മുന്നറിയിപ്പ്

ആംബുലൻസിന്റെ നിറുത്താതയുള്ള സൈറന്‍ ഞാൻ കേൾക്കുന്നുണ്ട്. വാഹനങ്ങൾ വഴി മാറി തരാൻ ഡ്രൈവർ ഉറക്കെ അലറുന്നുണ്ടായിരുന്നു. പക്ഷെ എനിക്കൊന്നും കാണാൻ കഴിയുന്നില്ല. എന്താണുണ്ടായത് എന്ന് അറിയില്ല, ആരൊക്കെയോ ചിലര്‍ കൂടെ ഉണ്ട്. ചിലര്‍ എന്റെ നെഞ്ചത്ത് അമർത്തുന്നു, മുഖത്ത് ഓക്സിജന്‍ മാസ്ക് ഇട്ടിട്ടുണ്ട്.
ആരോ മാലതിയെ ഫോണ്‍ ചെയ്തു പറയുന്നത് കേട്ടു. മാഡം പെട്ടന്ന് വരണം, സമയം ഒട്ടും നഷ്ടപെടുത്തരുത് എന്നൊക്കെ.
എനിക്കെന്താവും സംഭവിക്കാന്‍ പോവുന്നത് എന്നറിയില്ല, അല്ല, എന്തോ സംഭവിച്ചിരിക്കുന്നു. ഞാന്‍ എന്നും ഭയന്നിരുന്ന മരണം വന്നുവോ...
ഇല്ല, എനിക്കിപ്പോൾ മരിക്കാൻ പറ്റില്ല, ഒരു പാട് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്, ഒരു ഭര്‍ത്താവിന്റെ, ഒരച്ഛന്റെ, എന്തിന് ഒരു മകന്റെ കടമ പോലും മുഴുവനായി ചെയ്തിട്ടില്ല. ഗംഗാതീരത്തോ മറ്റോ തീര്‍ഥയാത്ര പോയി മരിച്ചുപോയ അച്ഛന്റെയും അമ്മയുടെയും അസ്ഥി ഒഴുക്കി വാവ് ബലി ഇട്ടു തര്‍പ്പണം നടത്തണം, വര്‍ഷങ്ങളായുള്ള മോഹമാണ്. എന്തു വില കൊടുത്തും എനിക്ക് ജീവിച്ചേ മതിയാകൂ. പക്ഷേ വിധിയെ തടഞ്ഞ് നിർത്താന്‍ എനിക്കാവില്ലല്ലോ.
കഴിഞ്ഞ മുപ്പതു വര്‍ഷത്തെ ദാമ്പത്യത്തില്‍ കഷ്ടപ്പാടല്ലാതെ ഒന്നും തന്നെ ഞാൻ മാലതിക്ക് കൊടുത്തിട്ടില്ല.
മാലതി ഒരു സാധാരണ കുടുംബത്തിലെ കുട്ടി ആയിരുന്നു. അച്ഛന്റെ ചുരുങ്ങിയ ശമ്പളത്തില്‍ ആയിരുന്നു അവരുടെ ജീവിതം. നാട്ടിലെ ഒരു സർക്കാര്‍ സ്കൂളിൽ ആണ് പഠിച്ചത്, പിന്നീട് നഗരത്തിലെ ഒരു കോളേജില്‍ നിന്നും ബിരുദവും എടുത്തു. അവസാന വർഷം പരീക്ഷ കഴിഞ്ഞപ്പോള്‍ ആണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്.
