പടികളില്ലാത്ത വീട്
“ഇതു പോലെ ഉയർന്നും താഴ്ന്നും കിടക്കുന്ന പ്രദേശത്ത് ചവിട്ടുപടികളില്ലാതെ ഇല്ലാതെ വീട് പണിയുക എന്ന് പറഞ്ഞാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല "
"സാജു, ഒരൊറ്റ ചവിട്ടുപടി ഉണ്ടാവാതെ വീട് പണിയാനുള്ള രൂപരേഖ ഉണ്ടാക്കാനാണ് ഒരു ആർക്കിടെക്റ്റ് ആയ നിന്നെ വിളിച്ചത്. അല്ലെങ്കില്‍ ഏതെങ്കിലും ഒരു ആശാരിയെ കൊണ്ട് ചെയ്യിക്കാവുന്ന കാര്യമല്ലേ.”
“ഞാന്‍ ശ്രമിക്കാം മാധവാ , എനിക്ക് രണ്ടു ദിവസത്തെ സമയം താ. വാസ്തുശാസ്ത്രവും നോക്കണമല്ലോ”
" സാജു, പിന്നെ ബജറ്റിൽ ഒതുങ്ങണം, ഞാൻ പട്ടാളത്തിലാണ്, പേർഷ്യയിലല്ലാ അതോർമ്മ വേണം"
സാജു എന്റെ കളിക്കൂട്ടുകാരനാണ്. പ്രിഡിഗ്രി കഴിഞ്ഞു ഞാന്‍ രാജ്യസ്നേഹം മൂത്ത് പട്ടാളത്തില്‍ പോയപ്പോള്‍, അവന്‍ ആർക്കിടെക്ച്ചറിൽ ബിരുദമെടുത്ത് ഇപ്പോള്‍ സ്വന്തമായി ഒരു സ്ഥാപനം നടത്തുകയാണ്
അച്ഛനും അമ്മയ്ക്കും പ്രായമാവുകയാണ്, പണ്ട് അമ്മയ്ക്ക് ഭാഗം കിട്ടിയ തറവാട്ടിലാണ് ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇപ്പോള്‍ തറവാട് നില്ക്കുന്നത് റോഡില്‍ നിന്നും വളരെ ഉള്ളിലാണു്. പുതിയ വീട് പണിയുമ്പോള്‍ അത് മുൻപിൽ റോഡിനോട് ചേർന്ന് പണിയണം.
ഇപ്പോൾ പടിപ്പുര കടന്നു ഒരു നടവഴിയാണ് പിന്നെ ഒരു പത്ത് ചവിട്ടുപടി കയറി വേണം മുറ്റത്തെത്താന്‍, മുറ്റത്ത് നിന്നു ഇറയത്തേക്ക് കയറാനും, ഇറയത്തു നിന്നും ഇടനാഴിയിലേക്കും, അടുക്കളയില്‍ നിന്നും വടക്കേ ഇറയത്തേക്ക് ഇറങ്ങാനുമായി വടക്കേ ഇറയത്തുനിന്ന് മുറ്റത്തേക്ക് ഇറങ്ങാനും ഒക്കെ ആയി സർവത്ര ചവിട്ടുപടികൾ. ഇതൊന്നും പോരാതെ രണ്ടു മുറികള്‍ രണ്ടാം നിലയിലും. വീട് മുഴുവന്‍ തൂത്തുവാരലും, പൊടി തട്ടലും ഒക്കെ ആയി ദിവസവും ഒരു നൂറുവട്ടം ഈ പടികള്‍ മുഴുവന്‍ അമ്മയ്ക്ക് ചവിട്ടിയിറങ്ങണം.
അച്ഛനാണെങ്കില്‍ വിട്ടുമാറാത്ത നടുവേദനയും മറ്റും ഇപ്പോൾത്തന്നെ ഉണ്ട്, ഇനി പ്രായം കൂടുംതോറും അത് കൂടാനേ വഴിയുള്ളൂ. അതും പോരാതെ രാഗിയും മോളും കൂടിയായാൽ കൂടുതൽ വിഷമമാവും കാര്യങ്ങൾ.
കുട്ടിയായിരുന്നപ്പോള്‍ അധിക സമയവും ചിലവഴിച്ചത് ഈ പടിപ്പുര മുതല്‍ മുറ്റം വരെയുള്ള നടവഴിയിൽ ആയിരുന്നു. അമ്മയും അച്ഛനും ജോലിക്ക് പോകാറുണ്ടായിരുന്നു. അമ്മമ്മ വീട്ടില്‍ ഉണ്ടാവാറുണ്ട്, ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു മുത്തച്ഛന്‍ ജോലിയില്‍ നിന്നും വിരമിച്ചത്. മുത്തച്ഛൻ അധിക സമയവും മുറ്റത്തും തൊടിയിലുമൊക്കെ എന്തെങ്കിലും പണികളിൽ മുഴുകിയിരിക്കും.
