അയിത്തം തീണ്ടാത്ത മനസ്സുകൾ
അയിത്തം തീണ്ടാത്ത മനസ്സുകൾ
കഥ | ഗിരി ബി. വാരിയർ
******
“തമ്പ്രാട്ടിയെ ഞാൻ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകട്ടെ ?”
പങ്കജം അനുമതി ചോദിച്ചത് ആ ശരണാലയത്തിന്റെ നടത്തിപ്പുകാരനായ ഫാദർ ഡൊമിനിക്കിനോടാണെങ്കിലും ഉത്തരം പ്രതീക്ഷിച്ചത് തമ്പ്രാട്ടിയിൽ നിന്നുമായിരുന്നു .
“അവര് ഒന്നും പറയില്ല്യ, വാക്കുകൾ ഒക്കെ അവർക്ക് അന്യമായിരിക്കുന്നു, വല്ലപ്പോഴും എന്തെങ്കിലും പറഞ്ഞാൽ ആയി, അത്ര തന്നെ. പക്ഷെ കുട്ടി ആ കണ്ണുകളിലേക്ക് നോക്കൂ. ആ കണ്ണുകളിൽ തളം കെട്ടിനിൽക്കുന്ന കണ്ണുനീര് .. അതെല്ലാം പറയുന്നുണ്ട്.”
“എന്നാലും അങ്ങിനെയല്ലല്ലോ.. അവർ വലിയ ഒരു നമ്പൂതിരികുടുംബത്തിലെ അന്തർജ്ജനമല്ലേ… ഇന്നലെ തമ്പ്രാട്ടിയെ ആശുപത്രിയിൽ കണ്ടപ്പോൾ മക്കൾ ആരെങ്കിലും കൊണ്ടുവന്നതായിരിക്കും എന്ന് കരുതിയാണ് ഞാൻ കണ്ടതായി ഭാവിക്കാതിരുന്നത്. പക്ഷെ ഞാൻ മകന്റെ കാറിൽ കയറുമ്പോൾ ശരണാലയത്തിന്റെ വാനിൽ തമ്പ്രാട്ടിയെ കയറ്റി കൊണ്ടുപോയപ്പോഴാണ് മനസ്സിലായത് അവർ ഇവിടെയെത്തി എന്ന്.”
“ഇവർക്ക് അൽഷിമെർസ്സിന്റെ അസുഖമാണെന്നാണ് ഞങ്ങൾ ആദ്യം കരുതിയത്, പക്ഷേ ഇവർക്ക് ഓർമ്മശക്തി കുറച്ച് പോയിട്ടുണ്ടെങ്കിലും എപ്പോഴോ വീണപ്പോൾ തലച്ചോറിന് ഏറ്റ ക്ഷതമാണ് ഈ മറവിക്ക് കാരണം. ”
“ഇതൊരു നിമിത്തമാകാം ഫാദർ, അല്ലെങ്കിൽ തിരുവനന്തപുരത്തുനിന്നും ഇവിടെ കോഴിക്കോട് വരാനും, ഒരു തലകറക്കം തോന്നിയപ്പോൾ ആശുപത്രിയിൽ വരാൻ തോന്നിയതും, തമ്പ്രാട്ടിയെ അതേ ആശുപത്രിയിൽ ആ സമയത്ത് ചെക്കപ്പിന് കൊണ്ടുവരികയും . എല്ലാം ഒരു ദൈവനിശ്ചയം പോലെ.. ഫാദർ, തമ്പ്രാട്ടി എങ്ങിനെ ഇവിടെയെത്തി?”
ഞങ്ങളുടെ ശരണാലയങ്ങളിലും അനാഥാശ്രമങ്ങളിലും മറ്റും വളരെയധികം സഹായങ്ങൾ ചെയ്യുന്ന ഒരു നീലകണ്ഠൻ ഉണ്ട് . അയാൾ അമേരിക്കയിൽ ആണ് സ്ഥിരതാമസം കഴിഞ്ഞ ഡിസംബറിൽ ലീവിന് വന്നപ്പോൾ ഗുരുവായൂർ ദർശനത്തിനിടയിൽ മേല്പത്തുർ ഓഡിറ്റോറിയത്തിൽ ഇരുന്നിരുന്ന ഇവരെ അദ്ദേഹം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് നീലൻ ഇവരെപ്പറ്റി പേപ്പറിൽ ഒരു പരസ്യം നൽകി. അങ്ങിനെയാണ് ഇവരുടെ മക്കൾ നീലനുമായി ബന്ധപ്പെട്ടത്.
