പണം കായ്ക്കുന്ന മരത്തിന്റെ തണലിൽ
പണം കായ്ക്കുന്ന മരത്തിന്റെ തണലിൽ
കഥ | ഗിരി ബി. വാരിയർ
"ബാബുവേട്ടാ, ദാ ഒരു ക്ഷണക്കത്ത് ഉണ്ട് അമ്മ കൊടുത്തയച്ച കവറിൽ "
നാട്ടിൽ വീടിനടുത്തുള്ള ഗോപാലൻ ലീവ് കഴിഞ്ഞ് പോരുമ്പോൾ അമ്മ കുറച്ച് മധുരപലഹാരങ്ങൾ കൊടുത്തയച്ചിരുന്നു എന്ന് ഗോപാലൻ വിളിച്ചു പറഞ്ഞിരുന്നു.
റിയാദിൽ നിന്നും വളരെ അകലെയാണ് ഗോപാലൻ താമസിക്കുന്ന കമ്പനി ക്യാമ്പ്. ക്യാമ്പിലെ മെസ്സിൽ നാടൻ ഭക്ഷണങ്ങൾ ഓണത്തിനും വിഷുവിനും മാത്രമേ ലഭിക്കൂ. അതുകൊണ്ട് ഗോപാലിനെ കാണാൻ പോകുമ്പോൾ ഞങ്ങളുടെ വീട്ടിൽ നിന്നും സീമ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കൊണ്ടുവരിക പതിവാണ്, മിക്കവാറും പരിപ്പുവട, ഉഴുന്നുവട തുടങ്ങിയവയാണ് ഗോപാലന്റെയും അവന്റെ സഹമുറിയന്മാരുടെയും ഇഷ്ടവിഭവങ്ങൾ.
ഗോപാലന് കമ്പനി താമസസൌകര്യം കൊടുത്തിരിക്കുന്നത് ബാച്ച്‌ലർ ക്യാമ്പിലായിരുന്നു. അവിടെ സ്ത്രീകൾക്ക് പ്രവേശനമില്ല. അതിനാൽ സീമയെ അവിടെയടുത്ത് ഒരു സുഹൃത്തിന്റെ ഫാമിലിയുടെ അടുത്താക്കി.
ഗോപാലന്റെയും കൂട്ടുകാരുടെയും കൂടെ കുറെ സമയം ചിലവഴിച്ച് തിരിച്ച് വന്ന് സീമയേയും കൂട്ടി കാറിൽ കയറിയപ്പോൾ ആദ്യം അമ്മ കൊടുത്തയച്ച പാക്കറ്റ് തുറക്കുകയാണ് ചെയ്തത്. സീമക്ക് കായ, ചക്ക, കപ്പ എന്നിവയുടെ ചിപ്സ് ഇഷ്ടമാണെന്ന് അമ്മക്കറിയാം.
പാക്കറ്റിൽ അമ്മ വെച്ചിരുന്ന ക്ഷണക്കത്ത് സീമയാണ് കണ്ടത്. ഒന്ന് വായിച്ചു നോക്കി, കൂടെ അമ്മയുടെ ഒരു കത്തും
"ആര്ടെ കല്ല്യാണാ ബാബുവേട്ടാ?"
"നാട്ടില് ബാർബർ രാജേട്ടന്റെ മോൾടെ." പറഞ്ഞിട്ടും കാര്യമില്ല, സീമ ഒരിക്കലും രാജേട്ടനെ കണ്ടിട്ടില്ല.
അതിനെക്കുറിച്ച് അധികം സംസാരം ഉണ്ടായില്ല. നാട്ടിൽ നിന്നും അമ്മ കൊടുത്തയച്ച സാധനങ്ങൾ പൊതിഞ്ഞ മലയാള പത്രത്തിൽ നാട്ടിൽ വീട്ടിനടുത്ത് പണിതുയരുന്ന ഒരു സമുച്ചയത്തിൽ ഫ്‌ളാറ്റുകളുടെ പരസ്യം നോക്കുന്ന തിരക്കിലായിരുന്നു സീമ. ഇതിനുമുൻപ് വാങ്ങിയ ഒരു വീടും ടൗണിൽ വാങ്ങിയ ഫ്‌ളാറ്റും ഇപ്പോഴും പൂട്ടിക്കിടക്കുന്നു.
