നിമിത്തങ്ങൾ
"ഡാ മാച്ച് ഇണ്ട്ട്ടാ, രണ്ട്രക്ക് പള്ളി ഗ്രൌണ്ട്ല് എത്തിക്കോളോ, വൈറ്റ് ഇട്ടോ ട്ടാ.." പടിക്കല്‍ സൈക്കിള്‍ നിര്‍ത്തി, സൈക്കിളില്‍ നിന്നും ഇറങ്ങാതെ വില്‍സണ്‍ വിളിച്ചു പറഞ്ഞു.
"എത്തിക്കോളാം.." ഞാന്‍ ഉറപ്പിച്ച് പറഞ്ഞു. വില്‍സണ്‍ പോയി.
ഇത് കേട്ടുകൊണ്ട് അമ്മ പുറത്തേക്ക് വന്നു.
"എവിടേക്ക് വേണംച്ചാ പൊയ്ക്കോ, പക്ഷേ വളം വാങ്ങി തറവാട്ടില് എത്തിച്ചട്ട് വേണം."
"ഇന്നന്നെ വേണോ?"
"ഞാന്‍ ഇന്നലെ തൊട്ട് നിന്നോട് പറയണതാ, സൊസൈറ്റീന്ന് വളം വാങ്ങി മുത്തച്ഛന് എത്തിക്കണംന്ന്"
"അമ്മ വില്‍സണ്‍ പറയണ കേട്ടില്ല്യേ, എനിക്ക് ഇന്ന് രണ്ട്രക്ക് ക്രിക്കറ്റ് മാച്ചുണ്ട്, ഇപ്പൊത്തന്നെ മണി പന്ത്രണ്ട് ആയി. നാളെ കാലത്ത് വാങ്ങി എത്തിച്ചുകൊടുക്കാം"
“അത് പോരാ, ഇപ്പൊത്തന്നെ വേണം, ഉച്ച തിരിഞ്ഞു സൊസൈറ്റി അടക്കും, പിന്നെ വളം കിട്ടില്ല്യ, നാളെ പണിക്കാര്‍ വരും..”
തർക്കം നീണ്ടുപോയി, ശബ്ദം ഉയരാൻ തുടങ്ങി. അമ്മയും മകനും വിടാനുള്ള മട്ടില്ല, അപ്പോഴാണ് അയൽപക്കത്തെ അന്തോണ്യേട്ടൻ വരുന്നത്.
"എന്തൂട്ടാണ്ടാ കാലത്തന്നെ അമ്മേം ആയിട്ട് ഒരൊടക്ക്?"
"അമ്മ പറയ്യാ ഈ നട്ടുച്ചക്ക് സൊസൈറ്റീന്ന് വളം വാങ്ങി തറവാട്ടിൽപോയി മുത്തച്ഛന് കൊടുത്ത്ട്ട് വരാൻ "
"അര മണിക്കൂറിന്റെ കാര്യല്ലേ ഉള്ളോ, നിനക്ക് കൊണ്ട്പോയി കൊടുത്തൂടെ? വെറുതെ അമ്മ്യോട് വഴക്കിടാണ്ടെ.."
" ഈ പൊള്ളണ വെയിലത്താ.. ഞാൻ കരിഞ്ഞ് പോവും"
"ഉവ്വ, നീയ്യ് ക്രിക്കറ്റ് കളിക്കുമ്പോ അവ്ടെ പന്തല് കെട്ടീട്ട്ണ്ടാ?, നീയ്യ് പോയി കൊടത്ത് വന്നേ.. നിന്നോട് പറഞ്ഞാല്‍ ചെയ്യുംന്ന് തോന്ന്യോണ്ടാല്ലെ മുത്തച്ഛൻ നിന്നോട് പറഞ്ഞെ, ഇല്ല്യെങ്കില് പറയോ?"
ഇനി പറഞ്ഞ് നിൽക്കാൻ പറ്റില്ലാ എന്ന അവസ്ഥയായി.