ഈ മുറ്റത്തും തൊടിയിലും ഓടിക്കളിച്ച് ഒഴിവു സമയങ്ങളിൽ അച്ഛന്റെ കൂടെ പറമ്പിലെ പണികൾക്കൊക്കെ സഹായിച്ച് അണ് കുട്ടിക്കാലം ചിലവഴിച്ചത് . അന്ന് കളിക്കാന്‍ ചെറിയമ്മയുടെയും വല്ല്യമ്മയുടെയും, അമ്മാമന്മാരുടെയും ഒക്കെ മക്കളും അയല്പക്കത്തെ കുട്ടികളും ആയി ഒരു കുട്ടിപ്പട്ടാളം തന്നെ ഉണ്ടായിരുന്നു. പിന്നെ ഓരോരുത്തരായി താമസം മാറിപ്പോയി. പണ്ടത്തെ ജന്മികളായിരുന്നതിനാല്‍ കുറെ പറമ്പ് ഉണ്ടായിരുന്നു. ഭാഗം കഴിഞ്ഞപ്പോള്‍ മൂത്ത മകള്‍ ആയതുകൊണ്ട് വീടും മുൻവശത്തെ പറമ്പും അമ്മയ്ക്ക് കിട്ടി.
എന്റെ മനസ്സിൽ ആദ്യമായ് പട്ടാളത്തിൽ ചേരാനുള്ള ആഗ്രഹത്തിന്റെ വിത്ത് പാകിയത് അച്ഛന്റെ ഒരു ബന്ധുവായ കേശുമാമൻ ആണ്.
പട്ടാളത്തിൽ നിന്നും വിരമിച്ചയാളാണ് കേശുമാമൻ. അദ്ദേഹത്തിന് സ്ഥിരമായി ഡയറി എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നു. കേശുമാമന്റെ അറുപതാം പിറന്നാളിന് ഞാനും പോയിരുന്നു, അദ്ദേഹത്തിന്റെ മുറിയിൽ മേശപ്പുറത്ത് വെച്ചിരുന്ന ഡയറി എന്റെ ശ്രദ്ധയിൽ പെട്ടു. ഞാനത് സാവധാനം എടുത്ത് മറിച്ചു നോക്കി. ശരിയും തെറ്റുമൊന്നും അറിയാനുള്ള സാമാന്യവിവരം അന്നുണ്ടായിരുന്നില്ല. ഞാൻ ആ ഡയറി തുറന്ന് വായിച്ചു.
" നാളെ അറുപത് വയസ്സ് തികയുന്നു. എന്റെ ജീവിതം സഫലമായി എന്ന സന്തോഷം ഉണ്ട്. രാജ്യത്തിനുവേണ്ടി ഒരു ജീവിതം മാറ്റി വയ്ക്കുക എന്നതിൽ പരം നല്ല മറ്റൊരു കാര്യം എന്താണുള്ളത്. ഒരു തൊഴിൽ ആയല്ല മറിച്ച് ഒരു കർത്തവ്യമായിത്തന്നെയാണ് ഞാനത് ഏറ്റെടുത്തത്, പരിപൂർണ്ണ ആത്മാർത്തയോടു കൂടി ഇതുവരെ ചെയ്തു, മരണം വരെയും ഞാൻ അത് തുടരുകയും ചെയ്യും. ഒരേ സമയം ഇന്ത്യയിലെ മുഴുവൻ ജനങ്ങളേയും സംരക്ഷിക്കാൻ കഴിയുക, അതും പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാസമില്ലാതെ. ഇന്ത്യയുടെ ത്രിവർണ്ണ പതാകയുടെ മാനം ആകാശത്തോളം ഉയർത്തിപ്പിടിക്കാൻ കഴിയുക ഇതിൽപരം എന്ത് വേണം ഒരാൾക്ക് ഈ ജന്മം... "
ആ വരികൾ എന്റെ മനസ്സിനെ വളരെയധികം സ്വാധീനിച്ചു.
ആ സമയം കേശുമാമൻ അങ്ങോട്ട് വന്നു . ഞാൻ ആ ഡയറി മടക്കി വച്ച് ഒരു ക്ഷമാപണം നടത്തി. കേശുമാമൻ വളരെ ശാന്തമായി ഒരു ചെറു ചിരിയോടെ പറഞ്ഞു.
