ശിക്ഷാവിധി


“ഡോക്ടറെ ഭീഷണിപ്പെടുത്തിയത് ഞാനാണ്

"എന്തിന്? "

"അത് ഞാൻ ഫോണിൽ പറഞ്ഞിരുന്നുവല്ലോ "

"പക്ഷെ അത് അപകടമരണം തന്നെ ആയിരുന്നുവെന്നാണ് പോസ്റ്റുമാർട്ടത്തിൽ തെളിഞ്ഞത്. എന്താ അതല്ല എന്നുണ്ടോ ?"
"ഉണ്ട്.. മാഡം, അത് സത്യത്തിൽ ഒരു അപകടമരണം അല്ല, "
"നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ? ഇത് പറയാനാണോ തിരക്കുള്ള ഈ ഹോട്ടലിൽ തന്നെ എന്നെ വിളിച്ചത്." 

അത്രയും പറഞ്ഞു അതിലൊരാൾ നാലുപാടും നോക്കി, ആരും കേൾക്കുന്നില്ലെന്നു ഉറപ്പു വരുത്തിയ ശേഷം തന്റെ ഹാൻഡ്ബാഗ് കൈയ്യിൽ എടുത്ത് നടക്കാൻ ഒരുങ്ങുമ്പോൾ പറഞ്ഞു.

"നമുക്ക് നാളെ പത്ത് മണിക്ക് സ്‌റ്റേഡിയത്തിൽ കാണാം, അവിടെയാവുമ്പോൾ ആരും സംശയിക്കില്ല."

തൊട്ടു പിറകിലെ തൂണിന്റെ മറവിൽ അടുത്ത ടേബിളിൽ ഇരുന്ന രവി തിരിഞ്ഞു നോക്കി. പെട്ടെന്ന് മൊബയിൽ എടുത്ത് ഒരു ഫോട്ടോ എടുത്തു. ഒരാളെ അറിയാം. ഡോ . രേവതി?! സർക്കാറാശുപത്രിയിലെ സീനിയർ പോസ്റ്റ്മോർട്ടം സർജൻ. ഇവരെ ഒന്നു രണ്ടു തവണ ടി.വി.യിൽ കണ്ടിട്ടുണ്ട്.

എന്തായിരിക്കും ഇവർ പറഞ്ഞ സംഭവം? ആരുടെ മരണകാര്യം ആണ് ഇവർ സംസാരിച്ചത്.

കാലത്ത് ഓഫീസിൽ വന്നപ്പോൾ ജോയിസാർ ഒന്ന് കുടഞ്ഞതാണ്.

പുതിയ റിപ്പോർട്ട് ഒന്നും കണ്ടില്ലെന്നും പറഞ്ഞു. പുതിയതു വല്ലതും കിട്ടിയില്ലെങ്കിൽ തന്‍റെ പണി പ്രശ്നാവും എന്നൊരു താക്കീതും.

ജോയിസാറിന് അധികം ജോലിപരിചയം ഇല്ലെങ്കിലും വാർത്തകളെ തേടിപ്പിടിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അപാരമാണ്. അദ്ദേഹത്തിന്‍റെ തൂലികയിൽനിന്നുതിർന്ന പല ചെറിയ വാർത്തകളും പിന്നീടു കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. കോളേജിൽ എന്‍റെ സീനിയറായിരുന്നു ജോയിസാർ. ആ പരിചയംവെച്ചാണ് ഇവിടെ ജോലി ലഭിച്ചത്. ഓഫീസിനു പുറത്തും ഞാൻ അദ്ദേഹവുമായി ഒരു നല്ല സൗഹ്യദം പുലർത്തുന്നതിനാൽ ചെറിയ തമാശകൾ പറയാനുള്ള മുഴുവൻ സ്വാതന്ത്ര്യവും എനിക്കുണ്ട്.

മലയാളം ലിറ്ററേച്ചറിൽ ബിരുദവും മാസ്കമ്യൂണിക്കേഷനിൽ ബിരുനാനന്തരബിരുദവുമെടുത്ത് ഇവിടെ ചേർന്നിട്ട് ആറു മാസമായി. ഈ മാസം പ്രോബേഷൻ തീരും. അതുകൊണ്ടാണ് സാറിന്‍റെ ഇപ്പോഴത്തെ ഈ ഓർമ്മപ്പെടുത്തൽ.

മുതിർന്ന പത്രപ്രവർത്തകർക്കു വാർത്ത പെട്ടെന്നു മണത്തറിയാനുള്ള കഴിവുണ്ട്. അതു ജോലിപരിചയത്തിൽനിന്നും വരുന്നതാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങിയിട്ട്, പക്ഷേ, ഒന്നും തടഞ്ഞില്ല.

