നിർവൃതി
"അമ്പലത്തിലെ കഴകം ശാന്തേ മുഴുവനായി ഏൽപ്പിച്ചൂടെ, എല്ലാം കൂടി നെനക്ക് ആവ്വ്വോ."
വാഴപ്പോള ചീന്തി മാലകെട്ടാനുള്ള നാരുണ്ടാക്കുമ്പോഴാണ് അമ്മാവന്റെ വരവ്.
കാലത്ത് നേരത്തെ എഴുന്നേറ്റ് അമ്പലത്തിൽ പോയി. മാല കെട്ടി നടയ്ക്കൽ വെച്ച് തിരുമേനിയോടും കമ്മിറ്റിക്കാരോടും കുശലാന്വേഷണം നടത്തി തിരികെ വാര്യത്ത് എത്തിയപ്പോൾ ഉണ്ണിക്കുട്ടനെ മടിയിലിരുത്തി മഞ്ജുവിന്റെ അച്ഛൻ ഉമ്മറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. പിന്നെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി കഴിച്ച്, ഉണ്ണിക്കുട്ടനെ കുളിപ്പിച്ച് കഞ്ഞിപ്പുല്ലും സൂചിഗോതമ്പും അരച്ചെടുത്തു ഉണക്കിയുണ്ടാക്കിയ പൊടി കുറുക്കിയെടുത്തത് ഉണ്ണിക്കുട്ടന് കൊടുത്തു.
ഈ വാഴനാര് ഉണക്കാൻ ഇട്ടിട്ടു വേണം വീടൊന്ന് അടിച്ചുവാരാൻ. കല്ല്യാണി രണ്ടു ദിവസമായി വരുന്നില്ല, അവർ മകന്റെ വീട്ടിൽ പോയിരിക്കുകയാണ്, ഇന്നലെ വരേണ്ടതായിരുന്നു.
“അതൊക്കെ അതിന്റെ വഴിക്ക് നടക്കും അമ്മാമാ. ഒരു കഴകായിട്ടൊന്ന്വല്ല ഞാൻ അത് ചെയ്യണത് . എനിക്കാവണ പോലെ തേവർക്ക് രണ്ട് മാല, അത്രന്നെ."
"അതൊക്കെ ശര്യന്നെ, പക്ഷെ എല്ലാറ്റിനും കൂടി നിനക്ക് സമയം കിട്ടണ്ടേ. നീയാകെ കോലം കെട്ടിരിക്കുണു അതോണ്ടാ പറേണേ.."
"വേണംന്ന് ഉണ്ടെങ്കിൽ എല്ലാം നടക്കും. പറ്റില്ല്യാന്ന് ആദ്യം തന്നെ വിചാരിച്ചാൽ പിന്നൊന്നിനും സമയംണ്ടാവില്ല്യ".
"രണ്ടീസം മുമ്പ് നമ്മുടെ ഗ്രിൽ പണിക്കാരൻ ചന്ദ്രൻ വരുണ്ണ്ടാർന്നൂല്ലോ . ഇവിടെന്തോ പണീണ്ട്, അത് നോക്കാൻ ആണെന്നാ പറഞ്ഞെ."
"അത് മഞ്ജുവിന്റെ ഓരോരോ പ്രാന്ത്, അല്ലാണ്ടെന്താ.. കിണറിന്റെ മോളിൽ ഒരു ഗ്രിൽ ഇടണത്രേ."
"അതെന്താ, ഈ എട്ട് മാസം പ്രായള്ള ഉണ്ണിക്കുട്ടൻ ചാടുംന്ന് പേടിച്ചിട്ടാണോ ?" അമ്മാമൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
"ഞാൻ ചന്ദ്രനോട് പറഞ്ഞു അതൊന്നും ഇപ്പൊ വേണ്ടാന്ന് . മുത്തശ്ശ്യമ്മേടെ കാലത്ത് കുത്ത്യ കിണറാ. മഞ്ജുന്റെ കല്യാണത്തിനാ അരമതിൽ കെട്ടീത്. ? "
"ജയന്റെ അമ്മേം അച്ഛനും എന്നാ ഡൽഹിക്ക് പോണേ?"
"ജയന്റെ അമ്മ മൂന്നു മാസം കഴിഞ്ഞാൽ റിട്ടയർ ആവും, പിന്നെ അവർ പോകും ."
"മഞ്ജു പോയിട്ടിപ്പോ രണ്ടു മാസായില്യേ,"
"ഉവ്വ്, നിപ്പോ അടുത്ത മാസം വരുണ്ടാവും.."
"ഇവിടെ ഉണ്ണിക്ക് അച്ചാർ വല്യ കാര്യല്ലേ, നിന്റെ അമ്മായി വാര്യത്ത് ഉണ്ടാക്കിയതാ . ഇതങ്ങട്ട് അകത്തേക്ക് വെച്ചോളൂ" ഒരു ഹോര്ലിക്സ് കുപ്പിയിൽ നിറയെ കടുമാങ്ങ അമ്മാമൻ ടീപ്പോയിൽ വെച്ചു.
ദിവസവും ഒരു പ്രാവശ്യമെങ്കിലും അമ്മാമൻ ഉണ്ണിക്കുട്ടനെ കാണാൻ വരും, ഉച്ചക്കലേക്കുള്ളത് ഉണ്ടാക്കി വെച്ചാൽ അമ്മായിയും വരും, പിന്നെ രണ്ടാളും കൂടി തിരിച്ചു പോവും. രണ്ടുപേർക്കും ഉണ്ണിക്കുട്ടനെ വല്യ ഇഷ്ടാണ്.
