വിദ്യാലയകാലം ഓർമ്മകളിലൂടെ..


വിദ്യാലയകാലം ഓർമ്മകളിലൂടെ..
Giri B Warrier

നിങ്ങളെ സ്കൂളിൽ പഠിപ്പിച്ച അധ്യാപകരെ ഓർമ്മയുണ്ടോ.. ഒരു സുഹ്യത്ത് ചോദിച്ചു. ഉണ്ടെങ്കിൽ അതൊന്ന് പോസ്റ്റ് ചെയ്യൂ.

എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ചിലർ ഉണ്ട്.. അമ്മയാണ് ആദ്യത്തെ അദ്ധ്യാപിക, തൈക്കാട്ടുശ്ശേരി ഉള്ള വാര്യത്തുനിന്നും ആമ്പല്ലൂർ സ്‌കൂളിൽ എത്തുന്നതുവരെ ചൂണ്ടിക്കാണിക്കുന്ന എന്തും പറഞ്ഞുതന്ന അമ്മ തന്നെയാണ് ആദ്യത്തെ ടീച്ചർ. 

അമ്മ  ആമ്പല്ലൂർ സ്‌കൂളിൽ ജോലി ചെയ്യുന്നതിനാൽ അളഗപ്പനഗർ പോസ്റ്റോഫീസിന് മുൻപിലെ  നഴ്‌സറി സ്‌കൂളിൽ ആണ് എന്നെ ആദ്യം ചേർത്തത് ആദ്യത്തെ ടീച്ചർ  അവിടുത്തെ ഭാരതി ടീച്ചർ.   അമ്മ ഉച്ചയ്ക്ക് ചോറ്റുപാത്രവും കൊണ്ട് വരും, ചതുരാക്യതിയിൽ നാലുഭാഗത്തും ഓരോ ക്ലിപ്പ് ഇട്ട് അടക്കുന്ന സ്റ്റീൽ ചോറ്റുപാത്രത്തിലായിരുന്നു  എനിക്കുള്ള ഭക്ഷണം.  അതിൽ വാര്യത്തുനിന്നും നെയ്യുകൂട്ടികുഴച്ച ചോറുണ്ടാവും.   അമ്മ  ചോറുരുള ഉരുട്ടി എനിക്ക് തരും അതുകഴിഞ്ഞശേഷം അമ്മ കഴിക്കും.     പിന്നീട് ഭാരതിടീച്ചർ പറഞ്ഞു അവർ എനിക്ക് ചോറുതന്നോളാം, ഈ വെയിലത്ത് ടീച്ചർ വരണ്ട എന്ന്.  അന്നുമുതൽ ഭാരതി ടീച്ചർ ചോറുരുളയാക്കിത്തരും.  ആ സ്വാദ് നാവിൽ നിന്നും പോയിട്ടില്ല.   നഴ്‌സറി സ്‌കൂളിൽ നിന്നും ഉപരിപഠനത്തിന് എൽപി സ്‌കൂളിൽ ചേർന്നതിനുശേഷം ഒരിക്കൽ ടീച്ചറുടെ വിവാഹത്തിന് വീട്ടിൽ അമ്മയുടെ കൂടെ പോയതായി ഒരു ചെറിയ ഓർമ്മയുണ്ട്.   പിന്നീട് ടീച്ചറെ കണ്ടിട്ടില്ല.

ഒന്നും രണ്ടും മൂന്നും ക്ലാസ്സുകളിൽ പഠിപ്പിച്ച ടീച്ചർമാരുടെ പേര് ശരിക്കും ഓർമ്മയില്ല.  ടീച്ചറുടെ മകനാണെന്നുള്ള യാതൊരു ദാക്ഷിണ്യവും തരാത്തതിനാലാവും അവരുടെ പേരൊന്നും ഓർമ്മിച്ചുവെയ്ക്കാൻ തുനിയാഞ്ഞത്.

നാലാം ക്ലാസ്സിൽ തലോർ എൽപി സ്‌കൂളിലേക്ക് പഠനം മാറ്റി.   അവിടെ മേരിടീച്ചർ ആയിരുന്നു ക്ലാസ്സ് ടീച്ചർ.   ടീച്ചർ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്, ഗിരിക്ക് അടി ഭയങ്കര പേടിയാണ്, ആരെയെങ്കിലും തല്ലിയാൽ ഗിരി പേടിച്ചോളും എന്ന്.  അതുകൊണ്ടാണോ എന്നറിയില്ല എന്റെ സുഹ്യത്ത് രാജീവ് രണ്ടുദിവസം കഴിഞ്ഞപ്പോൾ പിന്നിലെ ബെഞ്ചിലേക്ക്  സ്ഥലം മാറിയിരുന്നത്.    സ്‌കൂളിന്റെ  മുറ്റത്ത് നിറയെ വലിയ മാവുകൾ ആയിരുന്നു അക്കാലത്ത്.   തൊട്ടടുത്ത് മെയിൻ റോഡും.  പക്ഷെ അന്ന് വല്ലപ്പോഴും ഒരു ബസ്സോ, ലോറിയോ, സൈക്കിളോ മറ്റോ വന്നെങ്കിൽ ആയി എന്നെ ഉള്ളു..   മേരിടീച്ചർ തല്ലിയതായി എന്റെ ഓർമ്മയിൽ റെക്കോർഡ് ചെയ്തിട്ടില്ല.    ടീച്ചർ ചിലപ്പോൾ മുറ്റത്ത് മാവിന്റെ താഴെ ഗുരുകുലം സ്റ്റൈലിൽ ക്ലാസ് എടുക്കാറുണ്ടായിരുന്നു.  ആദ്യമായി ടെലിവിഷൻ ബോംബെയിലും മറ്റും വന്ന വിവരം അതുപോലെ ഒരു മാവിന്ചുവട്ടിലെ ക്ലാസ്സിൽ പറഞ്ഞുതന്നത് ഓർമ്മിക്കുന്നു, കൂടാതെ ബോർഡിൽ അതിന്റെ ഒരു ചിത്രവും വരച്ചുകാണിച്ചത് തലച്ചോറിൽ ഹാർഡ് ഡിസ്ക്കിൽ സേവ് ചെയ്തിട്ടുണ്ട്..  

