സ്നേഹം തേടി...

"അച്ഛാ. ഇത് കണ്ടോ, അമ്മേടെ തൂവാല. അമ്മേടെ മണള്ള തൂവാല" കരഞ്ഞുകൊണ്ട് പാറുട്ടി അച്ഛന് നീട്ടി.

"നീ കരയാണ്ടിരിക്ക്യോ, ന്റെ പാറുട്ടി കരഞ്ഞാ അച്ഛനും കരച്ചിൽ വരും. എവിടുന്നാ നിനക്കിത് കിട്ട്യേ?"

" ഇന്ന് ഉച്ചക്ക് ഞാൻ ഒരു പുസ്തകം ടീച്ചേര്‍സ് റൂമില്‍ കൊടുക്കാന്‍ പോയപ്പോള്‍ അമ്മ ഊണ് കഴിക്കുന്നുണ്ടായിരുന്നു. ഇന്ന് അമ്മയുടെ കൂടെ മോനും ഉണ്ടായിരുന്നു. ഇടക്കിടെ അമ്മ ഓരോ ഉര്യുള മോന്റെ വായില്‍ കൊടുക്കുന്നുണ്ടായിരുന്നു. ആ സമയം മുറിയില്‍ ആരും ഉണ്ടായിരുന്നില്ല. അതും നോക്കി അസൂയയോടെ ഞാൻ എല്ലാം മറന്നു നിന്നു.

പെട്ടെന്ന് അമ്മ എന്നെ കണ്ടു. ഞാന്‍ ഞെട്ടി റൂമില്‍ നിന്നും പുറത്ത് പോകാന്‍ തിരിഞ്ഞു. അപ്പോൾ അമ്മ എന്നെ അടുത്തേക്ക് വിളിച്ചു, . ഞാന്‍ അമ്മയുടെ അടുത്ത് ചെന്നപ്പോള്‍ അമ്മ ടിഫിനില്‍ നിന്നും ഒരു ഉരുള ചോറുരുട്ടി എന്റെ വായില്‍ തന്നു. പെട്ടെന്ന് ഞാന്‍ അച്ഛന് തന്ന വാക്ക് മറന്നു. ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ചു "അമ്മേ" എന്ന് വിളിച്ചു കരഞ്ഞു. അമ്മയ്ക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.

പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്ത ഞാന്‍ അമ്മയോട് "സോറി" എന്ന് പറഞ്ഞു നേരെ ബാത്ത് റൂമിലേക്ക് ഓടി അകത്ത് കയറി വാതിലടച്ച് കുറെ കരഞ്ഞു.

അപ്പോഴേക്കും അമ്മയും അങ്ങോട്ട്‌ വന്നു. കതകില്‍ തട്ടി എന്നെ വിളിച്ചു. ഞാന്‍കതകു തുറന്നു പുറത്തു വന്നപ്പോള്‍ അമ്മ എന്നെ കെട്ടിപ്പിടിച്ചു എന്നിട്ട് എന്തിനാ "സോറി" പറഞ്ഞെ എന്ന് ചോദിച്ച് അമ്മയുടെ സാരിത്തലപ്പുകൊണ്ട് എന്റെ കണ്ണുനീര്‍ തുടച്ചു്. എന്നിട്ട് അമ്മ ചോദിച്ചു പാർവ്വതീടെ അമ്മ എവിടെ പോയീന്ന്.

ഞാൻ പറഞ്ഞു മരിച്ചൂന്ന്, അത് കേട്ട് അമ്മയും കരയാൻ തുടങ്ങി. പാറുട്ടീം കരഞ്ഞു. അപ്പോ അമ്മ ഈ തൂവാല എനിക്ക് തന്നു "

"എന്തൊരു സ്വാദ് ആയിരുന്നൂന്നോ അമ്മേടെ ചോറിന്. അച്ഛാ, എന്തിനാ അമ്മ പാറുട്ട്യേം അച്ഛനേം ഒക്കെ വിട്ടു പോയെ..? കരച്ചിൽ അടക്കാനാവാതെ ഏങ്ങിക്കൊണ്ട് പാറുട്ടി ചോദിച്ചു.

