മഞ്ഞുപോലെ..

"മുരള്യേട്ടാ, എന്താ പറ്റ്യേ, അയ്യോ ആരെങ്കിലും ഒന്ന് ഓടി വരണേ .."

ബസ്റ്റോപ്പിൽ കുഴഞ്ഞ് വീണുകിടക്കുന്ന മുരളിയേ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് വിലാസിനി അലറുന്നത് കേട്ട് ബസ്സ് കാത്തുനിന്നിരുന്നവരും അടുത്തുള്ള കടയിൽ നിന്നിരുന്നവരും ഓടിക്കൂടി. അതിൽ ആരോ ഒരാൾ പെട്ടെന്ന് ടാക്സി വിളിച്ചു. ബസ്റ്റോപ്പിന്റെ മുൻപിലെ ടാക്സി സ്റ്റാൻഡിൽ നിന്നും ഒട്ടും വൈകാതെ ഒരു ടാക്സി അങ്ങോട്ടെത്തി.

കൂടി നിന്നവരിൽ ആരോ വിലാസിനിയോട് കാറിനകത്തേക്ക് കയറിയിരിക്കാൻ പറഞ്ഞു. എല്ലാവരും ചേർന്ന് മുരളിയെ പിൻസീറ്റിൽ ഇരിക്കുന്ന വിലാസിനിയുടെ മടിയിൽ തലവെച്ചു കിടത്തി.

അപ്പോഴെക്കും റോഡിന്റെ മറുഭാഗത്ത് ബസ്സിറങ്ങി വന്ന മാത്തൂട്ടി മാഷും അങ്ങോട്ട് ഓടി വന്നു. ആർക്കോ അപകടം പറ്റിയതാണെന്ന് കരുതിയാണ് ഓടിയെത്തിയത്, പക്ഷെ അത് മുരളിയാണെന്ന് കണ്ടപ്പോൾ മാത്തൂട്ടി മാഷ് ഒരുവേള തരിച്ചുനിന്നുപോയി. മുരളിയുടെ അയല്പക്കത്താണ് മാത്തൂട്ടി മാഷും കുടുംബവും താമസിക്കുന്നത്. .

“മാഷ് കൂടെ പോവ്വ്‌ണ്ടോ ?” മാഷേ നോക്കി ബസ്റ്റോപ്പിനടുത്ത് തുന്നൽക്കട നടത്തുന്ന ദേവസ്സി ചോദിച്ചു.

“ഉവ്വ്, ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം, നീ വീട്ടിൽ ഒന്ന് പറഞ്ഞോളൂ.”

കാറിന്റെ മുൻപിലെ വാതിൽ തുറന്ന് മാത്തൂട്ടിമാഷ് കാറിൽ കയറിയിരുന്നു.

"മുരള്യേട്ടാ കണ്ണ് തുറക്ക്... " കരഞ്ഞുകൊണ്ട് മുരളിയുടെ മുഖത്ത് തട്ടി വിലാസിനി വിളിക്കുന്നുണ്ടായിരുന്നു. .

"മോളെ കരയാതിരിക്കൂ, പ്രഷർ കൂടി തലയ്ക്ക് അടിച്ചതാവും..."

അതും പറഞ്ഞു മാഷ് ഡ്രൈവറോട് പറഞ്ഞു

"നേരെ മിഷൻ ആശുപത്രിയിലേക്ക് പോകട്ടെ, അവിടെ എന്റെ ഒരു ശിഷ്യൻ ഉണ്ട്, ഞാൻ വിളിക്കാം."

“മോളെ, എന്താ പറ്റിയത്? ഡോക്ടറോട് എന്താണ് പറയേണ്ടത് ?”

“അറിയില്ല മാഷേ, ബസ്സ് കാത്തുനിൽക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.” കരഞ്ഞുകൊണ്ട് വിലാസിനി പറഞ്ഞു.

മാഷ് മിഷൻ ആസ്പത്രിയിൽ ഡോക്ടർ ശിവദാസനെ വിളിച്ച് കാര്യം പറഞ്ഞു.