കുറച്ചുനേരം സംസാരിച്ചിരുന്ന് അമ്മാമനും അമ്മായിയും പോയി, ഊണ് കഴിഞ്ഞപ്പോൾ മഞ്ജുവിന്റെ അച്ഛൻ ഉണ്ണിക്കുട്ടനേയും കൊണ്ട് ഉറങ്ങാൻ പോയി. ഞാൻ പത്രം എടുത്തു ഇറയത്ത് വന്നിരുന്നു .
അമ്മയുടെ കാലത്താണ് ഭാഗം വെച്ചത്. എല്ലാവരും അവരവരുടെ ഭാഗം വാങ്ങി പിരിഞ്ഞു പോയി, രണ്ടു അമ്മാമന്മാരും ഇതേ പറമ്പിൽ അവരവരുടെ ഭാഗത്തു വീട് പണിതു താമസം തുടങ്ങി. അമ്മയുടെ കാലശേഷം തറവാട് എന്റെ പേരിലായപ്പോൾ പഴകിദ്രവിച്ചുതുടങ്ങിയ ഭാഗങ്ങൾ പൊളിച്ചു മാറ്റി. മുൻവശത്ത് ഒരു വരാന്ത, വലിയ ഒരു ഡ്രോയിങ്ങ് ഡൈനിങ് റൂം, ഒരു കിടപ്പുമുറി, മുകളിൽ കിടപ്പുമുറികൾ. പഴയ തറവാടിന്റെ അകത്തളവും തട്ടിന്പുറത്തെ രണ്ടു മുറികളും അതുപോലെതന്നെ ഉണ്ട്. അതിന്റെ തട്ട് ഖനമുള്ള മരപ്പലകകൾ കൊണ്ടാണു് പണ്ട് ചായ്പ്പിൽ ആയിരുന്നു മേലടുക്കളയും അടുക്കളയും. അടുക്കളയോട് ചേർന്ന് കിണറും. ഇപ്പോൾ അതും കൂടി വാർത്തു. ഒന്നാം നിലയിൽ ആണ് കണ്ണന്റെയും മഞ്ജുവിന്റെയും മുറികൾ. ഇപ്പോഴും എന്ത് വിശേഷം ഉണ്ടെങ്കിലും എല്ലാവരും കൂടിച്ചേരുന്നത് ഇവിടെയാണ്. ഇനി കണ്ണന് പെണ്ണന്വേഷിക്കാൻ തുടങ്ങണം.
കണ്ണന്റെ അച്ഛന് ഇനിയും രണ്ട് വർഷം ബാക്കിയുണ്ട് റിട്ടയർ ആവാൻ. ദിവസവും വൈകുന്നേരം ഒരു മണിക്കൂർ അമ്പലത്തിന്റെ ഊട്ടുപുരയിൽ കുറേ കുട്ടികൾക്ക് ട്യൂഷൻ കൊടുക്കുന്നുണ്ട്. ചുറ്റുവട്ടത്തുള്ള കുട്ടികളൊക്കെ ഹോം വർക്ക് ചെയ്യൽ അവിടെയാണ്. മഞ്ജു പ്രസവത്തിനുവന്നത് മുതൽ അദ്ദേഹത്തിന് ഇരിക്കാൻ സമയം കിട്ടാറില്ല.
മഞ്ജുവിന്റെ കല്യാണം കഴിഞ്ഞിട്ട് നാല് കൊല്ലമായി. ഒന്നര വർഷം മുൻപാണ് സർക്കാർ ജോലികിട്ടിയത്. ജോലി കിട്ടി ഏഴു മാസം കഴിഞ്ഞപ്പോഴേക്കും ഉണ്ണിക്കുട്ടനെ ഗർഭം ധരിച്ചു. ഗർഭാവസ്ഥ ഉദ്യോഗത്തിനെ ബാധിക്കുമല്ലോ എന്ന ചിന്ത മഞ്ജുവിനെയും ജയനേയും ഒരുപോലെ അലട്ടിയപ്പോഴാണ് കുഞ്ഞിന്റെ കാര്യം ഞാൻ നോക്കാം എന്നു പറഞ്ഞതും ആ ഉറപ്പിൽ അവർ മുന്നോട്ടു പോയതും. ജയൻ അവിടെ ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ്.
മഞ്ജു പോവുന്നതിനു രണ്ടാഴ്ച മുൻപേ ഉണ്ണിക്കുട്ടന് കുപ്പിപ്പാൽ കൊടുത്ത് ശീലിപ്പിട്ടുണ്ടായിരുന്നു. നീന്തി നീന്തി അവൻ എല്ലാ സ്ഥലത്തും എത്തും. അതുകൊണ്ട് ഒരാൾ നോക്കികൊണ്ടേയിരിക്കണം.
"വാരസ്യാരെ..." പുറത്ത് കല്ല്യാണിയാണ്.
"കേറി വാ കല്ല്യാണി . എവിട്യായിരുന്നു രണ്ടീസായിട്ട് "
" തങ്കപ്പന്റെ വീട്ടിൽ ഒന്ന് പോയി, ഇന്നലെ പോരണംന്ന് നിരീച്ചതാ, അപ്പൊ രണ്ടീസം കഴിഞ്ഞിട്ട് അച്ഛമ്മ പോയാമതീന്ന് പറഞ്ഞ് തങ്കപ്പന്റെ രണ്ടും പിന്നാലെ കൂടി."