കാര്യം അയലോക്കം ഒക്കെ ആണെങ്കിലും പരസ്പരം വളരെ അടുത്ത ബന്ധം വെക്കുന്നവർ ആണ്. അന്ത്യോണ്യേട്ടന്റെ മക്കൾ എന്റെ കളിക്കൂട്ടുകാരും, ആ സ്വാതന്ത്ര്യം അന്തോണ്യേട്ടന് ഉണ്ട്. മാത്രമല്ല അന്തോണ്യേട്ടന്റെ അടുത്ത ചോദ്യം മിക്കവാറും എന്റെ വരാനിരിക്കുന്ന പരീക്ഷാഫലത്തേപ്പറ്റി ആവും!
"അമ്മേ പൈസ തര്വോ. ഞാൻ പോയി വരാം."
സൈക്കിൾ എടുത്ത് പുറത്ത് ഇറങ്ങാൻ തുടങ്ങുമ്പോ അമ്മ പറഞ്ഞു
"ഒരു ചെറ്യേ കയറെടുത്തോ..?''
"എന്തിനാ, ഞാൻ തൂങ്ങിച്ചാവ്ണാ?"
ഉള്ളിലെ ദേഷ്യം പ്രകടപ്പിക്കുംപോലെ പറഞ്ഞു.
"ഡാ ആ വളത്തിന്റെ ചാക്ക് സൈക്കള്മ്മെ വെച്ച് കെട്ടാനാ, പിന്നെ മുത്തച്ഛന് മൂക്ക് പൊടീം വേണംന്ന് പറഞ്ഞിട്ടുണ്ട്. അങ്ങാടീല് ശിവരാമന്റെ കടേല് കിട്ടും, ഇല്ല്യാച്ചാ ജോണീടെ കടേല് ."
വളവും മൂക്കുപൊടിയും ഒക്കെ വാങ്ങി തറവാട്ടിൽ എത്തുമ്പോഴെക്കും ഏതാണ്ട് ഒന്നരയായിട്ടുണ്ടായിരുന്നു. മുത്തച്ഛൻ ഊണ് കഴിഞ്ഞ് ഉച്ചമയക്കത്തിനുള്ള തയ്യാറെടുപ്പാണ്. വളം തെക്കേ എറയത്ത് വെച്ച് അമ്മമ്മയെ വിളിച്ചു. മുത്തച്ഛനാണ് വാതിൽ തുറന്നത്..
"നീയ്യോ. ഞാൻ നിരീച്ചു നീ വൈന്നേരേ വരൂന്ന്."
"അമ്മമ്മ്യോ? "
അമ്മമ്മയ്ക്ക് വയ്യാന്ന് പറഞ്ഞ് അകത്ത് കിടക്കണ്ട്. പനി വരാള്ള ഒരുക്കൂട്ടങ്ങൾ ഒക്കെണ്ട്, രണ്ടുസായില്യേ വെയില് കൊള്ളണേ, കൊറച്ച് കഞ്ഞി കുടിച്ചു." ഒരു വേള നിർത്തിയിട്ട് മുത്തച്ഛൻ ചോദിച്ചു.
"നീയ്യ് മൂക്കുപൊടി കൊണ്ടന്ന്ണ്ടോ?"
"ഉവ്വ് മുത്തച്ഛാ " എന്ന് പറഞ്ഞ് മൂക്കുപൊടിയുടെ ഡബ്ബി മുത്തച്ചന് കൊടുത്തൂ
അപ്പോൾ മുത്തച്ഛന്റെ മുഖത്ത് വിരിഞ്ഞു വന്ന സന്തോഷം കണ്ടപ്പോൾ നട്ടുച്ചവെയിലത്ത് തറവാട്ടിലേക്ക് ഓടിച്ച അമ്മയോടുള്ള ദേഷ്യം പമ്പ കടന്നു.