ഓഫീസിൽനിന്നുമിറങ്ങുമ്പോൾ എതിരേ മോനോൻസാർ പറഞ്ഞത് ഓർമ്മ വന്നു. അന്തരീക്ഷം മുഴുവൻ നിറഞ്ഞുനില്ക്കുന്ന വായുപോലേയാണ് വാർത്തകൾ. കണ്ണും കാതും മനസ്സും തുറന്നിരിക്കണം. അല്ലാതെ നടന്നുപോകുമ്പോൾ ആരും വിളിച്ച് ഒരു വാർത്ത വേണോ എന്ന് ചോദിക്കില്ല.

ചിന്ത വീണ്ടും അവരുടെ സംസാരത്തിലേക്ക് പോയി. ആരുടെ പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ കാര്യം ആകും പറയുന്നത്? മനസ്സ് ഒരു കുറ്റാന്വേഷകന്റെ ജോലി ഏറ്റെടുത്തു. എന്തായാലും പിറകേ പോകുക തന്നെ, എന്തെങ്കിലും കിട്ടാതിരിക്കില്ല.

ഫോൺ എടുത്ത് രാജീവിനെ വിളിച്ചു. രാജീവ് ഡിഗ്രിക്ക് ഒരുമിച്ചു പഠിച്ചതാണ്, ഇപ്പോൾ പോലീസിൽ ആണ്. കുറ്റാന്വേഷണത്തിൽ അവന്റെ കഴിവ് തെളിയിച്ചതാണ്.

പറഞ്ഞത് പ്രകാരം ഒരു മണിക്കൂർ കഴിഞ്ഞു രവി രാജീവിനെ പ്രസ് ക്ലബ്ബിൽ കണ്ടു. ആദ്യം മൊബൈലിൽ എടുത്ത ഫോട്ടോ കാണിച്ചു കൊടുത്തു. അവിടെ അവർ തമ്മിൽ നടന്ന കാര്യങ്ങൾ ഒക്കെ രവി വിശദമായി പറഞ്ഞു.

"രാജീവ്, അവരെ നിനക്ക് കസ്റ്റഡിയിൽ എടുത്തു ഒന്ന് ചോദ്യം ചെയ്യാമോ?"

"അങ്ങിനെ വെറുതെ ഒരാളെ പിടിച്ചു കസ്റ്റഡിയിൽ വെക്കാൻ പറ്റില്ല. വരട്ടെ, നാളെ അവർ സ്റ്റേഡിയത്തിൽ കണ്ടുമുട്ടും എന്നല്ലേ പറഞ്ഞത്, നമുക്കും അവിടെ ചുറ്റിപ്പറ്റി ഉണ്ടാവാം. നാളെ കാലത്ത് ജോഗിങ് ഡ്രസ്സ് ഇട്ടു സ്റ്റേഡിയത്തിൽ വാ. ഞാൻ എന്റെ വഴിക്കൊന്നു അന്വേഷിക്കുകയും ചെയ്യാം."

പിറ്റേന്ന് കാലത്ത് തന്നെ രവിയും രാജീവും സ്റ്റേഡിയത്തിൽ കണ്ടുമുട്ടി.

"ഞാൻ ഒന്ന് അന്വേഷിച്ചു. ഇവർ സംസാരിക്കുന്നത് ജോണി എന്നയാളുടെ മരണത്തെപ്പറ്റി ആവും. ഡോക്ടർ കഴിഞ്ഞ രണ്ടാഴ്ച ആയി ലീവിൽ ആയിരുന്നു. മിനിഞ്ഞാന്ന് ആണ് ജോലിയിൽ പ്രവേശിച്ചത്. ആദ്യത്തെ പോസ്റ്റ്മോർട്ടം ജോണിയുടെയായിരുന്നു. അത് അപകടമരണമാണെന്ന് ആണ് ഡോക്ടർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്."

പറഞ്ഞത് പ്രകാരം പത്ത് മണിക്ക് തന്നെ ഡോക്ടറും മറ്റു രണ്ടുപേരും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അവർ ഇരുന്നിടത്തേക്ക് രവിയും രാജീവും നടന്നു ചെന്നു. ആദ്യം ഒന്ന് പതറിയെങ്കിലും ഡോക്ടർ ഉറച്ച ശബ്ദത്തിൽ ഞങ്ങൾ ആരാണെന്നു ചോദിച്ചു.

"ഞാൻ രാജീവ്, ഇവിടെ പോലീസ് ASI ആണ്. ഇന്നലെ നിങ്ങൾ ഹോട്ടലിൽ ഇരുന്നു സംസാരിച്ചത് ഞങ്ങൾ കേട്ടിരുന്നു. നിങ്ങൾ സംസാരിച്ചിരുന്നത് ഇവിടുത്തെ വലിയ ബിസിനസ്സുകാരൻ ആയ ജോണിയുടെ മരണത്തെ ചുറ്റിപ്പറ്റിയാണെന്നു അന്വേഷണത്തിൽ മനസ്സിലായി. സത്യം ഞങ്ങൾക്ക് അറിയണം. അതിനാണ് ഞങ്ങൾ വന്നത്."

