ദീപസ്തംഭം മഹാശ്ചര്യം

"അതേയ്, നിങ്ങളിത് എന്ത്‌ ഇരിപ്പാ, ഭരണിയാണെന്ന് മറന്ന് പോയോ.?"

ഞായറാഴ്ച്ച അവധിയായിട്ട് കാലത്ത് കിടന്നുറങ്ങാൻ സമ്മതിച്ചില്ല. ആറരയായപ്പോൾ പാല് വാങ്ങിക്കൊണ്ട് വരാൻ പറഞ്ഞ് എഴുന്നേൽപ്പിച്ചു. പാൽ വാങ്ങിക്കൊണ്ട് വന്ന് കുറlച്ചു നേരം കിടക്കാമെന്നു കരുതി. പക്ഷെ മുനിസിപ്പൽ വെള്ളം വരുന്ന സമയമായതിനാൽ ഭാര്യ വാഷിങ്‌മെഷീൻ ഓൺ ചെയ്തിരിക്കുകയാണ്. തന്നെപ്പോലെ ആറു ദിവസവും ജോലി ചെയ്യുന്ന അവൾക്കും ഇന്ന് മാത്രമേ ഇതിനൊക്കെ സമയം കിട്ടൂ. ഇനി വീണ്ടും കിടന്നാൽ വീട്ടിലെ ക്രമസമാധാനം തകരാറിലാകും

നേരേ ബാത്ത് റൂമിൽ കയറി പ്രഭാതകർമ്മങ്ങൾ ഒക്കെ ഭംഗിയായി തീർത്ത് ഡ്രോയിങ്ങ് റൂമിൽ പത്രം വായിക്കാൻ ഇരുന്നപ്പോഴാണ് ഭാര്യയുടെ ചോദ്യം.

അപ്പോഴാണ് ശ്രദ്ധിച്ചത് അവൾ രണ്ട് ദിവസം മുൻപ് വാങ്ങിയ മരത്തിന്റെ സ്റ്റൂളിലാണ് ഞാൻ ഇരിക്കുന്നതെന്ന്. അതിന്റെ മുകളിൽ ഒരു വലിയ ഭരണി വാങ്ങി വെക്കണമെന്ന് അവൾ പറഞ്ഞിരുന്നു

"എടീ, ഇപ്പോ ഭരണിയില്ലല്ലോ. ഭരണി വാങ്ങിയാൽ പിന്നെ ഞാൻ ഈ സ്റ്റൂളിൽ ഇരിക്കില്ല, പോരേ"

"ഹോ, നിങ്ങളേക്കൊണ്ട് തോറ്റു. കാലത്തുതന്നെ നിങ്ങൾ എന്നേക്കൊണ്ട് പറയിക്കും. വേറെ ഭരണി വാങ്ങേണ്ട കാര്യം ഇല്ല്യ, നിങ്ങടെ തലയിലെ കളിമണ്ണ് എടുത്താൽ തന്നെ ഒരു ഭരണിയുങ്ങാക്കാം"

"നീ കിടന്ന് തുള്ളാതെ കാര്യം പറ"

"ഏട്ടാ, ഇന്ന് മീനമാസത്തിൽ ഭരണി, നിങ്ങടെ മൂത്ത പുത്രനേ റിലീസ് ചെയ്ത ദിവസം"

"അങ്ങനേ മനസ്സിലാകുന്ന ഭാഷയിൽ പറയ്. അതിന് ഞാനെന്ത് വേണം. "

"എനിക്ക് അമ്പലത്തിൽ പോകാൻ പറ്റില്ല. നിങ്ങൾ പോയി തൊഴുത് എന്തെങ്കിലും വഴിപാട് കഴിച്ച് വരണം. അവന് അടുത്ത മാസം ഫൈനൽ പരീക്ഷയാണ്. "

'എടീ അവനില്ലാതെ പോയാൽ...?"

"അതിനെന്താ? അവന്റെ കുടുംബക്ഷേത്രാ."

"എന്നാലും അമ്പലത്തില് നൂറ് കണക്കിന് ആൾക്കാര് വരണതാ.. അവനാണെങ്കിൽ പഠിക്കാൻ പോയ ശേഷം രണ്ട് കൊല്ലായിട്ട് അമ്പലത്തില് പോയിട്ടും ഇല്ല്യ. പേര് പറഞ്ഞാൽ കൃഷ്ണന് ഓർമ്മേണ്ടാവോ ആവോ?"

