സ്നേഹസ്പർശം

'അതേയ്, ഉമ്മറത്ത് ആരോ വന്നിട്ടുണ്ട്, ഒന്നു പോയി നോക്കോ ...'

വീട്ടിനകത്ത് നിന്നും ഭാര്യയുടെ ശബ്ദമാണ്. കാലത്ത് തന്നെ പറമ്പിൽ വീണ തേങ്ങകൾ എടുത്ത് വീടിന്റെ പിൻഭാഗത്തെ സ്റ്റോർ റൂമിൽ വക്കുമ്പോൾ ആണ് സഹധർമ്മിണിയുടെ അപേക്ഷ. കുളിമുറിയിൽ ആവും അതാണ് എന്നോട് പറഞ്ഞത്. പണ്ട് നല്ല കാലത്ത് വച്ച തെങ്ങുകൾ ആണ്. അന്നൊക്കെ സമയാസമയത്ത് കട കിളച്ച് വളങ്ങൾ ഒക്കെ ഇടാറുണ്ട്, അന്ന് കായ്ഫലം ഉണ്ടായിരുന്നു. ഇന്ന് സമയത്ത് കിളക്കാൻ ആളെ കിട്ടാനില്ല, എനിക്കാണെങ്കിൽ വയ്യ. ജോലിയിൽ നിന്നും വിരമിച്ച ശേഷം അത്യാവശ്യം പറമ്പിൽ ഇറങ്ങി ഒന്നു നടക്കും, വീണു കിടക്കുന്ന തേങ്ങ ഒക്കെ പറക്കി കൂട്ടും. അല്ലാതെ ഒന്നും വയ്യ. മുകളിൽ കയറി തേങ്ങ ഇടാൻ അയ്യപ്പനെ കിട്ടാറില്ല.

'ഒന്ന് പോയി നോക്കൂന്നേ.. ' വീണ്ടും അകത്ത് നിന്നും ശബ്ദം. കോളിംഗ് ബെൽ അടിക്കുന്നത് പിന്നാമ്പുറത്തേക്ക് കേൾക്കില്ല, അത് അവർക്കും അറിയാം അത് കൊണ്ടാണ് വീണ്ടും ഓർമ്മിപ്പിക്കുന്നത്.

'പോണു പോണു ' ഞാൻ പറഞ്ഞു.

വാതിൽക്കൽ ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. കണ്ട് പരിചയം തോന്നിയില്ല.

'ആരാ'. ഞാൻ ചോദിച്ചു. ഉത്തരം മറിച്ച് ഒരു ചോദ്യമായിരുന്നു.

'ചന്ദ്രന്റെ അച്ഛനല്ലെ?'

ആയിരുന്നു പണ്ട് എന്ന് പറയാനാണ് മനസ്സിൽ തോന്നിയത്, പിന്നെ നമ്മുടെ ദേഷ്യവും പരിഭവവും മറ്റൊരാളോട് പറയണ്ടല്ലോ എന്ന് കരുതി, ഞാൻ 'അതേ ' എന്ന് പറഞ്ഞു, ഒപ്പം ചോദിച്ചു.

'ആരാ, മനസ്സിലായില്ലല്ലോ?

ഞാൻ രവി, ചന്ദ്രന്റെ അടുത്ത കൂട്ടുകാരനാണ്, ഡൽഹിയിൽ ഒരുമിച്ചാണ് . നാട്ടിൽ പോകുമ്പോൾ ഇവിടെ വരണം എന്ന് പറഞ്ഞിരുന്നു.

അപ്പോഴേക്കും കുളി കഴിഞ്ഞ് ഭാര്യ 'ആരാ വന്നേ ' എന്ന് ചോദിച്ചു പുറത്തേക്ക് വന്നു.
'ചന്തൂന്റെ ചങ്ങാതി ആണത്രേ ഡല്ലിയിൽ നിന്ന് '

'എന്നിട്ടെന്താ നിങ്ങള് ആളെ പുറത്തന്നെ നിർത്യേ.. അകത്തേക്ക് വിളിക്കാത്തെ'

ശരിയാണ്, അപ്പോളാണ് ഞാനും ഓർത്തത് ആളെ അകത്തേക്ക് വിളിക്കണ്ട കാര്യം.
വരാന്തയിലേ കസേരയിൽ കയറ്റിയിരുത്തി. ചന്തു പറഞ്ഞയച്ച ആളാണെന്ന് അറിഞ്ഞപ്പോൾ എന്തോ ഒന്നും പറയാൻ തോന്നിയില്ല.

