നിയോഗം

"ആശാൻ ചേട്ടാ, നിങ്ങൾക്കിപ്പോ എത്ര വയസ്സായി?" തിണ്ണയിലുരുന്ന് സോക്സ് ഇട്ട് ഷൂസിന്റെ ലെയ്സ് വലിച്ചുകെട്ടി കൊണ്ടിരിക്കുമ്പോൾ രാഹുൽ ചോദിച്ചു.

"എന്റെ മോനേ, അങ്ങിനെ കണക്കുകൂട്ടി പറയാനൊന്നും എനിക്കറിയില്ല, എന്തായാലും ഒരു അറുപത്തിഅഞ്ചൊക്കെ ആയിക്കാണും"

അമ്പലത്തിൽ നിന്നുമിറങ്ങി ചെരുപ്പെടുക്കാൻ വന്നയാൾക്ക് ചെരുപ്പ് എടുത്ത് കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.

ജനിച്ച ദിവസവും സമയവും ഒന്നും അറിയില്ല. ഓർമ്മവച്ചപ്പോൾ മുതൽ തെരുവിലാണ്. രാത്രിയുടെ നിശബ്ദതയിൽ ആരോ വഴിയോരത്തെ ഭിക്ഷക്കാരുടെ ഇടയിൽ ഉപേക്ഷിച്ച് പോയതാണ്. ഇതെല്ലാം രാജമ്മ എന്ന് ഞങ്ങൾ എല്ലാവരും വിളിച്ചിരുന്ന കൂട്ടത്തിലെ വൃദ്ധയായ ഒരു സ്ത്രീ പറഞ്ഞ് കേട്ടിട്ടുള്ള അറിവാണ്.

ജനനത്തിലേ എന്റെ കാലുകൾ തളർന്നതാണോ, അതോ എന്നെ ഇങ്ങിനെ ആരെങ്കിലും വിഗലാംഗൻ ആക്കിയതാണോ എന്നൊന്നും എനിക്കറിയില്ല.

വളരെ കഷ്ടതകൾ നിറഞ്ഞ കുട്ടിക്കാലം. ഞങ്ങൾ പത്തോളം കുട്ടികൾ ഒരു ഭിക്ഷക്കാരുടെ സംഘത്തിലുണ്ടായിരുന്നു. സ്നേഹം, ലാളന അതൊന്നും എന്താണെന്ന് പോലും ഞങ്ങളാരും ഈ ജീവിതത്തിൽ അനുഭവിച്ചില്ല. ചിലപ്പോൾ ഈ വൈകല്യം എനിക്കൊരു ഭാഗ്യമായി തോന്നാറുണ്ട്. പലപ്പോഴും ലാത്തിവീശി പോലീസുകാർ യാചകരെ ഓടിക്കുമ്പോൾ, അതിൽ മനുഷ്യത്യമുള്ള ചിലർ എന്നെ തല്ലാതെ വിടാറുണ്ട്.

സ്നേഹമെന്ന വികാരമെന്തെന്ന് ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ല. ചെറുപ്പത്തിൽ ഏതോ ഒരമ്പലപ്പറമ്പിൽ പ്രദർശിപ്പിച്ച സിനിമയിലാണ് അമ്മ മകനെ കൊഞ്ചിക്കുന്നതും മറ്റും കണ്ടത്. അമ്മയെന്നത് ഒരു സങ്കല്പം അല്ല സത്യമാണെന്നറിവുകിട്ടിയത് അന്നായിരുന്നു

വഴിയിലൂടെ പോകുന്ന ഓരോ സ്ത്രീയും ഞങ്ങൾ യാചകർക്ക് അമ്മയായിരുന്നു.. ആ അമ്മമാരിൽ ചിലർക്ക് ഞങ്ങളോട് അറപ്പ്, ചിലർക്ക് വെറുപ്പ്, ചിലാർക്കാണെങ്കിൽ ദയ, പക്ഷേ സ്നേഹം ആരിലും കണ്ടിട്ടില്ല.

ചെറുപ്പത്തിൽ കുറേ കാലം കൈ കുത്തി നിരങ്ങിയാണ് അങ്ങോട്ടുമിങ്ങോട്ടും എത്തിയിരുന്നത്. ഒരിക്കൽ പുറത്ത് നിന്നും സർക്കസിന്റെ കൂടെ വന്ന ഒരു തമിഴൻ ആണ് എന്നോട് സഹതാപം തോന്നി ഒരു പലകയുടെ അടിയിൽ വണ്ടികളുടെ പഴയ ബെയറിങ്ങ് ഫിറ്റ് ചെയ്ത് ഒരു സൌകര്യം ചെയ്ത് തന്നത്. അതിനു ശേഷം നിരങ്ങി നീങ്ങാനുള്ള ബുദ്ധിമുട്ട് മാറി. പക്ഷെ പലയിടത്തും എത്താന്‍ പറ്റാറില്ല. അംഗവൈകല്യം ഇല്ലാത്തവര്‍ ഒക്കെ പലയിടങ്ങളിലായി ഓരോ പണിയും ചെയ്ത് ജീവിക്കാൻ തുടങ്ങി.