"മിനിഞ്ഞാന്നു പൊടി തീർന്നതാ, ഇതിനായി ചെറ്യേടെ കട വരെ പോവ്വാൻ വയ്യ, ഇന്നലെ നെന്റെ അമ്മ വന്നപ്പോൾ പറഞ്ഞേർന്നൂ, അവള് മറക്കുംന്നാ നിരീച്ചേ.. "
മുത്തച്ഛൻ വളരെ അടുക്കും ചിട്ടയോടും കൂടി ആണ് പൊടി വലിക്കുക. വലതുകൈയ്യിലെ തള്ളവിരലും ചൂണ്ടുവിരലും കൂട്ടി ഒരു നുള്ള് പൊടിയെടുത്ത്, ഇടതു കൈയ്യിലെ ഡബ്ബിഅടച്ച് മുണ്ടിന്റെ മടിക്കുത്തിൽ തിരിച്ചുവെച്ച് ഇടതുകൈയ്യിലെ തള്ളവിരൽകൊണ്ട് ഒരു മൂക്കടച്ച് അടുത്തതിൽ പൊടി വലിച്ചു കഴിഞ്ഞ് അതുപോലെ തന്നെ അടുത്ത മൂക്കിലും വലിച്ചു കയറ്റും. അത് കഴിഞ്ഞ് കഴുത്തിൽ ഷർട്ടിന്റെ കോളറിനുള്ളിൽ മടക്കി വെച്ച ടവൽ എടുത്ത് മൂക്കിന്റെ മുകളിലുടെ ഒന്ന് വൃത്തിയാക്കും. ഷർട്ടിട്ടില്ലെങ്കിൽ പകരം തോളത്തൊരു തോർത്തുമുണ്ട് കാണും.
"മുത്തച്ഛാ, എന്തിനാ ഈ പൊടി വലിക്കണേ, ഇതിലിപ്പോ എന്താത്ര രസള്ളേ, നെറുകെ വരെ എരിയും. പിന്നെ തുമ്മലും.."
"രണ്ട് തുമ്മൽ, നീരെളക്കോം കഫക്കെട്ടും ഒക്കെ ഡിം ന്ന് പറഞ്ഞ് പറപറക്കും. ഒരു നുള്ള് നോക്കണോ നെനക്ക്"
"ഞാൻ കഴിഞ്ഞ ആഴ്ച്ച വന്നപ്പോൾ ഒന്നു നോക്കിയതാ, തുമ്മിത്തുമ്മി അന്ന് ഒരു വഴിക്കായതാ!"
മുത്തച്ഛന്റെ കൈയ്യിൽ നിന്നും ഒരു നുള്ള് പൊടി വാങ്ങി വലിച്ചു. അടുത്ത നിമിഷം മൂന്നു തുമ്മലുകള്‍ ഒറ്റ വരിക്ക് വന്നു.
" നീ ഊണുകഴിച്ച്വോ.. ഇല്ല്യങ്കി മൊളോഷ്യോം മാങ്ങചമ്മന്തീംണ്ട്, കൊറച്ചു ഉണ്ടിട്ട് പൊയ്ക്കോ.."
"നിക്ക് ക്രിക്കറ്റ് കളിക്കാൻ പോണ്ടതാ. ഇപ്പോ ഉണ്ടാൽ പിന്നെ കളിക്കാൻ പറ്റില്ല്യാ. ഞാൻ അമ്മമ്മേ കണ്ടിട്ട് പോവ്വായി. മുത്തച്ഛൻ കിടന്നോളൂ"
"ക്രിക്കറ്റ് കളിക്കാൻ നീയ്യെന്റെ പണ്ടത്തെ വെള്ള പാന്റ് ഇടാറുണ്ടോ.. അമ്മമ്മ പറഞ്ഞു നീയ്യത് കൊണ്ടോയീന്ന് .."
"അത് ഇപ്പോ സൂപ്പർ ഹിറ്റാ, മുത്തച്ഛന്റെ ബാങ്കിലെ യൂണിഫോം ആണെന്ന് പറഞ്ഞപ്പോ ആർക്കും ആദ്യം വിശ്വാസം വരുണ്ടായിരുന്നില്ല്യാ .."