"മാഷേ, രാജേട്ടനേം വിപുവിനേയും കൂടി ഒന്ന് വിളിക്കാമോ..എന്റെ മൊബൈലിൽ നമ്പർ ഉണ്ട്.." അതും പറഞ്ഞു വിലാസിനി മാസ്റ്റർക്ക് താന്റെ മൊബൈൽ കൈമാറി. ,

മുരളിയ്ക്കും വിലാസിനിക്കും രണ്ട് മക്കളാണ്. വിനീതയും വിപിനും. വിനീത കോളേജിലും വിപിൻ പ്ലസ് ടുവിനും പഠിക്കുന്നു. എൻഡ്രൻസ് കോച്ചിങ്ങിന് വിപിൻ ടൌണിൽ തന്നെ ഉണ്ട്. വിലാസിനിയുടെ ചേട്ടൻ രാജനും ടൌണിലാണ് ജോലി. ഒരു വൈദ്യശാലയിൽ കൌണ്ടറിൽ ആണ്.

മാത്തൂട്ടി മാഷ് രണ്ടുപേരെയും വിളിച്ചു. അവരോട് മിഷൻ ആശുപത്രിയിൽ പെട്ടെന്ന് എത്താൻ പറഞ്ഞു.

പത്ത് മിനുട്ടിനുള്ളിൽ മുരളിയേയും കൊണ്ട് കാറ് മിഷൻ ആശുപത്രിയിൽ എത്തി. അവരെയും കാത്ത് ഡോക്ടർ ശിവദാസും മറ്റ് നഴ്സിംഗ് സ്റ്റാഫും അത്യാഹിതവിഭാഗത്തിന്റെ മുൻപിൽ തന്നെ നിൽക്കുന്നുണ്ടായിരഡോ.ുന്നു. മുരളിയെ നേരെ ഐസിയുവിലേക്ക് കൊണ്ടുപോയി.. അപ്പോഴേക്കും വിപിനും വിലാസിനിയുടെ ഏട്ടൻ രാജനും അങ്ങോട്ടെത്തി. എല്ലാവരും പുറത്ത് ഐസിയുവിനു പുറത്ത് കാത്തിരുന്നു, ഡോ. ശിവദാസ് പുറത്തുവരുന്നതും കാത്ത്....

****

മുരളി പെട്ടെന്ന് കണ്ണ് തുറന്നു. മുൻപിൽ വെളുത്ത മഞ്ഞുപോലെ ഒരു രൂപം, നിൽക്കുകയാണോ കിടക്കുകയാണോ, ആരാണ്, എവിടെയാണ് ഒന്നും മനസ്സിലാവുന്നില്ല.

മകന് പുതിയ ഒരു മൊബൈൽ വാങ്ങണം അതിന് ടൗണിൽ പോകാൻ ഇറങ്ങിയതായിരുന്നു. ബസ്റ്റോപ്പിൽ വിലാസിനിയോടൊപ്പം ബസ്സ് കാത്ത് നിൽക്കുമ്പോഴാണ് പെട്ടെന്ന് തല കറങ്ങി താഴെ വീണത്. പിന്നെയൊന്നും ഓർമ്മയില്ല.

കണ്ണ് തുറന്നപ്പോൾ മുൻപിൽ കാണുന്നത് ഈ രൂപത്തെയാണ്. താൻ ഇതെവിടെയായാണ്, ഒന്നും മനസ്സിലാവുന്നില്ല. ആ രൂപം ചിരിക്കുന്നപോലെ തോന്നി.

"ഞാനാണ് മരണം. ഭൂമിയിൽ നിനക്ക് ലഭിച്ച സമയം കഴിഞ്ഞിരിക്കുന്നു..."

"യമദൂതൻ??" ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..

"എന്തും വിളിക്കാം, മരണമെന്നോ, യമദൂതനെന്നോ, കാലനെന്നോ. എന്തും.. ഒരു പേരിൽ എന്തിരിക്കുന്നു."