ആ സമയത്ത് എനിക്ക് ബോംബെയില്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ആയിരുന്നു ജോലി. നഗരത്തിനു ഏതാണ്ട് അറുപത് കിലോമീറ്റര്‍ അകലെ ആയിരുന്നു അന്ന് താമസം. വാടകയ്ക്ക് എടുത്ത ഒരു മുറി വീട്ടിലായിരുന്നു ഞങ്ങൾ ജീവിതം ആരംഭിച്ചത്. ഒരു വശം വ്യത്തിഹീനമായ ചേരികള്‍, താഴെ ഒഴുകുന്ന കാന. അതില്‍ നിന്നും ഉയരുന്ന അറയ്ക്കുന്ന ദുർഗന്ധം, ഇടയ്ക്കിടെ പന്നിക്കൂട്ടങ്ങള്‍ വന്നു ആ കാന കുത്തി മറിക്കുമ്പോൾ ഉണ്ടാവുന്ന നാറ്റം അസഹനീയം ആവും. പക്ഷേ അന്നത്തെ അവസ്ഥയിൽ വേറേ വഴിയില്ലായിരുന്നു. ഇതൊന്നും പോരാതെ മഴ പെയ്താല്‍ കാനയിലെ അഴുക്കുവെള്ളം റോഡില്‍ നിറയും.
ഒരു വർഷം അവിടെ എങ്ങിനെയൊക്കെയോ കഴിച്ചു കൂട്ടി. പിന്നീട് മാലതിക്ക് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി കിട്ടിയപ്പോള്‍ ആണ്, താമസം അവിടെനിന്നും മാറി കുറച്ചു കൂടി മെച്ചപ്പെട്ട വീട്ടിലേക്കായത്. ഈ സമയമൊന്നും ഇല്ലാത്ത സൌകര്യങ്ങുളുടെ പേരില്‍ മാലതി ഒരു പരാതിയും പറഞ്ഞിട്ടില്ല.
കാലത്ത് എഴുന്നേറ്റ് വീട്ടിലെ എല്ലാ പണിയും ഒറ്റയ്ക്ക് തന്നെ ചെയ്യും. ഞാന്‍ എഴുന്നേറ്റു ചെന്നാല്‍ അവള്‍ എന്നെ തടയും, അടുക്കളയിലെ എന്റെ സ്വാതന്ത്ര്യം ഇല്ലാതാവും എന്നാണ് സ്ഥിരപല്ലവി. .
ഒരു കുട്ടി ജനിച്ചു, രണ്ടാമതൊന്നു വേണ്ട എന്ന് തീരുമാനം രണ്ടു പേരുടേയും കൂടിയായിരുന്നു. അവളുടെ ഓഫീസില്‍ നിന്നും ഒരു ചിട്ടി പിടിച്ചു പ്രസവത്തിനുള്ള പൈസ വരെ അവള്‍ തന്നെ ഉണ്ടാക്കി. മകന്‍ വളര്‍ന്നതും ഒന്നും ഞാന്‍ അറിഞ്ഞില്ല . എന്റെ ശമ്പളം വാടകയും, വീട്ടു ചിലവും കഴിഞ്ഞു ഒന്നും മിച്ചം വരാറില്ല.
അതിനിടയിൽ സ്വന്തമായി ഒരു ചെറിയ വീട് വാങ്ങി. കൈയിൽ മാലതിക്ക് കല്യാണത്തിന് അച്ഛന്‍ കൊടുത്ത സ്വർണ്ണവും, വീട്ടിൽ ഭാഗമായി കിട്ടിയ ഒരു തുണ്ട് ഭൂമി വിറ്റും, പിന്നെ കൂട്ടുകാരിൽ നിന്നും കടം വാങ്ങിയും ഒക്കെ ആണ് വീട് വാങ്ങാൻ പൈസയുണ്ടാക്കിയത്. അത് വീട്ടാൻ പിന്നീട് പാർട്ട് ടൈം ജോലിയും ചെയ്യാൻ തുടങ്ങി. ശനിയും ഞായറും പോലും വീട്ടിലിരിക്കാൻ പറ്റാറില്ല. കാലത്ത് നേരത്തെ പോയാല്‍ രാത്രി വളരെ വൈകിയിട്ടാണ് തിരിച്ചെത്തുക.
മാലതിയുടെ ഓഫീസ് അധികം ദൂരെ അല്ലായിരുന്നു. വീട്ടില്‍ നേരത്തെ വരും, വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും അവള്‍ വരും വഴി വാങ്ങിക്കൊണ്ടുവരും. മകന് അസുഖമായാല്‍ ലീവ് എടുത്ത് ഡോക്ടറെ കാണിക്കലും, രാത്രി ഉറക്കം കളഞ്ഞിരുന്നു നോക്കലും കുട്ടിയെ ശുശ്രൂഷിക്കുന്നതും എല്ലാം അവൾ ഒറ്റക്ക് ചെയ്യുമായിരുന്നു.
