ഓർമ്മപ്പെടുത്തലുകൾ
"ഈ വെള്ളം ശ്രദ്ധിച്ചിട്ടുണ്ടോ നീയ്യ്... "
കൈക്കുടന്നയിൽ വെള്ളം എടുത്ത് തിരികെ ആ പുഴയിലേക്ക് ഒഴിച്ചു കൊണ്ട് ദാസേട്ടൻ ചോദിച്ചു. എന്റെ ഉത്തരത്തിന് കാക്കാതെ തന്നെ ദാസേട്ടൻ തുടർന്നു.
"എന്റെ ഉള്ളം കൈയിൽ ഉള്ളപ്പോള്‍ അതിന് എന്റെ കൈക്കുമ്പിളിന്റെ രൂപവും നിറവും ആയിരുന്നു. പുഴയിൽ തിരിച്ചൊഴിച്ചപ്പോൾ അതിന് ഒഴുകുന്ന പുഴയുടെ രൂപമായി. അതിന്റെ നിറം താഴെ ഉള്ള ഉരുളൻ കല്ലുകളുടെ നിറം ആണെന്ന് തോന്നി, ഇതുപോലെത്തന്നെയാണ് ജീവിതവും. അതിന് നിറവും രൂപവും കൊടുക്കുന്നത് നമ്മളാണ്. നിന്റെ ജീവിതത്തിന് നിന്റെ രൂപം എന്റെ ജീവിതത്തിന് എന്റെ രൂപം. "
'രാജുവിന് അവന്റെ ജീവിത ശൈലിയാണ്, അവൻ മാറണമെന്ന് നീ ശാഠ്യം പിടിച്ചിട്ട് കാര്യമില്ല അതവന് തോന്നണം, അതിന് നീയ്യും അവന്റെ സ്വഭാവങ്ങളുമായി ഒത്തുചേർന്ന് പോകണം, നീ രണ്ടടി മുന്നോട്ട് വച്ചാൽ അവനും ഒരടി മുന്നോട്ടു വയ്ക്കും, ഇന്നല്ലെങ്കിൽ നാളെയോ മറ്റന്നാളോ, പക്ഷേ അതിന് നിനക്ക് കാത്തിരിക്കേണ്ടി വരും.
ഒരു കുടുംബ ജീവിതം ആവുമ്പോൾ ദുരഭിമാനങ്ങൾ പാടില്ല. നീയും അവനും പഠിച്ചവരാണ്. നിങ്ങൾ പരസ്പരം അറിഞ്ഞ് കൂടെ ജീവിക്കാൻ തീരുമാനിച്ചവരാണ്. പരസ്പരബഹുമാനം ഉണ്ടായാൽ തന്നെ പകുതി പ്രശ്നങ്ങൾ തീരും "
"An Idle Mind is a Devil's Workshop എന്നാണ് പറയുക. കാലത്ത് രാജു ജോലിക്കും മകൻ സ്കൂളിലും പോയിക്കഴിഞ്ഞാൽ പിന്നെ നീ ഒറ്റയ്ക്കാണ്, അതു കൊണ്ടാണ് നിനക്ക് ചിന്തിച്ച് കാട് കയറാൻ സമയം കിട്ടുന്നത്. നീ എന്തുകൊണ്ട് ജോലിക്കു പോകുന്നില്ല. നീ പഠിച്ചിട്ടുള്ളതല്ലേ. നിനക്ക് സമയവും പോകും നിന്റെ കാര്യങ്ങൾക്കുള്ള പൈസയും കിട്ടും.
"അമ്മൂ, വിവാഹമോചനം ഒന്നിനുമൊരു പരിഹാരമല്ല, നിന്റെയും രാജുവിന്റെയും മാത്രമല്ല. നിങ്ങളുടെ കുട്ടികളുടെ ജീവിതവും താറുമാറാവും. നീ തന്നെ ആലോചിക്ക്."
ദാസേട്ടൻ പടവുകൾ കയറി അമ്പലത്തിനടുത്തെക്ക് പോയി. ഞങ്ങളുടെ തറവാടിന്റെ മൂലക്ഷേത്രമാണ്, ഇവിടെ വർഷങ്ങളായ് മുടങ്ങാതെ നടത്തുന്ന പൂജയാണ്, ഇത്തവണ ഞാനും ദാസേട്ടനും മാത്രമേ വന്നുള്ളൂ. ഉച്ചപൂജ കഴിഞ്ഞ് പ്രസാദം വാങ്ങിയിട്ട് വേണം തിരികെ പോകാൻ.
കുറെ കാലങ്ങൾക്ക് ശേഷമാണ് ദാസേട്ടനോട് മനസ്സ് തുറന്നൊന് സംസാരിക്കാൻ പറ്റിയത്. ആരോടും പറയാൻ പറ്റില്ല, ഞാൻ തന്നെ തിരഞ്ഞെടുത്ത ജീവിതമാണ്.