"ഞാൻ അത് എത്ര കാലം ഇട്ടതാ.".
"എനിക്കറിയാം, ഞാൻ ബാങ്കിൽ വന്നപ്പോ കണ്ടിട്ടുള്ളതല്ലേ.."
അകത്ത് പോയി കിടക്കുന്ന അമ്മമ്മയെ കണ്ട് രണ്ട് വർത്തമാനം പറഞ്ഞു, അമ്മമ്മയ്ക്ക് കുടിക്കാൻ വെള്ളം ഒരു ചെറിയ പാത്രത്തിൽ കിടക്കയുടെ അടുത്ത് വെച്ചു. അമ്മമ്മ പറഞ്ഞപ്പോൾ അടുക്കളയിൽ അടുപ്പത്ത് കരിപിടിച്ച അലുമിനിയപാത്രത്തിൽ ഉണ്ടായിരുന്ന പുകസ്വാദുള്ള കാലത്തുണ്ടാക്കിവെച്ചിരുന്ന കാപ്പി കുടിച്ച്, മാങ്ങാച്ചമ്മന്തി ഒന്ന് തൊട്ട് നക്കി നോക്കി തിരിച്ച് നടപ്പുരയിൽ വന്നപ്പോൾ മുത്തച്ഛൻ പകുതി നിവർത്തിയ കിടക്കയിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു.
"എന്താ കിടന്നില്ല്യെ.." ഞാന്‍ ചോദിച്ചു.
"കാലില് മസിൽ ഉരുണ്ടുകയറ്ണു. കിടക്കുമ്പോൾ ഒരു സുഖം കിട്ടണില്ല്യാ. ഇത്തിരി അമൃതാഞ്ജൻ ഇട്ടാ മാറും "
"മുത്തച്ഛൻ കിടന്നോളൂ, ഞാൻ അമൃതാഞ്ജൻ ഇട്ട് തടവാം"
മുത്തച്ഛന്റെ കയ്യിൽ നിന്നും അമൃതാഞ്ജൻ വാങ്ങി കാല് തലോടിക്കൊടുത്ത് ഇറങ്ങുമ്പോഴേക്കും സമയം രണ്ടര ആയി.
വീട്ടിൽ പോയി തല കാണിച്ച് നേരെ ഗ്രൗണ്ടിലേക്ക് പോയി. മൂന്ന് ദിവസം കൂട്യേ ഇങ്ങനെ കറങ്ങാൻ പറ്റൂ, അടുത്താഴ്ച ബോംബെയിൽ ചേച്ചിയുടെ അടുത്ത് പോണം, മരുമകനെ നോക്കാൻ ഒരു സഹായം വേണത്രെ.
കളി കഴിഞ്ഞ് പളളിനടയിലെ പടികളിൽ കൂട്ടുകാരുമായി ഇരുന്ന് ലോകകാര്യങ്ങൾ ചർച്ച ചെയ്ത് വീട്ടിൽ എത്തിയപ്പോൾ സമയം ഏഴുമണി ആയിട്ടുണ്ടായിരുന്നു.
അമ്മ പണിയൊക്കെ കഴിഞ്ഞു മേലുകഴുകി വിളക്ക് കൊളുത്തി തളത്തിൽ കാലുനീട്ടിയിരുന്നു നാമം ചൊല്ലുന്നുണ്ടായിരുന്നു.
"വെളക്ക് കൊളുത്തണേന് മുൻപ് വീട്ടില് വന്നൂടെ നിനക്ക് "
"രണ്ടൂസം കൂട്യല്ലേ ഇവിടുള്ളൂ അമ്മേ, അതോണ്ടാ"
"നെനക്ക് വെഷമംണ്ടാവുംല്ലേ നാടും കൂട്ടുകാരേം ഒക്കെ വിട്ട് പോവ്വാൻ.. അവള്ക്ക് കുട്ടിനേ കയ്യൊന്ന് മാറാൻ ആരൂല്ല്യ അവിടെ, അതാ അവള് നിന്നെ അങ്ങട്ട് വിടാൻ പറഞ്ഞേ."
