ആത്മബന്ധങ്ങൾ
പറഞ്ഞു തീരുമ്പോഴേക്കും രാജീവ് എഴുന്നേറ്റ് പോയിരുന്നു.
എത്രയെത്ര സ്വപ്നങ്ങളായിരുന്നു ആദ്യരാത്രിയെപ്പറ്റി. ഔപചാരികമായ ഒരു പരിചയപ്പെടൽ മാത്രമാണ് ഉണ്ടായത്.
രാജീവ് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി. ഇതിപ്പോൾ മൂന്നാമത്തെ പ്രാവശ്യം ആണ് അമ്മയെ പോയിനോക്കുന്നത് .
ഒരുപക്ഷേ എന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി സാമാന്യം മെച്ചപ്പെട്ടതായിരുന്നുവെങ്കിൽ ഈ വിവാഹം നടക്കില്ലായിരുന്നു. കുറിക്കമ്പനിയിലെ തുച്ഛമായ വരുമാനത്തിൽ കുറേ ഏറെ പരിമിതികൾക്കുള്ളിൽ ജീവിച്ചു . ബി.എഡ്. പാസ്സായപ്പോൾ ഒരു ടീച്ചറാവണം എന്ന ആഗ്രഹം സാഫല്യമാവുകയാണെന്ന് കരുതി പക്ഷെ വിദ്യാഭ്യാസ യോഗ്യതയേക്കാൾ പണക്കിഴികൾക്ക് മൂല്യം കൽപ്പിച്ച സ്വകാര്യ സ്‌കൂളുകളിൽ ജോലി കിട്ടുക അപ്രാപ്യമെന്ന് വൈകാതെ തിരിച്ചറിഞ്ഞു. ആ സമയത്താണ് രാജീവ് എന്നെ അമ്പലത്തിൽ കാണുന്നതും പിന്നീട് അമ്മയുമായി വന്ന് വിവാഹാലോചന നടത്തുന്നതും..
സാമ്പത്തികമായി വളരെ ഉയർന്ന നിലയിലായിരുന്നു രാജീവിന്റെ കുടുംബം. ഈ വീട്ടിൽ ഒരു പണിക്കാരിയാവാൻ മാനസികമായി തയ്യാറെടുത്താണ് വിവാഹത്തിന് സമ്മതം മൂളിയത്.
രാത്രി ഭക്ഷണത്തിനു ഇരുന്നപ്പോൾ അമ്മ കാര്യം വ്യക്തമാക്കിയിരുന്നു.. അടുക്കളപ്പണികളൊക്കെ അമ്മ തനിയെ നോക്കിക്കോളാം, രാജീവിന്റെ ആവശ്യങ്ങളും പിന്നെ തുടർന്നു പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹമുണ്ടെങ്കിൽ അതാവാം. അടുക്കളയിലേക്ക് പ്രവേശിക്കണ്ട എന്ന് പറഞ്ഞതിൽ വിഷമം തോന്നി, പക്ഷെ ജോലിക്ക് പോയിക്കോളാൻ പറഞ്ഞത് വലിയൊരു ആശ്വാസമായിരുന്നു.
ഓരോന്ന് ചിന്തിച്ചുകിടന്നപ്പോൾ വാതിൽ തുറന്ന് രാജീവ് അകത്തേക്ക് വന്നു.
"എനിക്ക് തോന്നീതാവും, അമ്മ നല്ല ഉറക്കാണ്".
അവൾ ഒന്നും മിണ്ടിയില്ല.
"തനിക്ക് ദേഷ്യം തോന്നുണ്ടാവുംന്ന് അറിയാം. " ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അയാൾ പറയാൻ തുടങ്ങി.
