പറയാതെ അറിയാതെ...


പറയാതെ അറിയാതെ...

കഥ | ഗിരി ബി. വാരിയർ 

"ഡോക്ടർ... അമ്മ... അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ.."  വിതുമ്പിക്കൊണ്ട് രോഹിത് ഡോക്ടറോട്  ചോദിക്കുന്നത്  കേൾക്കാം.. 

"തലയുടെ പിൻഭാഗം അടിച്ചു വീണതല്ലേ,  തലയിൽ രക്തസ്രാവം ഉണ്ട്.  ഹാർട്ട്  ബ്ലോക്കിനുള്ള മരുന്ന് കൊടുത്താൽ രക്തസ്രാവം കൂടുതലാവും, അതിനുള്ള മരുന്ന് കൊടുത്താൽ ഹാർട്ടിന് പ്രശ്നമാകും.   ഇപ്പോഴത്തെ കണ്ടിഷനിൽ  വെന്റിലേറ്റർ മാറ്റാൻ പറ്റില്ല.  . കൂടുതൽ ഈ കിടപ്പ്  തുടർന്നാൽ റിസ്ക് കൂടും, ചിലപ്പോൾ അത് മറ്റ് അവയവങ്ങളെ ബാധിക്കാനും  സാദ്ധ്യതയുണ്ട്." 

"ഡോക്ടർ, ഈ മുറിയിൽ നേഴ്സുമാരുടെ ശ്രദ്ധ കിട്ടില്ലേ.."

"രോഹിത്, ഇത് വെന്റിലേറ്റർ  ICU പോലെതന്നെയാണ്.  ഇവിടെ ഒരു നേഴ്‌സ് ഉണ്ടാവും.  ഈ ആശുപത്രിയുടെ ഉടമസ്ഥന്റെ അമ്മയ്ക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്നതാണ്.    ഇവിടെയാവുമ്പോൾ നിങ്ങൾ രണ്ടുപേർക്ക് ഈ ഗ്ലാസ് പാർട്ടീഷ്യന് അപ്പുറത്ത് ഇരിക്കാം.  അമ്മയുടെ അടുത്ത് പോകുമ്പോൾ വളരെ സൂക്ഷിക്കണം, മാസ്കും കൈയ്യുറകളും ഗൗണും സദാ സമയവും  ധരിക്കണം, അമ്മയുടെ കണ്ടിഷൻ അത്രയും സെൻസിറ്റീവ് ആണ്"

"Ok  ഡോക്ടർ.."

"നിങ്ങൾ അമ്മയുടെ അരികിൽ ഇരുന്ന് അമ്മയെ വിളിക്കൂ.   ഉപബോധമനസ്സിൽ കേൾക്കുന്നുണ്ടാവും എന്ന് നമുക്ക് മോഹിക്കാം .   ഒരു ചെറിയ സ്പാർക്ക്  മതി നമുക്ക്  അമ്മയെ  ഈ ലോകത്തേക്ക് തിരിച്ചുകൊണ്ടുവരാൻ.   എപ്പോഴെങ്കിലും അമ്മ നിങ്ങളുടെ വിളി കേൾക്കും എന്ന് നമുക്ക് ആശിക്കാം...  നല്ലപോലെ പ്രാർത്ഥിക്കുക.  നമുക്കിപ്പോൾ അതല്ലേ പറ്റൂ."  

ഡോക്ടർ പോയെന്ന് തോന്നുന്നു.   വളരെ അവ്യക്തമായി മാത്രമേ ശബ്ദങ്ങൾ കേൾക്കാനുള്ളു  

"ഡോക്ടർ എന്താണ് പറഞ്ഞത് .."  ഏറെ  നിശ്ശബ്ദതയ്ക്ക് ശേഷം   പെട്ടെന്നാണ് രാഹുലിന്റെ ശബ്ദം കേട്ടത്. 

"ഒന്നും പറയാൻ പറ്റില്ലത്രേ.. കോമയിൽ നിന്നും പുറത്ത് വന്നാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റുവത്രേ"  രോഹിത് പറയുന്നു..

"അമ്മേ.. എണീക്കമ്മേ, ഞാൻ കുട്ടനാ.. ഞാൻ വരുന്നുണ്ടെന്ന് കേട്ടാൽ ഉറങ്ങാതെ ഉമ്മറപ്പടിയിൽ കാത്തിരിക്കാറുള്ളതല്ലേ.. പുറത്ത്  കുട്ടുവും ചിത്രയും ഒക്കെ ഉണ്ട്.. അവർക്ക് അകത്തേക്ക് വരാൻ പറ്റില്ല.. കണ്ണുതുറക്കമ്മെ.." 

