പിൻവിളി

'ടാ, അജൂ' അമ്മയാണ്. അല്ലെങ്കിലും ഞാൻ എപ്പോ പുറത്തോട്ട് പോകാൻ ഇറങ്ങിയാലും പിന്നീന്ന് അമ്മയുടെ വിളി വരും

'എന്തിനാ അമ്മേ, ഒരായിരം വട്ടം പറഞ്ഞിട്ടുള്ളതല്ലേ ഇങ്ങിനെ പിന്നീന്ന് വിളിക്കരുത് എന്ന്' ഞാൻ അമ്മയോട് കയർത്തു

'പിന്നെ നീയെന്താ പ്രധാനമന്ത്രി ആയി സത്യപ്രതിഞ്ജ ചെയ്യാനൊന്നും അല്ലല്ലോ പോണേ.. സെന്ററിൽ പോയിരുന്ന് വഴീക്കൂടെ നടക്കണ പെൺപിള്ളേരേ വായ് നോക്കാനല്ലേ.' അമ്മയും വിടാനുള്ള ഭാവമില്ല.

'അമ്മ കാര്യം പറയ്, എന്തിനാ എന്നേ വിളിച്ച് നിർത്തിയേ. പണ്ടത്തെ സായിപ്പിന്റെ സമയത്തെ ഈ വളിച്ച വിറ്റ് കേൾപ്പിക്കാനോ?'

'വൈകീട്ട് തറവാട്ടിൽ പോയി നീ ആ പറമ്പൊന്ന് നനക്കണം, അകെ ഉണങ്ങി വരണ്ട് കിടക്കാണ്'

'അത് ശനിയാഴ്ച്ച ആവാം അമ്മേ, ഇന്ന് കൂട്ടുകാരുമായി ടൌണിൽ കാണാം ന്ന് പറഞ്ഞിട്ടുണ്ട്. എപ്പോഴാ തിരിച്ചു വരാന്ന് പറയാൻ പറ്റില്ല.'

'മോനേ അജൂ, നീയിങ്ങനെ കറങ്ങിത്തിരിഞ്ഞ് നടക്കാതെ ബാക്ക് ഉള്ള പേപ്പർ ഒക്കെ ഒന്ന് എഴുതി എടുക്ക്. .. ഇല്ലെങ്കിൽ അടുത്ത കൊല്ലം കോളേജിൽ വരുന്ന കമ്പനിക്കാർ ജോലി തരില്ല' പിന്നിൽ നിന്നും പരാതിയുമായി അച്ഛനുമെത്തി.

'എനിക്ക് എട്ട് കൊല്ലം കൂടിയേ സർവീസ് ഉള്ളൂ. അതിനിടയിൽ നിന്റെ എളേതിനെ പഠിപ്പിക്കണം, കെട്ടിച്ചയക്കണം. നിന്നെ പഠിപ്പിക്കാൻ പൈസ ഉണ്ടാക്കാൻ തന്നെ ഞാൻ ചക്രശ്വാസം വലിക്കാണ്. നിനക്കൊരു ജോലി ആയാൽ എനിക്കൊരു ആയാസം ആവും '

"അച്ഛാ, ദിവസവും ഈ പിച്ചക്കണക്ക് എന്നോട് പറയണ്ട. ഒരു നോട്ടുബുക്ക് വാങ്ങി എഴുതി വച്ചോളൂ, ഞാൻ കാൽ പൈസ ബാക്കി വെക്കാതെ തിരിച്ചു തരും, ഇനി അതില്ലാതെ അച്ഛന്റെ ആത്മാവിന് ശാന്തി കിട്ടാണ്ടെയിരിക്കണ്ടാ "

'അജൂ, നീ അച്ഛനോടാ സംസാരിക്കണേന്ന് മറക്കണ്ട. അച്ഛൻ പറയണത് കാര്യല്ലേ.. '

'അച്ഛന്റെ വായിലിരിക്കുന്നത് കേൾപ്പിക്കാനാണോ അമ്മ എന്നെ പിടിച്ചു നിർത്തീത്.. എനിക്ക് വേറേ പണിയുണ്ട്. ഞാൻ പോവ്വാ.'

'സൂക്ഷിച്ച് പോണേ മോനേ..'

'നിങ്ങളെങ്ങോട്ടാ ഈ രാവിലെ തന്നെ ' അടുത്ത ചോദ്യം അച്ഛനോടായി.

'എനിക്കൊന്ന് വില്ലേജ് ആഫീസ് വരെ പോണം. പിന്നെ വേറേ കുറച്ച് പണിയും ഉണ്ട്.

'ടാ, അജൂ, അച്ഛനെ കൂടെ ഒന്ന് കവലയിൽ വിടടാ'

'വേണ്ട, എന്നെ ചീത്ത പറഞ്ഞിട്ട് എന്റെ വണ്ടിയിൽ അങ്ങിനെ ഔദാര്യത്തിന് ആരും വരണ്ട, നടന്ന് പോയാ മതി.' ഞാൻ ബൈക്ക് എടുത്തു.

'വേണ്ടാ തങ്കം, അവൻ പൊക്കോട്ടെ, ഞാൻ നടന്നോളാം. വണ്ടിയൊക്കെ ഇപ്പോ അല്ലേ ആയുള്ളൂ.'

'അച്ഛൻ കാലത്ത് തന്നെ സെന്റി ആവണ്ട, കയറൂ, ഞാൻ വിടാം'

അച്ഛനെ കവലയിൽ വിട്ട് ഞാൻ വിശ്വേട്ടന്റെ ബാർബർ ഷാപ്പിന്റെ മുൻപിൽ എത്തിയപ്പോഴേക്കും ജോണും ഷാജുവും ബൈക്കിൽ എത്തി.