" മറ്റുള്ളവരുടെ ഡയറിയല്ല വായിക്കേണ്ടത്, സ്വന്തം ഡയറി എഴുതി പിന്നീടെപ്പോഴെങ്കിമൊക്കെ പണ്ടെഴുതിയത് വായിക്കുക. ഞാനൊരു പട്ടാളക്കാരനാണ്, എന്റെ ഡയറിയിൽ അങ്ങിനെ മറച്ചുവെക്കാൻ ഒന്നുമില്ല. ഞങ്ങൾ പട്ടാളക്കാർ ജീവിതത്തിലെ ഓരോ അനുഭവങ്ങൾ പറയാൻ തുടങ്ങിയാൽ ഒരു വിധം എല്ലാവരും മനസ്സിലെങ്കിലും പറയും 'തുടങ്ങി വീരവാദങ്ങൾ എന്ന് '. പിന്നെ ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടാവാൻ ഒരു ഡയറി എഴുതുന്നത് വളരെ നല്ലതാണ്. ഇടയ്ക്ക് സ്വയം ഒരവലോകനം കൂടി ആവാമല്ലോ."
"കേശുമാമാ ശത്രുക്കളുടെ മുൻപിൽ നിൽക്കുമ്പോൾ ഭയം തോന്നാറില്ലേ." ഞാൻ എന്റെ ജിജ്ഞാസ മറയ്ക്കാനാവാതെ ചോദിച്ചു"
"നമ്മൾ കഷ്ടപ്പെട്ട് ജോലി ചെയ്ത് പണമുണ്ടാക്കി ഒരു വലിയ വീട് പണിയണം എന്ന് മോഹിച്ചാൽ പിന്നെ വീട് പണിയണം എന്ന് കേട്ടാൽ നീ പേടിക്കുമോ? ഇല്ല, അത് നേടാനാണ് പിന്നെയുള്ള നിന്റെ ജീവിതം. നമ്മൾ ഏറ്റവും ഭയപ്പെടുന്നത് മരണത്തെയാണ്. ആ വീരമരണം നിന്റെ ജീവിതലക്ഷ്യമാക്കിയാൽ പിന്നെ അവിടെ ഭയമില്ല. അതുപോലെത്തന്നെ ശത്രുക്കൾ പ്രത്യക്ഷമായും പരോക്ഷമായും ഉണ്ട്. പ്രത്യക്ഷമായവരെ നേരിടാൻ ബുന്ധിമുട്ടില്ല അതിന് നമുക്കാവും, എന്നാൽ പരോക്ഷമായവരെ? അങ്ങിനെയുള്ള ശത്രുക്കൾ നമുക്ക് ചുറ്റും ഉണ്ട്, ചിലപ്പോൾ നമ്മുടെ ഉള്ളിലിരുന്ന് നമ്മെ ആക്രമിക്കും. അതിനെ അതിജീവിക്കലാണ് നമ്മുടെ യഥാർത്ഥ വിജയം."
അതിനുശേഷം പല അവസരങ്ങളിലും ഞാൻ കേശുമാമനുമായി ഇതിനെപ്പറ്റി സംസാരിക്കാറുണ്ട്. അദ്ദേഹം തന്നെയാണ് പട്ടാളത്തിലേക്ക് കയറാനുള്ള വഴികളും പറഞ്ഞു തന്നത്. അങ്ങിനെയാണ് NDA ക്ക് പരീക്ഷ എഴുതുന്നത്.
ഡിഗ്രിക്ക് ചേർന്ന സമയത്താണ് എനിക്ക് NDA അഡ്മിഷൻ കിട്ടിയത്. വീട്ടിൽ നിന്നും വളരെയധികം എതിർപ്പുകൾ ഉണ്ടായിരുന്നു. ഒന്നാമത് ഒറ്റ മകൻ, പിന്നെ ജോലി പട്ടാളത്തിലാണെന്ന് വച്ചാൽ മരണത്തിലോട്ടുള്ള ആദ്യ കാൽവെയ്പ് ആണ് എന്നാണ് അച്ഛൻ പറഞ്ഞത്. അന്ന് എന്റെ സഹായത്തിന് വന്നത് കേശുമാമനാണ്. വിവരം അറിഞ്ഞ് ഏറ്റവും കൂടുതൽ സന്തോഷിച്ചതും കേശുമാമനായിരുന്നു.
നാല് കൊല്ലം പഠിച്ചു കഴിഞ്ഞാൽ നേരേ ഓഫീസറാവുമെന്നും, മാത്രമല്ല അവിടെ നിന്ന് വിരമിച്ചാൽ കിട്ടുന്ന ആനുകൂല്യങ്ങളും, സമൂഹത്തിൽ ലഭിക്കുന്ന ബഹുമാനവും ആദരവും ഒക്കെ അച്ഛനോടും അമ്മയോടും പറഞ്ഞ് മനസ്സിലാക്കി അവരുടെ സമ്മതവും അദ്ദേഹംതന്നെ വാങ്ങിത്തന്നു.