അത്തരമൊരു പരസ്യം നൽകിയതിന് അവർ നീലനുമായികുറെ വഴക്കിട്ടു. അവർക്കാർക്കും നോക്കാൻ കഴിയാത്തതിനാൽ ഗുരുവായൂർ അമ്പലനടയിൽ കൊണ്ട് വിട്ടതായിരുന്നെന്ന് പറഞ്ഞു. നീലൻ പോലീസ് സ്റ്റേഷനിൽ ഒരു പരാതി എഴുതി നൽകി. പോലീസ് ഇടപെട്ട് അമ്മയുടെ പേരിലുള്ള വീടും ചുറ്റുമുള്ള പത്ത് സെന്റ് സ്ഥലവും കിട്ടിയ മകളെ അന്വേഷിച്ചു. പക്ഷെ അവർ താമസം നാട്ടിലില്ലെന്ന് അറിഞ്ഞു.
ഇതൊക്കെയായപ്പോഴേക്കും നീലന് തിരിച്ചുപോകാൻ സമയമായിരുന്നു. അങ്ങിനെയാണ് നീലൻ എന്നെ ബന്ധപ്പെടുന്നതും കേസിന് വിധി ആകുന്നതുവരെ അമ്മയെ എന്റെ ശരണാലയത്തിൽ നോക്കണമെന്ന് അപേക്ഷിച്ചു. ഇത്രയും മാത്രമേ എനിക്കറിയൂ. ഇതുപോലെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർ ഒരുപാടുണ്ട് അവസാനം ഇവിടെ എത്തും, പിന്നെ ചിലപ്പോൾ മക്കൾ വന്ന് വിളിച്ചാലും പോകാൻ സമ്മതിക്കില്ല. പങ്കജത്തിന് ഇവരെപ്പറ്റി എന്തെങ്കിലും ഒക്കെ അറിയുമെങ്കിൽ പറഞ്ഞാൽ നന്നായിരിക്കും”
“എന്റെ അമ്മ പണിക്കുനിന്നിരുന്ന ഇല്ലത്തെ തമ്പ്രാട്ടിയാണ്. തമ്പ്രാട്ടിക്ക് പതിനൊന്ന് മക്കളുണ്ട്, അതിൽ അഞ്ചുപേർ മരിച്ചു, ആറ് മക്കളും അവരുടെ കുടുംബവും, ഇപ്പോഴും ഉണ്ട്, എല്ലാവരും സമൂഹത്തിൽ ഉന്നത പദവിയിൽ. ഡോക്ടറും, എൻജിനീയറും, രാഷ്ട്രീയ പ്രവർത്തകരും മറ്റും ആണ്.
അതിൽ ഏറ്റവും ഇളയ മകനാണ് നാരായണൻ. നാരായണൻ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ഇല്ലത്തെ അയിത്തത്തിനും തൊട്ടുതീണ്ടായ്മ്മക്കും എതിരെ ആദ്യം ശബ്ദം ഉയർത്തിയത് നാരായണൻ ആയിരുന്നു.