കാർ സ്റ്റാർട്ട് ചെയ്ത് പുറപ്പെട്ട് പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും സീമ ഉറക്കം തുടങ്ങി. ചിന്തകളിൽ മുഴുവൻ നിറഞ്ഞുനിന്നിരുന്നത് രാജേട്ടൻ ആയിരുന്നു.
******
തലമുറകളായി കൈമാറിവന്നതാണ് രാമേട്ടന്റെ ബാർബർ പണി. അങ്ങാടിയിൽ ഇല്ലപറമ്പിൽ ഉള്ള വരിപ്പീടികകളിൽ ഒരെണ്ണം വല്യേതിരുമേനി രാമേട്ടന് കട തുറക്കാൻ കനിഞ്ഞുകൊടുത്തതാണ്.
വർഷങ്ങളായി കറുത്ത ബോർഡിൽ വെളുത്ത പെയിന്റ് കൊണ്ട് രാമേട്ടന്റെ വികൃതമായ കൈപ്പടയിൽ എഴുതിയ "ബാർബർ ഷോപ്പ്' മാത്രമേ ആ ഗ്രാമത്തിൽ ഉണ്ടായിരുന്നുള്ളു. ചെയ്യുന്ന തൊഴിലിൽ രാമേട്ടൻ വിദഗ്ദ്ധനാണ്. ഏതൊരു പുതിയ ഹെയർസ്റ്റൈൽ ആയാലും അത് രാമേട്ടന് വഴങ്ങും, ഒരു ഫോട്ടോ കാണിച്ചു കൊടുത്താൽ മതി.
രാമേട്ടന്റെ അനിയനാണ് രാജേട്ടൻ. വികലാംഗനായ രാജേട്ടന്റെ ശരീരത്തിൽ ആവശ്യത്തിലധികം വളവുകളും ഒടിവുകളും ഉള്ളതിനാലാവാം നാട്ടുകാർ ചണ്ണ രാജൻ എന്ന ഇരട്ടപ്പേരിട്ടാണ് വിളിക്കുക.
വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ് രാജേട്ടന്റെ മുടിവെട്ട് പഠനം. കൃത്യമായി പറഞ്ഞാൽ അച്ഛൻ വേലായുധനും അമ്മാമൻ കൃഷ്ണനും തുടങ്ങിവെച്ച ആ മഹത്കർമ്മം അവർ രണ്ടു പേരും ചുമരിൽ കയറിയപ്പോൾ മൂത്ത ചേട്ടൻ രാമന്റെ ചുമലിലായി..
സാധാരണയായി നാട്ടിലെ ബുദ്ധിയുറക്കാത്ത പ്രായത്തിലുള്ള കുട്ടികളുടെ തലയാണ് രാജേട്ടന്റെ പ്രാക്ടിക്കൽ ലാബ്. അതാവുമ്പോൾ വെള്ളം നിറഞ്ഞുകിടക്കുന്ന കണ്ടത്തിൽ ട്രാക്ടർ ഓടിക്കുന്നത് പോലെ കയ്യിലെ മെഷിൻ കത്രിക ഒന്നോടിച്ചാൽ മതി.
ചെറിയ കുട്ടികളെ കടയിലേക്ക് കൊണ്ടുവരാറില്ല, അതൊക്കെ വീടുകളിൽ പോയി ചെയ്ത് കൊടുത്തിരുന്നത് രാജേട്ടനായിരുന്നു.
മുടി മുറിക്കാൻ വീടുകളിൽ പോകുമ്പോൾ രാജേട്ടന്റെ കക്ഷത്തിൽ പത്രത്തിൽ പൊതിഞ്ഞ ഒരു പൊതിയും ഉണ്ടാവും. ഒരു കത്രിക, ചീർപ്പ്, മെഷിൻ, ഒരു കട്ട ആലം. മറ്റൊരു കടലാസ്സിൽ പൊതിഞ്ഞ പ്രത്യേകിച്ച് യാതൊരു മണവുമില്ലാത്ത ഒരു പൌഡർ. മുടി മുറിക്കലിന്റെ പരിണിതഫലമായി കുട്ടികളുടെ തലയിൽ രൂപപ്പെടുന്ന ചെറിയ മുറിവുകൾ പഞ്ചായത്ത് റോഡിലെ ഗട്ടറിൽ മണ്ണിടുന്നതു പോലെ പൗഡറിട്ട് മൂടും. അതാണ് രാജേട്ടന്റെ ഒരു രീതി.