പുനെ NDA ഖടക് വാസ്ലയിൽ ആയിരുന്നു ആദ്യത്തെ മൂന്നു വർഷം. എന്നെ അവിടെ കൊണ്ടുപോയി ആക്കാൻ അച്ഛനും അമ്മയും കേശുമാമനും വന്നിരുന്നു. എപ്പോൾ വേണ്ട എന്ന് തോന്നുന്നോ അന്ന് തിരിച്ചു വരണം എന്ന് അച്ഛൻ കേശുമാമൻ കേൾക്കാതെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
ഖടക് വാസ്ലയിൽ ജീവിതം നരക തുല്ല്യം ആയിരുന്നു അത്രയും കഠിനമായിരുന്നു അവിടുത്തെ പരിശീലനം. പലപ്പോഴും എല്ലാം ഇട്ടെറിഞ്ഞ് തിരിച്ചുപോയാലോ എന്ന് വിചാരിച്ചതാണ്, പക്ഷേ അതിനുശേഷമുള്ള നാണക്കേട് ഓർത്ത് എല്ലാം സഹിച്ചു. പല തവണ അപകടങ്ങൾ പറ്റി, ഒരിക്കൽകുതിരയുടെ മുകളിൽ നിന്നും വീണ് തോളെല്ല് പൊട്ടി. നാല് മാസം അതിന്റെ വിശ്രമത്തിൽ ആയിരുന്നു.
നാലാമത്തെ കൊല്ലം ഡെറാഡൂണിലെ സൈനിക മിലിട്ടറി അക്കാദമിയില്‍ ആയിരുന്നു. പാസിങ്ങ് ഔട്ട് ചടങ്ങിൽ പങ്കെടുക്കാൻ വന്നപ്പോൾ ആദ്യമായി അച്ഛന്റെ കണ്ണുകൾ ഈറനണിയുന്നതു കണ്ടു, സന്തോഷാശ്രുക്കൾ.
അങ്ങിനെ യൌവനത്തിന്റെ പ്രാരംഭ കാലം മുതൽ ജന്മനാടിനു വേണ്ടി ജീവിക്കാൻ തുടങ്ങി. ഓഫീസറായി കമ്മീഷണിങ്ങ് കഴിഞ്ഞ് എനിക്ക് ഒരു ഇൻഫെന്റ്രി ബറ്റാലിയനിൽ നിയമനമായി. ആദ്യ നാല് വർഷം അധികം കഠിനമല്ലാത്ത സ്ഥലങ്ങളിൽ ആയിരുന്നു നിയമനം.
സിയാച്ചിനിൽ പോസ്റ്റിങ്ങ് കിട്ടിയ സമയത്താണ് ഞാൻ ഗുരുവിനേപോലെ കരുതിയ കേശുമാമനും ഭാര്യയും, മകളും ഭർത്താവും ഒരു കാറപകടത്തിൽ മരിക്കുന്നത്. കൊച്ചുമകൾ രാഗി ഹോസ്റ്റലിൽ ആയതിനാൽ അവൾ രക്ഷപ്പെട്ടു. ഞാൻ ഈ വിവരം അറിഞ്ഞത് വളരെ വൈകിയാണ്. അത് അറിഞ്ഞഅന്ന് രാത്രി ഞാൻ കുറെ കരഞ്ഞു.
അനാഥയായ രാഗിയെ അച്ഛനുമമ്മയും വീട്ടിൽ കൊണ്ടു വന്നു.
ഈ സംഭവം കഴിഞ്ഞ് എട്ട് മാസം കഴിഞ്ഞാണ് ഞാൻ നാട്ടിലെത്തിയത്. അപ്പോഴെക്കും രാഗി ഞങ്ങളുടെ വീട്ടിലെയൊരു അംഗമായി മാറിയിരുന്നു. ഞാൻ പ്രിഡിഗിക്ക് പഠിക്കുമ്പോൾ ആണ് അവസാനം രാഗിയെ കണ്ടിരുന്നത്. ഇപ്പോൾ അവൾ ആകെ മാറി.
നാട്ടിൽ എത്തിയ അന്ന് ഉച്ചക്ക് ഊണ് കഴിച്ച് ഇറയത്ത് ഇരിക്കുമ്പോൾ ആണ് അവിചാരിതമായി അച്ഛൻ ചോദിച്ചത് ഞാൻ മനസ്സിൽ ഏതെങ്കിലും പെൺകുട്ടിയെ കണ്ടുവെച്ചിട്ടുണ്ടോ എന്ന്. ഇല്ലെന്ന് അറിയിച്ചപ്പോൾ അച്ഛന്റെ മുഖം ആശ്വാസം കൊള്ളുന്ന പോലെ തോന്നി. കുറച്ചു നേരം എന്തോ ആലോചിച്ചു കൊണ്ട് ഇരുന്നു, എന്നിട്ട് വീണ്ടും ചോദിച്ചു
"രാഗിയെ പറ്റി എന്താ നിന്റെ അഭിപ്രായം "
" അച്ഛൻ എന്താണ് ഉദ്ദേശിക്കുന്നത് " ഞാൻ ചോദിച്ചു
"നിനക്കുവേണ്ടി ആലോചിച്ചാലോ എന്ന് അമ്മയ്ക്ക് മോഹം, നിനക്ക് സമ്മതമാണെങ്കിൽ ആവാം എന്ന് ഞാനും പറഞ്ഞു." അച്ഛനത് പറയുമ്പോൾ വളരെ വികാരാധിനനായിരുന്നു.