'ടാ, അജൂ, നിനക്കൊരു യൂണിറ്റ് രക്തം കൊടുക്കാമോ, അത്യാവശ്യം ആയി ജനറൽ ആസ്പത്രിയിൽ ഒരാൾക്ക് രക്തം വേണം. സിസ്റ്റർ ത്രേസ്യ ചേച്ചി വിളിച്ചു പറഞ്ഞതാ'

'അപ്പോ നിങ്ങൾ വരുന്നില്ലേ.'

'നീ മറന്നോ, കഴിഞ്ഞ ഞായറാഴ്ച്ച രാത്രി വണ്ടി ഇടിച്ച് അപകടം പറ്റിയ തമിഴനെ ആസ്പത്രി കൊണ്ടു പോയപ്പോ ഞങ്ങൾ അല്ലെ രക്തം കൊടുത്തത്. ഞങ്ങൾ പോയി വടക്കുമുറിയിൽ സദുവിനോട് ചോദിക്കാം. നീ നേരേ വിട്ടോ, ഞാൻ അവിടെ ഉള്ള രോഗിയുടെ ബന്ധുവിന്റെ നമ്പർ വാട്സപ്പ് ചെയ്യാം, എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ പറ, നമുക്ക് ഗ്രൂപ്പില്‍ ഇടാം.'

അതും പറഞ്ഞ് ജോൺ വണ്ടി വിട്ടു.

ഞങ്ങൾ സുഹൃത്തുക്കളുടെ ഒരു ഒത്തു കൂടായ്മയാണ് ഇപ്പോൾ 'ജീവാത്മാവ്' എന്ന വാട്ട്സപ്പ് ഗ്രൂപ്പ് ആയി മാറിയത്. അതിൽ 300 ൽ പരം അംഗങ്ങൾ കേരളത്തിന്റെ നാനാഭാഗത്തു നിന്നും ഉണ്ട്. ഒരു പോസ്റ്റ് ഇട്ടാൽ രോഗി കിടക്കുന്ന ആശുപത്രിയുടെ അടുത്ത് ഉള്ളവർ ഉടനെ അവിടെ എത്തും. എല്ലാം വാട്ട്സപ്പിൽ സമയാസമയം അറിയിച്ചു കൊണ്ടിരിക്കും.

ആശുപത്രിയിലെത്തി ജോൺ തന്ന നമ്പറിൽ വിളിച്ചു. മറുതലയ്ക്കൽ ഒരു സ്ത്രീയാണ്. അത്യാഹിത വിഭാഗത്തിന്റെ മുന്നിലാണെന്ന് പറഞ്ഞു. അവിടെ എത്തിയപ്പോൾ രണ്ടു പോലീസുകാരെ മാത്രമേ കണ്ടുള്ളൂ. അപ്പോഴേക്കും മറുവശത്ത് ഇരുമ്പു കസേരയിൽ ഇരുന്നിരുന്ന ഒരു സ്ത്രീ എന്റെ അരികിൽ വന്നു. ഏകദേശം 30-35 വയസ്സ് പ്രായം കാണും.

'ചേച്ചിയല്ലേ ഫോൺ എടുത്തത്. ഞാൻ അജയ്, ഇവിടെ രക്തം വേണം എന്ന് അറിഞ്ഞ് വന്നതാ.'

'ഒരു നിമിഷം, ഞാൻ സിസ്റ്ററോട് പറയാം' എന്ന് പറഞ്ഞ് ആ സ്ത്രീ വാർഡിന്റെ മുൻപിലെ ബെൽ അടിച്ചു. ഒരു പ്രായം ചെന്ന സിസ്റ്റർ പുറത്തു വന്നു എന്തോ സംസാരിച്ചു.

ഇവർക്കൊന്നും റിട്ടയർമെന്റ് ഇല്ലേ ആവോ ഞാൻ മനസ്സിലോർത്തു.

'ഡോക്ടർ റൌണ്ടിന് വരുന്നുണ്ട്, ഒരു പത്ത് മിനിട്ട് കാത്ത് നിൽക്കാൻ പറഞ്ഞു. നമുക്ക് അങ്ങോട്ടിരിക്കാം' എന്ന് പറഞ്ഞ് ഇരുമ്പു കസേര ചൂണ്ടിക്കാണിച്ചു

'അകത്താരാ കിടക്കണേ, ഭർത്താവാണോ'

'അല്ല, അച്ഛനാണ് '

'അച്ഛന് എന്താ പറ്റിയേ.'

'ഇന്നലെ രാത്രി കടയിൽ പോയി വരുമ്പോൾ കാറോ, സ്കൂട്ടറോ മറ്റോ ഇടിച്ചിട്ടതാ, രാത്രി ഫസ്റ്റ് ഷോ കഴിഞ്ഞു വന്ന ചില ആൾക്കാർ ആണ് കണ്ടതും പിന്നെ ഇവിടെ എത്തിച്ചതും ഞങ്ങളെ വിവരം അറിയിച്ചത് ഒക്കെ'

'അപ്പോൾ വീട്ടിൽ വേറേ ആരും ഇല്ലേ '

ഇല്ല. എന്റെ ഭർത്താവ് മരിച്ചു, ഞാനും അച്ഛനും അമ്മയും മാത്രമേ ഉള്ളൂ. അമ്മ തളർവാതം പിടിപ്പെട് കിടപ്പിലാണ്.'

