ഒരു മധുരനൊമ്പരം
"എനിക്ക് വയ്യ നടക്കാന്‍, നിങ്ങള്‍ പോയി വരൂ. ഇന്നലെ മുഴുവന്‍ വിശ്രമല്ല്യാണ്ടെ നടന്നിട്ട് രാത്രി ശരിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല"
"അമ്മ വരൂ, എന്നും ഇങ്ങിനെ ടൂറിനൊന്നും വരാറില്ല്യല്ലോ.."
"വേണ്ട അച്ചു, എനിക്ക് വഴീല് വെച്ച് വയ്യാണ്ടായാല്‍ നിങ്ങളുടെ യാത്രയുടെ രസം കൂടി പോവ്വും"
"അതൊന്നും നോക്കണ്ട, അമ്മ ഒറ്റയ്ക്ക് ഇവിടെ ഇരുന്നാല്‍ ഞങ്ങള്‍ക്കും സമാധാനം ഉണ്ടാവില്ല്യ.
"എന്താ അച്ചു, നിങ്ങള് തെയ്യാറായില്ല്യേ" ചോദിച്ചുകൊണ്ട് കുഞ്ചുവേട്ടന്റെ മകൾ ആതിര വന്നു
"ഞങ്ങള്‍ റെഡി ആണ്, അമ്മ വരിണില്ല്യാത്രേ, നടക്കാന്‍ വയ്യാന്ന്"
"വയ്യെങ്കില്‍ ചിറ്റ വരണ്ടാ, അച്ഛനും വരിണില്ല്യ, രാത്രിതൊട്ട് പനിക്കുന്നുണ്ട്. ഇപ്പൊ മരുന്ന് കൊടുത്തു, ഭേദം ഉണ്ട്."
"എന്താപ്പോ പെട്ടന്നൊരു പനി" ഞാന്‍ ചോദിച്ചു.
"രണ്ടൂസായില്ല്യെ ട്രെയിനില്‍ യാത്ര ചെയ്യുന്നു, പിന്നെ കോയമ്പത്തൂര്‍ നിന്നു രണ്ടു-രണ്ടര മണിക്കൂര്‍ ബസ്സിലും, എല്ലാം കൂടി ആവും."
"അതുപിന്നെ അങ്ങിനെ അല്ലേ, കുഞ്ചുവേട്ടന് ചിങ്ങത്തില്‍ വയസ്സ് അറുപതാവും. എന്നെക്കാളും അഞ്ചു വയസ്സ് മൂത്തതാണ്." ഞാന്‍ പറഞ്ഞു.
"ചിറ്റക്ക് വയസ്സ് അൻപത്തഞ്ചായോ ? " ആതിര ചോദിച്ചു.
"എന്താ, എന്നെ കണ്ടാല്‍ തോന്നില്ല്യെ.." ആതിര ഒന്ന് ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
അപ്പോഴേക്കും കുഞ്ചുവേട്ടന്റെ ഭാര്യ സാവിത്രി അങ്ങോട്ട് വന്നു. എനിക്ക് സുഖമില്ലാത്തതിനാല്‍ പുറത്ത് കറങ്ങാന്‍ കൂടെപ്പോരുന്നില്ല എന്ന വിവരം ആതിര പറഞ്ഞു.
"കുഴപ്പല്ല്യ, വയ്യെങ്കില്‍ സീത വരണ്ട, ഞാൻ കുഞ്ചുവേട്ടന് കൂട്ട് ഇരിക്കാമെന്നാ കരുത്യേ, സീത ഇവിടെ ഉണ്ടെങ്കിൽ ഞാൻ പോകാം "
"ഏട്ടത്തിയമ്മ പൊയ്ക്കോളൂ, ഞാൻ ഇവിടെ ഉണ്ട് "
ഊട്ടിയിൽ റിസോർട്ടിൽ ഒരു നിരയിലെ അഞ്ചു യൂണിറ്റുകൾ ആണ് ബുക്ക് ചെയ്തത്.
ഞാനും അച്ചുവും അവളുടെ ഭര്‍ത്താവ് രാജനും മകള്‍ ആയുഷയും മദ്രാസ്സിൽ നിന്നും വന്നു. ഒരു യൂണിറ്റിൽ ഞങ്ങൾ എല്ലാവരും.