"അച്ഛനറിയില്ല പാറുട്ടീ. ഒരീസം അച്ഛൻ ജോലി കഴിഞ്ഞ് വന്നപ്പോൾ നിന്റെ അച്ഛമ്മ പറഞ്ഞു ആരോ വന്നപ്പോൾ അമ്മ അയാളുടെ കൂടെ കാറിൽ കയറി പോയീന്ന്. പാറുട്ടീനെ അച്ഛമ്മേടെ കൈയ്യിൽ കൊടുത്തു. പിന്നെ വിവാഹം പിരിയണം എന്ന് പറഞ്ഞ് കേസായി. പാറുട്യെ എനിക്ക് വേണംന്ന് മാത്രേ ഞാൻ പറഞ്ഞുള്ളൂ. ഇപ്പൊ അമ്മക്ക് വേറെ ഭര്‍ത്താവ് ഉണ്ട്, കുട്ടീണ്ട്"

"അപ്പൊ, ഞാനും അമ്മേടെ കുട്ട്യല്ലേ അച്ഛാ.."

"പക്ഷേ പാറുട്ടി അമ്മേടെ മോളാണെന്ന് അമ്മക്ക് അറിയില്ല്യല്ലോ."

"ക്ലാസിൽ എന്തെങ്കിലും ഒക്കെ പറഞ്ഞു ഞാൻ അമ്മയോട് വര്‍ത്താനം പറയാന്‍പോവ്വും. ചെലപ്പോ അമ്മേ കെട്ടിപ്പിടിക്കാൻ കൊത്യാവും, അപ്പോ അച്ഛനോട്‌ സത്യം ചെയ്തത് ഓര്‍മ്മ വരും. അച്ഛന്‍ എന്തിനാ എന്നോട് പറഞ്ഞെ അമ്മയോട് പറയണ്ട ഞാന്‍ അമ്മേടെ മോളാന്ന്"

"നിനക്ക് ഒരു വയസ്സ് പ്രായം ഉള്ളപ്പോ അമ്മ നെന്നെ വിട്ടു പോയതല്ലേ, അതിനു ശേഷം അച്ഛന്‍ ആ ഗ്രാമോക്കെ വിട്ടു ഇവിടേയ്ക്ക് വന്നു, അത് കഴിഞ്ഞിട്ട് ഇപ്പൊ വർഷം പതിനൊന്ന് കഴിഞ്ഞു."

"അച്ഛന്‍ എന്താ അമ്മോട് പറയാത്തെ ഞാന്‍അമ്മേടെ മോളാണ് ന്നു.."

"ന്റെ പാറുട്ടി, നെന്നെ വേണ്ടാന്നു വെച്ചു പോയതല്ലേ നിന്റെ അമ്മ. ആ അമ്മോട്‌ ഞാന്‍ എന്താ പറയണ്ടേ, പാറുട്ടി നിന്റെ മോളാണ് നിനക്ക് വേണോന്നൊ. പാറുട്ടി ഇല്ല്യാണ്ടെ അച്ഛന്‍ എങ്ങിന്യാ ജീവിക്ക്യാ?"

"നിക്ക് അച്ഛനെ വിട്ടു എങ്ങും പോവണ്ട.."
"നീയ്യ്‌ ഒറ്റക്കാവല്ലേന്നു വെച്ചിട്ടല്ലേ അച്ഛമ്മ മരിച്ചപ്പോ അച്ഛന്‍ ഇവിടെ വന്നു വല്യമ്മേടെ ഫ്ലാറ്റിന്റെ അടുത്ത് വാടകയ്ക്ക് വീടെടുത്തേ. നെന്നെ വല്യമ്മ നല്ലോണം നോക്കാറില്ല്യെ?"