"ഞാൻ വളർന്ന പശ്ചാത്തലം വളരെ വ്യത്യസ്തമാണ് . അച്ഛൻ ബാങ്കിലും അമ്മ ടീച്ചറും ആയിരുന്നു. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം . ഉച്ചക്ക് രണ്ടാമത്തെ പീരീഡ് നടക്കുമ്പോൾ ആണ് അമ്മാമൻ വന്നു വത്സലടീച്ചറോട് എന്തോ പറഞ്ഞതും എന്നെ വീട്ടിലേക്ക് കൊണ്ടുപോയതും. വീടിന്റെ മുൻപിൽ നിറയെ ആളുകൾ നിൽക്കുന്നുണ്ടായിരുന്നു. ഒരു ആംബുലൻസ് ഗേറ്റിലൂടെ പുറത്തേക്ക് പോയി. മുറ്റത്ത് എത്തിയപ്പോൾ അകത്തുനിന്നും അമ്മയുടെ നിലവിളി കേൾക്കുന്നുണ്ടായിരുന്നു .
ഞാൻ ഓടി തളത്തിൽ ചെന്നപ്പോൾ അവിടെ അച്ഛൻ വെള്ളത്തുണിയിൽ പൊതിഞ്ഞു കിടക്കുന്നു. അച്ഛനെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുകയാണ് അമ്മ.
ഞാൻ എത്ര വിളിച്ചിട്ടും അച്ഛൻ കണ്ണു തുറന്നില്ല..തലയ്ക്കൽ കത്തിച്ചു വെച്ച ചന്ദനത്തിരി യുടെ ഗന്ധം എനിക്ക് അസഹ്യമായി തോന്നി..അന്നുമുതൽഎനിക്ക് ചന്ദനത്തിരിയെ ഭയമാണ്...
പിന്നീടങ്ങോട്ട് അമ്മയും ഞാനും മാത്രമുള്ള ഒരു ലോകമായിരുന്നു. അമ്മയെ വിട്ടു ഞാൻ എങ്ങും പോകാറില്ല. ബിരുദം എടുത്തശേഷം ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. നാട്ടിൽ തന്നെ ജോലി വേണമെന്ന്. ഡൽഹിയിൽ ഒരു ജോലി കിട്ടിയിട്ടും പോയില്ല. പിഎസ് സി, ബാങ്ക് പരീക്ഷകൾ എല്ലാം എഴുതി. വൈകിയാണെങ്കിലും ബാങ്കിൽ ജോലി കിട്ടി.
ആദ്യത്തെ നാല് കൊല്ലം ജോലി ഇവിടെ അടുത്തായിരുന്നു. വീട്ടിൽ നിന്നും പോയി വരാനുള്ള ദൂരത്തായിരുന്നു. പിന്നീട് സ്ഥലമാറ്റം ആയപ്പോൾ അമ്മ സ്വമേധയാ ജോലിയിൽ നിന്നും വിരമിച്ചു. ആറ് കൊല്ലത്തെ സർവീസ് ബാക്കിയുണ്ടായിരുന്നു. അച്ഛൻ പോയ ശേഷം , കഴിഞ്ഞ ഇരുപത്തിയൊന്ന് വർഷമായി ഒരു ദിവസം പോലും അമ്മയെ മാറി ഇരുന്നിട്ടില്ല.
അമ്മയുടെ നിർബ്ബന്ധത്താലാണു് ഇപ്പോൾ ഈ വിവാഹം. എനിക്ക് അമ്മ കഴിഞ്ഞേ നീയ്യുള്ളൂ. എനിക്ക് കൊഞ്ചാനും കുഴയാനും സ്നേഹം പ്രകടിപ്പിക്കാനും മറ്റും അറിയില്ല. ഈ ജീവിതത്തിൽ തനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്ന ഉറപ്പ് ഞാൻ തരാം. ഒരു അപേക്ഷയുണ്ട്. അമ്മയെ വേദനിപ്പിക്കരുത്, അത് മാത്രം എനിക്ക് സഹിക്കില്ല."
രാജീവിന്റെ വാക്കുകൾ ധൃഢമായിരുന്നെങ്കിലും അവ അപേക്ഷയുടെ രൂപത്തിലായിരുന്നു.