ഓഫീസ്, ഓഫീസ്, ഓഫീസ്. ഇതിനപ്പുറം രാജൂന് വീട്, ഭാര്യ കുട്ട്യോൾ അങ്ങിനെ യാതൊരു ചിന്തയും ഇല്ല. ഇങ്ങനെയുള്ളവർ എന്തിന് വെറുതെ കെട്ടി മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്നു ആവോ. ഒരു ദിവസം ഞാൻ ദേഷ്യം വന്നപ്പോൾ പറഞ്ഞു വീട്ടിലെ ഒരു വേലക്കാരിയുടെ പോലെയാണ് എന്റെ ജീവിതം എന്ന്. ഭക്ഷണം ഉണ്ടാക്കുക, തുണികൾ കഴുകുക, വീട് മുഴുവൻ അടിച്ച് തൂത്ത് വൃത്തിയാക്കുക. പിറ്റേ ദിവസം തന്നെ രാജു ഏജൻസിയിൽ നിന്നും ഒരു പെണ്ണിനെ വീട്ടുവേലക്ക് വച്ചു. എന്റെ ആവശ്യം രാജു എന്റെ കൂടെ സമയം ചിലവഴിക്കാനും പുറത്തേക്ക് പോകാനും ഒക്കെ സമയം കണ്ടെത്തണമെന്നായിരുന്നു.
മറ്റൊരു ദിവസം ഞാൻ രാജുവിന് ഫോൺ ചെയ്തപ്പോൾ പിന്നിൽ പെൺകുട്ടികളുടെ ശബ്ദം കേട്ടു . ഞാൻ രാജുവിന്റെ കാര്യത്തിൽ വളരെ പൊസസ്സീവ് ആണ്. മനസ്സിൽ എന്തൊക്കെയോ തെറ്റായ ധാരണകൾ രൂപം കൊണ്ടു. അന്ന് ഫോണിൽ കൂടി ഞാനെന്തൊക്കെയോ പറഞ്ഞു. വൈകീട്ട് ജോലി കഴിഞ്ഞ് വന്നപ്പോൾ രാജു പ്രതികരിക്കുമെന്നാണ് പ്രതീക്ഷിച്ചത്, പക്ഷേ അതുണ്ടായില്ല. പിന്നീട് രാജുവിന്റെ ജോലി കഴിഞ്ഞ് വൈകിയുള്ള വരവും ജോലിക്കാര്യങ്ങൾക്ക് യാത്ര ചെയ്യുന്നതും ഒക്കെ ഞാൻ കൂട്ടി വായിക്കാൻ തുടങ്ങി. പലപ്പോഴും ഇതിന്റെ പേരിൽ ഞാൻ ബഹളം വെച്ചു എങ്കിലും രാജു അതൊന്നും കേട്ട ഭാവം പോലും കാണിച്ചില്ല.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാജു എന്നിൽ നിന്നും മാനസികമായി അകലാൻ തുടങ്ങി എന്ന് എനിക്ക് തോന്നി, അതോ ഞാൻ രാജുവിൽ നിന്നും അകന്നതാണോ എന്തോ?
വൈകുന്നേരം ജോലി കഴിഞ്ഞ് വളരെ വൈകിയാണ് വരുക. നേരെ പോയി കുളിച്ച് ടിവി വച്ച് ന്യൂസ് കാണും ലോകവിവരങ്ങൾ അറിയാൻ. വീട്ടിലെയും നാട്ടിലെയും വിവരങ്ങളും, മകന്റെ സ്കൂൾ വിശേഷങ്ങളും ഒന്നും കേൾക്കാൻ യാതൊരു താൽപര്യവും ഇല്ല എന്തിന് അവനോട് സ്നേഹത്തോടെ സംസാരിക്കുന്നത് പോലും കാണാറില്ല. പണ്ടൊക്കെ പപ്പാ വരാൻ കാത്തിരിക്കാറുണ്ട്, ഇപ്പോൾ അവൻ ഭക്ഷണം കഴിച്ച് കിടക്കും.
വീട്ടു ചിലവിനും മറ്റു കാര്യങ്ങൾക്കും ഒക്കെയായി ഒരു തുക സ്ഥിരമായി തരും. മകനെ നല്ല സ്കൂളുകളിൽ തന്നെയാണ് ചേർത്തിരിക്കുന്നത്.