"മിസ്റ്റർ രാജീവ്, എനിക്കൊന്നും അറിയില്ല. ഞാൻ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ല."

"ഡോക്ടർ, ഞാൻ വളരെ സൗമ്യമായിട്ടാണ് ചോദിക്കുന്നത്. ഇങ്ങിനെ പറ്റില്ലെങ്കിൽ നിങ്ങളെ പോലീസ് സ്റ്റേഷനിൽ വിളിക്കേണ്ടി വരും. നിങ്ങൾക്കറിയുന്ന കാര്യം പറയൂ.

" കഴിഞ്ഞ വെള്ളിയാഴ്ച്ച ഡ്യൂട്ടി കഴിഞ്ഞുപോകുമ്പോഴാണ് ആശുപത്രിയിൽനിന്നും സൂപ്രണ്ടിന്‍റെ ഫോൺ വന്നത്. ഒരു പോസ്റ്റ്മോർട്ടംകൂടിയുണ്ട്, വേഗം തിരിച്ചെത്താൻ പറഞ്ഞു. ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞ്, നേരേ വണ്ടി തിരിച്ച് ഹോസ്പിറ്റലിലേക്ക്. ക്ലാസ് കഴിഞ്ഞ് മകൾ എത്തിയിട്ടില്ല, അവളുടെ മൊബൈയിൽ പരിധിക്കു പുറത്താണ്. അത് ഒരു പുതിയ കാര്യമല്ലാത്തതിനാൽ കാര്യമാക്കിയില്ല. ഒരു കാര്യത്തിനു വിളിച്ചാൽ ഒന്നുകിൽ പരിധിക്കു പുറത്ത് അല്ലെങ്കില്‍ കിട്ടിയാലും പകുതി സംസാരിക്കുമ്പോഴേക്കും ഫോൺ കട്ടാവും.

സൂപ്രണ്ട് പറഞ്ഞാണ് അറിഞ്ഞത്, മരിച്ചതു ടൌണിലെ വലിയ ഒരു കച്ചവടശൃംഖലയുടെ ഉടമസ്ഥന്‍റെ ഏക മകനാണ്.

അപകടമരണമാണ്. അപാർട്ട്മെന്റ്സമുച്ചയത്തിന്‍റെ പതിനാലാം നിലയിൽനിന്നു വീണുമരിച്ചതാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മാത്രമുള്ള ഒരു ചടങ്ങാണ്.

വെട്ടിമുറിച്ചു നശിപ്പിക്കരുതെന്നു പ്രത്യേകം നിർദ്ദേശമുണ്ട്. പോസ്റ്റ്മോർട്ടത്തിനുവേണ്ടി മുറി തയ്യാറാക്കുമ്പോൾ ഞാൻ പുറത്തുള്ള മുറിയിൽ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണു മേശപ്പുറത്തിരുന്ന ഫോൺ ബെല്ലടിച്ചത്.

“ഡോക്ടര്‍ രേവതിയല്ലേ?” അതേയെന്നു പറഞ്ഞപ്പോള്‍ മറുവശത്തുനിന്നും ഒരു സ്ത്രീ ശബ്ദം.

"തിരിച്ചൊന്നും പറയണ്ട. പോസ്റ്റ്മോർട്ടം കഴിഞ്ഞ് റിപ്പോർട്ടിൽ മദ്യലഹരിയിൽ താഴേ വീണപ്പോൾപ്പറ്റിയ മുറിവുകളാണ് മരണകാരണം എന്നു മാത്രമേ എഴുതാവൂ. പിന്നെ വെറുതേ മകളെ വിളിച്ചു കഷ്ടപ്പെടണ്ട, അവൾ ഞങ്ങളുടെ അടുത്തു സുരക്ഷിതയാണ് ഇതുവരെ. ഡോക്ടർ റിപ്പോർട്ടു കൈമാറിക്കഴിഞ്ഞാൽ നിങ്ങളേക്കാൾമുമ്പ് മകൾ വീട്ടിലെത്തും. അല്ലെങ്കിൽ.."

പറഞ്ഞു മുഴുമിപിക്കുംമുമ്പേ മറുവശത്തു ഫോൺ നിശ്ശബ്ദമായി.

പിന്നെ നടന്നതെല്ലാം യാന്ത്രികമായിരുന്നു. മനസ്സു മുഴുവൻ മകളെയോർത്തു വിങ്ങുകയായിരുന്നു.

