തേന്മാവിൻ കുളിർമ്മയിൽ


"Degree in Electronics & Communications from REC Thrissur & MBA in Human Resources from IIM Calicut..??"

മുംബൈയിൽ വലിയൊരു ടെലികോം കമ്പനിയിൽ ഒരു ഒഴിവുണ്ട് എന്നറിഞ്ഞ് അപേക്ഷിച്ചിരുന്നതാണ്. എഞ്ചിനീയറിംഗ് കോളേജിൽ കൂടെ പഠിച്ചിരുന്ന ഒരു സുഹ്യത്ത് ഈ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. അയാൾ ശുപാർശ ചെയ്താണ് ഇന്റർവ്യൂവിന് അവസരം കിട്ടിയത് തന്നെ.

ഇന്റർവ്യൂ പാനലിൽ കമ്പനിയുടെ എംഡിയും ഉണ്ടായിരുന്നു.

"Yes Sir, For B.Tech, I was the Rank holder and Gold Medalist in MBA" ഞാൻ പറഞ്ഞു.

"Wonderful, quite impressive. But after passing out, for the past seventeen years you did not work in any reputed firm...why?"

"Sir, I got campus placement both after graduation and MBA, but I opted not to go"

"Any particular reason for that?"

"Sir, my parents were alone here and Papa had a past cardiac issue..for me it was more important than my career that time.."

"So, now. how is he?"

"Sir, he is no more, last year.."

"Sorry to hear that.."

"You carry on the evaluation..., I have a meeting.." അത്രയും പറഞ്ഞു എം ഡി പുറത്തുപോയി.

അദ്ദേഹം പോയ ശേഷം പാനലിൽ ബാക്കിയുള്ളവർ പിന്നേയും കുറേ കാര്യങ്ങൾ ചോദിച്ചു. രണ്ടു റൌണ്ട് ഇന്റർവ്യൂ കഴിഞ്ഞപ്പോഴേക്കും ഉച്ചയായിട്ടുണ്ടായിരുന്നു. ക്യാന്റീനിൽ നിന്ന് ഊണ് കഴിച്ചു റിസപ്ഷനിൽ വന്നിരുന്നു. അപ്പോൾ ഒരു സ്ത്രീ അങ്ങോട്ട് കടന്നുവന്നു.

“Mr Joseph, our MD wanted to see you.. pls come..”

അവരുടെ കൂടെ എം ഡിയുടെ ക്യാബിനിലേക്ക് നടക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഉത്ക്കണ്ഠയായിരുന്നു, എന്തിനാവും എന്നെ കാണണമെന്ന് പറഞ്ഞത്.

ക്യാബിനു മുൻപിലെ ബോർഡ് ശ്രദ്ധിച്ച്. "മുകുന്ദൻ നായർ, മാനേജിങ് ഡയറക്ടർ"

വിശാലമായ ക്യാബിന്റെ ഒരു വശത്ത് രണ്ടു സോഫകൾ ഇട്ടിട്ടുണ്ട്. ഒരു സോഫയുടെ അരികിൽ ചാരിയിരുന്ന് ഇംഗ്ലീഷ് പേപ്പർ നോക്കിക്കൊണ്ട്‌ മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുന്നുമുണ്ടായിരുന്നു.

എന്നെ കണ്ട ഉടനെ അദ്ദേഹം എന്നോട് സോഫയിൽ ഇരിക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഒരു നിമിഷം കഴിഞ്ഞപ്പോൾ ഫോണിൽ സംസാരം അവസാനിപ്പിച്ച് എന്റെ നേരെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.

"എന്റെ അച്ഛനെ വിളിച്ചതായിരുന്നു, കുറച്ചു നേരം കഴിഞ്ഞാൽ തിരിച്ചുവിളിക്കും."

"സാർ മലയാളി ആയിരുന്നോ, കണ്ടപ്പോൾ തോന്നിയില്ല. പേരന്റ്സ് നാട്ടിൽ ആണോ സാർ."

"ഹും.. " ഒരു മൂളൽ മാത്രമായിരുന്നു മറുപടി.