'ചേച്ചിക്ക് ആങ്ങളമാർ ആരൂല്ലേ'

‎'ഒരു അനുജൻ ഉണ്ട് പക്ഷേ അവൻ ഞങ്ങളെ തിരിഞ്ഞു നോക്കാറില്ല. അച്ഛനോട് വഴക്കു കൂടി ഇറങ്ങി പോയതാ. ഇപ്പോ എവിടെ ആണെന്നറിയില്ല. അവൻ ഇതൊക്കെ ഒക്കെ അറിയുണ്ടാവും. പക്ഷേ തിരിഞ്ഞു നോക്കില്ല്യ, പൈസ ചെലവുള്ള കാര്യല്ലേ..'

'അച്ഛൻ കൂലിപ്പണിക്ക് പോവാറുണ്ട്. ഭർത്താവ് ഒരപകടത്തിൽ മരിച്ചപ്പോൾ ഞാൻ വീണ്ടും അച്ഛന് ഭാരമായി. അച്ഛന് ജോലി ചെയ്യാൻ വയ്യാണ്ടായ കാരണം ഞാൻ ഇപ്പോൾ വീടുകളിൽ പോയി പണിയെടുക്കാൻ തുടങ്ങി. കൂടെ ജോലിയും നോക്കുന്നുണ്ട്, കിട്ടുന്നതുവരെ ജീവിക്കണ്ടേ' അവർ ഒറ്റശ്വാസത്തിൽ പറഞ്ഞു

'നാരായണന്റെ കൂടെ ഉള്ള ആള് ഉണ്ടോ'

സിസ്റ്റർ ചോദിച്ചു. ചേച്ചി അങ്ങോട്ട് ചെന്നു.

'ഈ ചിട്ട് താഴെ ബ്ലഡ് ബാങ്കിൽ കാണിച്ചാ മതി ട്ടാ' സിസ്റ്റർ ഒരു കഷണം കടലാസ് ചേച്ചിക്ക് കൊടുത്തു. ചേച്ചി അത് എന്റെ നേരെ നീട്ടി.

'ചേച്ചീടെ പേരെന്താ'

'വത്സല'

'എന്നാ ഞാൻ പോട്ടെ ചേച്ചി, രക്തം കൊടുത്തോളാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്റെ നമ്പറുണ്ടല്ലോ. വിളിച്ചാ മതി'

ഞാൻ പോകാൻ തിരിഞ്ഞപ്പോൾ അവർ കയ്യിൽ ചുരുട്ടി വച്ച കുറച്ചു നൂറിന്റെ നോട്ടിൽ നിന്നും ഒരെണ്ണം എനിക്ക് നേരേ നീട്ടി. അതിന് വിയർപ്പിന്റെ മണമുണ്ടായിരുന്നു.

'പോവുമ്പോ വല്ലതും കഴിച്ചോട്ടാ' അവർ പറഞ്ഞു.

'വേണ്ട ചേച്ചി, അത് കയ്യിൽ വച്ചോ, ഇവിടെ ആവശ്യം കാണും'

ബ്ലഡ്‌ ബാങ്കിൽ പോയി രക്തം കൊടുത്ത് നേരേ ടൌണിൽ പോയി. രാധാകൃഷ്ണയിൽ കയറി ഒരു മസാല ദോശ കഴിച്ച് അടുത്തുള്ള ബിൽഡിങ്ങിൽ ഒന്നാം നിലയിലുള്ള സുഹൃത്തിന്റെ ടെയ്ലറിങ്ങ് കടയിൽ പോയി. ഒരു പാന്റ് തയ്ക്കാൻ കൊടുത്തിരുന്നത് വാങ്ങണം

കടയിൽ ലൈറ്റ് ഇട്ടിട്ടുണ്ട്. പക്ഷേ കണ്ണാടി വാതിൽ പൂട്ടിയിരിക്കുകയാണ്.

'ചായ കുടിക്കാൻ പോയേക്കാ, ഇപ്പോ വരുംട്ടാ' അടുത്തള്ള വാച്ചുകടയിലെ ചേട്ടൻ പറഞ്ഞു.

ഞാൻ പുറത്ത് വരാന്തയിലേക്ക് പോയി. താഴെ മുനിസിപ്പൽ സ്റ്റാൻഡിലെ തിക്കും തിരക്കും കാണാം. വലതു ഭാഗത്ത് വടക്കുംനാഥന്റെ തെക്കേ ഗോപുരം പ്രൌഡിയോടെ തലയുയർത്തി നിൽക്കുന്നു. ഇടതു ഭാഗത്ത് കോർപ്പറേഷൻ ഓഫീസിന് മുൻപിൽ തെക്കേ ഗോപുരം നോക്കി ശക്തൻ തമ്പുരാന്റെ പ്രതിമ. പച്ചക്കറി മാർക്കറ്റിൽ നിന്നും അരിയങ്ങാടിയിൽ നിന്നും രണ്ടു കൈയ്യിലും നിറഞ്ഞ സഞ്ചികളുമായി പുറത്ത് വരുന്ന ആൾക്കാരും, ബസ്സ് പിടിക്കാൻ ഓടുന്നവരും, ആകെ തിരക്ക്. ആർക്കും ആരേയും നോക്കാനും സംസാരിക്കാനും സമയമില്ല.

പെട്ടെന്നാണ് ശ്രദ്ധിച്ചത്, മറുഭാഗത്ത് ഫേഷൻ ഫാബ്രിക്സിന്റെ മുൻപിൽ അച്ഛൻ, രണ്ടു കൈയ്യിലും പലചരക്കു സാധനങ്ങൾ നിറച്ച സഞ്ചികൾ. അച്ഛൻ ഒരിക്കലും ടൌണിൽ നിന്നും വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാറില്ല, അതിന് മാരാരുടെ കടയുണ്ട് നാട്ടിൽ. അവിടെ മാസപ്പറ്റാണ്.