"അല്ലാ സരസൂന് അസുഖം ഒന്നൂല്ല്യല്ലോ, വീട്ടിലെ പണിയൊക്കെ ചെയ്യാൻ പറ്റില്ല്യേ "
"പണിയൊക്കെ ചെയ്യ്ണ്ട്, ചിക്കൻഗുനിയല്ലേ, മുഴോനായി മാറാൻ സമയം എടുക്കും. ഞൊണ്ടി വലിഞ്ഞു നടക്കണ കണ്ടാൽ വെഷമം തോന്നും. ന്നാലോ ഒന്നും വേണ്ടാന്ന് വെക്കില്യട്ടോ."
"അവിടെ കൂടെ സരസൂന്റെ അമ്മേല്ല്യേ.."
"അവരുള്ളതോണ്ടാ ഒരു സമാധാനം. കുട്ട്യോൾക്ക് അമ്മാമ്മേനെ വല്യ കാര്യാ. അല്ല മഞ്ജുകുട്ടീടെ ഫോൺ വരാറില്ല്യേ “
"ഒന്നും പറയണ്ടെന്റെ കല്ല്യാണ്യേ, കിണറിന്റെ മോളില് ഗ്രിൽ ഇടണം, ഗേറ്റ് എപ്പോഴും അടച്ചിടണം. കൊതുകുവരാണ്ടിരിക്കാൻ സന്ധ്യായാൽ വാതിലും ജനാലേം ഒക്കെ അടച്ചുപൂട്ടി വെക്കണം. വിളിച്ചാൽ അവൾക്ക് ഇതൊക്കെ പറയാനേ നേരള്ളൂ ചെലപ്പോ അവള്ടെ വെപ്രാളം കണ്ടിട്ട് എനിക്ക് ചിര്യാ വര്വാ. .."
"എന്റെ വാരസ്യാരെ, അതില്ല്യാണ്ടെ ഇരിക്കോ, പെറ്റമ്മയല്ലേ. പിന്നെ ഇത് പണ്ടത്തെ കാലൊന്നും അല്ലല്ലോ. ഉണ്ണിക്കുട്ടന്റെ പ്രായത്തില് തങ്കപ്പനും രാജപ്പനും ഒക്കെ മുറ്റത്തന്ന്യായിരുന്നു. ഇപ്പൊ ആലോചിക്കുമ്പോ പേടിയാവ്ണു. ഉണ്ണിക്കുട്ടൻ എവിട്യാ."
"മഞ്ജുവിന്റെ അച്ഛൻ ഉറങ്ങാൻ കിടന്നപ്പോ അവനേം നെഞ്ചത്ത് കെടത്തി. ഇപ്പൊ രണ്ടാളും നല്ല ഉറക്കാ."
"ഇന്ന് ശാന്തവാരസ്യാർ വന്നില്ല്യേ .. ഇവിടൊന്നും കാണാനില്യല്ലോ."
" ഇന്ന് വന്നില്ല്യാ, മോട്ടോർ നന്നാകാൻ ആരോ വരുംന്ന് പറഞ്ഞു."
"ന്നാ, ഞാനങ്ങട്ട് പോയിട്ട് വരാം. തങ്കപ്പന്റെ അച്ഛന് ചായ ഉണ്ടാക്കി കൊടുത്ത് ഒരു അഞ്ചര ആവുമ്പോൾ ഇങ്ങട്ട് വരാം. വാരസ്യാർ ആ പറമ്പ്ന്ന് പൂവൊക്കെ പറിച്ചുകൊണ്ടേരണ വരെ ഉണ്ണിക്കുട്ടനെ ഞാൻ നോക്കിക്കോളാം."
"കല്യാണി പോവുമ്പോ ആ പടിയൊന്നു കുറ്റി ഇട്ടോളൂട്ടോ."
പത്രം വായന അച്ഛന്റെ കാലത്ത് തൊട്ടുള്ള ശീലം ആണ്. കുട്ട്യോൾ ആയപ്പോൾ പത്രവായന ഉച്ചക്കായി. കുട്ടിയായിരിക്കുമ്പോൾ മഞ്ജു ഉറങ്ങാറുണ്ട്, കണ്ണൻ മഹാ വികൃതി ആയിരുന്നു, അവന് ഉറക്കം ഇല്യാന്നന്നെ പറയാം. കുട്ട്യോൾടെ അച്ഛൻ ജോലി ചെയ്തിരുന്ന അതെ സ്‌കൂളിൽ തന്നെയാണ് രണ്ടുപേരേം ചേർത്തത്. കാലത്ത് അവർ പോയിക്കഴിഞ്ഞാൽ പത്രം മുഴുവൻ അരിച്ചുപെറുക്കി വായിക്കും. അന്നൊക്കെ അത്യാവശ്യം എഴുതാറുണ്ടായിരുന്നു. കൊച്ചു കൊച്ചു കവിതകളും, ചെറുകഥകളും ഒക്കെയായി. മഞ്ജു പ്രസവത്തിനു വന്നതിനുശേഷം പത്രം വായന സമയം കിട്ടുമ്പോൾ മാത്രമായി. ഇപ്പൊ ഉണ്ണിക്കുട്ടന്റെ സൗകര്യം നോക്കണം.