'ചന്തുനേ കാണാറുണ്ടോ?' ഭാര്യക്ക് അറിയാൻ ധൃതിയായി. 'കാര്യങ്ങൾ ഒക്കെ അറിയാലോ. അവനുമായ് ഇപ്പോൾ ഒരു ബന്ധവുമില്ല, അവനും വിളിക്കാറില്ല, ട്ടോ '.

'അറിയാം, ചന്ദ്രൻ കഥകളൊക്കെ പറഞ്ഞിട്ടുണ്ട്. ചന്ദ്രന് ഒരു മകനാണ്, മിടുക്കനാ. മകനെ നോക്കാൻ വേണ്ടി അവന്റെ ഭാര്യ ജോലി രാജിവച്ചു.

'പിന്നെ, ഞാൻ വന്നത് ഒരു പ്രത്യേക കാര്യത്തിനാണ്. ചന്ദ്രന് നിങ്ങളെ അഭിമുഖികരിക്കാൻ മടി. അച്ഛനുമമ്മയും എങ്ങിനെ പ്രതികരിക്കും എന്നറിയില്ലല്ലോ, അതു കൊണ്ടാണ് എന്നോട് ഒന്ന് നിങ്ങളെ കാണാൻ പറഞ്ഞത്.

അതും പറഞ്ഞ് കയ്യിലുള്ള ബാഗിൽ നിന്നും ഒരു കടലാസ് എടുത്തു എന്റെ നേരേ നീട്ടി.

എന്താത് ? ഞാൻ ചോദിച്ചു.

'അത് ചന്ദ്രൻ തന്നയച്ചതാണ്. ഒരു കത്ത് ആണ്.

ഞാൻ അത് വാങ്ങാൻ വിസമ്മതിച്ചപ്പോൾ ഭാര്യ കൈകൂപ്പി അപേക്ഷിക്കുന്ന പോലെ കാണിച്ചു. എന്തായാലും അമ്മയല്ലേ. എന്റെയത്ര മനക്കട്ടി കാണില്ലല്ലോ.

കത്ത് എന്ന് പറയാൻ പറ്റില്ല, ഒരു വരി മാത്രം

'അച്ഛനും, അമ്മയും എന്നോട് ക്ഷമിക്കണം. ചെയ്തത് തെറ്റാണെന്ന് അറിയാം, നിങ്ങൾക്ക് പൊറുക്കാൻ പറ്റില്ലെന്നും. ഒരു അപേക്ഷയാണ്. എനിക്ക് വരാൻ പറ്റില്ല്യ. രവിയുടെ കൂടെ നിങ്ങളും ഡൽഹിയിൽ വരണം. ടിക്കറ്റ് രവിയുടെ കയ്യിൽ ഉണ്ട്. സ്വന്തം, ചന്തു.

വായിച്ചു തീരുമ്പോഴെക്കും രവി പറഞ്ഞു. 'ഒന്നും ആലോചിക്കണ്ട. ഞാൻ നിങ്ങളെ കൊണ്ടുവരുംന്ന് അവന് വാക്കു കൊടുത്തതാ. ഞാൻ പോകുമ്പോൾ ഒരുമിച്ച് പോകാം, നിങ്ങൾ ഇതുവരെ വിമാനത്തിൽ കയറിയിട്ടില്ല എന്ന് ചന്ദ്രൻ പറഞ്ഞിരുന്നു. ഞാൻ മറ്റന്നാൾ പോകും നമുക്ക് ഒരുമിച്ച് പോകാം. ' ഇത്രയും പറഞ്ഞ് രവി പോകാൻ തയ്യാറെടുത്തു. 'എനിക്ക് ഇറങ്ങണം കുറച്ച് പണിയുണ്ട് ടൌണിൽ. ഞാൻ വിളിക്കാം.'

ഭാര്യ പ്രാതൽ കഴിക്കാൻ കുറെ നിർബന്ധിച്ചുവെങ്കിലും വെറും ഒരു ചായയും പറമ്പിലെ ചക്ക മുറിച്ചപ്പോൾ ഉണ്ടാക്കിയ ചക്ക വറുത്തതും കഴിച്ച് രവി യാത്ര പറഞ്ഞു.