അപ്പോഴെക്കും ഒരു അൻപത് വയസ്സിനടുത്ത് പ്രായുമുള്ള സ്ത്രീയും, ഏതാണ് ഇരുപത്തഞ്ച് വയസ്സ് പ്രായുമുള്ള മറ്റൊരു സ്ത്രീ ഒക്കത്ത് ഒരു കുട്ടിയുമായ് ഫേഷനിൽ നിന്നും പുറത്തു വന്നു. രണ്ടു പേരുടെയും കൈകളിൽ വസ്ത്രങ്ങൾ വാങ്ങിയ കവറുകൾ ഉണ്ടായിരുന്നു. അച്ഛൻ കൈയ്യിലെ സഞ്ചികൾ താഴെ വച്ച് ആ കുട്ടിയെ എടുത്ത് കൊഞ്ചിച്ച് ഒരുമ്മ കൊടുത്ത് തിരിച്ചു കൊടുത്തു. എന്നിട്ട് ഒരു ഓട്ടോറിക്ഷക്ക് കൈകാട്ടി നിർത്തി സാധനങ്ങൾ ഒക്കെ റിക്ഷയിൽ കയറ്റി, അവർക്ക് യാത്ര പറയുമ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കുറച്ച് പൈസയെടുത്ത് ആ സ്ത്രീയുടെ കയ്യിൽ കൊടുത്തു. ഓട്ടോ നീങ്ങിയപ്പോൾ ഒന്നും അറിയാത്ത പോലെ അച്ഛൻ അവിടെ നിർത്തിയിട്ടിരിക്കുന്ന ഞങ്ങളുടെ നാട്ടിൽപുറത്തേക്കുള്ള ബസ്സിനെ ലക്ഷ്യം വെച്ച് നടന്നു.

ഞാൻ എല്ലാം ഒരു സ്വപ്നം കാണുന്ന പോലെ നോക്കി നിന്നു. കാലത്ത് വില്ലേജ് ഓഫസിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ അച്ഛൻ ഇവിടെ? അച്ഛന് മറ്റൊരു ഭാര്യയും കുട്ടിയുമോ? അമ്മയറിഞ്ഞാൽ.... ഛെ ... ചിന്തിക്കാൽ കൂടി വയ്യ.

എന്നെ പഠിക്കാത്തതിന് ചീത്ത പറയുമെങ്കിലും ഒരിക്കലും അച്ഛനോട് ദേഷ്യം തോന്നിയിട്ടില്ല. ഇന്ന് ജീവിതത്തിലാദ്യമായ് അച്ഛനോട് വെറുപ്പ് തോന്നുന്നു. ബാലേട്ടൻ സിനിമയിലെ നെടുമുടി വേണുവും മോഹൻലാലുമായിരുന്നു മനസ്സിൽ വന്നത്.

എങ്ങിനെ ഒരു മനുഷ്യനിത് ചെയ്യാൻ സാധിക്കുന്നു. ഒരേ സമയം രണ്ടു പേരേ വച്ചിരിക്കുക... നാണമില്ലേ ഇയാൾക്ക്.

'അജയ് വന്നിട്ട് കൊറേ നേരായോ, ഒരു ചായ കുടിക്കാൻ പോയതാട്ടോ, അവിടെ മ്മടെ നാട്ടിലെ ഒരു ഗഡീനെ കണ്ടു. വർത്താനം പറഞ്ഞ് സമയം പോയി' ആന്റോ ചേട്ടൻ പറഞ്ഞു. 'നിന്റെ പാന്റ് ശരി ആയിട്ടാ'

തയ്ച്ച് കിട്ടിയ പാൻറും വാങ്ങി നേരേ വീട്ടിലേക്ക് പോയി. കൂട്ടുകാരുടെ കൂടെ കറങ്ങാനുള്ള പരിപാടി വേണ്ടാന്ന് വച്ചു. അത്ര വലിയ ഒരു തീയ്യാണ് മനസ്സിൽ.

വീട്ടിലെത്തുമ്പോൾ അച്ഛൻ വന്ന് ഊണ് കഴിക്കാൻ ഇരിക്കുന്നുണ്ടായിരുന്നു. എന്നേ കണ്ടതും അമ്മ പറഞ്ഞു. 'ടാ അജൂ. വാ, വന്നിരുന്ന് അച്ഛന്റെ കൂടെ ഊണ് കഴിച്ചോ '

'എനിക്ക് വേണ്ടാ' ഞാൻ നേരേ എന്റെ മുറിയിലേക്ക് പോയി.

'അവൻ ടൌണിന്ന് വെട്ടി വിഴുങ്ങീട്ടാവും വരണേ, നീ ഇരുന്നുണ്ണാൻ നോക്ക്.' അച്ഛൻ
പറയുന്ന കേട്ടു .

അച്ഛന് എങ്ങിന്യാ ഇത്ര നന്നായി അഭിനയിക്കാൻ പറ്റണേ. ഒരു കുറ്റബോധം പോലും ഇല്ലാതെ. പാവം അമ്മ ഇതൊന്നും അറിയുന്നില്ല

അന്ന് മുഴുവൻ അച്ഛനുമായ് മുഖാമുഖം വരാതിരിക്കാൻ ശ്രദ്ധിച്ചു. രാത്രി ഭക്ഷണം കഴിച്ചപ്പോഴും ഒന്നും സംസാരിച്ചില്ല.

'കാലത്ത് ഞാൻ ചീത്ത പറഞ്ഞത് നിനക്ക് വിഷമമായി അല്ലേ. നിന്റെ നന്മക്കായ് പറഞ്ഞതല്ലേ അജു'

ഞാൻ ഒന്നും മിണ്ടാതെ കൈ കഴുകി എഴുന്നേറ്റ് എന്റെ മുറിയിലേക്ക് പോയി.

