ഒരു സ്വപ്നം ആയിരുന്നെങ്കിൽ..

ഒരു സ്വപ്നം ആയിരുന്നെങ്കിൽ..
.
(ഓര്‍മ്മപുസ്തകത്തില്‍ നിന്നും ഒരധ്യായം)
**********
ഡൽഹിയിൽ ഏപ്രിൽ മാസത്തിലെ ഒരു ഞായറാഴ്ച്ച കാലത്തെ അതികഠിനമായ ചൂട് വകവെക്കാതെ ബൈക്ക് സർവീസ് ചെയ്യാൻ കൊണ്ടുപോയതായിരുന്നു. പണി ഒരു വിധം അവസാനിക്കാറായപ്പോൾ ആണ് നാട്ടിൽ നിന്നും ഫോണ്‍ വരുന്നത്, അമ്മയ്ക്ക് സുഖം ഇല്ല, ആശുപത്രിയില്‍ ആണ്. ഒരു മണിക്കൂറിനുള്ളില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.
രാത്രി 11 മണിക്ക് തൃശ്ശൂരില്‍ അമ്മയെ കിടത്തിയിരിക്കുന്ന ആസ്പത്രിയില്‍ എത്തി. അമ്മയ്ക്ക് ഇപ്പോള്‍ കുഴപ്പം ഒന്നും ഇല്ല, എന്ന് വാര്‍ഡ്‌ നേഴ്സ് അറിയിച്ചു. ICU വിന്റെ നേരേ മുന്നിലെ റൂം ആണ് കിട്ടിയിരുന്നത്, അച്ഛനുമായി രാത്രി വൈകും വരെ സംസാരിച്ചു. രാവിലെ ആറുമണിക്ക് തന്നെ ICUല്‍ പോയി. പരിചയമുള്ള ഡോക്ടര്‍ ആയതിനാല്‍ അമ്മയെ അപ്പോള്‍ തന്നെ കാണാന്‍ സമ്മതിച്ചു.
ഞാന്‍ അകത്ത് ചെല്ലുമ്പോള്‍ കട്ടിലില്‍ കാലുകള്‍ രണ്ടും നീട്ടി ഇരിക്കുന്ന അമ്മ. "നീയെന്തേ ഇത്ര വൈക്യേ..' എന്ന് ഒരു ചോദ്യവും. ഞാന്‍ പറഞ്ഞു രാത്രി എത്തിയപ്പോള്‍ വൈകിയിരുന്നു അതിനാല്‍ കാലത്ത് അമ്മയെ കാണാം എന്ന് കരുതി കാത്തിരുന്നതാണെന്ന് പറഞ്ഞു. അമ്മ രാത്രി മുഴുവന്‍ എന്നെ കാത്തിരുന്നുവത്രേ, ഉറങ്ങിപ്പോയാല്‍ ഞാന്‍ വന്നത് അറിഞ്ഞില്ലെങ്കിലോ എന്ന് കരുതി ഉറങ്ങിയത് പോലും ഇല്ല എന്ന് പറഞ്ഞു.
നാല് ദിവസം കഴിഞ്ഞപ്പോൾ അമ്മയെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത് വീട്ടിലാക്കി. എല്ലാം ശരിയായപ്പോൾ ഞാൻ തിരിച്ചു ഡൽഹിക്ക് പോന്നു.
അത് കഴിഞ്ഞു ഇരുപത് ദിവസം കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് വീണ്ടും അതേപോലെ ഒരു അറ്റാക്ക്‌ ഉണ്ടായി..
കാലത്ത് ഞാന്‍ ഓഫീസില്‍ എത്തി, ഒരു ചായ കുടിച്ച് ഇരിക്കുമ്പോള്‍ ആണ് ബന്ധുവായ ഡോക്ടറുടെ ഫോൺ വന്നത്. അമ്മയ്ക്ക് വയ്യാതെ ഇവിടെ കൊണ്ടു വന്നിരുന്നു, പക്ഷേ കാർഡിയാക് അറസ്റ്റ് ആയി ഇപ്പോൾ വെൻഡിലേറ്ററിലേക്ക് മാറ്റി, പെട്ടെന്ന് വരണം എന്ന് പറഞ്ഞു.
