ഉൾവിളി (തീർത്ഥം മാസികയിൽ പ്രസിദ്ധീകരിച്ച കഥ)
"വാര്യരേ അമ്പലത്തിലേക്ക് കാണാറില്ല്യാലോ കുറേ കാലായിട്ട്"
"വയസ്സായില്ല്യേ തിരുമേനി, കഴിഞ്ഞ തവണ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞിരുന്നു ഹൃദയത്തിന് വാർദ്ധക്യം പിടിപെട്ടിരിക്കണൂന്ന്, അതുകൊണ്ട് നടത്തം ഒക്കെ കൊറച്ചു . ഇത്പ്പോ കുട്ട്യോളൊക്കെ കൂടി നടത്ത്ണതല്ലേ. "
"നല്ലതന്ന്യാ വാര്യരേ, അച്ഛൻ തിരുമേനി പറയാറുണ്ട് പ്രതിഷ്ഠക്ക് ശക്തിയും ചൈതന്യോണ്ടാവാൻ ഇങ്ങിനെയുള്ള പൂജകൾ തന്നെ വേണംന്ന് . പക്ഷേ ലക്ഷാർച്ചനാന്ന് പറഞ്ഞാൽ നാട്ടുകാര് ചില്ലി കാശ് തരില്ല്യ, , അതിന് ഗാനമേളേം കാവടീം ഒക്കെ വേണം. തേവർക്ക് പ്രീതിയാവാൻ ഇതൊക്കെ തന്നെ വേണം."
"ഓടിനടക്കാൻ ആള് വേണ്ടേ തിരുമേനി, ഇതിപ്പോ കുട്ട്യോൾ ഉണ്ട്.. മാല കെട്ടാനും, കഴകക്കാര്യങ്ങൾ നോക്കാനും ഒന്നും ബുദ്ധിമുട്ടില്ല്യല്ലോ"
"വാര്യര് വൈകുന്നേരം ലക്ഷാർച്ചന കാലം കൂടീട്ടല്ലേ പോവുള്ളൂ. ഊട്ടുപുരയിലെ മുറി തുറന്നിട്ടുണ്ട് അവിടെ വിശ്രമിച്ചോളൂ. പിന്നെ ഉച്ചക്ക് ഊണിന് വാര്യത്തുള്ളോർക്കും കൂടി കണക്കാക്കിയിട്ടുണ്ട്. "
"അല്ല തിരുമേനീടെ ആത്തോലിനെ കണ്ടില്ല്യ"
"കാലത്ത് ഇവ്ടെണ്ടാർന്നൂ, മകന്റെ മകൻ ഉണ്ണിക്കുട്ടന് എല്ലാത്തിനും അച്ഛമ്മ മതി. കാലത്ത് തൊഴാൻ വന്നപ്പോൾ വെള്ളം നിറച്ച് വെച്ചിരുന്ന ബക്കറ്റിൽ കാല് തട്ടി ഉണ്ണി ഒന്ന് വീണു. കരച്ചിലും ബഹളവും ആയപ്പോൾ ഇല്ലത്തേക്ക് കൊണ്ടുപോയി. ഞാൻ ഭാനുവിനോടും കൂടെ പോയ്‌ക്കോളാൻ പറഞ്ഞു. എടുപ്പത് പണീണ്ട്, മകൻ എറണാകുളത്ത് ഒരു പൂജയ്ക്ക് പോയിരിക്ക്യാ. ഞാൻ ഒറ്റക്കാണെ.. "
വാര്യർ തൊഴുത്ത് വലത്ത് വെച്ച് മക്കളുടെ കൂടെ മാലകെട്ടാൻ പോയിരുന്നു. വല്ല്യമ്പലത്തിന്റെ വലത് ഭാഗത്ത് ഗണപതി ഹോമവും മറ്റ് വിശേഷഹോമങ്ങൾക്കും വേണ്ടി അഗ്നികുണ്ഡം ഒരുക്കിയിട്ടുണ്ട്. ഇടത് ഭാഗത്ത് തെടുപ്പിള്ളി, പിൻഭാഗത്താണ് ചിറ്റിൽ ആണ് കഴകക്കാർക്ക് മാല കെട്ടാനും ഒക്കെ സൗകര്യം ചെയ്തിരിക്കുന്നത്.