അടുത്ത ദിവസം കാലത്ത് കല്യാണം കഴിഞ്ഞുള്ള പതിവു വിരുന്നു പ്രമാണിച്ചു് ഞങ്ങൾ രണ്ടുപേരും എന്റെ വീട്ടിലേക്ക് പോയി. ഇടയ്ക്കിടെ രാജീവ് അമ്മയെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. അന്ന് രാത്രി ഭക്ഷണം കഴിഞ്ഞപ്പോൾ രാജീവ് വീട്ടിലേക്ക് തിരിച്ചുപോകാൻ നിർബന്ധിച്ചു. ഞാൻ എന്റെ നീരസം എന്റെ അമ്മയെ അറിയിച്ചപ്പോൾ അമ്മ പറഞ്ഞു,
"കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ ഇഷ്ടം ആണ് വലുത്. രാജീവിന് നിന്നോടുള്ള സ്നേഹത്തിന്റെ പങ്ക് ബലമായി നേടാനുള്ളതല്ല. ആ അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്ന് ഒരകൽച്ച ഉണ്ടാവാതിരിക്കാൻ നീ നോക്കണം. അവരുടെ ബന്ധത്തിന് ഒരു തടസ്സമാകാനല്ല പകരം അതിനെ കൂടുതൽ ദൃഢമാക്കാനാവണം നിന്റെ ശ്രമം."
ദിവസവും വൈകീട്ട് ജോലി കഴിഞ്ഞു വന്നാൽ നിലത്ത് കാലുനീട്ടി ഇരിക്കുന്ന അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുന്ന പതിവുണ്ട്. അമ്മയ്ക്ക് മാത്രം രാജീവ് കുട്ടനാണ്. എന്നോട് രാജീവ് എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്.
രാജീവിന് എന്തെങ്കിലും അസുഖം വന്നാൽ അമ്മ ഊണും ഉറക്കവും ഉപേക്ഷിച്ച് ഇരിക്കും. എന്നോട് കിടന്നുറങ്ങിക്കൊള്ളാൻ പറയും. ഞാൻ പലപ്പോഴും ആ വീട്ടിൽ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥ വരാറുണ്ട്.
അമ്മ കൂടെയില്ലാത്ത ഒരു സ്ഥലത്തും പോകില്ല, പുറത്ത് ഭക്ഷണം കഴിക്കാനായാലും, സിനിമക്ക് പോകാനായാലും, വിനോദയാത്രക്കായാലും.
മകന് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ അമ്മയും, അമ്മയുടെ കാര്യം നോക്കാൻ മകനും അതീവ ഔത്സുക്യം കാണിച്ചു. അമ്മ രാജീവിനെ സ്നേഹിച്ച് വഷളാക്കി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഈ വീട്ടിൽ പൊട്ടിച്ചിരികളില്ല, കളിതമാശകളില്ല, വിരുന്നുകാരില്ല, ടിവി റേഡിയോ എല്ലാം വെറും കാഴ്ചവസ്തുക്കൾ മാത്രം. വല്ലാത്ത ഒരു നിശ്ശബ്ദയാണ് ഇവിടം മുഴുവൻ. വളരെ വെളിച്ചം കുറഞ്ഞ മുറികൾ, മറ്റുള്ളവർ ലെഡ് ബൾബുകളും ട്യൂബ് ലൈറ്റും ഇടുമ്പോൾ ഇവിടെ 40W, 60W ബൾബുകൾ ആണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ജനലുകൾ എല്ലാം രാവും പകലും കൊട്ടിയടച്ചിരിക്കും. പണം കുറവാണെകിലും ഞങ്ങളുടെ വീട്ടിൽ എപ്പോഴും തിരക്കും ബഹളവുമാണ്. ഇവിടെ ജയിലിൽ ഇട്ട പോലെയാണ്. എന്നെ കൂടുതൽ അലട്ടിയത് ഇതൊക്കെയാണ്.