പതിനാലാം നിലയിൽനിന്നും വീണതിന്‍റെ ആഘാതത്തിൽപ്പറ്റിയ അപകടങ്ങൾ മാത്രമാണു മരണകാരണം എന്നു കണ്ടു. ശരീരത്തിൽ യാതൊരുവിധ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളും കണ്ടില്ല. അമിതമായി മദ്യം കഴിച്ചിരുന്നു എന്നും പരിശോധനയിൽത്തെളിഞ്ഞു. ആമാശയത്തിലെ അമിതമായ മദ്യത്തിന്‍റെ അളവ് അതിനു തെളിവാണ്. അതും കുടിപ്പിച്ചതു ബലം പ്രയോഗിച്ചല്ലതാനും.

മാത്രവുമല്ല ബോഡിയുടെ തൊട്ടടുത്ത് മദ്യം കുടിച്ച ഗ്ലാസ്സ് പൊട്ടിച്ചിതറി കിടപ്പുണ്ടായിരുന്നുവെന്നും പതിനാലാം നിലയിലെ ബാൽക്കണിയിലുള്ള ടീപ്പോയിയുടെ മുകളിൽ പകുതികഴിച്ച മദ്യക്കുപ്പി കണ്ടെത്തിയതായും പോലീസിന്‍റെ റിപ്പോര്‍ട്ടില്‍ കണ്ടിരുന്നു.

അപ്പോൾ എന്തിനാണു റിപ്പോർട്ട് മാറ്റി എഴുതണമെന്ന് എന്നോടു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് എന്നു മനസ്സിലായില്ല.

റിപ്പോർട്ട് ഉണ്ടാക്കി അതിലൊപ്പുവച്ച് സീൽചെയ്ത് ബോഡി വിട്ടു കൊടുത്ത്, അകത്തെ മുറിയിൽ വന്നപ്പോൾ ഫോൺ ഒരിക്കൽക്കൂടി ശബ്ദിച്ചു. "ഇനി മകളുടെ ഫോൺ വിളിച്ചോളൂ, അവൾ എടുക്കും" അത്രയും പറഞ്ഞ് ഫോൺ കട്ടായി. അതായത് ഫോൺചെയ്തിരിക്കുന്നത്

ആശുപത്രിയുടെയുള്ളിൽത്തന്നെയുള്ള ആളാണ്. അധികാരികമായി റിപ്പോർട്ടു നല്കണമെങ്കിൽ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വരണം. അവർ അറിഞ്ഞിരിക്കുന്നു എന്‍റെ പ്രാഥമികറിപ്പോർട്ടിലെ കാര്യങ്ങൾ.
പുറത്തുവന്ന് ബാഗിൽനിന്നും ഫോണെടുത്ത് ഞാൻ വിളിച്ചപ്പോൾ മകൾ വീട്ടിൽ എത്തിയെന്നറിയിച്ചു. എവിടെയായിരുന്നു എന്ന ചോദ്യത്തിനു മറുപടി വളരെ അപ്രതീക്ഷിതമായിരുന്നു. അവൾ ടൌണിൽനിന്ന് ബസ്സിൽക്കയറിയപ്പോള്‍ അടുത്ത് ഒരു സ്ത്രീ വന്നിരുന്നത് ഓർമ്മയുണ്ട്. ബസ്സ്, അവസാന സ്റ്റോപ്പിലെത്തി കണ്ടക്ടർ വിളിച്ചപ്പോളാണു പിന്നെ ഉണർന്നത്. ഫോൺ കാണാതായപ്പോൾ പരതിനോക്കിയപ്പോൾ താഴേ കിടക്കുന്നതു കണ്ടു. അത് ഓൺചെയ്ത് വീട്ടിലെത്തിയപ്പോൾ ആണത്രേ എന്‍റെ ഫോൺ വന്നത്!

ഞാൻ പോലിസിൽ റിപ്പോർട്ടുചെയ്താലും ആരും വിശ്വസിക്കില്ല, എനിക്കങ്ങിനെ ഫോൺ വന്നതിനു യാതൊരു തെളിവുമില്ല. മകളെ ആരും തട്ടിക്കൊണ്ട് പോയിട്ടുമില്ല.

അടുത്ത ദിവസം വീണ്ടും ഫോൺവന്നു. "ഡോക്ടറെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കുക. തിങ്കളാഴ്ച്ച ഒരു പത്തരക്കു ടൌണിൽ കോഫിഷോപ്പിൽ വരൂ. അവിടെ ഒരു ടേബിൾ റിസർവ് ചെയ്തിട്ടുണ്ട്. കുറച്ചു സംസാരിക്കാനുണ്ട്, വരാതിരിക്കരുത്."

ഇന്നലെ അവർ വിളിച്ചത് പ്രകാരമാണ് ഞാൻ അവിടെ എത്തിയത്. ഇതിൽ കൂടുതൽ എനിക്കൊന്നും അറിയില്ല."