"വെല്ല്യമ്മക്ക് പാറുട്ട്യേ വെല്ല്യ ഇഷ്ടാ. വെല്ല്യമ്മ വീട്ടിലെ പണ്യൊക്കെ ചെയ്യാന്‍പഠിപ്പിക്കാറുണ്ട്. ഞാന്‍ ചായേണ്ടാക്കും, കാപ്പീണ്ടാക്കും, ദോശ പരത്തും, ഒക്കെ വെല്യമ്മ പഠിപ്പിച്ചതാ. വെല്യച്ഛൻ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചു. കുഞ്ചുവേട്ടന് എന്ത് വാങ്ങുമ്പോഴും എനിക്കും വാങ്ങും. കുഞ്ചുവേട്ടൻ എന്നെ ഹോം വർക്ക് ചെയ്യാൻ സഹായിക്കും."

"ന്നട്ട് പാറുട്ടി അച്ഛനു് ഒന്നുണ്ടാക്കി തന്നിട്ടില്ല്യല്ലോ ഇതുവരെ? "

"വെല്ല്യമ്മ പറഞ്ഞിട്ടുണ്ട് ഒറ്റക്ക് ഒന്നും ചെയ്യരുത്, സ്റ്റൊവ്വ് കത്തിക്കരുത്. എപ്പോളും സൂക്ഷിക്കണം, ഏതെങ്കിലും ആൺകുട്ട്യോളോ, വെല്ല്യ ആള്‍ക്കാരോ തൊടാന്‍ വന്നാല്‍ സമ്മതിക്കരുത്, രാത്രീല് ഒറ്റയ്ക്ക് പുറത്തു പോവ്വരുത് ന്നൊക്കെ. ഞാന്‍ സ്കൂളിന്നു വരുമ്പോ വല്ല്യമ്മ പടിക്കല്‍കാത്ത് നിക്കുണ്ടാവും."

"ന്റെ പാറുട്ടി വെല്ല്യമ്മ പറയണതൊക്കെ കേക്കണംട്ടോ.. ഈ കൊല്ലം കഴിയട്ടെ, ന്റെ കുട്ടീനെ അടുത്ത കൊല്ലം ഞാന്‍ സ്കൂള്‍ മാറ്റാം പിന്നെ കുഴപ്പം ഇല്ല്യല്ലോ.. "

"വേണ്ട അച്ഛാ.. പിന്നെ എനിക്ക് അമ്മെ കാണാൻ പറ്റില്ല്യ.. "

"അത് സാരല്ല്യാ, അമ്മേ കണ്ടാല്‍ നെനക്ക് വെഷമാവും. പാറൂട്ടി ഇപ്പൊ ഒറങ്ങിക്കോ, നേരം കൊറെ ആയി"

പാറുട്ടിയെ പുതപ്പിച്ച് കിടത്തി അച്ഛന്‍ അടുത്ത മുറിയില്‍ പോയി. രാത്രി മുഴുവന്‍ അച്ഛന്‍ ഉറക്കമില്ല്യാതെ ജോലി ചെയ്യും. അച്ഛനോട് പറഞ്ഞിട്ടുണ്ട് വലുതായാല്‍ ഞാനും അച്ഛനെപ്പോലെ വീടൊക്കെ ഉണ്ടാക്കാണ എഞ്ചിനീയര്‍ ആവുംന്നു.

തിങ്കളാഴ്ച്ച ആവാൻ ധൃതിയായി. അമ്മേ കാണാൻ.

ഭക്ഷണം എല്ലാം അച്ഛന്‍ ഉണ്ടാക്കിക്കഴിക്കും. എന്തെങ്കിലും വിശേഷം ഉണ്ടെങ്കില്‍ മാത്രം വല്ല്യമ്മയുടെ വീട്ടില്‍ ഭക്ഷണം കഴിക്കും. ഞാന്‍ സ്കൂള്‍ കഴിഞ്ഞു വന്നാല്‍ അച്ഛന്‍ വരുന്നത് വരെ വല്ല്യമ്മയുടെ കൂടെ ആണ്. വൈകുന്നേരം താഴെ പാര്‍ക്കില്‍ കളിയ്ക്കാന്‍ പോവ്വുമ്പോ വല്ല്യമ്മയും വരും, ഞാന്‍ വല്യമ്മേടെ മോളാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്.

