കഥ മെനയുന്നവർ

കഥ മെനയുന്നവർ
രചന: ഗിരി ബി വാരിയർ

***

"മോളെ.. വേഗം ടെറസ്സുംമേ ഉണങ്ങാനിട്ട കൊണ്ടാട്ടം എടുത്തുകൊണ്ടുവാ. .മഴ ചാറാൻ തുടങ്ങി."

ഭാര്യ മകളോട് വിളിച്ചു പറയുന്നത് അയാൾ കേട്ടു. നാലുമാസത്തെ കൊടും വേനലിന് വിരാമമിട്ടുകൊണ്ട് ഏറെ കാത്തിരുന്ന കാലവർഷം എത്തിച്ചേർന്നിരിക്കുന്നു.

നോക്കെത്താദൂരത്തേക്ക് വിരിച്ചിട്ടിരിക്കുന്ന പാളങ്ങളിലൂടെ തീവണ്ടി പോകുന്നതുപോലെ ശീലിച്ച ദിനചര്യകളിൽ യാന്ത്രികമായൊരു ജീവിതമായിരുന്നു അയാളുടേത്.

അതിരാവിലെ ഒരു മണിക്കൂർ നടത്തം, തണുപ്പും മഴയുമൊന്നും അതിനൊരു തടസ്സമാകാറില്ല. തിരിച്ചുവന്ന് കുളിച്ച് ഉമ്മറത്തെ ചാരുകസേരയിലിരുന്ന് പത്രം വായിക്കും. ഒരു കഥക്കുള്ള ബീജം കാലത്തെ നടത്തത്തിൽനിന്നോ പത്രപാരായണത്തിൽനിന്നോ വീണുകിട്ടു . പ്രാതൽ കഴിഞ്ഞ് എഴുത്തുമുറിയിലേക്ക് കടന്നാൽ ഉച്ചയൂണിന് പുറത്തുവരും. ഉച്ചതിരിഞ്ഞ് എഴുതുക പതിവില്ല. ഊണ് കഴിഞ്ഞ് ഒരു മണിക്കൂർ ഉറക്കം. വൈകീട്ട് അഞ്ചരയോടെ വായനശാലയിലേക്ക് പോകും. വായനശാലയുടെ ജനലിനോട് ചേർന്ന് തന്റെ സ്ഥിരം കസേരയിൽ ഇരിക്കും, ഏഴരക്ക് സോമേട്ടൻ വായനശാല അടക്കുമ്പോൾ തിരിച്ചുപോരും. മേലുകഴുകി എട്ടുമണി മുതൽ ഇംഗ്ലീഷ് ഹിന്ദി വാർത്തകൾ കാണും. ഒൻപതുമണിയുടെ മലയാളം വാർത്ത കഴിയുമ്പോഴേക്കും രത്നം അത്താഴം മേശപ്പുറത്ത് വെച്ചിരിക്കും. രാത്രി പന്ത്രണ്ടുമണി വരെ എഴുത്തിനുള്ള സമയമാണ് ചിലപ്പോഴത് പുലരുംവരെ നീണ്ടുപോകും.

അയാൾ പ്രസിദ്ധനായ ഒരു എഴുത്തുകാരനാണ്. ഒട്ടനവധി ബഹുമതികൾ അയാളെ തേടിയെത്തിയിട്ടുണ്ട്. ഒരു സർക്കാർ ജീവനക്കാരൻ കൂടിയായ അയാൾ ഇപ്പോൾ അഞ്ചുവർഷത്തെ അവധിയെടുത്ത് എഴുത്തിന് വേണ്ടി സമയം മാറ്റി വെച്ചിരിക്കുകയാണ്. ഒരു കേന്ദ്ര സാഹിത്യ പുരസ്കാരം, അതാണ് ലക്‌ഷ്യം.