കുഞ്ചുവേട്ടനും ഏട്ടത്തിയമ്മയും ഒരു യൂണിറ്റില്‍. അവരുടെ മൂത്ത മകള്‍ ആരതിയും , ഭര്‍ത്താവ് സുകുമാരനും മകന്‍ ആദിലും മറ്റൊരു യൂണിറ്റില്‍.
കുഞ്ഞുവേട്ടന്റെ രണ്ടാമത്തെ മകള്‍ അനന്യയും ഭര്‍ത്താവ് ശരത്തും ഒരു യൂണിറ്റില്‍.
ബറോഡയിലുള്ള ചെറിയമ്മാമന്റെ മകന്‍ മോഹനും ഭാര്യ രത്നവും ഒരു യൂണിറ്റില്‍ ഉണ്ട്. അവരുടെ മക്കള്‍ അമേരിക്കയില്‍ ആണ്, അവര്‍ രണ്ടു പേരും നേരെ നാട്ടില്‍ വരും.
വല്യമ്മാമൻ ജോലി ചെയ്തിരുന്നത് കൽക്കട്ടയിൽ ആയിരുന്നു. കൂടെ ജോലി ചെയ്തിരുന്ന ഒരു മലയാളി സ്ത്രീയെയാണ് വല്യമ്മാമൻ വിവാഹം കഴിച്ചിരിക്കുന്നത്. അവർ ഏതോ കീഴ്ജാതികാരി ആണെന്ന് പണ്ട് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. അവർ നാട്ടിൽ വരാറില്ല. വല്യമ്മാമൻ എല്ലാ വിശേഷങ്ങൾക്കും വീട്ടിൽ വരും. അദ്ദേഹം മരിച്ചതോടെ അവരാരുമായി ഒരു ബന്ധവും ഇല്ല.
രണ്ടു വർഷം മുന്‍പ് അച്ചു ഉണ്ടാക്കിയതാണ് വാട്സാപില്‍ ഒരു കസിന്‍സ് ഗ്രൂപ്പ്. പിന്നേ ഓരോരുത്തരായി അതിൽ ചേർന്നു. ഇപ്പൊൾ എല്ലാ കസിൻസും ആ ഗ്രൂപ്പിൽ ഉണ്ട്. അങ്ങനെ എല്ലാവരും ചേർന്ന് ഒരു ട്രിപ്പ് സംഘടിപ്പിച്ചത് മോഹനന്റെ ശ്രമത്തിലായിരുന്നു.
മൂന്നു കാറുകളില്‍ ആയി അവർ യാത്ര തിരിച്ചു. എല്ലാവരോടും യാത്ര പറഞ്ഞു മുറിയിലേക്ക് വന്നു.
നാട്ടില്‍ അമ്മയുടെ ഏറ്റവും ഇളയ അനുജന്റെ കൊച്ചുമകളുടെ കല്യാണമാണ്. എല്ലാവരും ഒത്തുചേരുന്നുണ്ട്. അമ്മക്ക് മൂന്നു സഹോദരങ്ങൾ ആണ്. വല്ല്യമ്മാമൻ ആണ് മൂത്തത്. പിന്നെ അമ്മ, അതിന് താഴെ രണ്ടു അനുജന്മാർ. വല്യേട്ടന്റെ മകനാണ് കുഞ്ചുവേട്ടൻ. അമ്മയുടെ നേരേ താഴെയുള്ള അനുജന്റെ മകനാണ് മോഹൻ. മോഹന് ഒരു ചേച്ചി ഉണ്ടായിരുന്നു. അവർ മരിച്ചു പോയി.
യൂണിറ്റിന്റെ പുറത്ത് പുൽത്തകിടിയിൽ ഒരു മേശയും രണ്ട് കസേരകളും ഇട്ടിട്ടുണ്ട്. അവിടെപ്പോയിരുന്നു. വെയിലുണ്ടെങ്കിലും നല്ല തണുത്ത കാറ്റ് വീശിക്കൊണ്ടിരിക്കുന്നുണ്ട്. റൂമിനകത്ത് ഇരിക്കാൻ പറ്റില്ല, വല്ലാത്തൊരു വിമ്മിഷ്ടമാണ്.
