പുഴയൊഴുകിയ വഴിതേടി...

പുഴയൊഴുകിയ വഴിതേടി...

(ഗിരി ബി. വാരിയർ)



കാർമേഘത്തിൽനിന്നുമൊരു
ജലകണമായി ജനിച്ച്
ഭൂമിയിലേക്ക് പോരുമ്പോൾ ...

താഴെ ഉയർന്ന മലനിരകളിൽ
ഇടതൂർന്ന മരക്കൂട്ടത്തിൻ
മുകളിൽ വീണു്,
അതിൻ ഇലകളെ പുണർന്ന്,
വിരലുകളെ തഴുകി,
കൈകളിലൂടെ ഊർന്നിറങ്ങി,
വിരിഞ്ഞ മാറിലൂടെ,
പരന്ന വയറിലൂടെ,
താഴോട്ടൊഴുകിയിറങ്ങി
മണ്ണിൽ അലിഞ്ഞുചേർന്ന്
ഭൂമിക്കടിയിലെ വേരുകളിലൂടെ
മരത്തിന്റെ സിരകളിലേക്ക്
മതിമറന്നു കയറുന്ന സ്വപ്നം
പൂർണ്ണമാവുന്നതിന് മുൻപ്...

മൊട്ടക്കുന്നിലെ
വെട്ടിമാറ്റിയ മരത്തിൻ
കുറ്റിമേൽ തലതല്ലിതകർന്ന്,
മുകളിലെ മലയടർന്ന്
മുന്നിലുള്ളതെല്ലാം തകർത്ത്
രൗദ്രഭാവത്തിൽ കടലിലെത്താൻ 
കുതിച്ചൊഴുകുന്ന മലവെള്ളത്തിൽ
അലിഞ്ഞു ചേർന്നുപോയി.

അഴിഞ്ഞുലഞ്ഞ മുടിപോൽ പണ്ട്
പരന്നൊഴുകിയിരുന്ന പുഴ കാണാതെ,
മദം പൊട്ടിയപോലൊഴുകിയാ മലവെള്ളം
പാടത്തും പറമ്പിലും, തോട്ടിലും  
കുടിലിലും കൊട്ടാരത്തിലും
ദേവാലയങ്ങളിലും കയറിയിറങ്ങി..
ക്രോധാന്ധനായി, പണ്ട്
പുഴയൊഴുകിയ വഴികൾ തേടി..
അതിലൊരുതുള്ളിയായ് ഞാനും...

ഗിരി ബി. വാരിയർ

Comments

Post a Comment