകൾ എല്ലാം കൊണ്ട്‌ പോയി അമ്പലം അലങ്കരിക്കും.  പിന്നെ ദീപരാധന തൊഴുത്‌ പണികളെല്ലാം കഴിഞ്ഞ്‌ വാര്യത്ത്‌ എത്തുമ്പോൾ മുറ്റത്ത് നിന്നേ അടുക്കളയിൽ അത്താഴത്തിനുള്ള  കൊഴുക്കട്ട വേവുന്ന മണം മൂക്കിലടിക്കാൻ തുടങ്ങും.  അതും കഴിച്ച്‌ തിരികെ തലോരിലുള്ള വീട്ടിലേക്ക്‌.

എല്ലാവരും മൺമറഞ്ഞുപോയി, മാധേടത്തിയും, ലീലേച്ചിയും വിശ്വേട്ടനും അച്ഛനും പിന്നെ ഞങ്ങൾ അന്നത്തെ കുട്ടികളും മാത്രം ബാക്കിയായി.  

ഓരോ ശിവരാത്രിയും മനസ്സിൽ ആ ദിവസങ്ങളെ തിരികെ കൊണ്ടുവരും, ഒരിക്കലും  തിരിച്ചുവരാത്ത ആ നല്ല ദിവസങ്ങളെക്കുറിച്ചോർക്കും... 

എല്ലാവർക്കും ശിവരാത്രി ആശംസകൾ !!

ഗിരി ബി വാരിയർ 
04 മാർച്ച്‌ 2019

Comments