എന്തേ അവനിപ്പോ ഇങ്ങിനെയൊരു മനംമാറ്റം . ഞാൻ പൊറുക്കണമത്രേ. ഇത്ര കുറ്റബോധം ഉണ്ടെങ്കിൽ അവന് വരാമായിരുന്നില്ലേ, അവന് എന്നെ അറിയില്ല്യേ ഇപ്പോ കുട്ട്യേ നോക്കാൻ ആവും ഈ വിളി, ങും

ചിന്തകൾ പിന്നിലോട്ട് പായാൻ തുടങ്ങി. അവന് ഞങ്ങൾ കഴിഞ്ഞിട്ടേ ആരുമുണ്ടായിരുന്നുള്ളു. എല്ലാത്തിനും അമ്മ വേണം. തലയിലും നിലത്തും വയ്ക്കാതെ വളർത്തിയതാണ്. പഠിക്കാനും മിടുക്കനായിരുന്നു. പത്തിലും പന്ത്രണ്ടിലും ഒക്കെ നല്ല മാർക്ക് കിട്ടി. പിന്നെ കഷ്ടപ്പെട്ട് രാവും പകലും പഠിച്ച് ഡോക്ടറായി. പ്രാക്ടീസ് കഴിഞ്ഞപ്പോഴേക്കും ഡൽഹിയിൽ ഒരു ഗവൺമെന്റ് ആശുപത്രിയിൽ ജോലിയായി.

ഇടക്കിടെ നാട്ടിൽ വരും എന്തെങ്കിലും ഒക്കെ വിശേഷങ്ങളുടെ പേരും പറഞ്ഞ്. ആയിടെയാണ് അവന് കല്ല്യാണാലോചന തുടങ്ങിയത്. എന്റെ ഓഫീസിലെ ഹെഡ് ക്ലാർക്ക് ദിവാകരന്റെ മകളുടെ ഒരു ആലോചന വന്നു, പിന്നെ ധാരണയുമായി. അമ്മയും അച്ഛനും കണ്ടാൽ മതി എന്ന് പറഞ്ഞു. അവർ ഒരു തവണ വിഡിയോ ചാറ്റ് ചെയ്തു എന്ന് പറഞ്ഞു.

കല്യാണം നിശ്ചയിച്ചു. കല്യാണത്തലേന്ന് അവൻ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ആണ് പറഞ്ഞത്. അവൻ മറ്റൊരു പെൺകുട്ടിക്ക് വാക്കു കൊടുത്തു പോലും. ഈ വിവാഹത്തിന് അവന് പറ്റില്ല എന്ന്.

ആരാണ് എന്താണ് എന്നൊന്നും ചോദിച്ചില്ല. കരണമടച്ച് ഒരു അടിയായിരുന്നു തന്റെ മറുപടി. കല്യാണത്തലേന്ന് ഇങ്ങിനെ ഒരു വാർത്ത കേട്ടാൽ ബന്ധുക്കളുടെയും നാട്ടുകാരുടേയും മുൻപിൽ തലയുയർത്തി എങ്ങിനെ നടക്കും, ആ കുട്ടിയുടെ പ്രതികരണം, ഭാവി, പിന്നെ ദിവാകരൻ, അയാളോട് എന്ത് പറയും ഇതെല്ലാമായിരുന്നു എന്റെ മനസ്സിൽ എനിക്ക് ഒരു തീരുമാനമേ ഉണ്ടായിരുന്നുള്ളൂ.

'നിനക്ക് ഇഷ്ടപെട്ട കുട്ടിയെ കെട്ടിക്കോ പക്ഷേ അച്ഛനും അമ്മയും ഈ നിമിഷം തൊട്ട് നിനക്കില്ല എന്ന് കരുതണം, പിന്നെ ഇനി മേലാക്കം ഈ വീട്ടിൽ കയറരുത്.'

അന്ന് വളരെയധികം കോളിളക്കങ്ങൾ ഉണ്ടായി എന്നാലും തക്കസമയത്ത് ദിവാകരന്റെ മരുമകൻ ആ കുട്ടിയെ വിവാഹം ചെയ്തു, അതേ ദിവസം അതേ മുഹൂർത്തത്തിൽ. അധികം താമസിയാതെ ദിവാകരന് സ്ഥലം മാറ്റമായി. പോകുന്നതിന് മുൻപ് യാത്ര പറയാൻ എന്റെ അടുത്ത് വന്നു.