പത്രം വായിച്ചു കഴിഞ്ഞു അടുക്കളയിൽ കയറി ചായക്ക് വെള്ളം വെച്ചു. അകത്തളത്തിൽ എന്തോ ശബ്ദം കേട്ട് പോയിനോക്കിയപ്പോൾ മുത്തച്ഛനും കൊച്ചുമോനും മൂത്രത്തിൽ കുളിച്ച് കിടപ്പാണ്. ഉണ്ണിക്കുട്ടനെ എടുത്ത് കഴുകിച്ചു ജെട്ടി മാറ്റി ഇട്ടു. മഞ്ജുവിന്റെ അച്ഛൻ പോയി മുണ്ട് മാറ്റി വന്ന് ഉണ്ണിക്കുട്ടനെ എടുത്തു.
വെയിലാറിയാൽ മഞ്ജുവിന്റെ അച്ഛന് അമ്പലനട വരെ പോയാൽ പിന്നെ ദീപാരാധന കഴിഞ്ഞേ മാത്രമേ വരാറുള്ളൂ. ഇനിയിപ്പോൾ അത് എത്ര മാത്രം പറ്റും എന്ന് അറിയില്ല. ഇന്നെന്തായാലും കല്ല്യാണി വരും അതുകൊണ്ട് പ്രശ്‍നമില്ല.
കല്ല്യാണിയുടെ ഭർത്താവ് പുരുഷുവിന്റെ അച്ഛൻ വേലു ഈ വാര്യത്തെ ഒരു കാര്യസ്ഥനെ പോലെയായിരുന്നു. വേലുവിന് വയ്യാതായപ്പോൾ പുരുഷു ആ ജോലി ഏറ്റെടുത്തു. അച്ഛന്റെ കാലം തൊട്ട് പാടത്ത് നെൽകൃഷി നോക്കിനടത്തുന്നത് വേലുവാണ്. കഴിഞ്ഞ കുറെ വര്ഷങ്ങളായി പുരുഷുവാണ് വിത്തിറക്കുന്നത്. കൊയ്ത് കഴിഞ്ഞാൽ ഒരു ചാക്ക് കുത്തരി വാര്യത്ത് കൊണ്ടുവന്നു തരും. പിന്നെ പറമ്പിൽ അത്യാവശ്യത്തിന്ന് പച്ചക്കറിക്യഷി ഉണ്ട്. വീട്ടിൽ ഉപയോഗം കഴിഞ്ഞു ബാക്കി കൊണ്ടുപോയി അങ്ങാടിയിൽ വിറ്റ് അതിന്റെ പൈസയും പുരുഷു എടുക്കും. ഇവിടെ എന്ത് വിശേഷം ഉണ്ടായാലും പുരുഷു വീട്ടിലെ ഒരംഗം പോലെ തന്നെയാണ്.
കല്ല്യാണിയെ കാവലാക്കി പോയി പൂക്കൾ പറിച്ച് വന്ന് ഇരിക്കുമ്പോഴേക്കും മഞ്ജുവിന്റെ ഫോൺ വന്നു. ഇനി രാത്രി വീഡിയോകാൾ ചെയ്യും, അതാണ് പതിവ്.
സെറിലാക് കലക്കി ഉണ്ണിക്കുട്ടനെ മടിയിൽ കിടത്തി സ്‌പൂണിൽ വായിലേക്ക് ഒഴിച്ചുകൊടുത്തു. കല്ല്യാണി പോകുന്നതിന് മുൻപ് തന്നെ വിളക്ക് കൊളുത്തി പടിഞ്ഞാറേ ഇറയത്തും തുളസിത്തറയിലും തിരി വെച്ചു. മഴക്കുള്ള കോളുണ്ടെന്നു തോന്നുന്നു, പടിഞ്ഞാറുഭാഗത്തുനിന്നും നേരിയ തോതിൽ തണുത്ത കാറ്റു വരുന്നുണ്ട്.
കല്ല്യാണി പോയപ്പോൾ ഉമ്മറത്തെ വാതിൽ അടച്ച് തളത്തിൽ വന്നിരുന്നു. തളത്തിൽ നിന്നും ആണ് മുകളിലെ നിലയിലേക്കുള്ള കോണിപ്പടി ഉണ്ടാക്കിയിരിക്കുന്നത്. അതിന്റെ അടിയിൽ ഒരു ചെറിയ പ്രാർത്ഥനാമുറി ആക്കിയിട്ടുണ്ട്. അതാവുമ്പോൾ കിഴക്കോട്ട് ഇരുന്ന് ജപിക്കാൻ പറ്റും. പ്രാര്ഥനാമുറിയിൽ പണ്ട് അമ്മയുടെ കാലത്തുണ്ടായിരുന്ന മഹാഭാരതം, ഭഗവത്ഗീത, ദേവീഭാഗവതം, രാമായണം തുടങ്ങി പുരാണഗ്രന്ഥങ്ങൾ വെച്ചിട്ടുണ്ട് . കുറെ കാലമായി മുടങ്ങാതെ മാറിമാറി വായിക്കാറുണ്ട്.
ഉണ്ണിക്കുട്ടന് കളിക്കാൻ കുറെ കളിപ്പാട്ടങ്ങൾ ഉണ്ട്. അതിട്ട് കൊടുത്ത് അടുത്തിരുത്തിയാൽ അവൻ കിടന്ന് കളിച്ചോളും.
