ദലമർമ്മരങ്ങൾ
::: ദലമർമ്മരങ്ങൾ :::
കഥ | ഗിരി ബി വാരിയർ
" തിരുമേനി. കണ്ണന്റെ പേരിൽ പതിനൊന്ന് ദിവസത്തെ പുഷ്പാഞ്ജലി കഴിക്കണം "
കാര്യം ശ്രീധരൻ തിരുമേനിക്ക് മകന്റെ പ്രായമാണെങ്കിലും വാരസ്യാര് പേര് വിളിക്കില്ല്യ.
" ആവാലോ വാരസ്യാരേ , ഇത്തവണ എന്താ പ്രശ്നം, പ്രമോഷൻ, ട്രാൻസ്ഫർ, അതോ ഷുഗർ പ്രഷർ എന്താണ് ? "
"ഒന്നും പറയണ്ട, ഗൾഫല്ലേ, ഒരു പുത്യേ നിയമം വര്ണ്ട്ത്രേ. അവിടുത്തുകാർക്ക് ജോലിയിൽ മുൻഗണന കൊടുക്കാൻ ...."
"അതിനിപ്പോ ന്താ , പത്തിരുപത്തെട്ട് കൊല്ലായില്ല്യേ ആ മരുഭൂമീല് കെടന്ന് കഷ്ടപ്പെടാൻ തുടങ്ങീട്ട്. ഇനി കൊറച്ച് കാലം നാട്ടില് വന്ന് വിശ്രമിക്കട്ടെ."
"അതല്ല, തിരുമേനി അവിടുത്തെ തെരക്കിലും ഓട്ടത്തിലും ഒന്നിനും നേരല്ല്യ. ഇവ്ടെ വന്ന് വെറുതെ ഇരുന്നാൽ മനസ്സില് ഓരോരോ ചിന്തകള് വരും, പിന്നെ പ്രഷറായി, ഷുഗറായി, ഹൃദയ രോഗങ്ങളായി. അവൻ വരണോണ്ട് സന്തോഷേ ഉള്ളൂ"
"എന്തായാലും പുഷ്പാഞ്ജലി ഇന്ന് തൊട്ട് തുടങ്ങാം. കണ്ണന്റെ നാളല്ലേ ഇന്ന്, തൃക്കേട്ട "
കണ്ണനും ശ്രീധരൻ തിരുമേനിയും കളിക്കൂട്ടുകാരാണ്. പ്രിഡിഗ്രി വരെ ഒരുമിച്ച് ഒരേ ക്ലാസ്സിൽ. ഡിഗ്രിക്ക് കണ്ണൻ കേരളവർമ്മയിലും തിരുമേനി സെന്റ് തോമസിലുമായിരുന്നു.
കണ്ണന്റെ അമ്മാമൻ കുഞ്ഞുണ്ണിമ്മാൻ ആ കാലത്ത് ബോംബെയിൽ ആയിരുന്നു. കൂട്ടുകൂടി നടന്ന് വഴിതെറ്റണ്ട എന്ന് പറഞ്ഞ് കണ്ണനെ അദ്ദേഹം ബോംബെയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് പിന്നെ ഗൾഫിലേക്കും.
ശ്രീധരൻ തിരുമേനി ഇല്ലത്തിന്റെ ഊരായ്മ്മയിലുള്ള നാട്ടിലെ അമ്പലത്തിലെ ശാന്തി ഏറ്റെടുത്തു. വീട്ടിൽ ട്യൂഷനും ഇല്ലത്തിന് പാരമ്പര്യമായി ലഭിച്ചിട്ടുള്ള തന്ത്രിസ്ഥാനമുള്ള അമ്പലങ്ങളിലെ വിശേഷ പൂജകളും ഒക്കെ ചെയ്ത് ജീവിച്ചു പോന്നു. ഇരുപത്തിനാലാം വയസ്സിൽ ആര്യയെ വേളി കഴിച്ചു. മാസമുറയുടെ സമയം ഒഴിച്ച് ദിവസവും തിരുമേനിയും കുഞ്ഞാത്തോലും ഒരുമിച്ചാണ് അമ്പലത്തിലെ കാര്യങ്ങൾ നോക്കുന്നത്.
കുറച്ച് വൈകീയാണെങ്കിലും രണ്ട് ഉണ്ണികൾ അവർക്കുണ്ടായി. യാദൃച്ഛികമാവാം കണ്ണന്റെ മക്കളും തിരുമേനിയുടെ മക്കളും ഒരേ പ്രായക്കാരായിരുന്നു. രണ്ടു പേരുടെയും മൂത്ത കുട്ടികൾ ഒരുമിച്ച് തൃശൂർ എഞ്ചിനിയറിങ്ങ് കോളേജിൽ പഠിച്ചു. തിരുമേനിയുടെ മകന് ബാംഗ്ലൂരിൽ ഒരു ഐ ടി കമ്പനിയിൽ ജോലിയായി. കണ്ണൻ മകനെ ഗൾഫിൽ കൊണ്ടുപോയി അവിടെ ജോലിയാക്കി.