കുറേ വർഷങ്ങൾക്ക് ശേഷം ഭിക്ഷക്കാരുടെ സംഘത്തിന്റെകൂടെ ഒരു ഉത്സവത്തിന് ഭിക്ഷയെടുക്കാൻ പോയതാണ്. കാലില്ലാത്ത ഞാൻ അവർക്ക് ഒരു ഭാരമായിരുന്നു. അതുകൊണ്ടാവാം ഉത്സവത്തിന്റെ തിക്കിലും തിരക്കിലും എന്നെ അവിടെ ഉപേക്ഷിച്ചു പോയത്. പല സ്ഥലങ്ങളിലായി കുറെ അലഞ്ഞുതിരിഞ്ഞു നടന്നുഅവസാനം ഈ ശിവക്ഷേത്രത്തിന്റെ മുൻപിലെ ആൽത്തറയ്ക്ക് താഴെ വരെ എത്തി.

ഈ ആൽത്തറയ്ക്ക് ഒരു പ്രത്യേകത ഉണ്ട്, ഒരു ഭാഗത്ത് ഭൂമിയോട് ചേർന്നും മറുഭാഗത്ത് ഒരാൾ ഉയരവും ഉണ്ട്. അമ്പലമുറ്റം റോഡിൽ നിന്നും കുറച്ച് ഉയരത്തിലായതാണ് ഇതിനു കാരണം.

"അപ്പോൾ ഭിക്ഷക്കാരനായിരുന്ന ആശാൻചേട്ടനെങ്ങിനെ ഇവിടെ ചെരുപ്പു സൂക്ഷിപ്പുകാരനായി?" അമ്പലത്തിൽ നിന്നും കിട്ടിയ പഞ്ചാമൃതത്തിലെ കൽക്കണ്ടം തിരഞ്ഞ് കഴിച്ചു കൊണ്ട് രാഹുൽ ചോദിച്ചു.

"അതൊരു കഥയാണ് മോനേ." ഞാനും തിണ്ണയോട് ചാരി ഇരുന്ന് വിശദമായി പറയാൻ തുടങ്ങി.

തുള്ളിക്കൊരു കുടം കണക്കേ തുലാവർഷം പെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു ആ രാത്രി. ചെത്തിത്തേക്കാത്ത ആൽത്തറയായിരുന്നു ആ സമയത്ത്. സാധാരണ മഴ പെയ്യുമ്പോൾ അത് മാറുംവരെ ഉറങ്ങാതിരിക്കുകയാണ് പതിവ്. മഴ നിൽക്കാനുള്ള ഭാവം ഒന്നും അന്ന് കണ്ടില്ല. ആരോ ഒരിക്കൽ അമ്പല നടയ്ക്കൽ മറന്നു വച്ച കുട അന്ന് സഹായമായി. ആ വലിയ കുടയുടെ കീഴിൽ ചുരുണ്ടുകൂടി നനഞ്ഞ് തണുത്ത് വിറച്ച് കിടക്കുമ്പോൾ, താടിയും മുടിയും ഒക്കെ നീട്ടി വളർത്തിയ ഒരു സന്യാസി വന്നു. അദ്ദേഹം എന്റെ മഴ നനഞ്ഞുള്ള കിടപ്പു കണ്ട് എന്നെ കോരിയെടുത്ത് അമ്പലനടയോട് ചേർന്നുള്ള ഊട്ടുപുരയുടെ വരാന്തയിൽ ഇരുത്തി.

എന്നെപ്പോലെ ഒരു ഭിക്ഷക്കാരനാവും എന്നാണ് ആദ്യം തോന്നിയത്. എന്നാൽ ദേശാടനം നടത്തുന്ന ഒരു സന്യാസിയായിരുന്നു എന്ന് പിന്നീട് അദ്ദേഹം പറഞപ്പോഴാണറിഞ്ഞത്.

എന്റെ അഴുക്കുപുരണ്ട വസ്ത്രത്തിലേക്കു കണ്ണയച്ചുകൊണ്ടു അദ്ദേഹം ഉരുവിട്ടു.

" ദേവാലയത്തിനകത്ത് പോലെ തന്നെ ദൈവം നമ്മുടെ ഹൃദയത്തിനകത്തും കുടികൊള്ളുന്നുണ്ട്. അതു കൊണ്ട് ശരീരം വൃത്തിയാക്കി എന്നും സൂക്ഷിക്കണം. ഒരു ദേവാലയം പോലെത്തന്നെ പരിശുദ്ധമാകണം ശരീരവും മനസ്സും".

അതെന്റെ മനസ്സിൽ വളരെ ആഴത്തിൽ പതിഞ്ഞു. രാത്രി അദ്ദേഹം എന്റെ അരികിൽ ആ വരാന്തയിൽ തന്നെ ഉറങ്ങി.