ഇത്രയും പറഞ്ഞു ഡോക്ടർ നിർത്തി.

" അപ്പോൾ ബാക്കി ഇവർ പറയട്ടെ. രാജീവ് മറ്റു രണ്ടു സ്ത്രീകളെയും നോക്കി പറഞ്ഞു."

"സാർ ഞാൻ സുമതി. ഡോക്ടറുടെ അയല്പക്കത്താണ് വീട്. ഇതെന്റെ കൂടെ ജോലി ചെയുന്ന സോഫിയ.

മരിച്ചുപോയ ജോണി, ഈ നഗരത്തിലെ അറിയപ്പെടുന്ന ഒരു പണക്കാരനാണ്. അവർക്കു ജ്വല്ലറിക്കകച്ചവടം, വസ്ത്രക്കച്ചവടം, തുടങ്ങി വളരെയധികം കച്ചവടസ്ഥാപനങ്ങളുണ്ട്. ജോണിയുടെ അപ്പച്ചനായിട്ട് ഉണ്ടാക്കിയതാണെല്ലാം. ജോണി അമേരിക്കയിൽപ്പോയി പഠിച്ച് കുടുംബകച്ചവടങ്ങളൊക്കെ ഏറ്റെടുത്തു നോക്കിനടത്തുകയായിരുന്നു. നാട്ടുകാർക്കും വീട്ടുകാർക്കുമെല്ലാം അയാൾ വളരെ നല്ലവനും സർവ്വോപരി സാമൂഹികമേഖലയിൽ വളരെയധികം അറിയപ്പെടുന്ന ഒരാളുമായിരുന്നു.”

അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളിൽ, നല്ലൊരു ശതമാനം പെൺകുട്ടികളാണു ജോലിചെയ്തിരുന്നത്. ഇദ്ദേഹത്തെപ്പറ്റി അവിടുത്തെ ജോലിക്കാർ ആരും ഒരിക്കലും മോശമായിപ്പറയുന്ന കേട്ടിട്ടില്ല. ഞാനും സോഫിയയും അവിടുത്തെ എക്കൌണ്ട്സ്ഡിവിഷനിൽ ജോലിക്കാരാണ്. ഒരു ദിവസം, ഞങ്ങളുടെകൂടെ ജോലിചെയ്തിരുന്ന ശ്രീജ എന്ന കുട്ടി എന്നോടു സ്വകാര്യമായി ഒരു കാര്യം പറഞ്ഞു. എനിക്കുപോലും വിശ്വസിക്കാനാവാത്തതായിരുന്നു അത്. ജോണി അവളെ പല തവണ അയാളുടെ മുറിയിൽ വിളിച്ചെന്നും അയാളുടെകൂടെ കിടക്കാൻ നിർബന്ധിച്ചുവെന്നും പറഞ്ഞു. അതു കഴിഞ്ഞ്, പിറ്റേ ദിവസംമുതൽ അവൾ ജോലിക്കു വന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോളാണ് ഞങ്ങൾ അറിഞ്ഞത് അവൾ ആത്മഹത്യചെയ്തുവെന്ന്. അതും തീവണ്ടിക്കു തലവച്ച്. അത് ആത്മഹത്യയല്ല എന്ന് അവളുടെ വീട്ടുകാർ വിശ്വസിച്ചിരുന്നു. പക്ഷേ, പോസ്റ്റ്മോർട്ടംറിപ്പോർട്ടിൽ അത് ആത്മഹത്യതന്നെയാണെന്നു സ്ഥിരീകരിച്ചു.

"പിന്നീട് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു, ഇതുപോലേ പല പെൺകുട്ടികളും അയാളുടെ വലയിൽ വീണിട്ടുണ്ടായിരുന്നുവെന്ന്. പക്ഷേ, പലരും കുടുംബപ്രാരാബ്ദങ്ങൾകാരണം എല്ലാം സഹിച്ചുവെന്നും മറ്റും. എതിർത്തവരൊക്കെ ആത്മഹത്യയിലെത്തിയെന്നും.”

അങ്ങനെയിരിക്കുമ്പോലാണ് സോഫിയയെ ജോണി ശല്ല്യംചെയ്യാൻ തുടങ്ങിയത്. സോഫിയ അത് എന്നോടു പറഞ്ഞു. പിന്നീടുണ്ടായ കാര്യങ്ങൾ സോഫിയതന്നെ പറയും.”

സുമതി പറഞ്ഞു നിർത്തിയിടത്തു നിന്നും സോഫിയ തുടങ്ങി.