അവളുടെ മോഹങ്ങൾ വളരെ ചെറുതായിരുന്നു. അമ്പലത്തിൽ കൊണ്ട്പോകുക, ഇഷ്ടം പോലെ വഴിപാടുകൾ ചെയ്യുക എന്നിങ്ങനെ. എനിക്കിതൊന്നും സാധിച്ചു കൊടുക്കാൻ പറ്റാറില്ല, മിക്കവാറും സമയം കിട്ടാറില്ല എന്നതാണ് സത്യം.
ഞാന്‍ അവളുടെ ആരോഗ്യം ശ്രദ്ധിച്ചിട്ടില്ല, പലപ്പോഴും എന്നോടൊന്നും പറയാറില്ല, പറഞ്ഞിട്ടും പ്രത്യേകിച്ച് ഫലമൊന്നും ഇല്ലെന്നു അറിഞ്ഞിട്ടാവും. എഴുന്നേല്ക്കാന്‍ പറ്റാത്ത അവസ്ഥയിലും എന്നെയോ മകനേയോ ഒരു നേരം പോലും പട്ടിണിക്ക് ഇട്ടിട്ടില്ല.
അവള്‍ക്കാവശ്യമായ വസ്ത്രങ്ങൾ അവള്‍ തന്നെ വാങ്ങും, ചോദിച്ചാല്‍ നിങ്ങളുടെ ഇഷ്ടം അല്ല എന്റെ ഇഷ്ടം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും. വില കുറഞ്ഞ കോട്ടന്‍ തുണികള്‍ വാങ്ങി സ്വയം തയ്ച് സ്വന്തം വസ്ത്രങ്ങള്‍ ഉണ്ടാക്കും.
മകനെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ചിലവുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. ശമ്പളം കൂടുന്നതോടെ ചിലവുകളും കൂടി വന്നു. പക്ഷെ അതൊന്നും എന്നെ ബാധിക്കാതിരിക്കാന്‍ മാലതി എപ്പോഴും ശ്രദ്ധിച്ചു. മകന് ഒരു കുറവും വരുത്താതെ തന്നെ അവള്‍ അവനെ വളര്ത്തി .
എല്ലാം അറിഞ്ഞിട്ടും പലപ്പോഴും ഒന്നും കാണാത്ത പോലെ ജീവിക്കേണ്ടി വന്നു. ഇടയ്ക്കിടെ ഞങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതാവറുണ്ട്. പക്ഷെ അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആയി കടന്നു പോയി.
മകൻ വളര്‍ന്നു, കോളേജ് പഠനം കഴിയാറായി. എടുത്ത ലോൺ എല്ലാം കഴിഞ്ഞു.
ഇനി കുറച്ചു പൈസ സമാഹരിച്ചു മാലതിയുടെ കൊച്ചു കൊച്ചു മോഹങ്ങള്‍ സാധിച്ചു കൊടുക്കണം എന്ന് കരുതി ഇരുന്നപ്പോഴാണ്
ഇത് സംഭവിച്ചത്. ഇനിയും വളരെ കാര്യങ്ങള്‍ ചെയ്യാനുണ്ട്, ദൈവമേ എന്നെ കൈവിടല്ലേ.
പക്ഷെ ഞാൻ വിളിച്ചാൽ ദൈവം വിളി കേൾക്കുമോ. ഞാൻ ഒരു നിരീശ്വരവാദിയല്ലേ. മാലതി അമ്പലത്തിൽ പോകുമ്പോൾ ഞാൻ പുറത്ത് കാത്ത് നിൽക്കാറല്ലേ ഉള്ളൂ. പലപ്പോഴും മാലതിയുടെ പ്രാർത്ഥന കണ്ട് ഞാൻ പുച്ഛത്തിൽ ചിരിക്കാറുമുണ്ട് . ഇപ്പോൾ ഈ നിമിഷത്തിൽ നന്നായൊന്നു പ്രാർത്ഥിക്കണം എന്നെനിക്ക് തോന്നി. പ്രാർത്ഥിക്കാൻ ഒരവസരം തരണേയെന്ന് മനസ്സ് തുറന്ന് ഞാൻ ദൈവത്തോട് കെഞ്ചി.