വെളുപ്പാൻ കാലത്ത്തന്നെ അടുത്തുള്ള അമ്പലക്കടവിൽ പോയി കുളിച്ചു വന്നപ്പോഴാണ് അദ്ദേഹത്തെ ശരിക്കും ശ്രദ്ധിച്ചത്. ജടപിടിച്ച മുടി, ശരീരം മുഴുവൻ ഭസ്മം പൂശി, കഴുത്തിൽ വലിയ രുദ്രാക്ഷമാലയും, മുഖത്തിന് പ്രത്യേക തേജസും ഉള്ള ഒരാൾ. പോകാൻ സമയം എന്നോട് പറഞ്ഞു ''നിന്നെ ഇവിടെ നിന്നും ആരും മാറ്റില്ല, ഞാൻ സംസാരിച്ചുണ്ട് "

നന്ദി പറയാൻ കൂപ്പിയ എന്റെ കൈകൾ കൂട്ടിപ്പിടിച്ച് അദ്ദേഹം പറഞ്ഞു ഓരോ ജന്മത്തിനും ഭൂമിയിൽ ചെയ്ത് തീർക്കാൻ ഓരോ നിയോഗം കാണും, അദ്ദേഹത്തിന്റെ നിയോഗം അതായിരിക്കാം എന്ന് പറഞ്ഞ് അദ്ദേഹം അമ്പലത്തിനകത്തേക്ക് കയറിപ്പോയി. പടിഞ്ഞാറേ നടയിലൂടെ പുറത്ത് പോയിട്ടുണ്ടാവും, എന്തായാലും പിന്നിട് ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല.

അടുത്ത ദിവസം അമ്പലത്തിൽ തൊഴാൻ വന്ന ഒരു മദ്ധ്യവയസ്കനും ഭാര്യയും കുട്ടികളും അമ്പലത്തിന് മുൻപിൽ ഊട്ടുപുരയുടെ വരാന്തയിൽ ഇരുന്ന എന്നോട് അവരുടെ ചെരുപ്പ് ഒന്ന് നോക്കണം എന്ന് പറഞ്ഞ് ഞാൻ ഇരിക്കുന്നതിന്റെ തൊട്ടു മാറി ഊരി വച്ചു. തിരിച്ചു പോകുന്നേരം അദ്ദേഹം എനിക്ക് 50 പൈസ തന്നു. ഇത് കണ്ട് വന്ന അമ്പലത്തിലെ വലിയ തിരുമേനി എന്നോട് ഇനി മുതൽ അമ്പലത്തില്‍ വരുന്ന ഭക്തരുടെ ചെരുപ്പ് സൂക്ഷിക്കാൻ പറഞ്ഞു, പക്ഷേ ആരുടെ മുൻപിലും കൈ നീട്ടരുത്, അവർ എന്തെങ്കിലും തന്നാൽ വാങ്ങുക. അന്ന് ഉച്ചക്ക് വാരസ്യാർ പോകുന്നതിന്ന് മുൻപ് ഒരു കവിടിക്കിണ്ണത്തിൽ നേദ്യച്ചോറ് കൊണ്ട് വന്ന് തന്നു. വല്യ തിരുമേനി പറഞ്ഞിട്ടാണ് എന്നും പറഞ്ഞു.

അന്നു മുതൽ ദിവസവും വെളുപ്പാൻ കാലത്ത് അമ്പല നട തുറക്കും മുൻപേ അമ്പലത്തിനടുത്തുള്ള ഒരു മുനിസിപ്പാലിറ്റി വാട്ടർ ടാപ്പിന്റെ അടിയിൽ പോയി കുളിച്ച് വസ്ത്രം മാറ്റി നല്ല വസ്ത്രം ധരിക്കും. ഇത് എന്റെ ജീവിതത്തിന്റെ ഭാഗമായി. കാലക്രമേണ അവിടെ ഒരു കൊച്ചു കുളിമുറിയും കക്കൂസും അമ്പല കമ്മിറ്റി ഭക്തർക്ക് സൌകര്യത്തിനായി പണിതുയർത്തി അതെനിക്ക് കൂടുതൽ സൌകര്യമായി. അമ്പലത്തിലെ നേദ്യച്ചോറിന്റെ ഒരു പങ്കും മുടങ്ങാതെ എനിക്ക് തരാറുണ്ട്. എന്നാലാകുന്ന പോലെ ഞാൻ അമ്പലത്തിലേക്ക് എല്ലാ കാര്യങ്ങളിലും സഹായിക്കാറുണ്ട്. ഇപ്പോൾ കുറെ കാലമായ് അമ്പലത്തിൽ മുടങ്ങാതെ അന്നദാനവും ഉണ്ടാവാറുണ്ട് അതിനാൽ ഭക്ഷണത്തിന് ഒരു കുറവും ഉണ്ടാവാറില്ല

താടിയും നീട്ടി വളർത്തിയതിനാലാവും എല്ലാവരും എനിക്ക് ആശാൻ സ്ഥാനം നൽകി എന്നെ മണിയാശാൻ എന്ന് വിളിക്കുന്നത്

ക്ഷേത്രം വളർന്നപ്പോൾ വരാന്തയിൽ ചെരിപ്പു സൂക്ഷിക്കാനുള്ളയിടം കമ്പിയിട്ടു അടച്ചുപൂട്ടാൻ തക്കവണ്ണം പുതുക്കിപണിഞ്ഞു..

