ജന്മാന്തരങ്ങൾ (ഗിരി ബി. വാരിയർ)



[ഞാൻ എഴുതിയ "ബലിക്കാക്കകൾ" എന്ന കഥയുടെ ഇതിവ്യത്തം മരണശേഷം കാക്കയുടെ ജന്മമെടുത്ത രാജന്റെ കണ്ണിലൂടെ ജീവിതം കാണുന്നതാണ്. മരിച്ചുപോയ തന്റെ അമ്മയെയും അമ്മായിയേയും അയല്പക്കകാരെയും എല്ലാം ആ കാകജന്മത്തിൽ അയാൾ കാണുന്നത് എഴുത്തുകാരന്റെ ഭാവനയുടെ അവതരിപ്പിച്ചതാണ് ബലിക്കാക്കകൾ എന്ന കഥ. ഒരു കഥയാവുമ്പോൾ അതിനൊരു പരിസമാപ്തി കൂടി വേണമല്ലോ, ആയതിനാൽ രണ്ടാംഭാഗം എഴുതുന്നു.]

****

ജന്മാന്തരങ്ങൾ...
കഥ | ഗിരി ബി. വാരിയർ

"അമ്മാമേ എവിട്യൊക്കെ തെരക്കീന്നറ്യോ , ഇവ്ടെന്താ ചെയ്യണേ.."

" രാജനോ, നെന്റെ അമ്മ പോണേന്റെ തലേ ദെവസോം കൂടി രഘൂന്റെ മോന്റെ കാര്യം പറഞ്ഞു വിഷമിക്കുന്നുണ്ടാർന്നു. അവൾക്ക് എന്നും പേട്യാണ് ഈ കുട്ടി ഒറ്റയ്ക്ക് പുറത്തിരുന്നു കളിക്കുമ്പോൾ ആരെങ്കിലും പിടിച്ചു കൊണ്ടോയാലോന്ന്. ഇപ്പോൾ ഇവനൊരു ഒരു എണയായി പക്ഷെ അവൾക്ക് നടക്കാൻ തുടങ്ങണമെങ്കിൽ ഇനീം അഞ്ചെട്ട് മാസം കാത്തിരിക്കണം. ഈ വരണ ജൂണില് ഇവനെ സ്കൂളിൽ ഇട്ടാൽ ചേർത്ത്യാൽ പിന്നെ ഈ കാവലിരുപ്പ് വേണ്ട.."

"'അമ്മ ഇപ്പൊ പുത്യേ ജന്മം ഇടുത്തിട്ടുണ്ടാവും ല്ല്യേ അമ്മാമേ .. മനുഷ്യൻ മരിച്ച് ‌ കാക്കയാവുംന്ന് പണ്ട് ഞാൻ കാക്കേ കല്ലെറിയുമ്പോൾ മുത്തശ്ശി പറയാറുണ്ടാർന്നു. ആദ്യക്കെ അത് കേട്ട് വിശ്വസിക്കും.. പിന്നെ എല്ലാം വിഡ്ഢിത്താണ്ന്ന് ഞാൻ പറഞ്ഞു.. എന്നിട്ടോ, മരിച്ചപ്പോൾ ദാ കാക്കയായി പുനർജനിച്ചു. അമ്മയ്ക്ക് ഈ ജന്മത്തിൽനിന്നും മോക്ഷം കിട്ടി. എനിക്കെന്നാണാവോ അതിന് യോഗം."

"നീയ്യിപ്പോഴും നിന്റെ ആ പൂട്ടിയിട്ട വീട്ടിൽ ഒറ്റക്ക് കാവൽ ഇരിക്കണ്ട വല്ല കാര്യോംണ്ടോ? ഇടക്കൊക്കെ ഏട്ടന്റെ വീടുവരെ ഒന്ന് പൊയ്ക്കൂടേ. അവനും ഇപ്പോ കാക്കകൾക്കും കിളികൾക്കും, അണ്ണാനും ഒക്കെ തീറ്റ കൊടുക്കാറുണ്ട്."

"അമ്മാമേ, ചോര വിയർപ്പാക്കീണ്ടാക്കിയ വീടല്ലേ. പടിഞ്ഞാറേ വാതിലുമ്മെ നിറച്ച് ചെതലാണ്. ഞാൻ വെറുതെ ഇരിക്കുമ്പോ എനിക്ക് പറ്റണത് പോലെ ഒക്കെ ചിതല് തട്ടിക്കളയാറുണ്ട്. അകത്തെ കാര്യം ഒന്നും അറിയില്യ."

"അല്ലാ, നീയ്യെന്തിനാ എന്നെ അന്വേഷിക്കുണ്ടാർന്നേ ?.."

"അതാപ്പോ നന്നായ്യെ, പറയാൻ വന്ന കാര്യം മറന്നു.. ഇന്ന് അവിടെ വീടൊക്കെ തുറന്നിട്ടിട്ടുണ്ട്. ചേട്ടത്തിയമ്മയും അനിതയും കൂടി അടിച്ചുതുടക്കുന്നുണ്ട്. ജനാലകളും വാതിലുകളും ഒക്കെ തുറന്നിട്ടിട്ടുണ്ട്."

"അതിപ്പോ എല്ലാ മാസോം പതിവുള്ളതല്ലേ..."

"അതെ, പക്ഷെ ഇത്ര വിസ്തരിച്ചൊന്നും പതിവില്ല്യ. ഇതിപ്പോ ആരോ വരുന്നുണ്ടെന്ന് തോന്നുന്നു. ബെഡ് റൂമിൽ ജനാല തുറന്നപ്പോൾ ബെഡ് ഷീറ്റ് ഒക്കെ മാറ്റുന്നത് കണ്ടു."