ഓരോ അവസരങ്ങൾ ഉണ്ടാക്കി എന്റെ അമ്മയെയും അച്ഛനെയും ഇടയ്ക്കിടെ വീട്ടിലേക്ക് വരുത്തും. പിന്നെ ഒരു ദിവസം നിന്ന് മാത്രമേ പോകാൻ സമ്മതിക്കൂ. എനിക്ക് അവിടെപ്പോയി നിൽക്കാൻ പറ്റാത്തതിന്റെ കുറവ് തീർക്കാൻ ആയിരുന്നു ഇതെന്ന് പിന്നീടാണ് മനസ്സിലായത്.
ക്രമേണ അമ്മയുടെ സ്നേഹത്തിന് ഞാനും പാത്രമാകാൻ തുടങ്ങി. എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അമ്മയറിയാൻ തുടങ്ങി. ജോലിക്ക് പോകുക എന്ന എന്റെ മോഹം സഫലീകരിച്ചത് അമ്മയിലൂടെയാണു്. വീടിനടുത്ത് തന്നെ ഒരു സ്‌കൂളിൽ ജോലി ലഭിച്ചു. കാലത്ത് ജോലിക്ക് പോകാൻ ഒരുങ്ങുമ്പോൾ അമ്മ എനിക്ക് കൊണ്ടുപോകാനുള്ള ടിഫിൻ ശരിയാക്കും. വൈകീട്ട് ഞാൻ എത്തുമ്പോഴേക്കും ഭക്ഷണം തയ്യാറാക്കി കാത്തിരിക്കാൻ തുടങ്ങി.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയുടെ രീതി മാറാൻ തുടങ്ങി. ഒരു ദിവസം ഞാൻ അമ്മയോട് ചോദിച്ചു അനുവാദം വാങ്ങി രാജീവ് ജോലിക്ക് പോയ സമയം വൈകുന്നേരങ്ങളിൽ ടിവി വെച്ചു. ചില സമയങ്ങളിൽ റേഡിയോ കേൾക്കും . പിന്നീട് അമ്മയും ടിവി കാണാൻ വന്നിരിക്കാൻ തുടങ്ങി.
പതിവിനു വിപരീതമായി ഒരു ദിവസം ടിവിയിൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ആ കഥക്ക് രാജീവിന്റെ ജീവിതവുമായി വളരെ സാമ്യമുള്ളതായി പറഞ്ഞു. പിന്നീട് അമ്മ രാജീവിന്റെ കുട്ടിക്കാലത്തെക്കുറിച്ചുംസ്വഭാവങ്ങളെക്കുറിച്ചും എല്ലാം പറയാൻ തുടങ്ങി.
"കുട്ടന് അച്ഛനെന്നു പറഞ്ഞാൽ ജീവനായിരുന്നു . അച്ഛന്റെ പെട്ടെന്നുള്ള മരണം അവനെ മാനസികമായി വല്ലാതെ ബാധിച്ചു. കുറെ കാലം ഒന്നും മിണ്ടിയിരുന്നില്ല. കൂട്ടുകാർ ആരുമുണ്ടായിരുന്നില്ല, സ്‌കൂളിൽ പോയാൽ അവനു ഭയമാണ് വീട്ടിൽ എനിക്കെന്തോ സംഭവിച്ചിരിക്കും എന്ന്. അവസാനം അഞ്ചാം ക്ലാസ് മുതൽ അവനെ ഞാൻ പഠിപ്പിക്കുന്ന സ്കൂളിലേക്ക് മാറ്റി. അതിനിടയിൽ ഞാൻ പഠിപ്പിച്ചിരുന്ന സ്‌കൂളിൽ കുട്ടികൾ കുറഞ്ഞു ഡിവിഷൻ പോയി, എനിക്ക് വീട്ടിൽ നിന്നും കുറെ ദൂരെ ഒരു സ്‌കൂളിലേക്ക് മാറ്റമായി. അവനെയും എനിക്കു് ആ സ്‌കൂളിലേക്ക് മാറ്റേണ്ടി വന്നു.