വെളുപ്പിന് മൂന്ന് മണിക്ക് വന്നതാണ്. പത്തിരുപത് കൊല്ലം മുൻപ് വാര്യത്തിന്റെ വക വഴിപാടായി തുടങ്ങിയതാണ് ലക്ഷാർച്ചന. ആദ്യമൊക്കെ എല്ലാ വർഷവും മുടങ്ങാതെ പതിവുണ്ട്. പ്രായാധിക്യമായതോടെ വാരസ്യാർക്ക് എല്ലാം ഒറ്റയ്ക്ക് നടത്താൻ പറ്റാതായി. അങ്ങിനെ രണ്ട് മൂന്ന് കൊല്ലത്തിലൊരിക്കലായി. വാരസ്യാരും മരിച്ചതിനുശേഷം ഇപ്പോൾ ആറ് വർഷത്തിന് ശേഷാണ്.
ഞായറാഴ്ച വാര്യത്ത് ഒരു വിവാഹവുമുണ്ട്. കല്ല്യാണത്തിന് കേരളത്തിന് പുറത്തുള്ളവരൊക്കെ എത്തിയിട്ടുണ്ട്. ലക്ഷാർച്ചനയും സഹസ്രകുടം ധാരയുമെല്ലാം ഒരുമിച്ച് ഒറ്റ ദിവസം തന്നെ നടത്താൻ തീരുമാനിച്ചത് അതുകൊണ്ടാണ്. പത്തിരുപത് നമ്പൂരിമാരും മാരാരും ഒക്കെ ആയി നല്ല തിരക്കാണ്.
വല്ല്യമ്പലത്തിൽ ലക്ഷാർച്ചനക്കായി ഒരുക്കിയിട്ടുള്ള സ്ഥലത്തേക്ക് തേവരെ ആവാഹിച്ച് ലക്ഷാർച്ചനയ്ക്ക് തുടക്കം ഇട്ടു. പ്രഭാത പൂജകൾ ഒക്കെ കഴിഞു. ഇനി വേണം സഹസ്രകുടം ധാര തുടങ്ങാൻ. തന്ത്രി തന്നെ ഇത് ചെയ്യണം എന്ന അച്ഛന് നിർബന്ധമുണ്ടായിരുന്നു. പണ്ടത്തേപ്പോലെ അധികം സമയം ശ്രീലകത്ത് ഇരിക്കാൻ പറ്റണില്ല്യ. ക്ഷിപ്രകോപിയാണ് തേവര് അതുകൊണ്ട് ചിട്ടകളിൽ യാതൊരു കുറവും വരുത്തരുതെന്ന് അച്ഛന് നിർബന്ധമായിരുന്നു. ഞാനും മകനും എല്ലാം ക്യത്യമായി നോക്കി ചെയ്യുന്നുണ്ട്.
സഹസ്രകുടം ധാരയും ഉച്ചപൂജയും കഴിഞ്ഞപ്പോഴേക്കും സമയം പന്തണ്ടേമുക്കാൽ ആയിട്ടുണ്ടായിരുന്നു.
ശ്രീധരൻ എമ്പ്രാന്തിരി ആണ് ദഹണ്ണം, പണ്ട് അദ്ദേഹത്തിന്റെ അച്ഛനായിരുന്നു ആ ഉത്തരവാദിത്വം, അന്ന് ഞാനും ഓപ്പോളും വാര്യത്തെ കുട്ടികളും ശ്രീധരൻ എംബ്രാന്തിരിയും ഒക്കെ അച്ഛന്മാരുടെ സഹായികൾ ആയിരുന്നു.