"രാജിയെ മക്കൾ കൊണ്ടുപോയിട്ടിപ്പോ ഒരു വർഷത്തോളം ആയില്ല്യേ . അവർ വരുണുണ്ടാവും..അതാ.."

"അറിയില്ല്യാ, അതായിരുന്നാൽ മത്യാർന്നു. രാജിയെ ഒന്ന് കണ്ടിട്ട് ഈ ജന്മം തീർന്നാലും വെഷമംല്ല്യാ. അടുത്ത ജന്മം എന്താവുംന്ന് ആർക്കറിയാം. ഞാൻ ഏട്ടന്റെ വീടുവരെ ഒന്ന് പോയി നോക്കട്ടെ, എന്തെങ്കിലും വിവരം കിട്ട്യാലോ "

"നീയ്യ് പൊയ്ക്കോ, വഴിയിൽ അമ്മായിയെ കണ്ടൂച്ചാ പറഞ്ഞോളൂ ഞാൻ ഇവിടെ ഉണ്ടെന്ന് "

അമ്മാമനോട് യാത്ര പറഞ്ഞുനേരെ ഏട്ടന്റെ വീട്ടിലേക്ക് പോയി. ഡ്രൈവർ വന്ന് കാർ പോർച്ചിൽ നിന്നും പുറത്തിറക്കി വണ്ടി കഴുകുന്നുണ്ട്. എങ്ങോട്ടോ പോകാൻ ഉള്ള തയ്യാറെടുപ്പാണ് എന്ന് തോന്നുന്നു. ഏട്ടന് സ്ലിപ് ഡിസ്കിന്റെ അസുഖം ഉള്ളതിനാൽ കാറോടിക്കാൻ പറ്റില്ല.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഏട്ടനും ഏട്ടത്തിയമ്മയും കൂടെ മകൾ ലക്ഷ്മിയും പുറത്തേക്ക് വന്നു. ലക്ഷ്മി ഇപ്പോൾ വെക്കേഷന് വന്നിരിക്കുകയാണ്.

"രാജി വന്ന് ഞങ്ങൾ എയർപോർട്ടിൽ നിന്നും പുറപ്പെടുമ്പോൾ വിളിക്കാം നീ അനിതയേയും കൂട്ടി അവിടേക്ക് വാ... "

കാറിൽ കയറുന്നതിന് മുൻപ് ഏട്ടൻ ലക്ഷിയോട് പറഞ്ഞു.

മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയുന്നില്ല. ഒരു വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു.

ഏട്ടന്റെ വീടിന്റെ പിറകിലെ ടാങ്കിൽ നിറച്ചിട്ടിരിക്കുന്ന വെള്ളത്തിൽ വിസ്തരിച്ചൊന്ന് കുളിച്ചു. എന്നെ രാജിക്ക് മനസിലാവില്ലെങ്കിലും എന്റെ മനസ്സുഖത്തിന് ഈ കുളി വളരെ അത്യാവശ്യമാണ്.

വീട്ടിലേക്ക് പറക്കുന്ന വഴിയിൽ അമ്മാമന്റെ വീടിന്റെ അടുക്കളകിണറിന്റെ കപ്പിയിൽ അമ്മായി ഇരിക്കുന്നുണ്ടായിരുന്നു. മുറ്റത്ത് വീണ പ്ലാവില മകൾ പെറുക്കികൂട്ടി തിയ്യിടുന്നത് നോക്കി . അമ്മാമൻ അന്വേഷിച്ച വിവരം പറഞ്ഞു. പിന്നെ രാജി വരുന്ന കാര്യവും സൂചിപ്പിച്ചു. അമ്മാമയേയും കൂട്ടി വേഗം വീട്ടിലേക്ക് എത്താൻ പറഞ്ഞു.

പറന്ന് വീണ്ടും വീട്ടിലെത്തി. കാത്തിരിക്കുന്ന ഓരോ നിമിഷവും യുഗങ്ങൾ പോലെയാണ് തോന്നിയത്. അപ്പോഴാണ് മുറ്റത്ത് നിറയെ പ്ലാവില വീണുകിടന്നിരുന്നത് ശ്രദ്ധിച്ചത്. എല്ലാ പ്ലാവിലയും കൊത്തി തെങ്ങിന്റെ അടിയിൽ കൊണ്ടുപോയി ഇട്ടു. എയർപോർട്ടിൽ എത്താൻ തന്നെ ഒരു മണിക്കൂർ എടുക്കും, പിന്നെ അത്രതന്നെ തിരികെ വരാനും.

നേരെ അമ്പലത്തിലേക്ക് പറന്നു. അമ്പലം അടച്ചുകാണും പക്ഷെ ദൈവം എങ്ങോട്ടും പോവില്ലല്ലോ.

അമ്പലത്തിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. എന്തോ വിശേഷ പൂജ ഉണ്ടെന്ന് തോന്നുന്നു. നട തുറന്നിരിക്കുന്നു. നടപ്പുരയിലെ ബലിക്കല്ലിൽ പോയി നടയിലേക്ക് നോക്കി മനസ്സാ ദൈവത്തോട് നന്ദി പറഞ്ഞു, ഒരിക്കൽ കൂടി എന്റെ രാജിയെ കാണാൻ ഒരവസരം ഉണ്ടാക്കിത്തന്നതിന്.