അടുത്ത രണ്ടു ദിവസവും അങ്ങിനെത്തന്നെ തുടർന്നു. പറ്റാവുന്നതും അച്ഛനെ കാണാതെ മാറി നടന്നു. രാത്രി എന്തെങ്കിലും കാരണം പറഞ്ഞ് വൈകി വരും.

ഇന്നും പതിവുപോലെ രാത്രി വൈകി വന്ന് അടുക്കളയിൽ അടച്ചു വച്ചിരിക്കുന്ന പാത്രത്തിൽ നിന്നും ഭക്ഷണം കഴിച്ച് മുറിയിൽ പോയി കിടന്നു. ഒന്നു മയങ്ങിത്തുടങ്ങിയപ്പോൾ തോളത്തൊരു തണുപ്പ് തോന്നി. നോക്കിയപ്പോൾ അച്ഛൻ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു.

'എന്താടാ അജൂ, നീ അച്ഛനോട് ഒന്നും മിണ്ടാത്തെ. ദേഷ്യണ്ടെങ്കിൽ എന്നത്തേം പോലെ കുറെ ശുണ്ഠി കാണിച്ചോ. ഇങ്ങിനെ മിണ്ടാണ്ടിരുന്ന് അച്ഛനെ ശിക്ഷിക്കല്ലെടാ'

ഇരുട്ടിലും അച്ഛന്റെ കണ്ണിൽ കെട്ടിക്കിടക്കുന്ന കണ്ണുനീർ വ്യക്തമായി കാണാമായിരുന്നു. അത് കണ്ടപ്പോൾ സത്യത്തിൽ എനിക്ക് വിഷമം തോന്നി.

'എന്തിനാ അച്ഛാ ഇത്രേം സ്നേഹിക്കണ അമ്മ ഇണ്ടായിട്ട് അച്ഛൻ വേറേ ഒരു പെണ്ണിനെ വച്ചിരിക്കണേ...' ഞാൻ വിതുമ്പിക്കൊണ്ട് ചോദിച്ചു.

ഞാൻ പറയുന്നത് കേട്ട് അച്ഛൻ ആകെ ഞെട്ടിയ പോലെ തോന്നി. എന്താണ് പറയേണ്ടത് എന്നറിയാതെ.

'ഞാൻ എല്ലാം കണ്ടു അച്ഛാ, ടൌണിൽ അച്ഛൻ ആ പെണ്ണിന് കാശ് കൊടുക്കണതും, സാധനങ്ങൾ വാങ്ങിക്കൊടുത്തതും, കൊച്ചിനെ കൊഞ്ചിച്ചതും ഒക്കെ... എന്തിനാച്ഛാ ഞങ്ങളോടിങ്ങനെ ചെയ്തത്' ഞാൻ പൊട്ടിക്കരഞ്ഞുപോയി..

അച്ഛൻ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

കാലത്ത് അമ്മയുടെ വിളി കേട്ടാണ് ഉണർന്നത്.

'ടാ കിടന്നുറങ്ങാതെ ഒന്നമ്പലത്തിൽ പോയി തൊഴ്, ഇന്ന് വൃശ്ചികം ഒന്നാണ്.'

അത് മുടങ്ങാത്ത ശീലമാണ്, എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോയി തൊഴുതു. അച്ഛന് നല്ല ബുദ്ധി തോന്നാൻ പ്രാർത്ഥിച്ചു. തിരിച്ച് എത്തിയപ്പോൾ അമ്മ പ്രാതൽ ഒരുക്കിയിരുന്നു. ഞാനും അച്ഛനും മാത്രമേ ഡൈനിങ്ങ് ടേബിളിൽ ഉണ്ടായിരുന്നുള്ളു.

'നീയ്യെന്തായാലും എല്ലാം കണ്ടു എന്നല്ലേ പറഞ്ഞത്. ഭക്ഷണം കഴിച്ച് തയ്യാറാവ്', നമുക്ക് ഒരിടം വരെ പോവ്വാം.' അച്ഛൻ പതുക്കെ പറഞ്ഞു.

'എന്താ അച്ഛന്റെയും മോന്റെയും പിണക്കം മാറിയില്ലേ ' അമ്മ അടുക്കളയിൽ നിന്നും ഒരു പാത്രത്തിൽ ഇഡ്ഡലിയും മറ്റൊന്നിൽ ചട്നിയുമായി വന്നു.

'ഞാൻ അവനേം കൊണ്ട് ഒരിടം വരെ പോവാണ്. ഉച്ചക്ക് ഉണ്ണാൻ എത്തും, ഇത്തിരി വൈക്യാലും.'

'അപ്പോ നിങ്ങളിന്ന് ജോലിക്ക് പോണില്ലേ '

'ഇല്ല, ഇന്ന് ലീവെടുത്തു'

'നിങ്ങളെങ്ങട്ടാ പോണേന്നെങ്കിലും പറയോ'

'അതൊക്കെ വന്നിട്ട് പറയാം'.

പ്രാതൽ കഴിച്ച് തെയ്യാറായി ഞാൻ വണ്ടിയെടുത്തു. തലയിൽ ഹെൽമറ്റ് വച്ച് അച്ഛനും തയ്യാറായി വന്നു.

'ടാ അജു' പിന്നിൽ നിന്നും അമ്മ.

'നീയെന്തിനാ തങ്കം പിന്നീന്ന് വിളിക്കണേ, ഒരു കാര്യത്തിന് ഇറങ്ങുമ്പോൾ ... '

'സൂക്ഷിച്ച് പോണംന്ന് പറയാൻ വിളിച്ചതാ, ചെക്കന് അന്തോം കുന്തോം ഒന്നും ഇല്ല്യ. നിങ്ങള് പിടിച്ചിരിക്കണം ട്ടോ.'