"സർ, കഴിഞ്ഞ വ്യാഴാഴ്ച്ച സുമതിചേച്ചി ലീവിലായിരുന്നു. ശമ്പളം കൊടുക്കാനുള്ള ചെക്കില്‍ വലിയ മുതലാളിയുടെ ഒപ്പ് വാങ്ങാൻ എന്നോട് അപ്പാർട്ട്മെന്റിൽ പോകാൻ പറഞ്ഞു. സാധാരണ ചേച്ചിയാണു പോകാറുള്ളത്. ഞാൻ ഒരു ഓട്ടോറിക്ഷ പിടിച്ചാണു പോയത്.

ചെക്കുകളിൽ വലിയ മുതലാളിയുടെ ഒപ്പു വാങ്ങി തിരിച്ചിറങ്ങി വഴിയിൽ ഓട്ടോ കാത്തുനില്ക്കുമ്പോൾ എതിർവശത്തുനിന്നും ജോണിസാറിന്‍റെ കാർ വന്നു. എന്നെക്കണ്ട് ജോണിസാർ കാർ നിറുത്തി എന്നോട് എന്താണു ചെയ്യുന്നതെന്നു ചോദിച്ചു. ഞാൻ വന്ന കാര്യം പറഞ്ഞു. വീട്ടിൽനിന്നും അത്യാവശ്യമായി ഏതോ ഒരു പേപ്പറിൽക്കൂടി വലിയ മുതലാളിയുടെ ഒപ്പ് വാങ്ങി ഓഫീസിൽ കൊണ്ടുപോകാനുണ്ട് എന്നു പറഞ്ഞ്, കാറിന്‍റെ പിൻവശത്തെ ഡോര്‍ തുറന്നു.

കാർ നേരേ ബേസ്മെന്റ് പാർക്കിങ്ങിൽ കൊണ്ടുപോയി നിറുത്തി, അവിടുന്നു സർവീസ്ലിഫ്റ്റിൽ മുകളിലേക്കു പോയി. പിന്നീടാണു ശ്രദ്ധിച്ചത്, ജോണി എന്നെ കൊണ്ടുപോയതു പതിനാലാം നിലയിലായിരുന്നു. എന്താ ഇവിടെ എന്നു ചോദിച്ചപ്പോൾ, അപ്പൻ ഇപ്പോൾ മുകളിലാണെന്നു പറഞ്ഞു. മുറി തുറന്ന് അകത്തു കയറിയ എന്നോടു സോഫയിൽ ഇരിക്കാൻ പറഞ്ഞു. അകത്തു പോയി കുടിക്കാൻ നാരങ്ങവെള്ളം കൊണ്ടുവന്നു. കുടിച്ചു കഴിഞ്ഞതേ ഓർമ്മയുള്ളൂ, പിന്നെ, ഓർമ്മ വരുമ്പോൾ അകത്തു മുറിയിൽ ബെഡ്ഷീറ്റിൽ പുതച്ചു കിടക്കുകയായിരുന്നു!

ശരീരം നുറുങ്ങുന്നപോലേ വേദനയും. എന്‍റെ വസ്ത്രങ്ങൾ ഒരു വശത്തു കണ്ടപ്പോഴാണു ഞാൻ ബെഡ്ഷീറ്റിനുള്ളിൽ പരിപൂർണ്ണ നഗ്നയായിരുന്നു എന്നു തിരിച്ചറിഞ്ഞത്!!

ഞാൻ കട്ടിലിൽനിന്നും എഴുന്നേറ്റ് വസ്ത്രങ്ങൾ എടുത്തണിഞ്ഞ് ഡ്രോയിങ്ങ്റൂമിൽ വന്നപ്പോൾ കണ്ടത്, മദ്യവും നുണഞ്ഞുകൊണ്ടു ബാൽക്കണിയുടെ അരമതിലിൽ കൈയ്യൂന്നി പുറത്തേക്കു നോക്കിനില്ക്കുന്ന ജോണിയെയാണ്. മനസ്സിൽ എന്തെന്നില്ലാത്ത വെറുപ്പും ദേഷ്യവും തോന്നി. എന്‍റെ അനുവാദം കൂടാതെ എന്‍റെ ശരീരത്തിൽ ഒരാൾ കൈവച്ചിരിക്കുന്നു. ഇതുപോലേ ഒരു അനുഭവം എത്ര പേർക്ക് ഉണ്ടായിക്കാണും? ഇല്ലാ, ഇയാൾ ഇനി ജീവിച്ചിരിക്കാൻ പാടില്ല. ഇങ്ങിനെയൊരു അവസരം വീണ്ടും ദൈവം തരില്ല. ഞാൻ പതിയെ ശബ്ദമുണ്ടാക്കാതെ ജോണിയുടെ പിറകിലെത്തി ബലമായി തള്ളി. അപ്രതീക്ഷിതമായതിനാൽ ജോണിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല, ജോണി താഴേക്കു വീണു. ഞാൻ പെട്ടെന്നുതന്നെ ഡൈനിങ്ങ് ടേബിളിൽവച്ചിരുന്ന എന്‍റെ ബാഗും പിന്നെ ഞാൻ നാരങ്ങവെള്ളം കുടിച്ച ഗ്ലാസും എടുത്തു ബാഗിലിട്ട് പുറത്തേക്കോടി. സർവീസ്ലിഫ്റ്റിൽ ബേസ്മെന്റിലെത്തി. പിന്നെ പടിയിലൂടെ മുകളിലേക്കു പോയി. അപ്പോൾ ആളുകൾ ഓടിക്കൂടാൻ തുടങ്ങിയിട്ടുണ്ടായിരുന്നു.