ശരിയാണ്, അച്ഛൻ എന്നെ എഞ്ചിനിയറിംങ്ങിന് പഠിപ്പിക്കാൻ അയച്ചു, പക്ഷേ അപ്പോഴാണ് രാജുവുമായി പരിചയപ്പെടുന്നത് . രാജു മൂന്നു വർഷം സീനിയർ ആയിരുന്നു. രാജുവിന് ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജോലിയും ലഭിച്ചു. കോളേജിൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നുവെങ്കിലും രാജു കോളേജിൽ നിന്നും പോയപ്പോഴാണ് ഞാൻ എത്ര മാത്രം രാജുവിനെ സ്നേഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത്. രാജുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.
ഞങ്ങളുടെ വിവാഹത്തിന് രാജുവിന്റെ വീട്ടിലും എന്റെ വീട്ടിലും പ്രത്യേകിച്ച് എതിർപ്പൊന്നും ഉണ്ടായില്ല. ഞാൻ പഠിച്ച് ജയിച്ചെങ്കിലും ജോലിക്കൊന്നും പോവാത്തതിനാൽ അച്ഛന് ദേഷ്യമുണ്ടായിരുന്നു.
ആദ്യം ഒരു ചെറിയ കമ്പനിയിൽ ആയിരുന്നു രാജുവിന് ജോലി. അന്നൊക്കെ രാജു കൂടുതൽ സമയം എന്നോടൊത്ത് ചിലവഴിക്കാറുണ്ട്.
ജോലിയിലുള്ള ആത്മാർത്ഥത രാജുവിനെ പെട്ടെന്ന് ഉയരങ്ങളിൽ എത്തിച്ചു. അതിനിടയിൽ ജോലിയും മാറി. പുതിയ ജോലിയിൽ ശമ്പളം കൂടിയപ്പോൾ ഉത്തരവാദിത്വവും കൂടി . ഉയരങ്ങൾ താണ്ടിപ്പിടിക്കുമ്പോൾ രാജു എന്നിൽ നിന്നും അകലാൻ തുടങ്ങി എന്ന് തോന്നി. പുതിയ ജോലിയില്‍ രാജുവിന് ഇന്ത്യക്ക് പുറത്തും യാത്ര ചെയ്യേണ്ടി വരാന്‍ തുടങ്ങി. അതോടെ ആഴ്ച്ചകളും മാസങ്ങളും രാജു വീട്ടിൽ നിന്ന് പുറത്ത് ആയി. രാജുവിന്റെ അത്ര തന്നെ പഠിച്ച ഞാന്‍ വീട്ടില്‍ കുട്ടിയെ നോക്കുന്ന ഒരു ആയ മാത്രം ആയിപ്പോയോ എന്ന് ചിലപ്പോള്‍ എനിക്ക് തോന്നും.
വീട്ടിൽ ഉള്ളപ്പോഴും രാജു വീട്ടിൽ ഒരു വിരുന്നുകാരന്റെ പോലെ ആയിരുന്നു. ഇതൊക്കെയാണെങ്കിലും മകന്റെ ആവശ്യങ്ങൾക്കായാലും എനിക്കായാലും യാതൊരു മടിയുമില്ലാതെ പൈസ ചിലവാക്കും. എന്റെ അച്ഛനമ്മമാരെയും രാജുവിന്റെ വീട്ടിലെല്ലാവരുടെയും കാര്യങ്ങൾ രാജു തന്നെയാണ് നോക്കി നടക്കുന്നത്. പലപ്പോഴും എന്നെ അവരിൽ നിന്നും അകറ്റാൻ രാജു മന:പ്പൂർവ്വം ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.
അമ്മയോടോ അച്ഛനോടോ പറയാം എന്ന് വച്ചാൽ അവർക്ക് പറയാൻ ഒരൊറ്റ മറുപടിയേ ഉള്ളൂ. രാജൂന് ഓഫീസും തിരക്കും അല്ലേ നിന്നെപ്പോലെ വിട്ടിൽ ഇരുപ്പല്ലല്ലോ എന്ന് മാത്രം. പിന്നെ അധികം പറഞ്ഞാൽ പറയും നീ സ്വയം തിരഞ്ഞെടുത്തതല്ലേ, ഞങ്ങളാരും നിന്റെ തലയിൽ വച്ച് കെട്ടിയതല്ലല്ലോ എന്ന്
എന്റെ വിഷമങ്ങൾ കേൾക്കാൻ ആകെ ഉള്ളത് ദാസേട്ടനാണ്. പറഞ്ഞപ്പോൾ അറിയാതെ വായിൽ നിന്നും വീണു പോയതാണ് ഡൈവോഴ്സിന്റെ കാര്യം.
