മൗനം


ബാല്യ കൗമാര കാലങ്ങളിൽ

സ്‌കൂളിൽ പഠിക്കുമ്പോൾ 

ടീച്ചറുടെ ചോദ്യങ്ങൾക്ക് 

ഉത്തരം കിട്ടാതെ വന്നപ്പോഴും

പരീക്ഷയ്ക്ക് തൊട്ടടുത്ത കുട്ടി 

കോപ്പിയടിക്കുന്നത് കണ്ടപ്പോഴും

ക്ലാസ് പരീക്ഷകൾക്ക് മാർക്ക് 

കുറഞ്ഞതെന്തെന്ന് 

ഉറ്റവർ  ചോദിച്ചപ്പോഴും 

പിൻബെഞ്ചിലിരുന്നു കാണിച്ച 

കുസൃതികൾക്ക് ശിക്ഷയായി

ക്ലാസ്സിന് പുറത്ത് നിർത്തിയപ്പോഴും 

മൗനമായിരുന്നു പ്രതികരണം.


പിന്നീടു്, 


ബിരുദാനന്തബിരുദവും കഴിഞ്ഞ് 

സർക്കാർ ജോലിക്കായി 

കാത്തിരിക്കുമ്പോഴും 

നാട്ടുകാരുടെയും ബന്ധുക്കളുടെയും 

ജോലിയൊന്നുമായില്ലേ എന്ന 

സ്ഥിരം ചോദ്യങ്ങൾക്ക് 

ഉത്തരമില്ലാതിരിക്കുമ്പോഴും,

തൊഴിലില്ലാതെ തേരാപാരാ 

അലഞ്ഞു നടക്കുന്നയാളെ 

എങ്ങിനെ കെട്ടുമെന്ന് 

കളിക്കൂട്ടുകാരി ചോദിച്ചപ്പോഴും,

എന്റെ കണ്ണുകളിലെ 

നിസ്സഹായത  കണ്ട് 

എല്ലാം സമയദോഷമെന്ന് പറഞ്ഞ് 

അമ്മ സമാധാനിപ്പിച്ചപ്പോഴും

പിന്നാലെ,  ജീവിതപന്ഥാവിൽ 

മകനായും  സഹോദരനായും 

ഭർത്താവായും, അച്ഛനായും 

സുഹൃത്തായും പലപല 

വേഷങ്ങൾ  ആടി വിജയിക്കാൻ 

പ്രധാന കാരണമായതും, 

ആയിരം വാക്കുകൾക്ക് നൽകാൻ 

കഴിയാത്ത അർത്ഥവ്യാപ്തിയുള്ള 

മൗനമെന്ന രണ്ടക്ഷരങ്ങൾ തന്നെ.


ഗിരി ബി. വാരിയർ 
04 ആഗസ്റ്റ് 2020 



Comments

Post a Comment