രാജേട്ടന്റെ തോളത്ത് ഒരു മൾട്ടിപർപ്പസ് തോർത്ത് ഏതുസമയത്തും കാണാം. മുഖത്തെയും കഴുത്തിലേയും കക്ഷത്തിലേയും വിയർപ്പ് തുടക്കാനും ഡ്യൂട്ടിയിൽ പ്രവേശിച്ചാൽ കസ്റ്റമറായ കുട്ടിയെ കഴുത്തിലൂടെ പുതപ്പിക്കാനും പിന്നീട് മുടി വെട്ടിയ ശേഷം മുറിവുകളിൽ പൊടിഞ്ഞ ചോര കൂടെയുള്ളവർ കാണാതെ തുടച്ചു കളയാനും മറ്റും ആ തോർത്താണ് ഉപയോഗിക്കാറുള്ളത്.
രാജേട്ടന്റെ ഈ പെർഫോമൻസ് കടയിൽ ചിലവാകാറില്ല. രാജേട്ടൻ മാത്രമാണ് കടയിലുള്ളതെങ്കിൽ ഒരു വിധം ബോധമുള്ള കുട്ടികളാരും ആ കടയിലേക്ക് കയറില്ല.
"ഡാ നീയ്യാ ടീച്ചറുടെ മോനല്ലേ, നിന്റെ അമ്മയെ കാണുമ്പോ ഞാൻ പറയും ട്രാ." തുടങ്ങിയ ചെറിയ വിരട്ടുകളും ഇടയ്ക്കിടെ നടത്തി നോക്കും.
കടയിൽ രാമേട്ടന്റെ ടേബിളിന്റെ തൊട്ടടുത്ത് ഒരു കസേരയും കണ്ണാടിയും വെച്ച് അക്കാലത്ത് രാജേട്ടന് ഒരു ടേബിൾ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു.
"രാജനാ മുടി മുറിക്കണേച്ചാ, ഞാൻ പാരീസില് പോവ്വും ട്ടാ രാമേട്ടാ" എന്ന് പലരും ഭീഷണി മുഴക്കുന്നത് കേട്ടിട്ടുണ്ട്.
ആ ഗ്രാമപ്രദേശത്ത് അക്കാലത്ത് പുതിയതായി തുറന്നതാണ് പാരീസ് സലൂൺ.
അങ്ങിനെ ഭീഷണി വന്നാൽ അതിനൊരു തടയിടാനും രാമേട്ടന്റെ കൈയ്യിൽ വിദ്യയുണ്ട്.
"ആ മേശേടെ വലുപ്പില് പറ്റുപുസ്തകംണ്ട്, അതിന്റെ അടീല് കൊച്ചു പുസ്തകം ണ്ട്. നീ അത് വായിക്കുമ്പോഴേക്കും രണ്ട് തല കഴിയും''
ഇത് രാമേട്ടൻ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും ഞങ്ങൾ പിള്ളേർക്ക് അതിലേക്ക് എത്തിനോക്കാൻ പോലും പാടില്ലായിരുന്നു. എങ്ങാനും കണ്ണൊന്ന് പാളിപ്പോയാൽ രാമേട്ടൻ പറയും, "ബാബു, നീ നോക്കണ്ട, പിള്ളേർ ചീത്തയാവും..."
പക്ഷേ രാമേട്ടന്റെ കടയിൽ മുടി വെട്ടാൻ പോകുന്നത് ആ സ്ഥലത്തെ വലുപ്പച്ചെറുപ്പമന്യേ എല്ലാ പുരുഷന്മാർക്കും പ്രത്യേകിച്ച് കൗമാരത്തിലെത്തി നിൽക്കുന്ന ആൺകുട്ടികൾക്ക് താൽപര്യമുള്ള കാര്യമാണ്.