എല്ലാവരുമായി ബന്ധമുണ്ടെങ്കിലും കുഞ്ചുവേട്ടനെ മാത്രം കഴിഞ്ഞ മുപ്പത്തിയെട്ടു വര്‍ഷത്തില്‍ ഒരിക്കൽപോലും കണ്ടില്ല. അവർ നാട്ടിൽ വരുമ്പോൾ ഞാൻ അവിടെ ഉണ്ടാവാറില്ല. ചേട്ടത്തിയമ്മ ഒരിക്കൽ മദ്രാസിൽ വീട്ടിൽ വന്നിരുന്നു. അവർ കുറച്ചുപേർ ചേർന്ന് തിരുപ്പതി പഴനി മധുര രാമേശ്വരം തീർത്ഥാടനം പോവുമ്പോൾ ഒരു ദിവസം ഞങ്ങളുടെ വീട്ടിൽ ആയിരുന്നു താമസം.
മനസ്സ് ഭൂതകാലത്തേക്കു ഊളിയിട്ടു .
ഞാൻ പ്രീ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണു് വല്യമ്മാമനും കുഞ്ചുവേട്ടനും ഒരു വേനലവധിക്ക് നാട്ടിൽ വന്നത്. വല്യമ്മാമന്റെ നാലഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള വരവ് ആയിരുന്നു. ഞാൻ കൌമാരത്തിലേക്ക് കാലൂന്നിയ സമയം. അന്ന് സിനിമകളിൽ നായകന്മാർ ധരിച്ചുമാത്രം കണ്ടിരുന്ന പാൻറും ഷർട്ടും ഷൂസും ഒക്കെ ഇട്ട കുഞ്ചുവേട്ടൻ കാണാൻ വളരെ സുന്ദരനായിരുന്നു. ആദ്യമായ് കണ്ടപ്പോൾ തോന്നിയ ആരാധന പിന്നീട് ഒരു പ്രണയമായി ഉരുത്തിരിഞ്ഞു.
കുഞ്ചുവേട്ടനുമായി ഒരു വാക്ക് സംസാരിക്കാൻ തക്കം നോക്കി ഞാൻ നടന്നു. മലയാളം അത്ര വശമില്ലാത്തതിനാൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന പ്രകൃതക്കാരൻ ആയിരുന്നു. തറവാട്ടിൽ തട്ടിൻപുറത്തെ മുറിയാണ് കുഞ്ചുവേട്ടൻ ഉപയോഗിച്ചിരുന്നത്.
അന്നേതോ പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന കുഞ്ചുവേട്ടൻ മുറിയിൽ നിന്നും പുറത്ത് വരാറേ ഇല്ലായിരുന്നു. ഓരോരോ കാരണങ്ങൾ ഉണ്ടാക്കി ഞാൻ കുഞ്ചുവേട്ടന്റെ അരികിൽ പോകാൻ ശ്രമിച്ചു. ചായ കൊടുക്കാനോ , ഊണിന് വിളിക്കാനോ എന്നിങ്ങനെ എന്തെങ്കിലും നിസ്സാര കാര്യത്തിന് ഞാൻ കുഞ്ചുവേട്ടന്റെ മുറിയിൽ പോകും. ചായ കുടിച്ച ഗ്ലാസ് എടുത്ത് മടങ്ങുമ്പോൾ അതിൽ ബാക്കിയുള്ള ചായ ആരും കാണാതെ ഞാൻ കുടിക്കും.
കുഞ്ചുവേട്ടൻ എന്നെ നോക്കി ഒരിക്കൽ പോലും ചിരിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ല. ഒരു മൂളൽ അല്ലെങ്കിൽ ഒരു വാക്ക് അത്ര മാത്രമായിരുന്നു കുഞ്ചുവേട്ടന്റെ പ്രതികരണം.
കുഞ്ചുവേട്ടന്‍ ആകെ പുറത്തിറങ്ങുക വായനശാലയില്‍ പോകാന്‍ ആണ്. ആ കാലത്ത് പത്രം വായിക്കണമെങ്കില്‍ വായനശാലയില്‍ പോകണമായിരുന്നു. ദിവസവും വൈകീട്ട് അഞ്ചു മണിക്ക് പോയാല്‍ പിന്നെ രാത്രിയിലെ വരൂ.