'ഞാനെന്താ ആദ്യായിട്ടാ ഇതുമ്മെ ഇരിക്കണേ, നീ വണ്ടി എടുക്കടാ...'

ടൌണിൽ പോയി അവിടുന്ന് തിരുവില്ല്വാമല വഴിയിലൂടെ ഏതാണ്ട് 20-25 കിലോമീറ്റർ പോയിക്കാണും. അതു കഴിഞ്ഞ് മെയിൻ റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഗ്രാമ പാതയിലേക്ക് കയറി. ശരിക്കും നാട്ടുവഴി. ഒരു വിധം എല്ലാം ടാറിട്ടിട്ടുണ്ട്. കുറേ സ്ഥലങ്ങളിൽ പുതിയ ശൈലിയിലുള്ള മതിലുകൾ ഉയർന്നിട്ടുണ്ട്. പക്ഷേ പഴയ വേലി അതിരുകളും പല സ്ഥലങ്ങളിലും ഉണ്ട്.

വഴിയരികിൽ ഒരു കൊച്ചു ചായക്കടയിൽ പത്രം വായിച്ചും ഓരോന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും കണ്ടപ്പോൾ, ഇതൊന്നും സിനിമയിലെ ഭാവനാസൃഷ്ടികൾ മാത്രമല്ലെന്ന് മനസ്സിലായി. നഗരത്തിലെ പൊടിപടലങ്ങൾ നിറഞ്ഞ ചുടു കാറ്റിൽ നിന്നും മാറി ഗ്രാമത്തിലെ വഴിയോരങ്ങളിൽ തിങ്ങിനിറഞ്ഞ മരങ്ങൾക്കിടയിലൂടെ ഒഴുകുന്ന മന്ദമാരുതന്റെ തഴുകലേറ്റ് പോകുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത കുളിർമ്മ തോന്നി.

നാലഞ്ച് കിലോമീറ്റർ ഗ്രാമ പാതയിലൂടെ വണ്ടി ഓടിച്ച് അവസാനം ഒരു പാടത്തിന്റെ കരയിലെ പഴയ ഓട്ടിട്ട വീടിന്റെ മുൻപിൽ എത്തി.

അച്ഛൻ വണ്ടിയിൽ നിന്നും ഇറങ്ങി. എന്നോട് വണ്ടി സ്റ്റാൻഡിൽ ഇട്ട് കൂടെ വരാൻ പറഞ്ഞു. ഞാൻ പിറകെ നടന്നു.

അപ്പോഴെക്കും അകത്ത് നിന്ന് അച്ഛനെ കണ്ട് അന്ന് ടൌണിൽ കണ്ട സ്ത്രീ ഇറങ്ങി വന്നു. കയ്യിൽ കുട്ടിയുമുണ്ടായിരുന്നു.

'വരൂ, കയറി ഇരിക്കൂട്ടോ..' ഒരു കൈ കൊണ്ട് അയയിൽ ഇട്ട തോർത്ത് എടുത്ത് എറയത്തെ ബെഞ്ചിലെ പൊടി തട്ടിക്കൊണ്ട് പറഞ്ഞു.

'ഇത് മോനാണല്ലേ...' എന്നേ നോക്കി ചോദിച്ചു. അതെയെന്ന് അച്ഛൻ തലയാട്ടി.

'മോളെവിടെ ' അച്ഛന്റെ മുഖത്ത് അൽപം പോലും ജാള്യത ഇല്ലായിരുന്നു. ഹോ എന്തൊരു തൊലിക്കട്ടി, ഞാൻ മനസ്സിൽ വിചാരിച്ചു

'അവള് അകത്ത് മധൂനെ തുടച്ച് വസ്ത്രം മാറ്റുകയാണ്. ഞാൻ വിളിക്കാം.'

മധു രണ്ടാമത്തെ കുട്ടിയാവും, ഞാൻ ഊഹിച്ചൂ.

അപ്പോഴെക്കും മകളെന്ന് പറയുന്ന സ്ത്രീ കൈകൂപ്പി നമസ്തേ എന്ന് പറഞ്ഞ് പുറത്ത് വന്നു.

'കാണാൻ പറ്റ്വോ... ഇപ്പോ ' അച്ഛൻ ചോദിച്ചു.

'ഉവ്വ്, വരൂ ' എന്ന് പറഞ്ഞ് അവർ അകത്തേക്ക് നടന്നു.

അച്ഛൻ എന്നോടും അകത്തേക്ക് കൂടെ വരാൻ ആംഗ്യം കാണിച്ചു. മടിച്ചാണെങ്കിലും ഞാനും അച്ഛന്റെ കൂടെ പോയി.

ആ വീട് അച്ഛന് ചിരപരിചിതമായ പോലെ തോന്നി. ചെത്തിത്തേക്കാത്ത ഒരു മുറിയിലേക്കാണ് കടന്നത്. വലത് ഭാഗത്ത് അടുക്കള, അടുക്കളയിലേക്കുള്ള വാതിലിന് ചേർന്ന് ഒരു ചെറിയ ഡൈനിങ്ങ് ടേബിൾ ഇട്ടിട്ടുണ്ട്. ഇടതു ഭാഗത്ത് ഒരു മുറി. ആ മുറിലേക്കുള്ള കടക്കുന്ന വാതിലിനടുത്ത് അലമാറിയുടെ മുകളിൽ ഫേഷൻ ഫാബ്രിക്സിന്റെ കവറുകൾ അതേപടി കാണുന്നുണ്ടായിരുന്നു. ഇടതു ഭാഗത്തുള്ള മുറിയിലേക്ക് ആണ് ഞങ്ങൾപോയത്.