എനിക്ക് ചുറ്റും ഉണ്ടായിരുന്ന ശബ്ദകോലാഹലങ്ങള്‍ ഇപ്പോള്‍ കേൾക്കാൻ ഇല്ല, വണ്ടിയുടെ ഒച്ചയോ, മനുഷ്യർ സംസാരിക്കുന്ന ശബ്ദങ്ങളോ ഒന്നും കേൾക്കാനില്ല. തികഞ്ഞ നിശബ്ദത.
ഉച്ചത്തിൽ മാലതിയെ വിളിക്കണമെന്ന് തോന്നി, പക്ഷേ ശബ്ദം പുറത്തു വരുന്നില്ല. കണ്ണു മിഴിയുന്നില്ല, കൺപീലികൾ ഒട്ടിച്ച പോലെ അടഞ്ഞിരിക്കുന്നു. കൈകാലുകൾ അനങ്ങുന്നില്ല, എനിക്കെന്താണ് സംഭവിക്കുന്നത്. ഞാൻ മരിച്ചുവോ...
******
പെട്ടെന്ന് വരണം എന്ന് മാത്രമേ വിളിച്ചയാൾ പറഞ്ഞുള്ളൂ. ആശുപത്രിയുടെ പേരും വിവരവും മുതലാളി ആണ് എഴുതി എടുത്തത്. ഉടൻ തന്നെ അദ്ദേഹം ഓഫീസിലെ കാറില്‍ എന്നെ കയറ്റി വിട്ടു. കൂടെ ഒരു സഹായിയെയും വിട്ടു തന്നു.
എന്തായിരിക്കും ചേട്ടന്നു പറ്റിയത്. ഇന്ന് കാലത്ത് എല്ലാം ശരി ആയിരുന്നല്ലോ. ചേട്ടൻ എവിടെ ആയിരുന്നു. ഓഫീസിലോ, വീട്ടിലോ.. മകന്‍ ഇന്ന് കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പോയിരിക്കുകയാണ്. മകനെ വിളിച്ചു വിവരം അറിയിച്ചു, വിശദമായി ഒന്നും പറഞ്ഞില്ല, അച്ഛന് എന്തോ പറ്റി, ഞാന്‍ ആസ്പത്രിയിൽ പോവുന്നുണ്ട് എന്ന് മാത്രം പറഞ്ഞു .
കഴിഞ്ഞ മുപ്പത് വർഷത്തെ ദാമ്പത്യത്തില്‍, എനിക്ക് വേണ്ട സൌഭാഗ്യം എല്ലാം ചേട്ടന്‍ തന്നു. എന്നിട്ടും എന്തെങ്കിലും ഒക്കെ പറഞ്ഞ് ഞാന്‍ ഇടക്കെ വഴക്കുണ്ടാക്കാറുണ്ട്, പക്ഷെ ചേട്ടന്‍ ഒരിക്കലും ഒന്നും തിരിച്ചു പറഞ്ഞിട്ടില്ല.
ഒരു കുടുംബം നോക്കി നടത്താനുള്ള ബദ്ധപ്പാട് കുറച്ചൊന്നുമല്ല. കിട്ടുന്ന തുച്ചമായ ശമ്പളത്തില്‍ നിന്നും വീട് നടത്തണം, മകന്റെ പഠിപ്പ്, വസ്ത്രങ്ങള്‍, മറ്റ് ചിലവുകള്‍ എല്ലാം ആരെയും അറിയിക്കാതെ എങ്ങിനെയൊക്കെയോ നടത്തുന്നു. ഒരു സഹായമാവട്ടെ എന്ന് കരുതിയാണ് ഞാന്‍ ജോലിക്ക് പോയിരുന്നത്, അതും വളരെ കുറഞ്ഞ ശമ്പളത്തില്‍, പിന്നെ ആകെ സമാധാനം ഓഫീസ് അടുത്തായതിനാൽ വീട്ടില്‍ എന്ത് കാര്യമുണ്ടെങ്കിലും ഓടിയെത്താന്‍ പറ്റും.