കുഞ്ചുവേട്ടന്റെ ശ്രദ്ധയാകർഷിക്കാൻ ഞാൻ നല്ല വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി, ഒരിക്കൽ ഞാൻ മുല്ലപ്പൂമാല കെട്ടി തലയിൽ ചൂടുന്നതു കണ്ടപ്പോൾ പണിക്കാരി കല്ല്യാണി പറഞ്ഞു, കുട്ടിക്ക് കുറച്ചൂസായിട്ട് ഇത്തിരി ഇളക്കം കൂടീട്ടുണ്ടല്ലോ. എന്തുപറ്റി എന്ന്. ഞാൻ നാണംകൊണ്ട് ചൂളിപ്പോയി.
പലപ്പോഴും ഉള്ളിലെ സ്നേഹം തുറന്നുപറഞ്ഞാലോ എന്ന് ചിന്തിച്ചതാണ് പക്ഷെ ഒരിക്കൽപോലും കുഞ്ചുവേട്ടന്റെ മുഖത്ത് തന്നോട് അങ്ങിനെ ഒരു വികാരം ഉണ്ടെന്നു തോന്നാത്തതിനാൽ പറഞ്ഞില്ല.
ഇരുപത്തിയെട്ടു ദിനങ്ങൾ പോയതറിഞ്ഞില്ല. അവസാനം അവർ തിരിച്ചുപോവുന്ന ദിവസമായി. വല്യമ്മാമനും കുഞ്ചുവേട്ടനും പോകാൻ കാർ വന്നിരുന്നു. ബാഗുകള്‍ ഒക്കെ കയറ്റി, വല്യമ്മാമാന്‍ കാറില്‍ കയറിയിരുന്നു. കുറച്ച് കഴിഞ്ഞിട്ടും കുഞ്ചുവേട്ടൻ വരാതായപ്പോൾ അമ്മാമൻ ആരോടെങ്കിലും മുകളിൽ പോയി കുഞ്ചുവേട്ടനെ വിളിക്കാൻ പറഞ്ഞു. ഞാൻ ഞാൻ മുകളിലേക്ക് പോകുമ്പോഴെക്കും മോഹനൻ ഓടിപ്പോയി കുഞ്ചുവേട്ടനെ താഴേക്ക് കൂട്ടിക്കൊണ്ടുവന്നു. ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ കുഞ്ചുവേട്ടൻ കാറിൽ കയറി പോവുന്നത് നോക്കി നിന്ന് ഞാൻ കരഞ്ഞു, ആരും കാണാതെ.
അത് കഴിഞ്ഞ് ഡിഗ്രി അവസാനവര്‍ഷം പഠിക്കുമ്പോഴാണ് സുരേഷേട്ടന്റെ കല്യാണ ആലോചന വന്നത്. സുരേഷേട്ടന്റെ വീട് ഞങ്ങളുടെ
വീട്ടിനടുത്ത് തന്നെ ആയിരുന്നു. കല്യാണം കഴിഞ്ഞ് മദ്രാസിലേക്ക് ചേക്കേറി. മുപ്പത്തഞ്ചു കൊല്ലത്തെ ദാമ്പത്യജീവിതത്തിൽ ഒരിക്കൽ പോലും എന്റെ കിട്ടാതെ പോയ സ്നേഹത്തെക്കുറിച്ച് ഓർക്കാൻ സുരേഷേട്ടൻ അവസരം തന്നില്ല. അവസാനം ഒന്നും പറയാതെ പെട്ടെന്നൊരു ദിവസം സുരേഷേട്ടന്‍ പോയി. അച്ചു അവൾ ഇഷ്ടപെട്ടയാളെത്തന്നെ ജീവിത പങ്കാളിയാക്കി. ഒരു മകനില്ലാത്ത കുറവ് രാജൻ നികത്തി.
"ഹലോ സീതാ"
പിന്നിൽനിന്ന് കുഞ്ചുവേട്ടന്റെ സീതാ എന്ന വിളികേട്ട് ഞാൻ അറിയാതെ കോരിത്തരിച്ചു പോയി.. കുഞ്ചുവേട്ടൻ ആകെ മാറിയിരിക്കുന്നു. മുടിയെല്ലാം നരച്ചു, പ്രായം മുഖത്ത് കാണാനുണ്ടായിരുന്നു.