"ജോസഫ്, പറയൂ.. I am so impressed.., പാരന്റ്സിന് വേണ്ടി കാരിയർ മാറ്റിവെക്കുക. അതും ഇത്രയും പഠിച്ചശേഷം .. പക്ഷേ ഇപ്പോൾ നാല്പത്തിരണ്ടാം വയസ്സിൽ ജോലി അന്വേഷിക്കാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണം.?."

"സാർ. അതൊരു വലിയ കഥയാണ്, ഞങ്ങൾ ആറ് മക്കൾ ആണ്. അപ്പൻ ഞങ്ങൾ പഠിച്ച നാട്ടിലെ സ്‌കൂളിൽ തന്നെ അദ്ധ്യാപകനായിരുന്നു. ഏറ്റവും ഇളയവനാണ് ഞാൻ. എന്റെ മൂത്ത ചേട്ടനും ഞാനും തമ്മിൽ പതിനഞ്ച് വയസ്സിന്റെ വ്യത്യാസം ഉണ്ട്. എട്ട് വർഷത്തിനുള്ളിൽ അഞ്ച് മക്കളായപ്പോൾ പ്രസവം നിർത്താൻ തീരുമാനിച്ചതാണ്, പക്ഷെ ഏഴ് വർഷം കഴിഞ്ഞ്‌ അമ്മച്ചി എന്നെ ഗർഭം ധരിച്ചപ്പോൾ അലസിപ്പിച്ചുകളയാൻ കൊണ്ടുപോയതായിരുന്നു. വളർച്ച അധികമായതിനാൽ കഴിഞ്ഞില്ല. അങ്ങിനെ വന്നപ്പോൾ അപ്പന്റെ തീരുമാനമായിരുന്നു, കർത്താവ് തന്ന ആറാമത്തെ സന്തതിയേയും ദൈവത്തിന്റെ സന്തതിയായി സ്വീകരിക്കാമെന്ന്.

ഞാൻ എട്ടാം ക്ലാസ് ആവുമ്പോഴേക്കും മൂത്ത രണ്ട് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞ് ഭർത്താക്കന്മാരുടെ കൂടെ അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തു. പിന്നീട് മൂത്ത ചേട്ടന്മാർ മൂന്ന് പേരും അളിയന്മാരുടെ സഹായത്തോടെ അമേരിക്കയിൽ എത്തി. എല്ലാവരുടെയും വിവാഹം കഴിഞ്ഞു, മക്കളായി.

അന്നുമുതൽ ഞാൻ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. അപ്പനെയും അമ്മച്ചിയേയും വിട്ട് മാറുക എനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഒന്നായിരുന്നു.

ആവുന്ന കാലം നാട്ടിൽ അപ്പന്റെയും അമ്മച്ചിയുടെയും കൂടെ തന്നെ കഴിയാനാണ് എഞ്ചിനീയറിംഗ് കഴിഞ്ഞ് എംബിഎ ക്കും പഠിച്ചത്. അപ്പന് ആസമയത്ത് ഹ്യദയസംബന്ധമായ അസുഖങ്ങൾ ആരംഭിച്ചു.

നാട്ടിലെ ഒരു ചെറിയ ചിട്ടിക്കമ്പനിയിൽ ക്ലാർക്ക് ആയി ഞാൻ ജോലി ചെയ്യാൻ തുടങ്ങി. അപ്പന്റെ പെൻഷനും ക്യഷിയിൽ നിന്നും എന്റെ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനവും എല്ലാം തന്നെ ജീവിക്കാൻ അധികമായിരുന്നു. അപ്പനേയും അമ്മച്ചിയേയും നോക്കി എന്നോട് നാട്ടിൽ കഴിഞ്ഞോളാൻ കൂടപ്പിറപ്പുകളും പറഞ്ഞു. ഞാൻ നാട്ടിലുള്ളതിനാൽ സഹോദരങ്ങൾ എല്ലാവരും സസുഖം വിദേശത്ത് കഴിഞ്ഞു. അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് അമ്മച്ചിയേയും അപ്പച്ചനേയും മാറി മാറി അവർ അമേരിക്കയിൽ കൊണ്ടുപോയി.