ക്ലാസ്സില്‍ എല്ലാ കുട്ടികളുടെയും അമ്മമാര്‍ സ്കൂളില്‍ വരും. അമ്മയെ ഒരിക്കലെങ്കിലും കാണണമെന്ന് അച്ഛനോട് പലവട്ടം നിർബന്ധിച്ചപ്പോൾ വേനലവധി കഴിയുന്നതിനു മുൻപ് ഒരു ദിവസം അച്ഛന്‍ എന്നെയും കൊണ്ട് പട്ടണത്തിലെ കൃഷ്ണന്റെ അമ്പലത്തില്‍ കൊണ്ട് പോയി. പക്ഷെ അച്ഛന്‍ ഒരു കാര്യം മാത്രം എന്നെകൊണ്ട്‌ സത്യം ചെയ്യിച്ചു. ഒരിക്കലും ഞാന്‍ അമ്മയുടെ മകള്‍ ആണെന്ന് അമ്മയോട് പറയില്ല എന്ന്.

ഞങ്ങള്‍ കുറച്ചു നേരം കാറില്‍ കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കാറില്‍ ഒരു സ്ത്രീയും കുട്ടിയും വന്നിറങ്ങി. അച്ഛന്‍ ആ സ്ത്രീയെ ചൂണ്ടിക്കാണിച്ച് എന്നോട് പറഞ്ഞു "അതാണ്‌ നിന്റെ അമ്മ". അമ്മയുടെ അടുത്ത് പോയി ഒന്ന് കാണട്ടെ ഞാന്‍ ചോദിച്ചപ്പോൾ അച്ഛന്‍ സമ്മതിച്ചു.

അമ്മ അമ്പലത്തില്‍ പ്രദക്ഷിണം വെക്കുമ്പോള്‍ ഞാനും കൂടെ പ്രദക്ഷിണം ചെയ്തു. അച്ഛന്‍ കാണുന്നില്ല എന്ന് ഉറപ്പായപ്പോള്‍ ഞാന്‍ അമ്മയറിയാതെ അമ്മയെ ഒന്ന് തട്ടി എന്നിട്ട് സോറി എന്ന് പറഞ്ഞു. സാരല്ല്യ എന്ന് പറഞ്ഞു അമ്മ എന്റെ തലയില്‍ തലോടി. ഏതോ ഒരു പുതിയ ലോകത്തേക്ക് പോയ പോലെ തോന്നി.

വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറന്നു പുതിയ ക്ലാസ്സില്‍ പോയപ്പോള്‍ എന്റെ ക്ലാസ്സ്‌ ടീച്ചറെ കണ്ടു ഞാന്‍ അതിശയിച്ചുപോയി. അമ്മ. അന്ന് വൈകുന്നേരം വീട്ടില്‍ വന്ന ഉടനെ ഞാന്‍ അച്ഛനോട് പറഞ്ഞു. അച്ഛന്‍ ഒന്നും പറഞ്ഞില്ല. അതിനുശേഷം എനിക്ക് സ്കൂളില്‍ പോകാന്‍ വല്ലാത്ത ആവേശം ആയി അമ്മയെക്കുറിച്ച് ഓർമ്മിച്ച് എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല

അടുത്ത ദിവസം ശനിയാഴ്ച്ചയായിരുന്നു. അച്ഛൻ ജോലിക്ക് പോകും മുൻപ് എന്നെയും കൊണ്ട് വെല്ല്യമ്മയുടെ ഫ്ലാറ്റിൽ പോയി.