ഞാൻ കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു.
"ഇരിക്കൂ... വയ്യായ്ക ഒക്കെ മാറിയോ .."
"ഇന്നലെ യാത്ര ചെയ്തതിന്റെ ഒരു ചെറിയ വയ്യായ്ക, അത്രേ ഉള്ളൂ. കുഞ്ചുവേട്ടന്റെ പനി എങ്ങിനെയുണ്ട്'."
"ചെറിയതായി ചൂടുണ്ടോ എന്ന് സംശയം, അത്രേള്ളൂ. സുരേഷ് മരിച്ച വിവരം ഞാൻ അറിഞ്ഞിരുന്നു. വിളിക്കണമെന്ന് കരുതിയതാണ്. പക്ഷെ എന്തുകൊണ്ടോ അങ്ങിനെ ഒരവസ്ഥയിൽ സീതയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാത്തതിനാല്‍ വിളിച്ചില്ല. സോറി എബൌട്ട് ദാറ്റ് സീതാ "
"സുരേഷേട്ടൻ പെട്ടെന്നങ്ങു പോയി. ഒരു ഹാർട്ട് അറ്റാക്ക്... മുപ്പത്തഞ്ച് കൊല്ലം എന്നെ കരയിക്കാതെ കൊണ്ടുനടന്നു. അടുത്ത ജന്മത്തിലും ഞാൻ തന്നെ ജീവിതപങ്കാളി ആവണം എന്ന് സുരേഷേട്ടൻ എപ്പോഴും പറയുമായിരുന്നു. അതിനു എന്റെ ഈ ജന്മം കഴിഞ്ഞിട്ട് വേണ്ടേ,..." പറഞ്ഞു തീരുമ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
"കരയാതിരിക്കൂ എന്ന് പറയാൻ എനിക്കാവില്ല. വെറും ഇരുപത്തിയെട്ടു ദിവസം മാത്രം കണ്ട നിന്നെ മറക്കാൻ എനിക്ക് ഇന്നും കഴിഞ്ഞിട്ടില്ല. അപ്പോൾ സുരേഷിന്റെ കാര്യം പറയണ്ടല്ലോ. നിന്നെ കാണാന്‍ കൂടി ആവൂലോന്നു കരുതിയാണ് ഞാൻ ഈ വിവാഹത്തിന് വന്നത്. സീതയ്ക്ക് അറിയാലോ, രണ്ട് അറ്റാക്കുകൾ ഞാൻ അതിജീവിച്ചു, അടുത്ത തവണ ആ ഭാഗ്യം കിട്ടുമോ എന്ന് ഉറപ്പില്ല്യ. അതുകൊണ്ട് നിന്നെ കാണണമെന്ന് തോന്നി"
"കുഞ്ചുവേട്ടന് മുപ്പത്തെട്ട് വർഷങ്ങൾക്ക് മുൻപുള്ള ആ ദിവസങ്ങൾ ഓർമ്മേണ്ട് അല്ലെ."
"എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ ദിവസങ്ങൾ, അതു മറക്കാൻ പറ്റ്വോ അങ്ങിനെ ?
ഞാൻ ഒന്നും മിണ്ടാതെ താഴെ പുൽത്തകിടിയിൽ നോക്കിയിരുന്നു.