ഒരു കഥയുടെ വിത്ത് കിട്ടിയാൽ പിന്നെ അതു മുളപ്പിച്ച് പരിപാലിച്ചു സമ്പുഷ്ടമാക്കുംവരെ അയാൾ അധികമൊന്നും വീടിനുവെളിയിൽ ഇറങ്ങുക പതിവില്ല. അയാളുടെ ജീവിതത്തിൽ ജീവിച്ചിരിക്കുന്നവരെക്കാൾ കഥാപാത്രങ്ങളാണ് അയാളുടെ ചങ്ങാതിമാർ. അയാളുടെ കഥാപാത്രങ്ങളോട് അയാൾ സംവദിക്കും, അതിലൂടെ അവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് അവരുടെ മനോവിചാരങ്ങൾ ഒപ്പിയെടുത്ത് അയാളുടെ കഥയിലേക്ക് ആവാഹിക്കും.

അയാളുടെ കണ്ണുകളും കാതുകളും സദാസമയവും തുറന്നിരിക്കും, മുഖം നോക്കി, സന്ദർഭങ്ങൾ നോക്കി ഓരോരുത്തരുടെ ജീവിതത്തിലേക്ക് അയാൾ ഊഴ്ന്നിറങ്ങുമായിരുന്നു.

അയൽക്കാരുമായി അധികം സമ്പർക്കം പുലർത്താൻ അയാൾ മിനക്കെടാറില്ല. സുഹൃത്തുക്കളേയും ഒരു പരിധിക്കപ്പുറം അയാൾ അടുപ്പിക്കാറില്ലായിരുന്നു. തന്റെ സൃഷ്ടികളുടെ സൂക്ഷ്മമായ ഒരംശംപോലും മനസ്സിൽ നിന്നും പോകാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. അയാൾ ചിരിക്കുന്നതും കരയുന്നതും സംസാരിക്കുന്നതും എല്ലാം അയാളുടെ കഥാപാത്രങ്ങളുമായി മാത്രമാണ്.

നേരം ഇരുട്ടിയപ്പോഴേക്കും മഴയും കനത്തിരുന്നു. സോമേട്ടന് എങ്ങോട്ടോ പോകാനുള്ളതിനാൽ ഇന്ന് വായനശാല തുറന്നിട്ടില്ല വേനൽചൂടിൽ മുറിക്കുള്ളിൽ വീർപ്പുമുട്ടിയ വായുവിനെ പുറത്തേക്കാക്കാനായി അയാൾ ജനലകൾ തുറന്നിട്ടു.

ആ സമയത്താണ് അയൽപക്കത്ത്‌ ഗേറ്റ് കടന്ന് ഒരു കാർ അകത്ത് വന്നത്. അയാളുടെ എഴുത്തുമുറിയുടെ ജാലകത്തിലൂടെ അയൽപക്കത്തെ കാർപോർച്ചും സിറ്റ് ഔട്ട് ഏരിയയും കാണാമായിരുന്നു. കാറ് പോർച്ചിൽ നിർത്തി, ഒരാൾ ഇറങ്ങി, വീട് തുറന്ന് സിറ്റ് ഔട്ടിലെ ലൈറ്റ് അണച്ച് കാറിന്റെ പിൻവശത്തെ കതക് തുറന്ന് ആരെയോ പുറത്തേക്ക് ക്ഷണിച്ചു.

കാറിനകത്തുനിന്നും പുറത്തേക്കൊഴുകുന്ന മങ്ങിയ വെളിച്ചത്തിൽ ഒരു സ്ത്രീ തലയിലൂടെ ഷാൾ മൂടി പുതച്ച് പതുക്കെ വീടിനകത്തേക്ക് കയറിപ്പോകുന്നത് അയാൾ കണ്ടു. ആ സ്ത്രീയുടെ ശരീരപ്രക്യതി കണ്ടാൽ ഏതാണ്ട് നാൽപ്പത് വയസ്സോളം തോന്നും. സ്ത്രീ വീടിനുള്ളിൽ കയറിയ ഉടൻ യുവാവ് വീണ്ടും സിറ്റ് ഔട്ടിലെ ലൈറ്റ് ഇട്ടു. ഗേറ്റ് പൂട്ടി, കാറ് പൂട്ടിയോ എന്ന് ഒരിക്കൽ കൂടി പരിശോധിച്ച് മുൻവശത്തെ വാതിലടച്ചു.