'കഴിഞ്ഞത് ഒന്നും ആലോചിച്ച സാറ് വിഷമിക്കണ്ട, എനിക്ക് ദേഷ്യം ഒന്നുമില്ല. ഒന്നും നമ്മുടെ കയ്യിലല്ലല്ലോ. ഒക്കെ ഒരു തലവിധി എന്ന് പറഞ്ഞാൽ മതി' മറുപടിയായി എന്റെ കണ്ണിൽ രണ്ടു തള്ളി കണ്ണീർ മാത്രമേ ഉണ്ടായിരുന്നുള്ളു

'നിങ്ങൾ എന്താ ആലോചിച്ചിരിക്കണേ' ഭാര്യയുടെ ചോദ്യം കേട്ടാണ് ഓർമ്മയിൽ നിന്നും തിരിച്ചു വന്നത്.

'നമുക്ക് ഒന്നു പോവാം. അവനെ കണ്ട് പെട്ടെന്ന് തിരിച്ചു വരാം. അവന് പശ്ചാത്താപം ഉണ്ട്, അതോണ്ടല്ലേ ... നമുക്കിനി എത്ര കാലം ഉണ്ട് ഈ ദേഷ്യം ഒക്കെ വച്ചിരിക്കാൻ '

ശരിയാണെന്ന് എനിക്കും തോന്നി. പോകാം.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. രവിയുടെ കൂടെ പോകുമ്പോൾ ഒരൊറ്റ പരിഭവമേ ഭാര്യ പറഞ്ഞുള്ളു, അവേനാട് പറയണം 'നിന്റെകൂടെ ആദ്യമായ് വിമാനത്തിൽ കയറണന്നുണ്ടായിരുന്നൂ'

വിമാനത്താവളത്തിന് പുറത്ത് രവിയുടെ ഭാര്യ കാറും കൊണ്ട് വന്നിരുന്നു. ഏതൊക്കെ വഴിയിലൂടെ പോയി എന്നറിയില്ല. എന്നാലും അവനൊന്ന് വരാമായിരുന്നു എന്ന് ഭാര്യ പരിഭവം പറഞ്ഞു. ജോലിത്തിരക്കാവും പിന്നെ വീട്ടിലേക്ക് തന്നെയല്ലേ പോകുന്നത്. ഒരിക്കലും കാണാത്ത മരുമകളെ എങ്ങിനെ അഭിമുഖീകരിക്കും എന്ന ജാള്യതയും ഉണ്ട്.

നിശബ്ദതക്ക് വിരാമമിട്ട് രവിയുടെ ഭാര്യ ചോദിച്ചു 'അച്ഛന് എന്നെ മനസ്സിലായോ' 

രവിയുടെ ഭാര്യയാണെന്ന് മനസ്സിലായി എന്ന് പറഞ്ഞു. അവർ പറഞ്ഞു. ഞാൻ രശ്മി നമ്മൾ തമ്മിലറിയും ഞാൻ ഒന്നും അറിയാതെ പകച്ച് നോക്കിയപോൾ രശ്മി പറഞ്ഞു
'ഞാൻ ദിവാകരന്റെ മോള് ... പണ്ട് ചന്തുവിനെ കെട്ടേണ്ടിയിരുന്ന പെണ്ണ്'

ഒരു നിമിഷം ഞാൻ ഞെട്ടി പോയി, ഈശ്വരാ, ഭൂമി ഇത്ര ചെറുതാണോ? പണ്ട് കല്ല്യാണ നിശ്ചയത്തിന് കണ്ടതാണ്. ഇപ്പോൾ ആകെ മാറിപ്പോയി.

ചന്തുവേട്ടനുമായി പിണക്കമൊന്നുമില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. ഞാൻ നിർബന്ധിച്ചിട്ടാണ് നിങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്.

ദിവാകരന്റെ മരണം അറിഞ്ഞതപ്പോൾ ആണ്. അമ്മ ഇപ്പോൾ കൂടുതലും ഇവരുടെ കൂടെ ആണ്.

'ചന്തുവിന് ഒരു ആൺ കുട്ടിയാണ് ' രശ്മി തുടർന്നു. 'ഭാര്യ സീന ഒരു അനാഥ ആയിരുന്നു. ചന്തു പ്രാക്ടീസ് ചെയ്ത ആശുപത്രിയിൽ നഴ്‌സിങ്ങ് പഠിക്കുമ്പോൾ ആണ് ചന്തുവുമായി അടുക്കുന്നത് '.

രശ്മിക്ക് ചന്തുവിന്റെ ഭാര്യയേയും കുട്ടിയേയും കുറിച്ച് പറയുമ്പോൾ നൂറ് നാവ് ആയിരുന്നു. ഭാര്യ വളരെ അഭിരുചിയോടെ എല്ലാം കേട്ടിരുന്നു.