എന്റെ സമ്മതം ഞാൻ അറിയിച്ചു, പക്ഷേ ഉറപ്പിക്കുന്നതിന് മുൻപ് രാഗിയോട് എനിക്ക് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു.
എന്റെ ജോലിയുടെ രീതിയും അതിലെ അപകടങ്ങളും എല്ലാം ഞാൻ രാഗിയോട് പറഞ്ഞു മനസ്സിലാക്കി. കൂടാതെ രാഗിക്ക് വേറേ ആരെങ്കിലും മനസ്സിൽ ഉണ്ടോ എന്നും ചോദിച്ചു. ഇല്ലെന്നറിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞ കല്ല്യാണാലോചനയുടെ കാര്യം പറഞ്ഞു, അഭിപ്രായവും ചോദിച്ചു.
"മാധേട്ടന് ഇഷ്ടാണോ, എങ്കിൽ എനിക്കും ...." അത്രയും പറഞ്ഞ് ചിരിച്ചു കൊണ്ട് രാഗി അകത്തേക്ക് പോയി.
പിന്നെ എല്ലാം വേഗത്തിലായിരുന്നു. വീട്ടിൽ മരണത്തിന്റെ ക്രൂര വിളയാട്ടം കഴിഞ്ഞ് ഒരു കൊല്ലമാവാത്തതിനാൽ, കല്ല്യാണം വളരെ ലളിതമായ ഒരു ചടങ്ങ് മാത്രമായിരുന്നു. അടുത്ത കുറച്ച് ബന്ധുക്കളും പിന്നെ എന്റെയും രാഗിയുടെയും അടുത്ത കൂട്ടുകാരും മാത്രം. ഒരു മാസത്തെ ലീവ് കഴിഞ്ഞ് ഞാൻ തിരിച്ചു പോയി. രാഗി നാട്ടിൽത്തന്നെ നിന്നു. ഒരു കൊല്ലം കഴിഞ്ഞ് എനിക്ക് ഡൽഹിയിൽ നിയമനമായപ്പോൾ രാഗിയെ കൂടെ കൊണ്ടു വന്നു.
കല്യാണം കഴിഞ്ഞ് ആറ് കൊല്ലം ആയി. ഒരു പെൺകുട്ടിയുണ്ട്, അവൾക്കിപ്പോൾ നാല് വയസ്സായി. അടുത്ത കൊല്ലം അവളെ സ്കൂളിൽ ചേർത്ത് നാട്ടിൽത്തന്നെ സ്ഥിരതാമസം ആകാം എന്നാണ് രാഗി പറയുന്നത്. അമ്മക്കും അച്ഛനും വയസ്സായി അവർക്കും ഒരാൾ വേണമെന്നായി. അതു കൊണ്ടാണ് വീട് പണിയാൻ തീരുമാനിച്ചത്.
പറഞ്ഞ പ്രകാരം രണ്ടു ദിവസം കഴിഞ്ഞപ്പോൾ സാജു പുതിയ പ്ലാൻ കൊണ്ടുവന്നു. എല്ലാവർക്കും അത് വളരെ ഇഷ്ടമായി. നാല് കിടപ്പുമുറികൾ ഉള്ളപടികളില്ലാത്ത ഒരു വീട്. വളരെ ഭംഗിയായിട്ടാണ് അത് വരച്ചിട്ടുള്ളത്.
ഉടനെ തന്നെ പണി തുടങ്ങാനുള്ള നിർദ്ദേശങ്ങളും കൊടുത്തു. അച്ഛൻ മേൽനോട്ടം വഹിക്കാനുള്ളതിനാൽ പണി സുഗമമായി പുരോഗമിച്ചു. പറഞ്ഞപ്രകാരം ഒരു വർഷത്തിനുള്ളിൽ തന്നെ പണി കഴിഞ്ഞു.
രാഗിയേയും മകളേയും നേരത്തേ നാട്ടിലേക്കയച്ചു. ഗൃഹപ്രവേശത്തിനുള്ള നല്ല മുഹുർത്തം നോക്കി സമയം നിശ്ചയിച്ചു. ഇതിനായി അപേക്ഷിച്ച ലീവും കിട്ടി
യാത്രക്കുള്ള ഒരുക്കങ്ങളൊക്കെ ആയി ഇരിക്കുമ്പോഴാണ് അതിർത്തിയിൽ നൂഴ്ന്നു കടക്കുന്നതിന്റെ വിവരം അറിയുന്നതും. എന്നോട് അത്യാവശ്യമായി യൂണിറ്റിൽ ചേരാനുള്ള ഉത്തരവ് വരുന്നതും.