അമ്പലത്തിന് പുറത്ത് വന്നപ്പോൾ ഉണ്ണികൃഷ്‌ണൻ നിൽക്കുന്നുണ്ടായിരുന്നു.
"തിരുമേനി, എന്റെ ആ ഏലസ്സ് പൂജിച്ച് എന്ന് തരും. മകന് കൊടുത്തയാക്കാനാണ്. അടുത്താഴ്ച ഒരാൾ പോവ്വുണ്ട്"
"ശനിയാഴ്‌ച്ച തരാം, താൻ ഇല്ലത്തോട്ട് വന്നാൽ മതി."
അമ്പലക്കുളത്തിൽ പോയി മുങ്ങിക്കുളിച്ചിട്ട് വേണം ഊണ് കഴിച്ച് ഒന്ന് മയങ്ങാൻ. നമ്പൂരിമാർ കഴിച്ച ശേഷമേ വാര്യത്തുള്ളവർ കഴിക്കുന്നുള്ളൂ എന്ന് പറഞ്ഞു. അതുകൊണ്ട് വൈകിക്കാൻ പറ്റില്ല്യ.
മടിക്കുത്തിൽ നിന്നും മുറുക്കാൻ ചെല്ലം കുളപ്പടവിൽ വെച്ചപ്പോളാണ് ഓർത്തത് ഉണ്ണികൃഷ്ണന്റെ ഏലസ്സ് ഇലയിൽ പൊതിഞ് ഇല്ലത്തെ കൊക്കർണ്ണിയുടെ പടവിൽ വെച്ചിരുന്നത്. ഇല്ലത്തേക്ക് വിളിച്ച് പറയണം അതൊന്ന് എടുത്ത് തേവാരപ്പുരയിൽ കൊണ്ടുവെയ്‌ക്കാൻ.
കുളത്തിൽ വെള്ളം നല്ലപോലെയുണ്ട്. എന്തായാലും മഴ മാറിനിൽക്കുന്നുണ്ട്. മഴ പെയ്താൽ ദീപാരാധനയ്ക്ക് തിരക്ക് കുറയും.
വെള്ളത്തിലേക്ക് ഇറങ്ങിയതും കാലൊന്ന് വഴുതി പടിയിൽ മുട്ട് ഉരഞ്ഞു, ചെറുതായൊന്ന് ചോര പൊടിഞ്ഞു. എന്തോ മനസ്സിനൊരു അസ്വസ്ഥത തോന്നി, ഒരു അശുഭം പോലെ.. കുളികഴിഞ് വന്നപ്പോഴേക്കും ഊണിന് ഇലയിട്ടിരുന്നു.
ഊണ് കഴിക്കാൻ ഇരിക്കും മുൻപ് ഇല്ലത്തേക്ക് വിളിച്ചു, ലാൻഡ് ലൈൻ അടിച്ചിട്ട് ആരും എടുത്തില്ല. അധികവും ആ സാധനം കേടാണ്.
ഊണും കഴിഞ് ഒരു ഏമ്പക്കം ഇട്ട് പുൽപ്പായ വിരിച്ച് കിടന്നു. ഒന്ന് മയങ്ങിക്കാണും, പെട്ടെന്ന് ആരോ തട്ടിവിളിച്ചത് പോലെ തോന്നി. പക്ഷെ പരിസരത്തൊന്നും ആരുമില്ല, മുറിയുടെ വാതിൽ ചാരിയിട്ടിട്ടുണ്ട്. അതോടെ ഉറക്കം മുറിഞ്ഞു. വയറ്റിൽ ചെറിയ ഒരു ഉരുണ്ടുകയറ്റം. ഇടക്കിടെ നാലോ അഞ്ചോ ചായ കുടിച്ചിരുന്നു, ഗ്യാസ് ഉണ്ടായിക്കാണും. ഒന്ന് കക്കൂസിൽ പോയി. പക്ഷെ, യൂറോപ്യൻ ക്ലോസറ്റ് ആണ്, വിചാരിച്ചത് പോലെ സംതൃപ്തി വരില്ല.