അതിനൊരു കാരണം നാരായണന്റെ കളിക്കൂട്ടുകാരിയായിരുന്നു. ഇല്ലത്തെ പുറംപണിക്കാരി കുറുമ്പയുടെ മകളായിരുന്നു നായിക. കുറുമ്പ പറമ്പിൽ പണിയുമ്പോൾ മകൾ നാരായണന്റെ കൂടെ മുറ്റത്തും തൊടിയിലും ഓടിക്കളിക്കും. ഒന്നാം ക്ലാസ് മുതൽ ഒരേ ക്ലാസ്സിൽ പഠിച്ച അവർക്ക് ജാതിയും മതവും ഒന്നും ഒരു അതിർ വരമ്പല്ലായിരുന്നു. പക്ഷെ തമ്പ്രാട്ടിക്ക് നാരായണൻ കുറുമ്പയുടെ മകളുടെ കൂടെ കളിക്കുന്നത് ഇഷ്ടമല്ലായിരുന്നു
അക്കാലത്ത് താഴ്ന്ന ജാതിക്കാർക്കൊന്നും ഇല്ലത്തിന്റെ പടിപ്പുര കടന്ന് വരാനോ മുറ്റത്തേക്ക് പ്രവേശിക്കാനോ അനുവാദമില്ലായിരുന്നു. കാലത്ത് കുറുമ്പ മുറ്റം തൂത്ത് കഴിഞ്ഞാൽ തമ്പ്രാട്ടി വന്ന് പുണ്യാഹം തളിച്ച് മുറ്റം ശുദ്ധീകരിയ്ക്കുമായിരുന്നു
ഇല്ലത്തോട് ചേർന്ന് ഒരു പത്തായപ്പുരയുണ്ട് അതിന്റെ താഴെ നിലയിൽ രണ്ട് മുറികൾ. തട്ടിൻപുറത്താണ് നെല്ല് ഉണക്കലും മറ്റും. താഴെനിലയിലെ മുറികൾക്ക് പിറകിൽ ഒരു വാതിൽ ഉണ്ട്, അതിനകത്ത് ഒരു ഓവകവും (മൂത്രമൊഴിക്കാനുള്ള ഒരു ഓവ് ) ഉണ്ട്.
ഇല്ലത്തിന്റെ മുകളിലെ നിലയിലാണ് നാരായണന്റെ മുറി. അവിടെ നിന്നാൽ പത്തായപ്പുര കാണാമായിരുന്നു. അക്കാലത്ത് അച്ഛൻ തിരുമേനിയും ഒരു അമ്മാവനും ആണ് പത്തായപ്പുരയിലെ മുറികൾ ഉപയോഗിക്കാറുള്ളത്. പടിപ്പുരകടന്ന് വരാൻ അനുവാദമില്ലാതെ അയിത്തം കൽപ്പിച്ച താണ സമുദായക്കാരായ സ്ത്രീകൾ പത്തായപ്പുരയുടെ പിറകിലെ വാതിലിലൂടെ അമ്മാവന്റെയും അച്ഛൻതിരുമേനിയുടെയും മുറികളിൽ കയറിപ്പോകുന്നത് നാരായണൻ ശ്രദ്ധിച്ചു.
അത് പരസ്യമായി വിളിച്ചുപറഞ്ഞതോടെ നാരായണൻ കമ്മ്യൂണിസ്റ്റ് ആയി. നാരായണന്റെ പ്രക്ഷോഭം കൂടിയതോടെ ഇല്ലത്തുള്ളവർ അധികവും, സ്വന്തം കൂടപ്പിറപ്പുകൾ കൂടി, നാരായണന്റെ ശത്രുക്കൾ ആയിത്തുടങ്ങി. അമ്പലത്തിന്റെ അടുത്ത് താമസിക്കുന്ന മാരാർമാഷ് ഒരു മുതിർന്ന കമ്മ്യൂണിസ്റ്റ് അനുയായിയായിരുന്നു . അദ്ദേഹത്തിന്റെ കൂടെ നടന്നിരുന്ന നാരായണനെയും നാട്ടുകാർ കമ്മ്യൂണിസ്റ്റ് ആക്കി. ആയിടക്ക് നടന്ന ഒരു നക്സലൈറ്റ് അക്രമത്തിനുശേഷം നാരായണൻ നക്സലൈറ്റ് നാരായണൻ ആയി. അതിന്റെ കേസിലും പേര് വന്നിരുന്നു
പഠനം കഴിഞ് അധികം വൈകാതെ തന്നെ നാരായണന് ഡൽഹിയിൽ സർക്കാർ ജോലികിട്ടി. പക്ഷെ നക്സലൈറ്റ് എന്ന് മുദ്രകുത്തിയ നാരായണൻ ജോലിക്കുമുൻപുള്ള പോലീസ് അന്വേഷണത്തിൽ പരാജയപ്പെട്ടു ആ ജോലി കിട്ടാതെ പോയതോടെ നാരായണന് എല്ലാവരോടും വെറുപ്പായി.