അന്ന് രാത്രി തന്നെ ആർമിയുടെ വിമാനത്തിൽ ശ്രീനഗറിൽ എത്തി. തുടർന്നുള്ള യാത്ര മിലിട്ടറി ട്രക്കുകളിൽ ആയിരുന്നു. എല്ലാ സായുധ -സന്നാഹങ്ങളുമുള്ള ഇരുപതിൽ പരം ട്രക്കുകൾ നിരനിരയായ് പോകുന്നുണ്ടായിരുന്നു. രാത്രിയിലെ ഉറക്കം ശരിയാവാത്തതിനാൽ ഞാൻ ഒന്നു മയങ്ങി. നേരം വെളുക്കുമ്പോഴേക്കും യൂണിറ്റ് ക്യാമ്പിൽ എത്തി. അവിടെനിന്നും ഏതാണ്ട് രണ്ട് മണിക്കൂർ ട്രക്കിംങ്ങ് ചെയ്ത് വേണം ഞങ്ങളുടെ പോസ്റ്റിൽ എത്താൻ. ഞങ്ങൾ മുപ്പത്തിയഞ്ചോളം പേർ ആ പ്ലാറ്റൂണിൽ ഉണ്ടായിരുന്നു.
ഏതാണ്ട് ഒരു മണിക്കൂർ നടന്നു കാണും, പെട്ടെന്നാണ് ഇരുളിന്റെ മറവിൽ ഒളിച്ചിരുന്ന രണ്ട് ഭീകരവാദികൾ ചാടി വീണത്. കൂട്ടത്തിലുള്ള മറ്റുള്ളവർക്ക് പ്രതികരിക്കാൻ കഴിയും മുൻപ് അവർവെടിയുതിർക്കാൻ തുടങ്ങി. മുന്നിൽ നടന്നിരുന്ന എന്നെ അവർ കണ്ടില്ല. മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല, ഞാൻ പിന്നിൽ നിന്നും അവരെ ആക്രമിച്ചു. ഒരാളെ വെടിവെച്ച് വീഴ്ത്തി അപ്പോഴെക്കും അടുത്തയാൾ ഒരു ഗ്രെനേഡ് ലിഡ് മാറ്റി കൂട്ടത്തിന് നേരേ എറിയാൻ ഓങ്ങുന്നത് കണ്ടു. ഞാൻഅയാളെ കയറി വട്ടമിട്ട് പിടിച്ചത് വരെ ഓർമ്മയുണ്ട്.
ഓർമ്മ വരുമ്പോൾ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ആയിരുന്നു. ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. എനിക്ക് ബോധം വന്നു എന്നാരോ വിളിച്ചു പറയുന്നത് കേട്ടു.
ശരീരമാകെ വളരെ ഭാരിച്ച പോലെ തോന്നുന്നുണ്ടായിരുന്നു അപ്പോഴെക്കും നാലഞ്ച് മിലിട്ടറി ഡോക്ടർമാർ അങ്ങോട്ട് വന്നു.
"ക്യാ മാധവൻ സർ, കൈസേ ഹോ?"
ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു പുഞ്ചിരി മുഖത്ത് വരുത്തി ഞാൻ മെല്ലെ തലയാട്ടി.
"ജരാ ഹാത് ഉഠാവോ" ( കൈയ്യൊന്ന് പൊക്കൂ )
വളരെ ഭാരം തോന്നിയെങ്കിലും പതുക്കെ കൈകൾ പൊക്കി.
" അച്ചാ, അബ് പാവ് ഉഠാവോ" (ഇനി കാലൊന്ന് ഉയർത്തൂ )
ഞാൻ ശ്രമിച്ചു, പക്ഷേ അവിടെ കാലുള്ളതായി തോന്നിയില്ല.
" കരോ, കോശിഷ് കരോ " (ഒന്നുകൂടി ശ്രമിക്കൂ.)
തുടക്ക് താഴെ എന്തെങ്കിലും ഉളളതായി തോന്നുന്നില്ല,
ഡോക്ടർ കൈയ്യിലുള്ള ചെറിയ റബ്ബർ ചുറ്റിക കാലിൽ അടിക്കുന്ന പോലെ കാണിച്ചു, ഇല്ല, അടിച്ചില്ല, കാണിക്കുന്നേ ഉള്ളൂ, ഡോക്ടർ എന്താണ്അടിക്കാത്തത്, വെറുതെ ആംഗ്യം കാണിക്കുകയാണോ?
" പാവ് കെ നീച്ചെ പരാലിസിസ് ഹുവാ ലഗ് രഹാ ഹേ , എം ആർ ഐ കരാദോ, ഉസ് കേ ബാദ് ദേക് താ ഹൂ " ( കാലുകൾക്ക് തളർച്ച വന്നിട്ടുണ്ടോഎന്ന് തോന്നുന്നു. എം. ആർ ഐ എടുത്തു നോക്കാം എന്നിട്ട് തീരുമാനിക്കാം).