"എന്നാലും.. എനിക്ക് ഒന്ന് യാത്ര പറയാൻ പോലും ഉള്ള സമയം തന്നില്ല.. ജീവിതകാലം മുഴുവൻ നന്മകൾ മാത്രം ചെയ്ത് ജീവിച്ചു. സ്ഥിരമായി ദേവാലയങ്ങളിൽ പോകാറുണ്ട്. എന്റെ ഭാര്യ ഇന്നും എല്ലാ തിങ്കളാഴ്ച്ച വ്രതങ്ങളും നേരുന്നു. മക്കൾ രണ്ടുപേരും ഒരു കര കയറിയിട്ടില്ല. മകളുടെ വിവാഹം , മകന്റെ പഠനം, ജോലി എന്തെല്ലാം ചുമതലകൾ ബാക്കിയുണ്ട്. ജീവിച്ച് മതിയായില്ല..."

"അതാണ് വിധി, ഒരുപക്ഷെ നിന്റെ ഭാര്യയുടെ പ്രാർത്ഥനയുടെ ഫലമാകാം അല്ലെങ്കിൽ നീ ചെയ്ത പുണ്യങ്ങൾ ആകാം വേദനയറിയിക്കാതെ നിന്റെ ജീവൻ എടുത്തത്.. താഴെ നോക്ക് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയാണ് അവർ"

അപ്പോഴാണ് മുരളി താഴെ നോക്കിയത്, മുറിക്കുള്ളിൽ ഡോക്ടർമാരും നഴ്സുമാരും നിശ്ചലമായ തന്റെ ശരീരത്തിൽ CPR കൊടുക്കുന്നുണ്ട്. ഓരോ തവണയും അവരുടെ ശ്രദ്ധ മോണിറ്ററിൽ ആണ്.

"മരണമേ . എനിക്ക് തിരിച്ചുപോവണം, പുറത്ത് എന്റെ മകനും ഭാര്യയും നിൽപ്പുണ്ട്, അവരോട് ഒന്ന് കണ്ട് യാത്ര പറയണം . ഒരവസരം തരണം..."

"ഇപ്പോൾ നിന്നെ ഞാൻ രക്ഷിച്ചാലും കാര്യമില്ല, നിന്റെ മരണം സുനിശ്ചയമാണ്. "

" എനിക്ക് ജീവിക്കണം, ഒരു ദിവസമെങ്കിൽ ഒരു ദിവസം, ക്യപയുണ്ടാകണം."

"തീരുമാനിക്കാൻ വരട്ടെ... ആദ്യം നീ നിന്റെ വരാനിരിക്കുന്ന ജീവിതം ഒന്ന് കണ്ടു നോക്കൂ ... എന്നിട് തീരുമാനിക്കാം.. കണ്ണടക്കൂ..." മുരളി കണ്ണുകൾ അടച്ചു.

****

ഐസിയു വിന്റെ ഉള്ളിൽ CPR നടക്കുന്നു, പെട്ടെന്ന് മുരളിക്ക് ബോധം തിരിച്ചു കിട്ടുന്നു.

ഡോക്ടർ പുറത്ത് പോയി അവിടെ കൂടിനിന്നവരോടായി പറഞ്ഞു.

"ഹി ഗെയിൻഡ് കോൺഷ്യസ്‌നസ്സ്.. ഇനി നമുക്ക് ടെസ്റ്റ് ഒക്കെ നടത്തി നോക്കാം, എന്ത് പറ്റി എന്നറിയണ്ടേ."

അടുത്ത ദിവസം വാർഡിലേക്ക് മാറ്റി, കുറെ ടെസ്റ്റുകൾ നടത്തി.

മൂന്നാം ദിവസം ഡോക്ടർ റൗണ്ട്സ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ രാജനെയും വിലാസിനിയെയും ഡോക്ടറുടെ മുറിയിലേക്ക് വിളിച്ചു.

തിരികെ റൂമിൽ വന്നപ്പോൾ വിലാസിനിയുടെ കണ്ണുകൾ കരഞ്ഞ് കലങ്ങിയിരുന്നു. എനിക്ക് മുഖം തരാതെ തേങ്ങിക്കൊണ്ട് അവൾ എല്ലാം ഒതുക്കിത്തുടങ്ങി. രാജൻ പോയി ബില്ലെല്ലാം അടച്ച് മരുന്നുകൾ വാങ്ങി. വീട്ടിൽ എത്തിയപ്പോഴും വിലാസിനിയുടെ കരച്ചിൽ മാറിയിട്ടുണ്ടായിരുന്നില്ല.