ആ മുറിക്ക് രണ്ട് ജനലുകൾ ഉണ്ടായിരുന്നു. ആ ജനലിലൂടെ പുറത്തെ പച്ചപ്പട്ട് വിരിച്ച നെൽപ്പാടം കാണാം. മറ്റേ ജനല മുൻവശത്തേ മുറ്റത്തേക്കാണ് തുറക്കുന്നത്. പാടത്ത് നിന്നും വരുന്ന തണുത്ത കാറ്റ് ആ മുറിയെ തണുപ്പിച്ചിരുന്നു.

പാടത്തെ ഭാഗത്തെ ജനലിനോട് ചേർന്ന് കട്ടിലിൽ ഒരാൾ കിടക്കുന്നുണ്ടായിരുന്നു. അച്ഛനെ കണ്ടപ്പോഴും ഒരു അനക്കവും ഉണ്ടായില്ല. മകളുടെ പ്രായുമുള്ള ആ സ്ത്രീ കട്ടിലിൽ അടുത്ത് പോയി അയാളോട് പറഞ്ഞു. "മധുവേട്ട, ഇതാരാ വന്നേക്കണേന്ന് നോക്കു, രാമകൃഷണൻ സാറും മോനും "

സാറോ, ഇതെന്താ ഇങ്ങിനെ പറയണേ. ഞാൻ മനസ്സിൽ ചിന്തിച്ചു.

കിടക്കുന്ന മനുഷ്യന്റെ കണ്ണൊന്ന് അനങ്ങി എന്ന് തോന്നി. അയാളുടെ കണ്ണിൽ നിന്നും കുടുകുടെ കണ്ണീർ ഒഴുകാൻ തുടങ്ങി.. ആ സ്ത്രീ അയയിൽ നിന്നും തോർത്തെടുത്ത് അയാളുടെ മുഖം തുടച്ചു. ആ സ്ത്രീയും കരയാൻ തുടങ്ങി. അച്ഛൻ അയാളുടെ തലയിൽ മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു

'എല്ലാം ശര്യാവും ട്ടോ. താൻ കരയാണ്ടിരിക്ക്യാ'

അപ്പോഴാണ് ശ്രദ്ധിച്ചത് ഭക്ഷണത്തിനും, വെള്ളം കുടിക്കാനും മൂത്രം ഒഴിക്കാനും ഒക്കെ കുറെ കുഴലുകൾ ഇട്ടിട്ടുണ്ട്.

എനിക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. ആരാ ഇത് , എന്തിനാ അച്ഛനെ ഇവർ സാറ് എന്ന് വിളിച്ചത്.

"ശരി, ഞങ്ങൾ പുറത്തിരിക്കാം ". അച്ഛൻ പുറത്തേക്ക് നടന്നു. കിടക്കുന്നയാളെ നോക്കി കൈ കൂപ്പി ഞാനും പുറത്തേക്ക് നടന്നു.

'അച്ഛാ, എനിക്കൊന്നും മനസ്സിലാവിണില്ല്യ. ഒന്ന് പറഞ്ഞു തരോ '

മുറ്റത്തെ മുവാണ്ടൻ മാവിന്റെ ചുവട്ടിലെ അരമതിലിൽ ഇരുന്ന് വയസ്സായ സ്ത്രീ തന്ന ചൂടുചായ ഊതിക്കുടിച്ചു കൊണ്ട് അച്ഛൻ പറയാൻ തുടങ്ങി.

' ആ കിടക്കുന്നത് മധുവാണ്. ഒരു കൊല്ലം മുൻപ് വരെ നിന്നെപ്പോലെ ഓടിച്ചാടി നടന്നിരുന്നയാൾ ആണ്. ഭാര്യയുടെ പ്രസവം അറിഞ്ഞ് ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടം പിണഞ്ഞത്. ബൈക്കിൽ ഒരു കാറിടിച്ചതാണ് . അന്ന് മുതൽ ഈ കിടപ്പാണ്. ആശുപത്രി വിടുന്നതു വരെ ചിലവെല്ലാം ആ കാറിന്റെ ഉടമസ്ഥൻ നോക്കി. എന്തൊക്കെ കുറേ പേപ്പർ ഒപ്പിട്ട കൂട്ടത്തിൽ ഇവർക്ക് കേസൊന്നും ഇല്ലെന്ന് അയാൾ എഴുതി വാങ്ങി. പിന്നെ അയാളെപ്പറ്റി വിവരം ഒന്നും ഇല്ല.'

'മധുവിന്റെ ഭാര്യയാണ് സിന്ധു, ആ പ്രായമായ സ്ത്രി സിന്ധുവിന്റെ അമ്മയും. മധുവിന്റെ വീട്ടിൽ ആർക്കും ഈ വിവരം ഒന്നും അറിയില്ല. ഈ വിവാഹത്തിന്റെ പേരിൽ അച്ഛനോട് പിണങ്ങി ഒരിക്കൽ വീടിറങ്ങിയതാണ്. കുട്ടിയായാൽ പോയി അച്ഛനെ കണ്ട് മാപ്പ് പറയണം എന്ന് മോഹിച്ചിരുന്നതാണ്. ഇന്നത്തെ ഈ നിലയിൽ വീട്ടിൽ പറഞ്ഞാൽ നോക്കാനുള്ള ബുദ്ധിമുട്ട് കാരണമാവും എന്ന് തെറ്റിദ്ധരിച്ചാലോ എന്ന് പറഞ്ഞ് സിന്ധുവാണ് ആരേയും അറിയിക്കാഞ്ഞത്. സിന്ധുവിന് അടുത്തെവിടെയെങ്കിലും ജോലിക്ക് ശ്രമിക്കുന്നുണ്ട്. കിട്ടിയാൽ ഈ വീട് രക്ഷപ്പെടും'