മുടി വെട്ടാനിരിക്കുന്ന ചെയറിന്റെ പിറകിലെ ചുമരിൽ അർദ്ധനഗ്നസുന്ദരിമാരുടെ ഫോട്ടോകൾ ഒട്ടിച്ചിട്ടുണ്ട്. മുടി വെട്ടാൻ ഇരുന്നാൽ മുൻപിലെ കണ്ണാടിയിൽ പിന്നിലെ ഭിത്തിയിലുള്ള ആ സുന്ദരിമാരുടെ ഫോട്ടോകൾ കാണാൻ ഉള്ള സുവർണാവസരം കിട്ടും.
രാമേട്ടന്റെ ബാർബർഷോപ്പിൽ ക്ലീനിംങ്ങ് ട്രെയിനിയായിരുന്ന് പാരിജാക്ഷൻ. കാലത്ത് കട തുറന്നാൽ അടിച്ചു വാരി പൊടിതട്ടുക, സ്പ്രേ ബോട്ടിലിൽ വെള്ളം നിറക്കുക, ഷേവ് ചെയ്യാനുള്ള കത്തി മൂർച്ച കൂട്ടി വെക്കുക, പിന്നെ കസേരയുടെ താഴെ വീഴുന്ന മുടി അടിച്ചുകൂട്ടുക തുടങ്ങിയ കർമ്മങ്ങൾ മടി കൂടാതെ പാരിജാക്ഷൻ ചെയ്യുമായിരുന്നു.
ആ ജോലിപരിചയം വെച്ച് പാരിജാക്ഷൻ ദുബായിൽ പോയി. പോയത് ബാർബർ വിസക്കാണെങ്കിലും, അവിടെയെത്തിയപ്പോൾ കിട്ടിയ പണി ആടിനെ മേയ്ക്കലും ആടിന്റെയും ഒട്ടകത്തിന്റെയും ഒക്കെ കാഷ്ടം കോരിക്കളയുക, അറബിയുടെ കാറുകൾ കഴുകുക തുടങ്ങിയ പണികളായിരുന്നു
പ്രവാസ ജീവിതം മതിയാക്കി തിരികെ വന്നപ്പോൾ നാലഞ്ച് കൊല്ലത്തെ ദുബായ് പരിചയം വെച്ച് പാരിജാക്ഷൻ രാമേട്ടന്റെ കടയുടെ മുൻപിൽ റോഡിന് മറുവശത്ത് പുതിയതായി പണിതീർത്ത മാപ്ലയുടെ കടകളിൽ ഒന്നിൽ ഒരു ബാർബർ ഷോപ്പ് തുടങ്ങി.
പാരിജാക്ഷൻ സലൂൺ എന്നായിരുന്നു ആദ്യം പേരിട്ടിരുന്നതെങ്കിലും കച്ചവടതന്ത്രമായാണ് പാരിജാക്ഷനെ പാരീസ് ആക്കി ലോപിപ്പിച്ചത്.
രാമേട്ടന്റെ കടയുടെ പ്രധാന ആകർഷണമായ അർദ്ധനഗ്നചിത്രങ്ങൾ പാരീസ് സലൂണിൽ ചുമരിൽ തൂക്കിയ അന്നാണ് പാരിജാക്ഷന്റെ അമ്മ മകന്റെ പുതിയ സംരംഭം കാണാൻ വന്നത്. അതോടെ ആ ചിത്രങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമായി. മാത്രവുമല്ല പാരിജാക്ഷൻ വഴിതെറ്റി പോകരുത് എന്ന നിശ്ചയദാർഷ്ട്യത്തോടെ കടയിലെ കാഷ്യർ സ്ഥാനം അമ്മ സ്വയം ഏറ്റെടുത്തു.
പാരീസ് സലൂൺ തുറന്നപ്പോഴാണ് രാമേട്ടൻ കൊച്ചുപുസ്തകം ഓഫറിൽ ഉൾപ്പെടുത്താൻ തുടങ്ങിയത്. പാരീസ് സലൂണിനെ തന്ത്രപരമായി പൊളിക്കാനുള്ള പദ്ധതിയായിരുന്നു ഈ കൊച്ചുപുസ്തകം ഓഫർ.