"ആശാൻ ചേട്ടാ, കഥ ഇനി പിന്നെ കേൾക്കാം, എനിക്ക് പോകാൻ സമയമായി '' രാഹുൽ യാത്ര പറഞ്ഞ് പോയി.

ദിവസവും രാവിലെ കോളെജിലും ജോലിക്കും മറ്റ് പോകുന്ന ഒരുപാട് പേർ സ്ഥിരമായി അമ്പലത്തിൽ തൊഴാൻ വരാറുണ്ട്.

അങ്ങിനെയാണ് ആണ് രാഹുലിനെ കാണുന്നത്. ശനി, ഞായർ മറ്റ് അവധി ദിവസങ്ങൾ ഒഴിച്ച് ദിവസവും അയാൾ അമ്പലത്തിൽ വരാവുണ്ട്. ഞാനിരിക്കുന്നതിന്റെ അടുത്ത് തിണ്ണയിൽ ഇരുന്നാണ് ദിവസവും ഷൂസ് ഊരുന്നതും ഇടുന്നതും. എനിക്ക് ഒരു തുട്ട് തരാൻ അയാൾ മറക്കാറില്ല.

രാഹുലിന് അച്ഛനും സഹോദരങ്ങളും ഒന്നുമില്ല. എഞ്ചിനിയറിങ്ങിന് ചേർന്ന സമയത്താണ് അച്ഛൻ മരിച്ചത്. അന്നവർ ഒരു നാട്ടിൻപുറത്തായിരുന്നു താമസം. അമ്മ വളരെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത്. ജോലി കിട്ടിയപ്പോൾ അവർ ഈ നാട്ടിലേക്ക് താമസം മാറ്റി.

എന്നെ ഒരു ചേട്ടന്റെ സ്ഥാനത്താണ് രാഹുൽ കണ്ടിരുന്നത്. ഞങ്ങളുടെ സൌഹൃദം വളർന്നു. ഒരു വിശേഷ ദിവസം എനിക്ക് 50 രൂപ തന്നു. ഞാൻ അത് സ്വീകരിച്ചു പക്ഷേ മേലാൽ ഇങ്ങിനെ ചെയ്യരുത് എന്ന് പറഞ്ഞു. ഇപ്പോൾ 65 വയസ്സിലേറേയായി, സമ്പാദിക്കാനൊന്നും മോഹമില്ല. എന്റെ കാര്യങ്ങളൊക്കെ ഇവിടെ നിന്നും കിട്ടുന്ന നാണയത്തുട്ടുകളിൽ കഴിഞ്ഞു പോകും, മറ്റു വിധ ചിലവുകൾ ഒന്നുമില്ലതാനും.

രാഹുൽ ആതുരസേവനങ്ങൾ ചെയ്യുന്ന ഒരാളായിരുന്നു. അയാളുടെ ശ്രമഫലമായി ഏതോ സംഘടനയിൽ നിന്നും എനിക്ക് വീൽചെയർ വാങ്ങിത്തന്നു.. അത് എനിക്ക് കാലുകൾ കിട്ടിയതിന് സമമായിരുന്നു. എങ്ങോട്ടും എത്തിച്ചേരാൻ സാധിക്കാൻ തുടങ്ങി.

വീട്ടിലെ എല്ലാ വിശേഷങ്ങൾക്കും, ഉച്ചക്ക് രാഹുൽ കയ്യിലൊരു പൊതിയുമായി വരും. വീട്ടിലുണ്ടാക്കിയ സദ്യയുടെ പകര്‍പ്പാവും അത് എനുക്കു വേണ്ടി.

അങ്ങിനെയിരിക്കുമ്പോൾ രാഹുലിന്റെ വിവാഹം നിശ്ചയിച്ചു. രാഹുൽ പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് നാട്ടിൽ പരിചയമുള്ള കുട്ടി ആണ് വധു. വിവാഹ ദിവസം അതിരാവിലെ രാഹുൽ വെളുത്ത തിളങ്ങുന്ന പട്ട് പോലുള്ള മുണ്ടും ജുബ്ബയും ധരിച്ച് വന്ന് അമ്പലത്തിനകത്തു പോയി തൊഴുത് പുറത്ത് വന്നു. കൂടെ അമ്മയും ഉണ്ടായിരുന്നു. എനിക്ക് ഒരു മുണ്ട് കയ്യിൽ തന്ന് അനുഗ്രഹിക്കണമെന്ന് പറഞ്ഞു. എന്റെ കണ്ണ് നിറഞ്ഞു പോയി. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങിനെ ഒരനുഭവം. ഹൃദയത്തിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും ഞാൻ രാഹുലിനെ അനുഗ്രഹിച്ചു. വളരെ ദൂരെയാണ് ഇല്ലെങ്കിൽ എന്നേയും കൂടെ കൂട്ടിയേനേ വിവാഹത്തിന് എന്ന് പറഞ്ഞു.