തിരികെ പറക്കാൻ തുടങ്ങുമ്പോഴേക്കും കണ്ണൻ നായർ അങ്ങോട്ടെത്തി. അദ്ദേഹം കാകജന്മം എടുത്തിട്ട് കുറച്ച് കാലമായി. മനുഷ്യജന്മം കഴിഞ്ഞത് തന്നെ എണ്പത്തിനാലാം വയസ്സിൽ ആയിരുന്നു. അമ്മയും മകനും മാത്രമായൊരു ജീവിതം. അമ്മയ്ക്ക് വേണ്ടി മകനും മകന് വേണ്ടി അമ്മയും ജീവിച്ചു.

കണ്ണൻ നായർക്ക് ഒന്നര വയസ്സുള്ള സമയത്ത് അച്ഛൻ മരിച്ചു. അന്ന് തുടങ്ങിയതാണ് അവർ രണ്ടുപേരും മാത്രമായ ലോകം. കണ്ണൻ നായർക്ക് നാട്ടിൽ സ്‌കൂളിൽ ആയിരുന്നു ജോലി. ഒരിക്കൽ വിവാഹം കഴിച്ചതാണ് പക്ഷെ ഭാര്യ അമ്മയെ കഷ്ടപ്പെടുത്തുന്നത് കണ്ട് ഹ്യദയം നൊന്ത കണ്ണൻ നായർ ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടാക്കി. അമ്മയുടെ കാലം കഴിഞ്ഞുമാത്രമേ തിരികെ വരൂ എന്ന് ഭാര്യയും തീരുമാനിച്ചതോടെ രണ്ടുപേരും ഒരിക്കലും ഒത്തുചേർന്നില്ല. പക്ഷെ മരണം വരെ കണ്ണൻ നായർ അവർക്ക് ചിലവിനു കൊടുത്തു.

താൻ മൂലമാണ് മകൻ ഒറ്റക്ക് ജീവിക്കുന്നതെന്ന് മനസ്സിലാക്കിയ അമ്മ ഒരിക്കൽ വീടുവിട്ട് ഇറങ്ങിയതാണ്. പക്ഷെ കണ്ണൻ നായർ അമ്മയെ തപ്പിപ്പിടിച്ച് കൊണ്ടുവന്നു. താനും ഭാര്യയും തമ്മിൽ ഒരിക്കലും ചേർന്നുപോകില്ലെന്നും അമ്മ ജീവിച്ചാലും മരിച്ചാലും ഒരുമിച്ചൊരു ജീവിതം ഉണ്ടാവില്ലെന്ന് തറപ്പിച്ച് പറഞ്ഞതോടെ അമ്മ പിന്നീട് നിർബന്ധിച്ചില്ല.

"ഇന്നെന്താടോ തന്റെ ഭാര്യയുടെ പിറന്നാളോ മറ്റോ ആണോ, ഇന്നത്തെ പൂജ തന്റെ ഭാര്യയുടെ പേരിൽ ആണെന്ന് ആ രാമൻ നായർ പറയുന്നുണ്ടായിരുന്നു. ഇതിപ്പോൾ താനും അമ്പലത്തിൽ വന്നിരിക്കുന്നു."

"ഇന്നല്ലല്ലോ, ചിങ്ങത്തിൽ മൂലം ആണ്. ഇന്ന് എന്റെ നാളാണ്, ഞാൻ മരിച്ചത് കൊണ്ട് അവളുടെ പേരിൽ ചെയ്യുന്നതാവും. അതുപോട്ടെ, ഇതാരാ ഒരു കൊച്ചു കാക്ക കണ്ണൻനായരുടെ കൂടെ?"

"എടോ, അതെന്റെ അമ്മയാ, രണ്ടാഴ്ച മുൻപല്ലേ അമ്മ മരിച്ചത്, ഈ ജന്മത്തിൽ ഞാനാ മൂത്തത് അമ്മയേക്കാൾ. ഇപ്പോൾ ആണ് അമ്മ പറക്കാൻ തുടങ്ങിയത്."

"ശരീ, ഞാൻ പോട്ടെ, ഇന്ന് രാജി തിരിച്ചുവരും എന്ന് ഏട്ടൻ പറഞ്ഞുകേട്ടു. ഇപ്പോൾ എയർപോർട്ടിൽ പോയിരിക്കുകയാണ്."

"അപ്പൊ തന്റെ പ്രാർത്ഥന ദൈവം കേട്ടു അല്ലേ.. നന്നായി, രാജി വന്നിട്ട് ഞാൻ അമ്മയെയും കൊണ്ടുവരാം"

കണ്ണൻ നായരോട് യാത്ര പറഞ്ഞ്‌ പറന്ന് വീട്ടിൽ എത്തിയപ്പോഴേക്കും ലക്ഷ്മിയും അനിതയും വീട്ടിലെത്തിയിരുന്നു. അപ്പോൾ ഏട്ടനും ഏട്ടത്തിയമ്മയും അവിടെനിന്നും പുറപ്പെട്ടുകാണും.

ക്ഷമകെട്ട് ജംഗ്ഷൻ വരെ പറന്നുചെന്നു. വണ്ടി വരുമ്പോൾ കൂടെ പറന്ന് വരാമല്ലോ. അനിയൻ നായരുടെ ചായക്കടയുടെ മുകളിലെ ബോർഡിൽ ഇരുന്നു. ഇവിടെ ഇരുന്നാൽ ദൂരെ നിന്നും കാറുവരുന്നത് കാണാം.