അയാളുടെ അയൽപക്കത്ത് യുവാവ്‌ താമസിക്കാനെത്തുന്നത് രണ്ടുദിവസം മുൻപ് വായനശാലയിൽ നിന്നും മടങ്ങുമ്പോൾ ശ്രദ്ധിച്ചിരുന്നു‌. താമസം തുടങ്ങുന്നതിന് മുൻപ് തന്നെ യുവാവ് വീടിന്റെ ജനലുകൾ കൊട്ടിയടച്ചതും, അകത്ത് കർട്ടൻ ഇട്ട് പുറത്തുനിന്ന് നോക്കിയാൽ മുറിക്കകത്തെ വെളിച്ചം പോലും പുറത്തു കാണാത്തതുപോലെ മറച്ചതും കണ്ടപ്പോൾ എന്തോ ചില നിഗൂഢതകൾ ഒളിച്ചിരിക്കുന്നതായി അയാൾക്ക് തോന്നിയിരുന്നു.


രാത്രിയിലുള്ള യുവാവിന്റെ വരവും കൂടെ സ്ത്രീയും അയാളിൽ കൗതുകം ഉളവാക്കി. തുടർദിവസങ്ങളിൽ വായനശാലയിലേക്കുള്ള യാത്ര ഒഴിവാക്കി, ജനാല തുറന്നിട്ട് യുവാവിന്റെ വരവും കാത്തിരിക്കാൻ തുടങ്ങി. ഒരു കഥയുടെ ബീജം അയാളുടെ ഉള്ളിൽ വളരാൻ തുടങ്ങിയത് അയാളറിഞ്ഞു

യുവാവിന്റെ ചിട്ടകളിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. വൈകീട്ട് വരുന്നതും സിറ്റ് ഔട്ടിലെ ലൈറ്റ് അണക്കുന്നതും സ്ത്രീയെ വീട്ടിനകത്തെക്ക് കൊണ്ടുപോകുന്നതും എല്ലാം യാന്ത്രികമായി യാതൊരു മാറ്റവുമില്ലാതെ നടന്നു കൊണ്ടേയിരുന്നു.

അയാളിലെ എഴുത്തുകാരൻ ഉണർന്നു. ആ അടച്ചിട്ട വീടിനകത്ത് നടക്കുന്ന കാര്യങ്ങൾ അയാളുടെ ഭാവനയിൽ വിടർന്നു.

വീടിന്റെ ഉടമസ്ഥനുമായുള്ള സംസാരത്തിൽ ആ യുവാവിന്റെ ഭാര്യ ലണ്ടനിൽ നേഴ്സ് ആണെന്നും യുവാവിന്റെ വിസയിൽ ചില പ്രശ്നങ്ങൾ ഉള്ളതിനാൽ കുറച്ചു കാലമായി നാട്ടിൽ ആണെന്നും അറിഞ്ഞതോടെ അയാളുടെ ഭാവനകൾക്ക് ചിറകു മുളക്കാൻ തുടങ്ങി.

പ്രവാസിയായ ഭാര്യയെ വഞ്ചിക്കുന്ന ഭർത്താവിന്റെ വേഷം ആ യുവാവിന് കൊടുത്തു. ഇരുട്ടിന്റെ മറവിൽ മാറിമാറി വരുന്ന യുവതികളുമായി കിടപ്പറ പങ്കുവെക്കുന്ന രംഗങ്ങൾ ഒരു നീലച്ചിത്രത്തിലേതു പോലെ അയാൾ എഴുതിയുണ്ടാക്കി. ചില ദിവസങ്ങളിൽ മദ്യലഹരിയിൽ തളർന്ന സ്ത്രീയെ അയാൾ താങ്ങിപ്പിടിച്ചാണ് വീട്ടിനകത്തേക്ക് കൊണ്ടുപോകാറുണ്ടായിരുന്നതു്.