സ്റ്റാന്റിൽ നിന്നും സ്തോത്രമാല എടുത്ത് ശ്ലോകങ്ങൾ ഉറക്കെ ചൊല്ലാൻ തുടങ്ങി. കീർത്തനങ്ങൾ ഒക്കെ ഉണ്ണിക്കുട്ടൻ കേട്ട് കിടന്നു.
എന്റെ കുട്ടിക്കാലത്ത് അമ്മ ഇതുപോലെ ചെയ്യാറുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട് അതുകൊണ്ടാണത്രെ എനിക്ക് ദൈവഭക്തിയും, ദൈവഭയവും ഉണ്ടായതെന്ന് പറയാറുണ്ട്. മഞ്ജുവും കണ്ണനും കുട്ടികളായിരിക്കുമ്പോൾ ഇതുപോലെ വായിച്ചുകൊടുക്കാറുണ്ട്. രണ്ടുപേർക്കും നല്ലപോലെ ദൈവവിശ്വാസം ഉണ്ട്. അമ്പലത്തിൽ ഉത്സവത്തിനും വിശേഷങ്ങൾക്കും മറ്റും കണ്ണൻ ലീവെടുത്ത് വരാറുണ്ട്.
ഇവിടെ അമ്പലത്തിൽ ശിവരാത്രിയാണ് പ്രധാന ആഘോഷം. പണ്ടുകാലത്ത് നിറമാലയും ചുറ്റുവിളക്കും ശിവരാത്രിക്കും, ഓണത്തിനും വിഷുവിനും മാത്രമേ ഉണ്ടാവാറുള്ളു. ഇപ്പോൾ മാറി, ആഴ്ചയിൽ ഒരിക്കലെങ്കിലും എന്തെങ്കിലും വിശേഷപൂജ ഉണ്ടാവും അന്നൊക്കെ ഓരോ നിറമാലയും ചുറ്റുവിളക്കും. കഴകം പേരിനു മാത്രമേ ഉള്ളു.
"അമ്മായി..." വിളി കേട്ട് പോയി വാതിൽ തുറന്നു. ശാന്തയുടെ മകൻ കുട്ടൻ ആയിരുന്നു.
"ഉണ്ണി ഉറങ്ങാണോ അമ്മായി ?."
"അല്ല, അവൻ എന്റെ നാമം ജപം കേട്ട് കിടക്ക്വ അവിടെ."
കുട്ടൻ പോയി ഉണ്ണിക്കുട്ടനെ എടുത്ത് കൊഞ്ചിക്കാൻ തുടങ്ങി.
"ഉണ്ണ്യമ്മൻ വന്നില്ലേ അമ്മായി. ഇരുട്ടായിലോ.."
"ഇല്ല്യാ, ഇപ്പൊ വരും."
"കുട്ടൻ വന്നുണ്ടോ..." പുറത്തുനിന്നും മഞ്ജുവിന്റെ അച്ഛന്റെ ശബ്ദം കേട്ടു.
" ഉവ്വ് ഉണ്ണ്യമ്മാമാ, ഞാൻ ഇപ്പൊ അമ്മായിയോട് ചോദിച്ചേ ഉള്ളു അമ്മാമൻ വന്നില്ല്യേന്നു. അങ്ങാടീന്ന് എന്തെങ്കിലും വാങ്ങാൻ ഉണ്ടോ,, ഞാൻ വാര്യത്ത് പോവ്വ്വാ, അങ്ങാടീന്ന് ഒരു പാക്കറ്റ് ഗോതമ്പുപൊടി വാങ്ങണം."
"ഇവിടെക്കൊന്നും വേണ്ടാ, പോണ വഴിക്ക് നീയാ ജോണീടെ കടയിൽ കയറി അമ്പലത്തില്ക്ക് ഒരു പാട്ട എണ്ണ എത്തിക്കാൻ പറയണം "
അമ്പലത്തിനടുത്ത് ഒരു പാറുവമ്മായി ഉണ്ടായിരുന്നു, അവരുടെ മകൻ ദിവാകരൻ തെക്കുനിന്നും വിവാഹം ചെയ്തുകൊണ്ടുവന്നതാണ് ശാന്തയെ. ദിവാകരൻ കുറച്ചുകാലം മുൻപ് മരിച്ചിരുന്നു. ശാന്ത പണ്ടുമുതലേ അമ്പലത്തിൽ കഴകത്തിനു സഹായിക്കാൻ വരാറുണ്ട്. അവർക്ക് മറ്റ് വരുമാനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കഴകം അവർക്ക് കൊടുത്തു. ഇപ്പോൾ നല്ല വരുമാനമായി. അമ്പലത്തിൽ തൊഴാൻ ആളുകൾ വരാൻ തുടങ്ങിയപ്പോൾ, വഴിപാടുകൾ കൂടി.
ശാന്തയെക്കൊണ്ട് വലിയ ഉപകാരമാണ്. ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യം ഇല്ല, അടുക്കളയിൽ സിങ്കിൽ പാത്രം വെച്ചിട്ടുണ്ടെങ്കിൽ അതൊക്കെ കഴുകി വെക്കും, പുറത്ത് അലക്കുമ്പോൾ കൂടെ കൂടും. ഭക്ഷണം ഉണ്ടാക്കാനും കൂടെ നിന്ന് സഹായിക്കും. എന്തും പറയാം, പറ്റില്ല എന്നൊരു വാക്ക് പറയില്ല.