'ഞാൻ പാലിയേറ്റിവ് കെയറിൽ നിന്റെ അച്ഛച്ഛന്റെ പേരിൽ സംഭാവന കൊടുക്കാറുണ്ട്. ഒരിക്കൽ അവരാണ് പറഞ്ഞത്, സഹായം ചെയ്യണമെങ്കിൽ മധുവിനെ സഹായിക്കാൻ . അങ്ങിനെയാണ് ഞാൻ ഇവിടെ എത്തിയത്. ഇവിടെ വന്ന് മധുവിന്റെ ഈ കിടപ്പ് കണ്ടപ്പോൾ കരച്ചിൽ വന്നു. അന്ന് മുതൽ ഞാൻ എന്റെ ശമ്പളത്തിന്റെ ഒരു ഭാഗം മധുവിന്റെ ചികിത്സക്ക് കൊടുക്കുന്നുണ്ട്. എന്നെങ്കിലും ശരിയാവും എന്ന പ്രതീക്ഷയിൽ മാത്രമാണ് ആ ജീവിതങ്ങൾ പോകുന്നത്.'

'മധുവിന്റെ മകളുടെ ആദ്യത്തെ പിറന്നാൾ ആണ്. അതിനാണ് അന്ന് പുതിയ വസ്ത്രങ്ങൾ വാങ്ങിയത്. അതാണ് നീ അന്ന് കണ്ടത്. നിന്റെ അമ്മയ്ക്ക് എല്ലാം അറിയാം. അവളെ ഒളിപ്പിച്ചിട്ട് എനിക്ക് ഒന്നും ഇല്ല.’

അച്ഛൻ പറഞ്ഞു നിർത്തിയപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല. എന്റെ കണ്ണീർ തുടച്ച് തോളത്ത് കൈയ്യിട്ട് ബൈക്കിന്റെ അടുത്തേക്ക് നടക്കുമ്പോൾ അച്ഛൻ പറഞ്ഞു.

'അന്ന് ഉച്ചക്ക് നീ വീട്ടിൽ വന്നപ്പോൾ' 'അച്ഛാ ടൌണിൽ അച്ഛന്റെ കൂടെ കണ്ടതാരായിരുന്നു' എന്ന ഒരൊറ്റ ചോദ്യത്തിൽ കിട്ടേണ്ട ഉത്തരത്തിനായ് രണ്ടു ദിവസം നീ വെറുതെ തീ തിന്നു, കുറെ കഥകളും മനസ്സില്‍ മെനഞ്ഞുണ്ടാക്കി. ഇതൊന്നും അറിയാതെ ഞാനും അമ്മയും വിഷമിച്ചു. അജൂ, ഒരു ജീവിതത്തില്‍ ഒരിക്കലും കാര്യമറിയാതെ വെറും ഊഹങ്ങളിൽ കൂടി നിഗമനങ്ങളിൽ എത്തരുത്.'

'നിന്നെ ഒരു ദിവസം ഇങ്ങോട്ട് കൊണ്ടുവരണമെന്ന് വിചാരിച്ചിരുന്നതാണ്. നീയ്യായ് തന്നെ അതിന് വഴിയൊരുക്കി. നിങ്ങളുടെ ജീവാത്മാവിന് ഇതിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും.'

ഞാനും മനസ്സിൽ അത് തന്നെയാണ് ചിന്തിച്ചിരുന്നത്

'മോനേ, നമ്മുടെ ചുറ്റും ഇങ്ങിനെ വളരെ കുറേ ജീവിതങ്ങൾ ഉണ്ട്. സ്വാർത്ഥരായ നമ്മൾ അതൊന്നും കാണുന്നില്ല. കുട്ടികൾ ഇടയ്ക്കിടെ പുതിയ മൊബയിലും മറ്റും വാങ്ങാൻ പൈസ നശിപ്പിക്കുമ്പോൾ അറിയുന്നില്ല കഷ്ടപ്പെടുന്ന ഇങ്ങിനെയുള്ള ജീവിതങ്ങളുടെ കഥ. ഒരു മാസത്തെ ഫോൺ റീചാർജിന്റെയും പെടോളിന്റെയും സിനിമയുടെയും ഒക്കെ പൈസ ഉണ്ടെങ്കിൽ ഇങ്ങിനെ ചിലരുടെ ഒരു മാസത്തെ ചികിത്സ കഴിയും.'

ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ ആ സ്ത്രീ പിന്നിൽ നിന്നും വിളിച്ചു.

'മോനേ, സൂക്ഷിച്ച് പോണം ട്ടോ, ഈ വഴിയിൽ ബസ്സൊക്കെ മരണപ്പാച്ചിൽ ആണ്.'

എല്ലാ അമ്മമാരുടെയും ആധി ഒന്നു തന്നെ, മനസ്സിലോർത്തു. ആര് പിൻവിളിച്ചിട്ടാണ് ആ മധുച്ചേട്ടൻ ഇങ്ങിനെ ആയത്‌. ഓരോ അന്ധവിശ്വാസങ്ങൾ.

തിരിച്ച് അച്ഛനെയും കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ, ഒരായിരം വട്ടം മനസ്സിൽ അച്ഛനോട് മാപ്പ് പറഞ്ഞു. അപ്പോളും മനസ്സു മുഴുവൻ ആസ്പത്രിയിൽ ഒന്നുമറിയാതെ അനുജനെ പഴിക്കുന്ന ആ പാവം ചേച്ചിയുടെ രൂപമായിരുന്നു.

ഗിരി ബി വാരിയർ
05 ജനുവരി 2018

©copyrights protected


Comments