എല്ലാ കാറുകളും ഒരുപോലെയാണ്. വെള്ള നിറത്തിലുള്ളതാണ് ഏട്ടന്റെ കാറ്, പക്ഷെ ഇത്രയധികം കാറുകളിൽ ഏട്ടന്റെ കാറ് കണ്ടുപിടിക്കാൻ പറ്റില്ല.

തിരിച്ചു പറന്ന് തുടങ്ങുമ്പോഴേക്കും ഇടവഴിയിലേക്ക് ഒരു വെളുത്ത കാർ തിരിഞ്ഞു വന്നു. അതെ, ഏട്ടന്റെ കാർ തന്നെ. കാറിന്റെ ഒപ്പം പറന്നെത്താൻ കഴിയുന്നുണ്ടായിരുന്നില്ല. വഴി മുഴുവൻ പൊടി പറത്തിക്കൊണ്ട് കാർ മുന്നോട്ട് കുതിച്ചു.

പറന്ന് വീട്ടിലെത്തിയപ്പോഴേക്കും എല്ലാവരും കാറിൽനിന്നും ഇറങ്ങിയിരുന്നു. മക്കൾ രണ്ടുപേരും ഏട്ടത്തിയമ്മയുടെ കൂടെ ഇറങ്ങിച്ചെന്ന് വീട്ടിൽ കയറി. രാജിയെവിടെ?, ഏട്ടൻ എവിടെ? എല്ലാവരും നേരെ ബെഡ്റൂമിലേക്ക് പോകുന്നത് മുറ്റത്തെ മുവ്വാണ്ടൻ മാവിന്റെ കൊമ്പിലിരുന്ന് കണ്ടു.

ഉടനെ പറന്ന് തെക്കേ കിടപ്പുമുറിയുടെ അടുത്തേക്ക് പോയി. ജനാലകൾ തുറന്നിട്ടുണ്ട്. കട്ടിലിൽ നിന്നും കിടക്ക മാറ്റി അതിന്റെ സ്ഥാനത്ത് ഒരു പ്ലാസ്റ്റിക് കവർ പോലെ എന്തോ ഇട്ട് അതിൽ ഒരു ബാത്റൂമിൽ നിന്നും ഒരു പൈപ്പ് ഇട്ട് വെള്ളം നിറക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും അമ്മാമൻ പറന്നെത്തി.

"എന്താടാ, രാജി വന്നോ..?

"ഇല്ല്യ, കുട്ട്യോൾ മാത്രേ ഉള്ളു. അവർ കിടക്കയിൽ വെള്ളം നിറക്കുന്നത് എന്തിനാ ?"

കുറച്ചു നേരം സൂക്ഷിച്ചു നോക്കിയശേഷം അമ്മാമൻ പറഞ്ഞു.

"എടാ പൊട്ടാ, അത് വാട്ടർ ബെഡ് ആണ്. എന്തോ പന്തികേടുണ്ടല്ലോ.."

പറഞ്ഞു തീരുമ്പോഴേക്കും പുറത്ത് കിഴക്കേ വഴിയിൽ ഒരു വെള്ള ആമ്പുലൻസ് വന്നു നിന്നത് പടിഞ്ഞാറേ ഭാഗത്തെ വാതിലിലൂടെ കണ്ടു. പറന്ന് മുൻവശത്തേക്ക് എത്തുമ്പോഴേക്കും ആമ്പുലൻസിന്റെ പിറകിലെ വാതിൽ തുറന്ന് ആദ്യം ഏട്ടൻ പുറത്ത് വന്നു പിന്നെ മറ്റ് പേരും. രാജിയെവിടെ ?"

ആമ്പുലൻസിൽ നിന്നും സ്‌ട്രെച്ചറിൽ പുറത്തെടുത്ത ആളെ കണ്ടപ്പോൾ ഹ്യദയം ഒരു നിമിഷം നിന്നപോലെ തോന്നി.

രാജി.. കണ്ണുകൾ രണ്ടും തുറന്ന് മുകളിലേക്ക് നോക്കി യാതൊരു വികാരങ്ങളും ഇല്ലാതെ ... ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. രാജിക്ക് എന്ത് പറ്റിയതാവും.?

രണ്ടു പേര് പിടിച്ച് രാജിയെ കിടത്തിയ സ്‌ട്രെച്ചർ വീട്ടിനകത്തേക്ക് കൊണ്ടുവന്നു. പറന്ന് പോയി തെക്കേ മുറിയുടെ ജനാലയിലൂടെ അകത്തേക്ക് നോക്കി.

എല്ലാവരും ചേർന്ന് പിടിച്ച് രാജിയെ പതുക്കെ കട്ടിലിലേക്ക് മാറ്റി.അപ്പോഴും രാജിയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു.

പിന്നെയും എന്തൊക്കെയോ കൊണ്ടുവന്ന് ആ കട്ടിലിന്റെ അടുത്ത് വെച്ചു. ഒരു പുതപ്പെടുത്ത് രാജിയെ പുതപ്പിച്ച് ലക്ഷ്മിയോട് എന്തോ പറഞ്ഞു് മൂത്തമകനും ഏട്ടനും പിന്നാമ്പുറത്തെ ഇറയത്തേക്ക് വന്നു.

"എന്താ ഉണ്ടായത്.. "

"ഒരു സ്‌ട്രോക് വന്നതാണ്. ആദ്യം ബോധം പോയി, എപ്പോഴോ ബോധം വന്നപ്പോൾ നാട്ടിൽ പോണം, അച്ഛനെ കാണണം എന്നൊക്കെ പിറുപിറുത്തു. പിന്നെ ബോധം മറഞ്ഞു. ഇപ്പോൾ പതിനെട്ട് ദിവസം ആയി. അന്നുമുതൽ വെന്റിലേറ്ററിൽ ആയിരുന്നു. ഇന്നലെ ഡോക്ടർ പറഞ്ഞു വിത്ത് ഫുൾ മെഡിക്കൽ കെയറിൽ വേണമെങ്കിൽ നാട്ടിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാൻ. അമ്മയുടെ അവസാന ആഗ്രഹമല്ലേ പിന്നെ താമസിപ്പിച്ചില്ല.."