സ്‌കൂളിൽ അപ്പന്റെ കൂടെ ജോലി ചെയ്തിരുന്ന മേരി ടീച്ചർ മരിച്ചപ്പോൾ, അവരുടെ ഏക മകൾ മരിയയെ വിവാഹം കഴിക്കാൻ അപ്പൻ പറഞ്ഞു. മരിയയുടെ ഡാഡി മരിയ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തേ മരിച്ചിരുന്നു.

ഹ്യദയത്തിന് അസുഖം ഉള്ളതിനാൽ അപ്പന് പറമ്പിലൊന്നും പണി ചെയ്യാൻ പറ്റില്ലായിരുന്നു. കൃഷിയെല്ലാം ചെയ്യാൻ എന്നെ പഠിപ്പിച്ചു.. ദേഹമനങ്ങി ഒന്നും ചെയ്യാൻ പറ്റില്ലെങ്കിലും, ഞാൻ പറമ്പിൽ ഇറങ്ങിയാൽ അപ്പനും കൂടെ വരും, അവിടെ ഇരുന്ന് ഓരോ മാർഗ്ഗനിർദ്ദേശങ്ങൾ തന്നു കൊണ്ടിരിക്കും, പിന്നെ പഴയകാലകഥകളും. അപ്പന് പറമ്പിൽ വന്നാൽ ഇരിക്കാൻ ഒരു മരത്തിന്റെ സ്റ്റൂൾ ഉണ്ടായിരുന്നു. അപ്പൻ കൂടെയുള്ളപ്പോൾ എത്ര പണിതാലും ക്ഷീണം തോന്നില്ല. ഓരോ മണിക്കൂറും കൂടുമ്പോൾ അപ്പന് എന്തെങ്കിലും കുടിക്കണം.അപ്പോൾ പറയും..

" വാടാ, നമുക്കാ തേൻമാവിൻ തണലിലിരുന്നു് കുളിർക്കാം"

എന്നിട്ട് അമ്മച്ചിയെ വിളിച്ച് എനിക്ക്‌ വേണ്ടി മോരുംവെള്ളമോ ചായയോ ഉണ്ടാക്കി കൊണ്ടുവരാൻ പറയും.

കഴിഞ്ഞ വർഷം അപ്പൻ മരിച്ചു. പ്രായമാവാൻ തുടങ്ങിയപ്പോൾ സഹോദരങ്ങൾ ഓരോരുത്തരായി നാട്ടിലേക്ക് തിരികെ വരുന്നതിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങി. അപ്പോൾ വീടും പറമ്പും ഭാഗം വെക്കേണ്ടിവരും. അങ്ങിനെ വന്നാൽ ഈ വീട് മൂത്ത ചേട്ടന് അവകാശപ്പെട്ടതാണ്.

അപ്പോഴാണ് എനിക്ക് തിരിച്ചറിവുണ്ടായത് ഞാൻ ഒന്നും തന്നെ സമ്പാദിച്ചിട്ടില്ലെന്ന്. മൂത്ത ചേട്ടൻ ഇപ്പോൾ മകളുടെ കൂടെ കൽക്കത്തയിൽ ഉണ്ട്. ഞാനീ വന്നത് അദ്ദേഹത്തിന് അറിയില്ല..

ചേട്ടൻ നാട്ടിൽ സ്ഥിരതാമസമാക്കിയാൽ ഞങ്ങൾ ഇറങ്ങി കൊടുക്കേണ്ടി വരും, അതിനാലാണ് ഇത്രയും വൈകിയാണെങ്കിലും ഒരു ജോലി ചെയ്ത് എന്റെ ഭാര്യയേയും മക്കളേയും കഷ്ടപ്പെടുത്താതെ ജീവിക്കണമെന്ന് തോന്നിയത്."