" സീതയ്ക്കറിയോ, അന്ന് ഞാൻ എന്തൊക്കെയോ സീതയോട് പറയണമെന്ന് മോഹിച്ചിരുന്നു. പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ല. " ഒരു ചെറിയ നിശ്ശബ്ദതക്കു ശേഷം കുഞ്ചുവേട്ടൻ പറഞ്ഞു
"എന്തായിരുന്നു കുഞ്ചുവേട്ടന് എന്നോട് പറയാനുണ്ടായിരുന്നത്? " ഞാൻ പെട്ടെന്ന് എടുത്തുചോദിച്ചു
"അച്ഛൻ നാട്ടിൽ വരുമ്പോൾ കൂടെ വരാനുള്ള യാതൊരു വിചാരവും ഇല്ലായിരുന്നു. അച്ഛന്റെ നിർബ്ബന്ധം കൊണ്ട് മാത്രം ഞാൻ നാട്ടിൽ വന്നതാണ്. പക്ഷേ വന്നിറങ്ങിയപ്പോൾ ആദ്യം കണ്ടത് സീതയെയാണ്. അന്നാദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ നിന്നോടൊരു ഇഷ്ടം തോന്നി. പിന്നീടത് പ്രണയമായി വളർന്നു. "
"പക്ഷേ കുഞ്ചുവേട്ടൻ എന്നെ മുഖമുയര്‍ത്തി ഒന്ന് നോക്കാറും കൂടി ഇല്ലല്ലോ "
"ഞാൻ ഭക്ഷണം കഴിക്കാൻ താഴെ വരാതെയിരിക്കാറുള്ളത് സീത മുകളിൽ വരട്ടെയെന്ന് കരുതിയായിരുന്നു. പക്ഷേ നീ മുൻപിൽ വന്നാൽ ഞാൻ എല്ലാം മറന്നു പോകും. നിന്റെ സാമീപ്യം ഞാൻ മോഹിച്ചിരുന്നു. നീ അടുത്തു വരുമ്പോഴുള്ള ക്യുട്ടിക്കൂറാ പൌഡറിന്റെ മണം, വൈകുന്നേരങ്ങളിൽ നിന്റെ മുടിയിൽ ചൂടിയ മുല്ലപ്പൂവിന്റെ മണം, ചില ദിവസം കാലത്ത് വരുമ്പോഴുള്ള ചെമ്പകപ്പൂവിന്റെ മണം എല്ലാം ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.
അവിടെ ഉള്ള സമയത്ത് ഞാന്‍ ദിവസവും വായനശാലയില്‍ പോകാറുള്ളത് സീതയ്ക്ക് അറിയാമല്ലോ. അവിടെ വെച്ചാണ് ഞാൻ ഒരാളെ പരിചയപ്പെട്ടു . കൂടുതൽ അടുത്തപ്പോൾ അയാൾ മനസ്സുതുറന്നു. നാലഞ്ചു വർഷങ്ങളായി കൊണ്ടുനടക്കുന്ന പ്രണയത്തെ കുറിച്ചു പറയുമ്പോളെല്ലാം അയാൾ വാചാലനായി. ഒരു ജോലി കിട്ടിയാല്‍ ആ കുട്ടിയുടെ വീട്ടില്‍ പോയി പെണ്ണ് ചോദിക്കണമെന്നും ആണ് അയാളുടെ ആഗ്രഹമെന്നും പറഞ്ഞു. ആ കുട്ടി ആരാണെന്നു കൂടി അറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി. അതു നീയായിരുന്നു.
കുഞ്ചുവേട്ടൻ എന്തോ ഓർത്തെടുക്കും പോലെ പറഞ്ഞു തുടങ്ങി.. നിനക്കു എന്നോടുള്ള ഇഷ്ടം എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. എന്നാൽ അയാൾക്ക് നിന്നോടുള്ള സ്നേഹം അതിന്റെ പതിന്മടങ്ങുവരുമെന്ന് തോന്നി. അയാളുടെ സ്നേഹത്തിനു വിലങ്ങുതടിയാവാൻ എനിക്ക് കഴിയുമായിരുന്നില്ല.
ഇക്കാര്യം സീതയോട് പറയണമെന്ന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അച്ഛൻ പോകാൻ തെയ്യാറായി കാറിൽ കയറിയിട്ടും ഞാനിറങ്ങി വരാതിരുന്നത്. നീ വിളിക്കാൻ വരുമ്പോൾ അവന്‍ നിന്നെ ഇഷ്ടപ്പെടുന്ന കാര്യം നിന്നോട് പറയാമെന്ന് കരുതി. പക്ഷേ നീ വന്നില്ല പകരം മോഹനെ അയച്ചു. ഒരുപക്ഷേ അന്ന് നീ വന്നിരുന്നുവെങ്കിൽ ..."
കുഞ്ചുവേട്ടൻ പറഞ്ഞു നിർത്തി.