ദാസേട്ടൻ പറഞ്ഞത് ശരിയാണ് എന്റെ ജീവിതത്തിന് ഞാൻ തന്നെയാണ് രൂപം കൊടുക്കേണ്ടത്. പക്ഷേ എന്റെ സ്വഭാവം അങ്ങിനെയാണ്. ഓരോ അവസരങ്ങളിൽ ഞാൻ അങ്ങിനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക് രാജുവിനെ മുഴുവനായും വിശ്വാസമാണ്. രാജുവിന്റെ സ്നേഹം എനിക്ക് മാത്രം എപ്പോഴും വേണം എന്ന എന്റെ അത്യാഗ്രഹമാവും ഒരു പക്ഷേ രാജുവിനോട് ചെറിയ കാര്യങ്ങൾ പറഞ്ഞ് പൊട്ടിത്തെറിക്കാൻ കാരണമാകുന്നത്
എന്നെ ജോലിക്ക് അയക്കാന്‍ രാജുവിന് വലിയ താൽപര്യം ഇല്ലായിരുന്നു എന്ന് എനിക്ക് തോന്നാറുണ്ട് പക്ഷേ ഒരിക്കലും അതിനെപ്പറ്റി പറഞ്ഞിട്ടില്ല. ഞാൻ ചോദിച്ചിട്ടും ഇല്ല. രണ്ടു പേരും ജോലിക്ക് പുറത്ത് പോയാൽ കുടുംബം കുടുംബമാവില്ല എന്ന് രാജു കൂട്ടുകാരോട് പറയുന്നത് കേട്ടിട്ടുണ്ട്.
ജോലി ചെയ്യണം എന്നത് എന്റെയും വലിയ മോഹമായിരുന്നു. സ്കൂളിലും കോളേജിലും ഞാൻ പഠനത്തിൽ വളരെ മുൻപിലായിരുന്നു. എൻട്രൻസിന് ഉയർന്ന റാങ്ക് നേടി മെറിറ്റിൽ ആണ് കോളേജിൽ പ്രവേശനം ലഭിച്ചത്.
ഉച്ചപൂജ കഴിഞ്ഞ് പ്രസാദം വാങ്ങി ഞങ്ങൾ തിരിച്ചു ടൌണിലേക്കുള്ള ബസിൽ കയറി.
കാലത്ത് നേരത്തേ എഴുന്നേറ്റ് അമ്പലത്തിൽ വന്നതിനാൽ ശരിക്ക് ഉറക്കം ഉണ്ടായില്ല. കയറിയ പാടേ അമ്മു ഉറക്കം തുടങ്ങി.
****
ബസ്സിൽ കയറിയപ്പോൾ മുതൽ ദാസന്റെ മനസ്സിൽ അമ്മുവിന്റെ വാക്കുകൾ ആയിരുന്നു. അവൾക്കെന്താ അങ്ങിനെ തോന്നാൻ? മനസ്സിൽ എന്തോ വലിയ ഭാരം പോലെ തോന്നി. രാജുവിനോട് ഒന്ന് സംസാരിക്കണം
എങ്ങിനെ അമ്മു ഇങ്ങനെ മാറി എന്നാണറിയാത്തത്. വളരെ ആത്മാർത്ഥമായിട്ടാണ് ഓരോ കാര്യവും ചെയ്യുക, അത് വീട്ടിലെ കാര്യമായാലും പഠിക്കുന്ന കാര്യമായാലും. അവളോട് പഠിക്കാൻ പറയേണ്ട ആവശ്യം ഒരിക്കലും വന്നിട്ടില്ല. വളരെ കുറച്ച് സംസാരം, ഒരു വിധം കാര്യങ്ങളെല്ലാം അവൾ തന്നെ കണ്ടറിഞ്ഞ് ചെയ്യും. ഞാനും അച്ഛനും അമ്മയും വേറേ ഏതെങ്കിലും കുട്ടിയോട് ഒന്ന് സ്നേഹത്തോടെ സംസാരിച്ചാൽ അവൾക്ക് കലി കയറും.
രാജു അവളെ അവഗണിക്കുന്ന പോലെ അവൾക്ക് തോന്നുന്നുണ്ടാവും അല്ലാതെ രാജുവിന് അവൾ വിചാരിക്കുന്ന പോലെ മറ്റൊരു വഴിവിട്ട ബന്ധം ഉണ്ടാവാൻ സാധ്യതയില്ല. അവൻ സംസാരം ഒക്കെ കുറവാണ്. വളരെ ഉത്തരവാദിത്വത്തോടെ, ചിട്ടയോടെ ജീവിതം നയിക്കുന്നയാൾ ആണ്.