"ജോസഫ്, നിങ്ങളെപ്പോലെ ഒരു മകനെ കിട്ടിയ ആ അപ്പനും അമ്മയും എത്രയോ ഭാഗ്യവാന്മാരാണ്. ഞാൻ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം എടുത്ത ആളാണ്. പക്ഷേ ജീവിതത്തിലെ വലിയൊരു തിരിച്ചറിവുണ്ടായത് ജോസഫിൽ നിന്നുമാണ് "

"സാർ.. അപ്പൻ പറയാറുണ്ട്, എല്ലാം മുൻകൂട്ടി നിശ്ചയിച്ചതായിരിക്കുമെന്ന്. അല്ലെങ്കിൽ അലസിപ്പിക്കാൻ ആശുപത്രി വരെ എത്തിയിട്ടും ഞാൻ ഈ ഭൂമിയിൽ ജനിച്ചില്ലേ, അവർക്ക് തുണയായില്ലേ.. എന്ന്"

"ജോസഫ്, ഭാഷയറിയാത്ത ഒരാളെ മുംബൈ പോലുള്ള നഗരത്തിൽ ജോലിയിലെടുക്കാൻ പറ്റില്ല..."

"ദാറ്റ് ഈസ് ഓക്കേ സാർ.. ഒരു ഇന്റർവ്യൂവിന് വന്നു എന്നുകരുതി ജോലി കിട്ടണം എന്നൊന്നും ഇല്ലല്ലോ സാർ. എന്തായാലും സാറിനെപ്പോലെ ഒരു വലിയ മനുഷ്യനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ തന്നെ സന്തോഷം. വരട്ടെ സാർ.."

"ജോസഫ്, മുംബൈയിൽ ജോലി തരാൻ പറ്റില്ലെന്നേ പറഞ്ഞുള്ളു. കൊച്ചിയിൽ കമ്പനിയുടെ പുതിയ ഓഫീസ് തുടങ്ങുന്നുണ്ട്, ടെലികോം മേഖലയിൽ. രണ്ടോ മൂന്നോ മാസം കഴിയും ആരംഭിക്കാൻ. അവിടെ ജോസഫിന് വേണ്ടി ഒരു ജോലി തീർച്ചയായും ഉണ്ടാവും. എന്തായാലും ഇവിടെ കിടന്ന് ജീവിതം കളയാതെ, നാട്ടിലേക്ക് തിരികെ പോകൂ. ജോയിൻ ചെയ്യാനുള്ള ദിവസം HR മാനേജർ വിളിച്ചറിയിക്കും.."

യാത്ര പറഞ്ഞു വാതിലിനടുത്തേക്ക് നടക്കുമ്പോൾ അദ്ദേഹം ഫോണിൽ പറയുന്നത് കേട്ടു.

"അച്ഛാ, ആശ്രമത്തിലെ താമസം ഇനി മതിയാക്കാം. ഞാൻ നാളെ നാട്ടിൽ എത്തും. വീടൊക്കെ വ്യത്തിയാകാൻ പറയാം. ഇനിയുള്ള കാലം നിങ്ങൾക്ക് പഴയ തറവാട്ടിൽ താമസിക്കാം. അമ്മയോടും പറഞ്ഞോളൂ. ഒരു ഓഫീസ് നാട്ടിൽ തുടങ്ങുന്നുണ്ട്. ഞാനും ഇനി അധികസമയവും നിങ്ങളുടെ കൂടെത്തന്നെയുണ്ടാവും.

ആ ഫോണിന്റെ മറുതലയ്ക്കൽ നിറഞ്ഞ മിഴികളോടെ ഇതുകേൾക്കുന്ന ഒരച്ഛനേയും മകന്റെ ശബ്ദം കേൾക്കാൻ ഭർത്താവിന്റെ കൈയ്യിലെ റിസീവറിൽ കാത് വെച്ചിരിക്കുന്ന ഒരമ്മയേയും ഞാൻ മനസ്സിൽ കണ്ടു..

നിറഞ്ഞ മനസ്സുമായി തിരികെ നാട്ടിലേക്ക് പുറപ്പെട്ടു. വീട്ടിൽ എത്തിയപ്പോൾ പൂമുഖത്ത് തന്നെ ചേട്ടനും ചേട്ടത്തിയും ഉണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ അവരെ വീട്ടിൽ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിൽ എന്തൊക്കെയോ ചീത്ത ചിന്തകൾ കയറിയിറങ്ങി.