ഒട്ടും സമയം പാഴാക്കാതെ ഉച്ചയ്ക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് പോയി. രാത്രി പത്തു മണിയോടെ ആശുപത്രിയിൽ എത്തി. 'രാത്രി കാണാൻ പറ്റില്ല, രാവിലെ കാണാം' എന്ന് പറഞ്ഞപ്പോൾ അത് പോരാ ഇപ്പോൾ തന്നെ കാണണം എന്ന് ഞാൻ ശാഠ്യം പിടിച്ചു. കട്ടിലിൽ കാലുകൾ നീട്ടി എന്നെ കാത്തിരിക്കുന്ന അമ്മയായിരുന്നു മനസ്സു നിറയെ. നിർബന്ധത്തിന് വഴങ്ങി അവർ അമ്മയെ കാണാൻ അനുമതി തന്നു. പക്ഷേ അമ്മ യാതൊന്നും അറിയാതെ കിടക്കുകയായിരുന്നു. എന്നെ തിരിച്ചറിഞ്ഞില്ല.
അമ്മയെ ഉണര്‍ത്താന്‍ ഞാന്‍ നടത്തിയ ശ്രമമെല്ലാം വിഫലമായി.
പിന്നീട് പതിനെട്ട് ദിവസം അമ്മ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് ആശിച്ച് വെൻഡിലേറ്റർ ICU വിന്റെ മുന്നിലെ ഇരുമ്പു കസേരയിൽ ഞാനും ചേച്ചിയും അച്ഛനും കാത്തിരുന്നു, പക്ഷേ രണ്ടാമതും വന്ന ഹൃദയസ്തംഭനത്തെ അതിജീവിക്കാൻ അമ്മക്കായില്ല.
പിന്നെ മരണാനന്ദര ചടങ്ങുകളൊക്കെ കഴിഞ്ഞു. വരാനിരുന്ന അമ്മയുടെ എഴുപതാം പിറന്നാളിന് ക്ഷണിക്കാനുള്ളവരുടെ ലിസ്റ്റ് അമ്മ തന്നെ ആശുപത്രിയിൽ പോകുന്നതിന് തലേന്ന് ഉണ്ടാക്കി വച്ചിരുന്നു. അതനുസരിച്ച് എല്ലാവരേയും അറിയിച്ചു. എല്ലാ കർമ്മങ്ങളും ഭംഗിയാക്കി തന്നെ നടത്തി.
എല്ലാ ചടങ്ങുകളും കഴിഞ്ഞപ്പോൾ, അമ്മയുടെ മരണ സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി ആശുപത്രിയിൽ പോയിരുന്നു. ഡോക്ടർ റൌഡിന് പോയതിനാൽ ഞാൻ ICU വിന്റെ മുന്നിൽ കാത്തിരുന്നു. ദിവസങ്ങളായി ഉറക്കം ശരിയാവാത്തതിനാൽ ഇരുമ്പു കസേരയിൽ ഇരുന്ന് ഉറങ്ങിപ്പോയി.
"അമ്മിണിയുടെ കൂടെ ആളുണ്ടോ... " എന്ന വിളി കേട്ട് ഞാൻ ഞെട്ടി ഉണർന്നു. അമ്മയുടെ മരണം ഞാൻ കണ്ട ഒരു സ്വപ്നമായിരുന്നു എന്ന് കരുതി സന്തോഷിച്ച് ICU വിന്റെ ഞാൻ വാതിൽക്കലേക്ക് ഓടിച്ചെന്നു.
പക്ഷേ അപ്പോഴേക്കും കറുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി അവിടെ എത്തി സിസ്റ്ററോട് പറഞ്ഞു 'അമ്മിണീടെ മോളാ... '
തൊട്ടടുത്ത നിമിഷം ഞാൻ തിരിച്ചറിഞ്ഞു, അമ്മയുടെ മരണം ഞാൻ കണ്ട സ്വപ്നമല്ല, യാഥാർത്ഥ്യമാണ്.
പക്ഷേ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ഏതാനും നിമിഷങ്ങൾ ആയിരുന്നു അവ. ആ നിമിഷത്തെ സന്തോഷത്തെ നിർവചിക്കാൻ ഇന്നും എനിക്ക് വാക്കുകളില്ല.
ഇന്നും പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് അമ്മയുടെ മരണം ഒരു സ്വപ്നമായിരുന്നെങ്കിൽ ... ഒരു ദിവസം കാലത്ത് ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ് അമ്മയ്ക്ക് ഫോണ്‍ ചെയ്ത് "അമ്മേ, സുഖല്ലേ, ഞാന്‍ ഇന്നലെ രാത്രി ഒരു ചീത്ത സ്വപ്നം കണ്ടു " എന്ന് അമ്മയോട് പറയാൻ കഴിഞ്ഞെങ്കിൽ ...
ഗിരി ബി വാരിയർ
ജനുവരി 16 2018 
©copyrights protected 

Comments