വീട്ടിലെ ചിലവില്‍ നിന്നും മാറ്റി സ്വരൂപിച്ചുവച്ച പൈസ എടുത്ത് ഇടക്കൊക്കെ ഞാന്‍ വസ്ത്രങ്ങള്‍ വാങ്ങാറുണ്ട്, പക്ഷെ ചേട്ടന്ന് ആകെ രണ്ടോ മൂന്നോ ജോഡി മാത്രം ആണ് ഉള്ളത്. ഓഫീസില്‍ പാർട്ടി ഒക്കെ ഉണ്ടെങ്കില്‍ എന്തെങ്ങിലും കാരണം പറഞ്ഞു മാറിനില്ക്കും . മകൻ വലുതായപ്പോള്‍ അവന്റെ ഫീസില്‍ തന്നെ ചേട്ടന്റെ ശമ്പളത്തിന്റെ മുക്കാല്‍ ഭാഗവും കഴിയും, പിന്നെ എവിടെ നിന്നു എടുത്തു സമ്പാദിക്കാന്‍. പുറത്ത്പോയി ഒരു ഭക്ഷണം കഴിക്കില്ല, വയറില്‍ ഗ്യാസ് ആവും എന്ന് ഓരോ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറും. എന്നാല്‍ മകൻ എന്ത് ചോദിച്ചാലും വേണ്ടാ, ഇല്ല, പിന്നെയാവാം എന്നൊന്നും പറയില്ല. ഞാന്‍ പലപ്പോഴും അതിനു മാത്രമാണ് ചേട്ടനുമായി വഴക്ക് കൂടാറുള്ളത്.
എല്ലാ കടങ്ങളും വിട്ടാൻ തന്നെ രാപ്പകലില്ലാതെ ആണ് ഓടി നടന്നിരുന്നത്.
ഇന്നലെ രാത്രി ചേട്ടന്‍ കുറേശെ കുറേശെ ആയി സമ്പാദിച്ച പൈസ FD ആകി ഇട്ടതിന്റെ പേപ്പറുകള്‍ കാണിച്ചു തന്നിരുന്നു, ചേട്ടനെന്തെങ്കിലും പറ്റിയാല്‍ ഇതൊക്കെ ആവശ്യം വരും എന്ന് പറഞ്ഞു. അതിനും ഞാനും മകനും ചേട്ടനെ കുറെ വഴക്കു പറയുകയുണ്ടായി, സന്ധ്യാ സമയത്ത് ഓരോ വേണ്ടാത്ത കാര്യങ്ങള്‍ പറയുന്നു എന്ന് പറഞ്ഞു.
മകനെ വളർത്തി വലുതാക്കുന്ന തിരക്കിൽ ചേട്ടന്റെ ആരോഗ്യത്തെപ്പറ്റി ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല, ഞാനും ചേട്ടനും.
ദൈവമേ, ഒന്നും വരുത്തല്ലേ, ഇത് വരെ ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി ജീവിച്ചിട്ടില്ല, ഇനി വേണം ജീവിക്കാന്‍. ചേട്ടന് ഒന്നും വരുത്തല്ലേ. ദിവസവും വിളിച്ചു പ്രാർഥിക്കുന്ന ദൈവങ്ങളെ ഒക്കെ മനസ്സിൽ ഓർത്തു.
കാര്‍ ആസ്പത്രിയുടെ പോർച്ചില്‍ നിർത്തി. അവിടെ നിന്നും ICU വിലേക്ക് ഓടുകയായിരുന്നു. ആരൊക്കെയോ കുറെ പേര്‍ അവിടെ നിൽക്കുന്നുണ്ട്. ആരും ഒന്നും മിണ്ടുന്നില്ല. അവരെയൊക്കെ ഞാൻ അറിയുന്നതാണ്, എന്നിട്ടും അവർ എന്നെ കണ്ടിട്ടും പരസ്പരം എന്തൊക്കെേ അടക്കം പറയുന്നു. ഇവർക്കൊക്കെ എന്ത് പറ്റി, ഈശ്വരാ.. ചേട്ടന് എന്തെങ്കിലും ?