പിന്നീട് അവന് ബാങ്കിൽ ജോലികിട്ടി, അവന് സ്ഥലമാറ്റം ആയപ്പോൾ ജോലി രാജി വെച്ച് ഞാനും അവന്റെ കൂടെ പോയി. ഞാൻ അത് ചെയ്തില്ലെങ്കിൽ അവൻ ജോലി രാജിവെക്കുമോ എന്നായിരുന്നു എന്റെ പേടി.
എന്റെ ശബ്ദത്തിൽ എന്തെങ്കിലും നേരിയ വ്യത്യാസം വന്നാൽപോലും അവൻ വല്ലാതെ ആശങ്കപ്പെടും. അവന് ഇരുട്ട് എന്നും പേടിയായിരുന്നു, സന്ധ്യയായാൽ അവൻ എന്റെ അടുത്ത് വന്നു മടിയിൽ തലവെച്ച് കിടക്കും. ഇപ്പോൾ അവന് വയസ്സ് മുപ്പത് കഴിഞ്ഞെങ്കിലും ആ ശീലം മാറിയിട്ടില്ല. എനിക്ക് അവനെ നഷ്ടപ്പെടുമോ എന്ന ഭയത്താൽ അവന്റെ ഒരു ആവശ്യത്തിനും ഒരിക്കലും ഞാൻ എതിരു നിന്നിട്ടില്ല.
ഒരു വിവാഹം അവന്റെ ഒറ്റപ്പെട്ട ജീവിതത്തിന് ഒരു മാറ്റമാവും എന്ന് കരുതിയാണ് അവനെ വിവാഹം കഴിക്കാൻ നിർബ്ബന്ധിച്ചത്. അവൻ നിന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതം കൊടുത്തു. ഞാൻ നിന്നോട് ഇതെല്ലം ആദ്യമേ പറയണമായിരുന്നു, പക്ഷെ എനിക്ക് ഭയമായിരുന്നു, ഇക്കാര്യങ്ങൾ ഒക്കെ അറിഞ്ഞാൽ നീ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിലോ എന്ന്. പക്ഷെ ഒരമ്മയായില്ലേ. ഞാനും സ്വാർത്ഥയായിപ്പോയി.
അവന്റെ പെരുമാറ്റവും, എന്നോടുള്ള പൊസസീവ്നെസും കാരണം നീ അവനെ വിട്ടു പോകുമോ എന്ന് ഞാൻ ഭയന്നിരുന്നു. അതുകൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത് നീ അടുക്കളയിൽ കയറേണ്ട എന്ന്. എന്തെങ്കിലും കാരണവശാൽ നീ അവനെ വിട്ടുപോയാൽ, എനിക്ക് ഒരു പക്ഷെ അവനെ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി. നിന്നെ മനസ്സിലാക്കാൻ എനിക്ക് സമയമെടുത്തു.
ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. നിന്റെ കൈയ്യിൽ അവന്റെ ജീവിതം സുരക്ഷിതം ആണെന്നു് എനിക്കുറപ്പായി.
അമ്മ പറയുന്നതെല്ലാം ഞാൻ കേട്ടിരിക്കുകയായിരുന്നു. പലതും എനിക്ക് പുതിയ അറിവായിരുന്നു. അമ്മ തുടർന്നു....
"നാളെ മുതൽ നീയും അടുക്കളയിൽ കയറണം. അവന്റെ ഇഷ്ടങ്ങൾ ഞാൻ പറഞ്ഞുതരാം. ഒരാളുടെ ഹ്യദയത്തിലേക്കുള്ള മാർഗ്ഗം അവന്റെ വായിലൂടെയാണ് എന്നാണ് കേട്ടിട്ടുള്ളത്. അവനിഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഉണ്ടാക്കിക്കൊടുക്കുക, എല്ലാം ശരിയാവും"
അന്നു മുതൽ അമ്മയുടെ കൂടെ നിന്ന് രാജീവിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പഠിച്ചു. ഓരോന്നും സസൂക്ഷ്മം പഠിപ്പിച്ചുതരാൻ അമ്മയും പ്രത്യേകം ശ്രദ്ധിച്ചു. ഓരോ കാരണങ്ങൾ പറഞ്ഞു അടുക്കളയിൽ നിന്നും അമ്മ മാറിനിൽക്കുക പതിവായി.
ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചശേഷം കൈവിരലുകൾ നക്കി എഴുന്നേറ്റു പോയ രാജീവിനെ നോക്കി അമ്മ എന്നെ തലയിൽ കൈവെച്ച് പറഞ്ഞു "നീ വിജയിച്ചിരിക്കുന്നു. ഇനി ബാക്കി ഹ്യദയം നോക്കിക്കോളും".
ഒരിക്കൽ ഞാനും അമ്മയും ടി.വി കണ്ടു കൊണ്ടിരിക്കുമ്പോൾ രാജീവ് അപ്രതീക്ഷിതമായി വീട്ടിലേക്ക് കയറിവന്നു. ഒന്നും പറയാതെ മുറിയിലേക്ക് പോയ രാജീവിന്റെ പിറകെ ഞാനും അകത്തേക്ക് ചെന്നു. രാജീവ് പൊട്ടിത്തെറിക്കും എന്ന് കരുതി ഭയന്ന് നിന്ന എന്നെ അപ്രതീക്ഷിതമായി രാജീവ് കെട്ടിപ്പുണർന്നു. രാജീവ് കരയുകയായിരുന്നു.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം എന്നെ അടുത്തു നിർത്തി രാജീവ് പറഞ്ഞു "താങ്ക്യൂ സുനിത.. വർഷങ്ങൾക്ക് ശേഷം ഇന്നാണ് അമ്മയുടെ മുഖത്ത് ഞാൻ പുഞ്ചിരി കണ്ടത്. എനിക്ക് നൽകാൻ കഴിയാതിരുന്നത് നിനക്കായി.."
അന്ന് മുതൽ ആ വീട്ടിൽ മാറ്റങ്ങൾ വന്നുതുടങ്ങി. വീടിന്റെ ജനലുകൾ തുറന്നിടാൻ തുടങ്ങി. അയല്പക്കത്തുകാരുമായി അടുക്കാൻ തുടങ്ങി. വീട്ടിൽ ശബ്ദവും വെളിച്ചവും ആയി. പഴയ ബൾബുകളുടെ സ്ഥാനത്ത് ലെഡ് ബൾബുകൾ വന്നു.
രാജീവിന് എന്നോടുള്ള സമീപനം മാറാൻ തുടങ്ങി. വിവാഹം കഴിഞ് മാസങ്ങൾക്കുശേഷം ഞങ്ങളുടെ ആദ്യരാത്രി വന്നത് ആ സമയത്താണ്. അമ്മയുടെ മുറിയിൽ ഇടയ്ക്കിടെ പോയി നോക്കുക ക്രമേണ എന്റെ ഒരു പതിവായി മാറിയിരുന്നു. ഞാൻ അമ്മയെ നോക്കുന്നുണ്ടെന്ന വിശ്വാസം രാജീവിലും വന്നു.