ഇല്ലത്തേക്ക് പോകാം, ഉണ്ണികൃഷ്ണന്റെ ഏലസ്സ് കുളപ്പടവിൽ നിന്നും എടുത്തുകൊണ്ടുപോയി തേവാരപ്പുരയിൽ വെക്കുകയും ആവും കൂടെ ശങ്ക തീർക്കലും കഴിയും. ഇല്ലത്തെ കക്കൂസിൽ പോകുന്ന സുഖം പുറത്ത് എവിടെപ്പോയാലും കിട്ടില്യാ. അത് കഴിഞ്ഞു ഒന്ന് മയങ്ങി അഞ്ചുമണി ആവുമ്പോഴേക്കും തിരികെ വരാം.
അയയിൽ നിന്നും ഡബിൾ മുണ്ടെടുത്തുടുത്ത് മൂത്തേടത്തിന്റെ ബൈക്കിന്റെ ചാവിയും വാങ്ങി ഇല്ലത്തേക്ക് തിരിച്ചു. നാലഞ്ച് കിലോമീറ്ററേ ഉള്ളു അവിടെയെത്താൻ.
ഇല്ലത്തിന്റെ മുൻവശത്തെ വാതിൽ തുറന്നിട്ടിട്ടുണ്ട്. സാധാരണ ബൈക്കിന്റെ ശബ്ദം കേട്ടാൽ ആരെങ്കിലും വന്നു നോക്കേണ്ടതാണ്.
ബൈക്ക് സ്റ്റാൻഡിൽ വെച്ച് നേരെ കൊക്കർണിയിലേക്ക് നടന്നു. ഏലസ്സ് എടുത്തുകൊണ്ടുവന്ന് തേവാരപ്പുരയിൽ വെച്ചിട്ട് അകത്ത് കയറാം എന്ന് കരുതി . കൊക്കർണിയിലേക്ക് ഇറങ്ങിയതും ആകെ തരിച്ചുനിന്നുപോയി. കൈയ്യിൽ ആ ഏലസ്സും പിടിച്ച് ഉണ്ണിക്കുട്ടൻ വെള്ളത്തിലേക്ക് ഇറങ്ങുന്നു.
ഉണ്ണീ എന്നും വിളിച്ച് ധൃതിയിൽ പടിയിറങ്ങി താഴെയെത്തി ഉണ്ണിക്കുട്ടനെ പിടിച്ചു.
"തേവരെ, ഒരു നിമിഷം വൈകിയിരുന്നെങ്കിൽ..." തക്ക സമയത്ത് അവിടെ എത്തിച്ച തേവരോട് മനസ്സിൽ നന്ദിപറഞ്ഞു.
ഉണ്ണിക്കുട്ടനേയും കൈയ്യിലെടുത്ത് മുറ്റത്തേക്കെത്തുമ്പോൾ അടുക്കളഭാഗത്തുനിന്നും മകന്റെ ഭാര്യ രാജി കരഞ്ഞുകൊണ്ട് ഓടിക്കിതച്ച് വന്നു. എന്റെ കൈയ്യിൽ ഉണ്ണിക്കുട്ടനെ കണ്ടതും
വലിയൊരു ദീർഘനിശ്വാസമിട്ട് മുട്ടിൽ കൈയും കുത്തി നിന്നു, അപ്പോഴേക്കും കിഴക്കേപറമ്പിൽ നിന്നും ഭാനുവും എത്തി.
വലിയൊരു ദീർഘനിശ്വാസമിട്ട് മുട്ടിൽ കൈയും കുത്തി നിന്നു, അപ്പോഴേക്കും കിഴക്കേപറമ്പിൽ നിന്നും ഭാനുവും എത്തി.