ദിവസവും മാല കെട്ടുമ്പോൾ വാരസ്യാര് ഓരോരോ വിവരങ്ങൾ പറയും. ഒരു ദിവസം വന്നപ്പോൾ വാരസ്യാർ പറഞ്ഞു
"തിരുമേനി, ഒരു തീരുമാനായിട്ടോ.. അടുത്താഴ്ച്ച കണ്ണൻ തിരിച്ചു വര്വാത്രേ . ഇനിപ്പോ ഒരു മടക്കയാത്രേണ്ടാവില്ല്യ"
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഒരു ദിവസം കാലത്ത് വാരസ്യാരുടെ കൂടെ കണ്ണനും ഉണ്ടായിരുന്നു.
"ഞാൻ പുറത്തുള്ള ജോലി എല്ലാം മതിയാക്കി തിരിച്ചു പോന്നൂ ശ്രീധരാ.... ഇനി ഇവ്ടെ ഒരു ജോലി തരാക്കണം.."
"തനിക്കെന്തിനാടോ ഇനി ഒരു ജോലി..വിശ്രമിച്ചൂടെ ഇനിയുള്ള കാലം."
"അത് പറ്റില്ല ശ്രീധരാ.. വെറുതെ ഇരുന്ന് ശീലിച്ചിട്ടില്ല്യ.. "
"എന്നാൽ ഞാൻ ഒരു പണി പറയട്ടെ.. തനിക്ക് പറ്റിയ പണിയാണ്..."
"എന്തിനാ ശ്രീധരാ ഒരു ഔപചാരികത, പറയു.."
"വാരസ്യാർക്ക് വയസ്സായി.. ദെവസോം കാലത്ത് നേരത്തെ എഴുന്നേറ്റ് മാലകെട്ടലും, കഴകവും ഇനി എത്ര കാലാന്ന്ച്ചട്ടാ.. തനിക്ക് ഏറ്റെടുത്തൂടെ കഴകം.. പണ്ട് ഡിഗ്രി കഴിയുന്നത് വരെ നമ്മൾ രണ്ടാളും ഒരുമിച്ച് കാലത്ത് വന്ന് അമ്പലം തുറന്നതും പഠിച്ചതും, നടയടച്ച് തിരിച്ചുപോയതും ഒക്കെ ഓർമ്മേല്ല്യേ തനിക്ക് .. വീണ്ടും അങ്ങിനെ നമുക്ക് ഒരുമിച്ചാവാം."
"കണ്ണാ..തിരുമേനി പറഞ്ഞത് ശര്യാന്ന്യാ. നമുക്ക് ഉള്ളതൊക്കെ ഈ തേവര് തന്നതാ.. തലമുറകളായി കൈമാറിവന്നതാണ് ഈ കഴകം. ഇനി ഇത് ചെയ്യണ്ടത് നീ തന്ന്യാ.. ന്നാലും എനിക്കെന്തേ ഇത് മുൻപേ തോന്നാഞ്ഞത് ന്റെ തേവരെ.."
വാരസ്യാർ നടയിലേക്ക് നോക്കി കൈകൂപ്പി പ്രാർത്ഥിച്ചു.
മാലകെട്ടി നടയ്ക്കൽ വെച്ച് വാരസ്യാർ നേരത്തെ പോയി. ബാക്കി പണികൾ കണ്ണനെ പറഞ്ഞേൽപ്പിച്ചു, കഴകം ഏറ്റെടുത്തതിന്റെ മുന്നോടിയായി
എട്ടരയായപ്പോഴേക്കും കാലത്തെ പൂജകൾ കഴിഞ്ഞ് നടയടച്ച് ശ്രീധരൻ തിരുമേനിയും കണ്ണനും പാടവരമ്പിലൂടെ കുശലം പറഞ്ഞുനടക്കുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള അമ്പലമുറ്റത്തെ അരയാലിന്റെ ഇലകള്‍ കൂട്ടിയുരഞ്ഞ് ഉയരുന്ന മര്‍മ്മരശബ്ദം ഒരു ഗീതമായി അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്നുണ്ടായിരുന്നു.
ഗിരി ബി. വാരിയർ
07 മെയ് 2019


Comments
Post a Comment