എന്നിട്ട് എന്നോട് പറഞ്ഞു.
" ഫാമിലി ബാഹർ ഹേ, മിലാത്താ ഹു'' ( പുറത്ത് കുടുംബക്കാർ ഉണ്ട്. വിളിക്കാം)
എന്ത്, രാഗി ഇവിടെ ഉണ്ടോ? അവൾ എപ്പോൾ വന്നു.
ഡോക്ടർമാർ എല്ലാവരും പോയി കുറച്ചു കഴിഞ്ഞപ്പോൾ മുറിക്കകത്തേക്ക് രാഗി കയറി വന്നു. കരഞ്ഞ് കലങ്ങി വീർത്ത കണ്ണുകൾ. അലസമായണിഞ്ഞവസ്ത്രങ്ങൾ. എന്നെക്കണ്ടതും ഓടി വന്ന് എന്നെ പുണർന്നു.
"ദൈവം എന്നെ പ്രാർത്ഥന കേട്ടു, ജീവനോടെ എന്റെ മാധേട്ടനെ എനിക്ക് തന്നല്ലോ"
ഡോക്ടർ അവളോട് എന്റെ അരയ്ക്ക് താഴെ തളർന്ന കാര്യം പറഞ്ഞു എന്ന് തോന്നുന്നു.
"എത്ര ദിവസമായി ഞാൻ ഈ കിടപ്പു തുടങ്ങിയിട്ട് ?"
"ഇന്നേക്ക് ഏഴ് ദിവസമായി. അവർ ആദ്യം ശ്രീനഗറിൽ പ്രാഥമിക ശുശ്രുഷ നൽകി ഡെൽഹിയിൽ ആർ ഏന്റ് ആർ ഹോസ്പ്പിറ്റലിലേക്ക് കൊണ്ടുവന്നു. അറിഞ്ഞയുടൻ ഞങ്ങൾ ഡൽഹിക്ക് പോന്നു. മോൾ അച്ഛന്റെയും അമ്മയുടെയും കൂടെ ക്വാർട്ടറിൽ ഉണ്ട്. ഞാൻ വിളിച്ച്പറഞ്ഞിട്ടുണ്ട്, അവർ വരും."
" അപ്പോൾ ഗൃഹപ്രവേശം?"
'' ഇതിലും വലുതല്ലല്ലോ ചേട്ടാ അത് "
ഉച്ചയായപ്പോഴെക്കും അച്ഛനും അമ്മയും മോളെയും കൂട്ടി വന്നു. അമ്മ കരയുന്നുണ്ടായിരുന്നു. അച്ഛൻ ഒന്നും പറഞ്ഞില്ല, കിടക്കുന്ന എന്റെ തോളിൽമെല്ലെ തട്ടി. അതിന് ഒരായിരം അർത്ഥം ഉണ്ടായിരുന്നു.
എം ആർ ഐ കഴിഞ്ഞ് ന്യൂറോ വിഭാഗം തലവൻ ഒരു മലയാളി ഓഫീസർ വന്നിരുന്നു. കുറച്ചു കാലത്തെ ചികിത്സയും ഫിസിയോ തെറാപ്പിയും ഒക്കെചെയ്താൽ പതുക്കെ പതുക്കെ നടക്കാൻ സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ മാത്രം തിരിച്ചു പോയി. ചടങ്ങുകൾ ഒന്നുമില്ലാതെ ഒരു ചെറിയ പൂജ ചെയ്ത് ഞങ്ങൾ ചെല്ലുമ്പോൾ പുതിയ വീട്ടിൽതാമസിക്കാനുള്ള തയ്യാറെടുപ്പുകൾ അച്ഛൻ ചെയ്യും. എനിക്ക് കുറഞ്ഞത് രണ്ടാഴ്ച്ച അവിടെ കിടക്കേണ്ടി വരും എന്ന് പറഞ്ഞു.
ഒരു ദിവസം ഞങ്ങളുടെ ബ്രിഗേഡ് കമാന്റർ ബ്രിഗേഡിയർ നായക് എന്നെ കാണാൻ വന്നിരുന്നു. അന്ന് ആ ഭീകരവാദിയെ പിടിച്ച് മാറ്റിയപ്പോൾ അവന്റെ കയ്യിലുള്ള ഗ്രെനേഡ് പൊട്ടിത്തെറിച്ച് അവൻ ചിന്നഭിന്നമായി. അപ്പോഴാണ് എനിക്ക് അപകടം പിണഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. ആസമയത്ത് ഞാനത് ചെയ്തില്ലായിരുന്നുവെങ്കിൽ പകുതി പ്ലാറ്റൂണ്‍ ഇല്ലാതാകുമായിരുന്നത്രേ.