അത് കഴിഞ്ഞ് ഒരാഴ്ച്ച രാഹുലിനെ കണ്ടില്ല. വിവാഹ പുതുമ കഴിഞ്ഞ് രാഹുൽ ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ പിന്നെ വീണ്ടും വരാൻ തുടങ്ങി.

ദിവസങ്ങൾ പോയി രാഹുലിന് ഒരു കുട്ടിയും ആയി. ഒരു ദിവസം രാഹുൽ മകളേയും ഭാര്യയേയും കൂട്ടി അമ്പലത്തിൽ വന്നു. തിരിച്ചു പോകും മുൻപ് എനിക്ക് മകളേയും ഭാര്യയേയും പരിചയപ്പെടുത്തി. ഞാൻ മകളെ കൊഞ്ചിക്കാൻ നോക്കി. അത് രാഹുലിന്റെ ഭാര്യക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. അവർ മകളെ എന്റെ അടുത്ത് വരാതിരിക്കാൻ മുറുക്കെ പിടിച്ചു. തിരിച്ചു നടക്കുമ്പോൾ രാഹുലിന്റെ ഭാര്യ അടക്കം പറയുന്ന കേട്ടു "ഈ പിച്ചക്കാരൊക്കെ ആണ് അല്ലേ നിങ്ങളുടെ കൂട്ടുകാർ, കഷ്ടം'' മനസ്സൊന്ന് നൊന്തു പക്ഷേ ഞാനൊന്നും കേട്ടതായി ഭാവിച്ചില്ല. എന്തായാലും രാഹുൽ തന്റെ പതിവ് മാറ്റിയില്ല.

കുറച്ച് ദിവസം ആയി രാഹുലിന്റെ വരവ് കുറഞ്ഞു. നല്ല സുഖമില്ലായിരുന്നു എന്നാണ് സ്ഥിരം മറുപടി

"മണി, താൻ ഒറങ്ങാണോ?" ചെറിയ തിരുമേനിയുടെ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്. ഊട്ടുപുരയുടെ മേൽനോട്ടം ആൾക്കാണ്.

"ഇന്ന് ഉച്ചക്ക് അടുക്കളേല് വെള്ള പൂശാൻ പണിക്കാര് വരും. തന്റെ ഒരു കണ്ണവിടെ വേണം ട്ടോ. ഞാൻ വരുമ്പോ ശ്ശി നേരാവും, ഒരു വേളി സദ്ധ്യ ഉണ്ട് ".

"ഞാൻ ഇവിടെന്നെ ഉണ്ടാവും, തിരുമേനി പോയി വന്നോളൂ"

തിരുമേനി പോയി, വീണ്ടും ചിന്തകൾ രാഹുലിലേക്ക് തിരിച്ചു വന്നു.

ഇപ്പോൾ ഒരു മാസത്തോളം രാഹുലിനെ കണ്ടതേ ഇല്ല. രാഹുലിനെ വീട്ടിൽ പോയി തിരക്കാൻ തന്നെ തീരുമാനിച്ചു. ഏതാണ്ട് 8 കിലോമിറ്റർ കാണും രാഹുലിന്റെ നാട്ടിലേക്ക്.

പിറ്റേന്ന് കാലത്ത് അമ്പലനട അടച്ചപ്പോൾത്തന്നെ യാത്ര തുടങ്ങി. പൊള്ളുന്ന വെയിലിൽ വീൽ ചെയർ ഉരുട്ടി, വഴിയിൽ നാട്ടുകാരോട് വഴി ചോദിച്ച് രാഹുലിന്റെ വീട്ടിലെത്തി.

ഒരു പഴയ വീട്. കുട്ടികൾക്ക് ഓടിക്കളിക്കാൻ പറ്റുന്ന വലിയ മുറ്റം. മുറ്റത്തിന്റെ നടുവില്‍ പന്തലിച്ചു കിടക്കുന്ന ഒരു മാവ്. അതിന് വട്ടത്തിൽ ഇരിക്കാൻ പറ്റുന്ന പോലെ ഒരു തിണ്ണ. ഒരു വശത്ത് കൊച്ച് ഉദ്യാനവും. മതിലിനോട് ചേർന്ന് കുറെ നദ്യാർവട്ടം ചെടികൾ, നിറച്ച് പൂവിട്ട്. മുറ്റത്ത് എത്തിയപ്പോൾ വളരെ കുളിർമ്മ തോന്നി.