ഒരു പക്ഷെ ആ സ്ത്രീയൊരു വേശ്യയാവും, അല്ലെങ്കിൽ അവരും ഭർത്താവിനെ ചതിക്കുന്ന മറ്റൊരു ഭാര്യയാവാം. മക്കളേയും ഭർത്താവിനേയും വഞ്ചിച്ച് കാമുകനുമായി അവിഹിതജീവിതം നയിക്കുന്ന ഒരു സ്ത്രീയുടേയും, ഭാര്യയുടെ വിദേശനാണ്യ സമ്പാദ്യത്തിൽ നാട്ടിൽ വിഷയലമ്പടനായി വിലസുന്ന ഒരു യുവാവിന്റെയും സംഭവബഹുലമായ കഥയ്ക്ക് രൂപം നൽകി.

കഥയെങ്ങിനെ അവസാനിപ്പിക്കുമെന്നതായിരുന്നു അയാളുടെ അടുത്ത പ്രശ്നം.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ ഭാര്യ ജോലിചെയ്യുന്ന ലണ്ടനിലെ ആശുപത്രിയുടെ പേരുവിവരങ്ങൾ ലഭിച്ചു. ആ വിലാസത്തിലേക്ക് ഒരു കത്തയച്ചു ഇവിടെ നടക്കുന്ന വിവരങ്ങൾ ഒക്കെ അറിയിച്ച് ഒരു സദാചാരസംരക്ഷകന്റെ വേഷം കെട്ടി. പെട്ടെന്ന് നാട്ടിൽവന്ന് ഒരു തീരുമാനമാക്കിയില്ലെങ്കിൽ എല്ലാം കൈവിട്ടുപോകുമെന്നും പറ്റുമെങ്കിൽ വരുന്നത് രാത്രിയിൽ ആക്കണമെന്നും ഒരു മുന്നറിയിപ്പും നൽകി. കാരണം കഥയായാലും ജീവിതമായാലും അതിനൊരു ക്ലൈമാക്സ് ഉണ്ടാവണം എന്നത് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു,

ആ വീട്ടിൽ ആൾതാമസമുണ്ട് എന്നുപോലും ഒരാൾക്കും അറിയില്ല അത്രയും രഹസ്യമായ നീക്കങ്ങൾ ആയിരുന്നു അവിടെ നടന്നിരുന്നത്. ദിവസങ്ങൾ കൊഴിഞ്ഞു വീണു, യുവാവിന്റെയും യുവതിയുടെയും രതിലീലകൾ ഭാവനയിൽ കണ്ട് അയാൾ അരിശം കൊണ്ടു. അതെല്ലാം അയാളുടെ കഥയ്ക്ക് ഉപ്പും മുളകും മസാലയുമായി.

അവസാനം അയാൾ കാത്തിരുന്ന ദിവസം വന്നെത്തി.

അർദ്ധരാത്രിയോടടുത്ത്‌ അയൽപക്കത്ത്‌ ഒരു കാർ വന്നു. അതിൽനിന്നും ഒരു യുവതി കയ്യിലൊരു ബ്രീഫ്‌കേസുമായി ഇറങ്ങിവന്നു. .

പുറത്ത് നല്ല മഴയുള്ളതിനാൽ ആ സ്ത്രീ കാറിൽ നിന്നും ഇറങ്ങി ഓടി സിറ്റ് ഔട്ടിൽ വന്നു നിന്നു . വിമാനത്തിൽ യാത്ര ചെയ്‌തതിന് തെളിവെന്നോണം ബ്രീഫ്‌കേസിൽ ടാഗ്‌ തൂങ്ങിക്കിടക്കുന്നത് അയാൾ സിറ്റ്‌ ഔട്ടിലെ ലെഡ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിലും കണ്ടു. ശബ്ദമുണ്ടാക്കാതെ ആ സ്ത്രീ വാതിലിൽ മുട്ടി.