ടൌണിൽ എത്തി അമ്മുവിനെ വീട്ടിലേക്ക് അയച്ച് ഞാൻ രാജുവിന് ഫോൺ ചെയ്തു എവിടെയെങ്കിലും ഇരുന്ന് ഒന്ന് സംസാരിക്കുന്നതിനെ പറ്റി പറഞ്ഞു. അര മണിക്കൂറിനുള്ളിൽ സെൻട്രൽ മാളിലെ കോഫി ഷോപ്പിൽ കാണാമെന്ന് പറഞ്ഞു
കടയിൽ കയറി അമ്മുവിന്റെ മകൻ കണ്ണന് കുറച്ച് ചോക്ളേറ്റ് വാങ്ങി കോഫി ഷോപ്പിൽ എത്തിയപ്പോഴെക്കും രാജു അവിടെ എത്തിയിരുന്നു. കുശലപ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞ് ഞാൻ കാര്യത്തിലേക്ക് കടക്കാം എന്ന് വിചാരിച്ചപ്പോഴെക്കും രാജു പറഞ്ഞു അവൻ എന്നെ കണ്ട് കുറച്ച് സംസാരിക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു എന്ന്.
ദൈവമേ ഇനി ഇവനും വല്ല ഡൈവോഴ്സിനെപ്പറ്റി പറയാൻ തന്നെ ആണോ ആവോ ഉദ്ദേശിക്കുന്നത്.
"എന്താ രാജു പ്രത്യേകിച്ച് എന്നെ കാണാൻ മാത്രം" ഞാൻ എന്റെ ജിജ്ഞാസ പ്രകടിപ്പിക്കാതെ ചോദിച്ചു.
"കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി അമ്മുവിന് എന്തൊക്കെയോ മാറ്റങ്ങൾ കാണുന്നു. അവൾക്ക് എന്നേ കാണുന്നതേ കലിയാണ്. പലപ്പോഴും ഞാൻ ഒറ്റപ്പെട്ട പോലെ തോന്നാറുണ്ട്. ഞാന്‍ ജോലികഴിഞ്ഞ് എത്തും മുന്പ് കണ്ണനെ ഭക്ഷണം കൊടുത്തു കിടത്തി ഉറക്കി കാണും. എന്നെ ശ്രദ്ധിക്കാറെ ഇല്ല." രാജു ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു
"നീ സംസാരിച്ചില്ലേ അവളോട് ?"
" ഇല്ല ചേട്ടാ ഞാൻ എന്താ പറയണ്ടേ. ഓഫീസിൽ നിന്നും ഫോൺ ചെയ്താൽ ഏതെങ്കിലും പെണ്ണിന്റെ ശബ്ദമെങ്ങാനും ഫോണിൽ കൂടി കേട്ടാൽ അവൾ കലി തുള്ളാൻ തുടങ്ങും. എന്നെ എപ്പോഴും സംശയമാണ്. ഞാൻ ഒരിക്കലും തിരിച്ചൊന്നും ചോദിക്കാറില്ല."
"രാജൂ, ചോദിക്കേണ്ടത് ചോദിക്കണം, പറയേണ്ടത് പറയണം, എന്നാലേ തെറ്റിദ്ധാരണകൾ അകലൂ. സത്യമറിയാതെ നിങ്ങൾ രണ്ടു പേരും ഓരോന്ന് ഊഹിച്ചെടുക്കും. ഇനിയും വൈകിയിട്ടില്ല, ഇപ്പോൾ ഇതു ശരിയാക്കിയില്ല എങ്കിൽ നിങ്ങളുടെ മനസ്സുകൾ തമ്മിലുള്ള ദൂരം പിന്നെയും കൂടും അതുകൊണ്ട് തകരുന്നത് നിങ്ങളുടെയും കണ്ണന്റെയും ജീവിതമാണ് "
"എന്ത് സംസാരിക്കണം എന്ന് എനിക്കറിയില്ല. പക്ഷേ ചേട്ടനോട് ഒരു കാര്യം ഞാൻ പറയാം. അവളില്ലാത്ത ഒരു ജീവിതം എനിക്ക് ആലോചിക്കാൻ കൂടി വയ്യ അവൾക്ക് എല്ലാ സുഖങ്ങളും ഞാൻ കൊടുത്തു. പണത്തിന്റെ ബുദ്ധിമുട്ട് ഞാനിന്നു വരെ അറിയിച്ചിട്ടില്ല. ഇതിൽ കൂടുതൽ ഞാനെന്താണ് ചെയ്യേണ്ടത്?"