"നിങ്ങള് വെറുതെ ദൈവകോപംണ്ടാക്കാതെ അമ്പലത്തില് പോയി വരു. ഇതിന്റൊക്കെ ശാപം കണ്ണനാ കിട്ട്വാ. അല്ലെങ്കിൽ ഞാൻ തന്നെയല്ലേ ദിവസോം പോകുന്നത്, ഇന്ന് പോകാൻ പറ്റാത്തതോണ്ടല്ലേ നിങ്ങളോട് പോകാൻ പറഞ്ഞത്. "

"ന്നാ പിന്നെ നിനക്ക് പോയ്ക്കൂടെ, സുപ്രിം കോടതി അനുവാദം തന്നിട്ടുണ്ടല്ലോ. എടീ ഇപ്പോൾ പൊറത്തായാലും അമ്പലത്തില് പോകാം. "

" കോടതി പറഞ്ഞോട്ടെ. എനിക്കെന്റെ വിശ്വാസാണ് വലുത്. കണ്ണനെ ഏഴാം മാസം പ്രസവിച്ച് ഒരു മിനിട്ട് കഴിഞ്ഞിട്ടും കരയാതെയിരുന്നിട്ട് പ്രസവിച്ചത് ചാപ്പിള്ളയാണെന്ന് ഡോക്ടർ പറയുന്നത് കേട്ടതാണ്. അന്ന് ഞാൻ തിന്ന വേദന എനിക്കേ അറിയൂ. ഞാനന്ന് അയ്യപ്പസ്വാമിയേ വിളിച്ച് പ്രാർത്ഥിച്ച് കഴിയുമ്പോഴേക്കും കണ്ണൻ കരഞ്ഞത് ഞാൻ കേട്ടതാ. ഡോക്ടർക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇതൊന്നും കോടതിയിൽ തെളിയിക്കാൻ പറ്റില്ല."

"എന്തായാലും നിന്നോട് വാദിക്കാൻ ഞാനില്ല. ഞാൻ അമ്പലത്തിൽ പോയി വരാം. "

അവളോട് വാദിച്ച് ജയിക്കാൻ പറ്റില്ല. ഇവിടുത്തെ ഹൈക്കാടതീം സുപ്രീം കോടതീം ഒക്കെ അവളാണ്.

ബൈക്കെടുത്ത് അമ്പലത്തിലെത്തി.

"ഇന്ന് മാഡം വന്നില്ല്യേ. " കൌണ്ടറിൽ ഉണ്ടായിരുന്ന ആൾ ചോദിച്ചു.

" ഇല്ല്യ, അവൾക്ക് വരാൻ പറ്റില്ല്യ"

കൌണ്ടറിന് തൊട്ടടുത്ത് വെച്ചിരുന്ന പൂജാവിവരങ്ങളുടെ ബോർഡ് വായിച്ചു. കൃഷ്ണന്റെ കോസ്റ്റ് ഓഫ് ലിവിംങ്ങ് വളരെ കൂടിയിരിക്കുന്നു. മനസ്സിൽ വിചാരിച്ചു.

ഏറ്റവും ചാർജ്ജ് കുറവ് പുഷ്പാഞ്ജലിക്കാണ്. പത്ത് രൂപ മാത്രം. എന്തായാലും ഭാര്യയുടെ പരാതി തീർക്കാം. മനസ്സ്‌ തുറന്ന് വഴിപാട് കഴിക്കാം.

"ആറ് പുഷ്പാഞജലി"

പുന്നെല്ല്‌ കണ്ട എലിയെപ്പോലെ അയാളുടെ മുഖം പ്രസന്നമായി.

"പേരും നാളും പറയൂ" അയാൾ ചോദിച്ചു.

ഞങ്ങൾ നാലു പേരുടേയും പേരും നാളും കൊടുത്തു. അപ്പോഴാണ് ഓർത്തത് അവളുടെ അച്ഛന്റെയും അമ്മയുടേയും നാളുകൾ അറിയില്ല. എന്തായാലും അവളെ വിളിക്കാം. ഇതാവുമ്പോൾ അവളറിയുകയും ചെയ്യും ഇല്ലെങ്കിൽ ഇത്രയും ചെറിയ കാര്യം അവളോട് പറയാനും പറ്റില്ല. "

"എന്താ ഏട്ടാ? അമ്പലത്തിലേക്ക് വഴിയറിയില്ല്യാന്ന്ണ്ടോ"

നിന്റെ അച്ഛനാ വഴി അറിയാത്തത് എന്ന് പറയണമെന്നാണു് തോന്നിയത് പിന്നീട് അമ്പലാന്തരീക്ഷവും കുടുംബാന്തരീക്ഷവും ഒരു പോലെ കൊണ്ടു പോകാൻ എളിമയുണ്ടാകുന്നതാണ് നല്ലതെന്ന് തോന്നി.

"നിന്റെ അച്ഛന്റെം അമ്മേടേം നാള് പറയ്. ഒരു പുഷ്പാഞ്ജലി നടത്താനാ..."

" നല്ല പുദ്ധി, പുഷ്‌പാഞ്‌ജലി ആവുമ്പോൾ വെറും ഇരുപത് രൂപാ ചെലവിൽ എന്നെ കുപ്പിയിലാക്കാലോ അല്ലേ ..."

ദൈവമേ. ബുദ്ധിയേക്കാൾ ഇവൾക്ക് കുരുട്ടുബുദ്ധിയാണല്ലോ നീ കൊടുത്തത്.