രാജീവ് ദിവസവും കാലത്ത് നടക്കാൻ പോകാറുണ്ട്. ഒരു ദിവസം പതിവുപോലെ രാജീവ് നടന്നു വന്ന് ഡൈനിങ് ടേബിളിൽ ചായ കുടികുടിച്ചുകൊണ്ട് പത്രം വായിക്കുമ്പോഴാണ് പെട്ടെന്ന് അമ്മ കുഴഞ്ഞുവീണത്. രാജീവിന്റെ ഉറക്കെയുള്ള നിലവിളി കേട്ട് കുളിമുറിയിൽ നിന്നും ഞാൻ ഡൈനിങ് റൂമിലേക്ക് ഓടിച്ചെന്നപ്പോൾ നിലത്തു കിടക്കുന്ന അമ്മയുടെ കൈകൾ കൈയ്യിലെടുത്ത് സ്‌തംഭിച്ചിരിക്കുന്ന രാജീവിനെയാണ് കണ്ടത്. പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അമ്മയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
അമ്മയുടെ ശരീരം നിറത്തിറക്കി കിടത്തിയപ്പോൾ രാജീവ് തന്നെ ചന്ദനത്തിരി കത്തിച്ചു തലയ്ക്കൽ വെച്ച്. എന്നിട്ടു അമ്മയുടെ ചെവിയിൽ പതിയെ പറഞ്ഞു, "എനിക്കിപ്പോൾ ചന്ദനത്തിരിയുടെ ഗന്ധത്തോട് ഭയമില്ല അമ്മെ.."
പതിനാറു ദിവസം നീണ്ട അമ്മയുടെ അവസാന കർമ്മങ്ങൾ കഴിഞ്ഞ് ബന്ധുക്കൾ എല്ലാവരും പിരിഞ്ഞുപോയി. അമ്മയും അച്ഛനും നിൽക്കാമെന്ന് പറഞ്ഞുവെങ്കിലും, അവരോടും പോയ്ക്കൊള്ളാൻ പറഞ്ഞു.
അമ്മയുടെ മരണം രാജീവിനെ വല്ലാതെ തളർത്തിയിരുന്നു. മാനസികമായി അമ്മയുടെ മരണം അംഗീകരിക്കാൻ രാജീവിന് അത്തരം ഒരു പരിസ്ഥിതിയാണ് വേണ്ടതെന്ന് തോന്നി.
രാത്രി ഭക്ഷണം കഴിക്കുമ്പോൾ രാജീവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഉറങ്ങാൻ പോകും മുൻപ് അകത്തളത്തിൽ ഇരുന്നിരുന്ന എന്റെ മടിയിൽ തലവെച്ച് രാജീവ് കിടന്നു. രാജീവിന്റെ തലമുടികളിൽ വിരലോടിച്ചുകൊണ്ട് ഞാനും. എന്തോ ഓർത്തിട്ടെന്ന പോലെ എന്നോടു് പറഞ്ഞു.
"ഇനി മുതൽ നീയ്യെന്നെ കുട്ടനെന്ന് വിളിച്ചാൽ മതി, അമ്മ വിളിച്ചിരുന്ന പോലെ..."
രാജീവിന്റെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു.
"വേണ്ട.... എന്റെ കുട്ട്യോൾടെ അച്ഛൻ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. അമ്മ മരിക്കുന്നതിന് മുൻപ് രാജീവിന്റെ പണ്ടത്തെ കളിപ്പാട്ടങ്ങൾ ഒക്കെ വെച്ചിരിക്കുന്ന പെട്ടി എനിക്ക് കാണിച്ച് തന്നിരുന്നു. വെറുതെയിരിക്കുമ്പോൾ അതൊക്കെയൊന്ന് എടുത്ത് പൊടി തട്ടി വെച്ചോളൂ..."
രാജീവ് ചാടിയെഴുന്നേറ്റ് എന്നെ കെട്ടിപ്പുണർന്നു. അദ്ദേഹത്തിന്റെ കണ്ണിൽനിന്നും സന്തോഷവും സങ്കടവും കലർന്ന കണ്ണീനീർ ഒഴുകുന്നുണ്ടായിരുന്നു. അത് കണ്ട് ചുമരിലെ അമ്മയുടെ ഫോട്ടോയിൽ ഒരു പുഞ്ചിരി വിടർന്നുവോ എന്ന് തോന്നി.
(അവസാനിച്ചു)
ഗിരി ബി. വാരിയർ
27 സെപ്റ്റംബർ 2018
©copyrights protected



Comments
Post a Comment