" രാജു, ഞാനൊരു മന:ശ്ശാസ്ത്രജ്ഞനോ, ഡോക്ടറൊന്നും അല്ല. പക്ഷേ ജീവിതം കുറെ പാഠങ്ങൾ പഠിപ്പിച്ചു. അതിന്റെ വെളിച്ചത്തിൽ ഞാൻ ഒന്ന് പറയാം. ചില സമയങ്ങളിൽ അവർക്കായ് നീ ചിലവഴിക്കുന്ന പണവും നീ കൊടുക്കുന്ന സൌകര്യങ്ങളും എല്ലാം അവരുടെ കൊച്ച് കൊച്ച് മോഹങ്ങൾക്ക് മുൻപിൽ ഒന്നുമല്ലാതാകും. ആ കൊച്ചു മോഹങ്ങൾ നിറവേറ്റാൻ നിന്റെ സ്വത്തിനോ പണത്തിനോ കഴിയില്ല. നിന്റെ സാമീപ്യമാവാം, അല്ലെങ്കിൽ പണ്ട് നിന്നിൽ അവൾ കണ്ടിരുന്ന മറ്റെന്തെങ്കിലും ഇന്ന് അവൾക്ക് നിന്നിൽ കാണാൻ കഴിയുന്നുണ്ടാവില്ല. അത് മനസ്സിലാക്കാൻ നീയ്യും അവളും വിചാരിക്കണം നിങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടു വിവാഹം ചെയ്തു എന്നത് സത്യമാകാം, പക്ഷേ നിങ്ങളുടെ ഇഷ്ടങ്ങൾ നിങ്ങൾ പരസ്പരം പങ്കുവച്ചില്ല. "
"ഇതിനെല്ലാമുപരി നിങ്ങൾക്ക് രണ്ടു പേർക്കും ആവശ്യത്തിലധികമുള്ള ഒന്നാണ് ദുരഭിമാനം. നിങ്ങൾ രണ്ടു പേരും സ്നേഹിച്ചത് ഡിഗ്രികൾ നോക്കിയല്ല, പിന്നെന്തിന്ന് നിങ്ങളുടെ ജീവിതത്തിൽ വലുപ്പച്ചെറുപ്പങ്ങൾ? പണ്ടത്തെപ്പോലെ പരസ്പരം സ്നേഹിക്കാനും മനസ്സിലാക്കാനും ബഹുമാനിക്കാനും എന്തേ പറ്റാത്തത്. "
" ഇനിയും വൈകിയിട്ടില്ല. ഈ തിരക്കൊക്കെ മാറ്റിവച്ച് നീയും അവളും എവിടെയെങ്കിലും മാറിയിരുന്ന് ഒന്ന് സംസാരിക്ക്. അതിൽ മാറാത്ത ഒരു പ്രശ്നവും ഇന്ന് നിങ്ങളുടെ ജീവിതത്തിലില്ല ".
ഞാൻ രാജുവിനോട് യാത്ര പറഞ്ഞു.
" ഞാൻ ഇറങ്ങട്ടെ, അവിടെ അമ്മു കാത്തിരിക്കുന്നുണ്ടാവും ഊണ് കഴിക്കാൻ. പിന്നെ വൈകുന്നേരം നീ വരാൻ ഞാൻ കാത്തു നിൽക്കില്ല വൈകീട്ടത്തെ ഇന്റർസിറ്റിയിൽ തന്നെ തിരിച്ചു പോകും."
ഓരോ സ്പെഷൽ കാപ്പിയും കുടിച്ച് പിരിയുമ്പോൾ മനസ്സിലുണ്ടായിരുന്ന പിരിമുറുക്കങ്ങൾ ഒക്കെ ഏറെക്കുറെ ഇല്ലാതെയായ പോലെ തോന്നി. പുറത്ത് വന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് ഞാൻ അമ്മുവിന്റെ വീട് ലക്ഷ്യമാക്കി പോയി.
*****
ദാസേട്ടനെ യാത്രയാക്കി രാജു തിരിച്ച് ഓഫീസിൽ പോയി. വഴി മുഴുവനും അമ്മുവിന്റെ എന്താഗ്രഹമായിരുന്നു ഞാൻ നടത്തിക്കൊടുക്കാതിരുന്നത് എന്ന ചിന്തയായിരുന്നു ? ദാസേട്ടൻ പറഞ്ഞത് കാര്യമാണ്. ഞാൻ അവളോട് മനസ്സ് തുറന്നൊന്ന് സംസാരിച്ചിട്ട് എത്ര കാലമായി.
നേരേ പോയത് പ്രോജക്റ്റ് ഡയറക്ടറുടെ ഓഫിസിലേക്കാണ്. പിറ്റേന്ന് മുതൽ ഒരാഴ്ച്ച അവധിക്ക് എഴുതി കൊടുത്തു. . വൈകീട്ട് വീട്ടിലെത്തിയപ്പോഴും ദാസേട്ടൻ പോയിട്ടുണ്ടായിരുന്നു. പതിവുപോലെ ഞാൻ വന്നത് കൊണ്ട് പ്രത്യേകിച്ച് വീട്ടിൽ ഒരനക്കവും കണ്ടില്ല. നേരേ അടുക്കളയിലേക്ക് പോയി, അമ്മു എന്തോ ഭക്ഷണം ഉണ്ടാക്കുന്നുണ്ട്.