വാതിൽ തുറന്നപ്പോൾ യുവാവ് തന്റെ ഭാര്യയെ കണ്ട് ഞെട്ടുന്നതും, ആ സ്ത്രീ വാതിൽ തള്ളിത്തുറന്ന് വീട്ടിനകത്തേക്ക് പോകുന്നതും, തന്റെ ഭർത്താവിന്റെ കാമുകിയെ കാണുന്നതും, അവർ തമ്മിലുള്ള വഴക്കും അയാൾ ഭാവനയിൽ കണ്ട് ആ സ്ത്രീ വീട്ടിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നത് കഥയുടെ ക്ലൈമാക്സ് ആക്കി അയാൾ എഴുതി.

അധികം വൈകിയില്ല, അയാൾ ഊഹിച്ചതുപോലെതന്നെ, യുവതി കരഞ്ഞുകൊണ്ട് താൻ വന്ന കാറിലേക്ക് കൊടുങ്കാറ്റെന്നപോലെ തിരിച്ചോടുന്നതു കണ്ടു. യുവാവ്‌ കൂടെയെത്തും മുൻപ്‌ യുവതി കയറിയ കാറ് പോയിരുന്നു. അപ്പോഴും മഴ തിമർത്തു പെയ്യുന്നുണ്ടായിരുന്നു.

വഴി പിഴച്ച വൈവാഹിത ജീവിതവും ഭാര്യാഭർത്യബന്ധങ്ങളിൽ കണ്ടുവരുന്ന വിള്ളലുകളെപ്പറ്റിയും ഒരു സന്ദേശം എഴുതിച്ചേർത്ത് അയാൾ കഥയെഴുത്ത് അവസാനിപ്പിച്ചു. "മഴയിൽ കുതിർന്ന കണ്ണുനീർ" എന്ന് കഥക്കൊരു പേരും ഇട്ടു.

അപ്പോഴും പുറത്ത്‌ മഴ കോരിച്ചൊരിയുന്നുണ്ടായിരുന്നു. ജനവാതിലുകൾ അടച്ച് അലമാരിയിൽ നിന്നും വെൽവെറ്റിന്റെ പുതപ്പെടുത്ത്‌ പുതച്ച്‌ മൂടി കിടന്നു.

രാവിലെ ഭാര്യയുടെ വെപ്രാളത്തോടെയുള്ള വിളി കേട്ടപ്പോളാണ് കണ്ണ് തുറന്നത്.

"നമ്മുടെ അയല്പക്കത്തെ ആ സ്ത്രീ ഇന്നലെ രാത്രി മരിച്ചു.."

"നിനക്കറിയുമോ അവരെ?"

"ആ സ്ത്രീ ലണ്ടനിൽ ആയിരുന്നു. നാട്ടിൽ വന്നപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ആണ് അറിഞ്ഞത് അവർക്ക് ബ്ലഡ് ക്യാൻസർ ആണെന്ന്, അതും ഏറ്റവും മൂർദ്ധന്യത്തിൽ എത്തിയിരുന്നു. മരണം ഏതാണ്ട് ഉറപ്പാണെന്ന് ആ സ്ത്രീക്ക് അറിയുമായിരുന്നുവത്രെ, അതുകൊണ്ട് ബാക്കിയുള്ള കാലം ആശുപത്രിയിൽ കഴിച്ചുകൂടാതെ ഭർത്താവിന്റെ കൂടെ താമസിക്കാനാണ് ആശുപത്രിയിൽ നിന്നും അടുത്തുള്ള ഈ വീട് തന്നെ വാടകയ്ക്ക് എടുത്തത്.