ഗേറ്റില്‍ കാവല്‍ നിന്നിരുന്ന ഗാർഡുകളൊക്കെ ജോണി വീണതറിഞ്ഞ് ഓടിപ്പോയിരിക്കുകയായിരുന്നു. കുറച്ചു വഴിപ്പോക്കരും പുറത്തുനിന്ന് ഓടിവരുന്നുണ്ടായിരുന്നു. ആ സമയം നോക്കി ഞാൻ പുറത്തേക്കു പോയി, ഒരു ഓട്ടോറിക്ഷ വിളിച്ച് ഓഫീസിലെത്തി. ഒന്നുമറിയാത്തപോലേ എന്‍റെ ജോലി തുടർന്നു.

പിന്നീട് ഞാൻ ചേച്ചിയെ വിളിച്ചു നടന്ന സംഭവങ്ങളൊക്കെ പറഞ്ഞു. ഞാൻ വലിയ മുതലാളിയെക്കണ്ടു തിരിച്ചിറങ്ങുമ്പോൾ സെക്യൂരിറ്റിയിൽവച്ച രജിസ്റ്ററിൽ സമയം എഴുതിയിരുന്നു. അതു പ്രകാരം ഞാൻ അവിടെപ്പോയി തിരിച്ചുവന്നത് ഈ സംഭവം നടക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പായിരുന്നു. ജോണിയുടെ കാറിൽ ബ്ലാക്ക്ഫിലിം ഒട്ടിച്ചതിനാൽ ഞാൻ അകത്തു പോയതും ആരു കണ്ടിട്ടില്ല. CCTV ഇല്ലാത്ത സർവീസ് ലിഫ്ടിലാണ് എന്നെ ഫ്ളാറ്റിൽ കൊണ്ടുപോയത്. അങ്ങനെ ആരും അറിയാതിരിക്കാൻ ജോണിയെടുത്ത മുൻകരുതലുകൾ എനിക്ക് ഉപയോഗപ്രദമായി. പിന്നീടു ചേച്ചിയാണ് ഒരുപക്ഷേ, പോസ്റ്റുമോർട്ടത്തിൽ മരിക്കുന്നതിനുമുമ്പ് ശാരീരികബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നു വന്നാൽ, ഫ്ളാറ്റിൽ വേറേ ആരെങ്കിലും ഉണ്ടായിരുന്നോ എന്നു സംശയം ഉണ്ടാകാന്‍ ഇടയുണ്ടെന്നു പറഞ്ഞത്. അതുകൊണ്ട് ഒരു മുൻകരുതലെന്ന നിലയിലാണ് ഈ സാഹസത്തിനു തുനിഞ്ഞത്.”

“സുമതിച്ചേച്ചിയുടെ ചേച്ചി, ആ ആശുപത്രിയിൽ സീനിയർ നേഴ്സാണ്. അവരാണു പറഞ്ഞത്, പോസ്റ്റ്മോർട്ടം നടത്തുന്നതു രേവതി ഡോക്ടറാവുമെന്ന്. ചേച്ചിയെക്കാണാനെന്ന ഭാവത്തിൽ, മാലതിചേച്ചി പോസ്റ്റ്മോർട്ടംനടക്കുമ്പോൾ ആസ്പത്രിയിലുണ്ടായിരുന്നു. മാലതിചേച്ചിക്ക് ഒരു പേപ്പർ കൊടുക്കാനുണ്ട് എന്നു പറഞ്ഞ് മകളെ വിളിച്ചതു ഞാനായിരുന്നു. എന്നെ കാത്തുനിന്നു കാണാതായപ്പോൾ മകൾ ബസ്സിൽക്കയറി. പിൻതുടർന്നു ബസ്സിൽക്കയറി മകളെ ക്ലോറോഫോം മണപ്പിച്ചു ബസ്സിൽ മയക്കിക്കിടത്തിയതും ഫോൺ സ്വിച്ചോഫാക്കിയതും ഒക്കെ.