രാമേട്ടന്റെ വീട് തറവാടിന്റെ അയല്പക്കമായതിനാൽ ഞങ്ങൾ മൂന്ന്-നാല് ബാലതലകൾ രാജേട്ടന് പണയം വെച്ച മുതൽ ആയിരുന്നു.
രാജേട്ടൻ മുടി മുറിക്കാൻ തുടങ്ങിയാൽ റേഡിയോയിൽ വരുന്ന ഗാനങ്ങളുടെ താളത്തിനൊത്ത് ഞങ്ങളുടെ തലയിൽ വരകളും മുറിവുകളും ആയി പ്രത്യക്ഷപ്പെടാറുണ്ട്.. ഇതെല്ലാമായിട്ടും മുടി മുറിക്കാൻ ഇരുന്നു കൊടുത്തതിന്റെ സന്തോഷത്തിലാവാം രാജേട്ടന് എന്നോട് വളരെ സ്നേഹം ആയിരുന്നു. ഇടയ്ക്ക് ഓരോ ചോക്ലേറ്റ് തരാറുണ്ട്.
കോളേജിൽ ചേർന്നതോടെ ഞങ്ങൾ തല രാമേട്ടന്റെ കടയിൽ നിന്നും ഊരി ടൗണിലെ ഫാഷൻ സലൂണുകളിൽ ആവശ്യാനുസരണം പണയം വെച്ചുവെങ്കിലും രാജേട്ടനുമായി ഞാൻ നല്ല ബന്ധം തുടർന്നു.
ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ് രാമേട്ടൻ മരിച്ചത് . അതോടെ രാമേട്ടന്റെ ആ കട അടച്ചു. അങ്ങിനെ പാരീസ് രക്ഷപ്പെട്ടു.. രാജേട്ടൻ പഞ്ചായത്ത് മുഖാന്തിരം വികലാംഗർക്ക് അനുവദിച്ച ഒരു പെട്ടിക്കടയിട്ട് വീടിനടുത്ത് ഉപജീവനം തുടങ്ങി. അതോടുകൂടി രാജേട്ടന്റെ ജീവിതം പച്ചപിടിച്ചുതുടങ്ങി. പിന്നീട് ഒരു വിവാഹവും കഴിച്ചു. അതിൽ ഒരു പെൺകുട്ടിയുണ്ടായി.
പഠനം കഴിഞ്ഞ് ഒരു ചെറിയ ജോലി കിട്ടി ഞാൻ മദ്രാസിൽ പോയി, അഞ്ച് കൊല്ലം കഴിഞ്ഞപ്പോഴാണ് അവിടെനിന്നും ഗൾഫിൽ പോകാനുള്ള അവസരം ലഭിച്ചത്.
ഗൾഫിൽ വന്ന് കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരു ദിവസം അമ്മയുടെ ഫോൺ വന്നു, രാജേട്ടന് കിഡ്‌നി സംബന്ധമായ ഏതോ രോഗമാണെന്നും എന്തെങ്കിലും സഹായിക്കണമെന്നും. പക്ഷെ പൈസ അയക്കേണ്ട ആവശ്യം വന്നില്ല അതിനുമുന്നേ രാജേട്ടൻ മരിച്ചു.
"എന്തുപറ്റി ബാബുവേട്ടാ. ആ ക്ഷണക്കത്ത് ആരുടെയാണ്."
സീമയുടെ ചോദ്യം കേട്ടപ്പോൾ ചിന്തയിൽ നിന്നും ഉണർന്നു.
"പണ്ടത്തെ കാമുകിയുടെ മകളുടെയാണോ? മുഖത്ത് പല പല വികാരങ്ങൾ മാറിമറയുന്നുണ്ടല്ലോ." ഒരു ചിരിയോടെ സീമ ചോദിച്ചു.
"രാജേട്ടന്റെ മകളുടെ വിവാഹം ആണത്രേ.. അമ്മ അയച്ചുതന്നതാ. രാജേട്ടനെക്കുറിച്ച് ഓർത്ത് പോയി ".
"ആരാ അത്. ബാബുവേട്ടന് ഞാനറിയാത്ത ഒരു ബന്ധുവോ?.