രാഹുൽ  വിതുമ്പിക്കരയുകയാണെന്ന്  മനസ്സിലാവുന്നുണ്ട്.   കണ്ണ് തുറക്കണമെന്നുണ്ട്, അവന്റെ തലയിൽ കൈവെച്ച് കരയണ്ട എന്ന് പറയണമെന്നുണ്ട്.. പക്ഷെ കഴിയുന്നില്ല.. ഒന്നിനും കഴിയുന്നില്ല.  വെറും ശബ്ദം മാത്രം കേൾക്കാം അതും അവ്യക്തമായി, ദൂരെയെങ്ങോ തട്ടി പ്രതിഫലിക്കും പോലെ.

"ഏട്ടൻ  ഇത്രയും ദൂരം  യാത്ര ചെയ്ത്  വന്നതല്ലെ.  വീട്ടിൽ പോയി കുളിച്ച്  ഫ്രഷ് ആയി വന്നോളൂ.  ഈ അവസ്ഥയിൽ  കുട്ടികൾ അമ്മയെ കാണണ്ട. .  ഏട്ടത്തിയമ്മയെ അകത്തേക്ക് വിട്ടോളൂ. ."

രാഹുൽ പോയി എന്ന്  തോന്നുന്നു.   കുറച്ച് കഴിഞ്ഞപ്പോൾ അടക്കിപ്പിടിച്ച നിലവിളി കേട്ടു.   ആരോ വന്നിരിക്കുന്നു.  ഏട്ടത്തിയമ്മ എന്ന് രോഹിത് പറയുന്നത് കേട്ടു.  അത് ദേവിയുടെ ശബ്ദമാണ്.   മുറപ്പെണ്ണിനെ തന്നെയാണ് രാഹുൽ വിവാഹം ചെയ്തത്, അതുകൊണ്ട് അവളെ ഒരിക്കലും വന്ന് കയറിയ പെണ്ണായിട്ട്  തോന്നിയിട്ടില്ല.‌

"അമ്മേ, കുറച്ചുദിവസം ഞങ്ങളുടെ കൂടെ ദുബായിലേക്ക് വരാം എന്ന് പറഞ്ഞിട്ടിപ്പോ എന്ത് കിടപ്പാണ്.. എഴുന്നേൽക്കമ്മേ."   

"എട്ട‌ത്തിയമ്മ കരയാതിരിക്കൂ, അമ്മ തിരിച്ചുവരുമെന്നു- തന്നെയാണ് ഡോക്ടറും പ്രതീക്ഷിക്കുന്നത്.  ഏട്ടനും ഏട്ടത്തിയമ്മയും  പോയി ഫ്രഷ് ആയിക്കോളൂ, ഞാനും ദീപയും ഇവിടെ ഉണ്ടല്ലോ..  "   രോഹിത് ദേവിയോട് പറയുന്നത് കേട്ടു.

സമയം പിന്നെയും കടന്നുപോയി.

"ഏട്ടനും ഏട്ടത്തിയമ്മയും പോയോ.."   രോഹിതിന്റെ ചോദ്യം കേട്ടു.

"ഇല്ല.. അവർ പുറത്തുണ്ട്.. ഏട്ടന്റെ പരിചയത്തിൽ ഒരു ഡോക്ടർ ഉണ്ടത്രേ.  അദ്ദേഹം വരുന്നുണ്ട്, അദ്ദേഹത്തെ കണ്ടിട്ടേപോകൂ..."

രോഹിതിന്റെ ഭാര്യ  ദീപയാണ്.    രോഹിതിന് ഒരു അനാഥാലയത്തിന്റെ പുതിയ കെട്ടിടം പണിയുടെ   പ്രോജക്ട് ഉണ്ടായിരുന്നു അവിടെ വെച്ച് പരിചയപ്പെട്ടതാണ് ദീപയെ.  രോഹിത് അവളെമാത്രമേ വിവാഹം കഴിക്കൂ എന്ന് പറഞ്ഞപ്പോൾ തിരിച്ചൊന്നും പറയാൻ പറ്റിയില്ല.  എന്റെ ഉള്ളിൽ ഒരു ഈഗോ എന്നും ഉണ്ടായിരുന്നു.  സ്വന്തം മകളെപ്പോലെ എല്ലാം നോക്കിയും  കണ്ടും  ചെയ്യും. പക്ഷേ എന്തോ  ഉള്ളിലെ  സ്നേഹം അവളോട്  ഒരിക്കലും തുറന്ന് പറഞ്ഞില്ല.  അന്ന്  ഷോക്കേസിന്റെ ചില്ല് തുടക്കാൻ ഷാംപൂ  എടുക്കാൻ അവരുടെ കുളിമുറിയിൽ പോയപ്പോൾ വാതിലിനടുത്ത് കുറച്ച് ഷാംപൂ  തെറിച്ച്‌ വീണിരുന്നു.   ഒരു പല്ലിയെ കണ്ട് പെട്ടെന്ന്  പരിഭ്രമിച്ച്‌  ചാടിയപ്പോൾ ചവിട്ടിയത് ഷാംപൂവിലും.   പിന്നെ എല്ലാം ഇരുട്ടായിരുന്നു..