അഞ്ചാം ക്ലാസ്സിൽ ചേർന്നപ്പോൾ യു പി സ്കൂൾ ഹെഡ്മാസ്റ്റർ ബെല്ലാർമിൻ അച്ഛൻ ആയിരുന്നു.  ഒരിക്കലും നുണ പറയരുത്, തെറ്റുകാട്ടരുത്, കണ്ടാലും പറയാതിരിക്കരുത് തുടങ്ങിയ കാര്യങ്ങൾ മനസ്സിനുള്ളിൽ ഇന്നും ഉണ്ട്.  അച്ചന്റെ മേശപ്പുറത്ത് കുപ്പിയിൽ നിറച്ച സ്പിരിറ്റിൽ വെച്ചിരിക്കുന്ന  പാമ്പും തവളയും വലിയൊരു ആകര്ഷണമായിരുന്നു.     ഒരിക്കൽ ഒരു മുതിർന്ന ക്ലാസ്സിലെ ഒരു കുട്ടി (ഇപ്പോൾ വളരെ അടുത്ത സുഹ്യത്തും കൂടി ആണ് അതുകൊണ്ട് പേരുപറയുന്നില്ല) കോപ്പിയടിച്ചത് എഴുന്നേറ്റ് നിന്ന് അച്ചന് കാട്ടിക്കൊടുത്തതും, പരിണിതഫലമായി ആ കുട്ടി നാടുവിട്ടുപോയതും,  ഞാൻ ചെയ്ത "വിഡ്ഢിത്തത്തിന്റെ" പേരിൽ അമ്മയുടെ കയ്യിൽ നിന്നും ചുട്ട അടി കിട്ടിയതും ഇന്നും ഓർമ്മയിൽ മായാതെയുണ്ട്.  

തലോർ ദീപ്തി ഹൈസ്കൂളിൽ നിന്നുമാണ് പത്താം ക്ലാസ് പാസായത്. 

പഠിപ്പിച്ച  അധ്യാപകരെല്ലാം അവരാലാവും വിധം എന്നെ പഠിപ്പിക്കാൻ പരിശ്രമിച്ചു, എത്രമാത്രം അവർ വിജയിച്ചു എന്നറിയില്ല.  പല്ലിശ്ശേരിമാഷും, കല്ലുപ്പിള്ളി മാഷും, തട്ടിൽ ജോസ് മാഷും, കുര്യാക്കോസ് മാഷും, റാഫേൽമാഷും, വിൻസെന്റ് മാഷും, സൈമൺ മാഷും,  ശാരംഗൻ മാഷും, ചാക്കേരി മാഷും,  ജോർജ്ജ് മാഷും, കണക്കുപഠിപ്പിച്ച സുകുമാരൻ മാഷും, വിൻസെന്റച്ചനും , അന്തോണിമാഷും, ഡേവിസ് മാഷും,  ഫ്രാൻസിസ് മാഷും, ഭാസ്കരൻമാഷും, റീത്ത ടീച്ചറും, കാന്റിടീച്ചറും, സെലീന ടീച്ചറും, റൂബിടീച്ചറും, വത്സടീച്ചറും, റോസിലി ടീച്ചറും. സുകുമാരി ടീച്ചറും, മേരിടീച്ചറും, ഇന്ദിരടീച്ചറും എല്ലാവരും ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു.

പത്താം ക്ലാസ്സിൽ ആയപ്പോൾ  ദൈവദൂതനെപ്പോലെ വന്ന് ഇംഗ്ലീഷും കണക്കും ട്യുഷൻ പഠിപ്പിച്ച അച്ച്യുട്ടൻ മാഷ്, SSLC ബുക്കിൽ ഏറ്റവും കൂടുതൽ  മാർക്ക് കിട്ടിയ രണ്ട് വിഷയങ്ങൾ ഒരിക്കലും മായാതെ കിടക്കുന്നു. 

എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും മനുഷ്യനന്മകളെ മനസ്സിൽ പ്രതിഷ്ഠിക്കാൻ പഠിപ്പിച്ച തലോർ നവജ്യോതി കോളേജിലെ മദ൪ ഏഴ്സലമ്മ.     പിന്നെ, സംഗീതലോകത്ത് ഞാനൊന്നും ആയില്ലെങ്കിലും, എന്നെ ആ രംഗത്ത് പ്രോത്സാഹിപ്പിച്ച ഫാ: തോമസ് ചക്കാലമറ്റത്ത്,  വയലിൻ സേവ്യറേട്ടൻ ഇവരെയും ഗുരുസ്ഥാനത്ത് ഓർക്കുന്നു.

എല്ലാവരെയും ഈ അവസരത്തിൽ ഓർമ്മിക്കുന്നു, അവരുടെ  അനുഗ്രഹമാണ് ഇന്നത്തെ ഞാൻ. 

ഗിരി ബി. വാരിയർ 
07 April, 2020

Comments