"ചികിത്സ? നമുക്ക് അമൃതയിലോ മറ്റോ കൊണ്ടുപോയാലോ?"

"ഇല്ല, മുംബൈയിലെ വലിയ ഹോസ്പിറ്റൽ എല്ലാം തിരിച്ചയച്ച കേസ് ആണ്. എൺപത് ശതമാനം ബ്രെയിൻ ഡാമേജ് ആണ്. അപ്പോൾ അമ്മയുടെ മോഹപ്രകാരം മരണമെങ്കിലും ഇവിടെ ആയിക്കോട്ടെ എന്ന കരുതി."

"എത്രകാലം എന്ന് വെച്ചിട്ടാണ്? "

"രണ്ടോ മൂന്നോ ദിവസം.. അത്രയേ ഡോക്ടർ പറഞ്ഞിട്ടുള്ളു. ഇന്ന് വൈകീട്ടാവുമ്പോഴേക്കും അനിയന്റെയും എന്റെയും ഭാര്യമാരും മക്കളും, എത്തും."

മകന്റെ വാക്കുകൾ കേട്ട് തരിച്ചിരുന്ന് പോയി. എത്ര ലാഘവത്തോടെയാണ് അവൻ അത് പറഞ്ഞത്. സ്വന്തം അമ്മയുടെ മരണം ഒരാൾ പറഞ്ഞപ്പോഴേക്കും അവൻ സ്വീകരിച്ചു. ആശുപത്രിയിൽ മരണക്കിടക്കയിൽ നിന്നും എഴുന്നേറ്റ് വന്ന എത്ര പേരുണ്ട്.

"ഞങ്ങൾക്ക് തെറ്റ് പറ്റി വല്യച്ഛ, തിരുത്താനാവാത്ത വല്ല്യൊരു തെറ്റ്, അമ്മയെ ഞങ്ങൾ ഇവിടെനിന്നും വേരോടെ പിഴുതുകൊണ്ടുപോകാൻ പാടില്ലായിരുന്നു. അമ്മയുടെ ജീവൻ മുഴുവൻ ഇവിടെയായിരുന്നു. അച്ഛൻ മരിച്ചുവെങ്കിലും ഈ ചുറ്റുവട്ടത്ത് തന്നെ ഉണ്ടെന്ന് അമ്മ ധൃഢമായും വിശ്വസിച്ചിരുന്നു. ഇവിടെനിന്നും പോയ ശേഷം ഒരു ദിവസം പോലും അമ്മ ശരിക്കുമൊന്ന് ഉറങ്ങിയിട്ടില്ല. നേരാംവണ്ണം ഭക്ഷണം കഴിച്ചിട്ടില്ല, എപ്പോഴും ഓരോ ചിന്തയിൽ ആയിരുന്നു. അതാണ് ഈ സ്‌ട്രോക്കിന് തന്നെ കാരണം."

"സാരമില്ല കുട്ടാ, എല്ലാം വിധി ആണെന്ന് കരുതി സമാധാനിക്ക്യ.. അല്ലാതെ നമുക്കെന്ത് ചെയ്യാൻ കഴിയും.'

വൈകുന്നേരമായപ്പോഴേക്കും രണ്ടുമക്കളുടെ ഭാര്യമാരേയും കുട്ടികളേയും കൊണ്ട് വീടുനിറഞ്ഞു. മാറിമാറി ഓരോരുത്തരായി രാജിയുടെ അരികിൽ ഇരുന്നു. സന്ധ്യയായപ്പോൾ മുറിയുടെ ജനലുകൾ കൊട്ടിയടച്ചു. അമ്പലഗോപുരത്തിനടുത്ത് തെങ്ങ് ലക്ഷ്യമാക്കി പറക്കാൻ തുടങ്ങിയപ്പോൾ അമ്മായിയും കൂടെ പറന്നെത്തി.

"നീയ്യ് വെറുതെ ഓരോന്ന് ഓർത്ത് വിഷമിക്കണ്ട. സന്തോഷിക്ക്യല്ലേ വേണ്ടേ, അവ്ടെ ഇങ്ങിനെ കെടന്ന് നരകിക്കുന്നതിലും ഭേദല്ലേ .."

കാലത്ത് നേരം വെളുത്തപ്പോഴേക്കും വീണ്ടും വീടിന്റെ അടുത്തേക്ക് പറന്നെത്തി. വീടുമുഴുവൻ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. തുറന്നിട്ട കിടപ്പുമുറിയുടെ ജനാലയിലൂടെ ഒഴിഞ്ഞുകിടക്കുന്ന കട്ടിൽ കണ്ടു.

ഉള്ളിലെ ഡ്രോയിങ് റൂമിൽ കിടത്തിയിട്ടിരിക്കുന്ന രാജിയുടെ ശരീരം വെള്ളത്തുണികൊണ്ട് മൂടിയിരിക്കുന്നു. തലയ്ക്കൽ നാളികേരമൂടികളിൽ എള്ളുതിരിയിട്ട് കത്തിച്ചു വെച്ചിരിക്കുന്നു.