ശാന്തയുടെ മകൻ കുട്ടൻ ഇപ്പോൾ പതിനൊന്നിൽ ആണ്. ഞങ്ങൾ അവന് അമ്മായിയും അമ്മാമനും ആണ്. മഞ്ജുവിന്റെ അച്ഛന്റെ ശിഷ്യനും, സഹായിയും ഒക്കെ ആണ്. പത്താം ക്ലാസ്സിൽ നല്ല മാർക്ക് കിട്ടിയപ്പോൾ ഒരു പുതിയ സൈക്കിൾ വാങ്ങിക്കൊടുത്തിരുന്നു. അതുകൊണ്ട് ഏറ്റവും ഉപകാരവും ഇവിടെത്തന്നെയാണ്. എന്തിനും കുട്ടൻ എത്തും, ഇലെക്ട്രിസിറ്റി ബിൽ അടക്കാനും, റേഷൻ സാധനങ്ങൾ വാങ്ങി വരാനും, അങ്ങാടിയിൽ പോയി എന്തെങ്കിലും വാങ്ങി വരാനും ഒക്കെ സൈക്കിളുമായി അവൻ റെഡി.
കുട്ടന്റെ എഞ്ചിനീയറിംഗ് കോച്ചിങ് കണ്ണൻ ആണ് ഏർപ്പാടാക്കിയിരിക്കുന്നത്.കണ്ണൻ പണ്ട് ടൗണിൽ പഠിച്ചിരുന്ന കോച്ചിങ് ക്ലാസ്സിൽ കഴിഞ്ഞ തവണ വന്നപ്പോൾ അവൻ തന്നെയാണ് കൊണ്ടുപോയി ചേർത്തത്. അതിനുള്ള ചിലവുകളും അവൻ തന്നെ നോക്കും.
കാലത്ത് അമ്പലത്തിലെ പണി കഴിഞ്ഞാൽ ശാന്ത ഇങ്ങോട്ട് വരും. മഞ്ജുവിന്റെ അച്ഛൻ സ്‌കൂളിൽ പോയാൽ പിന്നെ ഉണ്ണിക്കുട്ടനെ കുളിപ്പിക്കാനും അവന്റെ കൂടെ ഇരുന്നു കളിക്കുന്നതും മറ്റും ശാന്തയാണ്.
കുട്ടൻ പോയപ്പോൾ ഉണ്ണിക്കുട്ടനെ മഞ്ജുവിന്റെ അച്ഛനെ ഏൽപ്പിച്ച് ഗോതമ്പുദോശ ഉണ്ടാക്കാൻ മാവ് കലക്കിവെച്ചു. വൈകുന്നേരത്തെ ചായ ചൂടാക്കി രണ്ടാളും കുടിച്ചു.
വൈകുന്നേരം കുറച്ച് നേരം സീരിയൽ കാണാൻ ഇരുന്നു. ആ സമയം മഞ്ജുവിന്റെ അച്ഛൻ അമ്പലത്തിലെ കണക്കുകൾ ടീപ്പോയിൽ ഇരുന്നു നോക്കും. അദ്ദേഹം അമ്പലകമ്മിറ്റിയിൽ വളരെ സജീവമാണ്.
സാധാരണ ഉറങ്ങുന്നതിനു മുൻപ് മഞ്ജു വിളിക്കുന്നതാണ്. ഇന്ന് വിളിച്ചില്ല, മാത്രമല്ല രണ്ടു പേരുടെയും മൊബൈൽ ഓഫും ആണ്. എന്ത് പറ്റി ആവോ. വല്ല സിനിമയ്ക്കും പോയിക്കാണും.
ഒരിക്കൽ കൂടി രണ്ടുപേരെയും ഫോണിൽ വിളിക്കാൻ ശ്രമിച്ചശേഷം, ഞാൻ അടുക്കളയിലേക്ക് പോയി. മുത്തച്ഛനും ഉണ്ണിക്കുട്ടനും ഡൈനിങ്ങ് റൂമിൽ വന്നിരുന്നു. പാൽ ആറ്റി ബോട്ടിലിൽ ഒഴിച്ച് മഞ്ജുവിന്റെ അച്ഛന്റെ കൈയ്യിൽ കൊടുത്തു.
പാലുകുടിച്ച് കഴിഞ്ഞു കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും അവനെ കളിപ്പിക്കണം ഇല്ലെങ്കിൽ രാത്രി ഉറക്കത്തിൽ ശർദ്ദിക്കാനും മതി. ഒരു മാസം മുൻപ് ഉണ്ണിക്കുട്ടൻ രാത്രി ഉറക്കത്തിൽ ശർദ്ധിച്ചു ഇടത്തൊണ്ടയിൽ കുടുങ്ങി ആകെ പരിഭ്രാന്തി ഉണ്ടാക്കിയതാണ്. അന്ന് ഡോക്ടർ പറഞ്ഞിരുന്നു പാലുകൊടുത്ത ശേഷം ഉറങ്ങുന്നതിനു മുൻപ് കുറച്ച് സമയം കളിപ്പിച്ച് പാൽ ദഹിക്കാനുള്ള സമയം കൊടുക്കണമെന്ന്. ഇപ്പോൾ കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് അവനു പാല് കൊടുക്കും.