അത് വഴി വന്ന ഒരു സിസ്റ്ററോട് ചേട്ടനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവർക്ക് ഒന്നും അറിയില്ല, ICU വിന്റെ മുന്നിലെ ബെല്‍ അടിച്ചു ചോദിയ്ക്കാന്‍ പറഞ്ഞു.
അപ്പോളാണ് ICU വിന്റെ വാതിൽക്കല്‍ ഘടിപ്പിച്ച ബെല്ലിന്റെ സ്വിച്ച് കണ്ടത്. ഞാന്‍ ഓടി ചെന്ന് ബെല്‍ അമർത്താൻ തുടങ്ങി.
"ഡിം ഡോംഗ്, ഡിം ഡോംഗ് .."
ആരും വാതിൽ തുറക്കുന്നില്ല... എന്ത് പറ്റി. ഞാൻ ഉറക്കെ വിളിക്കാൻ ശ്രമിച്ചു, പക്ഷേ ശബ്ദം പുറത്ത് വരുന്നില്ല. എന്താണാരും വാതില്‍ തുറക്കാത്തത്. ഞാന്‍ വീണ്ടും നിർത്താതെ ബെല്‍ അടിച്ചുകൊണ്ട് വാതിലില്‍ ആഞ്ഞു ചവിട്ടി...
"മാലതീ ......." എന്നൊരു വലിയ നിലവിളി കേട്ടൂ ഞാന്‍ ഞെട്ടി ഉണർന്നു. എന്റെ ചവിട്ടു കൊണ്ടിട്ടാവണം, ചേട്ടൻ ഞെട്ടി എഴുന്നേറ്റത്. ആകെ വിയർത്ത് കുളിച്ച് കിതച്ചുകൊണ്ട് ഇരിക്കുന്നു. ഞാന്‍ എന്തെങ്കിലും പറയും മുൻപ്, ചേട്ടന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.
"മാലതി, ഇനി ഒരിക്കൽ കൂടി നിന്നെയും മോനെയും കാണാന്‍ പറ്റുമെന്നു കരുതിയില്ല.. ഞാന്‍ വിളിക്കാത്ത ഒരു ദൈവവും ഇല്ല... നീ എന്നോട് ക്ഷമിക്കൂ, നിനക്ക്‌ ജീവിതത്തിൽ ഒരു സുഖവും തരാൻ എനിക്കു കഴിഞ്ഞില്ല.. ഞാന്‍ നിന്നെക്കുറിച്ച് ഓർത്തില്ല. നിന്റെ കൊച്ചു കൊച്ചു മോഹങ്ങൾ ഞാൻ ഒരിക്കലും നടത്തി തന്നില്ല.." എല്ലാം ഒറ്റ ശ്വാസത്തിൽ ചേട്ടൻ പറഞ്ഞു
"ചേട്ടന്‍ എന്താ പറയണേ...എനിക്കൊനും മനസ്സിലാവുന്നില്ല... ഒന്ന് തെളിച്ച് പറയൂ...."
"ഞാൻ...ഞാന്‍ ഒരു ചീത്ത സ്വപ്നം കണ്ടു, എനിക്ക് എന്തോ പറ്റി ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്നതായി. ആരോ നിന്നെ ഫോണ്‍ ചെയ്തു പറയുന്നതും കേട്ട്, പെട്ടെന്ന് ആസ്പത്രിയിലേക്ക് വരാന്‍....."
ഞാന്‍ കണ്ട സ്വപ്നത്തെപ്പറ്റി പറയാന്‍ തുടങ്ങുമ്പോഴേക്കും കോളിംഗ് ബെൽ നിർത്താതെ അടിക്കാൻ തുടങ്ങി..
"ഡിം ഡോംഗ്, ഡിം ഡോംഗ് '."
ഞാന്‍ ഓടിപ്പോയി വാതില്‍ തുറന്നു.