ആ ദേഷ്യം തീർക്കാൻ നാരായണൻ തിരഞ്ഞെടുത്ത വഴി നാട്ടിൽ കൂലിപ്പണിക്ക് പോകുക എന്നതായിരുന്നു. നാരായണനെ എന്നും മാനസികമായി പിന്തുണച്ച കളികൂട്ടുകാരിയെ വിവാഹം ചെയ്തു. നാരായണന് വീടുവയ്ക്കാൻ മാരാർമാഷ് തന്റെ പറമ്പിൽ നിന്നും അഞ്ചുസെന്റ് സ്ഥലവും കൊടുത്തു.
കീഴ്ജാതിക്കാരിയായ പെൺകുട്ടിയെ വിവാഹം ചെയ്തതോടെ നാരായണനെ ഇല്ലത്തുനിന്നും പുറത്താക്കി, പടിയടച്ച് പിണ്ഡം വെച്ചു.
ഒരുദിവസം രാത്രി എന്തോ കാര്യത്തിന് പുറത്ത് പോയ നാരായണനെ ആരോ വെട്ടിക്കൊന്നു. അതിൽ വല്യമ്മാമന്റെ മക്കളും, മൂത്ത സഹോദരിമാരുടെ ഭർത്താക്കൻമാർക്കും കൈയ്യുണ്ടെന്ന് നാട്ടിൽ ദുരൂഹം പരന്നിരുന്നു . പക്ഷേ ഉന്നതങ്ങളിൽ അവർക്കുള്ള പിടിപാട് കാരണം അതിൽ നടപടി ഒന്നും ഉണ്ടായില്ല
നാരായണന്റെ ഭാര്യക്ക് സർക്കാർ ജോലി കിട്ടി തിരുവനന്തപുരത്തേക്ക് അവർ താമസം മാറ്റി.
നാരായണന്റെ സഹോദരങ്ങളെല്ലാം പഠിച്ചുവളർന്ന് വലിയ നിലകളിലായി. അവരാരും സ്നേഹം കണ്ടല്ല വളർന്നത്, സ്വത്തും പണവും മാത്രമേ വേണ്ടിയിരുന്നുള്ളൂ. മക്കൾ തമ്മിലുള്ള വഴക്ക് കൂടിയപ്പോൾ, കണക്കില്ലാത്ത സ്വത്ത് മക്കൾക്കൊക്കെ ഭാഗിച്ച് കൊടുക്കേണ്ടിവന്നു. പുരാതനമായ ഇല്ലം പൊളിച്ച് ആ സ്ഥാനത്ത് ഒരു കൊച്ചു പുര പണിതു. അമ്മയുടെ കാലശേഷം അത് അമ്മയെ നോക്കുന്ന മകൾക്ക് വന്നുചേരും എന്ന വ്യവസ്ഥയുടെ ഒരു മകളുടെ പേരിൽ എഴുതിവെച്ചു. ഇത്രയും വരെ എനിക്കറിയാം. പിന്നെ അമ്മയുടെ മരണശേഷം എനിക്കും നാടുമായി ബന്ധമില്ല.”
“ഫാദർ… ഇവരെ കൊണ്ടുപോകാൻ തന്നെ ഞാൻ തീരുമാനിച്ചു”
“അതിനൊക്കെ ഒരുപാട് നിയമത്തിന്റെ നൂലാമാലകൾ ഉണ്ട്, അവകാശം പറഞ്ഞു മക്കൾ വന്നാൽ.. ഏതെങ്കിലും ഒരു ഒരാൾ കോടതിയിൽ പോയാൽ പോരെ. ചിലർ അങ്ങിനെയാണ് മറ്റൊരാളെ ഉപദ്രവിക്കാനായി എത്രത്തോളം പറ്റുമോ അത്രയും താഴും”
“ഫാദർ,. ഈ അമ്മയുടെ മേൽ എനിക്ക് യാതൊരു അവകാശവും ഇല്ല.. പക്ഷെ എന്റെ മകനുണ്ട്. അവൻ നാരായണന്റെ മകനാണ്. പിന്നെ നിയമത്തിന്റെ നൂലാമാലകൾ, മകൻ ഇവിടെ ജില്ലാ കളക്ടർ ആയതിനാൽ അങ്ങിനെ ഒരു ഭയമൊന്നും ഇല്ല."
കുറച്ചുനേരത്തെ നിശ്ശബ്ദതക്ക് ശേഷം പങ്കജം തമ്പ്രാട്ടിയെ നോക്കി പറഞ്ഞു.