അപ്രതീക്ഷിതമായി എന്നെ അടുക്കളയിൽ കണ്ട് അമ്മു അന്ധാളിച്ചു പോയി. "എന്താ രാജു, എന്തെങ്കിലും പ്രശ്നം? അമ്മു ചോദിച്ചു. പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് തലയാട്ടി.
അടുക്കളയിൽ സ്ലാബിന്റെ മുകളിൽ ഇരുന്ന് അമ്മു ചൂടാക്കിത്തന്ന ചായ കുടിച്ചു കൂടെ അവൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അരിമുറുക്കും പൊട്ടിച്ച് കഴിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
"അമ്മു നാളെ നമുക്കൊന്ന് നമ്മൾ പഠിച്ച കോളേജിൽ പോയാലോ. വെറുതെ ഒന്ന് ...." പറഞ്ഞു തീരുമ്പോഴെക്കും അമ്മു തലയാട്ടി.
കാലത്ത് മകൻ സ്കൂളിൽ പോയ ശേഷം ഞാനും അമ്മുവും കോളേജിലേക്ക് പോയി. കോളേജിന്റ മെയിൻ ഗെയിറ്റിന് സമീപള്ള ചെറിയ വാതിലിലൂടെ കടന്ന് കോളേജ് കാമ്പസിലൂടെ ഒന്ന് നടന്നു. കോളേജ് അവധിയായിരുന്നതിനാൽ അങ്ങിങ്ങായി ചില കുട്ടികളൊഴിച്ചാൽ കാമ്പസ്സ് വിജനമായിരുന്നു. പണ്ട് നടന്ന വഴികളിലൂടെ എല്ലാം നടന്ന് കാമ്പസ്സിന്റെ ഒരു വശത്ത് മാറി കാന്റീനിലേക്കുള്ള വഴിയിലെ ഇലഞ്ഞി മരത്തിന്റെ ചുവട്ടിലെ ചുറ്റുമതിലിൽ ഇരുന്നു..
നീണ്ട നേരത്തെ നിശ്ശബ്ദത തകർത്തത് അമ്മുവാണ് "രാജൂന് ഓർമ്മേണ്ടോ, ഈ സ്ഥലം, പണ്ടത്തെ പലതും മറന്നുലോ അതു കൊണ്ട് ചോദിച്ചതാണ് "
" ഈ സ്ഥലം മറക്കാതിരിക്കാനാണ് ഞാനിന്ന് ഇവിടെ വന്നത്. എന്റെയത്ര തന്നെ ഈ സ്ഥലം എത്രമാത്രം നിനക്കും പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം"
"അമ്മു, ഈ കോളേജ് കാമ്പസ്സിൽ നിന്നും പോകുമ്പോൾ നീയ്യിവിടെ മറന്നു വച്ച് പോയ എന്തോ ഉണ്ട്. അത് ഓർമ്മിച്ചെടുക്കാനാണ് ഞാനിന്ന് നിന്നെയും കൂട്ടി ഇവിടെ വന്നത്. അതെന്തായാലും നമുക്ക് തിരിച്ചെടുക്കണം"
ഒന്നും മനസ്സിലാവാതെ അമ്മു എന്നെ നോക്കി.
"പണ്ട് ഈ ഇലഞ്ഞിമരത്തിന്റെ താഴെ ഒരു ഭാര്യയും ഭർത്താവുമല്ല മറിച്ച് രണ്ട് നല്ല സുഹൃത്തുക്കൾ ആയിരുന്നു ഇരുന്നിരുന്നത്. അന്ന് വളരെ നിഷ്കളങ്കമായ സൌഹൃദമായിരുന്നു നമ്മുടേത്. നമ്മൾ വിവാഹം കഴിച്ചതുകൊണ്ട് മാത്രം ആ സൌഹൃദം നഷ്ടപ്പെടാൻ പാടില്ലായിരുന്നു. ഒരു പരിധി വരെ അതിന് ഞാനാണ് കുറ്റക്കാരൻ. അതുകൊണ്ടാണ് ആ തെറ്റ് തിരുത്തണമെന്ന് എന്റെ മനസ്സ് പറഞ്ഞത്. അന്ന് നീ വാതോരാതെ നിന്റെ മോഹങ്ങളെപ്പറ്റി അന്ന് സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞപ്പോൾ നീ അവ ഒരു ജീവിതം പടുത്തുയർത്താനായി മാറ്റിവച്ചു. അത് തിരിച്ചെടുക്കണം. ഒരു പക്ഷേ ഒരു സ്വാർത്ഥനായ ഞാനത് ഓർക്കാൻ ശ്രമിച്ചില്ല എന്നതാവും ശരി''
കയ്യിൽ മടക്കി വച്ചിരുന്ന പേപ്പർ അമ്മുവിന് നേരേ നീട്ടി.