വീട്ടുമുറ്റത്തേക്ക് വീൽചെയർ ചവിട്ടിക്കയറ്റി. ഞാൻ വീൽ ചെയറിൽ ഘടിപ്പിച്ച മണിയടിച്ചു. പുറത്തേക്ക് രാഹുലിന്റെ അമ്മ വന്നു. അവരുടെ മുഖത്ത് എന്തോ നിരാശ തെളിഞ്ഞ് കാണുന്നുണ്ടായിരുന്നു. ഞാൻ അവരോട് രാഹുലിനെപ്പറ്റി അന്യേഷിച്ചു. അവർ പറഞ്ഞത് കേട്ട് ഞാൻ തരിച്ചുപോയി.

രാഹുലിന് കുറച്ച് ദിവസമായി അസുഖമായിരുന്നുവത്രേ. ഇടയ്ക്കിടെ പനി വരുന്നുണ്ടായിരുന്നു. അങ്ങിനെയാണ് ആശുപത്രിയിൽ പോയത്. കുറേ പരിശോധനകൾ നടത്തിക്കഴിഞ്ഞപ്പോഴാണു് അറിഞ്ഞത് രാഹുലിന്റെ കിഡ്നി രണ്ടും പ്രവർത്തനരഹിതമായത്രേ. വളരെ അത്യാസന്ന നിലയിലാണെന്നും കിഡ്നി ദാനം ചെയ്യാൻ ആരെയും കിട്ടാത്തതും അതിനു വരുന്ന ചിലവും ഒക്കെ കാരണം എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഇരിക്കുകയാണത്രേ.

രാഹുലിന്റെ അമ്മ ഉണ്ടാക്കിത്തന്ന ചായ കുടിച്ച് തിരികെ വരുമ്പോൾ വെയിലിന് തീരെ ചൂട് തോന്നിയില്ല, അതിലും വലിയ ഒരു അഗ്നിപർവ്വതം മനസ്സിനുള്ളിൽ പുകയുന്നുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയില്ല. തന്റെ കയ്യിൽ സമ്പാദ്യമായിട്ടൊന്നുമില്ല സഹായിക്കാമെന്ന്‌ വച്ചാൽ. ആ യുവാവിനെ ഞാനെങ്ങിനെ സഹായിക്കും?

തിരിച്ചെത്തി കുറേ നേരം ആൽത്തറയിൽ ആകാശം നോക്കിക്കിടന്നു. പതുക്കെ നിരങ്ങി അമ്പലത്തിന്റെ നടക്കലേക്ക് പോയി. ദിവസവും നിന്നെ വന്ന് പ്രാർത്ഥിക്കുന്ന ആ യുവാവിനേ കൈവിടല്ലേ തേവരേ എന്നു അകമഴിഞ്ഞു പ്രാർത്ഥിച്ചു. കഴിഞ്ഞ ഈ വർഷങ്ങൾ ഒക്കെ ഈ നടക്കലിരുന്നിട്ടും ഒന്നും എനിക്കു വേണ്ടി ഞാനൊന്നും ചോദിച്ചിട്ടില്ല അകത്തുള്ള തേവരോട്. ആ യുവാവിനെ രക്ഷിക്കാൻ എന്തെങ്കിലും ഒരു വഴി കാട്ടിത്തരണേ എന്ന് മാത്രമേ പ്രാർത്ഥിച്ചുള്ളൂ

അന്ന് വൈകീട്ട് അപ്രതീക്ഷിതമായി ടൌണിലെ വലിയ ഒരു ആസ്പത്രിയിലെ ഡോക്ടർ തൊഴാൻ വന്നു. ഇടക്കിടെ തൊഴാൻ വരാറുള്ളതാണ്, കുറച്ചു ദിവസത്തിന് ശേഷം ആണ് ഇന്ന് വന്നത്. തൊഴുത് മടങ്ങുമ്പോൾ ഞാൻ അദ്ദേഹത്തോട് രാഹുലിന്റെ കാര്യം പറഞ്ഞു. രാഹുൽ അദ്ദേഹത്തിന്റെ തന്നെ പരിചരണയിൽ ആണെന്നും കിഡ്നി ദാനം നൽകാൻ ഒരാളെ കിട്ടിയാൽ പിന്നെ എല്ലാം അദ്ദേഹം നോക്കിക്കോളാം എന്നും പറഞ്ഞു.