ഇടക്ക് രവിക്ക് ആരുടേയോ ഫോൺ വന്നു ഹിന്ദിയിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. രവി നേരേ കൊണ്ട് പോയത് ആശുപത്രിയിലേക്കാണ്. ഒരു പഞ്ചനക്ഷത്രേ .ഹോട്ടൽ പോലത്തെ ആശുപത്രി. ജീവിതത്തിലാദ്യമായാണ് ഇത്ര വലിയ ഒരു ആശുപ്രതി കാണുന്നത് ഏറ്റവും വലിയ ആസ്പത്രി ഇതിന് മുൻപ് കണ്ടിട്ടുള്ളത് തൃശൂരിൽ ആണ്. ചന്തു എത്ര ഭാഗ്യവാനാ, ഇത്ര വല്ല്യ ആശുപത്രിയിൽ ജോലി ചെയ്യാൻ ഒരു ഭാഗ്യം തന്നെ വേണം. ഞാൻ മനസ്സിൽ ആലോചിച്ചു.

ഞങ്ങൾ വരാന്തയിലൂടെ നടന്ന് ഒരു മുറിയുടെ അടുത്ത് എത്തിയപ്പോൾ അവിടെ ഒരു സ്ത്രീയും കുട്ടിയും പിന്നെ കുറേ ഡോക്ടർമാരും നിൽക്കുന്നുണ്ടായിരുന്നു. രവിയുടെ ഭാര്യയെ കണ്ടതും ആ സ്ത്രീ ഓടിവന്ന് കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ചന്ദ്രന്റെ രോഗികളുടെ ആരെങ്കിലും ആകും ആശുപത്രിയല്ലേ. രവി അവിടെ കൂടി നിന്ന ഡോക്ടർമാരോട് എന്തൊക്കെയോ സംസാരിച്ചു.

"അച്ഛൻ വരൂ"..രവി എന്നെ പതിഞ്ഞ സ്വരത്തിൽ വിളിച്ചു. ഞങ്ങൾ മുറിയിലേക്കു കടന്നു. കിടക്കയിൽ വെള്ളപുതപ്പിച്ച ഒരു ശരീരം...എന്തിനാണാവോ രവി എന്നെ ഇവിടേയ്ക്കു കൊണ്ടു വന്നത്...രവി എന്റെ കൈപിടിച്ച് മെല്ലെ കട്ടിലിനരികിലേയ്ക്കു നടന്നു സാവധാനം തുണി നീക്കി. എന്റെ ഉള്ളൊന്നു പിടഞ്ഞു... കണ്ണിൽ ഇരുട്ടു കയറാൻ തുടങ്ങി...... എന്റെ ചന്തു....

രവിയുടെ വാക്കുകൾ അവ്യക്തമായി എന്റെ കാതുകളിലെ ത്തി... വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ഒരിനം കാൻസർ ആയിരുന്നുവത്രെ.. ഒന്നു മെച്ചപ്പെട്ടു വന്നതായിരുന്നു, പെട്ടെന്നാണത്രേ ഇന്നലെ രാത്രി രോഗം മൂർച്ചിച്ചത്.

ഹൃദയത്തിനുള്ളിൽ ഒരു അഗ്നിപർവതം പൊട്ടിത്തെറിച്ചപോലെ....അറിയതിരുന്നാൽ മതിയായിരുന്നു. അവൻ എവിടെയോ സുഖമായി ജീവിക്കുന്നുവെന്ന് കരുതി കണ്ണടക്കാമായിരുന്നു.

എന്തിനിനി ജീവിക്കണമെന്നറിയാതെ, ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഒരു ജീവശ്ചവമായി ഇരിക്കുമ്പോൾ തോളത്ത് ഒരു മൃദു സ്പർശം പോലെ തോന്നി. എന്റെ ചന്തുവിന്റെ കൊച്ചു കൈകൾ, ഞാൻ തലോലിച്ച, ഞാൻ കൈ പിടിച്ചു നടത്തിയ ആ കൊച്ചു കൈകൾ.

ജീവിക്കണം, എനിക്കിനി ജീവിക്കണം, ഒരിക്കൽ കൂടി എന്റെ ചന്തുവിനെ വളർത്തണം, മുത്തച്ഛനായി...

........
ഗിരി ബി വാരിയർ
18 November 17
©copyrights protected

Comments