രാത്രി ബെഡ്‌റൂമിൽ വന്നപ്പോൾ മുരളി വിലാസിനിയോട് ഡോക്ടർ എന്താണ് പറഞ്ഞതെന്ന് ചോദിച്ചു. അവൾ തലയിണയിൽ മുഖമമർത്തി കരയാൻ തുടങ്ങി. കുറെ നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞു.

"അന്ന് ബോധം കേട്ട് വീണത് പ്രഷർ വാരിയേഷൻ മാത്രം ആയിരുന്നു. പക്ഷെ അതിനുശേഷം കുറെ ടെസ്റ്റുകൾ നടത്തിയിരുന്നു. ഇന്ന് കാലത്താണ് അതിന്റെ റിപ്പോർട്ട് വന്നത്, ചേട്ടന് ബ്ലഡ് ക്യാൻസറിന്റെ ലക്ഷണങ്ങൾ ഉണ്ട്.

ക്യാൻസറിനുള്ള വിദഗ്ദചികിത്സക്കായി ഇനി ക്യാൻസർ ആശുപത്രിയിൽ പോകണം ഡോക്ടർ സ്പെഷ്യലിസ്റ്റിന് കൊടുക്കാൻ കത്ത് തന്നിട്ടുണ്ട്. പോകുന്നതിനു മുൻപ് ഞങ്ങളോട് പൈസ ഒരുക്കണം എന്നും പറഞ്ഞിട്ടുണ്ട്."

"എൻറെ ഓഫീസിൽ നിന്നും ഇൻഷുറൻസ് ക്ലെയിം ചെയ്യാം, മൂന്ന് ലക്ഷം വരെ. പിന്നെ ബാങ്കിൽ കുറച്ച പണം കിടക്കുന്നുണ്ട്."

"അതൊന്നും ആലോചിച്ച് ചേട്ടൻ വിഷമിക്കണ്ട.. വഴിയുണ്ടാക്കാം. രാജേട്ടനും ശ്രമിക്കുന്നുണ്ട്. "

അടുത്ത ദിവസം തന്നെ ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു. ക്യാൻസർ അടുത്ത സ്റ്റേജിൽ കടന്നിരിക്കുന്നു പെട്ടെന്ന് തന്നെ ചികിത്സ തുടങ്ങണം എന്ന് അദ്ദേഹം പറഞ്ഞു.

ഓഫീസിൽ നിന്നും ഇൻഷുറൻസ് വിവരങ്ങൾ എല്ലാം എടുത്ത് ആശുപത്രിയിൽ കൊടുത്തു ആദ്യത്തെ കിമോക്ക് തന്നെ ഏതാണ്ട് നാല് ലക്ഷം ചിലവായി, ഇനിയും നാലെണ്ണമെങ്കിലും വേണം. ബാങ്കിൽ നിന്നും ഡിപോസിറ്റ് പൊളിച്ച് പണമെടുത്തു. അതിനിടയിൽ രണ്ടാമത്തെ കിമോ പകുതിയിൽ നിർത്തേണ്ടി വന്നു, പ്ലേറ്റ്ലെറ്റ്സ് എണ്ണം കുറഞ്ഞതായിരുന്നു കാരണം. മൂന്നു ലക്ഷത്തോളം രൂപ അതുകൊണ്ട് നഷ്ടമായി. ഹോസ്പിറ്റലിൽ അഡ്മിഷൻ ആയതും മരുന്നുകളും എല്ലാം ആയി ചിലവ് അപ്പോഴേക്കും പത്ത് ലക്ഷം കടന്നിരുന്നു.

വീടുപണിതത്തിന്റെ ലോൺ ഒരു വഴിക്ക് പോകുന്നുണ്ട്, വിലാസിനിയുടെ സ്വർണ്ണാഭരണങ്ങൾ ഇതിനോടകം ചികിത്സക്കായി വിറ്റിട്ടുണ്ടായിരുന്നു.