ഉച്ചയായപ്പോഴേക്കും പറമ്പിന്റെ പിറകിൽ തെക്കേഭാഗത്തായി എന്റെ ചിതയൊരുക്കിയതിനോട് ചേർന്ന് രാജിയെയും ദഹിപ്പിച്ചു. മൂത്തമകൻ ശേഷം കെട്ടി. പിന്നെ ദിവസവും കർമ്മങ്ങൾ നടന്നു. മരണാനന്തര കർമ്മകൾക്ക് ശേഷം അടുത്ത ദിവസം പടിഞ്ഞാറേ ഭാഗത്തുള്ള പ്ലാവിന്റെ ചുവട്ടിൽ കുഴിച്ചിട്ടിരുന്ന അസ്ഥികൾ വെച്ച കുടങ്ങൾ എടുത്ത് എങ്ങോട്ടോ പോകാനുള്ള തെയ്യാറെടുപ്പായിരുന്നു.

"സാധാരണ നാല്പത്തിയൊന്നെങ്കിലും കഴിഞ്ഞിട്ടേ അസ്ഥി ഒഴുക്കാറുള്ളു. ഒരു കൊല്ലമാണ് ശരിക്കും കണക്ക്." ഏട്ടൻ മൂത്ത മകനോട് പറയുന്നത് കേട്ടു.

"വല്യച്ഛ, വീടും പറമ്പും എല്ലാം വിറ്റില്ലെ, ഇനി നമുക്കെന്ത് അവകാശമാണ് ഉള്ളത്. പിന്നെ, നാൽപത്തിയൊന്ന് വരെ എനിക്ക് നിക്കാൻ പറ്റില്യാ, അടുത്ത മാസം അമേരിക്കയിലേക്ക് പോണം. അമ്മയുടെ അസുഖം കാരണമാണ് ഇത്രയും വൈകിയത്. ഇനി എന്നാണ് വരാൻ പറ്റുക എന്നറിയില്ല "

ഒരു ഞെട്ടലോടെയാണ് ആ വാക്കുകൾ കേട്ടത്.

അമ്മ മരിച്ച് ഇത്രയും ദിവസങ്ങൾക്കുള്ളിൽ അവർ ഈ വീടും പറമ്പും വിറ്റു. ഒരു വർഷം പോലും കാത്തിരിക്കാനുള്ള മനസ്സ് ഇവർക്കുണ്ടായില്ലല്ലോ. ഇവർക്ക് വേണ്ടിയാണോ ഞാനും രാജിയും എല്ലാം ഉപേക്ഷിച്ച് ജീവിച്ചത്. ഒന്നാം റാങ്ക് കിട്ടിയപ്പോൾ ലഭിച്ച ബാങ്കിലെ ജോലി ഉപേക്ഷിച്ചത് ഇവരെ വളർത്താനല്ലേ ആയിരുന്നത്.

അടുത്ത ദിവസം എല്ലാവരും തിരികെപ്പോയി. ആൺമക്കൾ രണ്ടുപേരും അവിടെ തങ്ങി.

മൂന്ന് ദിവസങ്ങൾക്കുള്ളിൽ ആ വീട്ടിലെ സാധനങ്ങൾ എല്ലാം ഓരോരുത്തരായി കൊണ്ടുപോയി, കട്ടിലും കിടക്കയും, സോഫയും, ഡൈനിങ്ങ് ടേബിളും എല്ലാം. ആ സാധനങ്ങളെല്ലാം പണ്ട് പല ഗഡുക്കളായി വാങ്ങിയതാണ്. അതിന്റെ ഗഡു മുടങ്ങാതിരിക്കാൻ ഞാനും രാജിയും പെട്ട പാട് കുട്ടികൾക്ക് അറിയില്ല, അല്ല അവരെ അറിയിച്ചിട്ടില്ല എന്നതാണ് സത്യം.

വയസ്സുകാലത്ത് സ്വസ്‌ഥമായിരുന്നു വായിക്കാനായി ശേഖരിച്ചുവെച്ചിരുന്ന പുസ്തകങ്ങൾ എല്ലാം നാട്ടിലെ വായനശാലയിൽ നിന്നും കുറെ പേര് വന്നു കൊണ്ടുപോയി.

അടുത്ത ദിവസം വീടും പറമ്പും വാങ്ങിയവർക്ക് താക്കോൽ കൈമാറും എന്ന് പറയുന്നത് കേട്ടിരുന്നു.

കാലത്ത് നേരത്തെ അമ്പലത്തിൽ പോയി തിരികെ പറന്നുവന്ന് കിഴക്കേമുറ്റത്തെ മൂവ്വാണ്ടൻ കൊമ്പിലിരുന്നു. എന്തോ ചിന്തയിൽ മുഴുകിയിരിക്കുമ്പോഴാണ് പിറകിൽ നിന്നും ശബ്ദം കേട്ടത്

"രാജേട്ടാ.."

ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ ഒരു കൊച്ചു കാക്കക്കുഞ്.

"ഏട്ടാ, ഇത് ഞാനാ രാജി.. "

വിശ്വസിക്കാനാവാതെ നോക്കുമ്പോൾ അവൾ പറഞ്ഞു,

"എനിക്കറിയാമായിരുന്നു രാജേട്ടൻ എന്റെ തൊട്ടടുത് ഉണ്ടെന്ന്, പക്ഷെ കുട്ട്യോള് വിശ്വസിക്കണ്ടേ. നിക്ക് ഒട്ടും ഇഷ്ടല്ല്യാണ്ടെ ആണ് ഇവിടുന്ന് പോയത്. കുട്ട്യോളും മരുമക്കളും ഒക്കെ എന്നെ നല്ലപോലെ തന്നെ നോക്കി. പക്ഷെ ശരീരം മാത്രേ അവിടെ ഉണ്ടായിരുന്നുള്ളു, മനസ്സുമുഴുവൻ ഇവിടെ ആയിരുന്നു."