അത്താഴത്തിനുള്ള ഗോതമ്പുദോശ ഉണ്ടാക്കി ഞങ്ങൾ രണ്ടു പേരും കഴിച്ചു. പാത്രങ്ങൾ എല്ലാം കഴുകി വരുമ്പോഴും ഉണ്ണിക്കുട്ടൻ ഡൈനിങ് റൂമിൽ കിടന്നു കളിക്കുന്നുണ്ടായിരുന്നു. കുറെ നേരം അവിടെ ഇരുന്നു അവനെ കളിപ്പിച്ചു.
മടിയിൽ കിടത്തി ഒന്ന് താരാട്ടുമൂളിയപ്പോൾ പത്തു മിനുറ്റിനുള്ളിൽ ഉണ്ണിക്കുട്ടൻ ഉറങ്ങി. പകൽ അധികം ഉറങ്ങാത്തതിനാൽ അവൻ നന്നായി ഉറങ്ങും.
ഉണ്ണിക്കുട്ടനെ കട്ടിലിൽ കിടത്തി അവനെ കെട്ടിപ്പിടിച്ചു കിടന്നു.
ഒരുറക്കം കഴിഞ്ഞപ്പോൾ എന്തോ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ഉണ്ണിക്കുട്ടനെ മുത്തച്ഛന്റെ അടുത്തേക്ക് നീക്കി കിടത്തിയപ്പോഴേക്കും വാതിലിൽ വീണ്ടും തട്ടുന്ന ശബ്ദം കേട്ടു. വാച്ചുനോക്കി, ഒന്നരയായിരിക്കുന്നു. ആരാണാവോ ഈ അസമയത്ത്. അമ്മാമന് വല്ല അസുഖവും? വടക്കേലെ നാണുമേനോന്റെ അമ്മ ദാ ഇപ്പൊ എന്ന് പറഞ്ഞു കിടപ്പുണ്ട്, ഇനി അവരാണാവോ..മനസ്സിൽ ഒരായിരം കാരണങ്ങൾ മാറിമറിഞ്ഞു.
തളത്തിലെയും വരാന്തയിലേയും ലൈറ്റ് ഇട്ട് വരുമ്പോഴേക്കും മഞ്ജുവിന്റെ അച്ഛനും ഉണർന്നു എഴുന്നേറ്റ് വന്നിരുന്നു.
വാതിൽ തുറന്ന് വന്ന അതിഥികളെ കണ്ടു അമ്പരന്നു പോയി. മഞ്ജുവും ജയനും.
"ഇതെന്താ അപ്രതീക്ഷിതമായി, വൈകുന്നേരം വിളിച്ചപ്പോകൂടി നീയ്യൊന്നും മിണ്ടീല്ല്യാ,"
"അമ്മയ്ക്ക് ഒരു സർപ്രൈസ് ആയിക്കോട്ടേന്ന് കരുതി. ഞാൻ വൈന്നേരം വിളിച്ചപ്പോൾ ഞങ്ങൾ എയർപോർട്ടിൽ പോകാനിറങ്ങിയതായിരുന്നു."
"ജയന്റെ അമ്മയ്ക്കും അച്ഛനും അറിയോ?"
"ഇല്ല്യ,, നാളെ അവർക്കും കൊടുക്കണം ഒരു സർപ്രൈസ്. കണ്ണനോട് മാത്രേ പറഞ്ഞിട്ടുള്ളൂ." ബാഗ് തളത്തിൽ വെച്ച് മഞ്ജു ഉണ്ണിക്കുട്ടനെ എടുക്കാൻ പോയി.
"അമ്മേടെ കുട്ടനെടുത്തു..." മഞ്ജു ഓടിച്ചെന്ന് ഉറങ്ങുന്ന ഉണ്ണിക്കുട്ടനെ കയ്യിലെടുത്തു. മഞ്ജുവിന്റെ തുരുതുരെയുള്ള ഉമ്മ കിട്ടിയിട്ടാവാം ഉണ്ണിക്കുട്ടൻ കണ്ണുതുറന്നു. ആദ്യം കുറച്ച് പരിചയക്കേട് കാണിച്ചുവെങ്കിലും അവനു പെട്ടെന്നോർമ്മ വന്നു എന്ന് തോന്നുന്നൂ..
"അയ്യോടാ.. നീയ്യങ് ഉണ്ടപ്പക്രുസായല്ലോ.." യാതൊരു ഭാവവ്യതാസവുമില്ലാതെ ഉണ്ണിക്കുട്ടൻ മഞ്ജുവിനെ നോക്കിക്കൊണ്ടേയിരുന്നു.
"ജയേട്ടന് ദുബായിൽ ഒരു ജോലി ശരിയായി. അടുത്താഴ്ച പോയി ജോയിൻ ചെയ്യണം. ഞാൻ ഒറ്റക്ക് ഡൽഹിയിൽ കഴിയണ്ടേ. ഇപ്പോൾ നാലുമാസത്തെ ലീവിൽ ആണ്. പിന്നീട് എങ്ങിനെ വേണമെന്ന് തീരുമാനിക്കാം "
"നിങ്ങള് എന്തെങ്കിലും കഴിച്ചോ "
" ഫ്ലൈറ്റിൽ നിന്നും കഴിച്ചതാ. ഇനി ഒന്നും ഇപ്പോൾ വേണ്ട, ദഹനക്കേടാവും " ജയൻ പറഞ്ഞു.