"നാട്ടിൽ ബാർബർ ആയിരുന്നു. എന്റെ ആദ്യത്തെ മുണ്ഡനം മുതൽ ഞാൻ നാടുവിടുന്നത് വരെ രാജേട്ടനായിരുന്നു എന്റെ മുടി മുറിച്ചിരുന്നത്."
"അപ്പോൾ സന്തോഷിക്കല്ലേ വേണ്ടത്. ഒരു നല്ല കാര്യമല്ലേ. അമ്മ എന്താ എഴുതിയിരിക്കണത്."
"ഒരു ലക്ഷം രൂപ ആ കുട്ടിയുടെ കല്ല്യാണത്തിന് സഹായിക്കാമോ എന്ന് "
"നിങ്ങൾക്കെന്താ ഭ്രാന്തായോ ഒരു ലക്ഷം അയച്ചുകൊടുക്കാൻ ഇവിടെന്താ പണം കായ്ക്കുന്ന മരമുണ്ടോ? അതും പണ്ടെങ്ങോ നിങ്ങളുടെ മുടി മുറിച്ചുതന്ന ബാർബറുടെ മകളുടെ വിവാഹത്തിന് ..."
"ഞാൻ കഴിഞ്ഞ തവണ അമ്മയോട് ചോദിച്ചതാണ് ഇതേ ചോദ്യം, അതിനുള്ള ഉത്തരമാണ് ഈ കത്തിൽ..."
"എന്താണത്?"
"എനിക്ക് ഗൾഫിൽ വരാൻ പണമില്ലാതെ വീടും പറമ്പും പണയം വെയ്ക്കാൻ സൊസൈറ്റിയിൽ പോയപ്പോൾ രാജേട്ടൻ എന്തോ കാര്യത്തിന് വന്നിരുന്നൂത്രേ.. വിവരം അറിഞ്ഞപ്പോൾ അടുത്ത ദിവസം കാലത്ത് കക്ഷി സ്വന്തം പേരിലുള്ള ഒരു കുറി വിളിച്ചെടുത്ത് അൻപതിനായിരം രൂപ അമ്മയ്ക്ക് കൊടുത്തിരുന്നു യാതൊരു ഈടും ഇല്ലാതെ. ഞാൻ അയച്ചുകൊടുത്ത പൈസയിൽ നിന്നും മിച്ചം വെച്ച് ആ പണം മുഴുവൻ തിരിച്ചുകൊടുത്തിരുന്നു. പക്ഷേ അത് മുഴുവൻ ചികിത്സക്ക് ചിലവായി. രാജേട്ടൻ പ്രത്യേകം പറഞ്ഞിരുന്നതാണത്രേ ഇക്കാര്യം ഞാനറിയരുതെന്ന് , അതുകൊണ്ട് 'അമ്മ പറഞ്ഞതുമില്ല.
നാട് വിട്ട ശേഷം ഒരിക്കൽ പോലും ഞാൻ രാജേട്ടനെ അന്വേഷിച്ചിട്ടില്ല. അദ്ദേഹം മൂലമാണ് ഞാനിന്ന് ഈ നിലയിൽ ജീവിക്കുന്നത് എന്നോർത്ത് ഉള്ളിൽ വല്ലാത്ത കുറ്റബോധം . വിസക്കുള്ള പണം എങ്ങിനെയുണ്ടാക്കി എന്ന് ഒരിക്കൽ പോലും അമ്മയോട് ചോദിച്ചിട്ടും ഇല്ല. അമ്മയായും അച്ഛനായും, രാജേട്ടനായും എത്രയോ പണം കായ്ക്കുന്ന മരങ്ങൾ, നമ്മളറിയാതെ നമുക്ക് തണൽ നൽകുന്നു."
കൈയ്യിലിരുന്ന പത്രം കാറിന്റെ ഡാഷ് ബോർഡിൽ വെച്ച് സീമ കണ്ണു തുടക്കുമ്പോൾ പത്രത്തിലെ പുതിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ പരസ്യം തന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നുണ്ടെന്ന് ബാബുവിന് തോന്നി.
ഗിരി ബി. വാരിയർ
©️copyrights protected



Comments
Post a Comment