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കുട്ടികൾ വീടിനകത്തുനിന്നും പഴയ വസ്ത്രങ്ങളും മറ്റും പുറത്ത് കൂട്ടിയിടാൻ തുടങ്ങി.

"ഏട്ടാ, അത് കണ്ടുവോ, ഉണ്ണിക്കുട്ടന്റെ ഒന്നാംക്ലാസ്സിലെ പുസ്തകം, അവൻ ആദ്യമായി തറ പറ എഴുതിപഠിച്ച പുസ്തകങ്ങൾ."

"എന്നെല്ലാം അവരുടെ പഴയ പുസ്തകങ്ങൾ എടുത്ത് ആർക്കെങ്കിലും കൊടുക്കാം എന്ന് പറഞ്ഞപ്പോഴെല്ലാം നമ്മൾ വഴക്കിട്ടിട്ടുണ്ട്. ഇപ്പൊ എന്തായി.."

അപ്പോഴേക്കും താഴെയുള്ള മകൻ ഉണ്ണിക്കുട്ടൻ തീപ്പെട്ടി കൊണ്ടുവന്നു ആ പുസ്തകങ്ങൾക്ക് തീയ്യിട്ടു.

കുറച്ച് സമയത്തിനുള്ളിൽ ആ പുസ്തകങ്ങളെല്ലാം കത്തി ചാമ്പലായി. പിന്നെ പഴയ വസ്ത്രങ്ങൾ പുറത്തു വരാൻ തുടങ്ങി.

"നീ കണ്ടോ, നിന്റെ മാക്സി, സാരി, ചുരിദാർ, മറ്റു വസ്ത്രങ്ങൾ, എല്ലാം, അവർക്കത് പിടിക്കുന്നതേ അറപ്പാണ്! പണ്ട് അവർ അവധിക്ക് വരുമ്പോൾ നിന്റെ മടിയിൽ തലവെച്ച് കിടക്കുമ്പോൾ അവർക്ക് അറപ്പൊന്നും ഉണ്ടായിരുന്നില്ല."

"ഏട്ടാ, അതിൽ നമ്മൾ കാത്തുസൂക്ഷിച്ചു വെച്ചിരുന്ന നമ്മുടെ വിവാഹവസ്ത്രങ്ങൾ, അതെങ്കിലും അവർക്ക് നമ്മളെ ഓർക്കാൻ വേണ്ടിയെങ്കിലും എടുത്ത് സൂക്ഷിക്കാമായിരുന്നു "

“അങ്ങിനെ ചിന്തിക്കുന്നതിൽ അർത്ഥമില്ല്യ രാജി. നിന്റെ അമ്മയുടെയും അച്ഛന്റെയും കാര്യത്തിൽ അതുപോലെ നീ ചെയ്തിട്ടുണ്ടോ? അമ്മയുടെയും അച്ഛന്റെയും മറ്റും ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവരുടെ മരണശേഷം നമ്മൾ നോക്കിയിട്ടുണ്ടോ ? എന്റെ അച്ഛന്റെ കണ്ണട പോലും ഞാൻ സൂക്ഷിച്ചുവെച്ചിട്ടില്ല. ഒരു പക്ഷേ നമ്മൾ അത് ചെയ്തിരുന്നുവെങ്കിൽ നമ്മുടെ മക്കൾക്ക് അതൊരു പാഠമായിരുന്നേനെ. കണ്ടതല്ലേ ശീലിക്കൂ."

"ഇതാരാ രാജി വന്നു ല്ലേ." പിറകിൽനിന്നും അമ്മാമനും അമ്മായിയും പറന്നുവന്നു.

കുറച്ച് നേരം സംസാരിച്ചശേഷം അമ്മാമനും അമ്മായിയും പറന്നുപോയി.

അകത്തുനിന്നും അപ്പോഴും പഴയ സാധനങ്ങൾ കൊണ്ടുവന്നിട്ട് തീയ്യിടുന്നുണ്ടായിരുന്നു. ഇളയ മകൻ അപ്പോൾ ഒരു പഴയ മുണ്ടും വേഷ്ടിയും എടുത്തുകൊണ്ടുവാണ്(വന്നു്) ആ തീയ്യിലിട്ടു.

രാജി അതുകണ്ടതും, കരയാൻ തുടങ്ങി...

"പണ്ട് ഉണ്ണിക്കുട്ടന് ശ്വാസം മുട്ടിന്റെ അസുഖം വന്ന് ശരീരം മുഴുവൻ നീലച്ച് ജീവൻ പോകുമെന്ന നിലയിൽ എത്തിയപ്പോൾ ഞാൻ എന്റെ വിവാഹമോതിരം ഊരി ആ മുണ്ടിന്റെ തലയ്ക്കൽ കെട്ടിവെച്ച് പ്രാർത്ഥിച്ചിരുന്നു. അവന്റെ അസുഖം നല്ലപോലെ മാറിയാൽ അത് അമ്പലത്തിൽ നടയിൽ വെക്കാമെന്ന്.. അതാ, അവൻ അത് കത്തിക്കാൻ പോകുന്നു."

"അതൊന്നും സാരല്യ രാജി, അതൊക്കെ ഓരോരോ അന്ധവിശ്വാസം ആണ്. ഇപ്പോൾ അവനു് അസുഖം ഒന്നും ഇല്ല്യല്ലോ.."