മൂന്നോ നാലോ വർഷത്തിനുള്ളിൽ വിനീതയുടെ വിവാഹം നടത്തണം. ഒറ്റ മകൾ ആണെങ്കിലും അവളെ വീട്ടിലെ എല്ലാ പണികളും പഠിപ്പിച്ചാണ് വിലാസിനി വളർത്തിയത്. കഴിഞ്ഞ വർഷം ഒരു ഇൻഷുറൻസ് പോളിസി കാലാവധി തീർന്നപ്പോൾ കിട്ടിയ അഞ്ച് ലക്ഷം മകളുടെ വിവാഹത്തിന് മാറ്റി വെച്ചിരുന്നു. പണം എങ്ങിനെയെങ്കിലും ഉണ്ടാക്കാം എന്ന് പറഞ്ഞ് വിലാസിനി ആ ഡിപ്പോസിറ്റും പൊട്ടിച്ച് ചികിത്സയ്ക്കായി എടുത്തു.

നാലാമത്തെ കിമോയ്ക്ക് തയ്യാറെടുക്കുമ്പോൾ ആണ് രാജൻ ഒരു പുതിയ ഒരു പദ്ധതിയുമായി വന്നത്.

"മുരളിയേട്ടാ, ഞാൻ ഡോക്ടറോട് സംസാരിച്ചിരുന്നു. ബോൺമാരോ ട്രാൻസ്പ്ലാൻറ് ആണ് ഇതിന് ഒരു ശാശ്വത പരിഹാരം. മുരളിയേട്ടന്റെ കൂടപ്പിറപ്പുകളുടെ അല്ലെങ്കിൽ മക്കളുടെ മാച്ച് ആകാൻ സാദ്ധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത് "

" അതിന് വലിയ ചിലവാകില്ലേ രാജാ "

"ചിലവുണ്ട്. ഏതാണ്ട് മുപ്പത് മുപ്പത്തഞ്ച് ലക്ഷം ആവും ത്രേ."

" അത്രേം പണം എവിടുന്നാ രാജാ ? "

"ഞാൻ ഒരു കാര്യം പറയട്ടെ. മറ്റൊന്നും ചിന്തിക്കണ്ടചിന്തിക്കണ്ട ഇപ്പോൾ.നിങ്ങളുടെ വീട് വിൽക്കാം. ടൌണിൽ ആയതിനാൽ നല്ല വിലയും കിട്ടും. തറവാട്ടിൽ എന്തായാലും അമ്മയും അച്ഛനും മാത്രമല്ലേ ഉള്ളൂ. നിങ്ങൾക്കവിടെ താമസിക്കാം. ഇപ്പോൾ ചികിത്സ നടക്കട്ടെ.”

അച്ചി വീട്ടിലെ താമസം ഞാനൊരിക്കലും ഇഷ്ടപ്പെടാത്തതാണ്. പക്ഷേ വേറേ വഴിയില്ല. ഇനി പന്ത്രണ്ട് കൊല്ലത്തെ സർവീസ് മാത്രമേ ബാക്കിയുള്ളൂ. പുതിയതായി ഒരു തുണ്ട് ഭൂമി വാങ്ങാൻ പറ്റില്ല.

"രാജേട്ടാ, ഒന്നും ആലോചിക്കാനില്ല. എന്താ വേണ്ടതെങ്കിൽ പെട്ടെന്ന് നോക്കിക്കോളൂ. രണ്ടാമതൊന്ന് ചിന്തിക്കാൻ ഇല്ല. "

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. എല്ലാവരുടെയും രക്തം പരിശോധിച്ചു. മകളുടെ ആണ് ഏറ്റവും നന്നായി ചേരുന്നതെന്ന് കണ്ടു. എല്ലാ ഒരുക്കങ്ങളും ആയി. അങ്ങിനെ നിശ്ചയിച്ചിരുന്ന ദിവസം എത്തി. ഓപ്പറേഷൻ തിയറ്ററിൽ കയറ്റി ബോധം കെടുത്താൻ ഒരു ഇഞ്ചക്ഷൻ തന്നു. പതിയെ പതിയെ കണ്ണുകൾ അടയാൻ തുടങ്ങി, തൊട്ടടുത്ത ബെഡിൽ കിടക്കുന്ന മകളെ കണ്ണടയും മുമ്പ് ഒന്നുകൂടി നോക്കി.