"ഇത് നിന്റെ ബയോഡാറ്റ ആണ്. ഇതിൽ ഇപ്പോൾ BTech ഡിഗ്രി മാത്രമേ ഉള്ളൂ. ഇനി നിനക്ക് തീരുമാനിക്കാം. ഇതിൽ എന്തൊക്കെ എഴുതിച്ചേർക്കണമെന്ന്. പഠിക്കണമെങ്കിൽ പഠിക്കാം, ജോലിക്ക് പോകണമെങ്കിൽ അങ്ങിനെ. നീ എന്തൊക്കെ മോഹിച്ചിരുന്നുവോ അതൊക്കെ ഇനി ചെയ്യണം. നിന്റെ മോഹങ്ങൾ മനസ്സിലാക്കി ഞാൻ ഇത് വളരെ മുൻപ് ചെയ്യേണ്ടിയിരുന്നതായിരുന്നു. ഇനി അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ."
ഞാൻ പറയുന്നത് കേട്ട് അമ്മുവിന്റെ കണ്ണുകൾ വിടർന്നിരുന്നു.
"രാജൂ, സത്യമാണ് കല്യാണത്തിന് മുൻപ് എനിക്ക് വലിയ മോഹമായിരുന്നു പഠിച്ച് ജോലി ചെയ്ത് നല്ല നിലയിൽ എത്തണമെന്ന്. ഒരു പക്ഷേ ഈ കാര്യം മൂന്ന് കൊല്ലം മുൻപാണ് പറഞ്ഞതെങ്കിൽ ഞാൻ സന്തോഷം കൊണ്ട് തള്ളിച്ചാടിയേനേ. പക്ഷേ ഇന്നെനിക്ക് അങ്ങിനെ ഒരു മോഹം ഇല്ല."
അമ്മുവിൽ നിന്നും ഇങ്ങിനെ ഒരു പ്രതികരണമല്ല ഞാൻ പ്രതീക്ഷിച്ചത്.
" പിന്നെ... " ഞാൻ അമ്മുവിന്റെ മുഖത്തേക്ക് നോക്കി.
"രാജൂ, നമ്മുടെ മോഹങ്ങൾ സമയത്തിനൊത്ത് മാറിക്കൊണ്ടിരിക്കും. പണ്ടെനിക്ക് പാവകൾ ഇഷ്ടമായിരുന്നു. പിന്നെ വസ്ത്രങ്ങൾ ആയി, പിന്നെ പഠിച്ച് വലിയ നിലയിലെത്തുക എന്നായി. പിന്നെ രാജുവുമായി അടുത്തപ്പോൾ എന്റെ സ്വപ്നങ്ങൾ രാജുവുമൊത്തുള്ള ജീവിതം മാത്രമായി. എന്റെ മാത്രമല്ല എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ ഇതൊക്കെത്തന്നെയാവും മോഹങ്ങൾ."
"എനിക്കിപ്പോൾ വളരെ ചെറിയ മോഹങ്ങൾ ആണുള്ളത്. ഇന്നലെ രാജു ഓഫീസിൽ നിന്നും വന്ന് അടുക്കളയിൽ എന്റെ കൂടെ സമയം ചിലവഴിച്ചതു പോലെ സംസാരിക്കുന്നതും, കണ്ണന്റെ കൂടെ കളിക്കുന്നതും പിന്നെ ഇതുപോലെ ഇടയ്ക്കൊന്ന് പുറത്തു പോകലും അത്ര മാത്രം അതിൽ കൂടുതൽ ഒന്നും എനിക്ക് മോഹമില്ല. രാജു എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം എന്നാലും ഞാൻ അത് രാജുവിന്റെ പ്രവൃത്തിയിലും എന്നോടുള്ള പെരുമാറ്റത്തിലും ആഗ്രഹിക്കുന്നു. അത് കിട്ടാതായപ്പോൾ ഞാൻ എന്തൊക്കെയോ പറഞ്ഞു, തെറ്റാണെന്ന് അറിഞ്ഞിട്ടും"
കാമ്പസ്സിൽ നിന്നും മടങ്ങുമ്പോൾ പണ്ട് നഷ്ടപ്പെട്ട എന്തോ തിരിച്ചു കിട്ടിയ സന്തോഷം അമ്മുവിന്റെ മുഖത്ത് പ്രകടമായിരുന്നു, അമ്മുവിനെ തിരിച്ചു കിട്ടിയതിൽ ഞാനും അതിലേറെ സന്തോഷവാനായിരുന്നു.
ഗിരി ബി. വാരിയർ
01 ഫെബ്രുവരി 2018
01 ഫെബ്രുവരി 2018
©copyrights protected


Comments
Post a Comment