സർ , ഞാൻ ചെയ്തതു തെറ്റാണെന്ന് എനിക്കറിയാം. പക്ഷേ, ഞാനിതു ചെയ്തില്ലായിരുന്നുവെങ്കിൽ ഈ ജന്മംമുഴുവൻ ഞാൻ നീറി നീറി ജീവിക്കുമായിരുന്നു. എനിക്ക് എന്നോടുതന്നെ വെറുപ്പായി മാറിയേനെ. പക്ഷേ, ഡോക്ടറോടു ചെയ്തതിനു മാപ്പ് ചോദിക്കണം എന്നുണ്ടായിരുന്നു.

അത്രയും പറഞ്ഞു സോഫിയ കരയാൻ തുടങ്ങി.

രാജീവ് രണ്ടുപേരുടെയും പേരും വിവരവും, ഫോൺ നമ്പറും എല്ലാം എഴുതിയെടുത്തു.

"സാർ. ആ കുട്ടി ചെയ്തത് നിയമത്തിന്റെ മുൻപിൽ ഒരു തെറ്റായിരിക്കാം, പക്ഷെ ഒരമ്മയുടെ കണ്ണിലൂടെ നോക്കുമ്പോൾ അതൊരു തെറ്റായി തോന്നുന്നില്ല. ഒരുപക്ഷേ, എന്‍റെ മകള്‍ക്കാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍, ഞാനും ഇതുതന്നെ ചെയ്യുമായിരുന്നു"

"എന്തായാലും ഇപ്പോൾ ആരോടും ഒന്നും പറയണ്ട. ഞാൻ ആവശ്യമുണ്ടെങ്കിൽ വിളിക്കാം, അപ്പോൾ വരണം."

അവർ മൂന്നു പേരും പോയി. രവിയും രാജീവും സ്റ്റേഡിയത്തിന്റെ പടികളിൽ ഇരുന്നു.

"രവി, നീ എന്നെ വിളിച്ചിട്ടില്ല, നമ്മൾ അവരെ കണ്ടതും ഇല്ല. ഇക്കാര്യത്തിൽ എന്ത് ചെയ്യണം എന്ന് നിനക്ക് തീരുമാനിക്കാം. ഇതിനെ നീ റിപ്പോർട്ട് ചെയ്താൽ ഇതൊരു കേസാകും, അപ്പോൾ ആധികാരികമായി ഞാൻ ഈ കേസന്വേഷിക്കും. ഞാൻ ഇപ്പോൾ പോട്ടെ, എനിക്ക് ഡ്യൂട്ടിക്ക് കയറണം.".

നടുക്കുന്ന തുറന്നുപറച്ചിലിൽ ലോട്ടറിയായി വീണുലഭിച്ച വലിയൊരു സംഭവത്തെ ചുറ്റിപ്പറ്റി ഒരു ലേഖനമെഴുതിക്കഴിഞ്ഞ് രവി എഴുന്നേറ്റു.

എഴുതിയവസാനിപ്പിക്കുമ്പോൾ, മനസ്സിൽ മുഴുവൻ ഇത് പത്രാധിപർക്കു സമർപ്പിച്ചാൽ തനിക്കു കിട്ടാനിരിക്കുന്ന സ്ഥാനമാനങ്ങളെക്കുറിച്ചുള്ള ചിന്തകളായിരുന്നു.

പക്ഷേ, അത്തരം ഒരു ദുരനുഭവത്തിനു ശേഷവും മാനസികനില നഷ്ടപ്പെടുത്താതെ അവസരോചിതമായി പെരുമാറി, തന്നോടു കാണിച്ച ക്രൂരതയ്ക്കു ശിക്ഷ വിധിച്ച കുട്ടിയോട് ഉള്ളിൽ ബഹുമാനം തോന്നി. ആ കുട്ടി പറഞ്ഞില്ലെങ്കിൽ ആരും ഇതറിയില്ലായിരുന്നു.

ആ കുട്ടിയുടെ ജീവിതം, ഈ സമൂഹത്തോടു തനിക്കുള്ള പ്രതിബദ്ധത ഇതെല്ലാം ചിന്തയിലേക്കു വന്നു. ചിലതു കാണുന്നതും ചിലതു കണ്ടാലും കാണാതിരിക്കുന്നതുമൊക്കെ പത്രധർമ്മത്തിന്‍റെ ഒരു ഭാഗമല്ലേ? അതിലെന്താണു തെറ്റ്?! എന്തൊക്കെയോ തീരുമാനിച്ചുറച്ചപോലേ ലേഖനത്തിന്‍റെ താഴേയെഴുതി.\

‘ശിക്ഷാവിധി (ചെറുകഥ), രചന: രവി മേനോൻ’

ഗിരി ബി വാരിയർ
15 ഫെബ്രുവരി 18
©copyrights protected

Comments