"ശരിയാണ്, അന്ന് കുഞ്ചുവേട്ടനെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എന്റെ ഇഷ്ടം കുഞ്ചുവേട്ടനോട് പറയാൻ ഞാൻ പലവട്ടം തുനിഞ്ഞതാണ് പക്ഷെ ഞാനൊരു നാട്ടിന്‍ പുറത്തുകാരി, കുഞ്ചുവേട്ടൻ കൽക്കട്ടയിൽ ജനിച്ചു വളർന്ന ഒരു പരിഷ്കാരി. ഒരു പക്ഷേ കുഞ്ചുവേട്ടന്റെ മറുപടി മറിച്ചായിരുന്നുവെങ്കിൽ, അന്ന് അതെനിക്ക് താങ്ങാൻ കഴിയില്ലായിരുന്നു.. അന്ന് കാറിൽ കയറിയ ശേഷം കുഞ്ചുവേട്ടൻ ഒന്ന് തിരിഞ്ഞുനോക്കിയിരുന്നുവെങ്കിൽ കൂടി ഞാൻ അതിൽ ഒരായിരം അർത്ഥങ്ങൾ വായിക്കുമായിരുന്നു "
"സീതാ , നിനക്ക് തോന്നിയത് പ്രണയമല്ലായിരുന്നു, ഒരു മതിമോഹം, ഇംഗ്ലീഷിൽ infatuation എന്ന് പറയാറില്ലേ, അതായിരുന്നു . പക്ഷെ അയാളുടെ കണ്ണുകളിൽ ഞാൻ കണ്ടത് നിന്നോടുള്ള യഥാർത്ഥ സ്നേഹമായിരുന്നു.
"അത് ആരായിരുന്നു കുഞ്ചുവേട്ടാ? ഞാൻ പോലും അറിയാതെ എന്നെ സ്നേഹിച്ചിരുന്നത്." എനിക്ക് അത്ഭുതം അടക്കാൻ കഴിഞ്ഞില്ല"
"അതോ.. സുരേഷ്, അവന്‍ വാക്ക് പാലിച്ചു. അവനു ജോലി കിട്ടിയപ്പോള്‍ വീട്ടുകാർ മുഖാന്തിരം മാന്യമായ് വന്നു നിന്നെ പെണ്ണ് ചോദിച്ചു. നിന്നെ വിവാഹവും കഴിച്ചു."
"ഈശ്വരാ.. സുരേഷേട്ടനോ. എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ മനസ്സിൽ കുഞ്ചുവേട്ടനോട് തോന്നിയ സ്നേഹം ഞാൻ സുരേഷേട്ടനോട് പറഞ്ഞിട്ടുണ്ടായിരുന്നു പക്ഷെ അദ്ദേഹം എന്നോട് ഇക്കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞിട്ടില്ല, ഒന്ന് ചിരിച്ചതല്ലാതെ"
"ഞാന്‍ കൊടുത്ത വിലാസത്തില്‍ സുരേഷ് എനിക്ക് ക്ഷണക്കത്ത് അയച്ചിരുന്നു, അതിനടിയിൽ ഒരു വരിയും, "നന്ദി ഈ ജീവിതം എനിക്ക് ഒരു സമ്മാനമായി തന്നതിന്ന്". ആ ക്ഷണക്കത്ത് എന്റെ ആല്‍ബത്തില്‍ ഇന്നും ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്."
ഇത്രയും പറഞ്ഞു കുഞ്ചുവേട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചു പിന്നെ മൗനം പാലിച്ചു...ആ ആദ്യ പ്രണയം ഒരു മധുരനൊമ്പരമായി ഹൃദയത്തിൽ സൂക്ഷിക്കുന്നു എന്ന് എന്നോട് പറയാതെ പറയും പോലെ.
ആ തെളിഞ്ഞ നീലാകാശത്ത് അപ്പോൾ ഒരു നക്ഷത്രം വെട്ടിതിളങ്ങുന്നുണ്ടായിരുന്നു.. സുരേഷേട്ടൻ എന്നെ നോക്കി ചിരിക്കും പോലെ..
അപ്പോഴേക്കും അമ്മമ്മേ എന്ന് വിളിച്ചുകൊണ്ട് ആയുഷ ഓടിവന്നു, പിറകെ മറ്റുള്ളവരും ഭൂതകാലചിന്തകളിൽ നിന്നും വർത്തമാനകാലത്തേക്ക് വീണ്ടുമൊരു മടക്കയാത്ര
ഗിരി ബി വാരിയർ
06 മെയ് 2018



Comments
Post a Comment