"നീ അവരുടെ നാള് പറയ് "

"നിങ്ങൾക്ക് നിങ്ങളുടെ അച്ഛന്റേം അമ്മേടേം നാളറിയുമോ. അവരുടെ പേരിലും കഴിക്കണം "

എനിക്കറിയില്ല എന്നവൾക്ക് അറിയുന്നതിനാൽ അവൾ അവരുടെ നാളുകളും തന്നു.

സാറിന്റേം മാഡത്തിന്റേം അമ്മേടേം അച്ഛന്റെയും നാൾ ഇവിടെ ഉണ്ട്. അവരുടെ നാളുകളിൽ പൂജ ബുക്ക് ചെയ്തിട്ടുണ്ട്.

എല്ലാ രസീറ്റും മുറിച്ച് കഴിഞ്ഞപ്പാൾ പോക്കറ്റിൽ നിന്നും നൂറ് രൂപ എടുത്ത് കൊടുത്തു.

"സാറേ ആയിരത്തി എൺപത് ആയി."

"ങേ, എട്ട് പുഷ്‌പാഞ്‌ജലിക്ക് ആയിരത്തി എൺപതോ ??.." പുറത്തേക്ക് തുറിച്ചു വന്ന കണ്ണുകൾ തിരിച്ച് ഉള്ളിലിട്ട് അയാളോടു് ചോദിച്ചു

"സാറേ, മാഡം എല്ലാവരുടേയും പിറന്നാളുകളിൽ പ്രത്യേക പൂജകൾ നടത്താറുണ്ട്. അതിന്റെയാണ് ആയിരം രൂപ. പിന്നെ മാഡം എല്ലാവരുടെയും പേരിൽ എല്ലാ മാസവും നാൾ പൂജയും ഉണ്ട്. സാറ് അമ്പലത്തിൽ വരാത്ത കാരണം അറിയാത്തതാ "

ഒരു നിമിഷം അവളെക്കുറിച്ചാർത്ത് സ്നേഹവും ആദരവും ദേഷ്യവും ഒക്കെ തോന്നി. ഇത്രയും കാലം കൂടെക്കഴിഞ്ഞിട്ടും ഒരിക്കൽ പോലും ഇതിനെപ്പറ്റിയൊന്നും അവൾ പറഞ്ഞിട്ടില്ല. എന്റെ വീട്ടിലേയും അവളുടെ വീട്ടിലേയും കാര്യങ്ങൾ ഒരു മുടക്കവും വരാതെ അവൾ നോക്കാറുണ്ട്. പലപ്പോഴും ഞാനറിയാറുകൂടി ഇല്ല. അതിനൊക്കെ ഉള്ള ചിലവുകൾ അവളുടെ ശമ്പളത്തിൽ നിന്നും എടുക്കും, എന്നോടൊന്നും ചോദിക്കാറുമില്ല.

കൌണ്ടറിൽ നിന്നും റസീറ്റ് വാങ്ങി ശ്രീകോവിലിന്റെ അടുത്തേക്ക് നടക്കുമ്പോൾ അവളുടെ ഫോൺ വന്നു.

"അതേയ്, ഒരു ലോഡ് വഴിപാട് കഴിച്ചിട്ട് പത്ത് രൂപ ദക്ഷിണ കൊടുത്തിങ്ങ് വരണ്ടാ, എനിക്ക് നാളെയും പോകേണ്ടതാ അവിടെ. കുറഞ്ഞത് നൂറ് രൂപയെങ്കിലും കൊടുക്കണം. നിങ്ങടെ ശരിക്കുള്ള സ്വഭാവം നല്ല പോലെ അറിയുന്നത് കൊണ്ട് പറഞ്ഞതാ ..."

അവൾ ഫോൺ കട്ടു ചെയ്തു.

വെറുതെയല്ല സ്ത്രീകൾ മുടക്കസമയത്തും അമ്പലത്തിൽ പോകുന്നതിനും ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നതിനും ഒക്കെ ഉള്ള നിയമം നടപ്പിലാക്കാൻ എല്ലാവർക്കും ഇത്ര വ്യഗ്രത കാട്ടുന്നത്. ഭണ്ഡാരം നിറയണമെങ്കിൽ സ്ത്രീകൾ തന്നെ അമ്പലത്തിലെത്തണം. മനസ്സിലോർത്തു.

കൃഷ്ണനെ കൺകുളിർക്കേ തൊഴുത് വലം വെക്കുമ്പോൾ അമ്പലത്തിന്റെ ഊട്ടുപുരയിൽ കുട്ടികൾ ഉത്സവകാലത്ത് അരങ്ങേറാൻ ഓട്ടൻതുള്ളൽ പരിശീലിക്കുന്നുണ്ടായിരുന്നു.

ഇപ്പോൾ ഭക്തിയുടെ പേരിൽ നാട്ടിൽ നടക്കുന്ന രാഷ്ട്രീയപേക്കൂത്തുകൾ കണ്ടിട്ട് കുഞ്ചൻ നമ്പ്യാരുടെ വരികളാണ് മനസ്സിൽ വന്നത്.

"ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം..."

ഗിരി ബി വാരിയർ
28 ഒക്ടോബർ 2018
©copyrights protected

Comments