" അമ്മേ എന്തെ വാതില്‍ തുറക്കാന്‍ ഇത്ര വൈകിയേ. ... എത്ര നേരായി ബെല്‍ അടിക്കുന്നു.. അമ്മയുടെ ഫോൺ എവിട്യാ ... "
" ഉറങ്ങി പോയി മോനെ, കേട്ടില്ല."
മകന്‍ ഓടിപ്പോയി അച്ഛനെ കെട്ടിപ്പിടിച്ച് കുറെ ഉമ്മ വച്ചു.
"നീയെന്താ ഒന്ന് വിളിക്കും കൂടി ചെയാതെ വന്നത്. " ഞാന്‍ ചോദിച്ചു.
"അമ്മെ, ഞാന്‍ ഒന്ന് മയങ്ങിയപ്പോള്‍ ഒരു ചീത്ത സ്വപ്നം കണ്ടു, അച്ഛന് എന്തോ പറ്റീന്നും, അമ്മ ആസ്പത്രിയില്‍ പോവ്വണെന്നും ഒക്കെ. അമ്മയുടെ ഫോണ്‍ വിളിച്ചിട്ട് ആരും എടുക്കുന്നും ഇല്ല , പിന്നെ ഒന്നും ആലോചിച്ചില്ല, കൂട്ടുകാരന്റെ അച്ഛനോട് എന്നെ ഇവിടെ ഡ്രോപ്പ് ചെയ്യാന്‍ പറഞ്ഞു. ഇവിടെ എത്തിയപ്പോള്‍ വീടിനു താഴെ ഒരു ആംബുലൻസ് .. ഞാന്‍ പേടിച്ച പേടി.. ഇപ്പോഴാ സമാധാനം ആയത്"
എന്താണ് സത്യം, എന്താണ് മിഥ്യ എന്നറിയാതെ ഞങ്ങൾ മൂന്നു പേരും പരസ്പരം നോക്കി കട്ടിലിൽ ഇരുന്നു.
പെട്ടെന്ന്, കോളിംങ്ങ് ബെൽ വീണ്ടും മുഴങ്ങി. ആരാണെന്നറിയാൻ പോയി നോക്കിയപ്പോൾ, പുറത്ത് ആംബുലൻസ് ഡ്രൈവർ. ഞങ്ങളുടെ ഫ്ളാറ്റിൽ നിന്നും ആംബുലൻസ് ഹെൽപ്പ് ലൈൻ 102 ൽ ഫോൺ വന്നിരുന്നുവെന്ന് പറഞ്ഞു കൈയ്യിലെ ചിട്ട് നീട്ടി കാണിച്ചു. ഫ്ളാറ്റ് നമ്പർ വായിച്ച് ഞാൻ അന്ധാളിച്ചു നിൽക്കുമ്പോൾ, താഴെ നിന്നും ഗാർഡ് ഓടി വന്ന് പറഞ്ഞ്.
"ഫോൺ ചെയ്തത് 'ബി' ബ്ലോക്കിൽ നിന്നാണ് ഇവിടെ നിന്നല്ല, ഇത് ‘എ’ ബ്ലോക്ക്‌ ആണ് "
വാതിൽ അടച്ച് ബെഡ് റൂമില്‍ പോയപ്പോൾ ഞങ്ങളുടെ ഫ്ളാറ്റിന്റെ എതിർ ബ്ലോക്കിൽ നിന്നും ഏതോ ഒരു രോഗിയേയും കയറ്റി ആംബുലൻസ് സൈറന്‍ മുഴക്കി പുറത്തേക്ക് ചീറിപ്പായുന്നുണ്ടായിരുന്നു.
ചേട്ടന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു...
“ഇപ്പോള്‍ കേട്ട സൈറന്‍ നമുക്കെല്ലാമുള്ള ഒരു മുന്നറിയിപ്പാണ്. ജീവിക്കാനുള്ള ഒരവസാന മുന്നറിയിപ്പ് "
*** ശുഭം***
ഗിരി ബി വാരിയർ
11 ജനുവരി 2018 
©copyrights protected

Comments