എന്റെ കരഞ്ഞ മുഖം കണ്ട് വെല്ല്യമ്മ അച്ഛനോട് ചോദിച്ചു അച്ഛൻ എന്നെ ചീത്തയോ മറ്റോ പറഞ്ഞോ എന്ന്. അച്ഛൻ സ്കൂളിൽ ഉണ്ടായ കാര്യങ്ങൾ ഒക്കെ വെല്ല്യമ്മയോട് പറഞ്ഞു.

"ഇഷ്ടപ്പെട്ടയാളുടെ കൂടെ ഇറങ്ങിപ്പോയപ്പോൾ അവൾ വെറുമൊരു കാമുകി മാത്രമായി ചെറുതായിപ്പോയി, ഒരു ഭാര്യയാണെന്നും അമ്മയാണെന്നും മറന്നു. കഷ്ടം."

വെല്ല്യമ്മ എന്നെ അടുത്തേക്ക് വിളിച്ച് കെട്ടിപ്പിടിച്ചു.

"പാറുട്ടി വെല്ല്യമ്മേടെ മോളല്ലേ. എന്റെ മോളെ സ്നേഹിക്കാൻ ഞാനും വെല്യച്ഛനും അച്ഛനും കുഞ്ചൂം ഒക്കെ ഇല്ല്യേ. പിന്നെന്തിനാ കരയണേ. നെനക്ക് ഞാൻ ചോറ് വായില് തരാറില്ല്യേ." എന്റെ കവിളിൽ ഒരുമ്മ തന്നു കൊണ്ട് വല്യമ്മ പറഞ്ഞു

"നമുക്ക് എല്ലാവർക്കും കൂടി ഇന്നൊന്ന് പുറത്ത് പോകാം. പാർക്കിലും ബീച്ചിലും ഒക്കെ പോയി വൈകീട്ട് ഒരു സിനിമയൊക്കെ കണ്ട് പുറത്ത് ഭക്ഷണം കഴിച്ച് വരാം. അപ്പോ പാറുട്ടീടെ മൂഡൊക്കെ ശര്യാവും. ഏത് സിനിമ്യാ കാണണ്ടേ പാറുട്ടീ". പേപ്പർ വായിച്ചു കൊണ്ടിരുന്ന വെല്ല്യച്ഛൻ ചോദിച്ചു.

അച്ഛൻ ജോലിക്ക് പോയി. അന്ന് മുഴുവനും വെല്ല്യച്ഛനും വെല്ല്യമ്മയും കുഞ്ചുവേട്ടനും ഞാനും പുറത്തായിരുന്നു സിനിമ കാണലും പാർക്കിൽ പോവലും ഒക്കെ ആയി ശനിയും ഞായറും കഴിഞ്ഞു.

തിങ്കളാഴ്ച്ച കാലത്ത് നേരത്തെ അച്ഛന്‍ വിളിച്ചു. പല്ല് തേച്ച് കുളിച്ചു വന്നപ്പോഴേക്കും അച്ഛന്‍ ബ്രെഡില്‍ ജാം പുരട്ടി വെച്ചിട്ടുണ്ടായിരുന്നു. വെല്ല്യമ്മേടെ അടുത്ത് പോയി തലമുടി പിന്നിക്കെട്ടി ടിഫിൻ എടുത്ത് തയ്യാറായി. വെല്ല്യമ്മ കൂടെ വന്ന് ബസ്സ് കയറ്റി വിട്ടു.

ക്ലാസ്സ്‌ തുടങ്ങി കുറെ കഴിഞ്ഞിട്ടും അമ്മ വന്നില്ല, കുറച്ചു കഴിഞ്ഞപ്പോള്‍ ഹെഡ് മിസ്ട്രെസ്സ് വന്നു കൂടെ ഒരു പുതിയ ടീച്ചറും. പുതിയ ക്ലാസ്സ് ടീച്ചറേ പരിചയപ്പെടുത്തി. അമ്മ ജോലി രാജി വെച്ചുവെന്നും ഭര്‍ത്താവിന്റെ കൂടെ അമേരിക്കയിലേക്ക് പോകുകയാണെന്നും പറഞ്ഞു.