ഞാൻ ഡോക്ടറോട് ചോദിച്ചു. "സാർ, പണ്ട് ഞാനൊരു ഭിക്ഷക്കാരനായിരുന്നു, ഇപ്പോ തേവരുടെ അനുഗ്രഹം കാരണം ഇവിടെ ചെരുപ്പു സൂക്ഷിക്കുന്ന ജോലിയാണ്. ഞാൻ വികലാംഗനാണ്, എന്റെ ജാതിയും മതവും ഒന്നും എനിക്കറിയില്ല പക്ഷേ രാഹുലിന് വേണ്ടത് എന്റെ ശരീരത്തിലുണ്ടാവുമോ, ആ യുവാവിന് ഒരു സഹായം ചെയ്യാൻ എനിക്കാകുമോ"

എന്തിനെന്നറിയില്ല, ഞാന്‍ ഇത് പറഞ്ഞ് കഴിഞ്ഞപ്പോൾ ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞിരുന്ന് എന്ന് തോന്നി.

ഇങ്ങിനെ ദാനം ചെയ്യുന്നതിൽ അപകടമൊന്നുമില്ലെന്നും, മനുഷ്യന് രണ്ട് കിഡ്നി ഉള്ളതിൽ ഒന്ന് ദാനം ചെയ്താലും പ്രശ്നമൊന്നുമില്ലെന്നും ഒക്കെ ഡോക്ടർ പറഞ്ഞു മനസ്സിലാക്കി തന്നു

"അഥവാ, എന്തെങ്കിലും പ്രശ്നമുണ്ടായാലും എനിക്ക് അതിൽ കുഴപ്പമില്ല ഡോക്ടർ, ഞാൻ ജീവിച്ചത്കൊണ്ട് ഒരാൾക്കെങ്കിലും ഉപകാരമുണ്ടായാൽ പിന്നെ മറ്റെന്ത് വേണം സാർ" ഞാൻ പറഞ്ഞു.

അദ്ദേഹം എന്നോട് രാഹുൽ കിടക്കുന്ന ആസ്പത്രിയിൽ വരാൻ പറഞ്ഞു. എല്ലാ പരിശോധനകളും നടത്തി. ആ യുവാവിന്റെ ഭാഗ്യമാവാം അല്ലെങ്കിൽ തേവരുടെ അനുഗ്രഹമാവാം, എന്റെ ആ അവയവം രാഹുലിന് മാറ്റിവയ്ക്കാൻ പറ്റുമെന്ന് ഡോക്ടർ പറഞ്ഞു. കുറേപേപ്പറിൽ കൈയ്യൊപ്പ് വാങ്ങി.

ഞാനാണ് അവയവം കൊടുക്കുന്നതെന്ന് ആരും അറിയരുതെന്ന്, പ്രത്യേകിച്ച് രാഹുലിന്റെ ഭാര്യ അറിയരുതെന്ന് ഞാൻ ഡോക്ടറോട് അഭ്യർത്ഥിച്ചു. പണ്ട് ഉണ്ടായ കാര്യം ഡോക്ടറോട് പറഞ്ഞു, ഒരു പക്ഷേ അറിഞ്ഞാൽ എന്റെ അവയവം അവർ സ്വീകരിക്കാൻ വിസമ്മതിക്കുമോ എന്നായിരുന്നു പേടി.

അന്ന് വൈകീട്ട് തന്നെ ആശുപത്രിയിൽ വന്ന് കിടക്കണം എന്ന് പറഞ്ഞു. വൈകീട്ട് ഒരിക്കൽ കൂടി അമ്പല നടയ്ക്കൽ പോയി ആ യുവാവിനെ രക്ഷിക്കണേയെന്ന് അകമഴിഞ്ഞ് പ്രാർത്ഥിച്ചു. മാരാരോടും, വാര്യരോടും മാത്രം കാര്യങ്ങൾ ഒക്കെ പറഞ്ഞു. ആസ്പത്രിയിലേക്ക് അവരും വന്നു. രാത്രി സഹായത്തിന് മാരാരുടെ മകൻ വന്നു.

അടുത്ത ദിവസം രാവിലെ കുറേ ലൈറ്റുകൾ ഇട്ട മുറിയിൽ കൊണ്ടുപോയി. ഒരു സൂചി കുത്തി വച്ചു കുറച്ച് കഴിഞ്ഞപ്പോൾ മയങ്ങിപ്പോയി. ഉണർന്നപ്പോൾ മറ്റൊരു മുറിയിലായിരുന്നു. വയറിന്റെ ഒരു വശത്ത് നല്ല വേദനയുണ്ടായിരുന്നു. വേദനക്ക് മരുന്നുണ്ടായിരുന്നു.

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ എനിക്ക് പോകാൻ അനുമതി കിട്ടി. ഈ സമയത്തെല്ലാം അമ്പലത്തിൽ നിന്നും ആരെങ്കിലുമൊക്കെയായി എനിക്ക് ആസ്പത്രിയിൽ കൂട്ടിനുണ്ടായിരുന്നു. ഞാൻ അനാഥനല്ല എന്ന് തോന്നിയത് അപ്പോഴാണ്.