"അമ്മ ഇങ്ങിനെ എത്ര ദിവസം കിടക്കുമെന്നറിയല്ല എന്നാണ് ഡോക്ടർ പറഞ്ഞത്.   മാസങ്ങളും കൊല്ലങ്ങളും കിടന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നവരും ഉണ്ടത്രേ. അങ്ങിനെ വന്നാൽ പരിചരിക്കാൻ ഹോം നേഴ്സിനെ വെക്കേണ്ടിവരും"

"ഹോം നേഴ്സ് എന്തിനാ? അമ്മയുടെ കാര്യം നോക്കുന്നത് ഓർത്ത് ഏട്ടൻ വിഷമിക്കണ്ട.  അമ്മ എത്ര കാലം കിടന്നാലും ഞാൻ നോക്കിക്കോളാം,   അമ്മയുടെ അസുഖം മാറിയാൽ മാത്രം മതി."

"അതിരിക്കട്ടെ, കുളിമുറിയുടെ വാതിൽക്കൽ  ഷാംപൂ എങ്ങിനെ വന്നു.  നീയ്യും അമ്മയും ചേരാറില്ല എന്ന് എനിക്ക്  നന്നായറിയാം, അത് മനസ്സിൽ വെച്ച് ചെയ്ത കയ്യബദ്ധം ഒന്നുമല്ലല്ലോ" വളരെ കടുത്ത സ്വരത്തിലായിരുന്നു രോഹിതിന്റെ ചോദ്യം.

"പാപം കിട്ടും ഏട്ടാ,  അങ്ങിനെയൊന്നും ചിന്തിക്കാൻ പോലും പാടില്ല.   ഒരു  അനാഥയായ എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ഭാഗ്യമാണ്  ഈ കുടുംബത്തിലെ ഒരംഗമാകാൻ കഴിയുകയെന്നത്.   അമ്മ  എന്നെ സ്നേഹിച്ചില്ലെങ്കിലും,  ദേഷ്യമില്ല എന്നറിയാം.  ഞാൻ  പ്രസവിച്ച നമ്മുടെ മക്കളെ അമ്മയ്ക്ക് ജീവനാണ്.   എന്റെ പാചകത്തെപ്പറ്റി അമ്മ അയലത്തെ ശാരേച്ചിയുമായി പുകഴ്ത്തിപറയുന്നത് കേട്ടിട്ടുണ്ട്.  ഏടത്തിയമ്മയോട് തുറന്ന് പെരുമാറുന്നത് കാണുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട് എന്നത് സത്യം തന്നെയാണ്.   രാഹുലേട്ടനോ ഏട്ടത്തിയമ്മയോ എന്നെ മോശമായി കണ്ടിട്ടില്ല, ഒരു സ്വന്തം സഹോദരിയെപ്പോലെ തന്നെയാണ് കാണുന്നത്. 

എന്തൊക്കെ പറഞ്ഞാലും അമ്മയുടെ ഉള്ളിൽ എന്നോട് സ്നേഹം ഉണ്ട്, അതെനിക്കറിയാം  അതുകൊണ്ടല്ലേ എന്നെ ജോലിക്ക് പോകാൻ അനുവദിച്ചത് ..  എനിക്കെന്തെങ്കിലും അസുഖം വന്നാൽ എന്തെങ്കിലും കാരണം പറഞ്ഞ് പണിയെല്ലാം അമ്മ തന്നെ ചെയ്യും.   അമ്മയെ അപകടപ്പെടുത്തണമെങ്കിൽ നമ്മുടെ കുളിമുറിയിൽ ഷാംപൂ ഒഴിക്കുമോ.    മാത്രവുമല്ല,  അമ്മ ദിവസവും കാലത്തുതന്നെ കുളിച്ച് അമ്പലത്തിൽ പോകുന്നയാളും ആണ്."


"അപ്പോൾ നീയ്യെന്താ പറഞ്ഞുവരുന്നത്?..പിന്നെ ഷാംപൂ കുളിമുറിയുടെ വാതിൽക്കൽ എങ്ങിനെ വന്നു "

"ഏട്ടാ, വെറുതെ കാടുകയറി ഓരോന്ന് ചിന്തിക്കേണ്ട സമയമല്ലിത്. "

രോഹിത് പിന്നെ ഒരക്ഷരം മിണ്ടിയില്ല.   ദീപ അമ്മയുടെ നിശ്ചലമായ കൈകൾ പിടിച്ചിരുന്നു.