ഞാൻ അകത്തുപോയി ബാഗും മറ്റും എടുത്തുവെച്ച് പുറത്തുവന്നപ്പോഴും ചേട്ടൻ പൂമുഖത്ത് തന്നെയുണ്ടായിരുന്നു.

“നീ ബോംബയിൽ പോയിരിക്ക്യായിരുന്നു അല്ലെ..”

“അതെ, ഒരു ഇന്റർവ്യൂ ഒത്തുവന്നു..” ഞാൻ പറഞ്ഞു.

" എടാ, നീ ഇന്റർവ്യൂവിന് പോയ കമ്പനിയുടെ എംഡി, വൺ മിസ്റ്റർ മുകുന്ദൻ നായർ, എന്നെ വിളിച്ചിരുന്നു. നിന്റെ ആപ്ലിക്കേഷനിൽ എന്റെ നമ്പർ എഴുതിയിരുന്നത് കണ്ട് അദ്ദേഹം എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞു. അദ്ദേഹത്തോട് ഞാൻ തന്നെയാണ് പറഞ്ഞത് നിന്നെ തിരികെ അയക്കാൻ. നീ എന്തൊരു വിഡ്ഢിയാണ് ജോസി.. വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടി എടുത്തുചാടാൻ നിൽക്കാൻ.”

“ചേട്ടാ.. ഞാൻ…എന്നായാലും വേണ്ടതല്ലേ...” എനിക്കൊന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല, ചേട്ടന്റെ സ്നേഹം കണ്ടിട്ട് സന്തോഷം കണ്ണുനീരായി ഒഴുകാൻ തുടങ്ങി.

"മോനെ, അപ്പനല്ലേ മരിച്ചിട്ടുള്ളു, ഞങ്ങൾക്ക് നീ അനിയനല്ല, മകൻ തന്നെയാണ്. മക്കളെ അപ്പൻ വീട്ടിൽ നിന്നും ഇറക്കിവിടുമോടാ .." കരയുന്ന എന്നെ ചേട്ടൻ കെട്ടിപ്പുണർന്നു.

"എടാ..ഞങ്ങൾക്കാർക്കും ഈ വീടും പറമ്പും കിട്ടിയിട്ടുവേണ്ട ജീവിക്കാൻ. ഇതുമുഴുവൻ നിനക്കുള്ളത് തന്നെയാണ്. ഞങ്ങൾ എല്ലാവരും കൂടി പണ്ടേ എടുത്തിട്ടുള്ള തീരുമാനമാണ്. ഈ പറമ്പും പുരയിടവും ഒന്നും മുറിക്കില്ല, ഞങ്ങൾക്ക് വന്നാൽ കിടക്കാൻ ഒരു മുറി വേണം, മക്കൾക്കും കൊച്ചുമക്കൾക്കും കാണിച്ചുകൊടുക്കാൻ നമ്മുടെ തറവാടും പറമ്പും വേണം. നമ്മുടെ അടുത്ത തലമുറയും അറിയണം നമ്മുടെ തറവാടിനെപ്പറ്റി. അപ്പൻ എപ്പോഴും പറയാറില്ലേ, നമ്മൾ മാതൃകയാവണം എന്ന്… നീയ്യും മരിയയും അമ്മയും പിന്നെ നിന്റെ കുട്ടികളും എല്ലാവരും ഇവിടെത്തന്നെ ജീവിക്കണം. മോളിലിരുന്ന് അത് കണ്ട് നമ്മടെ അപ്പൻ സന്തോഷിക്കും..."

മുറ്റത്തെ തേന്മാവിന്റെ തണലിൽ ഇരുന്ന് കയ്യിൽ മോരുംവെള്ളവും പിടിച്ച് ഇതെല്ലാം കണ്ട് അപ്പൻ ചിരിക്കുന്നുണ്ടെന്ന് തോന്നി...

(അവസാനിച്ചു)

ഗിരി ബി വാരിയർ

Comments