രാത്രി അച്ഛൻ വന്നു അത്താഴം കഴിക്കാൻ ഇരുന്നപ്പോളാണ് ഉടനെ തറവാട്ടിലേക്ക് എത്തണം എന്ന വിവരം വന്നത്. ഉടനെ അടുത്ത് താമസിക്കുന്ന ചെറിയച്ഛനേയും ചെറിയമ്മയെയും കൂട്ടി എല്ലാവരും തറവാട്ടിലെത്തി. അവിടെയെത്തും വരെ ഞാന്‍ കരുതിയത് അമ്മമ്മയ്ക്ക് എന്തോ അസുഖം കൂടിക്കാണുമെന്നാണ്.
ഇടനാഴിയില്‍ കയറിയ ഞാന്‍ കണ്ടത് അവിടെ കിടക്കുന്ന മുത്തച്ഛനെയാണ്. അപ്പുറത്ത് ഇരുന്ന് കരയുന്ന അമ്മമ്മ. മുത്തച്ഛൻ ഉറങ്ങുകയാണെന്നേ തോന്നൂ. അച്ഛന്‍ മുത്തച്ഛന്റെ ഇരുന്നു കുലുക്കി ഉണര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
അപ്പോള്‍ അമ്മമ്മ നടന്ന കാര്യങ്ങള്‍ ഒക്കെ പറഞ്ഞു.
മുത്തച്ഛൻ കുളികഴിഞ്ഞ് വന്നു തൊഴുത് ഭസ്മം തൊട്ടു. അതിനുശേഷം അടുക്കളയിൽ നിന്നും കഞ്ഞി എടുത്ത് കൊണ്ടുവന്ന് നിലത്ത് കിടക്ക വിരിച്ച് കിടക്കുകയായിരുന്ന അമ്മമ്മയുടെ അരികില്‍ ഇരുന്നു. അത്താഴം കഴിക്കുമ്പോൾ
അമ്മമ്മയോട് സംസാരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് നിശ്ശബ്ദനായി ഒരു വശത്തേക്ക് ചെരിയുകയായിരുന്നു.
മുത്തച്ഛന്റെ ശബ്ദം കേള്‍ക്കാതായപ്പോഴാണ് അവിടെ കിടക്കുന്ന മുത്തച്ഛനെ അമ്മമ്മ ശ്രദ്ധിച്ചത്. എന്താ ഇവിടെ കിടക്കുന്നത് എന്നു അമ്മമ്മ ചോദിച്ചപ്പോൾ മറുപടി കിട്ടാതിരുന്നപ്പോൾ എന്തോ പന്തികേടുണ്ടെന്ന്
നടപ്പുരയില്‍ മടക്കി വെച്ച മുത്തച്ഛന്റെ കിടക്കയുടെ അടുത്ത് ഉച്ചക്ക് ഞാന്‍ കൊണ്ടുപോയിക്കൊടുത്ത മൂക്കുപൊടിയുടെ ഡബ്ബി വെച്ചിട്ടുണ്ടായിരുന്നു. ഒരുവേള ഞാനോർത്തൂ, വളം ഒരു നിമിത്തം ആയിരുന്നു, വെറും ചൂണ്ടുവിരലിന്റെ വലുപ്പമുള്ള ഈ മൂക്കുപൊടിഡബ്ബി മാത്രമാണ് മുത്തച്ഛന് എത്തിക്കാൻ പറഞ്ഞിരുന്നതെങ്കിൽ...!!
(അവസാനിച്ചു.)
ഗിരി ബി വാരിയര്‍
21 ഓഗസ്റ്റ് 2018
©copyrights protected



Comments
Post a Comment