ഈശ്വരാ, എന്താണ് സംഭവിക്കുന്നത്, ദീപക്ക് തോന്നുന്നുണ്ടാവുമോ ഞാൻ അവളെ അപായപ്പെടുത്താൻ വേണ്ടി ഷാംപൂ അവിടെ ഇട്ടതാണെന്ന്,   രോഹിതിന് ദീപയെ സംശയം ഉണ്ടെന്ന് തോന്നുന്നു, എനിക്ക് അപകടം പിണയാൻ അവൾ കരുതിക്കൂട്ടി ഷാമ്പൂ അവിടെ ഇട്ടതാണെന്ന്.  ..  എഴുന്നേറ്റിരുന്ന് സത്യം വിളിച്ചുപറയണം എന്ന്  തോന്നി.    ഞാൻ ദീപയെ മകളെപ്പോലെയല്ല, മകളായി   തന്നെയാണ് കണ്ടിരുന്നതെന്ന സത്യം  അവളോട് പറയണം,   അവളുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം രുചികരമായിരുന്നുവെന്ന് പറയണം..   ഒരിക്കലെങ്കിലും എഴുന്നേറ്റിരുന്ന്  എല്ലാം വിളിച്ചുപറയാൻ കഴിഞ്ഞിരുന്നെങ്കിൽ, മോളെ എന്നൊന്ന് വിളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.....   

പെട്ടെന്നൊരു പ്രകാശഗോളം കണ്മുൻപിൽ പ്രത്യക്ഷപ്പെട്ടു,  ശരീരമാസകലം ഒരു ഷോക്കടിച്ചതുപോലെ, ഒരു വിറയൽ, അടഞ്ഞ കണ്ണുകൾക്കുളിൽ ഒരു ശക്തി കൈവന്നപോലെ, കൈകൾക്ക് ബലം കിട്ടിയതുപോലെ,

"മോളെ ..."  ശബ്ദം പുറത്തേക്ക് വന്നു..

"അമ്മേ, അമ്മേ..."  ദീപ  അലറി ആർത്തുവിളിക്കാൻ   തുടങ്ങി.   

'ഏട്ടാ, അമ്മയുടെ കൈകൾ അനങ്ങി,  അമ്മ എന്നെ മോളെ എന്ന് വിളിച്ചു...."  

രോഹിത് അടുത്തുവന്നു, അപ്പോഴേക്കും പുറത്തുനിന്നും രാഹുലും ഓടിവന്നു.  

"നിനക്ക് തോന്നിയതാവായും.."  രോഹിത് പറഞ്ഞു.

പെട്ടെന്ന് മോണിറ്ററിൽ നോക്കി പരിഭ്രമത്തോടെ   നേഴ്‌സ്  ഇന്റർകോം എടുത്ത് ഡോക്ടർക്ക് ഫോൺ ചെയ്തു.  

"സാർ, വേഗം വരൂ,  there is an emergency situation..."

ആരൊക്കെയോ ഓടി വരുന്ന ശബ്ദം  കേൾക്കുന്നുണ്ടായിരുന്നു.  അകമ്പടിയായി രോഹിതിന്റെയും രാഹുലിന്റെയും  നിലവിളികളും..  എല്ലാം പതിയെ നേർത്തുവരാൻ തുടങ്ങി...   പിന്നെ ഒന്നും കേൾക്കാതായി... ചരടുപൊട്ടിയ പട്ടം പോലെ  അത്യുന്നതങ്ങളിലേക്കു് പറന്നുയുരാൻ തുടങ്ങി

കുറച്ച് നിമിഷങ്ങൾക്ക് മുൻപ് കേട്ട "മോളെ' എന്ന വിളി സത്യമോ മിഥ്യയോ എന്നറിയാതെ, മരണത്തിന് തൊട്ട് മുൻപെപ്പോഴോ തന്റെ  കൈകളിൽ മുറുകെപ്പിടിച്ച  അമ്മയുടെ കരങ്ങളിൽ മെല്ലെ തഴുകുകയായിരുന്നു ദീപ അപ്പോൾ. 

(ശുഭം)

ഗിരി ബി വാരിയർ

Comments

  1. വിയോഗം എപ്പോഴും മനസ്സിൽ ഒരു നീറൽ ആയിരിക്കും

    ReplyDelete
    Replies
    1. അതെ.. പിന്നെ പറയാനുള്ളത് മറ്റൊരിക്കലാവാം എന്നുകരുതി മാറ്റിവെക്കരുത്..നല്ലതായാലും ചീത്തയായാലും..

      Delete

Post a Comment