****

"കണ്ണുതുറക്ക്... " മരണത്തിന്റെ ശബ്ദം കേട്ടാണ് ഉന്നർന്നത്.

" കണ്ടില്ലേ അതായിരുന്നു നിനക്ക് വരാനിരുന്നത്. "

"ആ ഓപ്പറേഷൻ കഴിഞ്ഞാൽ മാറില്ലായിരുന്നോ എന്റെ എല്ലാ അസുഖങ്ങളും ... പിന്നെ?"

"ഇല്ല, ആ ഓപ്പറേഷനിൽ നീ മരിക്കുമായിരുന്നു. നിന്റെ ആയുസ്സ് മുഴുവനാവും അവിടെ ... ഇനി പറയൂ എന്ത് വേണം എന്ന്. നിനക്ക് വേണമെങ്കിൽ തിരിച്ചുപോകാം, ഈ കണ്ടതൊന്നും ഇവിടെനിന്നും എഴുന്നേൽക്കുമ്പോൾ നിനക്ക് ഓർമ്മയുണ്ടാവില്ല, ഒരു സ്വപ്നം കണ്ടപോലെ തോന്നും.. മറിച്ച് എന്റെ കൈകളിൽ നീ കൈ തരുന്നതോടെ ഈ ജന്മം ഇപ്പോൾ അവസാനിക്കും. പിന്നെ എല്ലാം മറന്നു പോകും "

മുരളി ഒരുവേള ചിന്തിച്ചു... മനസ്സിലൂടെ വിലാസിനിയുടെയും വിപിന്റെയും വിനിതയുടെയും ചിത്രങ്ങൾ മാറിമറിഞ്ഞു ഒപ്പം കുറച്ച് മുൻപ്‌ നേരിൽ കണ്ട ഏഴ്‌ മാസത്തെ ജീവിതവും.

വേണ്ട, എല്ലാം ഇല്ലാതാക്കി മരിക്കുന്നതിലും നല്ലത്, ഈ യാത്രതന്നെയാണ്. ജീവിച്ചതുമുഴുവൻ കുടുംബത്തിന് വേണ്ടിയാണ്, ഇപ്പോൾ കുടുംബത്തിനുവേണ്ടി മരിക്കാൻ ഒരവസരം കൈവന്നിരിക്കുന്നു. ഇല്ല, എനിക്ക് സ്വാർത്ഥനാകാൻ കഴിയില്ല. തന്റെ മരണം ഉൾക്കൊള്ളാൻ അവർക്ക് ഒന്നോ രണ്ടോ മാസം മതി, അത് ഇന്നായാലും ഏഴുമാസം കഴിഞ്ഞായാലും.

മരണം നീട്ടിയ മഞ്ഞുപോലുള്ള കൈകളിൽ മുരളി തന്റെ കൈകൾ സമർപ്പിച്ചു, അടുത്ത നിമിഷം മുരളിയും മഞ്ഞുപോലെയുള്ള ആ രൂപത്തിലേക്ക് അലിഞ്ഞുചേർന്നു.

****

ഡോക്ടർ ശിവദാസ് ഒരിക്കൽ കൂടി മുരളിയെ പരിശോധിച്ചു, തൊട്ടടുത്തുള്ള മോണിറ്ററിൽ വരുന്ന നീണ്ട രേഖയിലേക്ക് നോക്കി നെടുവീർപ്പിട്ടു. പിന്നെ കാതുകളിൽ നിന്നും സ്തെതസ്കോപ്പ് എടുത്ത് മാറ്റി lCU വിന്റെ കതക് തുറന്ന് പുറത്തേക്ക് നടന്നു. കരഞ്ഞുകൊണ്ട് നിൽക്കുന്ന വിപിന്റെ തോളിൽ തട്ടി, രാജനോടും മാഷിനോടും പറഞ്ഞു.

"സോറി, വി ട്രൈഡ് ഔർ ബെസ്റ്റ്‌, ഇറ്റ്‌ വാസ് എ കാർഡിയാക് അറസ്ററ്, ഹീ ഡിഡ് നോട്ട് റെസ്പോണ്ട് ടു CPR" ...

(അവസാനിച്ചു)

Giri B Warrier
(Story published in Olive Post, February 2019 edition)
© copyright protected




Comments