"അതുപറ്റില്ല്യ രാജേട്ടാ, അതിൽ ഞാൻ ഒരു കടലാസിൽ എഴുതി വെച്ചിട്ടുണ്ട്, അതിൽ പൊതിഞ്ഞാണ് മോതിരം വെച്ചിരിക്കുന്നത്. അവൻ തന്നെ അത് അമ്പലത്തിൽ എങ്ങിനെയെങ്കിലും സമർപ്പിക്കണം. ഞാൻ മറന്നുപോയതായിരുന്നു. എന്തായാലും അത് കത്തിപോകാൻ പാടില്ല്യ..."

പറഞ്ഞുതീരുമ്പോഴേക്കും രാജി താഴെ തീയ്യിൽ ഇട്ട ആ വേഷ്ടി എടുക്കാൻ താഴേക്ക് പറന്നു കഴിഞ്ഞിരുന്നു. ഞാനതും പിന്നാലെ പറന്നു,

"രാജി നിൽക്ക്, ആ തീയ്യിൽ നീ വെന്തുപോകും, വേണ്ട.."

ഞാൻ പറയുന്നതൊന്നും രാജി കേൾക്കുന്നുണ്ടായിരുന്നില്ല.

രാജി താഴെ പറന്ന് ചെന്ന് തീയ്യിൽ നിന്നും ആ വേഷ്ടി എടുത്ത് മുകളിലേക്ക് പറക്കാൻ ശ്രമിച്ചു, പക്ഷെ ഒരു ഭാഗത്തുനിന്നും തീ കത്തിപ്പിടിച്ചു തുടങ്ങിയിരുന്നു.

തീയ്യിന്റെ ചൂട് എനിക്കും രാജിക്ക് സഹിക്കാനാവുന്നതിലും അധികം ആയിരുന്നു. ഞങ്ങൾ രണ്ടു പേരും ചേർന്ന് ആ വേഷ്ടി വലിക്കാൻ ശ്രമിച്ചു.

പെട്ടെന്ന് വേഷ്ടിയിൽ തീ ആളിപ്പടരാൻ തുടങ്ങി, ലക്ഷ്യം മാത്രമായിരുന്നു മുൻപിൽ ഉണ്ടായിരുന്നുള്ളു. വേഷ്ടിയിൽ നിന്നും തീ ഞങ്ങളുടെ ചിറകുകളിൽ തട്ടുന്നുണ്ടായിരുന്നു

വീടിന്റെ മുറികൾ കഴുകാൻ പുറത്ത് തുറന്നിട്ടിരിക്കുന്ന ടാപ്പിന്റെ താഴെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ആ വേഷ്ടി കൊണ്ടിടുമ്പോഴേക്കും ശരീരത്തിലേക്ക് തീ പടർന്ന് രാജി കുഴഞ്ഞ് വീഴുന്നത് അർദ്ധബോധാവസ്ഥയിൽ എനിക്ക് കാണാമായിരുന്നു.

ഇതും കണ്ടുകൊണ്ടാണ് വീട്ടിനുള്ളിൽ നിന്നും ഉണ്ണിക്കുട്ടൻ പുറത്തേക്ക് ഇറങ്ങി വന്നത്. ഉണ്ണിക്കുട്ടൻ ഓടിച്ചെന്ന് ആ വേഷ്ടിയിലെ തീ കെടുത്തി അതിന്റെ ഒരു തലയ്ക്ക് കെട്ടിവെച്ചിരിക്കുന്ന കെട്ടഴിച്ച് കടലാസിൽ പൊതിഞ്ഞു വെച്ച മോതിരം എടുത്തു നോക്കി, കൂടെ എഴുതിയ കടലാസും.

കാകജന്മത്തിലെ ജീവൻ ശരീരം വെടിയുമ്പോൾ പുകമറ പോലത്തെ കാഴ്ചയിൽ മക്കൾ രണ്ടുപേരും ആ കടലാസിൽ എഴുതിയത് വായിക്കുന്നത് കണ്ട് ആത്മനിർവ്യതി അടഞ്ഞു.

"ഈ കാക്കകളുടെ ഒരു കാര്യേ, തീയ്യിൽ നിന്നും ഇത് കൊത്തികൊണ്ടുപോകേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ?.. എന്തായാലും അതുകൊണ്ട് അമ്മ എഴുതി വെച്ച വഴിപാടിന്റെ ചീട്ട് കിട്ടി. "

അതും പറഞ്ഞുകൊണ്ട് അകത്ത് പണി ചെയ്തിരുന്ന ഒരാളെ വിളിച്ച് പറഞ്ഞു.

"ഈ ചത്ത കാക്കകളെ കൊണ്ട് പുറത്തെ കനാലിൽ ഇട്ടോ. . ഇവിടെ കിടന്നാൽ നാറും"

അപ്പോൾ മനുഷ്യജന്മവും കാകജന്മവും കഴിഞ്ഞു അടുത്ത ജന്മത്തിന്റെ ശരീരങ്ങൾ തേടിയുള്ള യാത്രയിലായിരുന്നു രണ്ടാത്മാക്കൾ.

(അവസാനിച്ചു)

ഗിരി ബി. വാരിയർ

Comments

  1. മനോഹരം.. കാകജന്മത്തിലെങ്കിലും ഒരുമിച്ച് മരിക്കാൻ കഴിഞ്ഞല്ലോ.
    ഹൃദ്യമായ രചന

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി..

      Delete

Post a Comment