കൂടാതെ എന്റെ പേര് ഗാലൻറ്രി മെഡലിനായ് ശുപാർശ ചെയ്തിട്ടുണ്ടു് എന്ന സന്തോഷ വാർത്തയും അദ്ദേഹം അറിയിച്ചു.
എന്തായാലും സർവീസിൽ തുടരാൻ പറ്റില്ല. മെഡിക്കൽ ബോർഡ് ഔട്ട് ആയി. അങ്ങിനെ മുപ്പത്തിനാലാം വയസ്സിൽ ജോലിയിൽ നിന്നും വിരമിക്കുക,സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യം. ഇനി ബാക്കി ജീവിതം നാട്ടിൽ അച്ഛന്റെയും അമ്മയുടെയും കൂടെ.
ഇതുപോലെ പകുതി തളർന്ന എനിക്ക്അവർക്കു വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ് എന്റെ സങ്കടം.
ഒരു പട്ടാളക്കാരന് ജീവിതത്തിൽ നഷ്ടപ്പെടുന്നതൊന്നും ആരും കാണില്ല. കൈവിരലിൽ എണ്ണാവുന്ന അവധി ദിവസങ്ങൾ, അതിനുള്ളിൽ തീരുന്നു എല്ലാആഘോഷങ്ങളും, മക്കളുടെ ജനനം മുതൽ വളർച്ചയുടെ ഓരോ ഘട്ടവും കണ്ടാസ്വദിക്കാനുള്ള ഭാഗ്യം കിട്ടാറില്ല. ഇതിനിടയിൽ മരിക്കുകയോഎന്തെങ്കിലും അംഗവൈകല്യവും വന്നാൽ ഇവരും കുടുംബവും അനുഭവിക്കുന്ന യാതനകൾ. പുറത്ത് നിന്ന് നോക്കുന്നവർ കാണുന്നത് സൌജന്യനിരക്കിൽ കിട്ടുന്ന കുപ്പികളും, മരിച്ചാലോ അപകടം പറ്റിയാലോ ലഭിക്കുന്ന നഷ്ടപരിഹാരങ്ങളോ മാത്രമാണ്.
ചിലപ്പോൾ ശത്രുക്കൾ നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാവും, അവയെ കീഴടക്കൽ ആണ് യഥാർത്ഥ വിജയം എന്ന് കേശുമാമൻ പറഞ്ഞതിന്റെ പൊരുൾഇപ്പോഴാണ് മനസ്സിലായത്. തളർച്ചയുടെ രൂപത്തിൽ എന്നെ അക്രമിച്ച ആ ശത്രുവിനെ ഇല്ലാതാക്കണം. പട്ടാളത്തിലെ വീരശൂരപരാക്രമ കഥകൾ പറഞ്ഞ്മാത്രം കളയാനുള്ളതല്ല എന്റെ ജീവിതം.
ജോലി ചെയ്ത് തന്നെ ജീവിക്കണം അതിന് ഈ അംഗവൈകല്യം ഒരു തടസ്സമാകില്ല.
ഡൽഹിയിലുള്ള കൂട്ടുകാരും സഹപ്രവർത്തകരും കൂടി എന്റെ വീട്ടു സാധനങ്ങൾ ഒക്കെ നാട്ടിലേക്ക് കയറ്റി അയച്ചു. ഞങ്ങൾക്ക് പോകാനുള്ള ടിക്കറ്റും എല്ലാം തയ്യാറാക്കി.
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആകുമ്പോൾ ഒരു ഇലക്ട്രിക്കൽ വീൽ ചെയർ എന്റെ ജീവിതത്തിന്റെ ഒഴിച്ചു മാറ്റാനാവാത്ത ഭാഗമായി തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു
വിമാനമിറങ്ങി കാറിൽ വീട്ടുപടിക്കൽ വന്ന് ഇറങ്ങുമ്പോൾ, പുതിയ വീടിന്റെ മുറ്റത്ത് ഞങ്ങളെ സ്വീകരിക്കാൻ അച്ഛനും സാജുവും ബന്ധുക്കളും കുറെനാട്ടുകാരും ഉണ്ടായിരുന്നു.
ഞാന്‍ പണികഴിപ്പിച്ച പടികളില്ലാത്ത വീട്ടിലേക്ക് വീല്‍ചെയര്‍ ഉരുട്ടിക്കയറുമ്പോള്‍, ഇനിയുള്ള ജീവിതത്തില്‍ തനിക്ക് എത്തിപ്പിടിക്കാനുള്ള ഉയരങ്ങളിലേക്കുള്ള ഒരായിരം പടികള്‍ മനസ്സില്‍ കെട്ടിപ്പടുക്കുകയായിരുന്നു.
ഗിരി ബി വാരിയർ
22 ഫെബ്രുവരി 18

©copyrights protected

Comments
Post a Comment