"എവിടെയായിരുന്നു ഉണ്ണീ നീ" കരഞ്ഞുകൊണ്ട് ഭാനു ചോദിച്ചു.
"നല്ല ആൾക്കാരാ, ഈ കുട്ടീനെ ഒറ്റയ്ക്ക് പുറത്ത് വിട്ടിട്ട് നിങ്ങൾ എവിടെ പോയിരിക്ക്യാരുന്നു?" ഉള്ളിൽ തിളച്ചുവന്ന ദേഷ്യം കടിച്ചമർത്തിക്കൊണ്ട് ചോദിച്ചു.
"ഞങ്ങൾ ഇവിടെ വെളുത്തേടത്തെ ജാനുവിനോട് സംസാരിച്ച് ഇരിക്കുകയായിരുന്നു. രാജി ജാനുവിന് കൊടുക്കാൻ കുറച്ച് ഉപ്പിലിട്ട മാങ്ങ എടുക്കാൻ പോയി, ഞാനും ജാനുവും കൂടി കിഴക്കേപറമ്പിൽ പയറ് നട്ടത് നോക്കാനും പോയി. ഉണ്ണി സോഫയിൽ ഉറങ്ങാൻ കിടക്ക്വാരുന്നു.. രാജി കരുതി ഉണ്ണി എന്റെ കൂടെയാണെന്ന് ഞങ്ങൾ തിരിച്ചുവന്നപ്പോൾ ആണ് മനസ്സിലായത് ഉണ്ണി എങ്ങോട്ടോ പോയി എന്ന്. ഞങ്ങൾ മൂന്നുപേരും ഓരോ വഴിക്ക് പോയി തപ്പാൻ തുടങ്ങി ."
"എന്റെ ഭാനു, ഞാൻ ഉറങ്ങാൻ കിടന്നതായിരുന്നു, പെട്ടെന്ന് ഒരു ഭൂതോദയം തോന്നി, നേരെ മൂത്തേടത്തിന്റെ ബൈക്കും എടുത്ത് ഇങ്ങോട്ട് പോന്നു. ഉണ്ണികൃഷ്ണൻ ജപിക്കാൻ തന്ന ഏലസ്സ് ഞാൻ കുളപ്പടവിൽ വെച്ചിരുന്നു, അതെടുക്കാൻ കൊക്കർണിയിൽ പോയപ്പോൾ ഉണ്ണിക്കുട്ടൻ അവിടെ വെള്ളത്തിലേക്ക് ഇറങ്ങുന്നു. ഞാൻ ഓടിപോയി പിടിച്ച കാരണം അപകടം ഒന്നുമുണ്ടായില്ല. തേവര് .കാത്തൂ ന്നല്ലാണ്ട് വേറെന്താ പറയാ.."
ഉണ്ണിക്കുട്ടനെ കെട്ടിപ്പിടിച്ച് ഇറയത്ത് വിരിച്ച പുൽപ്പായയിൽ കിടക്കുമ്പോഴും ചിന്ത മുഴുവൻ ആരായിരിക്കും ഉറങ്ങിക്കിടന്ന തന്നെ ഒരു ഉൾവിളിയുടെ രൂപത്തിൽ തട്ടി വിളിച്ചതു് എന്നായിരുന്നു. ഏറെ ചിന്തിക്കേണ്ടി വന്നില്ല, ഭഗവാന്റെ കൃപാകടാക്ഷം കൊണ്ടുതന്നെ എന്ന ഉറച്ച വിശ്വാസത്തിൽ സമാധാനിച്ചു് കണ്ണുകൾ അടച്ചു കിടന്നു.
*****
ഗിരി ബി. വാരിയർ
29 ഓഗസ്റ്റ് 2019
ഗിരി ബി. വാരിയർ
29 ഓഗസ്റ്റ് 2019



Comments
Post a Comment