ഇനി അമ്മയെ കാണാന്‍ കഴിയില്ല എന്നോർത്ത് എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അന്ന് വൈകുന്നേരം അച്ഛന്‍ വന്നപ്പോള്‍ ഞാന്‍ എല്ലാ കാര്യങ്ങളും അച്ഛനോട് പറഞ്ഞു.

ഇനി ഒരിക്കലും അമ്മയെ കാണണമെന്ന് പറയില്ല, പക്ഷേ അമ്മ അമേരിക്കയിലേക്ക് പോകും മുന്പ് ഒരിക്കല്‍ കൂടി അമ്മയെ കാണണം എന്ന് അച്ഛനോട് പറഞ്ഞു.

ആ വരുന്ന വെള്ളിയാഴ്ച അമ്മ അമേരിക്കയ്ക്ക് പോകുകയാണെന്ന് അച്ഛൻ അന്വേഷിച്ചപ്പോൾ അറിഞ്ഞു . വെള്ളിയാഴ്ച്ച അച്ഛനും ഞാനും വിമാനത്താവളത്തില്‍ നേരത്തെ എത്തി. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു കാറില്‍ അമ്മയും മകനും ഭർത്താവും അവിടെ എത്തി.

ബാഗുകള്‍ ഒക്കെ ഒരു ട്രോളിയില്‍ വെച്ച് മകനെ ട്രോളിയുടെ മുകളിൽ ഇരുത്തി ഭര്‍ത്താവ് അകത്തേക്ക് നടന്നു. കയ്യിൽ വലിച്ചു കൊണ്ടുപോകുന്ന ബാഗ്‌ എടുത്തു നടക്കാന്‍ തുടങ്ങിയ അമ്മയുടെ അടുത്തേക്ക് ഞാന്‍ ഓടിച്ചെന്നു. എന്നെ അവിടെ കണ്ടപ്പോള്‍ ആകെ അതിശയിച്ചു പോയി .
.
"ഇതാരാ പാർവതിയോ? എന്താ ഇവിടെ ഒറ്റയ്ക്ക്? അച്ഛനെവിടെ ?"

"അച്ഛൻ കാറിലുണ്ട്. ഞാന്‍ ഒരിക്കല്‍ കൂടി അമ്മേ എന്നൊന്ന് വിളിച്ചോട്ടെ?" പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ട് അമ്മ ആദ്യം അമ്പരന്നു, പിന്നെ എന്നെ വാരിപ്പുണര്‍ന്നു. ഞാന്‍ മതിയാവോളം അമ്മേയെന്ന് വിളിച്ചു. എന്നെ തുരുതുരെ നെറ്റിയില്‍ ഉമ്മ വെച്ചു. ഞാനും അമ്മയെ ആവോളം ഉമ്മ വെച്ചു. പിന്നെ കരഞ്ഞുകൊണ്ട് അമ്മ വിമാനത്താവളത്തിനകത്തേക്ക് ധൃതിയിൽ നടന്നു, തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ !

അമ്മ അകത്തേക്ക് പോയപ്പോള്‍ തൂണിന്റെ മറവില്‍ നിന്നിരുന്ന അച്ഛന്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു. അച്ഛനും കരയുന്നുണ്ടായിരുന്നു.

ഞാന്‍ ഒരിക്കല്‍ കൂടി "അമ്മേ" എന്ന് ഉറക്കെ വിളിച്ചു, പക്ഷെ വിമാനത്താവളത്തിലെ ശബ്ദ കോലാഹലത്തിൽ ആ ചില്ലുചുമരുകള്‍ക്കപ്പുറത്തേക്ക് എന്റെ ശബ്ദം എത്തുന്നുണ്ടായിരുന്നില്ല.

(അവസാനിച്ചു)

ഗിരി ബി. വാരിയർ
28 ജൂലൈയ് 2018
©copyrights protected




Comments