" അച്ഛാ, അച്ഛന്റെ ശിഷ്യൻ എബ്രഹാമിനെ കണ്ടിരുന്നു. ഇപ്പോ രാഷ്ട്രീയത്തിൽ നല്ല നിലയിലാണ്. ട്രാൻഫർ ശരിയാക്കിത്തരാംന്ന് പറഞ്ഞിട്ടുണ്ട്. എന്തായാലും ജയേട്ടൻ അവിടെ പോയി നോക്കട്ടെ കാര്യങ്ങൾ ഒക്കെ എങ്ങിനെയാണെന്ന്. എന്നിട്ട് ഒരു തീരുമാനമെടുക്കാമെന്ന് കരുതി. "
"ഒരു മാഷായതു കൊണ്ട് നല്ലൊരു ശിഷ്യ സമ്പത്ത് നേടി. വേറേ എന്താ വേണ്ടേ." മഞ്ജുവിന്റെ അച്ഛൻ പറഞ്ഞു.
മഞ്ജുവിന്റെ തോളത്ത് കിടന്ന ഉണ്ണിക്കുട്ടൻ എന്നെ ഒന്ന് നോക്കി. പിന്നെ മഞ്ജുവിനെ തോളിൽ കിടന്നു.
അസമയത്താണെങ്കിലും യാത്ര കഴിഞ്ഞുവന്നതല്ലേ. രണ്ടുപേർക്കും ചായയുണ്ടാക്കി കൊടുത്തു. അപ്പോഴേക്കും സമയം രണ്ടര ആയിട്ടുണ്ടായിരുന്നു.
രണ്ടുദിവസം മുൻപ് ശാന്ത മുകളിൽ പോയി മുറികൾ അടിച്ചുതുടച്ചത് നന്നായി. ഇല്ലെങ്കിൽ അവിടെ കിടക്കാൻ പറ്റില്ല. മഞ്ജുവും ജയനും ഉണ്ണിക്കുട്ടനെയും കൂട്ടി മുകളിലെ നിലയിൽ കിടക്കാൻ പോയി. ഞങ്ങൾ കിടപ്പുമുറിയിലേക്കും. ഇനി അഞ്ചു മണിക്ക് എഴുന്നേൽക്കണം. തേവർക്കുള്ള മാല കെട്ടണം.
ഉറക്കത്തിലും എന്റെ കൈ ഉണ്ണിക്കുട്ടന് വേണ്ടി അറിയാതെ പരതിപ്പോയി. അവന്റെ ശരീരത്തിൽ നിന്നും വരുന്ന ജോൺസൻ ബേബി പൗഡറിന്റെ മണം ഈ കാലത്തിനുള്ളിൽ വല്ലാത്തൊരു ശീലമായി മാറിയിരുന്നു.
"അമ്മെ.." മഞ്ജുവിന്റെ വിളി കേട്ട് നോക്കിയപ്പോൾ, ഉണ്ണിക്കുട്ടനെയും എടുത്ത് അവൾ നിൽക്കുന്നുണ്ടായിരുന്നു. ഉണ്ണിക്കുട്ടൻ രണ്ട് കൈയ്യും എന്റെ നേർക്ക് നീട്ടി എങ്ങിക്കൊണ്ടിരുന്നു.
" ഉണ്ണിക്കുട്ടന് വല്ലാത്ത വാശി, പരിചയക്കേടാവും. അവൻ അമ്മേടെ കൂടെ തന്നെ കിടക്കട്ടെ, ആറാം മാസം അവനെ ഇട്ടുപോയ അമ്മയല്ലേ ഞാൻ, അതിന്റെ ശിക്ഷ അവൻ തര്വാന്നാ തോന്നണേ.."
"നിയ്യൊന്ന് മിണ്ടാണ്ടിരിക്ക്, പരിചയക്കേടുണ്ടാവും. അവൻ ഇവ്ടെ കെടന്നോട്ടെ , ഉറങ്ങിക്കഴിഞ്ഞാൽ എവ്ടെ കെടന്നാലെന്താ.."
"ഞങ്ങൾ എഴുന്നേൽക്കാൻ വൈകും. നല്ല യാത്രാക്ഷീണം ഉണ്ട്"
ഉണ്ണിക്കുട്ടനെ കിടക്കയിൽ കിടത്തി, ലൈറ്റ് ഓഫ് ചെയ്ത് മഞ്ജു മുകളിലെ നിലയിലേക്ക് പോയി. ഉണ്ണിക്കുട്ടൻ എന്നോട് ചേർന്ന് കിടന്നു.
അവനെ മാറോടണച്ച് കിടന്നപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു വാത്സല്യം തോന്നി. ഏതൊരു സ്ത്രീയുടെയും ജീവിതത്തിൽ ഇതുപോലെ അമൂല്യമായ ഒരവസരം വരും, അമ്മമ്മയായാലും അച്ഛമ്മയായാലും, വീണ്ടുമൊരിക്കൽക്കൂടി മാത്യത്വത്തിന്റെ സുഖം നുകരാൻ. ആ ആത്മനിർവൃതി ആവോളം പുകർന്ന് കണ്ണുകളടച്ച് കിടന്നു, അടുത്ത പ്രഭാതത്തിനായി...
(അവസാനിച്ചു)
ഗിരി ബി. വാരിയർ
16 ഒക്ടോബർ 2018

Comments
Post a Comment