ഇൻഫെക്ഷൻ വരാതിരിക്കാൻ ഏറെ ശ്രദ്ധിച്ചിരുന്നു. ശരീരമാസകലം പൊതിഞ്ഞുകെട്ടിയാണ് യാത്ര. ആ വീട് മുഴുവൻ രോഗാണു വിമുക്തമാക്കാനാണു് അടച്ചുപൂട്ടി ഇട്ടിരിക്കുന്നത്. വീട്ടുകാരെ പോലും ഇങ്ങോട്ട് വരാൻ അനുവദിക്കാറില്ല.

പാവം. എന്തായാലും ആ സ്ത്രീയുടെ മകൾക്ക് അവസാനമായി ഒന്ന് കാണാനുള്ള യോഗം ഉണ്ടായി. ഇന്നലെ രാത്രിയാണ് മകൾ ലണ്ടനിൽ നിന്നും വന്നത്.

ഇന്നലെ പെട്ടെന്നാണ് ഒരു പനി ബാധിച്ചത്. മകൾ വരാൻ കാത്തുനിന്ന പോലെ.

മകളോട് സംസാരിച്ചിരിക്കുമ്പോൾ പെട്ടെന്നു് ബോധം നഷ്ടപ്പെടുകയായിരുന്നു. പിന്നെ ആ കുട്ടി ഓടിപ്പോയി ആമ്പുലൻസ് വിളിച്ചുകൊണ്ടുവന്നു. പക്ഷെ ആശുപത്രിയിൽ എത്തിയപ്പോഴേക്കും കഴിഞ്ഞിരുന്നു.

രാത്രിയുണ്ടായ ഇടിവെട്ടും മഴയും കാരണം തൊട്ടടുത്ത് അയല്പക്കത്തായിട്ടുകൂടി നമ്മൾ ഒന്നും അറിഞ്ഞില്ല.“

“അവർക്ക് അസുഖമുള്ള കാര്യം നിനക്കറിയുമായിരുന്നോ?” അയാൾ ഭാര്യയോട് ചോദിച്ചു

“ഈ നാട്ടിൽ നിങ്ങളൊഴിച്ച് എല്ലാവർക്കും ഈ കഥകൾ ഒക്കെ അറിയാം, അതിന് നിങ്ങൾ ഈ ലോകത്തൊന്നും അല്ലല്ലോ. സ്വന്തം വീട്ടിൽ നടക്കുന്നതെന്തെന്ന് പോലും നിങ്ങൾ അറിയുന്നില്ല. നിങ്ങൾ ഭാവനയുടെ ലോകത്തല്ലെ"

ഭാര്യ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. അയാൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. തലേന്ന് രാത്രി എഴുതി മുഴുമിപ്പിച്ച കഥയെ വഴിതിരിച്ച് വിട്ട് സംഭ്രമിപ്പിക്കുന്ന ജീവിത മുഹൂര്‍ത്തങ്ങളെ എങ്ങിനെ കഥയിലേക്കാവിഷ്‌കരിക്കാം എന്നായിരുന്നു അയാളിലെ എഴുത്തുകാരൻ അപ്പോഴും ചിന്തിച്ചിരുന്നത്.

***

ഗിരി ബി. വാരിയർ

Story published in the November 2020 issue of celebritz  e-magazine (http://celebritz.in/MagzineNov2020/)

Comments

  1. അടിപൊളി ഗിരിയേട്ടാ....

    ReplyDelete
  2. ഇന്നത്തെ ലോകം ചിന്തിക്കുന്നത് ഒന്ന്. യാഥാർഥ്യം മറ്റൊന്ന്. സൂപ്പർ ക്‌ളൈമാക്സ്.

    ReplyDelete
  3. ഗിരിയേട്ട സൂപ്പർ

    ReplyDelete
  4. നല്ല കഥ ഗിരിയുടെ കഥകൾക്ക് ഒരു പഴയയുടെ ടച്ച്‌ all the best

    ReplyDelete

Post a Comment