“എന്നെ വിവാഹം കഴിക്കുമ്പോൾ നാരായണൻ എന്താണ് പറഞ്ഞതെന്ന് അറിയുമോ തമ്പ്രാട്ടിക്ക്… നാട്ടുകാരെന്തെങ്കിലും പറഞ്ഞോട്ടെ, കമ്മ്യൂണിസ്റ്റെന്നോ നക്സലൈറ്റെന്നോ , എനിക്ക് ബ്രാഹ്മണനായി തന്നെ ജീവിക്കുകയും മരിക്കുകയും വേണമെന്ന്."
"ചെറുപ്പം മുതലേ നാരായണന്റെ കൂട്ടുകെട്ടായിരുന്നതിനാൽ ഞാൻ ഒരിക്കലും മത്സ്യമാംസാദികൾ കഴിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മരണശേഷവും ഒരു ഇല്ലത്തിന്റെ പരിശുദ്ധിയോട് കൂടി തന്നെയാണ് ഞാൻ വീട് നോക്കുന്നത്”
പങ്കജം ആ അമ്മയുടെ കൈകൾപിടിച്ചുകൊണ്ട് പറഞ്ഞു
“തമ്പ്രാട്ടിക്ക് എന്റെ കൂടെ വന്നുകൂടെ.. ഇനിയുള്ള കാലം ഞാൻ സ്വന്തം അമ്മയെപ്പോലെ നോക്കിക്കോളാം”
കുറച്ചുനേരം പങ്കജത്തിനെ നോക്കിയിരുന്ന ശേഷം ഒന്നും പറയാതെ പങ്കജത്തിന്റെ പിടി പതുക്കെ വിടുവിച്ച് കൂനിക്കൂനി നടന്ന് അകത്തേക്ക് പോയി. അപ്പോഴേക്കും പങ്കജത്തിന്റെ മകനും അവിടെ എത്തിയിരുന്നു.
തമ്പ്രാട്ടി തിരികെപ്പോയത് കണ്ട് ദുഃഖിച്ച്, നിറകണ്ണുമായി പോകാൻ ഒരുങ്ങുമ്പോൾ, അകത്തെ മുറിയിൽനിന്നും കൈയ്യിൽ ഒരു കൊച്ചുപൊതിയുമായി തമ്പ്രാട്ടി പുറത്തേയ്ക്ക് നടന്നുവന്നു…
കൈയ്യിലെ ചുരുട്ടിയ കവറിൽ നിന്നും ആരോ കൊടുത്ത ഒരു ചോക്ലെറ്റ് ആയിരുന്നു അതിൽ. ചോക്ലേറ്റ് എടുത്ത് പങ്കജത്തിന്റെ മകന് കൊടുത്തു. പങ്കജത്തിനെ നോക്കി രണ്ടുകൈകളും നന്ദിപൂർവ്വം കൂപ്പി. പെട്ടെന്ന് പങ്കജം അവരുടെ കൈകൾ കൂട്ടിപ്പിടിച്ചു പറഞ്ഞു.. “അരുത് തമ്പ്രാട്ടി, ആരുടെ മുൻപിലും ഇനി കൈകൂപ്പണ്ട, തമ്പ്രാട്ടി തന്ന ചോറുണ്ട് വളർന്നതാണ് ഈ ഞാൻ.”
രണ്ടുപേരുടെയും കൈപ്പിടിച്ച് ആ അമ്മ കാറിലേക്ക് കയറുമ്പോൾ ഫാദർ ഡൊമിനിക്കിനോട് പതിഞ്ഞ സ്വരത്തിൽ വിക്കിവിക്കി പറഞ്ഞു.. “ന്റെ മോളാ... “
കാർ ശരണാലയത്തിന്റെ പടികടന്നപ്പോൾ ഫാദർ ഡൊമിനിക് സ്വീകരണമുറിയിലെ യേശുദേവന്റെ ഫോട്ടോയ്ക്ക് മുൻപിൽ ഒരു നിമിഷം കൈകൾ കൂപ്പി കണ്ണുകൾ അടച്ചുനിന്നു, നിറമിഴികളോടെ...
(അവസാനിച്ചു)
ഗിരി ബി വാരിയർ
29 നവംബർ 2019
©copyrights protected



Comments
Post a Comment