ഡോക്ടർ തന്നെ എന്നെ അദ്ദേഹത്തിന്റെ കാറിൽ ഇരുത്തി അമ്പലത്തിന്റെ അടുത്തെത്തിച്ചു. ഓപ്പറേഷൻ വിജയമായിരുന്നുവെന്നും രാഹുൽ സുഖം പ്രാപിച്ചു വരുന്നുവെന്നും ഡോക്ടർ പറഞ്ഞു.

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ തന്നെ മുറിവൊക്കെ കരിഞ്ഞു തുടങ്ങി. ഞാൻ എന്റെ ജോലി തുടർന്നു.

ഒരു ദിവസം ഉച്ചക്ക് അന്നദാനത്തിന് പോയി ഊണ് കഴിച്ച് ആൽത്തറയിൽ വിശ്രമിക്കമ്പോഴാണ് ഡോക്ടർ രാഹുലിനെയും ഭാര്യയേയും അമ്മയേയും കൂടി അങ്ങോട്ട് വന്നത്.

"രാഹുൽ ഇന്ന് വീട്ടിൽ പോകുകയാണ്. കുറേ നിർബന്ധിച്ചു ആരാണ് അയാൾക്ക് കിഡ്നി ദാനം ചെയ്തതെന്ന് അറിയാൻ" ഡോക്ടർ എന്നോട് പറഞ്ഞു.

എന്നിട്ട് രാഹുലിനോട് പറഞ്ഞു ."ഇദ്ദേഹം ആണ് നിങ്ങൾക്ക് കിഡ്നി ദാനം ചെയ്തത് ". ഒന്നും വിശ്വസിക്കാനാവാതെ രാഹുൽ എന്നേ നോക്കി. ആ കണ്ണുകൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു'

ഇതും പറഞ്ഞ് ഡോക്ടർ രാഹുലിന്റ ഭാര്യയോട് പറഞ്ഞു.

"ദേവി, ഒരു ഭിക്ഷക്കാരന്റെ ആണ് കിഡ്നി എന്നറിഞ്ഞാൽ ഒരുപക്ഷേ നിങ്ങൾ സ്വീകരിക്കാൻ സമ്മതിച്ചില്ലെങ്കിലോ എന്ന് ഇയാൾ ഭയന്നിരുന്നു. .പക്ഷേ എനിക്കത് മറച്ച് വെക്കാൻ പറ്റില്ല. മനുഷ്യന് മാത്രമേ ജാതിയും, മതവും, ഉച്ചനീചത്വങ്ങളും ഒക്കെ ഉള്ളൂ, മനുഷ്യത്വത്തിന് ഇതൊന്നും ഇല്ല, അതിന് സ്നേഹത്തിന്റയും കരുണയുടെയും ഭാവം മാത്രമേ ഉള്ളൂ'"

കേട്ടതും ദേവി പൊട്ടിക്കരഞ്ഞ് കൊണ്ട് എന്റെ കാൽക്കൽ വീണു. അമ്മ രണ്ട് കൈയ്യും കൂപ്പി കരഞ്ഞുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ പറഞ്ഞു, " ആർക്കും വേണ്ടാത്ത എന്റെ ഈ ജന്മത്തിന്റെ നിയോഗം ഇതായിരിക്കാം" പണ്ട് ആ സന്യാസി പറഞ്ഞത് മനസ്സിൽ വന്നു.

എന്നോട് കൂടെ വരാൻ രാഹുലും ഭാര്യയും അമ്മയും നിർബ്ബന്ധിച്ചു പക്ഷേ ഞാൻ അത് സ്നേഹപൂർവ്വം നിരസിച്ചു. എനിക്ക് ജീവിക്കാനും മരിക്കാനും നിശ്ചയിച്ച സ്ഥലം ഇതാവും, ഈ തേവരുടെ നടയിൽ.

അവർ നടന്നകലുമ്പോൾ, ജീവിതത്തിൽ ഒന്നുമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും, ഒരു കുടുംബം തകരാതെ കൂട്ടിപ്പിടിക്കാൻ കഴിഞ്ഞല്ലോ എന്ന ചാരിതാർത്ഥ്യത്തിൽ, അമ്പലത്തിനകത്തേക്ക് നോക്കി ഒന്ന് കൈ കൂപ്പി.

ഏതോ ഒരാൾ നടയിൽ സമർപ്പിച്ച പരമശിവന്റെ ചിത്രം നടപ്പുരയിലെ ചുമരിൽ സ്ഥാപിക്കുന്നുണ്ടായിരുന്നു. ജടപിടിച്ച മുടിയും ശരീരം മുഴുവനും ഭസ്മം തേച്ച്, കഴുത്തിൽ രുദ്രാക്ഷവുമിട്ട ആ ചിത്രത്തിലെ ദൈവത്തിന് പണ്ട് എങ്ങോ കണ്ട ആരോ ഒരാളുടെ രൂപസാദൃശ്യം തോന്നി.

ഗിരി ബി. വാരിയർ
22 ഡിസംബര്‍ 2017

©copyrights protected


Comments